ഇന്ത്യന്‍ ഭരണഘടന, തുല്യത, സ്ത്രീ സംവരണം; മിത്തും യാഥാര്‍ഥ്യവും


കാളീശ്വരം രാജ്

പൗരന്മാരെ രണ്ടു വിധത്തില്‍ കണ്ടുകൊണ്ട് അവര്‍ക്ക് വ്യത്യസ്ത നീതി നടപ്പിലാക്കാന്‍ ഒരു ഭരണഘടനാസംവിധാനവും ശ്രമിക്കരുത്.

കാളീശ്വരം രാജ്

നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാദിനമായി നാം ആചരിക്കുന്നു. പ്രശസ്ത അഭിഭാഷകന്‍ കാളീശ്വരം രാജ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ ഭരണഘടന പാഠങ്ങള്‍ പാഠഭേദങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

തുല്യത: മിത്തും യാഥാര്‍ഥ്യവും
''തരംതിരിക്കപ്പെട്ട തുല്യത'യെന്ന തത്ത്വമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തറ... 1950 ജനുവരി 26ന് നാം വൈരുധ്യങ്ങളുടേതായ ഒരു ജീവിതഘട്ടത്തിലേക്കു പ്രവേശിക്കാന്‍ പോകുന്നു. രാഷ്ട്രീയത്തില്‍ നമുക്ക് തുല്യതയുണ്ടാകും. എന്നാല്‍ സാമൂഹിക, സാമ്പത്തിക മേഖലകളിലാകട്ടെ അസമത്വം തുടരും. 'ഒരാള്‍ക്കൊരു വോട്ട്; ഒരു വോട്ടിന് ഒരു മൂല്യം' എന്ന തത്ത്വം നാം രാഷ്ട്രീയത്തില്‍ പിന്തുടരും. എന്നാല്‍ ഓരോ ആള്‍ക്കും ഒരേ മൂല്യം എന്ന അടിസ്ഥാനതത്വം നാം ലംഘിച്ചുകൊണ്ടേയിരിക്കും. നമ്മുടെ സാമൂഹിക, സാമ്പത്തിക ഘടന അത്തരത്തിലാണ്'- 1949 നവംബര്‍ 26ന് ഡോ. അംബേദ്കര്‍ നടത്തിയ പ്രസംഗഭാഗത്തിന്റെ ഏകദേശ പരിഭാഷയാണിത്. തുല്യത എന്നത് ഏതൊരു സമൂഹത്തെയും രാഷ്ട്രത്തെയും മോഹിപ്പിക്കുന്ന സ്വപ്‌നമാണ്; ഒപ്പം ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ പ്രയാസമായ ആദര്‍ശവും. എന്നാല്‍ സമത്വവാദത്തിന്റെ ചരിത്രപരമായ സ്വാധീനവും പ്രഭാവവും ഏറെ വലുതാണ്. ഒരുപക്ഷേ, ചരിത്രത്തെത്തന്നെ മാറ്റിമറിച്ച പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണത്.

ഭരണഘടനയില്‍ 14-ാം അനുച്ഛേദത്തില്‍ വ്യവസ്ഥചെയ്യപ്പെട്ട തുല്യത ഒരു സാമ്പത്തികതത്ത്വമെന്നതിനെക്കാള്‍ നൈയാമിക സമീപനമാണ്. 'നിയമത്തിന്റെ മുന്നില്‍ തുല്യത; നിയമത്തിന്റെ തുല്യസംരക്ഷണം' എന്ന ഈ അനുച്ഛേദത്തിലെ രണ്ടേരണ്ടു പ്രയോഗങ്ങള്‍ ഇന്ത്യന്‍ പൗരസമൂഹത്തിന്റെ അവകാശപ്രഖ്യാപനമായി മാറിയതില്‍ അദ്ഭുതമില്ല. തുല്യതയ്ക്കുള്ള അവകാശം വിവേചനത്തിനെതിരായ ജനകീയായുധമാണ്. പൗരന്മാരെ രണ്ടു വിധത്തില്‍ കണ്ടുകൊണ്ട് അവര്‍ക്ക് വ്യത്യസ്ത നീതി നടപ്പിലാക്കാന്‍ ഒരു ഭരണഘടനാസംവിധാനവും ശ്രമിക്കരുത്. സമാനസ്ഥാനീയരെ സമാനരീതിയില്‍ കാണണമെന്നതാണ്, അല്ലാതെ വ്യത്യസ്ത വിഭാഗക്കാരെ ഒരുപോലെ കാണണമെന്നതല്ല, അനുച്ഛേദത്തിന്റെ വിവക്ഷ. അതൊരു ധനാത്മകസങ്കല്പമാണ്. നിയമപരമായ തുല്യതയാണ്, അല്ലാതെ നിയമലംഘനത്തിലെ തുല്യതയല്ല, അനുച്ഛേദത്തിലൂടെ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത്.1 തുല്യജോലിക്ക് തുല്യവേതനം പോലുള്ള തത്ത്വങ്ങള്‍ ഉരുത്തിരിഞ്ഞുവന്നതും 14-ാം അനുച്ഛേദത്തിന്റെ ബലത്തിലാണ്.

എന്നാല്‍ 14-ാം അനുച്ഛേദം ഇന്ത്യന്‍ പൗരന്മാര്‍ക്കു മാത്രം അവകാശപ്പെട്ടതല്ല. രാജ്യം ഏതൊരു വ്യക്തിക്കും നല്കുന്ന ഭരണഘടനാപരമായ സംരക്ഷണമാണത്. ബംഗ്ലാദേശില്‍നിന്നുള്ള ഒരു യുവതി ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ 14-ാം അനുച്ഛേദത്തിന്റെകൂടി ബലത്തിലാണ് അവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ കോടതി ഉത്തരവിട്ടത്.2 ന്യായയുക്തമായ വര്‍ഗീകരണത്തിന് ഈ അനുച്ഛേദത്തിന്റെ സംരക്ഷണമുണ്ടെങ്കിലും തോന്നിയമാതിരിയുള്ള തരംതിരിവുകള്‍ നടത്താന്‍ ഭരണകൂടസ്ഥാപനങ്ങള്‍ക്ക് അധികാരമില്ല.3 നിയമത്തിലെ തുല്യതപോലെ, സര്‍ക്കാരിന്റെ പ്രവര്‍ത്തന മേഖലകളിലും തുല്യാവകാശം ഉറപ്പുവരുത്തണം.4 ശത്രുതാപരമായ വിവേചനം ന്യായയുക്തമായ തരംതിരിവിന്റെ വിപരീതമാണ്.5 പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനു വേണ്ടിയുള്ള നിയമങ്ങള്‍ ന്യായയുക്തമായ തരംതിരിവിന്റെ പരിധിയില്‍ വരും. എന്നാല്‍ ഒരു സംവരണവിഭാഗത്തിനകത്ത് ഉപവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ആ മുഖ്യ സംവരണവിഭാഗത്തിലെത്തന്നെ ഇതരയംഗങ്ങളെ അത് ദോഷകരമായി ബാധിക്കും. അന്യഥാ അര്‍ഹതപ്പെട്ട സംവരണാനുകൂല്യത്തെ അട്ടിമറിക്കുന്ന ഇത്തരം ഉപവര്‍ഗീകരണ (Sub classification)ത്തിന് 14-ാം അനുച്ഛേദത്തിന്റെ പിന്‍ബലമില്ല.6 കോളേജ് അഡ്മിഷന്‍, സര്‍ക്കാര്‍ ടെന്‍ഡറുകള്‍, ഭൂമിവിതരണം, സര്‍ക്കാര്‍ സേവനങ്ങളുടെ വിതരണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സന്ദര്‍ഭങ്ങളും മേഖലകളും 14-ാം അനുച്ഛേദത്തിന്റെ പരിധിയില്‍ വരും. ഒരു കുറ്റകൃത്യത്തിനെ തുടര്‍ന്ന് ശരിയായ അന്വേഷണം നടക്കാതിരിക്കുമ്പോള്‍ കുറ്റത്തിനിരയായവര്‍ക്ക് അഥവാ അത്തരക്കാരുടെ ബന്ധുക്കള്‍ക്ക് 'നിയമത്തിന്റെ തുല്യസംരക്ഷണ'മെന്ന മൗലികാവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോടതിയെ സമീപിക്കാം. രണ്ടു വിഭാഗങ്ങള്‍ക്ക് രണ്ടുതരം നീതി പാടില്ലെങ്കിലും ആ രണ്ടു വിഭാഗങ്ങള്‍ ആരൊക്കെ എന്ന ചോദ്യം എന്നും പ്രസക്തമാണ്. വ്യാവസായികാവശ്യത്തിനും ഗാര്‍ഹികാവശ്യത്തിനുമുള്ള ജലവിതരണത്തിന് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിയാണെന്ന് പെപ്‌സിക്കോ ഇന്ത്യായുടെ കേസില്‍7 സുപ്രീംകോടതി പറഞ്ഞത് ഇതുകൊണ്ടാണ്. നിയമനിര്‍മാണത്തിലെന്നതുപോലെ ഭരണനിര്‍വഹണത്തിലെ തീരുമാനങ്ങളും 14-ാം അനുച്ഛേദത്തിന് വിധേയമാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ 14-ാം അനുച്ഛേദത്തിന്റെ നടത്തിപ്പു കാണുമ്പോള്‍ ഡോ. അംബേദ്കറിന്റെ നടേ പറഞ്ഞ ഉത്കണ്ഠകള്‍ പലപടി ഓര്‍ത്തുപോയേക്കാം. അവ പക്ഷേ, ഈ അനുച്ഛേദം പ്രദാനം ചെയ്യുന്ന സ്വപ്‌നങ്ങളുടെ ഭംഗി കുറയ്ക്കുന്നില്ല.
1. സന്ത്‌രാജ് സിങ്ങിന്റെ കേസ്, എ.ഐ.ആര്‍. 2006, സുപ്രീംകോടതി 2296.
2. ചെയര്‍മാന്‍ റെയില്‍വേ ബോര്‍ഡും ചന്ദ്രിമാദാസും തമ്മിലുള്ള കേസ്, എ.ഐ.ആര്‍. 2000, സുപ്രീംകോടതി 988
3. അന്‍വാര്‍ അലി സര്‍ക്കാരിന്റെ കേസ്, എ.ഐ.ആര്‍. 1952, സുപ്രീംകോടതി 75
4. സ്‌പെഷ്യല്‍ കോര്‍ട്ട് ബില്‍ കേസ്, എ.ഐ.ആര്‍. 1979, സുപ്രീംകോടതി 478
5. അന്‍വാര്‍ അലി സര്‍ക്കാരിന്റെ കേസ്, എ.ഐ.ആര്‍. 1952, സുപ്രീംകോടതി 75
6. ഇവിചിന്നായിയായും ആന്ധ്രപ്രദേശും തമ്മിലുള്ള കേസ്, എ.ഐ.ആര്‍. 2005, സുപ്രീംകോടതി 162
7 എ.ഐ.ആര്‍. 2011, സുപ്രീംകോടതി 3316

വിവേചനത്തിനെതിരേ
വിവേചനത്തിനെതിരേയുള്ള ജനകീയ മാനിഫെസ്റ്റോയാണ് ഭരണഘടനയെന്നതിന് 15-ാം അനുച്ഛേദംതന്നെ തെളിവ്. മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനനസ്ഥലത്തിന്റെയോ പേരില്‍ പൗരന്മാരെ വേര്‍തിരിച്ചുകാണാന്‍ ഭരണകൂടത്തിനവകാശമില്ലെന്ന് അനുച്ഛേദം വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങള്‍ എല്ലാവിധ ജനങ്ങള്‍ക്കും വേണ്ടിയുള്ളവയാണ്. കടകളിലോ ഹോട്ടലുകളിലോ പൊതുവിനോദങ്ങളിലോ പൗരന്മാരെ വേര്‍തിരിച്ചു കാണരുത്. പൊതുറോഡുകളും പൊതുകിണറുകളും ഭരണകൂടത്തിന്റേതെങ്കില്‍ അവ ജനങ്ങള്‍ക്ക് മൊത്തത്തിലുള്ളവയാണ്. എന്നാല്‍ ഈ സമഭാവന, സ്ത്രീകളുടെയും കുട്ടികളുടെയും സംവരണവിഭാഗങ്ങളുടെയും മറ്റും സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടിയുള്ള സവിശേഷവ്യവസ്ഥകളുണ്ടാക്കുന്നതിന് തടസ്സമല്ല. അത്തരം വ്യവസ്ഥകള്‍ വിവേചനപരമല്ല എന്നതാണ് 15-ാം അനുച്ഛേദത്തിന്റെ താത്പര്യം.

ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് വിവേചനത്തിനെതിരായ ഈ വാഗ്ദാനം; അല്ലാതെ 14-ാം അനുച്ഛേദത്തില്‍ പറഞ്ഞപോലെ എല്ലാ ആളുകള്‍ക്കും നല്കപ്പെട്ട ഒന്നല്ല. ഒരു ബഹുസ്വരരാഷ്ട്രത്തില്‍ ഉണ്ടായേക്കാവുന്ന മുന്‍വിധികളും പക്ഷപാതിത്വങ്ങളും പ്രീണനവാഞ്ഛകളുമെല്ലാം മുന്‍കൂട്ടിക്കണ്ട അനുച്ഛേദമാണിത്. വിവേചനങ്ങള്‍ തെറ്റാകുന്നതും സംവരണം യഥാവിധി ചെയ്താല്‍ ശരിയാകുന്നതും ഈ അനുച്ഛേദമനുസരിച്ചുതന്നെ. ഒരു ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുമ്പോള്‍ സംവരണാര്‍ഹനായ ഉദ്യോഗാര്‍ഥിക്ക് 15-ാം അനുച്ഛേദം രക്ഷ നല്കുന്നു. മിശ്രവിവാഹങ്ങളെ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നതും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിടുന്നതും ഈ അനുച്ഛേദം പകരുന്ന ഊര്‍ജംകൊണ്ടാണ്. പ്രാദേശികാടിസ്ഥാനത്തിലുള്ള തരംതിരിവുകള്‍ പ്രീണനപരമാകുമ്പോള്‍ ഭരണഘടനാക്കോടതികള്‍ ഇടപെട്ടിട്ടുണ്ട്. ബ്രാഹ്‌മണരൊഴിച്ചുള്ള മുഴുവന്‍ സമുദായങ്ങളും പിന്നാക്കക്കാരാണെന്ന വിചിത്രമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ കോടതി അത് റദ്ദാക്കി.1 ഏതാണ്ട് സമാനസ്ഥിതിയാണ് പാര്‍ഥായുടെ കേസിലും.2 ശരിയായ സംവരണനടപടികളെ കോടതി അംഗീകരിച്ചപ്പോള്‍ 3 അമിതവും നിയമവിരുദ്ധവുമായ സംവരണനീക്കങ്ങള്‍ റദ്ദാക്കപ്പെട്ടു.4 സ്ത്രീകള്‍ക്ക് അമ്പതുശതമാനം വരെ സംവരണം നല്കിയ നടപടി ശരിയാണെന്ന് രാജേഷ്‌കുമാര്‍ ഗുപ്തയുടെ കേസില്‍ 5 വ്യക്തമാക്കപ്പെട്ടു. എന്നാല്‍ സംവരണത്തിനുള്ളില്‍ സംവരണം, മുന്നധ്യായത്തില്‍ വിവരിച്ചതുപോലെ തെറ്റും നിയമവിരുദ്ധവുമാണ്. ജോലിയുടെ സ്വഭാവം വെച്ച് സ്ത്രീകളെ ചില തസ്തികകളില്‍ മാറ്റിവെക്കാമെന്ന് സിനിയമോളുടെ കേസില്‍ കേരള ഹൈക്കോടതി പറഞ്ഞുവെങ്കിലും 6 വില്ലേജ്മാന്‍ തസ്തികയില്‍ സ്ത്രീകളെ ഒഴിവാക്കിയത് തെറ്റാണെന്നും ഷീബയുടെ കേസില്‍ കേരള ഹൈക്കോടതി പറഞ്ഞു. സ്ത്രീകള്‍ക്ക് ഇലക്ട്രിസിറ്റി വര്‍ക്കറായി ജോലി ചെയ്യാനാകില്ലെന്നു വന്നേക്കാം; എന്നാല്‍ 'വില്ലേജ് വുമണ്‍' ആയി ജോലി ചെയ്യാന്‍ കഴിയും എന്ന നീതിന്യായയുക്തി തികച്ചും ശരിയാണ്.

7 സ്ത്രീകള്‍ക്ക് മാത്രമായി തസ്തികകള്‍ സംവരണം ചെയ്യുന്നതിലും തെറ്റില്ല.8 സംവരണം മാത്രമല്ല, സംരക്ഷണവും സ്ത്രീകളുടെ അവകാശംതന്നെ. അതുകൊണ്ടാണ് നിയമനിര്‍മാണസഭകള്‍ തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയുന്നതിനാവശ്യമായ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് വിശാഖ കേസില്‍ സുപ്രീംകോടതിതന്നെ വിധിയിലൂടെ നിയമനിര്‍മാണം നടത്തിയത്.9 കുടുംബത്തില്‍ സ്ത്രീകള്‍ക്ക് ജോലിചെയ്യുന്ന പുരുഷന്മാരുടെയത്രയും 'മൂല്യ'മില്ലെന്ന ചിന്താഗതിക്കെതിരേ സുപ്രീംകോടതി ആഞ്ഞടിക്കുകയുണ്ടായി. ഗൃഹഭരണം നടത്തുന്ന സ്ത്രീകള്‍ കുടുംബനിര്‍മാതാക്കള്‍ തന്നെയാണെന്ന് വിവരിച്ച സുപ്രീംകോടതി അവരുടെ മൂല്യം മനസ്സിലാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി. ഒരു വാഹനാപകടക്കേസില്‍ സ്ത്രീകളുടെ വരുമാനവും വരുമാനസാധ്യതയും കുറച്ചുകണക്കാക്കുന്ന പ്രവണതയെ വിമര്‍ശിക്കുകയായിരുന്നു, സുപ്രീംകോടതി.10 സംവരണം സംബന്ധിച്ച പല നിയമനിര്‍മാണങ്ങളും ഇന്ത്യയില്‍ എല്ലാകാലത്തും വ്യവഹാരവിഷയമായിരുന്നു. സംവരണമാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ക്കും കുറവില്ല. വി.പി. സിങ്ങും മറ്റും നേതൃത്വം നല്കിയ സംവരണപ്രക്ഷോഭങ്ങള്‍ തൊട്ട് പിന്നീടുണ്ടായ സംവരണവിരുദ്ധ പ്രക്ഷോഭങ്ങളും ഇന്ത്യ കണ്ടു. സമീപകാലത്തായി താരതമ്യേന മുന്നാക്കം നില്ക്കുന്ന വിഭാഗങ്ങളും സംവരണമാവശ്യപ്പെട്ട് തെരുവിലിറങ്ങുന്ന പ്രവണത വടക്കേ ഇന്ത്യയില്‍ കാണുകയുണ്ടായി. സംവരണവിഷയത്തില്‍ കാലാനുസൃതമായ പുനരവലോകനം ആകാമെന്ന് അശോക്കുമാര്‍ ഠാക്കൂറിന്റെ കേസില്‍ സുപ്രീംകോടതി പറഞ്ഞു.11 ക്രീമിലയര്‍ എന്ന ആശയത്തെ സുപ്രീംകോടതി ശരിവെച്ചത് പ്രസിദ്ധമായ ഇന്ദ്രാസാഹ്‌നി കേസില്‍.12

1. പ്രദീപ് താണ്ടന്റെ കേസ്, എ.ഐ.ആര്‍. 1975, സുപ്രീംകോടതി 563
2. എ.ഐ.ആര്‍. 1961, മൈസൂര്‍ 22
3. അജയ്കുമാറിന്റെ കേസ്, (1994), 4 സുപ്രീം കോര്‍ട്ട് കേസസ് 401
4. ബാലാജിയുടെ കേസ്, എ.ഐ.ആര്‍. 1963, സുപ്രീംകോടതി 649
5. എ.ഐ.ആര്‍. 2005, സുപ്രീംകോടതി 2540
6. 2008 (1) കെ.എല്‍.ടി. 30
7. വില്ലേജ്മാന്‍ കേസിലെ വിധിക്ക് 2006 (3)- കെ.എല്‍.ടി. 69 കാണുക
8. കെ.പി. പ്രഭാകരന്റെ കേസ്, 1997, സുപ്രീംകോടതി 688
9. വിശാഖയും സ്റ്റേറ്റ് ഓഫ് രാജസ്ഥാനും തമ്മിലുള്ള കേസ്, എ.ഐ.ആര്‍ 1997, സുപ്രീംകോടതി 3011
10. അരുണ്‍കുമാര്‍ അഗര്‍വാളിന്റെ കേസ്, എ.ഐ.ആര്‍. 2010, സുപ്രീംകോടതി 3426
11. എ.ഐ.ആര്‍. 2008, സുപ്രീംകോടതി സപ്ലി-1
12. എ.ഐ.ആര്‍. 1993, സുപ്രീംകോടതി 477, എ.ഐ.ആര്‍. 2000, സുപ്രീംകോടതി 498 എന്നിവ കാണുക

Content Highlights: Adv. Kaleeswaram Raj, Indian Constitution, Equality before Law


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented