രാജ്മോഹൻ ഗാന്ധി | ഫോട്ടോ: കൃഷ്ണപ്രദീപ് പി.
രാജ്മോഹന്‍ ഗാന്ധിയുടെ 'ആധുനിക ദക്ഷിണേന്ത്യ' എന്ന പുസ്തകത്തിന്റെ മുഖവുരയില്‍നിന്ന്;
ആയിരത്തിയറുനൂറാമാണ്ടിലെ ഒരു യാത്രികനെ വിഭാവനം ചെയ്യുക- ഇയാള്‍ വിശാഖപട്ടണത്തില്‍നിന്നും പുറപ്പെട്ട് ദക്ഷിണേന്ത്യയുടെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള തീരങ്ങള്‍വഴി ബോട്ടുയാത്ര ചെയ്യുന്നു. പിന്നെ, ഗോവയില്‍ എത്തിയശേഷം ഉപദ്വീപിലെ ഉള്‍പ്രദേശങ്ങളിലേക്ക്, കടലില്‍നിന്നും അധികമൊന്നും ദൂരേയല്ലാതെയുള്ള ചുറ്റളവില്‍ സഞ്ചരിക്കുന്നു. അതിനുശേഷം വീണ്ടും ഉപദ്വീപിന്റെ കേന്ദ്രഭാഗത്തേക്ക് കടക്കുന്നു. എന്നിട്ട്, ബാംഗ്ലൂരില്‍ യാത്ര അവസാനിപ്പിക്കുന്നു. ഒരുപക്ഷേ, ഈ യാത്ര ഒരു കൊല്ലം നീണ്ടുനിന്നിരിക്കാം.
ഭീമാകാരമായ ഒരു ഒച്ചിന്റെ ആകൃതിയിലുള്ള ഈ റൂട്ടില്‍ ഈ യാത്രികന്‍ എന്തെല്ലാമായിരുന്നിരിക്കാം ഉള്‍ക്കൊണ്ടിരിക്കുക?
യാത്രികന്‍ തെക്കോട്ടുള്ള യാത്ര തുടങ്ങിയ ഇടമായ വിശാഖപട്ടണം നിമ്‌നോന്നതമായ തീരപ്രദേശവും അതിനടുത്തായി ചെമപ്പോ കറുപ്പോ ആയ കുന്നുകള്‍. ചിലതെല്ലാം 5000 അടിവരെ ഉയരത്തിലുള്ളവയാണ്. 'തിമിംഗിലത്തിന്റെ മുതുകുപോലെ വളഞ്ഞും ഒരു ഘോഷയാത്രയിലെന്നപോലെ ഒന്നിനു പുറകേ ഒന്നായി കാണപ്പെടുന്നു'വെന്നും 1907-ലെ ഒരു സര്‍ക്കാര്‍ വിജ്ഞാപനപത്രികയില്‍ എഴുതപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയമായി, 1600-ല്‍ കുന്നും മേടുമായ ഈ ഭൂപ്രദേശം (പിന്നീട് ഇത് ഹൈദരാബാദ് നഗരമായിത്തീരുന്നു) ഗോല്‍കൊണ്ടയിലെ മുസ്ലിം ഭരണാധികാരിയാല്‍ നിയമിതനായ ദുര്‍ബ്ബലനായ ഒരു പ്രാദേശികമുഖ്യന്റെ കീഴിലായിരുന്നു. ഈ ഭരണാധികാരി നാമമാത്രമായി ഡല്‍ഹിയിലെ ഭരണാധികാരിയായ മുഗളചക്രവര്‍ത്തിയുടെ കീഴിലായിരുന്നുവെങ്കിലും മുപ്പത്തിയഞ്ചു വര്‍ഷം മുമ്പ് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വിജയനഗര സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ ഒരു ഡക്കാന്‍ കോണ്‍ഫെഡറസിയിലെ അംഗവുമായിരുന്നു.
വിശാഖപട്ടണത്തിനു തെക്കായി കൊറമാന്‍ഡല്‍ തീരത്ത്, കൃഷ്ണാനദി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുന്നിടത്ത്, രൂപപ്പെട്ടിട്ടുള്ള ഡെല്‍റ്റയിലാണ് മച്ചിലിപട്ടണം എന്ന പ്രധാന തുറമുഖം സ്ഥിതിചെയ്യുന്നത്. ഈ നീണ്ട തീരത്ത് ചെറുതും വലുതുമായ നിരവധി തുറമുഖങ്ങളുണ്ട്. ഒരുപക്ഷേ, നമ്മുടെ യാത്രികന്റെ ബോട്ട് ഒരു സ്വാഭാവിക തുറമുഖമായ പുലിക്കോട്ടില്‍ പ്രവേശിക്കുമ്പോള്‍, ഒരു നൂറ്റാണ്ടു മുമ്പ്, 1502-ല്‍ പോര്‍ച്ചുഗീസുകാര്‍ അവരുടെ താവളമാക്കിയ തുറമുഖമാണിത്. നമ്മുടെ യാത്രികന്‍ ഒന്നോ രണ്ടോ ദിവസം കരയ്ക്കിറങ്ങിയിരുന്നിരിക്കാം. ഒമ്പതു വര്‍ഷം കഴിയുമ്പോള്‍ ഡച്ചുകാര്‍ പുലിക്കോട്ടില്‍നിന്നും പോര്‍ച്ചുഗീസുകാരെ പുറത്താക്കുന്നുണ്ട്.
