Photo: AP
അമേരിക്കപോലുള്ള സമ്പന്നരാജ്യങ്ങളില്‍ തൊഴില്‍ നേടുന്നതിന് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും തൊഴില്‍പരിചയവും അനിവാര്യമാണ്. വിസ ലഭിക്കുന്നതിനും ഒട്ടേറെ കടമ്പകളുമുണ്ട്. വിസ ലഭിക്കുന്നതിന് വിദ്യാഭ്യാസവും സാമ്പത്തികചുറ്റുപാടും പരിശോധിക്കും. അതുകൊണ്ടുതന്നെ അമേരിക്കയില്‍ ജോലി ചെയ്ത് നാട്ടില്‍ പണം അയയ്‌ക്കേണ്ട ആവശ്യകതയും കൂടുതലായിട്ടില്ല. എന്നാലും വിസ നേടുന്നത് അത്ര എളുപ്പവുമല്ല.
ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് വിസയും ജോലിയും ലഭിച്ചു കഴിഞ്ഞാല്‍ കുടുംബ (ഭാര്യ/ഭര്‍ത്താവ്, മക്കള്‍) സമേതമെത്തിച്ചേരാനുള്ള വിസ അനുവദിക്കും. ഇവര്‍ക്ക് അമേരിക്കയില്‍ സ്വത്ത് സമ്പാദിക്കുന്നതിനും, വീട് വാങ്ങുന്നതിനും, വ്യാപാരം നടത്തുന്നതിനും തടസ്സമില്ല. നിരവധിയായ സുഖസൗകര്യങ്ങളും നിബന്ധനകളില്ലാത്ത സ്വാതന്ത്ര്യവുമാണ് അമേരിക്കയില്‍ അനുഭവപ്പെടുന്നത്. അക്കാരണത്താല്‍ ഉന്നതനിലവാരത്തിലുള്ള ജീവിതം നയിക്കാന്‍ സാധിക്കുന്നു.
രാഷ്ട്രീയപരമായ ചേരിതിരിവോ, വഴക്കോ ബഹളമോ കൂടാതെ പ്രകടനം, പ്രതിഷേധം, വഴി തടയല്‍ ഒന്നും അമേരിക്കയിലില്ല. സമാധാനപരമായി ജനങ്ങള്‍ക്ക് തടസ്സമില്ലാത്ത കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മാത്രം. അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും സ്വാധീനവും ഒന്നും തന്നെ താഴേത്തട്ടിലില്ല.
അമേരിക്കയില്‍ ആറു വര്‍ഷം ജോലിയില്‍ തുടര്‍ന്നാല്‍ ഗ്രീന്‍കാര്‍ഡിനു അര്‍ഹത നേടുകയും അതുവഴി ക്രമേണ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് അമേരിക്കക്കാരായി മാറാനും സാധിക്കുന്നു. ജീവിതവും സമ്പാദ്യവും അമേരിക്കയില്‍ത്തന്നെ ചെലവഴിക്കേണ്ടിവരുന്നു. അതോടെ നാട് ഒരു പരിധിവരെ അന്യമാവുന്നു. സ്വന്തം നാട്ടില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനോ സ്വന്തമായി വ്യാപാരമോ മറ്റെന്തിലും വ്യവസ്ഥാപിതമായ തലത്തില്‍ ചെലവഴിക്കുവാനോ ഇവര്‍ ശ്രമിക്കുന്നവരല്ല.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഒട്ടനവധി പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അമേരിക്കയില്‍ കുടുംബസമേതം താമസമാക്കിയതിനാല്‍ കുട്ടികളുടെ പഠനവും ജീവിതവും ഇവിടെതന്നെ. അമേരിക്കയിലേയും ഇന്ത്യയിലേയും വിശിഷ്യാ കേരളത്തിലേയും സംസ്‌കാരം ഭിന്നമാണ്. വിവിധ ലോകരാഷ്ട്രങ്ങളില്‍നിന്നും കുടിയേറിപ്പാര്‍ത്തവരായതിനാല്‍ സങ്കരസംസ്‌കാരം വേരൂന്നിയ സമ്പന്നരാജ്യമാണ് അമേരിക്ക. ഇത്തരം സംസ്‌കാരത്തില്‍ കുടുംബബന്ധങ്ങള്‍ക്കും ആത്മാര്‍ത്ഥതയ്ക്കും കടമകള്‍ക്കും കടപ്പാടുകള്‍ക്കും സ്ഥാനമില്ല. അച്ഛന്‍, അമ്മ എന്ന പവിത്രബന്ധത്തിനു പോലും സ്ഥാനമില്ല. നമ്മുടെ നാട്ടില്‍ കുടുംബപശ്ചാത്തലത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിവരുമ്പോള്‍ ഇതില്‍നിന്നും തീര്‍ത്തും വിരുദ്ധമാണ് അമേരിക്കന്‍ സംസ്‌കാരം. പരസ്പരം നിര്‍ബന്ധിക്കാനോ നിയന്ത്രിക്കാനോ അവകാശമില്ലാത്ത ദാമ്പത്യം.
മക്കളാണെങ്കില്‍ യൗവ്വനത്തോടെ സ്വന്തമായി തൊഴില്‍ തേടാനും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആരെയും ആശ്രയിക്കാന്‍ ഇഷ്ടപ്പെടാതെയും മാറുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ താത്പര്യമുള്ളവരായി മാറുന്നു. നമ്മുടെ നാടും സൗകര്യങ്ങളും ഇവിടത്തെ യാത്രാക്ലേശങ്ങളും ജീവിതരീതികളും പൊരുത്തപ്പെടുന്നവരല്ല പുതുതലമുറയും. ഇന്ത്യന്‍ രീതികളും അമേരിക്കന്‍ സാഹചര്യങ്ങളും പരസ്പരം പൊരുത്തപ്പെടാത്തതാണ്. അതിന്റെ ഉദാഹരണമായാണ് എ.ബി.സി.ഡി. എന്ന മലയാള സിനിമയുടെ ആശയം. ഇത്തരം സംസ്‌കാരങ്ങളില്‍ പുതുതലമുറ ക്രമേണ ആകൃഷ്ടരാകുകയോ സ്വയം സ്വീകരിക്കുകയോ ചെയ്താല്‍ അതിനവരെ കുറ്റപ്പെടുത്തുക സാധ്യമല്ല.
അമേരിക്കയില്‍ ജോലി തേടിയെത്തുന്നതും അവിടെ വേരുറപ്പിക്കാന്‍ തയ്യാറായ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതുമായ മലയാളികള്‍ സ്വയം തിരഞ്ഞെടുത്ത വിനയാണിതെന്ന് പ്രത്യേകം ഓര്‍ക്കുന്നതും നല്ലത്. അങ്ങനെ വരുമ്പോള്‍ അതിന്റെ ഗുണവും ദോഷവും സ്വയം സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരിക്കണം. അതില്‍ പരാതിയോ പരിഭവമോ ആശങ്കയോ വളര്‍ന്നാല്‍ ഇതിനൊന്നും ഒരിക്കലും പരിഹാരമില്ല. ആ രാജ്യത്തെ പഴിപറയുന്നതിലും അര്‍ത്ഥമില്ല.
