എ.കെ.ജി., ഷെയ്ക്‌സ്പിയർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്, വിക്കിപീഡിയ
നാല്‍പ്പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പത്രപ്രവര്‍ത്തകനായിരുന്ന പി.പി. ബാലചന്ദ്രന്റെ 'എ.കെ.ജിയും ഷെയ്ക്‌സ്പിയറും' എന്ന പുസ്തകത്തിലെ ഭാഗത്തില്‍നിന്നും;
നീണ്ട പ്രവാസജീവിതത്തിനിടയില്‍ എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന് സമസ്ഥിതിയോടെ കടന്നുപോയ ഒരു പഴയ ഓണാഘോഷത്തിന്റെ ഹരിതസ്മൃതി. ഡല്‍ഹി എന്ന മഹാദുര്‍ഗ്ഗത്തിന്റെ പിന്‍നിഴലില്‍ പരിഭ്രമത്തോടെ ജീവിച്ചുപോന്ന ഒരു പാവം ഗ്രാമമായിരുന്നു ബദര്‍പൂര്‍. കാലം ഒരുപാടു മാറി; ബദര്‍പൂരും മാറി ഒരിത്തിരി. ഡിസൈനെര്‍ ഉടുപ്പുകളിട്ട കൗമാരങ്ങള്‍, മൊബൈല്‍ ഫോണുകള്‍ വരുന്നതിനു മുമ്പ് കൊച്ചുകൊച്ചു കത്തുകളിലൂടെയും നീണ്ട തുടര്‍ക്കഥകളിലൂടെയും പിന്നെ, ഗോതമ്പുപാടത്തിന്റെ ആളില്ലാക്കോണുകളിലൂടെയും തളിര്‍ക്കുകയും തളരുകയും ചെയ്ത അവരുടെ പ്രണയസല്ലാപങ്ങള്‍, ഫോര്‍വീല്‍ ഡ്രൈവ് എന്നു കേട്ടമാത്രയില്‍ സിരകളില്‍ അഗ്നിപ്രവാഹമുണ്ടാവുന്ന അവിടുത്തെ ചെറുപ്പക്കാരുടെ ദ്രുതജീവിതങ്ങള്‍, ടിവിയിലൂടെ ബോളിവുഡ്ഡിനെ തങ്ങളുടെ അടുക്കളകളിലേക്ക് ആവാഹിച്ചെടുത്ത അവിടുത്തെ പെണ്‍കുട്ടികള്‍, ഇവരെല്ലാം ബദര്‍പൂരിന്റെ പുതിയ പ്രതിനിധികളായി, പുതിയ അവതാരങ്ങള്‍. പക്ഷേ, ഇവരെല്ലാം ശരിക്കും ബദര്‍പൂരിന്റെ തൊലിപ്പുറങ്ങള്‍ മാത്രമായിരുന്നു. ഒരു പഴയ ഗ്രാമം പുതുതായി നേടിയ പരിഷ്‌കാരത്തിന്റെ കന്യാചര്‍മ്മം.
ബദര്‍പൂരിന്റെ ഗതിയും ഗരിമയുമെല്ലാം ഇപ്പോഴും നിര്‍ണ്ണയിക്കുന്നത് അവിടുത്തെ എരുമകളും എരുമകളെക്കാള്‍ മൂകരായ ചേടത്തിയമ്മമാരുംതന്നെയാണ്. അവിടുത്തെ നിയമവും സദാചാരവും ദൈവകല്‍പ്പനകള്‍പോലും, അവിടുത്തെ ആകാശത്തിനു കീഴില്‍ ആല്‍മരത്തണലില്‍ നിരത്തിയിട്ട ചൂടിക്കട്ടിലുകളില്‍ ഇരുന്ന് ഹൂക്ക വലിക്കുന്ന താവുമാര്‍ (കാരണവന്മാര്‍) പറയുന്നതാണ്. അവരുടെ ഹവേലികളുടെ ചുമരുകളില്‍ വസൂരിക്കുരുക്കള്‍പോലെ ഒട്ടിപ്പിടിച്ചുനില്‍ക്കുന്ന ചാണകപ്പത്തലുകളായിരുന്നു അവിടുത്തെ ഊര്‍ജ്ജസ്രോതസ്സുകള്‍. ബദര്‍പൂരിന്റെ നൈസര്‍ഗ്ഗികമായ ഗന്ധം അവിടുത്തെ ഓവുചാലുകളില്‍ ഒഴുകുന്ന നാല്‍ക്കാലിമൂത്രത്തിന്റേതായിരുന്നു. പിന്നെ, എല്ലാറ്റിനും മുകളില്‍ ഒരു പ്രാര്‍ഥനപോലെ ആകാശത്തേക്ക് കൈകള്‍ പൊക്കി നില്‍ക്കുന്ന അവിടുത്തെ താപവൈദ്യുതനിലയത്തിന്റെ പുകക്കുഴലില്‍നിന്ന് ഇരുപത്തിനാലു മണിക്കൂറും ചീറ്റുന്ന കറുത്ത വിഷധൂമത്തിന്റേതും.
ഇവിടെയാണ് കഥ നടക്കുന്ന കാലത്ത് ഞാന്‍ കുറച്ചു കാലം താമസിച്ചത്. ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. കുശാഗ്രബുദ്ധികളായ എല്ലാ വിപ്ലവകാരികളെയുംപോലെ ഞങ്ങളും ചെറിയ ചെറിയ ഗ്രൂപ്പുകളായിട്ടായിരുന്നു ചെന്നത്. അവസാനത്തെ കൂട്ടവും എത്തിയപ്പോള്‍ ഞങ്ങള്‍ ഒരേഴെട്ടുപേരായി. ഒരു ചെറിയ സായുധവിപ്ലവത്തിനുള്ള കോറം തികഞ്ഞെന്നു ഞങ്ങള്‍ കണക്കാക്കി. വിപ്ലവം എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട. അന്നൊന്നും ഞങ്ങള്‍ ആ വഴിക്കു കാര്യമായി ചിന്തിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. വെറും സൂത്രങ്ങളിലും ആസൂത്രണങ്ങളിലും മാത്രം ഒതുക്കിനിര്‍ത്തിയിരിക്കുകയായിരുന്നു. അതുവരെ വൈകുന്നേരങ്ങളില്‍ മാത്രം സജീവമാവുന്ന വായ്ത്താരിവിപ്ലവം മതിയെന്നു തീരുമാനിച്ചു.
അതിനിടയിലാണ് എന്നത്തെയുംപോലെ അന്നും ഒരോണക്കാലം വന്നത്. ബദര്‍പൂരിലെ ജനങ്ങള്‍ക്ക്, അതായത്, താപവൈദ്യുതനിലയത്തിലെ മലയാളികളല്ലാത്തവര്‍ക്ക് ഓണത്തിന്റെ പഴങ്കഥകളൊന്നും അറിയില്ലായിരുന്നു. അവര്‍ക്ക് ആകെയറിയാവുന്നത് അന്നു മാത്രം മുണ്ടുടുക്കുന്ന മദ്രാസിപ്പയ്യന്മാര്‍ ഒരു വാഴയിലയില്‍ വിസ്തരിച്ചു വിളമ്പുന്ന എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന ഒരു സമൂഹചോറൂണായിരുന്നു ഓണം എന്നാണ്. പക്ഷേ, താപവൈദ്യുതനിലയത്തിലെ അമ്പതോളംവരുന്ന മലയാളികള്‍ക്ക് ഓണം വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അമ്മപ്രസാദമായിരുന്നു. ദിവ്യമായ ഉന്മാദമായിരുന്നു. രാവെന്നോ പകലെന്നോ ഇല്ലാത്ത ഘോഷമായിരുന്നു. എഴുപതു രൂപ മാസക്കൂലി കിട്ടുന്ന ഈനാശു എന്ന തൃശ്ശൂര്‍ക്കാരന്‍ പ്യൂണിനും ആയിരം രൂപ ശമ്പളം വാങ്ങുന്ന രാധാകൃഷ്ണന്‍ പിള്ള എന്ന അമ്പലപ്പുഴക്കാരന്‍ എന്‍ജിനീയര്‍ക്കും അന്ന് ഒരേപോലെയാണ് ആത്മഹര്‍ഷം. സോഷ്യലിസ്റ്റ് സമസ്ഥിതിയുടെ സന്നിപാതം എല്ലാവരെയും ഒരുപോലെ ബാധിച്ച ദിവസം. മാലോകരെല്ലാം ഒന്നുപോലെയായ ദിവസം.
അതുകൊണ്ടായിരിക്കണം ആ വര്‍ഷത്തെ ഓണാഘോഷ പരിപാടിയില്‍ തൊട്ടടുത്ത മൊഹല്ലയില്‍ (തെരുവില്‍) ആയിടെ മാത്രം നഗരത്തില്‍നിന്നു വന്ന അപരിചിതരെങ്കിലും മലയാളികളായ ഞങ്ങളെയും ക്ഷണിക്കാന്‍ അവര്‍ തീരുമാനിച്ചത്. ഓണത്തിനു രണ്ടാഴ്ച മുമ്പുതന്നെ ബദര്‍പൂര്‍ മലയാളിസമാജത്തിന്റെ ഭാരം മുഴുവന്‍ വഹിക്കുന്ന സാമുവലും ഭാരോദ്വഹനത്തില്‍ അദ്ദേഹത്തെ സഹായിക്കുന്ന മറ്റുചിലരും ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് യാതൊരു മുന്‍വിളിയും കൂടാതെ വെറും കേട്ടറിവിന്റെ കരുത്തില്‍ കേറിവന്നത്. വന്നപാടേ ഉദ്ദേശ്യം അറിയിച്ചു, ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ മാന്യന്മാരല്ലാത്തവരെയും ക്ഷണിച്ചിരിക്കുന്നു. അതുകൊണ്ട് വരണം. വന്നാല്‍ പോരാ വന്നു എന്ന് നാലുപേര്‍ അറിയണം. ആയതിലേക്ക് ചില കലാപരിപാടികളും കൊണ്ടുവരണം. നാലക്ഷരം പഠിച്ചവരല്ലേ, എന്തെങ്കിലുമൊക്കെ കാണാതിരിക്കുമോ?

എന്തെങ്കിലുമൊക്കെ കാണാതിരിക്കില്ല എന്നു തെളിയിക്കേണ്ടത് ഞങ്ങളുടെ ചരിത്രപരമായ കടമയായി. അതുകൊണ്ട് സമ്മതിച്ചു. നടുവു നിറയേ നടനവും വായ നിറയേ പാട്ടുമായി എത്താമെന്നേറ്റു. വന്നവര്‍ പുറത്തേക്കിറങ്ങുമ്പോഴാണ് കൂട്ടത്തില്‍ വകതിരിവു കുറവാണെന്ന് ഞങ്ങള്‍ക്കു നേരത്തേ മനസ്സിലായ സാമുവല്‍ ആദ്യം പറയേണ്ട കാര്യം അവസാനം പറയുന്നത്. ഒരോര്‍ത്തെടുക്കലിലെന്നപോലെ വാതില്‍പ്പടിയില്‍നിന്ന് സാമുവല്‍ പറഞ്ഞു: 'എ.കെ.ജി. യാണ് ആഘോഷം ഉദ്ഘാടനം ചെയ്യുന്നത്.' ഞങ്ങള്‍ ഞങ്ങളുടെ കാതുകളെ അവിശ്വസിച്ചു. അതുകൊണ്ട് വീണ്ടും കാതോര്‍ത്തു. ആയില്യത്ത് കൂറ്റേരി ഗോപാലന്‍ നമ്പ്യാര്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെയാണോ അയാള്‍ ഉദ്ദേശിച്ചത്, ഞങ്ങള്‍ സ്വയം ചോദിച്ചു. സാക്ഷാല്‍ എ.കെ.ജി. ബദര്‍പൂരിലെ മലയാളികളുടെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നു എന്നാണോ മണ്ടന്‍ സാമുവല്‍ പറഞ്ഞത്? 'തന്നെ, എ.കെ.ജി. തന്നെ,' എടപ്പാളുകാരനെങ്കിലും ബെല്ലാരി രാജയുടെ ഭാഷയില്‍ സാമുവല്‍ ഓതി.
അതുവരെ വിമോചിതകേരളം എന്ന സ്വപ്നം മനസ്സിലെവിടെയോ ഒളിപ്പിച്ചു ജീവിച്ച തമ്പിക്കും (കാക്കനാടന്‍ മൂന്നാമന്‍) കുഞ്ഞാടുകളായ ഞങ്ങള്‍ക്കും അന്നു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. എ.കെ.ജിയെ കാണാന്‍ ഇനി എത്ര നാള്‍? ഞങ്ങള്‍ കണക്കുകൂട്ടിത്തുടങ്ങി. ഓരോ ദിവസവും കഴിയുമ്പോള്‍ ചുമരില്‍ കുറിച്ചിട്ടു. പത്ത്, ഒന്‍പത്, എട്ട്, ഏഴ്... ഒടുക്കം ചുമരില്‍ രണ്ടാമത്തെ അക്കവും മാഞ്ഞപ്പോള്‍ തിരുവോണം വന്നു. ഞങ്ങളുടെ ലോകം അപ്പോഴേക്കും ബദര്‍പൂരിലെ താപവൈദ്യുതനിലയത്തിന്റെ നാല് അതിരുകളില്‍ വേരോടിക്കഴിഞ്ഞിരുന്നു. സാമുവലിന്റെ വരവിനുശേഷമുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ വെറുതേ ഇരിക്കുകയായിരുന്നില്ല. ക്ഷണം ലഭിച്ച അന്നുതന്നെ ഞങ്ങള്‍ കലാപരിപാടി തീരുമാനിച്ചുകഴിഞ്ഞിരുന്നു. ഒരു ഷെയ്ക്‌സ്പിയര്‍ കഥ അവതരിപ്പിക്കുക. വേഷംകെട്ടാതെ, വായ്പാട്ടില്ലാതെ, ഒരു തെരുവുനാടകത്തിന്റെ നിഷ്‌കളങ്കതയോടെ ഒരു കഥാരംഗം. തീരുമാനം എല്ലാവരുടെയും കൈയടിയോടെ അംഗീകരിക്കപ്പെട്ടു. നാടകവും രംഗവും തിരഞ്ഞെടുത്തു. ഹാംലെറ്റിലെ 'റ്റു ബി ഓര്‍ നോട്ട് റ്റു ബി' എന്ന് ഡെന്മാര്‍ക്കിലെ രാജകുമാരന്‍ ആത്മഗതം ചെയ്യുന്ന രംഗം. 'ആക്റ്റ് ത്രീ, സീന്‍ വണ്‍,' സംവിധായകന്‍ തമ്പി കാക്കനാടന്‍ മെഗാഫോണ്‍ കൈയിലെടുത്തു. റിഹേഴ്‌സല്‍ തുടങ്ങി.
നാടകത്തിലെ കാതലായ ഒരു പ്രശ്‌നം അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. ഷെയ്ക്‌സ്പിയറുടെ തായ്‌മൊഴിയായ എലിസബിത്തന്‍ ഇംഗ്ലീഷ് ബദര്‍പൂരിലെ ഈനാശുവിനും പൊറുഞ്ചുവിനും രാധാകൃഷ്ണന്‍ പിള്ളയ്ക്കും പുരിയില്ലല്ലോ. സാക്ഷാല്‍ എ.കെ.ജി. പോലും നെറ്റിചുളിച്ചെന്നുവരില്ലേ? അതുകൊണ്ട്, എലിസബത്തന്‍ ആംഗലത്തിനു പകരം ഡെന്‍മാര്‍ക്കിലെ രാജകുമാരന്‍ മലയാഴ്മ മൊഴിയട്ടെ എന്നു ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു. മൊഴിമാറ്റത്തിന്റെ ചുമതല എന്നെ ഏല്‍പ്പിച്ചു; ഹാംലെറ്റിനെ എന്നെക്കാള്‍ അടുത്തറിയാവുന്ന തമ്പിയുടെ പൊതുമേല്‍നോട്ടത്തില്‍. ആദ്യത്തെ വാചകംതന്നെ കുരിശായി. 'റ്റു ബി ഓര്‍ നോട്ട് റ്റു ബി' എന്ന് കിളിപ്പാട്ടില്‍ എങ്ങനെ മാറ്റിയെടുക്കും? 'ആവണോ ആവണ്ടായോ' എന്ന് എഴുത്തച്ഛന്‍ എഴുതുമോ? വി. സാംബശിവന്‍ എഴുതുമായിരിക്കും. പക്ഷേ വേണ്ട, സാംബശിവന്‍ വേണ്ട. 'വേണായോ വേണ്ടായോ' എന്നാവുമ്പോള്‍ കേശവദേവിന്റെ ഏതെങ്കിലും പരുക്കനായ കഥാപാത്രത്തെ ഓര്‍മ്മ വരും. അപ്പോള്‍ അതും വേണ്ട. കൊല്ലത്തുകാരുടെ ഷെയ്ക്‌സ്പിയറും തമ്പിയുടെ അദ്ധ്യാപകനുമായിരുന്ന പ്രൊഫസര്‍ വേലായുധന്‍ നായരോടു ചോദിക്കാം.
'അയ്യോ, അദ്ദേഹം ക്ലാസെടുക്കുകയാണെന്നു കരുതി അഭിനയിച്ചു കുളിപ്പിച്ചുകളയും,' തമ്പി പറഞ്ഞു. അപ്പൊ അതും വേണ്ട. ആംഗലഭാഷാപണ്ഡിതനും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ അദ്ധ്യാപകനുമായ ഡോ. നാരായണമേനോന്‍ ആയാലോ. പക്ഷേ, രണ്ടും നടന്നില്ല.
അതു കഴിഞ്ഞാണ് ഡല്‍ഹിയില്‍ത്തന്നെ തപസ്സിരിക്കുന്ന കൃഷ്ണചൈതന്യ അഥവാ കെ.കെ. നായര്‍ എന്ന മഹാമേരുവിനെത്തന്നെ സമീപിക്കാന്‍ ഞങ്ങള്‍ ധൈര്യം കാണിച്ചത്. ഭാഗ്യദോഷം, മഹാമേരു ചികിത്സയിലാണ്. ഒടുവില്‍, 'താന്‍താന്‍ ചെയ്യേണ്ടും കര്‍മ്മങ്ങള്‍ താന്‍താന്‍ തന്നെ ചെയ്തുതീര്‍ത്തീടണം' എന്ന മഹദ്‌വചനം ഓര്‍ത്തെടുത്തു. പക്ഷേ, അപ്പോഴാണ് പരിഭാഷയെക്കുറിച്ചുള്ള ഒരു നിഗൂഢരഹസ്യം ഞാന്‍ കണ്ടുപിടിച്ചത്. പിന്നീട് ആകാശവാണിയില്‍ വാര്‍ത്തകള്‍ വായിക്കാനും വായിക്കുന്നത് ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യാനും അവസരം കിട്ടിയപ്പോള്‍ മറ്റുള്ള പുതുമുഖക്കാരെപ്പോലെ പകച്ചുനില്‍ക്കേണ്ടിവന്നില്ല. ഒരു ഭാഷയുടെ മൊഴിമാറ്റം നടക്കുമ്പോള്‍ പുതിയ വാക്കുകള്‍ക്കു കല്‍പ്പിക്കപ്പെടുന്ന അര്‍ത്ഥത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആ വാക്കുകള്‍ ഏതു സാഹചര്യത്തില്‍ ഉരിയാടപ്പെട്ടു എന്നതിലാണ്. ഇവിടെ 'റ്റു ബി ഓര്‍ നോട് റ്റു ബി' എന്ന് ഹാംലെറ്റ് പറയുന്ന സന്ദര്‍ഭമെന്താണ്? തന്റെ അച്ഛനെ വധിച്ച് സിംഹാസനവും തന്റെ അമ്മയെയും തട്ടിയെടുത്ത കംസനായ അമ്മാമന്‍ ക്ലോഡിയസ്സിനോട് എങ്ങനെ പ്രതികാരം ചെയ്യണമെന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ ഹാംലെറ്റ് രാജകുമാരനു കഴിയുന്നില്ല. താന്‍തന്നെ ജീവിച്ചിരിക്കണോ എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഇതിനെത്തുടര്‍ന്നുണ്ടാവുന്ന ചിത്തഭ്രമം, ആത്മവഞ്ചന ഇവയെല്ലാം രാജകുമാരനെ പീഡിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ഒഫിലിയയെ ഒറ്റയ്ക്കു കണ്ടപ്പോള്‍ ഹാംലെറ്റ് ആത്മഗതമെന്നോണം പറയുന്നത്: 'റ്റു ബി ഓര്‍ നോട് റ്റു ബി.' അപ്പോള്‍ ആ വാക്കുകള്‍ക്ക് എന്തര്‍ത്ഥം കല്‍പ്പിക്കാം? അച്ഛനെ കൊന്ന മ്ലേച്ഛനെ തട്ടണോ വേണ്ടയോ എന്നായിരിക്കില്ലേ? അതിനു കഴിഞ്ഞില്ലെങ്കില്‍ സ്വയംതന്നെ ഒടുങ്ങണമോ വേണ്ടയോ എന്നുമായിരിക്കില്ലേ? അപ്പോ അതങ്ങ് പറഞ്ഞാല്‍പ്പോരേ നമ്മുടെതന്നെ നാടന്‍രീതിയില്‍? ഹാംലെറ്റ് ആയി അഭിനയിച്ച ഞാന്‍ ഒടുവില്‍ ഏതു വാക്കുകള്‍ ഉപയോഗിച്ചു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരു ചുവന്ന കച്ച തലയില്‍ കെട്ടി വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ച് എന്റെ വരികള്‍ ഒരു സ്വപ്നാടനക്കാരനെപ്പോലെ പറഞ്ഞതോര്‍മ്മയുണ്ട്. ഒഫിലിയയോടു തട്ടിക്കയറിയതും അവളുടെ പ്രേമവാക്കുകളെ പുച്ഛിച്ചതും ഓര്‍മ്മയുണ്ട്. പിന്നെ, തിരശ്ശീലയുടെ പിന്നിലേക്കു പോയപ്പോള്‍ കേട്ട കൂറ്റന്‍ കൈയടിയും ഓര്‍മ്മയുണ്ട്.
