-
ഒരിക്കൽ ആലപ്പുഴയിൽ ഷൂട്ടിങ്ങിനു ചെന്നപ്പോൾ രസകരമായൊരു സംഭവമുണ്ടായി. ഏ.സി. മുറികളും ഹാളുമൊക്കെയുള്ള വലിയൊരു വീട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. ഞാൻ മേക്കപ്പ് ചെയ്തു കഥാപാത്രത്തിന്റെ വേഷം ധരിച്ച് റെഡിയായി ഒരു മുറിയിലിരിക്കുന്നു. എല്ലാവരും അച്ചായാന്നു വിളിക്കുന്ന ഒരു നടനും അപ്പോൾ അവിടെയുണ്ട്. അയാൾ ഒരുങ്ങുന്നതേയുള്ളൂ. മേക്കപ്പിട്ട് കോസ്റ്റ്യൂം മാറിക്കൊണ്ടിരിക്കുമ്പോൾ, കോസ്റ്റ്യൂമറുടെ അസിസ്റ്റന്റ് ഒരു പയ്യൻ പുതിയ രണ്ടു ചെരുപ്പ് അച്ചായന് കൊണ്ടുവന്നുകൊടുത്തു. ചെരിപ്പ് കാലിലിട്ട് രണ്ടുചാല് അങ്ങോട്ടുമിങ്ങോട്ടും നടന്നു പാകമാണോയെന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി ഉറപ്പുവരുത്തിയിട്ട് അസിസ്റ്റന്റ് പയ്യനോട് അച്ചായൻ ചോദിച്ചു:
'ഇതുപോലത്തെ വേറെ ചെരുപ്പുണ്ടോ?'
'ഇല്ല സാർ.'
'ഇല്ലേ... ഇത് പൊട്ടിയാൽ എന്തു ചെയ്യും. എന്നെപ്പോലൊരു ആർട്ടിസ്റ്റിന് രണ്ട് ജോഡി ചെരുപ്പെങ്കിലും വാങ്ങിക്കണ്ടേ. എവിടെ തന്റെ ആശാൻ... ഇങ്ങ് വിളിച്ചേ...?'
സംഗതി എന്താണെന്നറിയാതെ കോസ്റ്റ്യൂമർ വളരെ വിനയത്തോടെ അച്ചായന്റെ മുന്നിൽ ഹാജരായി.
'എനിക്ക് ഇതല്ലാതെ വേറെ ചെരുപ്പ് വാങ്ങിയിട്ടുണ്ടോ?'
'ഉണ്ട് സാർ.'
'തന്റെ അസിസ്റ്റന്റ് ഇല്ലെന്നാണല്ലോ പറഞ്ഞത്.'
'അവനറിയാതെ പറഞ്ഞതാവും. സാറിന് വേറെ ചെരുപ്പ് വാങ്ങിയിട്ടുണ്ട്. ഞാനല്ലേ വാങ്ങിയത്.'
'എന്നാൽ കൊള്ളാം.'
അച്ചായൻ എഴുന്നേറ്റ് പുറത്തേക്കു പോയപ്പോൾ കോസ്റ്റ്യൂമർ അസിസ്റ്റന്റ് പയ്യനോട് തട്ടിക്കയറി.
'നീ എന്ത് പണിയാണ് കാണിച്ചത്. ആർട്ടിസ്റ്റുകൾ എന്തെങ്കിലും ചോദിച്ചാൽ ചാടിക്കേറി ഇല്ലെന്നാണോ പറയേണ്ടത്?'
'ചേട്ടാ ഞാൻ സത്യമല്ലേ പറഞ്ഞത്.'
'അതൊക്കെ ശരിയാണ്. പക്ഷേ, ഇവിടെ സത്യം പറയുമ്പോൾ സൂക്ഷിക്കണം. ഇതൊരു ചെറിയ സിനിമയാണെന്ന് നിനക്കറിയാമല്ലോ. ഒരാൾക്ക് രണ്ട് ജോഡി ചെരുപ്പ് വാങ്ങാനൊന്നും പ്രൊഡ്യൂസർ സമ്മതിക്കില്ല. ദൈവത്തെയോർത്ത് നീ എന്റെ പണി കളയരുത്. ആർട്ടിസ്റ്റുകൾ എന്തു ചോദിച്ചാലും ഉണ്ടെന്നേ പറയാവൂ, മനസ്സിലായോ...?'
'മനസ്സിലായി...'
ആശാനും ശിഷ്യനും തമ്മിൽ ധാരണയിലായി. അവരുടെ സംസാരം ഞാൻ കേട്ടതായി നടിച്ചില്ല. മുറിയിൽ കിടന്നിരുന്ന ഏതോ ഒരു വീക്കിലി എടുത്തു വെറുതേ മറിച്ചുനോക്കി കേൾക്കാത്തതുപോലെ ഇരിക്കുകയായിരുന്നു ഞാൻ. കുഴപ്പക്കാരനല്ലെന്നു തോന്നിയതുകൊണ്ടാവണം എന്റെ സാന്നിധ്യം കാര്യമാക്കാഞ്ഞത്.
ഉച്ചയ്‍ക്ക് ഏതാണ്ട് രണ്ടു മണിയായപ്പോഴേക്കും സംവിധായകൻ ലഞ്ച്ബ്രേക്ക് പറഞ്ഞു. എല്ലാവരും ഊണു കഴിക്കാൻ പോയി. കുറച്ചു കഴിഞ്ഞ് ഷൂട്ടിങ് വീണ്ടും തുടങ്ങാറായപ്പോൾ, മുഖം മിനുക്കാനായി മേക്കപ്പ്റൂമിൽ അച്ചായനെത്തി. പിന്നാലെ ഞാനും. രാവിലെ കോസ്റ്റ്യൂം അസിസ്റ്റന്റ് പയ്യൻ മേക്കപ്പ് റൂമിന്റെ ഒരു ഭാഗത്ത് ടേബിളിട്ട് തുണി ഇസ്തിരിയിടുന്നുണ്ടായിരുന്നു. അച്ചായൻ അവനെ കുറച്ചുനേരം സൂക്ഷിച്ചുനോക്കിയിട്ട് 'എടാ നീ ഇങ്ങ് വന്നേ...?'
ഇസ്തിരിയിടുന്നത് നിർത്തി ആ പയ്യൻ അച്ചായന്റെ മുന്നിലെത്തി.
അച്ചായൻ അവനെ മൊത്തത്തിലൊന്ന് ഉഴിഞ്ഞിട്ട്, 'നിനക്ക് വട്ടുണ്ടോ?'
'ഉണ്ട് സാർ.'
'നിന്റെ വീട്ടിൽ വേറെ ആർക്കെങ്കിലും?'
'ഉണ്ട് സാർ... അച്ഛനും അമ്മയ്‍ക്കും എല്ലാവർക്കുമുണ്ട്.'
'ങേ,' അച്ചായൻ ഞെട്ടിപ്പോയി. അച്ചായൻ മാത്രമല്ല കേട്ടവരും ഞെട്ടി. കൺട്രോൾ പോയി മേക്കപ്പ് കസേരയിൽനിന്നു ചാടിയെഴുന്നേറ്റ അച്ചായന്റെ മുഖം ചുവന്നുവലിഞ്ഞു.
'എവിടെടാ നിന്റെ ആശാൻ, പോയി വിളിച്ചോണ്ട് വാടാ...'
പയ്യൻ പോയി കോസ്റ്റ്യൂമറെ വിളിച്ചുകൊണ്ടുവന്നു.
'എന്താണ് സാർ, എന്തുപറ്റി...?'
'എടോ, ഈ വട്ടുള്ളവനെയാണോ പണിക്ക് വെച്ചിരിക്കുന്നത്?'
'സാർ അവന് വട്ടില്ല.'
'വട്ട് ഉണ്ടെന്ന് അവൻ പറഞ്ഞല്ലോ. അവനു മാത്രമല്ല കുടുംബക്കാർക്കും വട്ടുണ്ടെന്നാണല്ലോ പറഞ്ഞത്.'
'പിള്ളാരല്ലേ, വല്ല തമാശ പറഞ്ഞതായിരിക്കും. ഞാൻ അവനോടു ചോദിക്കാം.'
കോസ്റ്റ്യൂമർ ശിഷ്യനെ വിളിച്ചു, 'നീ എന്തൊക്കെയാണെടാ പറഞ്ഞത്. നിനക്കു വട്ടുണ്ടെന്ന് സാറിനോട് പറഞ്ഞായിരുന്നോ?'
'ഉവ്വ്. ചേട്ടനല്ലേ പറഞ്ഞത് ആർട്ടിസ്റ്റുകൾ എന്തു ചോദിച്ചാലും ഉണ്ടെന്നേ പറയാവൂന്ന്. എന്നോട് വട്ടുണ്ടോയെന്ന് ചോദിച്ചു, ഉണ്ടെന്ന് പറഞ്ഞു.'
'ഈശ്വരാ...' കോസ്റ്റ്യൂമർ തലയിൽ കൈവെച്ചുപോയി.
പക്ഷേ, അച്ചായൻ വിടുന്ന മട്ടില്ല.
'രണ്ടാളുംകൂടി എന്നെ കളിയാക്കിയതാണല്ലേ. ശരിയാവില്ല...'
സംഗതി വഷളായി. ഒച്ചയും ബഹളവും കേട്ട് ആളുകൾ കൂടി.
'കോസ്റ്റ്യൂമറെ ഇപ്പോൾ പിരിച്ചുവിടണം.' അച്ചായൻ നല്ല ചൂടിലാണ്. പ്രൊഡ്യൂസറും സംവിധായകനും ബഹളം കേട്ട് സംഭവസ്ഥലത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഒരുവിധത്തിൽ അച്ചായനെ സമാധാനപ്പെടുത്തി. രംഗം ശാന്തമായി. ആരുടെയും പണി പോയില്ല. ഷൂട്ടിങ് തുടരുകയും ചെയ്തു.
എല്ലാത്തിനും മൂകസാക്ഷിയായി ഞാൻ അവിടെ ഉണ്ടായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ച് കഴിഞ്ഞപ്പോൾ കോസ്റ്റ്യൂമറെ അടുത്തേക്കു വിളിച്ച് വളരെ രഹസ്യമായി ചോദിച്ചു:
'നിങ്ങൾ മൂന്നുപേരിൽ ആർക്കാണ് വട്ട്?'
'സുരാജേ, എല്ലാ മനുഷ്യർക്കും കുറേശ്ശ വട്ടുണ്ട്. അല്ലെങ്കിൽ ആരെങ്കിലും തനിച്ചിരുന്ന് സംസാരിക്വോ. ചിലര് ഒറ്റയ്‍ക്കിരുന്ന് പാട്ടുപാടുന്നതു കണ്ടിട്ടില്ലേ. പിന്നെ നിങ്ങളുടെയൊക്കെ ഇടയിൽ ജീവിച്ചുപോകണമെങ്കിൽ കുറച്ചു വട്ടില്ലാതെ പറ്റില്ലല്ലോ.'
അത് എനിക്കൊരു പുതിയ അറിവായിരുന്നു. ഓരോരുത്തരും ജോലി ചെയ്യുന്നു. ചെയ്യുന്നതെല്ലാം ശരിയായിക്കോളണമെന്നില്ല. തെറ്റു പറ്റാം. ഞാൻ ചെയ്യുന്നതു മാത്രമാണ് ശരിയെന്നു കരുതി മറ്റുള്ളവരുടെ കുറവുകളെ ചൂണ്ടിക്കാട്ടി ആക്ഷേപിക്കുന്ന സമീപനം ശരിയല്ല.
Content Highlights: actor Suraj Venjaramoodu book chirimayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..