അക്ബര്‍ കക്കട്ടിലിന്റെ സ്കൂള്‍ കഥകള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ അക്ബര്‍ കക്കട്ടിലിന്റെ സ്കൂള്‍ ഡയറി എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.
നാലഞ്ചുപേര് വരുന്നതു കണ്ടപ്പോള്‍ ദാമോദരന്‍ മാഷ് ഉറപ്പിച്ചു: ഇവര്‍ വരുന്നത് തന്നെ കാണാന്‍തന്നെ. ഏതോ മീറ്റിങ്ങിനു ക്ഷണിക്കാനാണെന്നു തീര്‍ച്ച. ഓടിയൊളിച്ചാലോ? താനിവിടെയില്ലെന്നു പറയിച്ചാലോ? മുന്പില് നടക്കുന്നത് തന്റെ ക്ലാസ്മേറ്റും റൂംമേറ്റുമായിരുന്ന സദാനന്ദന് മാഷാണെന്നു കണ്ടപ്പോള്‍ അയാള്‍ക്ക് ഒളിക്കാന്‍ കെല്പില്ലാതായി.
സദാനന്ദന് മാഷ് പറഞ്ഞു: ഞങ്ങളുടെ ഏഡ്മിസ്ട്രസ് ഇക്കുറി റിട്ടയറാവുകയാണ്. അതിനാല്‍ ഇക്കൊല്ലം സ്കൂള്‍ വാര്‍ഷികമാഘോഷിക്കുകയാണ്. നീയായിരിക്കണം മുഖ്യാതിഥി. നിനക്കറിയാലോ, എന്റേത് എല്‍.പി. സ്കൂളാണ്. വരാന്‍ മടികാണും. നിന്റെ കാര്യം ഞാനേറ്റുപോയതാണ്.
എന്തു പറയും? കഷ്ടകാലത്തിന് കുറച്ചു കവിതകള്‍ അച്ചടിച്ചുവന്നതിനുള്ള ശിക്ഷയാണിത്. ഇവര്‍ ഒരു മന്ത്രിയെയോ സിനിമാതാരത്തെയോ ക്ഷണിച്ചിരുന്നുവെങ്കില്‍ കാണികളെയെങ്കിലും കിട്ടുമായിരുന്നു. സ്റ്റേജില്‍ കമ്പമുള്ളവരല്ലാതെ മറ്റു പലരും ഇപ്പോള്‍ ഈ ഗതികേടിനു നില്‍ക്കാറില്ല. പ്രസംഗങ്ങള്‍ പലയിടത്തും കലാപരിപാടിയൊരുക്കാനുള്ള ഒരു പശ്ചാത്തലത്തിനുവേണ്ടി വെക്കുന്നതാണ്. അതു തീരുമ്പോഴേ ആളെത്തൂ. തനിക്കു പ്രിയപ്പെട്ട ഒരു മഹാവ്യക്തിയുടെ വീട്ടില്‍ എഴുതിവെച്ചപോലെ നിസ്സാരനായ താനും 'ഇക്കൊല്ലം പ്രസംഗമില്ല' എന്ന് നേരത്തേ എഴുതിവെക്കണമായിരുന്നോ? എങ്കില്‍ത്തന്നെ സദാനന്ദന് മാഷന്മാരില്നിന്ന് തനിക്ക് രക്ഷ കിട്ടുമോ?
സദാനന്ദന് മാഷ് വിശദീകരിച്ചു: ഒരു സാംസ്കാരികസമ്മേളനമുണ്ട്. നീയാണ് അത് ഉദ്ഘാടനം ചെയ്യേണ്ടത്.
ആരോ പറഞ്ഞതുപോലെ നമ്മുടെ നാട്ടില്‍ ഇന്നാകെയുള്ള
സംസ്കാരം ശവസംസ്കാരമാണെങ്കിലും ഒരു സാംസ്കാരികസമ്മേളനം എല്ലാവരും വിഭാവനം ചെയ്യുന്നുണ്ടെന്ന് ദാമോദരന്‍ മാഷോര്‍ത്തു. 'ശരി, വരാം.' ഒടുവില്‍ സദാനന്ദന്റെ നിര്‍ബന്ധത്തിന് അയാള്‍ വഴങ്ങി. 'പക്ഷേ... സദാനന്ദാ, രാത്രിയെന്നെ വീട്ടില്‍ തിരിച്ചുകൊണ്ടാക്കണം.' ഏറ്റു. പോകുമ്പോള്‍ കൂട്ടത്തില്‍ ഒരുത്തന് ഒരു കാച്ചു കാച്ചി: 'സാറിനൊരുപാട് ആരാധകരുള്ള സ്ഥലമാണ്. ഒന്നു മുഖം കാണിച്ചാല്‍ത്തന്നെ അത് ഞങ്ങള്‍ക്ക് വലിയൊരു ക്രെഡിറ്റാകും... ഏതു പാതിരാവായാലും കാറില്ലേ? തിരിച്ചെത്തിക്കാം.' 'പോടാ' എന്ന് ദാമോദരന്‍ മാഷ് മനസ്സില്‍ പറഞ്ഞു. പുറമേ മധുരമായി ചിരിച്ചു. ഈ വര്‍ത്തമാനമൊന്നും അവിടെ എത്തിയാലുണ്ടാവില്ലെന്ന് മാഷക്ക് അറിയാം.
മുഖ്യാതിഥിയായി വിദ്യാഭ്യാസമന്ത്രിയെ ക്ഷണിക്കണമെന്നായിരിക്കും ആദ്യം ഇവന്മാരില് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടാവുക. അങ്ങേര്‍ക്ക് രാഷ്ട്രീയമുണ്ടെന്നും സിനിമാനടന് മതിയെന്നും മറുപക്ഷം പറഞ്ഞിട്ടുണ്ടാകും. വാദങ്ങളും എതിര്‍വാദങ്ങളും എരിപൊരികൊണ്ടിട്ടുണ്ടാകും. വിദ്യാഭ്യാസമന്ത്രിയും സിനിമാനടനും ഇതൊന്നുമറിയുന്നില്ലെങ്കിലും തങ്ങള്‍ ചെല്ലേണ്ട താമസമേയുള്ളൂ ഇവരെല്ലാം കെട്ടും പെട്ടിയുമായി പ്രസംഗിക്കാന്‍ വന്നുകൊള്ളും എന്ന മട്ടിലായിരിക്കും തര്‍ക്കവിതര്‍ക്കങ്ങള്‍. അവര്‍ക്ക് പ്രസംഗം മുട്ടിനില്ക്കുകയാണല്ലോ! മന്ത്രിയും സിനിമാതാരവും 'തഴയപ്പെട്ട' ശേഷം ഏതോ സംവിധായകനെ ക്ഷണിക്കാനാവും തീരുമാനിച്ചിരിക്കുക. അയാള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ അതുപോലുള്ള വേറെയും പലരെയും കണ്ടുകാണും. രക്ഷയില്ലാതെവന്നപ്പോള് തന്റെ പിടലിക്കുതന്നെ പിടിച്ചിരിക്കുന്നു. തന്റേടത്തില്‍ വന്നുപിടിക്കാന് പറ്റിയ സദാനന്ദന് മാഷ് അവിടെയുണ്ട്. അവനത് പ്രസ്റ്റീജ് ഇഷ്യുവായി എടുത്തിരിക്കയല്ലേ!
കൃത്യം 5.30 നാണ് സാംസ്കാരികസമ്മേളനം. അഞ്ചുമണിക്കുതന്നെ ദാമോദരന്‍ മാഷെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അയാള്‍ വരുമ്പോള്‍ മുന്പില് വിശാലമായൊരു മൈതാനം. അങ്ങിങ്ങ് കുറച്ചു കൊച്ചുകുട്ടികള്‍. ഒരു മൈക്ക് ഓപ്പറേറ്റര്‍ ബീഡി വലിച്ചു രസിക്കുന്നു. ദാമോദരന്‍ മാഷെ തൊട്ടടുത്ത വീട്ടിലാണ് കുടിയിരുത്തിയിരിക്കുന്നത്. ഒരു ചായയും ഒരു സിഗരറ്റുകൂടും സമ്മാനിച്ചശേഷം കൂട്ടിക്കൊണ്ടുവന്ന മാഷ് സമ്മേളനനഗറിലേക്കു പോയെങ്കിലും ആറുമണിയായിട്ടും തിരിച്ചെത്തിയിട്ടില്ല. ഒരാറരയായപ്പോള് കാണാം സദാനന്ദന് മാഷ് വരുന്നു. 'ഞാന്‍ കുറച്ച് തിരക്കിലായിരുന്നു. ബുദ്ധിമുട്ടായോ ദാമൂ? കുറച്ച് ആളുകള്‍ ഇങ്ങെത്തിക്കോട്ടെ എന്നു കരുതിയാണ്- അല്ലെങ്കില്‍ ഒരു സുഖവുമില്ലല്ലോ...' കാത്തുനില്പൊന്നും സാരമില്ലെന്നു പറഞ്ഞു ദാമോദരന്‍ മാഷ്. ആളെത്തിക്കോട്ടെ, അവന് പോയി.
അപ്പോള്‍ പരിസരത്തുള്ള രക്ഷാകര്ത്തൃജനം ഒറ്റക്കെട്ടായി കാതോര്‍ക്കുകയാണ്- 'ശവസംസ്കാരം' കഴിഞ്ഞോ? അതു കഴിഞ്ഞിട്ടുവേണം വാര്‍ഷികത്തിനു പോകാന്‍. അവര്‍ക്കു വേണ്ടത് മനംകുളിര്പ്പിക്കുകയാണ്. കാത് ദുഷിപ്പിക്കുകയല്ല. മണി ഏഴു കഴിഞ്ഞു. സദാനന്ദന് വന്നു: 'ഇനിയും വൈകിക്കുന്നതു ശരിയല്ല. യോഗം തുടങ്ങിക്കളയാം.' നേരത്തെ മുന്പില് സ്ഥലം പിടിക്കാനാണെങ്കിലും കുറച്ച് സ്ത്രീകളും കുട്ടികളും എത്തിയിട്ടുണ്ട്. ആകെ കലപിലാരവമാണ്. സ്വാഗതം പറഞ്ഞ മാഷ് ദാമോദരന്‍ മാഷെ കൊന്നു കൈയില്‍ കൊടുത്തു. അധ്യക്ഷന്മാഷ് കുളിപ്പിച്ചു കിടത്തി. സ്വകാര്യമായി ഒരു മേമ്പൊടിയും: 'മേയ്ക്കപ്പൊന്നും കഴിഞ്ഞിട്ടില്ല. അല്പം നീട്ടി പ്രസംഗിക്കണം.' 'തെല്ലപ്പുറത്തുള്ള സ്കൂളിലാണ് മേക്കപ്പ് നടക്കുന്നത്. ഇവിടെയുള്ളതിനേക്കാള്‍ ആളും കുട്ടികളും അവിടെയുണ്ട്. എന്താ ചെയ്യാ?' സദാനന്ദന് ചിരിച്ചുകൊണ്ടു കൂട്ടിച്ചേര്‍ത്തു.
സാര്‍ഥകമായ യോഗങ്ങള്ക്കേ പോകൂ എന്ന് താന്‍ എത്രാമത്തെ പ്രാവശ്യമാണ് പ്രതിജ്ഞയെടുക്കുന്നതെന്ന് ഓര്‍ത്തുകൊണ്ടാണ് ദാമോദരന്‍ മാഷ് പ്രസംഗിക്കാന്‍ നിന്നത്. മിക്ക ഗ്രാമീണ സാംസ്കാരികസമ്മേളനങ്ങളുടെയും സ്ഥിതി ഇതുതന്നെ. വീണ്ടും താന്‍ പെട്ടുപോയി. സദസ്സിനനുസരിച്ച് പ്രസംഗിക്കാന്‍ തനിക്കറിയില്ലതാനും. ഏതായാലും കണ്ണുമടച്ചൊരു കാച്ചു കാച്ചുകതന്നെ!
ആര്ഷഭാരതസ്വപ്നങ്ങളെല്ലാം ഇന്ന് കരിഞ്ഞു ചാമ്പലായില്ലേ എന്ന് ദാമോദരന്‍ മാഷ്. 'അയലത്തെ നാണി ദാസപ്പന്റെ കൂടെ ഒളിച്ചോടിയത് നീയറിഞ്ഞില്ലേടി?' എന്ന് രണ്ടിലെ സുമയുടെ അമ്മ നാലിലെ രമയുടെ അമ്മയോട്, ദുഷിച്ചുനാറിയ ഈ വ്യവസ്ഥിതി മാറ്റിയേ പറ്റൂ എന്ന് ദാമോദരന്‍ മാഷ്. 'നിന്റെ മറ്റവന് ഇവിടെ വരത്തില്ലേ' എന്ന് കല്യാണി മാണിയോട്...
അന്നു രാത്രി സ്കൂള്‍ ബെഞ്ചില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നശേഷം കാലത്ത് ബസ്സില്‍ കയറി പോകുമ്പോള്‍ ദാമോദരന്‍ മാഷ് കൈയടികിട്ടിയ തന്റെ ഒരു പ്രസംഗഭാഗം ഓര്‍ക്കുകയായിരുന്നു.
'പ്രസംഗത്തിനും പ്രസവത്തിനും തമ്മില്‍ വളരെയേറെ സാദൃശ്യമുണ്ടെന്നു പറഞ്ഞതാരായിരുന്നു? ആരായാലും അതില്‍ ചില നേരുകളുണ്ട്. പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നു, പ്രസംഗത്തില്‍ വാക്കുകളും. ഓരോ പ്രസവം കഴിയുമ്പോഴും അടുത്ത പ്രസവങ്ങള്‍ എളുപ്പമായിത്തീരുന്നു. ഓരോ പ്രസംഗം കഴിയുമ്പോഴും അടുത്ത പ്രസംഗങ്ങളും... പിന്നെ...
നമ്മുടെ പ്രിയപ്പെട്ട ബന്ധു പ്രസവമുറിയില്‍ കിടക്കുമ്പോള്‍ നാം പ്രാര്‍ഥിക്കുന്നു. ഈശ്വരാ ഇത് ബുദ്ധിമുട്ടൊന്നുമില്ലാതെ ഒന്നു വേഗം കഴിഞ്ഞുകിട്ടണേ... പ്രസംഗം കേള്‍ക്കുന്നവരുടെയും പ്രാര്‍ഥന ഇതുതന്നെ: ഈശ്വരാ ഒന്നു വേഗം കഴിഞ്ഞുകിട്ടണേ...' നാം നമ്മുടെ പ്രസംഗത്തെ അങ്ങനെയാക്കി മാറ്റിയതറിഞ്ഞാണോ കുട്ടികളും കൈയടിച്ചത്?
Content Highlights: Akbar kakkattil malayalam Book School Diary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..