അമേരിക്കന്‍ മലയാളികളുടെ ഒരു ദിവസം
അമേരിക്കന്‍ മലയാളികളുടെ ഓരോ ദിവസവും കടന്നുപോകുന്നത് കടുത്ത മാനസിക സംഘര്‍ഷങ്ങളോടേയും കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള നെട്ടോട്ടത്തോടെയുമാണ്. ഓഫീസുകളില്‍ ഓരോ വ്യക്തിക്കും താങ്ങാനാവുന്നതിലുമധികം ജോലിഭാരം കമ്പനിക്കാര്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും ജോലിക്കാരാണെങ്കില്‍ അവരുടെ ദുരിതത്തിന് അറുതിയില്ല. രണ്ടു കുട്ടികളുമായാല്‍ പിന്നെ ജീവിതം യാന്ത്രികമാകുന്നു. ഓരോ കുട്ടികളുടേയും സ്‌കൂള്‍ സമയം വ്യത്യസ്തമായിരിക്കും. തിരികെ കൊണ്ടുവരേണ്ടതും മറ്റൊരു സമയത്തായിരിക്കും. പലപ്പോഴും കാലത്ത് 7 മണിമുതല്‍ ക്ലാസ്സുകള്‍ തുടങ്ങും. ഇത് നിയന്ത്രിക്കുന്നത് അമ്മമാരായിരിക്കും. സര്‍ക്കാര്‍ വക സൗജന്യ സ്‌കൂള്‍ ബസ്സ് സൗകര്യമുണ്ടെങ്കിലും പല കാരണങ്ങളാലും മിക്കവരും അത് ഉപയോഗപ്പെടുത്തുന്നില്ല.
വൈകുന്നേരങ്ങളില്‍ കുട്ടികളുടെ കുമ്മോണ്‍ (കണക്ക് ക്ലാസ്), നീന്തല്‍, സംഗീതം, ഡാന്‍സ്, കരാട്ടെ എന്നുവേണ്ട, നിരവധി വിഷയങ്ങളുമായി തിരക്കിട്ട ഓട്ടമാണ്. കലാപരിപാടികള്‍ക്കായുള്ള തയ്യാറെടുപ്പും മുടങ്ങാതെ നടത്തണം. ശനി, ഞായര്‍ ദിവസങ്ങളില്‍ വീടു വൃത്തിയാക്കലും പരിസര ശുചീകരണവും പച്ചക്കറി കൃഷി, എന്നു വേണ്ട തിരക്കുകള്‍ക്ക് അറുതിയില്ല. രണ്ടുപേരും ജോലിക്കാരാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. വഴക്കിനും വക്കാണത്തിനും കുറ്റപ്പെടുത്തലിനും ധാരാളം അവസരങ്ങള്‍ ജനിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരും രംഗത്തിറങ്ങണം. അതു മാത്രമാണ് പരിഹാരം.
ജോലിത്തിരക്കിനിടയില്‍ സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ കുട്ടികളെ വൈകുന്നേരം വരെ സ്‌കൂള്‍ അധികൃതരുടെ സംരക്ഷണത്തില്‍ നിര്‍ത്താന്‍ സംവിധാനമുണ്ട്. അതിന് അധികമായി വരുന്ന ഓരോ മണിക്കൂറിനും അധികവേതനം നല്‍കണമെന്നു മാത്രം.
അതുപോലെതന്നെ ഗര്‍ഭിണിയായാല്‍ അവരുടെ സംരക്ഷണവും പരിപാലനവും വലിയ പ്രശ്‌നമാണ്. ഇത്തരം സാഹചര്യത്തില്‍ മക്കള്‍ക്ക് സംരക്ഷണവും സമാധാനവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് രക്ഷാകര്‍ത്താക്കളുടെ അമേരിക്കന്‍ യാത്രയ്ക്ക് തുടക്കംകുറിക്കുന്നത്. അത് ആഘോഷമാക്കുന്നവരും പ്രയാസമനുഭവിക്കുന്നവരും കാണും. കാരണം പ്രായമായ രക്ഷാകര്‍ത്താക്കള്‍ക്ക് അമേരിക്കയില്‍ ചെയ്യാന്‍ ഒന്നുമില്ല. സ്വതന്ത്രമായി പുറത്തിറങ്ങാനും പറ്റില്ല. വീട്ടിനുള്ളില്‍ത്തന്നെ കഴിയണം. ശനി, ഞായര്‍ ദിവസങ്ങളില്‍ മലയാളികള്‍ വിരസതയകറ്റാന്‍ പരസ്പരം വിരുന്നൊരുക്കും. ഇതുവഴി നിരവധി പേരുമായി അടുത്തറിയാനും സൗഹൃദം സ്ഥാപിക്കാനും സാധിക്കും. ഇക്കൂട്ടത്തില്‍ കുറേ രക്ഷാകര്‍ത്താക്കളുമായുള്ള ചങ്ങാത്തവും ഒരനുഭവമാണ്.
മലയാളി അസോസിയേഷനുകള്‍
അമേരിക്കയില്‍ നിരവധിയായ അസോസിയേഷനുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ത്യാ അസോസിയേഷന്‍, ഫൊക്കാന, ഫോമ, മങ്ക, സര്‍ഗം, അരിസോണ മലയാളി അസോസിയേഷന്‍ തുടങ്ങിയവ. ഓരോ സംസ്ഥാനത്തിന്റെ പേരിലും അസോസിയേഷനുകള്‍ ഇവിടെ ധാരാളമുണ്ട്. അവയെല്ലാംതന്നെ വളരെയധികം പ്രശംസ പിടിച്ചുപറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അമേരിക്കയില്‍ സംഘടിപ്പിച്ചുവരുന്നത്. മലയാളി അസോസിയേഷനുകളാണെങ്കില്‍ നമ്മുടെ മഹനീയമായ സംസ്‌കാരം നിലനിര്‍ത്താന്‍ ഏറെ പാടുപെട്ടുവരുന്നവരാണ്. അരിസോണ മലയാളി അസോസിയേഷനുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം കിട്ടി. അവര്‍ നടത്തിയ ഓണാഘോഷം, ക്രിസ്മസ് ആഘോഷം, പുതുവര്‍ഷ ആഘോഷം, കൂടാതെ വാര്‍ഷികാഘോഷം എന്നിവയുടെ സംഘാടനം പ്രശംസനീയമാണ്.
അരിസോണ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് നീലേശ്വരം സ്വദേശിയായ സജിത്ത് തൈവളപ്പില്‍ ആണ്. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം അവിടെ നടത്തുന്നതെന്ന് എടുത്തു പറയാതെ വയ്യ. കലയും സാഹിത്യവും സമന്വയിപ്പിച്ചുകൊണ്ടും മുഴുവന്‍ പ്രവര്‍ത്തകരേയും ഒരുമിച്ചുനിര്‍ത്തിയുമാണ് പരിപാടികള്‍ കമനീയമായി സംഘടിപ്പിച്ചുവരുന്നത്. അദ്ദേഹവുമായുള്ള അടുപ്പത്താല്‍ അവരുടെ സുവനീറിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനും എനിക്ക് സാധിച്ചു. നിരവധി മലയാളികളുമായി അടുത്തിടപഴകാനും ആശയങ്ങള്‍ കൈമാറാനും സാധിച്ചത് നേട്ടമായി.
ഓണാഘോഷത്തോടനുബന്ധിച്ച് കമനീയമായ പൂക്കളമൊരുക്കുന്നതും ചെണ്ടയടക്കമുള്ള വാദ്യഘോഷത്തോടെ മഹാബലിയുടെ എഴുന്നള്ളത്ത് ഒരുക്കുന്നതിലും ഇവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത എടുത്തു പറയേണ്ടതുതന്നെയാണ്. ഡാന്‍സും പാട്ടും കളിയരങ്ങും കഴിഞ്ഞാല്‍ ഒടുവില്‍ വിപുലമായ ഓണസദ്യ ഒരുക്കുന്നതിലുള്ള ഒത്തൊരുമയും സഹകരണവും അര്‍പ്പണബോധവും കേരളജനത കണ്ടുപഠിക്കേണ്ടതാണ്. പലപ്പോഴും ഇതുപോലുള്ള ആഘോഷം ഉത്സവലഹരിയോടെ നടത്തുന്നത് അമേരിക്കയിലുള്ള വിദേശികള്‍ക്കിടയിലാണ്. ഓണംപോലെതന്നെ തുല്യപ്രാധാന്യം നല്‍കിയാണ് ക്രിസ്മസ് ദിനങ്ങളിലെ ആഘോഷങ്ങളും ഉണ്ണിയേശുവിനെ ഒരുക്കുന്നതിലും കുരിശില്‍ തറച്ച യേശുവിന്റെ ടാബ്ലോ ഒരുക്കുന്നതുമൊക്കെ. വളര്‍ന്നുവരുന്ന പുതുതലമുറക്ക് കേരളത്തിന്റെ ഐക്യവും സംസ്‌കാരവും കാണിച്ചുകൊടുക്കുക എന്നതും അവ നിലനിര്‍ത്തുക എന്ന മഹനീയസന്ദേശവുമാണ് ഇതിന്റെയൊക്കെ പിറകില്‍.
കുടുംബജീവിതം
കെട്ടുറപ്പില്ലാത്ത കുടുംബജീവിതമാണ് മിക്കവരുടേതും. കലഹത്തിലോ പ്രതിഷേധത്തിലോ വഴിപ്പെട്ട് നിരാശയില്‍ കഴിയുന്ന കുടുംബാന്തരീക്ഷത്തിന് ഇവിടെ സ്ഥാനമില്ല. അഭിപ്രായഭിന്നതയുണ്ടായാല്‍ ചിലപ്പോള്‍ ആ നിമിഷം കൊണ്ട് 'ഗുഡ് ബൈ' പറഞ്ഞ് പിരിയുന്നതാണ് ഇവിടത്തെ രീതികള്‍. നമ്മളെപ്പോലെ ജീവിതകാലം മുഴുവന്‍ വഴക്കടിച്ച് ജീവിതം നരകമാക്കുന്ന സാഹചര്യം അമേരിക്കയില്‍ നിലനില്‍ക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ആ ബന്ധം ഉപേക്ഷിക്കുവാനും താമസിയാതെ പുതിയ മറ്റൊരു ബന്ധം കണ്ടെത്താനും ഏറെ സമയമെടുത്തെന്നു വരില്ല. ഭാര്യാഭര്‍ത്തൃബന്ധത്തില്‍ പരസ്പരം ഭരിക്കുവാനൊ ഇകഴ്ത്തിക്കാണിക്കുവാനോ ഇവര്‍ മെനക്കെടുന്നുമില്ല.
വിവാഹബന്ധം വേര്‍പെട്ടുവരുന്ന അച്ഛനമ്മമാര്‍ക്ക് അവരുടെ കുട്ടികളും ഉണ്ടാകാം. അക്കാരണത്താല്‍ കുട്ടികളുടെ സ്‌കൂള്‍ പ്രവേശനസമയത്ത് യഥാര്‍ത്ഥ അച്ഛന്റെയോ അമ്മയുടെയോ കൂടെയല്ലാതെ സ്റ്റെപ്പ് ഫാദറിന്റെയോ മദറിന്റെയോ ആരുടെ കൂടെയാണ് കുട്ടി താമസിക്കുന്നതെന്ന് അപേക്ഷയില്‍ വെളിപ്പെടുത്തണം. ഇങ്ങനെയുള്ള കുട്ടികളില്‍ അവരുടെ സ്വഭാവരൂപീകരണത്തിലും അതിന്റെതായ പോരായ്മകളുണ്ടാകുമെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. ഇത്തരം സാമൂഹിക പശ്ചാത്തലത്തില്‍ വളരുന്ന കുട്ടികളില്‍ പക്വതയാകുന്നതോടെ 'ലിവിങ്ങ് ടുഗദര്‍' വഴിപ്പെടുന്നു. ഇത്തരം കുട്ടികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ പൊതു സ്‌കൂള്‍ ബസ്സുകള്‍ ഒഴിവാക്കുന്ന ശീലവും കണ്ടുവരുന്നു.
(പി.പി. മോഹനന്റെ 'അമേരിക്കയെ അറിയാന്‍' എന്ന പുസ്തകത്തില്‍നിന്ന്)
Content Highlights: Americaye ariyan, Travelogue, Book by P.P. Mohanan, Book excerpt, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..