നസീര്‍ എഴുതി: എനിക്കു പിണഞ്ഞത് സിലോണില്‍ വെച്ചായതുകൊണ്ട്, കളിയാക്കാന്‍ ആരും ഉണ്ടായിരുന്നില്ല!


'ഞാന്‍ ഈ കുഞ്ഞിന് ഗണേശനെന്ന് നാമകരണം ചെയ്തിരിക്കുന്നു.' അതു കേട്ടപാടെ സദസ്സാകെ പൊട്ടിച്ചിരിച്ചു.

പ്രേംനസീർ | Photo: David P.

പ്രേംനസീറിന്റെ ആത്മകഥയായ 'എന്റെ ജീവിത'ത്തിലെ എനിക്കു പിണഞ്ഞ അമളി എന്ന ഭാഗം വായിക്കാം;

ഒന്നിനു പുറകെ ഒന്നായി തമിഴ് ചിത്രങ്ങള്‍ പുറത്തുവന്നു. പ്രേംനസീര്‍ എന്ന നടന്‍ തമിഴ് ചലച്ചിത്രവേദയില്‍ പ്രശസ്തനായി. മുപ്പതോളം ചിത്രങ്ങള്‍ എന്റേതായി പുറത്തുവന്നുകഴിഞ്ഞു. തമിഴകത്തും തമിഴര്‍ അധികമായി താമസിക്കുന്ന സിലോണിലും എനിക്ക് ധാരാളം ആരാധകരുണ്ടായി. 1960-ല്‍ എനിക്ക് സിലോണ്‍ സന്ദര്‍ശിക്കാനുള്ള ഒരവസരമുണ്ടായി. സിലോണ്‍ ഗവണ്‍മെന്റിലെ ഒരു സെക്രട്ടറിയുടെയും അവിടത്തെ ഒരു പ്രധാന എസ്റ്റേറ്റ് ഉടമയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഞാന്‍ അങ്ങോട്ടു പോയത്.
വിമാനത്തിലായിരുന്നു യാത്ര.

കൊളമ്പു വിമാനത്താവളത്തില്‍ ഞാന്‍ ഇറങ്ങി. താവളം തിങ്ങിനിറഞ്ഞു ജനം. എന്റെ സന്ദര്‍ശനപരിപാടിക്ക് അവിടെ നല്ല പ്രചാരം കിട്ടിയെന്ന് ഞാനൂഹിച്ചു. പ്രേംനസീര്‍ എന്ന പ്രശസ്ത നടന്റെ മുഖം നേരില്‍ കാണാന്‍ വേണ്ടി ആരാധകവൃന്ദം വന്നുചേര്‍ന്നിരിക്കുകയാണ്. മന്ത്രിമാരും സ്ഥലത്തെ പ്രധാന ദിവ്യന്മാരും എന്നെ സത്കാരത്തിനു ക്ഷണിച്ചു. പലരും പരിചയപ്പെട്ടു. ആകെ പൊടിപൂരമായ സ്വീകരണം. ഇത്ര ഹൃദ്യമായ സ്വീകരണം സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചതേയില്ല.

അന്നാണ് അവിടുത്തെ ഒരു മുന്‍ മേയറുടെ മകളുടെ മകള്‍ പ്രസവിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് മുന്‍ മേയറും എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ചു. ദിവസവും രണ്ടും മൂന്നും സത്കാരങ്ങളാണ്. മുന്‍ മേയറുടെ ക്ഷണവും സ്വീകരിച്ചു. തന്റെ ചെറുമകളുടെ കുഞ്ഞിന് പേരുവിളിക്കുന്നത് ഞാനായിരിക്കണമെന്നുകൂടി മുന്‍ മേയര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജീവിതത്തില്‍ ആദ്യത്തെ സംഭവമാണ്. എന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ വീടുകളില്‍ എത്ര കുഞ്ഞുങ്ങള്‍ ജനിച്ചിരിക്കുന്നു. അവിടെയെങ്ങും കുഞ്ഞിന് പേരു വിളിക്കണമെന്ന് എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല. ഒരു നല്ല കാര്യമാണല്ലോ എന്നു കരുതി, മുന്‍ മേയറുടെ ചെറുമകളുടെ കുഞ്ഞിന് പേരുവിളിക്കുന്ന ചുമതല ഞാന്‍ ഏറ്റു.

ആദ്യം സത്കാരമായിരുന്നു. കുടുംബത്തിലുള്ള എല്ലാവരും നിരന്നിരുന്ന് ആഹാരം കഴിച്ചു. കുശലം പറഞ്ഞു. തമാശകള്‍ പൊട്ടിച്ചു. എന്റെ അഭിനയത്തെ പലരും വാഴ്ത്തി. എന്റെ ചിത്രങ്ങള്‍ പലവട്ടം കണ്ടവരുടെ അനുഭവവിവരണങ്ങള്‍ നടന്നു. ആകെ രസകരമായ അന്തരീക്ഷം. ആഹാരം കഴിഞ്ഞിരിക്കുമ്പോഴാണ് പേരിടല്‍ക്കര്‍മം നടത്തേണ്ടിയിരുന്നത്. മുന്‍ മേയറുടെ ഭാര്യ ചെറുമകളുടെ കുഞ്ഞിനെയും എടുത്തുകൊണ്ട് എന്റെ മുന്നിലേക്കു വന്നു.

പുസ്‌തകത്തിന്റെ കവര്‍

ഒരു വി.ഐ.പിയുടെ സര്‍വ ഗമയോടുംകൂടി അവിടെ കൂടിനിന്നവരുടെ മുന്നില്‍വെച്ച് ഞാന്‍ പേരിട്ടു, ഇങ്ങനെ:
'ഞാന്‍ ഈ കുഞ്ഞിന് ഗണേശനെന്ന് നാമകരണം ചെയ്തിരിക്കുന്നു.' അതു കേട്ടപാടെ സദസ്സാകെ പൊട്ടിച്ചിരിച്ചു. ഞാന്‍ എന്തു സംഭവിച്ചുവെന്നറിയാതെ അന്തംവിട്ടുനില്ക്കവേ കുഞ്ഞിന്റെ അമ്മൂമ്മയും അപ്പൂപ്പനും അച്ഛനും അടക്കമുള്ളവര്‍ പറഞ്ഞു:
'അയ്യോ! ഇതു പെണ്‍കുഞ്ഞാണ്-'
അതു കേട്ടപ്പോള്‍, കുഞ്ഞ് ആണോ പെണ്ണോയെന്നന്വേഷിക്കാതെ നാമകരണം ചെയ്ത എന്റെ വിഡ്ഢിത്തമോര്‍ത്ത് ഞാന്‍ വിഷണ്ണനായി. തുണിയില്‍ പൊതിഞ്ഞിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചറിയുക വിഷമമാണ്. വി.ഐ.പി. എന്ന നിലയില്‍ അതു ചോദിച്ചു മനസ്സിലാക്കുന്നത് ശരിയല്ലെന്നു കരുതി ചോദിച്ചതുമില്ല. കേറിയങ്ങ് നാമകരണം ചെയ്തു. പിണഞ്ഞ അമളിയില്‍നിന്ന് ഉല്‍ഭൂതമായ അമളി മറച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:
'എങ്കില്‍ പത്മിനിയെന്ന് നാമകരണം ചെയ്തിരിക്കുന്നു.'
എനിക്കു പറ്റിയ അമളിയോര്‍ത്ത് എല്ലാവരും ഒരിക്കല്‍ക്കൂടി ആര്‍ത്തുചിരിക്കവെ ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.

ഇതുപോലെ ചെറുതും വലുതമായ എത്രയെത്ര അമളികളാണ് ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. അമളി പിണയാത്ത മനുഷ്യന്‍ ഇല്ലെന്നതാണ് വസ്തുത. ഏറ്റവും രസകരമായ ഒരമളി ഇവിടെ പറഞ്ഞുവെന്നേയുള്ളൂ. സാധാരണയായി ആരും തങ്ങള്‍ക്കു പറ്റുന്ന അമളി എടുത്തുപറയാറില്ല. പത്തുപേരറിയേയാണ് ഒരമളി പിണയുന്നതെങ്കില്‍ കണ്ടുനില്ക്കുന്നവര്‍ പിന്നെ പലപ്പോഴും അതു പറഞ്ഞയാളെ കളിയാക്കിക്കൊണ്ടുമിരിക്കും. എനിക്കു പിണഞ്ഞത് സിലോണില്‍ വെച്ചായതുകൊണ്ട്, പിന്നീടെന്നെ കളിയാക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

Content Highlights: Premnaseer, Autobiography, Entejeevitham, Mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented