ജസ്റ്റിസ് കെ. ചന്ദ്രു | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
മനുഷ്യാവകാശത്തിനും സ്ത്രീകളുടെ അവകാശത്തിനും തൊഴിലാളികളുടെ അവകാശത്തിനുമായി നിലകൊണ്ട്,
സമൂഹത്തിലെ സാധാരണക്കാരുടെ കേസുകളില്‍ ഹാജരായി നീതിക്കായി വാദിച്ച അഭിഭാഷകനാണ് ജസ്റ്റിസ് കെ. ചന്ദ്രു. തന്റെ മുമ്പില്‍ വിചാരണക്കുവന്ന കേസുകളെക്കുറിച്ചും താന്‍ പ്രസ്താവിച്ച വിധികളില്‍, ഭാരതത്തിന്റെ ഭരണഘടനാശില്പികളില്‍ പ്രധാനിയായിരുന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ ചിന്തകളും എഴുത്തും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും വിവരിക്കുകയാണ് 'അംബേദ്കറുടെ പ്രകാശത്തില്‍ എന്റെ വിധിപ്രസ്താവങ്ങള്‍' എന്ന പുസ്തകത്തില്‍ ജസ്റ്റിസ് കെ. ചന്ദ്രു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷയിലെ 'പൊതുസേവനങ്ങളില്‍ പാലിക്കപ്പെടേണ്ട നിഷ്പക്ഷത'എന്ന ഭാഗം വായിക്കാം...
റോസാ പാര്‍ക്(1913-2005) അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് ജീവിച്ചിരുന്ന ആഫ്രോ അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാരിയായ വനിതാതൊഴിലാളിയായിരുന്നു. അറുപത് വര്‍ഷംമുമ്പ് തന്റെ വാസസ്ഥലമായ മോണ്ട് ഗോമറിയില്‍നിന്ന് ജോലിസ്ഥലത്തേക്ക് പോകുവാന്‍ രാവിലെ ബസ്സില്‍ കയറുകയും ഒഴിഞ്ഞുകിടക്കുന്ന ഒരു സീറ്റില്‍ ഇരിക്കുകയും ടിക്കറ്റ് വാങ്ങുകയും ചെയ്തു. ആ ബസ്സില്‍ കയറിയ ഒരു വെളുത്തവര്‍ഗ്ഗക്കാരന്‍ അവളോട് സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുവാന്‍ പറഞ്ഞു. എഴുന്നേല്‍ക്കാന്‍ പറ്റില്ലെന്നു പറഞ്ഞശേഷം, എന്തിനാണ് താന്‍ എഴുന്നേല്‍ക്കേണ്ടതെന്ന് അവര്‍ ബസ് ജീവനക്കാരനോടു ചോദിച്ചു: 'ടിക്കറ്റെടുത്തിട്ടാണ് ഞാന്‍ ഇരിക്കുന്നത്. പിന്നെന്തിന് എഴുന്നേല്‍ക്കണം? വെളുത്തവര്‍ക്കു മാത്രമാണോ ഇരിക്കുവാനുള്ള അവകാശം?'
'അതെ. വെളുത്തവര്‍ക്ക് മാത്രമാണ് ഇരിക്കുവാനുള്ള അവകാശം,' ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ റോസാ പാര്‍ക് വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലായിരുന്നു. 'അമേരിക്കന്‍ ഭരണഘടനയനുസരിച്ച് എല്ലാവര്‍ക്കും തുല്യാവകാശമുണ്ട്. നിറത്തിന്റെ അടിസ്ഥാനത്തില്‍ പക്ഷപാതം കാണിക്കാനൊന്നും പാടില്ല,' അവള്‍ വാദിച്ചു. അവളുമായി വാക്തര്‍ക്കത്തിനൊന്നും തയ്യാറാകാതെ ജീവനക്കാരനും വെളുത്തവര്‍ഗ്ഗക്കാരനും പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് റോസാ പാര്‍ക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
റോസാ പാര്‍ക് വെറുതേയിരുന്നില്ല. മോണ്ട് ഗോമറിയിലെ എല്ലാ കറുത്തവര്‍ഗ്ഗക്കാരുടെയും സഹായത്തിനായി അപേക്ഷിച്ചു. കറുത്തവര്‍ഗ്ഗക്കാര്‍ ഉണര്‍ന്നു. പരസ്യമായി നിറവ്യത്യാസം പ്രകടിപ്പിക്കുന്ന ബന്ധപ്പെട്ട ഭരണസംവിധാനത്തെ എതിര്‍ക്കുകയും ഇനി ബസ്സുകളില്‍ കയറുകയില്ലെന്ന് ശപഥമെടുക്കുകയും ചെയ്തു. ജോലിസ്ഥലത്തേക്കു നടന്നുപോകാന്‍ തുടങ്ങി. പിന്നീട് കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പാടുപെട്ട മാര്‍ട്ടിന്‍ ലൂഥര്‍ കിങ്(ആ സമയത്ത് സുവിശേഷപ്രവര്‍ത്തകനായി അദ്ദേഹം ഒരു പള്ളിയില്‍ കഴിയുകയായിരുന്നു) ആ പോരാട്ടത്തില്‍ ചേരുകയും ജയില്‍വാസം വരിക്കുകയും ചെയ്തു. ദിവസം ചെല്ലുന്തോറും സമരം ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. ഒരുവര്‍ഷം അവര്‍ ബസ്യാത്ര ചെയ്തില്ല. അതോടെ ബസ്സുടമകളുടെ വരുമാനം നിലച്ചു. ഉടമകള്‍ കടുംപിടുത്തം വിട്ടു. നിറവ്യത്യാസം ബസ് യാത്രയില്‍ കാണിക്കുകയില്ലെന്ന് ഉറപ്പുകൊടുത്തു. അങ്ങനെ റോസാ പാര്‍ക് എന്ന സ്ത്രീ നടത്തിയ 'മോണ്ട് ഗോമറി കാല്‍നടയാത്ര' ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
എന്തുകൊണ്ടാണ് ഞാന്‍ റോസാ പാര്‍ക്കിന്റെ കഥ ഇവിടെ പറഞ്ഞത്? ഇവിടെ നിറവ്യത്യാസങ്ങളൊന്നും കാണിക്കുന്നില്ലല്ലോ എന്നൊക്കെ ചോദിക്കാം. പക്ഷേ, ഇവിടെ ജാതിവ്യത്യാസമുണ്ടല്ലോ! ഈ അടുത്തകാലത്ത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ജാതിവ്യത്യാസം കാണിക്കലും വര്‍ഗ്ഗവ്യത്യാസം കാണിക്കലും ഒന്നുതന്നെയാണെന്ന തീരുമാനത്തിലെത്തുകയും ഒരു നിയമം കൊണ്ടുവരാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

ശിവന്തിപ്പട്ടി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത് തിരുനെല്‍വേലിയില്‍നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലേയാണ്. തിരുനെല്‍വേലിയില്‍നിന്ന് ശിവന്തിപ്പട്ടിയിലേക്ക് ബസ് സര്‍വ്വീസുണ്ട്. തങ്ങള്‍ വിളയിച്ചെടുത്ത പച്ചക്കറികളും മറ്റു കാര്‍ഷികോത്പന്നങ്ങളുമായി ശിവന്തിപ്പട്ടിയിലെ കര്‍ഷകര്‍ തിരുനെല്‍വേലിയിലേക്കു ബസ്സില്‍ പോയി വില്‍പ്പന നടത്തിയശേഷം ബസ്സില്‍ തിരിച്ചുവരുന്നത് പതിവാണ്. അതേപോലെത്തന്നെ പാളയംകോട്ടയിലെ കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും ഗ്രാമത്തില്‍നിന്ന് കുട്ടികള്‍ പോയിവരാറുണ്ട്. ശിവന്തിപ്പട്ടിയിലേക്ക് കടക്കുന്ന ബസ് ആദ്യം നില്‍ക്കുന്നത് പഞ്ചായത്ത് ബസ്സ്റ്റോപ്പിലാണ്. പിന്നെ അമ്മന്‍കോവില്‍ സ്റ്റോപ്പില്‍. അവസാനത്തെ സ്റ്റോപ്പാണ് റൈസ്മില്‍. അവിടെ നഗരസഭയുടെ കീഴില്‍ ബസ്സുകള്‍ നിര്‍ത്തിയിടാന്‍ ഇടമൊരുക്കിയിട്ടുണ്ട്. അവസാനത്തെ സ്റ്റോപ്പായ റൈസ്മില്‍ സ്റ്റോപ്പില്‍ ഇറങ്ങിയിട്ടുവേണം ദളിതര്‍ വസിക്കുന്ന കോളനിയിലേക്കും അതിനടുത്തുള്ള കാമരാജ് നഗറിലേക്കും പോകുവാന്‍.
1996-ല്‍ ശിവന്തിപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ് വധിക്കപ്പെട്ടു. അതുമായി ബന്ധപ്പെട്ട്, സ്വാധീനശക്തിയുള്ള ചില ജാതിക്കാര്‍ പ്രക്ഷോഭം തുടങ്ങി. ഊരിലേക്കുവരുന്ന ബസ്സുകള്‍ക്ക് പ്രക്ഷോഭം കാരണം അകത്തേക്കു കടക്കാന്‍ കഴിയാതെവന്നതോടെ അവ ഓട്ടം നിര്‍ത്തി. പിന്നീട് ഓട്ടം ആരംഭിച്ചപ്പോള്‍ ശിവന്തിപ്പട്ടിയിലേക്കുള്ള ബസ്സുകള്‍ ഊരിലെ പ്രധാന സ്റ്റോപ്പായ റൈസ്മില്‍ സ്റ്റോപ്പിലേക്കു പോകാതെ ഊരില്‍ത്തന്നെയുള്ള പോലീസ് സ്റ്റേഷന്റെയടുത്ത് ഓട്ടം അവസാനിപ്പിക്കാന്‍ തുടങ്ങി. പൊടുന്നനേയുള്ള ഈ മാറ്റം കാരണം ദളിതര്‍ക്ക് ദിവസവും അര കിലോമീറ്റര്‍ മുതല്‍ രണ്ടു കിലോമീറ്റര്‍ വരെ നടന്നുവന്ന് ബസ്സില്‍ കയറേണ്ട അവസ്ഥ വന്നു. കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളെ തലയില്‍ ചുമന്നുകൊണ്ട് ഒരുപാടു ദൂരം നടക്കേണ്ട സ്ഥിതിയും വന്നുചേര്‍ന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഹിന്ദുക്കള്‍ താമസിക്കുന്ന തെരുവിലൂടെ വരുന്നതും പോകുന്നതും താണജാതിക്കാരായ ദളിതര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഓട്ടം നടത്തിയിരുന്ന കട്ടബൊമ്മന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍(KTC) അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും പ്രശ്നത്തിന് പരിഹാരമൊന്നും ഉണ്ടായതുമില്ല. എന്തുകൊണ്ട് റൈസ്മില്‍ സ്റ്റോപ്പ് നിര്‍ത്തി എന്നതിനോ, പോലീസ് സ്റ്റേഷനടുത്ത് നിര്‍ത്താന്‍ തുടങ്ങി എന്നതിനോ ഒരു വിശദീകരണവും അധികാരികള്‍ നല്‍കിയതുമില്ല.
തിരുനെല്‍വേലിയിലെ വക്കീലും പൊതുകാര്യപ്രവര്‍ത്തകനുമായ ആര്‍. കൃഷ്ണന്‍, ഒരു പൊതുതാത്പര്യഹര്‍ജി 1999-ല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി വിചാരണയ്ക്കെടുത്ത കോടതി കട്ടബൊമ്മന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും പോലീസിനും നോട്ടീസയച്ചു. ഒരു വിശദീകരണവും നല്‍കാന്‍ കെ.ടി.സി. മുമ്പോട്ടു വന്നില്ല. കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ കോടതി അതുമായി ബന്ധപ്പെട്ട തെളിവുകളും മറ്റും പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോവുകയായിരുന്നു. തിരുനെല്‍വേലി ജില്ലാ പോലീസ് സൂപ്രണ്ട്(DSP), കട്ടബൊമ്മന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് എഴുതിയ ഒരു കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു:
'ബസ് അവസാനത്തെ സ്റ്റോപ്പായ റൈസ്മില്ലിനടുത്ത് നിര്‍ത്തിയിടുമ്പോള്‍ കാലിയാകുന്ന എല്ലാ സീറ്റുകളിലും ദളിതര്‍ കയറിയിരിക്കുന്നതിനാല്‍, അവിടെനിന്ന് തിരുനെല്‍വേലിയിലേക്കു പോകേണ്ടിവരുന്ന ഊര്‍ജനതയ്ക്ക്(ഉയര്‍ന്ന ജാതിയില്‍പ്പെട്ട തേവര്‍മാര്‍ക്ക്) ഇരിക്കാനാവാതെ നിന്നുകൊണ്ട് യാത്രചെയ്യേണ്ടിവരുന്നു. ഇത് ജാതിലഹളയ്ക്ക് കാരണമാവുകയും ഊരിലെ ശാന്തമായ അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്തേക്കാം. അതുകൊണ്ട് ബസ് ഊരിനുള്ളില്‍ത്തന്നെ യാത്ര അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'
പോലീസ് വകുപ്പില്‍ ഒരു ഉന്നതപദവിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ ജാതിവര്‍ണ്ണ വിവേചനം കാണിക്കുന്നതായി കോടതിക്ക് ബോദ്ധ്യപ്പെട്ടതായും, ബസ്സുകള്‍ പഴയതുപോലെ റൈസ്മില്‍ സ്റ്റോപ്പില്‍ത്തന്നെ നിര്‍ത്തണമെന്നും ഞാന്‍ ഉത്തരവിട്ടു.'...ഈ ചുറ്റുപാടില്‍ പ്രാദേശികജനങ്ങളെ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കേണ്ടത് പോലീസിന്റെ കടമയും കര്‍ത്തവ്യവുമാണ്. പൊതുജനങ്ങള്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് അവരെ ബോദ്ധ്യപ്പെടുത്തുകയും, അതിനുവേണ്ടിയുള്ള പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുകയും, ബസ്സിന്റെ പോക്കുവരവിനു തടസ്സമാകാത്ത വിധത്തില്‍ സംരക്ഷണം ഏര്‍പ്പെടുത്തുകയും വേണം. ഈ ഉത്തരവു ലഭിച്ച് രണ്ടാഴ്ചയ്ക്കകം കോടതി ഉത്തരവ് നടപ്പാക്കേണ്ടതാണ്. സത്യവാങ്മൂലത്തിലെ രണ്ടാമത്തെ ഖണ്ഡികയില്‍ പറയുന്ന കാരണം ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ്. അതായത്, ഒരു പ്രത്യേക സമുദായക്കാരുടെ യാത്രാസൗകര്യം നിഷേധിക്കലും അവരുടെ സ്വാതന്ത്ര്യത്തെ തടയലുമാണത്.'
(ആര്‍. കൃഷ്ണന്‍ v/s തമിഴ്നാട് സര്‍ക്കാരും മറ്റും. No. 20298/1999)
Content Highlights: Ambedkarude prakasathil ente vidhiprasthavangal, Book excerpt, Justice K. Chandru, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..