പിന്നെയുള്ള വലിയൊരോര്‍മ്മ, എല്ലാം കഴിഞ്ഞ് വിരുന്നിന് എ.കെ.ജിയുടെ തൊട്ടടുത്തിരുന്നപ്പോള്‍ അദ്ദേഹത്തില്‍നിന്നു കേട്ട സ്‌നേഹം നിറഞ്ഞ വാക്കുകളാണ്. അന്ന് അവിടെയുണ്ടായിരുന്നവരില്‍ വടക്കേ മലബാര്‍ ഭാഷ സംസാരിച്ചിരുന്നത് ഞാന്‍ മാത്രമായിരുന്നു. അതുകൊണ്ടായിരിക്കണം എ.കെ.ജി. സംസാരിക്കുമ്പോള്‍ കൂടുതലും എന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. എന്റെ കറയറ്റ സന്തോഷം അഹങ്കാരത്തിന്റെ നിറംകൊണ്ട അവസരമായിരുന്നു അത്. എന്റെ അഭിനയത്തെക്കുറിച്ചു 'നന്നായിട്ടുണ്ട്,' 'വാസനയുണ്ട്' എന്നൊക്കെയാണു പറഞ്ഞത്. വാസന എന്ന വാക്ക് ഒരുപാടു കാലത്തിനുശേഷം കേള്‍ക്കുകയായിരുന്നു ഞാന്‍.
ശരിക്കു പറഞ്ഞാല്‍, നാടുവിട്ടതിനുശേഷം ആദ്യമായി. മലബാറില്‍ മാത്രമേ വാസന എന്ന വാക്ക് ഉപയോഗിക്കൂ എന്നു തോന്നുന്നു. പ്രതിഭ, പാടവം, ടാലെന്റ് എന്നൊക്കെ മറുവാക്ക് പറയാമെങ്കിലും വാസനയുടെ മണം കിട്ടില്ല. വാസനയ്ക്കു പകരംവെക്കാന്‍ വാസന മാത്രം.
ഇംഗ്ലീഷ് സാഹിത്യമായിരുന്നോ ഐച്ഛികം എന്ന് എ.കെ.ജി. ചോദിച്ചു, ചരിത്രമായിരുന്നു എന്നു പറഞ്ഞു. പക്ഷേ, ഇംഗ്ലീഷിനോടും ഇംഗ്ലീഷ് സാഹിത്യത്തോടും ഒടുങ്ങാത്ത പ്രേമമാണെന്നും പറഞ്ഞു. വായിക്കാറുണ്ടോ, എഴുതാറുണ്ടോ, പത്രപ്രവര്‍ത്തനത്തിലേക്ക് എടുത്തുചാടിയതാണോ വഴുതിവീണതാണോ എന്നൊക്കെ ചോദിച്ചു.
ഒടുക്കം ഒരു കുസൃതിച്ചോദ്യവും: 'എന്തിനാണ് തലയില്‍ ചുവന്ന പട്ടു കെട്ടിയത്? ഹാംലെറ്റ് കമ്യൂണിസ്റ്റുകാരനായിരുന്നോ...' എന്നിട്ട് കണ്ണുകള്‍ പാതിയടച്ച് ശ്രീബുദ്ധനെപ്പോലെ ഒരു ചിരിയും.
ഊണു കഴിഞ്ഞ് കുറെനേരം അവിടെത്തന്നെ ഇരുന്നു. സംഭാഷണം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നു തോന്നി. കൂടെയുണ്ടായിരുന്ന സഹായി ഇടയ്ക്കിടെ വാച്ചില്‍ നോക്കുന്നുണ്ടായിരുന്നു. എ.കെ.ജിക്കു പക്ഷേ, ഒരു ധൃതിയുമില്ലാത്തപോലെ. സംഭാഷണം ഷെയ്ക്‌സ്പിയറിലേക്കും നാടകങ്ങളിലേക്കും തിരിഞ്ഞു. തിരക്കിട്ട രാഷ്ട്രീയജീവിതത്തില്‍ വായനപോലെ ഇഷ്ടപ്പെട്ടതൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതി. ഷെയ്ക്‌സ്പിയര്‍ വലുതായൊന്നും വായിച്ചിട്ടില്ല എന്ന് വലിയ മനസ്സോടെ സമ്മതിച്ചു.
അപ്പോള്‍ തമ്പി ഹംലെറ്റിന്റെയും ഒഥല്ലോയുടെയും മറ്റും കഥകള്‍ സംക്ഷിപ്തമായി പറഞ്ഞുകൊടുത്തു. എല്ലാം ഒരു കുട്ടിയുടെ കൗതുകത്തോടെ കേട്ടുനിന്നു. കുറെനേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നീട്, ഒരൂറുംചിരിയോടെ ആരോടെന്നില്ലാതെ പറഞ്ഞു:
'നമ്മുടെ നാട്ടില്‍ എത്രയെത്ര ഷെയ്ക്‌സ്പിയര്‍ക്കഥകള്‍ ഓരോ ദിവസവും ഉണ്ടാവുന്നു.'
ഞങ്ങള്‍ കാതോര്‍ത്തു.
'നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ എത്രയോ ഒഥെല്ലോമാര്‍ കള്ളുകുടിച്ചു ബോധമില്ലാതെ നല്ലവരായ അവരുടെ ഭാര്യമാരുടെ ചാരിത്ര്യത്തെ സംശയിക്കുന്നു. എത്രയെത്ര ഡസ്ഡിമോണമാര്‍ ദിവസവും കൊല്ലപ്പെടുന്നു, എത്രയെത്ര ഹാംലെറ്റുമാര്‍ അവരുടെ അച്ഛന്റെ കൊലപാതകത്തിന് പകരംവീട്ടുന്നു. ഇതിനെക്കുറിച്ചൊക്കെ എഴുതാന്‍ എന്തുകൊണ്ട് നമുക്കിടയില്‍ ഒരു ഷെയ്ക്‌സ്പിയര്‍ ഉണ്ടാവുന്നില്ല?'
എ.കെ.ജി. കൃത്യമായും ഈ വാക്കുകളിലായിരുന്നില്ല സംസാരിച്ചത്. പക്ഷേ, ആശയം പൂര്‍ണ്ണമായും ഇതുതന്നെയായിരുന്നു. എന്തുകൊണ്ട് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും നമ്മുടെ എഴുത്തുകാര്‍ എഴുതുന്നില്ല. എന്തുകൊണ്ടാണ് അവര്‍ പാശ്ചാത്യസാഹിത്യകാരന്മാരെ അനുകരിച്ചെഴുതുന്നത്?
കേട്ടുനിന്നവരില്‍ പലരും വെറുംവാക്കുകള്‍ മാത്രം കേട്ടവരായിരുന്നു. ചുരുക്കം ചിലര്‍ക്കുമാത്രം ആ വാക്കുകളുടെ ഉള്‍പ്പൊരുള്‍ മനസ്സിലായി.
ഷെയ്ക്‌സ്പിയര്‍ കൃതികളുടെ ഊടും പാവും ജീവിതകാലം മുഴുവന്‍ ചികഞ്ഞവരായിരുന്നു ബെന്‍ ജോണ്‍സണ്‍ മുതല്‍ എ.സി. ബ്രാഡ്‌ലി വരെയുള്ള ലുബ്ധപ്രതിഷ്ഠരായ സാഹിത്യനിരൂപകര്‍. പക്ഷേ, അവര്‍ക്കാര്‍ക്കും ഷെയ്ക്‌സ്പിയര്‍ കൃതികളുടെ സാര്‍വ്വലൗകികതയെ ഇത്രയും സരളമായി, ഇത്രയും കുറഞ്ഞ വാക്കുകളില്‍, അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാല്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉപാസകലോകം തലതല്ലിച്ചിരിക്കുമായിരിക്കാം. അവരെക്കാള്‍ ഉച്ചത്തില്‍ എ.കെ.ജിയും ചിരിക്കും. എ.കെ.ജിയുടെ ചിരിക്ക് പക്ഷേ വിനയത്തിന്റെ വിശുദ്ധിയുണ്ടായിരിക്കും എന്നുമാത്രം.
Content Highlights: A.K.G, William Shakespeare, Book excerpt, A.K.Gyum Shakespearum, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..