പുലിക്കോട്ടില്‍നിന്നും തീരത്തുകൂടെ ഏകദേശം 38 മൈല്‍ തെക്കോട്ടു വന്നുകഴിഞ്ഞാല്‍ സാന്തോം പട്ടണമായി. 1540-ല്‍ പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ചതാണിത്. സാന്തോമിനടുത്തായി കുറെക്കൂടെ പഴക്കമുള്ള മൈലാപ്പൂര്‍ പട്ടണം. യൂറോപ്യന്മാര്‍ക്കും അറബികള്‍ക്കും വളരെ മുമ്പുതന്നെ പരിചിതമാണീ പട്ടണം. അപ്പോള്‍ മദിരാശി പട്ടണമായിട്ടില്ല. വീണ്ടും തെക്കോട്ട്, തീരം കുത്തനെ താഴോട്ടിറങ്ങുന്നു. യാത്രികന്‍ എത്തിച്ചേരുന്നത് പുരാതനവ്യാപാരകേന്ദ്രമായ നാഗപട്ടണത്താണ്. ഇവിടെ ആയിരത്തിയറുനൂറാമാണ്ടിലെ നമ്മുടെ യാത്രികന്‍ ദൂരദേശത്തുനിന്നുള്ളതും, പ്രാദേശീയരുമായ കച്ചവടക്കാരെ കാണുന്നു. ഒമ്പതാം നൂറ്റാണ്ടിലെ അറബ് കുടിയേറ്റക്കാരുടെ പിന്‍തലമുറക്കാരായ മുസ്ലിങ്ങളും ഇവരുടെ കൂട്ടത്തിലുണ്ട്. പിന്നീട്, തീരരേഖ പടിഞ്ഞാറേക്ക് പെട്ടെന്നൊരു തൊണ്ണൂറു ഡിഗ്രി തിരിയുന്നു. നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടില്‍നിന്നും നോക്കിയാല്‍ ചക്രവാളത്തില്‍ ഉത്തരശ്രീലങ്കയുടെ അവ്യക്തമായ രൂപരേഖ കാണാം. ബോട്ട്, ഭാവിയില്‍ പാക് ഉള്‍ക്കടല്‍ (Palk Strait) എന്നു വിളിക്കപ്പെടാനിരിക്കുന്ന കടലിടുക്കിലൂടെ നീങ്ങിക്കൊണ്ടിരിക്കേ പാമ്പന്‍ദ്വീപ്, ഉപദ്വീപിന് വളരെ അടുത്തുകിടക്കുന്നു, പൊങ്ങിവരുന്നു. ഇവിടെനിന്നാണ് ലങ്കയില്‍ തടവിലാക്കപ്പെട്ട സീതയെ തിരിച്ചുകൊണ്ടുവരാനായി രാമായണത്തിലെ ശ്രീരാമന്‍ പുറപ്പെടുന്നത്.
ബോട്ട് തെക്കുപടിഞ്ഞാറേക്ക് തുടര്‍ന്ന് യാത്ര ചെയ്യുമ്പോള്‍ തൂത്തുക്കുടി ദൃശ്യമാകുന്നു. ഈ പഴയ തുറമുഖത്തുനിന്നും ചുറ്റുമുള്ള കടലുകളില്‍നിന്നു മുങ്ങിയെടുക്കുന്ന മുത്തുകള്‍ കയറ്റുമതി ചെയ്യുന്നു. തൂത്തുക്കുടിക്കുശേഷം കന്യാകുമാരിയില്‍വെച്ച് ബംഗാള്‍ ഉള്‍ക്കടല്‍ അറബിക്കടലായിത്തീരുന്നു. നമ്മുടെ യാത്രികന്‍ ഇപ്പോള്‍ വടക്കോട്ടേക്കുള്ള യാത്ര ആരംഭിക്കുന്നു.
ഭാവിയില്‍ തിരുവനന്തപുരം ഉയര്‍ന്നുവരാനുള്ള സ്ഥലം പിന്നിട്ടശേഷം, യാത്രികന്‍ കൊച്ചിയില്‍ ഇറങ്ങുന്നു. ഇവിടത്തെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം ക്രിസ്ത്യാനികളുണ്ട്. ഇവരുടെ പൂര്‍വ്വികര്‍ ഒരായിരം കൊല്ലം മുമ്പെങ്കിലും ഇവിടേക്ക് കുടിയേറിവന്നിരിക്കാവുന്നവരാണ്. പിന്നീട്, യാത്രികന്‍ കോഴിക്കോടുതുറമുഖത്ത് നടക്കുമ്പോള്‍ അയാള്‍ നൂറുകണക്കിന് അറബ് വ്യാപാരികളെയും യൂറോപ്യന്‍വ്യാപാരികളെയും നൂറ്റാണ്ടുകളായി ഇന്ത്യയുമായി ബന്ധമുള്ള, മലയാളം സംസാരിക്കുന്ന മുസ്ലിങ്ങളെയും കാണും. അയാള്‍ നൂറുകൊല്ലമെങ്കിലും മുമ്പ് നടന്ന വാസ്‌കോ ഡ ഗാമയുടെ സന്ദര്‍ശനത്തെക്കുറിച്ചും കേള്‍ക്കും. കൊച്ചി, കോഴിക്കോട് എന്നിങ്ങനെ യാത്രികന്റെ വടക്കോട്ടുള്ള സഞ്ചാരത്തിലുടനീളം തീരത്തിന്, അതായത് യാത്രികന്റെ വലതുഭാഗത്തായി, വളരെ അകലേയല്ലാതെ, പച്ചക്കുന്നുകളുണ്ടെന്ന് അയാള്‍ക്ക് അനുഭവവേദ്യമാകും. മംഗളൂരുതുറമുഖത്തെത്തുമ്പോള്‍ അയാള്‍ പുതിയ ഭാഷകള്‍ കേള്‍ക്കുന്നു. കൂടാതെ, തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ കാണുന്നു. ഇതുവരെ ഉപദ്വീപിലെ നിവാസികളില്‍നിന്നും അയാള്‍ കേട്ട ഭാഷകളില്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നട, തുളു, ഏറക്കുറെ ഇതേ ക്രമത്തില്‍, എന്നിവയാണെന്ന് അയാളൊരുപക്ഷേ മനസ്സിലാക്കിയിരുന്നില്ല എന്നുവരാം.

ഗോവയിലെത്തുമ്പോള്‍, നമ്മുടെ യാത്രികന്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു പോര്‍ച്ചുഗീസ് നഗരമാണ് കാണുന്നത്. ഇവിടെ അയാള്‍ കേള്‍ക്കുന്ന ഭാഷകള്‍ പ്രധാനമായും മറാഠിയും കൊങ്കണിയുമാണ്. യാത്രികന്റെ കടല്‍യാത്രകള്‍ അവസാനിച്ചു. ഗോവയില്‍നിന്നും അയാള്‍ കരയാത്ര ആരംഭിക്കുകയായി. രണ്ടു തീരങ്ങള്‍ക്കും ഇടയിലുള്ള വിശാലമായ ഭൂവിഭാഗം വിലങ്ങനെ കടക്കാനുള്ള യാത്ര. ഈ പര്യടനം സുഖകരമോ അപകടരഹിതമോ അല്ല. ഇടുങ്ങിയ പാതകള്‍ മിക്കവാറും പര്‍വ്വതപ്രദേശങ്ങള്‍ക്കിടയിലൂടെയാണ്; എപ്പോഴും ദുര്‍ഘടംപിടിച്ചതും, ചിലപ്പോഴൊക്കെ മനുഷ്യരാലും മൃഗങ്ങളാലും ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുള്ളവയുമാണ്. കൂടാതെ അയാള്‍ സഞ്ചരിക്കുന്ന, എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്ന കാളവണ്ടിയാണെങ്കിലോ കിറുകിറാശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഇപ്പോള്‍ നിര്‍ഭയനായ നമ്മുടെ യാത്രികന്റെ യാത്രയാകട്ടെ വടക്കുകിഴക്കുദിശയിലാണ് പുരോഗമിക്കുന്നത്. അയാള്‍ ഗ്രാമങ്ങളിലൂടെയും ബിജാപുര്‍, ഗോല്‍കൊണ്ട, ഗുല്‍ബര്‍ഗ, വാറംഗല്‍- ഈ പ്രദേശങ്ങളിലെ സുല്‍ത്താന്മാരാണ് വിജയനഗരസാമ്രാജ്യത്തെ തോല്‍പ്പിക്കാനായി കൂട്ടുചേര്‍ന്നത്. എന്നാലിവര്‍ ഇപ്പോള്‍ പരസ്പരം സംശയിക്കുന്നു. അതില്‍ക്കൂടുതലായി അങ്ങു വടക്ക് ദൂരെക്കിടക്കുന്ന ഡല്‍ഹിയിലെ മുഗളന്മാരെ ഭയപ്പെടുന്നു- തുടങ്ങിയ മതിപ്പു തോന്നിപ്പിക്കുന്ന നഗരങ്ങളിലൂടെയും ദീര്‍ഘദൂരം നടക്കുന്നു. ഗോല്‍കൊണ്ടയില്‍ അയാള്‍ ഏതാനും തിളങ്ങുന്ന വൈരക്കല്ലുകള്‍ കാണുന്നു. വാറംഗലില്‍-പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ പതിനാലാം നൂറ്റാണ്ടുവരെ കാകതീയന്മാരാണ് ഇവിടം ഭരിച്ചിരുന്നത്- അയാള്‍ ബൃഹത്തായ ജലസംഭരണിയെ അതിശയത്തോടെ നോക്കുന്നു.
ഇവിടെ യാത്രികന്‍ ദിശ മാറ്റി യാത്ര തെക്കോട്ടാക്കുന്നു- ഉപദ്വീപിന്റെ കിഴക്കേ തീരത്തിനു സമാന്തരമായി ഒരു നീണ്ട യാത്ര. ഈ വഴിയില്‍ അയാള്‍ വിജയവാഡ, ഗുണ്ടൂര്‍, നെല്ലൂര്‍ എന്നീ സ്ഥലങ്ങളും, മഹാക്ഷേത്രനഗരങ്ങളായ തിരുപ്പതി, കാഞ്ചീപുരം എന്നിവയും, ജിങ്കിയെന്ന മലങ്കോട്ട, സമ്പന്നവും ജലസമൃദ്ധവുമായ തഞ്ചാവൂര്‍ (വളരെ പഴയ കാലത്ത് ചോളന്മാര്‍ ഭരിച്ചിരുന്നത് ഇവിടെനിന്നാണ്), പ്രശസ്തമായ മധുരൈ (മുന്‍ പാണ്ഡ്യന്മാരുടെ ആസ്ഥാനമായിരുന്നു ഇത്) എന്നിവയും കാണുന്നു. ഈ നീണ്ട കരയാത്രയില്‍ അയാള്‍ കേള്‍ക്കുന്ന ഭാഷകള്‍ വീണ്ടും മാറുന്നു. ആദ്യം ഗോവയിലെ കൊങ്കണിയില്‍നിന്ന് കന്നടയിലേക്കും, പിന്നെ കന്നടയില്‍നിന്ന് തെലുങ്കിലേക്കും, ഒടുവില്‍ തെലുങ്കില്‍നിന്ന് തമിഴിലേക്കും മാറുന്നു. എന്നാല്‍, തഞ്ചാവൂരിലെയും മധുരയിലെയും ഭരണവര്‍ഗ്ഗം തെലുങ്ക് സംസാരിക്കുന്നതായി കാണപ്പെട്ടു.
തദ്ദേശനിവാസിയോട് നമ്മുടെ യാത്രികന്‍ ചോദിച്ചുവെന്നിരിക്കട്ടെ, 'ആരാണ് നിങ്ങളുടെ ഭരണാധികാരി?' അയാള്‍ക്ക് പല ഉത്തരങ്ങളാണ് കിട്ടുക. ചിലര്‍ ഡല്‍ഹിയിലെ മുഗളരെക്കുറിച്ച് പറയുന്നു. കൂടുതല്‍പ്പേരും 'നമ്മുടെ നായക്,' അല്ലെങ്കില്‍ 'നമ്മുടെ സുല്‍ത്താന്‍' എന്നു പറയും. നായക്കിനും സുല്‍ത്താനും പേരുണ്ടായിരിക്കുകയില്ല. ആയിരത്തിയറുനൂറില്‍ ഉപദ്വീപിനു മൊത്തത്തില്‍ വ്യക്തമായ ഒരു ഭരണാധികാരി ഉണ്ടായിരുന്നില്ല.
മധുരയില്‍വെച്ച് നമ്മുടെ യാത്രികന്‍ വീണ്ടും തിരിയുന്നു, വടക്കുപടിഞ്ഞാറായി കോയമ്പത്തൂര്‍ ലാക്കാക്കി യാത്ര തുടരുന്നു, മറ്റൊരു വട്ടം ആരംഭിക്കുന്നു. ഇത്തവണ കുറച്ചുകൂടെ ചെറുതാണെന്നുമാത്രം. ഘടികാരദിശയില്‍ കോയമ്പത്തൂര്‍, ശ്രീരംഗപട്ടണം (പതിനൊന്നും പതിനാലും നൂറ്റാണ്ടുകള്‍ക്കിടയില്‍ ഹൊയ്‌സാലന്മാര്‍ ഭരിച്ചിരുന്നതിന് അധികമൊന്നും ദൂരേയല്ലാതെ), മടിക്കരൈ (കൂര്‍ഗികളുടെ പട്ടണം), പിന്നെ ഷിമോഗ എന്നിവയുള്‍പ്പെടുന്ന സ്ഥലങ്ങളില്‍ യാത്രികന്‍ തങ്ങുന്നുണ്ട്. ഷിമോഗയില്‍വെച്ച് അയാള്‍ വടക്കുകിഴക്കേ ദിശയിലേക്ക് തിരിയുന്നു. ഹംപിയിലും അതിനു ചുറ്റിലുമായും വിജയനഗര രാജാക്കന്മാരുടെ തകര്‍ക്കപ്പെട്ട കൊട്ടാരങ്ങള്‍ യാത്രികന്‍ കാണുന്നു- പതിനാല്, പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളില്‍ ഇവിടെനിന്നാണ് വിജയനഗരരാജാക്കന്മാര്‍ ഭരിച്ചിരുന്നത്. ബെല്ലാരിയില്‍വെച്ച് യാത്രികന്‍ വീണ്ടും ദിശ മാറ്റുന്നു. തെക്കുകിഴക്കായി കുര്‍ണൂലിലേക്കും കടപ്പയിലേക്കും യാത്ര ചെയ്യുന്നു. ഈ റൂട്ടിലും ഭാഷകള്‍ മാറുന്നുണ്ട്; തമിഴില്‍നിന്ന് കന്നട, കന്നടയില്‍നിന്നു കൊടവ, വീണ്ടും കന്നടയിലേക്കും അതില്‍നിന്നും തെലുങ്കിലേക്കും.
കടപ്പയില്‍നിന്ന് നമ്മുടെ യാത്രികന്‍ തെക്കുപടിഞ്ഞാറേക്ക്, അടുത്തിടെ സ്ഥാപിതമായ ബെംഗളൂരുവിലേക്ക് തിരിയുന്നു.
ബെംഗളൂരുവില്‍ ഒച്ചിന്റെ ആകൃതിയിലുള്ള ഈ യാത്ര അവസാനിക്കുന്നു. ഇത്രയൊക്കെയായിട്ടും നമ്മുടെ യാത്രികന്‍ ഇന്ത്യന്‍ ഉപദ്വീപിന്റെ തീരപ്രദേശത്തിന്റെയും ഉള്‍നാടുകളുടെയും ഒരു ഭാഗം മാത്രമാണ് കാണുന്നത്. ആയിരത്തിയറുനൂറു മുതല്‍ നമ്മുടെ കാലംവരെയുള്ള നാലു നൂറ്റാണ്ടിന്റെ കഥ, നാനാരൂപമായ ഉപദ്വീപിന്റെ സങ്കീര്‍ണ്ണമായ കഥ, പറയാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.
ദക്ഷിണേന്ത്യ എന്ന പേരില്‍ ഒരു രാഷ്ട്രീയമണ്ഡലം ഒരിക്കലും നിലനിന്നിരുന്നില്ലെങ്കില്‍ക്കൂടി, ഈ വിശദീകരണത്തിന് അര്‍ഹമായ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവും ഭൂരാഷ്ട്രപരവുമായ ഒരു ഇടം വളരെക്കാലം മുമ്പുതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. അങ്ങനെ ഡെക്കന്‍ അല്ലെങ്കില്‍ ഡെക്കാന്‍ (ദക്ഷിണ്‍ എന്ന സംസ്‌കൃതപദത്തില്‍നിന്ന്, അല്ലെങ്കില്‍ ദെക്കിന്‍ എന്ന പ്രാകൃതത്തില്‍നിന്ന്- തെക്ക് എന്നര്‍ത്ഥമുള്ളത്) അതിവിദൂരമല്ലാത്ത ഭൂതകാലത്ത് വ്യാപകമായി ഉപയോഗിച്ചുവന്ന ഒരു പദമാണ്. വിന്ധ്യപര്‍വ്വതത്തിനു തെക്കുള്ള പ്രദേശത്തെയാണ്-പതിനഞ്ചാം നൂറ്റാണ്ടില്‍ ഭാമനി സുല്‍ത്താനേറ്റും വിജയനഗരസാമ്രാജ്യവും ആധിപത്യം ചെലുത്തിയിരുന്ന മണ്ഡലം- ഇതു വ്യഞ്ജിപ്പിക്കുന്നത്.
ആയിരത്തിത്തൊള്ളായിരത്തിപ്പതിനെട്ടില്‍ മദ്രാസ് സര്‍വ്വകലാശാലയിലെ ചരിത്രത്തിന്റെയും പുരാവസ്തുശാസ്ത്രത്തിന്റെയും പ്രൊഫസറായിരുന്ന എസ്. കൃഷ്ണസ്വാമി അയ്യങ്കാര്‍ 'ദക്ഷിണേന്ത്യ-ഇന്ത്യന്‍ ചരിത്രത്തിലെ ഒരു വ്യതിരിക്ത അസ്തിത്വം' എന്നു പറയുകയുണ്ടായിട്ടുണ്ട്.2 അക്കാലംമുതല്‍ കന്നട, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി ഈ മണ്ഡലത്തിലെ മറ്റു സംസ്‌കാരങ്ങളുടെയും ചരിത്രത്തിന്റെയും വിവിധ വശങ്ങള്‍ വിവരിച്ചിട്ടുള്ള എണ്ണമറ്റകൃതികള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ദക്ഷിണഭാരതത്തെ മൊത്തം ഉള്‍ക്കൊണ്ട പണ്ഡിതന്മാര്‍ കുറവാണ്.

ഇവിടെ പറയാന്‍ ശ്രമിച്ചിരിക്കുന്ന ദക്ഷിണേന്ത്യന്‍കഥ സമുദ്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഒരു ഉപദ്വീപിന്റെ കഥയാണ്, ഹിമാലയത്താല്‍ സ്വാധീനിക്കപ്പെട്ട ഒന്നല്ല.
നാലു പ്രബലമായ സംസ്‌കാരങ്ങളുടെ-കന്നട, മലയാളം, തമിഴ്, തെലുങ്ക്-ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ പറയുകയാണെങ്കില്‍-വിവിധ ഭാവങ്ങളുടെ കഥയാണ്. എന്നാല്‍, അതില്‍ക്കൂടുതലായി കൊടക്, കൊങ്കണി, മറാഠി, ഒറിയ, തുളു സംസ്‌കാരങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല, പുരാതനവും പലപ്പോഴും 'ട്രൈബല്‍' എന്നു വിവക്ഷിക്കപ്പെടുന്ന കൂടുതല്‍ തദ്ദേശീയമായ സംസ്‌കാരങ്ങളും ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ ഉദയംകൊണ്ടതുമായ സംസ്‌കാരങ്ങളും ഈ സ്വാധീനങ്ങളില്‍പ്പെടും.
