ഒരുകാലത്ത് ഈ മാധ്യമത്തില്‍ ജോലിചെയ്യുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല


ഗൗതമന്‍ ഭാസ്‌കരന്‍

1962-ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥാരചനയിലും സംവിധാനത്തിലുമുള്ള കോഴ്‌സിന് അദ്ദേഹം ചേര്‍ന്നു. നാടകത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു. അതിനുപകരം അദ്ദേഹം കണ്ടെത്തിയത് സിനിമയാണ്

-

മലയാള സിനിമയെ അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ ജന്മദിനമാണിന്ന്. നാടകമായിരുന്നു ആദ്യകാലത്ത് അടൂരിന്റെ ലോകം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനമാണ് അദ്ദേഹത്തിന് സിനിമയുടെ ലോകം തുറന്നുകൊടുത്തത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍; സിനിമയില്‍ ഒരു ജീവിതം എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം

പുണെയിലെ പ്രവേശനം എളുപ്പമായിരുന്നില്ല. ബിരുദമായിരുന്നു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത. ഗോപാലകൃഷ്ണന് ബിരുദം ഉണ്ടായിരുന്നില്ല. ഓണേഴ്‌സോടെയുള്ള ബിരുദത്തിനു തത്തുല്യമായിരുന്നു ഗാന്ധിഗ്രാമിലെ ഡിപ്ലോമ. 'ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കത്ത് തനിക്കു കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് എഴുതി. വാസ്തവത്തില്‍ ഗാന്ധിഗ്രാമില്‍ ഞാന്‍ സാമ്പത്തികശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും അഡ്വാന്‍സ്ഡ് കോഴ്‌സുകള്‍ പഠിച്ചിരുന്നു. പുണെയില്‍ ചേരാന്‍ ആവശ്യമായതിലും അധികയോഗ്യത ഉണ്ടായിരുന്നു എനിക്ക്.' പ്രതീക്ഷകളുടെയും മനോവേദനകളുടെയും കാലം അടൂര്‍ ഓര്‍മകളില്‍നിന്ന് വീണ്ടെടുക്കുന്നു.വ്യവസ്ഥകളിലെ കാര്‍ക്കശ്യം കുറച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം അനുവദിച്ചു. താത്കാലികമായിരുന്നു പ്രവേശനം. വൈകാതെ വിദ്യാഭ്യാസമന്ത്രാലയം ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച വിശദീകരണത്തെത്തുടര്‍ന്ന് പ്രവേശനം സ്ഥിരമായി. പ്രവേശനവ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍ അക്കാലത്തെ മഹാന്മാരായ അധ്യാപകരില്‍നിന്ന് സിനിമ പഠിക്കാനുള്ള അവസരം പ്രതിഭാശാലിയായ ഒരു വിദ്യാര്‍ഥിക്ക് നഷ്ടമാവുമായിരുന്നു. ആര്‍ക്കറിയാം, അവന്‍ ഒരിക്കലും സിനിമ നിര്‍മിക്കുകതന്നെയില്ലായിരുന്നു. അത്രയും മികച്ച ചിത്രങ്ങള്‍. ഗാന്ധിഗ്രാം പിന്നീട് സര്‍വകലാശാലയായി. 2006-ല്‍ സുവര്‍ണജൂബിലി ആഘോഷിക്കുമ്പോള്‍ പൂര്‍വവിദ്യാര്‍ഥികളിലെ ഏറ്റവും വിശിഷ്ട വ്യക്തിയെന്ന നിലയില്‍ ഗാന്ധിഗ്രാം ഗോപാലകൃഷ്ണനെ ആദരിച്ചു.

പുണെയില്‍ എഴുത്തുപരീക്ഷയില്‍ വിജയിക്കുകയും തുടര്‍ന്നു നടന്ന അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഖ്വാജ അഹ്മദ് അബ്ബാസും (നീചാ നഗര്‍, ആവാര, സാത് ഹിന്ദുസ്ഥാനി, നയാ സന്‍സാര്‍ തുടങ്ങിയ നിയോ റിയലിസ്റ്റ് സിനിമകള്‍ രചിച്ച അദ്ദേഹത്തിന് 1969-ല്‍ പത്മശ്രീ ലഭിച്ചു) മറ്റു ചിലരുമായിരുന്നു അഭിമുഖം നടത്തിയത്. ഗോപാലകൃഷ്ണന് ഒന്നാംറാങ്ക് കിട്ടി. പ്രതിമാസം 75 രൂപയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ചെയ്തു. ആ വര്‍ഷം ഈ സ്‌കോളര്‍ഷിപ്പു കിട്ടുന്ന ഏക വിദ്യാര്‍ഥിയായിരുന്നു ഗോപാലകൃഷ്ണന്‍.

നാടകത്തെയും നാടകകൃത്തുക്കളെയും കുറിച്ചുള്ള അഗാധമായ ധാരണ ഗോപാലകൃഷ്ണനെ കെ.എ. അബ്ബാസിന്റെയും മറ്റ് അഭിമുഖകാരന്മാരുടെയും വാത്സല്യഭാജനമാക്കി. അവന്റെ അറിവുകളില്‍ അവര്‍ സംതൃപ്തരായി. സ്വന്തമായി കുറച്ച് നാടകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച, ഇംഗ്ലീഷ്, മലയാളം സാഹിത്യത്തില്‍ നല്ല അറിവുള്ള ഒരാളായി അപേക്ഷകരില്‍ ഗോപാലകൃഷ്ണന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനു സ്‌കോളര്‍ഷിപ്പ് കിട്ടിയത്. സ്‌കോളര്‍ഷിപ്പ് തുക തീരെ തുച്ഛമായിരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ ജോലിചെയ്യുമ്പോള്‍ ഇതിന്റെ നാലിരട്ടി ശമ്പളമുണ്ടായിരുന്നു. സ്വന്തം അഭിനിവേശത്തിനുവേണ്ടി ആ ജോലി ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹം.

1962-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥാരചനയിലും സംവിധാനത്തിലുമുള്ള കോഴ്‌സിന് അദ്ദേഹം ചേര്‍ന്നു. നാടകത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു. അതിനുപകരം അദ്ദേഹം കണ്ടെത്തിയത് സിനിമയാണ്. അരങ്ങില്‍നിന്നും അദ്ദേഹത്തെ പതുക്കെപ്പതുക്കെ അടര്‍ത്തിമാറ്റി സിനിമ അദ്ദേഹത്തെ മുറുകെപ്പുണര്‍ന്നു. 'ഒരുകാലത്ത് ഈ മാധ്യമത്തില്‍ ജോലിചെയ്യുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല.' അടൂര്‍ ചിരിക്കുന്നു.

സ്‌കൂള്‍ക്കാലംമുതല്‍ നാടകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. തിരക്കഥാരചന, സംവിധാനം എന്ന കോഴ്‌സ് പുണെയില്‍ തിരഞ്ഞെടുത്തതുതന്നെ നാടകത്തെക്കുറിച്ച് കൂടുതലറിയാന്‍ അതു സഹായിക്കുമെന്നും നാടകത്തില്‍ ഒരു ഔപചാരികപരിശീലനം കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ്. പക്ഷേ, അത് ഒരു തെറ്റിദ്ധാരണയായിരുന്നു. ഒരു തിരക്കഥ എഴുതുന്നതും നാടകമെഴുതുന്നതും തമ്മില്‍ സമാനതകളേക്കാള്‍ വ്യത്യാസങ്ങളാണ് ഏറെയുള്ളതെന്ന് വൈകാതെ മനസ്സിലാക്കിയതായി അദ്ദേഹം സിനിമ അനുഭവം എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട്.

പുണെയിലെ ഒരു വര്‍ഷം മുഴുവന്‍ നാടകത്തെപ്പറ്റി വായിക്കുകയാണ് അദ്ദേഹം ചെയ്തത്. അക്കാലത്ത് ആവേശകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു നാടകം എന്ന കലാരൂപം. പുതിയ നാടകങ്ങള്‍ എഴുതപ്പെട്ടു. പുതിയ നാടകകൃത്തുക്കള്‍ രംഗപ്രവേശംചെയ്തു. അക്കാലത്താണ് സാമുവല്‍ ബെക്കറ്റിന്റെ വെയ്റ്റിങ് ഫോര്‍ ഗോദോ, ഹരോള്‍ഡ് പിന്ററിന്റെ പുതിയ രചനകളായ ദ റൂം, ദ ബര്‍ത്ത്‌ഡേ പാര്‍ട്ടി, ദ കെയര്‍ടേക്കര്‍ എന്നീ നാടകങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത്. ഗോപാലകൃഷ്ണന്‍ അവയെല്ലാം വായിച്ചിരുന്നു. ഒടുവില്‍ സിനിമയുടെ ചെറുത്തുനില്‍ക്കാനാവാത്ത വശീകരണശക്തിക്കു കീഴ്‌പ്പെടുകയായിരുന്നു അദ്ദേഹം. കോഴ്‌സിന്റെ രണ്ടാംവര്‍ഷം തുടങ്ങിയപ്പോഴേക്കും അദ്ദേഹം സിനിമയില്‍ മുഴുകിക്കഴിഞ്ഞിരുന്നു. വളരെ കുറച്ചു സിനിമകള്‍ മാത്രമേ താന്‍ അതുവരെ കണ്ടിട്ടുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. ബോളിവുഡ്ഡിലെയും ഹോളിവുഡ്ഡിലെയും ചിത്രങ്ങള്‍ കാര്യമായി ഒന്നുംതന്നെ കണ്ടിട്ടില്ലായിരുന്നു. യൂറോപ്യന്‍ സിനിമ ഒന്നുപോലും കണ്ടിട്ടില്ലായിരുന്നു.

അതുകൊണ്ടുതന്നെ അവ കാണാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ ആരംഭിച്ചു. പുണെയിലെ അല്‍ക്ക തിയേറ്റര്‍ ഞായറാഴ്ച രാവിലെകളില്‍ ഹോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സാധാരണയുള്ള പ്രവേശനനിരക്കിലും പകുതി മാത്രമേ ഈടാക്കിയിരുന്നുള്ളൂ. 1950-കളിലും 1960-കളിലും രസകരമായ ചില ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നു. അവ അതിവേഗം ഇന്ത്യയില്‍ വരുകയും ചെയ്തു. അക്കാലത്ത് ഇറക്കുമതിനിയന്ത്രണങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. വാര്‍ണര്‍ ബ്രദേഴ്‌സ്, മെട്രോ ഗോള്‍ഡ്‌വിന്‍ മേയര്‍ എന്നീ വന്‍കിട കമ്പനികള്‍ക്ക് ഇന്ത്യയില്‍ സ്വന്തം തിയേറ്ററുകള്‍ ഉണ്ടായിരുന്നു. തങ്ങള്‍ നിര്‍മിച്ച ചിത്രങ്ങള്‍ അവര്‍ അവിടെ പ്രദര്‍ശിപ്പിച്ചു. കം സെപ്റ്റംബര്‍, റോമന്‍ ഹോളിഡേ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം ആസ്വദിച്ചിരുന്നു.

പുണെയിലെ മറ്റു ചില തിയേറ്ററുകള്‍ സമകാലിക ഹിന്ദി സിനിമകള്‍ ഞായറാഴ്ചകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗോപാലകൃഷ്ണന് ഇതൊരു ദൃശ്യസദ്യതന്നെയായി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു കാണുന്ന സിനിമകള്‍ക്കു പുറമെയായിരുന്നു ഈ ഞായറാഴ്ചപ്പടങ്ങള്‍. ബിമല്‍ റോയ്, ഗുരുദത്ത്, രാജ്കപൂര്‍ എന്നീ ചലച്ചിത്രകാരന്മാര്‍ ഇരുപതുകളിലെത്തിനില്‍ക്കുന്ന യുവത്വത്തെ നന്നായി ആകര്‍ഷിക്കുന്ന സിനിമകള്‍ നിര്‍മിച്ച കാലമായിരുന്നു അത്. അവരുടെ ആദ്യകാലസിനിമകള്‍ വികാരോജ്ജ്വലവും ദേശസ്‌നേഹപരവും സന്തോഷദായകവുമായിരുന്നു. ഗോപാലകൃഷ്ണന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ള സിനിമകളായിരുന്നു അവര്‍ നിര്‍മിച്ചുപോന്നത്.

അരങ്ങിനോടുള്ള അടുപ്പം അഭ്രപാളിയോടുള്ള ഈ പുതിയ അഭിനിവേശം കാരണം നിര്‍വീര്യമായി വരുകയായിരുന്നു. ഭാര്യയേക്കാള്‍ കാമുകിയുടെ സൗന്ദര്യത്തില്‍ വശംവദനായിപ്പോവുന്നതുപോലെയായിരുന്നു അത്. ഈ പുതിയ ബന്ധത്തിന് അദ്ദേഹത്തിന്റെ അധ്യാപകര്‍ എല്ലാവിധ പിന്തുണയും നല്‍കിപ്പോന്നു.

book
പുസ്തകം വാങ്ങാം

'ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു തിരക്കഥ വീതം എഴുതിവരാന്‍ പറയുന്ന ഒരു പ്രൊഫസര്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. ആര്‍.എസ്. പ്രൂഥി എന്നായിരുന്നു കര്‍ക്കശക്കാരനായ അദ്ദേഹത്തിന്റെ പേര്. തിരക്കഥ സമര്‍പ്പിക്കുന്നതിനുമുന്‍പ് ടൈപ്പ് ചെയ്ത് ബൈന്‍ഡു ചെയ്യേണ്ടിയിരുന്നു,' അടൂര്‍ പറയുന്നു: 'ഇതൊരു പ്രശ്‌നംതന്നെയായിരുന്നു. മറ്റാരെക്കൊണ്ടെങ്കിലും എന്റെ കൈയെഴുത്തുപ്രതി ടൈപ്പ് ചെയ്യിക്കേണ്ടിവരും. അത് എന്റെ കൈയിലെത്തുക ഗുരുതരമായ തെറ്റുകളോടെയാവും. ഈ സമയത്താണ് ഞാന്‍ ഒരു ടൈപ്പ് റൈറ്റര്‍ വാങ്ങാന്‍ തീരുമാനിച്ചത്. നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍നിന്നു കിട്ടിയ പണം കൊണ്ട് ഞാന്‍ ഒരു ജെ.കെ. ടൈപ്പ്‌റൈറ്ററും പിറ്റ്മാന്‍ ഗൈഡും വാങ്ങി. അതിനുമുന്‍പ് ഞാന്‍ ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ചിട്ടില്ലായിരുന്നു. എനിക്ക് അതേക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. പക്ഷേ, വേഗംതന്നെ ഞാനതു പഠിച്ചു. ഒരാഴ്ചയ്ക്കകം എന്റെ കൈയെഴുത്തുപ്രതി എനിക്കുതന്നെ ടൈപ്പ് ചെയ്യാവുന്ന സ്ഥിതിയായി.'

Adoor Gopalakrishnan, life, Pune film institute


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented