1979-80 അധ്യയന വര്‍ഷം. തലശ്ശേരി ഗവ. ട്രെയിനിങ് കോളേജില്‍ മലയാളം ബി എഡ് ക്ലാസ് തുടങ്ങുന്ന ദിവസം. പ്രൊഫ. ഹൈമവതി തായാട്ടാണ് അധ്യാപിക. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ എന്റെ ഗുരുകൂടിയായിരുന്ന പ്രശസ്തനായ തായാട്ട് ശങ്കരന്‍ മാഷുടെ നല്ല പകുതി. അന്നു മുതല്‍ (പില്ക്കാലത്ത് അവര്‍ കോഴിക്കോട് മേയറായിരുന്നു) മരണംവരെയും സ്‌നേഹമയിയായ ഒരു അമ്മയുടെ സാന്നിധ്യം ഞങ്ങള്‍ ശിഷ്യന്മാര്‍ക്ക് അനുഭവമാക്കിയിരുന്നു ഹൈമവതിട്ടീച്ചര്‍.

ആദ്യക്ലാസില്‍ പരിചയപ്പെടല്‍ കഴിഞ്ഞശേഷം ടീച്ചര്‍ ചോദിച്ചു: 'ടീച്ചിങ് പ്രൊഫഷനോടുള്ള താല്പര്യംകൊണ്ട് മാത്രം ഈ കോഴ്‌സിനു ചേര്‍ന്നവര്‍ ആരെല്ലാമാണ്?'

പതിനെട്ട് പേരുള്ള ആ ക്ലാസ്സില്‍ എഴുന്നേറ്റുനിന്നത് നാലോ അഞ്ചോ പേര്‍. ഞാന്‍ അക്കൂട്ടത്തിലുണ്ടായിരുന്നില്ല. 'എഴുന്നേല്‍ക്കാനുള്ള മടി'കൊണ്ട് ചില ക്ലാസ്സുകളില്‍ എഴുന്നേല്‌ക്കേണ്ട ചില സമയങ്ങളിലും ഇരുന്നുകളയും ഞങ്ങള്‍ ചില വിദ്വാന്മാര്‍. ഇതങ്ങനെയായിരുന്നില്ല.

Nokko

പ്രശസ്ത എഴുത്തുകാരനായ അക്ബര്‍ കക്കട്ടില്‍, തന്റെ സര്‍ഗജീവതം രൂപപ്പെട്ട വഴികളും ആ യാത്രയിലെ പ്രമുഖരുമായുള്ള സൗഹൃദാനുഭവങ്ങളും സരസമായി അവതരിപ്പിക്കുന്ന ബാലപംക്തി കുറിപ്പുകള്‍.

വില: 45.00
പുസ്തകം വാങ്ങാം

 

പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ഡോക്ടറാകാനായിരുന്നു ആഗ്രഹം. അക്കാലത്ത് 'ഡോക്ടര്‍' എന്നു പറഞ്ഞാല്‍ അതില്‍ക്കവിഞ്ഞൊരു പ്രൊഫഷന്‍ ഞങ്ങള്‍ നാട്ടുമ്പുറത്തുകാര്‍ക്കുണ്ടായിരുന്നില്ല. അങ്ങനെവന്നതാവാം ആ മോഹം. പിന്നെ പപ്പുഡോക്ടര്‍ (ഡോ.പി.പി.പത്മനാഭന്‍) അക്കാലത്തെ പുതിയ തലമുറയുടെ ഒരു 'റോള്‍മോഡല്‍'ആയിരുന്നു. ഇന്നും ഞങ്ങള്‍ക്ക് 'ഡോക്ടര്‍' എന്നു മാത്രം പറഞ്ഞാല്‍ പപ്പു ഡോക്ടറാണ്. ഡോക്ടറുടെ ലൈഫ്‌സ്റ്റൈലും അദ്ദേഹത്തിനുകിട്ടുന്ന സ്‌നേഹപരിഗണനകളും കണ്ടുവളരുന്ന ഒരു കുട്ടി ഒരു 'പപ്പുഡോക്ടറാ'വാന്‍ ആഗ്രഹിച്ചു പോവുന്നത് സ്വാഭാവികം.

