അമൃതാ ഷെര്‍ഗില്‍: ആസക്തയായ ചിത്രകാരിയുടെ വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും നിറക്കൂട്ടുകള്‍


ഡോ.എന്‍. രേണുക

കലയെക്കുറിച്ചു വിശാലമായ സങ്കല്‍പ്പങ്ങള്‍ വെച്ചുപുലര്‍ത്തിയിട്ടും അമൃതയിലെ 'റൊമാന്റിക്' ആണ് ശ്രദ്ധിക്കപ്പെട്ടത്.

അമൃത ഷെർഗിൽ

രബീന്ദ്രനാഥ ടാഗോറിനും ജമിനി റോയിക്കും ഒപ്പം ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ വക്താവായി അറിയപ്പെടുന്ന അമൃതാ ഷെര്‍ഗിലിന്റെ ജീവിതകഥയാണ് 'അമൃതാ ഷെര്‍ഗില്‍: കാതരമിഴികളും കാമനകളും.' ജീവചരിത്രങ്ങള്‍ പറയുന്ന, ആഘോഷിക്കപ്പെട്ട അരാജകജീവിതത്തിനുമപ്പുറം അമൃതയുടെ ആന്തരിക ജീവിതം എന്തായിരുന്നു എന്ന് അനാവരണംചെയ്യുന്ന കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും അനുബന്ധമാണ് ഡോ.എന്‍ രേണുക എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. കലയുടെ ഉന്മാദത്തെ ആത്മഭാവമായി സ്വീകരിച്ച് വിപ്ലവകരമായി കലയില്‍ ഇടപെട്ട ചിത്രകാരിയുടെ ജീവചരിത്രത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

'In spite of being a realistic character I am an artist and inclined towards romanticism.'മൃതാ ഷെര്‍ഗില്‍ ആസക്തയായ ചിത്രകാരിയും കാമനകളുള്ള വ്യക്തിയുമായിരുന്നു. അതിനുമുപരിയായ നിഗൂഢതകളൊന്നും അമൃതയെ ചൂഴ്ന്നുനില്‍ക്കുന്നില്ല. ഭാവനകളെയും നിറങ്ങളെയും അനുകരണങ്ങളുടെയും ആദര്‍ശാത്മകഭൂതകാലത്തിന്റെയും തടവറകളില്‍നിന്നു മോചിപ്പിക്കുവാന്‍ ശ്രമിച്ച കലാകാരി. ചിത്രകലയില്‍ ഒരു തരം ഓട്ടോണമി അമൃത അനുഭവിച്ചിരുന്നു. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുമായി കുന്നിന്‍ചെരിവുകളിലൂടെ ഇഴഞ്ഞു സഞ്ചരിച്ച സ്ത്രീപുരുഷന്മാരും പ്രശാന്തമായ ഗ്രാമാന്തരീക്ഷത്തില്‍ വൃക്ഷത്തണലുകളിലിരുന്നു കഥ പറയുന്ന വൃദ്ധജനങ്ങളും കൗമാരയൗവനങ്ങളുടെ ലഹരികളൊന്നുമറിയാതെ വിരക്തജീവിതം നയിക്കുന്ന 'ബ്രഹ്‌മചാരി'കളും വിഷാദച്ഛായകള്‍ മാത്രമല്ല അവശേഷിപ്പിച്ചത്. മങ്ങിയ നിറക്കൂട്ടുകളിലും കണ്ണുകളിലേക്കു നോക്കുവാന്‍ അവര്‍ പ്രാപ്തരായിരുന്നു. വിഷാദഭാവനയുടെ സൃഷ്ടികളെന്ന് അമൃതയുടെ ചിത്രങ്ങള്‍ മുദ്രയടിക്കപ്പെട്ടു. ചുറ്റുപാടുകളെ ഗാഢമായി നിരീക്ഷിക്കാനുള്ള യാഥാര്‍ത്ഥ്യബോധത്തില്‍നിന്നുമാണ് ചിത്രകലയില്‍ ഏകാധിപത്യം രൂപപ്പെട്ടത്. പക്ഷേ, ബാല്യത്തില്‍ത്തന്നെ പരിചയിച്ച പ്രകൃതിയും കവിതകളും നോവലുകളും സിനിമകളും ബന്ധങ്ങളുമൊക്കെ അമൃതയുടെ അഭിരുചികളില്‍ കാല്‍പ്പനികഭാവങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കലയെക്കുറിച്ചു വിശാലമായ സങ്കല്‍പ്പങ്ങള്‍ വെച്ചുപുലര്‍ത്തിയിട്ടും അമൃതയിലെ 'റൊമാന്റിക്' ആണ് ശ്രദ്ധിക്കപ്പെട്ടത്. ദുരന്തഭാവനകള്‍ ഈ റൊമാന്റിസിസത്തിന്റെ സൃഷ്ടിയാണ്. ഒരിക്കല്‍ ഒന്നിച്ചുജീവിക്കുകയും ഒറ്റപ്പെട്ടു കഴിയുകയും ചെയ്യേണ്ടിവരുന്നതിന്റെ ഭീതികള്‍ ഉറഞ്ഞുകിടക്കുന്ന കുഴിമാടത്തിന്റെ ചിത്രീകരണം. വരച്ച ചിത്രങ്ങളിലെല്ലാം സ്വയമറിയാതെ വിഷാദത്തിന്റെ ഭൂമിശാസ്ത്രം രൂപപ്പെടുന്നുണ്ട്.

അമൃതാ ഷെര്‍ഗില്‍ അടിമുടി സ്ത്രീവിമോചകയായ കലാകാരിയായിരുന്നില്ല. എന്നിട്ടും ദുരന്തവിധിക്കു കീഴടങ്ങേണ്ടിവരുന്ന സ്ത്രീജീവിതങ്ങളുടെ നിസ്സഹായമായ അവസ്ഥകളെക്കുറിച്ച് അമൃത ബോധവതിയായിരുന്നു. ഒരു ചിത്രകാരിയെന്നനിലയില്‍ സ്വയം മറികടക്കേണ്ട പ്രതിബന്ധങ്ങളുടെയും സ്ഥാപിച്ചെടുക്കേണ്ട ഐഡന്റിറ്റിയുടെയും എക്സ്റ്റന്‍ഷന്‍ എന്ന രീതിയിലാണ് അമൃതയുടെ ചിത്രങ്ങളില്‍ സ്ത്രീകള്‍ പ്രതിനിധാനം ചെയ്യപ്പെട്ടത്. ആത്മനിഷ്ഠമായ മാനവികതാബോധം, മൂകസംഗീതത്തിന്റെ ദൃശ്യങ്ങള്‍, സ്വയം ശിക്ഷിതമായ മനോഭാവം, ഒറ്റപ്പെട്ട മനോഘടന. ഗുഹാചിത്രങ്ങളില്‍പ്പോലും ഘനീഭവിച്ചുകിടക്കുന്ന ഈ നിശ്ശബ്ദതയെ അമൃത തിരിച്ചറിയുന്നുണ്ട്. കരുണയായും വിഷാദമായും വിരക്തിയായും പിന്‍വാങ്ങലായും ഒക്കെ ചിത്രങ്ങളില്‍ വന്നത് ആത്മകേന്ദ്രിതമായ ഈ സൗന്ദര്യബോധമാണ്. ശൈലീപരീക്ഷണങ്ങളിലും ശരീരത്തിന്റെ സൂക്ഷ്മതകളിലും ശ്രദ്ധിച്ചപ്പോഴും വിഷാദമുദ്രകളില്‍നിന്നും അമൃത മോചിതയാകാത്തതിനു കാരണം ഈ റൊമാന്റിക് മനോഭാവമായിരിക്കണം. പുറമ്പോക്കുജീവിതവും മുഖ്യധാരയില്‍നിന്ന് അകന്നുപോകുന്നവരും അമൃതയുടെ കലാദര്‍ശനത്തെ നിര്‍ണ്ണയിച്ചവരാണ്. ദരിദ്രരും സ്ത്രീകളും കുട്ടികളും ഇങ്ങനെ അപമാനവീകരിക്കപ്പെട്ടവരാണെന്ന് അമൃത വിശ്വസിച്ചിരുന്നു. ദരിദ്രകര്‍ഷകരെ വിഷയമാക്കി ചിത്രങ്ങള്‍ വരച്ച ആദ്യ ഇന്ത്യന്‍ ചിത്രകാരിയാണ് അമൃതാ ഷെര്‍ഗില്‍ എന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്. അമൃതയുടെ ചിത്രങ്ങള്‍ വിമര്‍ശിക്കപ്പെട്ടതും അമിതമായ ഈ സാമൂഹികപരിഗണനകളുടെ പേരിലായിരുന്നു. 'Sentimental and romanticised versions of Indian poverty' എന്ന് അമൃതയുടെ ചിത്രങ്ങള്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

വിവിധ സാമൂഹിക-ആത്മീയ നിലപാടുകളുള്ള കലാപ്രസ്ഥാനങ്ങള്‍(ബോംബെ സ്‌കൂള്‍, ബംഗാള്‍ സ്‌കൂള്‍) പ്രബലമായിരുന്ന കാലത്ത് ചിത്രകലയില്‍ നിലനിന്നിട്ടും അമൃതാ ഷെര്‍ഗില്‍ ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമായില്ല എന്നതു കലാകാരിയുടെ 'individuality' യുടെ കരുത്താണ് കാണിക്കുന്നത്. ഈ 'individuality' നിലനിറുത്തുവാനും കലാകാരിയായി അറിയപ്പെടാനുമുള്ള ആഗ്രഹങ്ങളാണ് അമൃതയുടെ ചിത്രങ്ങളില്‍ സ്ത്രീവാദപരമായ വിഷയങ്ങളായി രൂപാന്തരപ്പെട്ടത്. ഇരുണ്ട ഭാവനകളിലും കാതരമിഴികളിലും പ്രവാഹങ്ങളില്ല. ഏകതാനതയുടെ നിശ്ചലമായ കാലം. അമൃതാ ഷെര്‍ഗിലിന്റെ ചിത്രങ്ങളില്‍ സ്ത്രീജീവിതങ്ങളുടെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ അന്തരീക്ഷമുണ്ട്. എന്നാല്‍ ഒരു തരം വൈകാരികസ്‌തോഭങ്ങളും അവയിലില്ല. ആധുനിക ഇന്ത്യന്‍ ചിത്രകലയ്ക്ക് സ്ത്രീവാദപരമായ മാനം നല്‍കുന്നതില്‍ ബോധപൂര്‍വ്വം അമൃതാ ഷെര്‍ഗിലിന്റെ ചിത്രങ്ങള്‍ ഇടപെടുന്നുണ്ടോ എന്നു ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. പക്ഷേ, സ്ത്രീകള്‍ കലയുടെ ലോകത്തു പരിമിതരും പരാജിതരുമാകുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തെ അമൃത അഭിമുഖീകരിച്ചിരുന്നു. ഒരു കലാകാരി എങ്ങനെ സൗന്ദര്യത്തെ നിര്‍വ്വചിക്കുന്നു? ആരുടെ കണ്ണുകളിലൂടെ നോക്കുന്നു? മൗലികമായ രണ്ടു ചോദ്യങ്ങളെ അമൃതയുടെ ചിത്രങ്ങള്‍ അറിഞ്ഞോ അറിയാതെയോ അഭിസംബോധനചെയ്യുന്നുണ്ട്. അപൂര്‍ണ്ണതയില്‍ ശേഷിച്ച ചിത്രങ്ങളില്‍പ്പോലും അതിശയകരമായ പരിപ്രേക്ഷ്യവും ഭാവുകത്വവുമുണ്ടെന്നു കലാപഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമൃതയുടെ മരണശേഷം ലാഹോര്‍ ഗവ. കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ നടത്തിയ പ്രഭാഷണത്തില്‍ വരുന്ന പ്രയോഗമാണ് 'Liberating sense of colour' എന്നത്.

പുസ്തകം വാങ്ങാം

വിമോചന സങ്കല്‍പ്പങ്ങള്‍ കലയുടെയും ജീവിതത്തിന്റെയും അടിസ്ഥാനഭാവമായി അമൃത തിരിച്ചറിഞ്ഞിരുന്നു. അതിവൈകാരികതയില്‍ കുടുങ്ങിപ്പോകുന്ന സ്ത്രീകള്‍ അതിവേഗം കലയില്‍നിന്നു പുറന്തള്ളപ്പെടും. കലയിലേക്ക് ആസക്തമായ മനസ്സാണു വേണ്ടത്. 'Passionate soul' ഒരു സ്ത്രീക്ക് അനിവാര്യമാണെന്ന് അമൃത പറയുന്നു. 'I am terribly fond of painting' എന്നു ക്രിയാത്മകതയുടെ സംഘര്‍ഷങ്ങളിലേക്ക് എടുത്തെറിയപ്പെട്ട മനസ്സോടെ വെളിച്ചപ്പെടുത്തുന്നു. സദാചാരസങ്കല്‍പ്പങ്ങളോ വിശുദ്ധികളോ ഇല്ലാത്ത ദൃശ്യഭാവനകളുടെ അവസാനിക്കാത്ത പുല്‍മേടുകളാണ് അമൃതാ ഷെര്‍ഗില്‍ പരിചയപ്പെടുത്തിയത്. ഹ്രസ്വമെങ്കിലും അമൃതയുടെ കലാജീവിതം അനേകം പാഠരൂപങ്ങള്‍ക്കു പ്രേരകമായിത്തീരുന്നുണ്ട്. അമൃതാ ഷെര്‍ഗില്‍ കഥാപാത്രമായി വരുന്ന 'Indian Flamingo a novel of modern Indian' എന്ന ചാള്‍സ് ഫാബ്രിയുടെ നോവല്‍ ശ്രദ്ധേയമാണ്. അമൃതയുടെ ജീവിതം കേന്ദ്രമായിട്ടുള്ള സിനിമകള്‍, ഡോക്യുമെന്ററികള്‍, നാടകം, കലാപഠനങ്ങള്‍...ഇവയെല്ലാം തെളിയിക്കുന്നത് മോഹിപ്പിക്കുന്ന കലാജീവിതം മാത്രമല്ല അമൃതാ ഷെര്‍ഗില്‍ ഉന്നയിച്ച കലാപരമായ ആശങ്കകള്‍ അവസാനിക്കുന്നില്ല എന്നുകൂടിയാണ്.

യൗവനം കടന്നുപോകുവാന്‍ ആഗ്രഹിക്കാത്ത, സ്വാതന്ത്ര്യത്തിന്റെ ഉന്മത്തതകളില്‍ അഭിരമിക്കുന്ന, കാമനകളുള്ള ഒരു സ്ത്രീ/കലാകാരി സമൂഹത്തില്‍ എങ്ങനെ സ്വീകരിക്കപ്പെട്ടു? എങ്ങനെ സ്വീകരിക്കപ്പെടും? ദുരൂഹതകളുടെയും പ്രണയജീവിതങ്ങളുടെയും പേരില്‍ ആഘോഷിക്കപ്പെടാനാണ് സാധ്യത കൂടുതല്‍. പക്ഷേ, അമൃതാ ഷെര്‍ഗില്‍ എന്ന ചിത്രകാരിയെക്കുറിച്ചു വന്നിട്ടുള്ള ജീവചരിത്രങ്ങള്‍, പഠനങ്ങള്‍, ഗവേഷണങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ സൂചിപ്പിക്കുന്നത് നിരാകരിക്കാനാകാത്ത ചരിത്രസാന്നിദ്ധ്യമായി, ചരിച്ചുകൊണ്ടിരിക്കുന്ന ഒരു രൂപകമായി അമൃത മാറിയെന്നുതന്നെയാണ്. അമൃതയുടെ ആത്മാവിഷ്‌കാരങ്ങളില്‍ ഉള്ളടങ്ങിയിരുന്ന സാമൂഹികബോധം അത്രമേല്‍ ആര്‍ദ്രവും ശക്തവുമായിരുന്നു. ഒരു കലാകാരിയെന്നനിലയില്‍ അമൃതയുടെ ഭാവുകത്വത്തെ രൂപപ്പെടുത്തിയ വ്യക്തിപരമായ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ ഉണ്ടാകാം. വിഷാദത്തിന്റെ ഭൂമിശാസ്ത്രവും ശരീരഭാഷയും അത്തരം സങ്കല്‍പ്പങ്ങളുടെ സൃഷ്ടിയാണ്. പക്ഷേ ബന്ധിതമായ ഏതവസ്ഥയോടും കലഹിക്കുന്ന, മറ്റൊരവസ്ഥയിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിമോചക അമൃതയിലുണ്ടായിരുന്നു. അമൃതാ ഷെര്‍ഗില്‍ ഒരു മിത്തായി മാറാതിരുന്നത് അതിനാലാണ്.
സ്വന്തം സ്റ്റുഡിയോയില്‍ സന്ധ്യയോളം അമൃത വരച്ചു. അപൂര്‍ണ്ണമായ ചിത്രങ്ങള്‍ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ല. കലയോടു കാര്‍ക്കശ്യം പുലര്‍ത്തി. സൂര്യനസ്തമിച്ചാല്‍ അലസമായ വേഷം ഉപേക്ഷിച്ച് ആര്‍ഭാടം നിറഞ്ഞ വേഷഭൂഷാദികളോടെ പ്രഭുമന്ദിരങ്ങളിലും ക്ലബ്ബുകളിലും പാര്‍ട്ടിക്കായി എത്തും. അര്‍ദ്ധരാത്രി ബഹളങ്ങള്‍ അവസാനിക്കുമ്പോള്‍ സ്വന്തം ക്യാന്‍വാസിലേക്കു മടങ്ങിയെത്തും, അനാസക്തിയുടെയും ആന്തരികമായ നിശ്ശബ്ദതയുടെയും വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും നിറക്കൂട്ടുകളിലേക്ക്...

Content Highlights: Amrita Shergil, Dr.N Renuka, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented