പത്താംക്ലാസ് പരീക്ഷ പാസായി തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗമായി ചേര്‍ന്നപ്പോള്‍ ആദ്യമെടുത്ത് വായിച്ച പുസ്തകങ്ങളിലൊന്ന് അക്കിത്തത്തിന്റെ നിമിഷക്ഷേത്രമായിരുന്നു. പുസ്തകത്തിനു മുന്നില്‍ ചേര്‍ത്തിരുന്ന 'നിമിഷേ അനിമിഷക്ഷേത്രേ' എന്ന ശ്ലോകത്തിന്റെ അര്‍ഥം എനിക്ക് പിടികിട്ടിയില്ല. പല കവിതകളും വിലക്ഷണങ്ങളായി തോന്നുകയുംചെയ്തു. ഒന്നിന്റെ കഥമാത്രം പറയാം- 'ഗുമസ്തന്‍ ഹോട്ടലില്‍'.
''സ്ഫടികചഷകത്തിലപ്പോഴേക്കെത്തിച്ചേര്‍ന്നി-
തുടയാസ്സൗരഭ്യം നിന് ബുഭുക്ഷാസവിധത്തില്‍''
എന്ന ഈരടി എന്നെ ആശ്ചര്യപ്പെടുത്തി. വെയിറ്റര്‍ തൈര് കൊണ്ടുവെക്കുന്നതാണ് രംഗം. അതെന്താണിങ്ങനെയെഴുതാന്‍? എന്നാലും കവിതയുടെ ഒടുവില്‍ വരുന്ന വേറൊരു ചിത്രം എന്നെ വല്ലാതെ സ്പര്‍ശിച്ചു.
''ചുട്ട പപ്പടത്തിനായ്, കൈപ്പുണ്യച്ചമ്മന്തിക്കായ്
കുട്ടികള്‍ കരയുമ്പോള്‍ ചുളിയും വരള്‍ച്ചുണ്ടില്‍
അമ്മതന്‍ പഞ്ചാരവാക്കലിഞ്ഞുചേരാക്കഞ്ഞി-
വെള്ളവുമായിപ്പുലാവില ചുംബിക്കും ചിത്രം''
ആ കൈപ്പുണ്യച്ചമ്മന്തി! എന്റെ ഇരിഞ്ഞാലക്കുടത്തറവാട്ടിലെ അടുക്കളയില്‍നിന്ന് നേരിട്ടിറങ്ങിവന്ന് കവിതയില്‍ കയറിയിരിപ്പായ ചമ്മന്തി!
രണ്ടുകൊല്ലം കഴിഞ്ഞ് 1975-ല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ അപരാജിത എന്ന ബൃഹത്സാഹിത്യസല്ലാപ പഠനകേന്ദ്രത്തിലെ നിത്യസന്ദര്‍ശകനായപ്പോഴാണ് ഞാന്‍ അക്കിത്തത്തെ അടുത്തുകണ്ടത്. കക്കാട് കഴിഞ്ഞാല്‍ അവിടെ ഏറെ വരാറുള്ളത് അക്കിത്തമാകാം. ഇന്‍ലന്‍ഡിലും കവറിലും അക്കിത്തത്തിന്റെ വലിയ മുഴുത്ത കൈപ്പടയിലുള്ള എഴുത്തുകള്‍ നിത്യേന വരുമായിരുന്നു. തമ്മില്‍ പരിചയപ്പെട്ടുവെങ്കിലും സൗഹൃദമുദിച്ചില്ല. മൂന്നുകൊല്ലം കഴിഞ്ഞ് എന്റെ ഗുരുനാഥനായ അയ്യപ്പപ്പണിക്കരാണ് അതിന് കാരണക്കാരനായത്, ''നിങ്ങളിരുവരും ഇങ്ങനെ വെറുതെ പരിചയപ്പെട്ടാല്‍ പോരാ'' എന്ന് പ്രത്യേകം പറഞ്ഞുകൊണ്ട്.
പിന്നെ പലയിടത്തുംവെച്ചു കണ്ട് സംസാരിച്ചു. ഞാന്‍ അമേറ്റിക്കര അക്കിത്തത്തു മനയ്ക്കല്‍ ചെന്നുതുടങ്ങി. അക്കിത്തം എനിക്ക് എഴുത്തയച്ചുതുടങ്ങി. ഏതാണ്ട് അതേകാലത്താണ് (1974-85) ഞാന്‍ വൈലോപ്പിള്ളി മാസ്റ്ററുടെ ബി-9 ദേവസ്വം ക്വാര്‍ട്ടേഴ്‌സിലെയും സന്ദര്‍ശകനായത്. വിഷ്ണുനാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ക്കും എനിക്കും കണ്‍കണ്ട ദൈവം ഒന്നേ ഉണ്ടായിട്ടുള്ളൂ, അത് വൈലോപ്പിള്ളി മാസ്റ്ററാണ്. ആ വൈലോപ്പിള്ളി മാസ്റ്റര്‍ പേരെടുത്തുപറഞ്ഞ ഒരു മലയാളകൃതി അക്കിത്തത്തിന്റെ 'ഇടിഞ്ഞുപൊളിഞ്ഞ ലോകം' ആയിരുന്നു. നീളം കുറഞ്ഞ കവിതയല്ല; എട്ടൊന്‍പത് പേജില്‍ പരന്നുകിടക്കുന്ന ഒന്നാണത്. അതിലാകെ നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹവും -കുഞ്ഞുങ്ങളോടുള്ള സ്‌നേഹം- അമര്‍ഷവും -കുഞ്ഞുങ്ങളുടെ ദൂനസ്ഥിതിയിലുള്ള അമര്‍ഷം- ആയിരിക്കണം വൈലോപ്പിള്ളി മാസ്റ്റര്‍ക്ക് ആ കവിത അത്ര പ്രിയപ്പെട്ടതാകാന്‍ കാരണം. ഓര്‍മകള്‍ കൊല്ലങ്ങളെ കവച്ചുചാടുന്നു. 1985 ഡിസംബറില്‍ വൈലോപ്പിള്ളി മാസ്റ്റര്‍ അന്തരിച്ചുവല്ലോ. ഒരുകൊല്ലം തികയുന്ന സമയത്ത് തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി ഞാനൊരു ലഘുചിത്രം സംവിധാനംചെയ്തു, കക്കാടിന്റെ മകനും എനിക്ക് ഭ്രാതൃനിര്വിശേഷനുമായ ശ്രീകുമാറിന്റെ (മണി) സഹായത്തോടെ.
'തെങ്ങിളനീരും നറുമുന്തിരിയും' എന്നാണ് അരമണിക്കൂര്‍ നീളമുള്ള ആ ചിത്രത്തിനു പേരിട്ടത്. മഹാരാജാസ് കോളേജിലും കലൂരെ വൈലോപ്പിള്ളിത്തറവാട്ടിലും നല്ലേങ്കര ഭാനുമതിയമ്മട്ടീച്ചറുടെ വീട്ടിലും ദേവസ്വം ക്വാര്‍ട്ടേഴ്‌സിലും മാസ്റ്ററുടെ പഴയ സ്‌കൂളുകളിലുമെല്ലാം നേരിട്ടുചെന്ന് ഷൂട്ടുചെയ്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. കൈനിക്കര കുമാരപിള്ളയും എന്‍.വി. കൃഷ്ണവാരിയരുമെല്ലാം പ്രത്യക്ഷപ്പെടുന്ന ചിത്രമാണ്. അക്കിത്തത്തിന്റെ വീടുവരെപ്പോയിവരാന്‍ സമയവുമില്ല. എന്തുചെയ്യട്ടെ? ഞാന്‍ അക്കിത്തത്തിനോട് ചോദിച്ചു, തൃശ്ശൂരുവരെ വരാമോയെന്ന്. ''ശ്രീധരമേനോന്റെ കാര്യത്തിനാണെങ്കില്‍ ഭൂമിയുടെ ഏതറ്റത്തേക്കും വരാമെ''ന്ന് അക്കിത്തം. സാഹിത്യ അക്കാദമിയുടെ മുന്നിലെ മരത്തിനുചോട്ടില്‍ വന്നിരുന്ന് അക്കിത്തം 'സൗഹൃദസ്മരണ' എന്ന കവിത ചൊല്ലി:

''എത്രനാളായീ കണ്ടിട്ടെത്രനാളായീ ഹംസ-
ചിത്രമാം കയ്യൊപ്പുള്ള കത്തുവന്നിട്ടുംകൂടി?...
നിഖിലപ്രപഞ്ചാത്മദുഃഖത്തിന്നടിവരെ
ഒരൊറ്റച്ചാട്ടംകൊണ്ടു ചെന്നെത്തിസ്സൗഭാഗ്യത്തിന്‍
കരളില്‍ക്കൊത്തും കുഞ്ഞിക്കുസൃതിപ്പൊന്മക്കണ്ണും
മാടിയാല്‍ മുതുനീര്‍ത്തും മുടിയും ഘ്രാണേന്ദ്രിയ-
പീഠമായിടും ലജ്ജാനമ്രമാം മേല്‍മീശയും
നടുപൊന്തിയ കാചംപോലെ മധ്യായുസ്സിലും
കവിളിന് മേല്‍ഭാഗത്താക്കൗമാരവിലാസവും...''
വൈലോപ്പിള്ളിയെ ധ്യാനിച്ചുകൊണ്ടാണ് അക്കിത്തം ചൊല്ലിയത്. ചൊല്ലിത്തീര്‍ന്നപ്പോള്‍ അക്കിത്തം കരയുകയായിരുന്നുവോ?
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം
Content Highlights: Akkitham special Mathrubhumi weekly