'ഡോക്ടറുടെ പണി' അധികം വൈകാതെ വേണ്ടെന്നു വെച്ചു. കുറേക്കൂടി ഗ്ലാമര്‍ 'ജേര്‍ണലിസ്റ്റാ'വുകയാണ്. പക്ഷേ, പഠിച്ചതൊന്നും ആ വഴിക്കായിരുന്നില്ല. ഒരു ഗൈഡ്‌ലൈന്‍ തരാന്‍ ആരുമുണ്ടായിരുന്നില്ല. ഓരോസമയത്ത്, അപ്പോള്‍തോന്നുമ്പോലെ വിഷയങ്ങളെടുത്തുപഠിച്ചു. എസ്.എസ്.എല്‍.സി വരെ സംസ്‌കൃതം, പ്രീഡിഗ്രിക്ക് ചരിത്രം, ഡിഗ്രിക്ക് ഇംഗ്ലീഷ് സാഹിത്യം, എം.എക്ക് മലയാളസാഹിത്യം. (ഒരു 'ബഹുമുഖപണ്ഡിതന്‍' തന്നെ!)

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴേ കല്യാണാലോചനകള്‍ വന്നുതുടങ്ങിയിരുന്നു. അന്ന് ഞങ്ങള്‍ മാപ്പിളക്കുട്ടികളുടെ കല്യാണപ്രായം 15-18. സ്ഥലത്തെ പയ്യന്‍സിനെയൊക്കെ പെണ്ണുകെട്ടിച്ചു വിടുന്ന നാട്ടുകാരണവരായ പറമ്പത്ത് അബ്ദുള്ള, സ്വന്തംമകന്‍ 'പുരനിറഞ്ഞുനില്ക്കുന്നത്'കാണുന്നില്ലേ എന്ന് മഹല്ലില്‍ മൊത്തം ആശങ്ക. പഠിത്തം കഴിഞ്ഞ് ജോലിയായേ കല്യാണമുള്ളൂ എന്ന് ബാപ്പയെക്കൊണ്ട് ഒരു വിധം സമ്മതിപ്പിക്കാനായതിനാല്‍ എങ്ങനെയൊക്കെയോ, ഇത്രയൊക്കെ കോളേജില്‍ പോകാനായി. എന്നിട്ടും ബി.എഡിനു മുന്‍പേ ബാപ്പ നിക്കാഹ് കഴിപ്പിച്ചു. അതുകൊണ്ട് ഒരു നേട്ടവുമുണ്ടായി. നന്നായി പഠിക്കുമായിരുന്ന ജമീലയുടെ പഠിത്തം അതോടെ കുളമായി.
ബി.എഡിനു ചേരുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. പഠിച്ചവിഷയങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ചില ജോലികള്‍ക്ക് ചില ടെസ്റ്റുകള്‍ എഴുതിനോക്കിയെങ്കിലും 'ബഹുമുഖപാണ്ഡിത്യം'കൊണ്ട് ഒന്നും ഗുണം പിടിച്ചില്ല. ആയിടയ്ക്കാണ് എന്തോകാര്യത്തിന് ഡോ.പി.വി. മാധവനെ കാണുന്നത്. പപ്പുഡോക്ടറും മാധവന്‍ഡോക്ടറും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. നാട്ടുകാരുടെ ഒരു ഹൈസ്‌കൂള്‍ എന്ന സങ്കല്പം, 'വട്ടോളിനാഷണല്‍ഹൈസ്‌കൂളി'ലൂടെ സാക്ഷാത്കരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് പപ്പുഡോക്ടറായിരുന്നു. ആ സ്‌കൂള്‍ കമ്മിറ്റിയുടെ മാനേജര്‍കൂടിയാണ് മാധവേട്ടന്‍. അദ്ദേഹം പറഞ്ഞു: 'സ്‌കൂളില്‍ നിന്ന് രണ്ടുപേര്‍ പി.എസ്.സി.കിട്ടി പോകുന്നുണ്ട്. രണ്ടും മലയാളം അധ്യാപകരാണ്. അക്ബര്‍ എം.എ.കഴിഞ്ഞു നില്ക്കുകയല്ലേ? ബി.എഡിന് ചേര്. നമുക്കിവിടെ കേറാം.' സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റും കുട്ടിക്കാലം മുതല്‍ ഉറ്റചങ്ങാതിയുമായ കെ.കെ. അശോകനും പിന്നീട് ദീര്‍ഘകാലം സഹപ്രവര്‍ത്തകനായിരുന്ന പി.പി.നാണുമാഷുമുണ്ടായിരുന്നു, മാധവന്‍ഡോക്ടര്‍ അത് പറയുമ്പോള്‍. ഇവര്‍ രണ്ടു പേരും തന്നെയാവണം, എപ്പഴോ എന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആലോചിച്ചപ്പോള്‍ തരക്കേടില്ലെന്നുതോന്നി. വീട്ടിനടുത്തു തന്നെ ഒരു ജോലി. തരപ്പെട്ടാല്‍ ഭാവിയില്‍ മറ്റു വല്ല 'വലിയ'ജോലിയിലും കേറാം.

