ഥ തുടങ്ങുന്നത് കൗമുദി ഓഫീസില്‍നിന്നാണ്. സാക്ഷാല്‍ കെ. ബാലകൃഷ്ണന്റെ കൗമുദി വാരിക. അല്പസ്വല്പം കലയും കവിതയുമൊക്കെയുള്ള ചെറുപ്പക്കാര്‍ സമ്മേളിക്കുന്ന ഒരു സ്ഥലമായിരുന്നു കെ. ബാലകൃഷ്ണന്റെ ആസ്ഥാനം. ഇങ്ങനെ സമ്മേളിച്ചിരുന്നവരില്‍ ചിലരൊക്കെ പിന്നീട് ആര്‍.എസ്.പി.ക്കാരോ സഹയാത്രികരോ ആയിത്തീര്‍ന്നിട്ടുണ്ട്. രാത്രിയുടെ പല യാമങ്ങള്‍ കഴിഞ്ഞാലും അദ്ദേഹത്തിന്റെ സദസ്സ് അനസ്യൂതമായി അനന്തമായി അങ്ങനെ നീണ്ടുപോകും. 

ഈ സദസ്സില്‍നിന്ന് ഒറ്റയ്ക്ക് രക്ഷപ്പെടുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിന് ശ്രമിച്ചവരെല്ലാം സാരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെടുകയോ നിരാശയോടെ പിന്‍വാങ്ങുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് കൂട്ടായ പ്രവര്‍ത്തനം ആവശ്യമായിവന്നു. അങ്ങനെ സന്ദര്‍ശകര്‍ സംഘടിച്ചു. ആ സംഘടന പിന്നീട് ആര്‍.എസ്.പി.യില്‍ ലയിച്ചതോടെയാണ് അതൊരു രാഷ്ട്രീയകക്ഷിയായി വളര്‍ന്നത് എന്നാണ് എന്റെ തിയറി.

അങ്ങനെ സന്ദര്‍ശകരായ ഞങ്ങള്‍ ആത്മരക്ഷാര്‍ഥം സംഘടിച്ച സന്ദര്‍ഭത്തിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇലക്ഷന്‍. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യമുന്നണിയിലെ ഘടകകക്ഷിയായിരുന്നു ആര്‍.എസ്.പി. ആര്‍.എസ്.പി.യുടെ കോര്‍പ്പറേഷന്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു കെ. ബാലകൃഷ്ണന്റെ ഓഫീസ്. അവിടെ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളിലൊന്ന് എന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു. ''അടൂര്‍ ഭാസി മത്സരിക്കുന്നു വഴുതക്കാട് വാര്‍ഡില്‍,'' -സാക്ഷാല്‍ കെ. ബാലകൃഷ്ണന്റെ പ്രഖ്യാപനം.

ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് പ്രധാനമായും രണ്ടു കാരണങ്ങളാണ്. ഒന്ന്, ആര്‍.എസ്.പി.ക്ക് അന്ന് പറയത്തക്ക സ്വാധീനം ഇല്ലാതിരുന്ന ഒരു വാര്‍ഡാണ് വഴുതക്കാട്. രണ്ടാമത്തേത്, അന്ന് എനിക്ക് പറയത്തക്ക പണിയൊന്നുമില്ലായിരുന്നു. ഏതായാലും ബാലകൃഷ്ണന്റെ പ്രഖ്യാപനം ജനം കൈയടിച്ച് പാസാക്കുന്നു. അങ്ങനെ ഞാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി. പ്രതിപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി. 

നാമനിര്‍ദേശപത്രിക കൊടുത്തു. കുറേ ദിവസത്തേക്ക് പുറത്തിറങ്ങിയില്ല. സന്ധ്യമയക്കത്തിന് വഴുതക്കാട് ജങ്ഷനിലൂടെ നടന്നുപോയപ്പോള്‍ കണ്ടു ഒരു വലിയ ബാനര്‍: 'പ്രതിപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി അടൂര്‍ ഭാസിക്ക് വോട്ട് ചെയ്യുക.' ബാനറിന്റെ ചുവട്ടില്‍ ഇലക്ഷന്‍ ഓഫീസ്. ഓഫീസില്‍ കുറേ ചെറുപ്പക്കാര്‍. ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍. അവര്‍ എന്നെത്തന്നെ സൂക്ഷിച്ചുനോക്കുന്നു. 'എന്താ ഇത്ര സൂക്ഷിച്ചുനോക്കാന്‍,' ഞാന്‍ ചിന്തിച്ചു. എന്തെങ്കിലും പറയാന്‍ കാണും. സ്ഥാനാര്‍ഥിയല്ലേ, എന്തായിരിക്കും പറയാനുള്ളത്. പണത്തിന്റെ കാര്യമായിരിക്കുമോ? ഇലക്ഷന്‍ ഓഫീസല്ലേ? പണത്തിന് ആവശ്യമുണ്ടാകും. അപ്പോള്‍ നോട്ടത്തിന്റെ ലക്ഷ്യം പണംതന്നെ, സംശയമില്ല. പണം ആവശ്യപ്പെട്ടാല്‍ എങ്ങനെ കൊടുക്കും. കൈയില്‍ ഒറ്റപ്പൈസയില്ല.

എന്തായാലും ഇലക്ഷന്‍ ഓഫീസില്‍ കയറുന്നത് ബുദ്ധിയല്ലെന്നു തോന്നി. ഞാന്‍ മുറുകി നടന്നു. അപ്പോള്‍ കേള്‍ക്കാം പിറകില്‍നിന്ന് ഒരു കൈയടി. എന്നെത്തന്നെ, സംശയമില്ല. തിരിഞ്ഞുനോക്കിയില്ല. നടപ്പിന്റെ വേഗംകൂട്ടി. വിമന്‍സ് കോളേജ് ജങ്ഷന്‍ കഴിഞ്ഞ് തൈക്കാട്ട് മൈതാനത്തിനു സമീപം എത്തിയിട്ടേ തിരിഞ്ഞുനോക്കിയുള്ളൂ. ആശ്വാസം. ആരുമില്ല. പക്ഷേ, വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവര്‍ സ്വീകരണമുറിയിലുണ്ട്. നാലഞ്ചു ചെറുപ്പക്കാര്‍, ഇലക്ഷനോഫീസില്‍ കണ്ടവര്‍. അവര്‍ കസേരകളില്‍ ഇരുപ്പുറപ്പിച്ചിരിക്കുകയാണ്. ആ കസേരകളിലൊന്ന് സി.വി. അപ്പൂപ്പന്റേതാണ്. അപ്പൂപ്പന്റെ കസേരയില്‍ ആരും ഇരിക്കാറില്ല. ഇരിക്കാന്‍ പാടില്ല എന്നാണ് റാസ്‌കോട്ടിലെ അലിഖിതനിയമം. നിയമംലംഘിക്കുന്നവര്‍ ആരായിരുന്നാലും ശരി അമ്മയും അമ്മച്ചിയും നിര്‍ദാക്ഷിണ്യം അവരെ എഴുന്നേല്പിച്ചുവിടും. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്.

ചെറുപ്പക്കാരുടെ കൂട്ടത്തില്‍ തലമുതിര്‍ന്ന ഒരാള്‍ സംഭാഷണം ആരംഭിച്ചു: ''സഖാവേ, ഞങ്ങള്‍ വന്നത് പ്രതിഷേധം അറിയിക്കാനാണ്. സഖാവ് ഇലക്ഷന്‍ ഓഫീസില്‍ കയറാതെ പോയത് കഷ്ടമായിപ്പോയി.'' പരിഭവത്തിലാണ് തുടക്കംതന്നെ.
''കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ടായിരുന്നു സഖാവേ'' എന്നു പറയണമെന്നു തോന്നി. പക്ഷേ, ഞാന്‍ ഒന്നും പറയാതെ മിണ്ടാതെ നിന്നു.
''വഴുതക്കാട് വാര്‍ഡില്‍ പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥി ജയിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. അതിനുവേണ്ടി ഞങ്ങള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതിന് സഖാവിന്റെ സഹകരണം ഞങ്ങള്‍ക്ക് ആവശ്യമാണ്. വിശാലമുന്നണി എന്ന തിരഞ്ഞെടുപ്പുതന്ത്രംമൂലം വീര്‍പ്പുമുട്ടുന്നത് ഞങ്ങളെപ്പോലുള്ള പ്രവര്‍ത്തകരാണ്. കാരണം, സഖാവിനെപ്പോലുള്ള...''
അദ്ദേഹം ആ വാചകം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് വരാന്തയില്‍ അമ്മയുടെ ശബ്ദം:
''ഭാസീ...''

അര്‍ഥഗര്‍ഭമായ ആ വിളി കേട്ടപ്പോള്‍ത്തന്നെ ഞാന്‍ കാര്യം മനസ്സിലാക്കി. അപ്പൂപ്പന്റെ കസേരയില്‍ ഇരുന്നുകൊണ്ടാണ് സഖാവിന്റെ സംസാരം. അമ്മ അത് കണ്ടിരിക്കും. എന്തും സംഭവിക്കാം. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പരുങ്ങലിലായി. സാധാരണഗതിയില്‍ ആ കസേരയില്‍നിന്നെഴുന്നേല്ക്കാന്‍ അമ്മ ആവശ്യപ്പെടും. സഖാവ് ചിലപ്പോള്‍ അനുസരിച്ചെന്നുവരും. പക്ഷേ, അതോടെ എന്റെ പരാജയം സുനിശ്ചിതമാകും. കെട്ടിവെച്ച പണംപോലും കിട്ടുകയില്ല. അമ്മ അയാളെത്തന്നെ തുറിച്ചുനോക്കി നില്ക്കുകയാണ്. അത് മനസ്സിലാക്കിയിട്ടെന്നപോലെ അദ്ദേഹം എഴുന്നേറ്റു. ഒപ്പം മറ്റുള്ളവരും. അവര്‍ വരാന്തയിലേക്കിറങ്ങി ഒരക്ഷരംപോലും പറയാതെ പടികടന്ന് നടന്നുപോയി. അവരെ പിന്നീട് കണ്ടിട്ടേയില്ല.

adoor bhasiഅവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ അമ്മ താക്കീതുരൂപത്തില്‍ പറഞ്ഞു:
''കണ്ട അണ്ടനും അടകോടനുമൊക്കെ കയറിയിരുന്ന് നിരങ്ങാനുള്ളതല്ല ആ കസേര.''
നോമിനേഷന്‍ പിന്‍വലിച്ചാലോ എന്നു തോന്നി. പക്ഷേ, അതിനുള്ള തീയതി കഴിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഒരു പ്രധാന ഇനമാണല്ലോ ഭവനസന്ദര്‍ശനം. പഞ്ചായത്ത്- കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ഇത് തീരേ ഒഴിവാക്കാന്‍ പറ്റില്ല. നിയോജകമണ്ഡലം താരതമ്യേന ചെറുതും സമ്മതിദായകരുടെ സംഖ്യ കുറവും എന്നതാണ് ഇതിനുള്ള കാരണം. 
''ആകെ അഞ്ഞൂറ് വീടുകളേയുള്ളൂ ഈ വാര്‍ഡില്‍. തനിക്ക് വീട്ടിലോട്ട് ഒന്ന് വന്നാലെന്താ വോട്ടുചോദിക്കാന്‍?'' തികച്ചും ന്യായമായൊരു ചോദ്യം.

എന്റെ ഭവനസന്ദര്‍ശന പരിപാടിയാരംഭിക്കുന്നത് വാര്‍ഡിലെ ഏറ്റവും പ്രായംചെന്ന വോട്ടറുടെ വീട്ടില്‍നിന്നാണ്. സംശുദ്ധവും സമര്‍ഥവുമായ ഔദ്യോഗികജീവിതംകൊണ്ട് ഉന്നതപദവിയിലെത്തിയശേഷം, സര്‍ക്കാരുദ്യോഗത്തില്‍നിന്ന് വിരമിച്ച് വിശ്രമിക്കുന്ന ഒരു മാന്യദേഹം. തുറന്നുപറഞ്ഞാല്‍ ഈ മാന്യദേഹത്തെ നേരില്‍ കാണുകയെന്നത് എനിക്ക് അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു.  ഏതായാലും വോട്ടു കിട്ടണമെങ്കില്‍ അഭിമുഖീകരിച്ചേ പറ്റൂ. അതും ഒന്നും രണ്ടും വോട്ടല്ല, മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായി അമ്പതില്‍പ്പരം വോട്ടുണ്ട്. ഇത്രയും വോട്ടുകള്‍ കാരണവരുടെ കസ്റ്റഡിയിലാണ്. ഞാന്‍ അതിരാവിലെ കുളികഴിഞ്ഞ് ഗണപതിക്കോവിലില്‍ തേങ്ങായുമടിച്ച് നെറ്റിയില്‍ പ്രസാദവുമായി കാരണവരുടെ ചാവടിയിലെത്തി.

ഒറ്റ തോര്‍ത്തുമുടുത്ത് ഒരു ചാരുകസാലയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുകയാണ് കാരണവര്‍. മുറ്റത്ത് കാല്‍പ്പെരുമാറ്റം കേട്ട് തലയുയര്‍ത്തി ''ആരാ അത്?'' എന്നുറക്കെ ചോദിച്ചു.
ഞാന്‍ അല്പം മുന്നോട്ടു നീങ്ങിനിന്ന് ''ഞാന്‍തന്നെ'' എന്ന് പറഞ്ഞു.
''എന്താ വന്നത്?''
''ഞാന്‍ ഇവിടെ കോര്‍പ്പറേഷന്‍ ഇലക്ഷന് നില്ക്കുന്നു.''
''ഓഹോ! ഏതാണ് നിങ്ങളുടെ പാര്‍ട്ടി?''
''ഞാന്‍ പ്രതിപക്ഷകക്ഷികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയാണ്.''
''പേര്?''
''അടൂര്‍ ഭാസി.''
''അടൂര്‍ ഭാസിയോ?''
''അതേ.''
''വീട് അടൂര്‍ ആണോ?''
''അടൂരില്‍ വീടുണ്ട്. പക്ഷേ, താമസം ഇവിടെയാണ്.''
''എന്നാല്‍ പിന്നെ മത്സരിക്കുന്നതും അടൂരുനിന്നായാല്‍പോരേ?''
''അത് നിശ്ചയിക്കേണ്ടത് താന്‍ അല്ലെടോ'' എന്ന് പറയണമെന്ന് തോന്നി. പക്ഷേ, അമ്പതു വോട്ടുകളാണ് കാരണവരുടെ ഭരണത്തിന്‍കീഴില്‍. പറയാനൊക്കുമോ!

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാരണവര്‍ നെയ്യാറ്റിന്‍കര സ്വദേശിയാണ്. നെയ്യാറ്റിന്‍കരയിലേ കറതീര്‍ന്ന നായന്മാരുള്ളൂവെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം. മറ്റുള്ളവരൊക്കെ പ്രത്യേകിച്ച്, വടക്കുനിന്നു വരുന്ന നായന്മാരെ നല്ല നായന്മാരായി അദ്ദേഹം അംഗീകരിച്ചിട്ടില്ല. 
ഞാന്‍ തിരുവനന്തപുരത്തു ജനിച്ചുവളര്‍ന്ന അസല്‍ നെയ്യാറ്റിന്‍കര നായരാണ്. പക്ഷേ, പറഞ്ഞിട്ടെന്തു ഫലം? പേര് അടൂര്‍ ഭാസി എന്നല്ലേ. വടക്കന്‍ നായര്‍.
അദ്ദേഹം അല്പനേരം ചിന്തിച്ചിരുന്നിട്ടു പറഞ്ഞു: ''നിങ്ങള്‍ക്കു പോകാം. അടൂര്‍ക്കാരന് ഇവിടെ വോട്ടില്ല.''

( അടൂര്‍ ഭാസി ചിരിയും ചിന്തയും എന്ന പുസ്തകത്തില്‍ നിന്ന് )