ദക്ഷിണേന്ത്യയുടെ മലയാളമണ്ഡലം (ആധുനികകാലത്തില്‍) മതത്തിന്റെ കാര്യത്തില്‍ ഏറ്റവും 'സമതുലിത'വും ഏറ്റവും സാക്ഷരവും, കന്നടമണ്ഡലം ഭൂമിശാസ്ത്രപരമായി ദക്ഷിണേന്ത്യയുടെ കേന്ദ്രഭാഗത്തെയും വിജയനഗരസാമ്രാജ്യത്തിന്റെയും ഹൈദരിന്റെയും ടിപ്പുവിന്റെയും സാമ്രാജ്യത്തിന്റെയും ആസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, തെലുങ്കുമണ്ഡലം ഏറ്റവും കൂടുതല്‍ ഭൂപ്രദേശവും ഏറ്റവും കൂടുതല്‍ ജനങ്ങളുമുള്ളതും, തമിഴ് മണ്ഡലം കൂടുതല്‍ ദ്രാവിഡവും ഏറ്റവും പുരാതനസാഹിത്യമുള്ളതുമായിരിക്കെ, ഈ നാലു മുഖ്യസംസ്‌കാരങ്ങള്‍ മത്സരസ്വഭാവമുള്ളതാണെന്നുള്ളത് ഒട്ടും ആകസ്മികമല്ല. എന്നാലവ പരിപൂരകങ്ങളുമാണ്.
ഇത് ദ്രാവിഡരെ സംബന്ധിച്ച കഥയാണ്. എന്നാല്‍ അതില്‍ക്കൂടുതലുമാണ്.
നാലു നൂറ്റാണ്ടുകളെ സംബന്ധിക്കുന്ന കഥയാണിത്-പതിനേഴ്, പതിനെട്ട്, പത്തൊമ്പത്, ഇരുപത് എന്നീ നൂറ്റാണ്ടുകള്‍. എങ്കിലും മറ്റു കാലഘട്ടങ്ങള്‍ കടന്നു വരുന്നുമുണ്ട്. തൊട്ടടുത്തുകിടക്കുന്ന പ്രദേശങ്ങളായ മഹാരാഷ്ട്രയിലെയും ഒഡിഷയിലെയും സംഭവവികാസങ്ങള്‍ ഈ കഥയില്‍നിന്നും വന്‍തോതില്‍ ഒഴിവാക്കിയിട്ടുണ്ട്. ഒരുതരത്തില്‍ ഈ ഒഴിവാക്കലുകള്‍ ഏകപക്ഷീയമാണ്. കാരണം, സാധാരണയായി മറാഠിലോകത്തെ ഡെക്കാനുമായി കൂട്ടിച്ചേര്‍ക്കലാണു പതിവ്. ഒറിയാലോകവും അടിക്കടി അതുമായി ഇടപെടലുകള്‍ നടത്താറുമുണ്ട്. കാലത്തിന്റെയും ദേശത്തിന്റെയും കര്‍ശനനിയമങ്ങളാണ് ഈ അസാന്നിദ്ധ്യങ്ങള്‍ക്കു കാരണം.
തെക്കോട്ടു നോക്കുന്ന ഒരു ഉത്തരേന്ത്യക്കാരന്‍ കാണുന്നത്, ഉപദ്വീപ് വീതികുറഞ്ഞ് നേര്‍ത്തുവന്ന് ഒരു ബിന്ദുവില്‍ കൂടിച്ചേരുന്ന, ഒടുവില്‍ ഇന്ത്യന്‍ഭൂപ്രദേശത്തിന്റെ രണ്ടു ഭാഗത്തുമുള്ള കടലുകള്‍ പരസ്പരം ആശ്ലേഷിക്കുന്ന, ഒരു ദൃശ്യമാണ്. വടക്കോട്ടു നോക്കുന്ന ഒരു ദക്ഷിണേന്ത്യക്കാരന്‍ കാണുന്നത്, ഉപദ്വീപ് വികസിക്കുന്ന കാഴ്ചയാണ്; ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും അന്യോന്യമുള്ള പ്രജ്ഞ നഷ്ടപ്പെട്ട്, വിസ്തീര്‍ണ്ണമാര്‍ന്ന വന്‍കരയില്‍നിന്നും വെവ്വേറെയായി പിരിഞ്ഞ് പിന്‍വാങ്ങുന്ന കാഴ്ച.
കിഴക്കോട്ടു പോകുമ്പോള്‍ ഉപദ്വീപിന്റെ കര വളരെ മൃദുവായി ചെരിയുകയും അതിന്റെ ഫലമായി അതിന്റെ പല നദികളും അറബിക്കടലില്‍ പതിക്കുന്നതിനു പകരം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയും ചെയ്യുന്നു. ഹിമാലയത്തെക്കാള്‍ പഴക്കമുള്ളതും പൊക്കം കുറഞ്ഞതുമായ ദക്ഷിണേന്ത്യന്‍ പര്‍വ്വതങ്ങള്‍, ഭൂപടത്തില്‍ കാണുമ്പോള്‍ രണ്ടു തീരങ്ങളെയും കെട്ടിപ്പിടിക്കുന്നതായി തോന്നും. പശ്ചിമഘട്ടം മലബാര്‍തീരത്തിന് സമാന്തരമായി ഏറക്കുറെ തുടര്‍ച്ചയായി രൂപപ്പെട്ടിരിക്കുമ്പോള്‍, പൂര്‍വ്വഘട്ടം കൂടുതല്‍ ചിതറിക്കിടക്കുന്നവയും എന്നാല്‍ കൊറമാന്‍ഡല്‍തീരത്തിന് സമാന്തരവുംകൂടിയാണ്.
കൂടുതല്‍ പ്രവചനാത്മകവും തുടര്‍ച്ചയുള്ളതും കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തുന്നതുമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ- സാധാരണയായി ജൂണ്‍മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇത് സജീവമാകാറുള്ളത്- പിടിച്ചുനിര്‍ത്തി ഉപദ്വീപിന് ആവശ്യമായ വെള്ളത്തിന്റെ വലിയൊരളവും പ്രദാനം ചെയ്യുന്നത് പശ്ചിമഘട്ടമാണ്. എന്നാല്‍ ഇതിനു വിപരീതമായി, വടക്കുകിഴക്കന്‍ മണ്‍സൂണാവട്ടെ, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങളില്‍ ഏതു സമയത്തും തോന്നിയതുപോലെ പെയ്‌തേക്കാം. കിഴക്കന്‍തീരത്ത് ക്രമമില്ലാതെ, എവിടെയെങ്കിലുമൊക്കെ കനത്ത മഴയും, തെക്കുഭാഗത്ത് ഇടിയും മിന്നലും, ചിലപ്പോഴൊക്കെ വെള്ളപ്പൊക്കവും കൊണ്ടുവരുന്നു. എന്നാല്‍ മണ്‍സൂണ്‍ വന്നില്ലെങ്കിലോ, പട്ടിണിയും.
ദക്ഷിണേന്ത്യ കൂടുതലും പീഠഭൂമിയാണ്. അതില്‍ ചില ഭാഗങ്ങളൊക്കെ ഊഷരവും കാലംകൊണ്ട് രൂപപ്പെട്ടതും. ഭൂഗുരുത്വത്താല്‍ അതിസൂക്ഷ്മമായി എന്നാല്‍, വീണുപോയേക്കാമെന്ന പ്രതീതി ജനിപ്പിക്കുന്ന വിധത്തില്‍ സൂചിമുനയിലെന്നോണം നില്‍ക്കുന്നതായ അതിഗംഭീരങ്ങളായ പാറകള്‍ മറക്കാനാവത്ത ദൃശ്യങ്ങളാണ് നല്‍കുക. ഉടനീളം പൂമരങ്ങള്‍, ഡെല്‍റ്റകളില്‍ നെല്‍പ്പാടങ്ങള്‍, അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള നനവാര്‍ന്ന മണ്ണുള്ള ഇടനാട്ടില്‍ സസ്യലതാദികള്‍, മരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, നദികള്‍, കടലുകള്‍.
തെക്കന്‍ സുഗന്ധങ്ങളെയും രുചികളെയും കുറിച്ച് എല്ലാവര്‍ക്കുമറിയാം: മുല്ലയും കാപ്പിയും, പുളിയും തേങ്ങയും, ദോശ, ഇഡ്ഡലി, അപ്പം, അതോടൊപ്പമുള്ള നാക്കിനെ പൊള്ളിക്കുന്നതാണെങ്കിലും വേണ്ടെന്നുവെക്കാന്‍ കഴിയാത്ത ഉപദംശങ്ങളും. വിളക്കുകള്‍, മണികള്‍, അമ്പലങ്ങള്‍, ചര്‍ച്ചുകള്‍, മുസ്ലിം പള്ളികള്‍, കണ്ണിനും കാതിനും ഇമ്പം നല്‍കുന്ന സംഗീതവും നൃത്തവും ഇവയൊക്കെയുമുണ്ട്.
കൂടാതെ, ഗൃഹസ്ഥകളുടെ, മീന്‍പിടിത്തക്കാരുടെ, തോണിക്കാരുടെ, നെയ്ത്തുകാരുടെ, ചെരിപ്പുകുത്തികളുടെ, മറ്റുതരത്തില്‍ അദ്ധ്വാനിക്കുന്നവരുടെയൊക്കെ ചലനങ്ങള്‍, ശബ്ദങ്ങള്‍ എല്ലാമുണ്ട്. ഇതിനൊക്കെ ഉപരിയായി ഇന്ന് ദക്ഷിണേന്ത്യ ഒന്നോ ഒന്നിലധികമോ പരസ്പരബന്ധിതമായ ഭാഷകള്‍ സംസാരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ആവാസസ്ഥലമാണ്. ഓരോ വ്യക്തിയും അനന്യമായ വിധത്തില്‍ ലോലഹൃദയനും നെഞ്ചുറപ്പുള്ളവനുമാണ്. എല്ലാവരും തങ്ങളില്‍ത്തങ്ങളിലും ഈ ലോകവുമായും ലളിതമോ അല്ലെങ്കില്‍ സങ്കീര്‍ണ്ണമോ ആയ ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തിക്കൊണ്ട് ജീവിക്കുന്നു. ദക്ഷിണേന്ത്യന്‍ ജീവിതത്തിന്റെ ഈ പഠനംകൊണ്ട് അവരുടെ പൊതുകഥയുടെ ഏതാനും അംശങ്ങള്‍ പിടിച്ചെടുക്കുക മാത്രമേ പ്രതീക്ഷിക്കാനാവൂ. എന്നാലും ഇന്നത്തെ ദക്ഷിണേന്ത്യ രൂപപ്പെട്ടതെങ്ങനെയെന്നതിന്റെ സൂചനകള്‍ വിശാലമായ രൂപത്തിലെങ്കിലും ലഭിച്ചാല്‍ ഭാഗ്യമായി.
കഥ കണ്ടെടുക്കുക എളുപ്പമല്ല. ഇന്നത്തെ ദക്ഷിണേന്ത്യക്കാരുടെ പതിനേഴ്, പതിനെട്ട്, പത്തൊമ്പത്, നൂറ്റാണ്ടുകളിലെ പൂര്‍വ്വികര്‍ വ്യക്തമായ രേഖകള്‍ അധികമൊന്നും അവശേഷിപ്പിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള രേഖകള്‍ അവശേഷിപ്പിക്കുകയോ അല്ലെങ്കില്‍ ശേഖരിച്ച് സൂക്ഷിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്ത ഇന്ത്യക്കാരും വിദേശീയരുമായ വ്യക്തികളോട് നമുക്ക് നന്ദിയുള്ളവരായിരിക്കാം. ഉദാഹരണത്തിന്, കൊറമാന്‍ഡല്‍തീരത്ത് ജീവിച്ചിരുന്ന ആനന്ദരംഗപിള്ളയെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്കറിയാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ഡയറികള്‍ ഒരു ഫ്രഞ്ചുകാരന്‍ സൂക്ഷിച്ചതുകൊണ്ടും പിന്നീട് ആ ഡയറികള്‍ ബ്രിട്ടീഷുകാര്‍ പ്രസിദ്ധീകരിച്ചതുകൊണ്ടും മാത്രമാണ്.
രണ്ടാമതൊരു ഉദാഹരണം നല്‍കുകയാണെങ്കില്‍, മധുരയില്‍വെച്ച് യൂസഫ് ഖാന്റെ മരണം നടന്നശേഷം ഒന്നര നൂറ്റാണ്ടു കഴിഞ്ഞ് സാമുവല്‍ ചാള്‍സ് ഹില്‍ എന്ന ബ്രിട്ടീഷുകാരന്‍ തമിഴ്‌നാട്ടിലും, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പേപ്പറുകളിലും (ലണ്ടനിലും മദ്രാസിലും), അവരുടെ സൈന്യത്തിലും അദ്ദേഹത്തിന്റെ ഗവേഷണം നടത്തിയില്ലായിരുന്നുവെങ്കില്‍, ഈ അസാധാരണ കഥാപാത്രത്തെക്കുറിച്ച് യാതൊന്നുംതന്നെ നമുക്ക് അറിയാന്‍ കഴിയുമായിരുന്നില്ല.
എസ്. മുത്തയ്യ വളരെ പ്രയാസപ്പെട്ടു നടത്തിയ ഗവേഷണങ്ങള്‍ (ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടുകള്‍) ചെന്നൈയുടെ ഭൂതകാലത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ വ്യാപാരി-ദ്വിഭാഷികളുടെ പിന്‍ഗാമികള്‍-ഫോര്‍ട്ട് സെന്റ് ജോര്‍ജ് ആരംഭിക്കുന്നതില്‍ വ്യാപാരി-ദ്വിഭാഷികളുടെ പങ്ക് കൂടുതല്‍ പ്രശസ്തരായ ബ്രിട്ടീഷ് പങ്കാളികളെക്കാള്‍ ഒട്ടും അപ്രധാനമല്ലാതിരുന്നിട്ടും- അവരുടെ ശ്രദ്ധേയരായ പൂര്‍വ്വികരെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
പഴയ സൈറ്റുകള്‍, ലിഖിതങ്ങള്‍, പഴമ്പാട്ടുകള്‍, അല്ലെങ്കില്‍ പഴയ നാണയങ്ങള്‍ എന്നിവയില്‍നിന്നും നഷ്ടപ്പെട്ട കഥകള്‍, നമ്മുടെ രാജ്യത്തെ നശിച്ചുകൊണ്ടിരിക്കുന്ന ആര്‍കൈവുകളിലെ പൊടിഞ്ഞുതുടങ്ങിയ ഫയലുകളുടെ അതിസൂക്ഷ്മമായ പഠനത്തിലൂടെ മറവിയുടെ ഭണ്ഡാരത്തില്‍നിന്നും പൊടിതട്ടിയെടുത്ത മറ്റു കഥകള്‍, ഇവ വീണ്ടെടുത്തവരോട് നമുക്ക് നന്ദിയുള്ളവരായിരിക്കാം.
ഭൂതകാലത്തെക്കുറിച്ചുള്ള മറഞ്ഞുകിടക്കുന്ന അറിവ് പുറത്തുകൊണ്ടുവരിക എന്നതല്ല ഈ കൃതികൊണ്ട് ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ത്തന്നെ ലഭ്യമായ വിവരങ്ങള്‍ വളരെയധികമാണ്; പര്യവേക്ഷണത്തെക്കാള്‍ വലിയ വെല്ലുവിളിയാണ് തിരഞ്ഞെടുപ്പ്. എങ്കിലും, അവഗണിക്കപ്പെട്ടുകിടക്കുന്ന ഏതാനും വിളക്കുകള്‍ തെളിയിച്ചുകൊണ്ട്, ആ വിളക്കുകളുടെ വെളിച്ചത്തില്‍ ലഭ്യമായ വസ്തുതകള്‍ പഠിക്കാമെന്നും, അങ്ങനെ പുതിയതായതെന്തെങ്കിലും നിരീക്ഷിക്കാന്‍ സാദ്ധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.
കന്നടക്കാരാണ് അല്ലെങ്കില്‍ മലയാളികളാണ്, തമിഴരാണ് അല്ലെങ്കില്‍ തെലുങ്കരാണ് എന്നതിനു പുറമേ, തങ്ങള്‍ ദക്ഷിണേന്ത്യക്കാരാണെന്നു കരുതുന്നവര്‍ ഏറെയുണ്ട്. അതുപോലെ ഇന്ത്യയുടെയും ലോകത്തിന്റെയും മറ്റു ഭാഗങ്ങളിലുള്ളവരില്‍ പലരും ചിലയാളുകളുടെ ഭാവങ്ങള്‍, ഭാഷകള്‍, പാട്ടുകള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള പലതും 'ദക്ഷിണേന്ത്യന്‍' ആണെന്നു തിരിച്ചറിയുന്നു. 'ദക്ഷിണേന്ത്യന്‍'വിളക്ക് തെളിയിക്കപ്പെടാനായി കാത്തിരിക്കുന്നു.
ദക്ഷിണേന്ത്യയുടെ വ്യത്യസ്ത സാംസ്‌കാരികവും ഭാഷാപരവുമായ ഖണ്ഡങ്ങള്‍ (മുകളില്‍ പറഞ്ഞ നാലെണ്ണം മാത്രമല്ല ഇതില്‍ പെടുന്നത്) പലപ്പോഴും ശരിയായ രീതിയിലല്ല, അല്ലെങ്കില്‍ പലപ്പോഴും പരസ്പരം എതിരഭിപ്രായമുണ്ടാകുന്ന രീതിയിലാണ് വിശദീകരിക്കപ്പെട്ടു പോരുന്നത്. 1850കളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്തമായ Comparative Grammar of South Indian Languages ന്റെ രണ്ടാം പതിപ്പില്‍ റോബര്‍ട്ട് കാള്‍ഡ്വല്‍ 'അദ്ഭുതകരമായ ചിന്താപദ്ധതികള്‍ വളര്‍ത്തിയ ഒരു ജനതയുടെ ബൗദ്ധികമായ കഴിവിനെ' അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ അതേസമയം ദക്ഷിണേന്ത്യയുടെ തദ്ദേശീയ പണ്ഡിതര്‍ 'അവരുടെ സ്വന്തം ഭാഷകളെ മറ്റു ഭാഷകളുമായി-ഒരേ കുടുംബത്തില്‍പ്പെടുന്ന ഭാഷകളുമായിപ്പോലും3 തുലനം ചെയ്തുനോക്കാന്‍ ഒരിക്കല്‍പ്പോലും ശ്രമിച്ചിട്ടില്ലെ'ന്ന് പരിതപിക്കുന്നുമുണ്ട്. കാള്‍ഡ്വലിന്റെ പഠനം ആദ്യം പ്രത്യക്ഷപ്പെട്ട് 150 കൊല്ലം കഴിഞ്ഞു. എങ്കിലും, ഈ രംഗത്ത് നാടകീയമായ മികവുകളൊന്നും ഉണ്ടായിട്ടില്ല. 'നിന്റെ അയല്‍ക്കാരനെ അറിയുക' എന്നതാണ് തെളിയിക്കാനായി കാത്തിരിക്കുന്ന രണ്ടാമത്തെ വിളക്ക്. ഒരുപക്ഷേ, ദക്ഷിണേന്ത്യന്‍ ചരിത്രത്തിന്റെ ഈയൊരു ചിത്രീകരണം ദക്ഷിണേന്ത്യക്കാര്‍ക്ക് പരസ്പരധാരണകളെ വളര്‍ത്താന്‍ കൂടുതലായി സഹായിച്ചേക്കാം. ഒരു പശ്ചാത്തലത്തിനായി, നാം മുന്‍കാലചരിത്രത്തെ ചുരുക്കത്തില്‍ മനസ്സിലാക്കണം. സാഹസികരായ ചോളന്മാരെയും പാണ്ഡ്യന്മാരെയും കുറിച്ച് അശോകന് അദ്ദേഹത്തിന്റെ ബി.സി.ഇ. കാലഘട്ടത്തില്‍ത്തന്നെ അറിവുണ്ടായിരുന്നു. ആറും ഏഴും നൂറ്റാണ്ടുകളിലാണ് പല്ലവന്മാര്‍ മാമല്ലപുരത്തെ പാറകളില്‍ വെട്ടിയ ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുന്നത്. അതിനുശേഷം വളരെക്കഴിഞ്ഞ് പതിമൂന്നാം നൂറ്റാണ്ടില്‍ യാദവന്മാര്‍ മറാഠിലോകവും കാകതീയന്മാര്‍ തെലുങ്കുലോകവും ഭരിച്ചു. കര്‍ണ്ണാടകദേശം ഹൊയ്‌സാലന്മാരുടെയും തമിഴുദേശം പാണ്ഡ്യന്മാരുടെയും ഭരണത്തിന്‍കീഴിലുമായിരുന്നു. മുമ്പ് ചേരന്മാര്‍ ഭരിച്ചിരുന്ന കേരളം സ്വന്തമായ നിലനില്‍പ്പിനായി കിണഞ്ഞു പരിശ്രമിച്ചു.
ദിഗ്വിജയികള്‍ക്ക് എല്ലായ്‌പോഴും ആകര്‍ഷണം ഹിമാലയത്തെക്കാള്‍ കന്യാകുമാരിയോടായിരുന്നു. ഉത്തരേന്ത്യയിലെ പല കൊതിക്കണ്ണുകളും തെക്കോട്ടേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. തെക്കുനിന്ന് വടക്കോട്ടേക്കുള്ള ആക്രമണങ്ങളെക്കാള്‍ വളരെക്കൂടുതലായിരുന്നു വടക്കുനിന്ന് തെക്കോട്ടേക്കുള്ളവ.
പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഡല്‍ഹിയിലെ തുര്‍ക്കിവംശജരായ ഭരണാധികാരികളുടെ കമാന്‍ഡര്‍മാരാല്‍ നയിക്കപ്പെട്ട സൈന്യങ്ങള്‍ ദക്ഷിണേന്ത്യയിലേക്ക് ജൈത്രയാത്ര നടത്തി, വഴിയിലുടനീളം പല രാജാക്കന്മാരെയും പരാജയപ്പെടുത്തിയും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നശിപ്പിച്ചും അവരുടെ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍, ദക്ഷിണേന്ത്യയില്‍ ഡല്‍ഹിയുടെ ഭരണം സ്ഥാപിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇതിനു പകരം ഉയര്‍ന്നുവന്നത് ഒരു സ്വതന്ത്ര ഡെക്കാന്‍ ഭാമനി സുല്‍ത്താനേറ്റായിരുന്നു. ആധുനിക കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ, ബിദാര്‍, ബിജാപൂര്‍, മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍, തെലുങ്കാനയിലെ ഗോല്‍കൊണ്ട (ഹൈദരാബാദ്) എന്നിവിടങ്ങളിലെ മുഖ്യന്മാരാല്‍ ഭരിക്കപ്പെടുന്ന അഞ്ചു വ്യതിരിക്ത യൂണിറ്റുകളായി പിരിഞ്ഞു.
ഭാമനിസാമ്രാജ്യങ്ങള്‍ക്കു തെക്കായി വിജയനഗരസാമ്രാജ്യം ഉയര്‍ന്നുവന്നു. ഇത് പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ഉന്നതിപ്രാപിച്ചു. വളര്‍ച്ചയുടെ കാലഘട്ടം മുഴുവന്‍ ഇതിന്റെ ഭരണകര്‍ത്തൃത്വം ഏറക്കുറെ ആധുനിക കര്‍ണ്ണാടകയിലെ ബെല്ലാരിപ്രദേശത്തുനിന്നാണ് നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളത്. ഈ സാമ്രാജ്യം 1565 വരെ നിലനിന്നു. 1565-ല്‍ ഭാമനിസുല്‍ത്താന്മാരുടെ ഒരു കോണ്‍ഫെഡറേഷന്‍ വിജയനഗരസാമ്രാജ്യത്തെ തകര്‍ത്തു.
പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍, ഔറംഗസീബ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അനേകവര്‍ഷങ്ങളും മുഗള്‍സാമ്രാജ്യത്തിന്റെ വിഭവങ്ങളില്‍ വലിയൊരു പങ്കും ഡെക്കാന്‍ സുല്‍ത്താനേറ്റിനെ കീഴ്‌പ്പെടുത്താനായി ഉപയോഗിച്ചതില്‍പ്പിന്നെയാണ് ദക്ഷിണേന്ത്യയുടെ വലിയൊരു ഭാഗം ഡല്‍ഹി ഭരണത്തിന്‍കീഴില്‍ വരുന്നത്. ഈ സമയമായപ്പോഴേക്ക് മറാഠികളും ദക്ഷിണേന്ത്യയിലേക്കുള്ള തള്ളിക്കയറ്റം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിലും പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു യൂറോപ്യന്‍ശക്തികളുടെ കടന്നുകയറ്റങ്ങള്‍. പരിപ്രേക്ഷ്യം നിലനിര്‍ത്തുന്നതിനായി, നാലു തീയതികള്‍ മനസ്സില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും:
1. 1498, കേരളത്തിന്റെ മലബാര്‍തീരത്ത് വാസ്‌കോ ഡ ഗാമ വന്നെത്തിയ കൊല്ലം.
2. 1565, കന്നടനാട്ടില്‍വെച്ച് തളിക്കോട്ടയുദ്ധത്തില്‍ പരാജയപ്പെട്ടശേഷം വിജയനഗരസാമ്രാജ്യത്തിന്റെ തകര്‍ച്ച ആരംഭിക്കുന്നു.
3. 1639, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൊറമാന്‍ഡല്‍തീരത്ത് സെന്റ് ജോര്‍ജ് ഫോര്‍ട്ടിന് തുടക്കമിടുന്നു.
4. 1687, ഗോല്‍കൊണ്ടയിലെ സ്വതന്ത്രഭരണാധികാരിയായ ഗോല്‍കൊണ്ടാസുല്‍ത്താനെ കീഴടങ്ങാന്‍ നിര്‍ബ്ബന്ധിച്ചുകൊണ്ട് അറംഗസീബ് ദക്ഷിണേന്ത്യയില്‍ മുഗള്‍ഭരണം അടിച്ചേല്‍പ്പിക്കുന്നു. ഇനിയിപ്പോള്‍ നമുക്ക് കഥ തുടങ്ങാം.
Content Highlights: Adhunika dakshinendia book excerpts, Rajmohan Gandhi, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..