(പില്ക്കാലത്ത് കുറേക്കൂടി 'വലിയപണികള്‍' ഇങ്ങോട്ടു തേടിവന്നെങ്കിലും അധ്യാപകവൃത്തിയില്‍ തുടരുകയായിരുന്നു എന്നത് മറ്റൊരുകാര്യം. അപ്പഴേക്ക് അത് 'എന്റെ ജോലി'യായിമാറിയിരുന്നു.) ഏതായാലും ബി.എഡിന് ചേരാന്‍തന്നെ തീരുമാനിച്ചു. ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ കവി പി.ടി.നരേന്ദ്രമേനോന്‍ ഒരു സീറ്റ് ശരിയാക്കിത്തന്നു. (അന്നുമിന്നും ബാബുവേട്ടന്‍ എന്റെ പ്രിയന്‍) അവിടെ ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് തലശ്ശേരിയില്‍ 'മെറിറ്റി'ല്‍ത്തന്നെ സീറ്റ് ശരിയായതിനാല്‍ ഞാന്‍ നേരെ ഇങ്ങോട്ടു വരികയായിരുന്നു.
ഇതൊന്നും ഹൈമവതിട്ടീച്ചറോട് പറഞ്ഞില്ല, ടീച്ചര്‍ ഒന്നും ചോദിച്ചുമില്ല. അവര്‍ ചിലകാര്യങ്ങള്‍ പറഞ്ഞു. ഉള്‍ക്കണ്ണ് തുറപ്പിക്കുന്നതായിരുന്നു ആ വാക്കുകള്‍: 'ഈ കോഴ്‌സ് കഴിഞ്ഞിറങ്ങുമ്പോള്‍ നിങ്ങള്‍ ഇടപെടുന്നത് ജീവനില്ലാത്ത ഫയലുകളുമായല്ല, ജീവനുള്ള കുട്ടികളുമായാണ്. രക്ഷിതാക്കളും സമൂഹവും എപ്പോഴും നിങ്ങളുടെ നേര്‍ക്ക് കണ്ണു തുറന്നു പിടിച്ചിരിക്കുന്നുണ്ടാവും. അതുമറക്കരുത്.'
ആദ്യക്ലാസ്സില്‍ വെച്ചുതന്നെ മറ്റൊരു പാഠവും ടീച്ചര്‍ പഠിപ്പിച്ചു. അവര്‍ പറഞ്ഞു: 'ഒരുപക്ഷേ, നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയേക്കാവുന്ന ഒരു കാര്യമാണ് പറയുന്നത്. ഞാന്‍ കുറച്ചുവാക്കുകള്‍ കേട്ടെഴുത്ത് തരാം. വലിയ എം.എക്കാരൊക്കെയായതുകൊണ്ട് സങ്കോചമൊന്നും വേണ്ട. ഒരു രസമായെടുത്താല്‍ മതി.' സത്യത്തില്‍ ഞങ്ങള്‍ക്കാകെ'ചേപ്ര'തോന്നി. ആ അമ്മമനസ്സിനു മുമ്പില്‍ മറുത്തൊന്നും പറയാനാവുന്നുമില്ല. ഞങ്ങള്‍ പെന്നും പുസ്തകവുമെടുത്തു.

ഈ കണ്ണിറുക്കലും ചിരിയും വേറെ

പകര്‍ന്നു കിട്ടിയത് വാപ്പയുടെ നര്‍മ്മം

സ്നേഹച്ചൂരല്‍ കൊണ്ടൊരു തലോടല്‍

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു