അധികം ഉയരമില്ലാത്ത മുഖത്തിന് മാംസളതയില്ലാത്ത മുരളി എന്ന ചെറുപ്പക്കാരനായിരുന്നു രാവണന്‍


കെ.സി. നാരായണന്‍തിരുവനന്തപുരം നാടകവേദിയുടെ മുഖ്യധാരയില്‍ മുരളി ഇല്ല. അജ്ഞാതനായ ഈ യുവാവിലെ വലിയ നടനെ തിരിച്ചറിഞ്ഞതും ലങ്കാലക്ഷ്മിയിലെ ദുഷ്‌കരമായ രാവണവേഷം അദ്ദേഹത്തിനുതന്നെ നിശ്ചയിച്ചതും നരേന്ദ്രപ്രസാദായിരുന്നു.

മുരളി

മലയാളത്തിന്റെ മഹാനടന്‍ ഭരത് മുരളിയുടെ ചരമദിനമാണ് ഓഗസ്റ്റ്‌ ആറ്. മുരളിയെ കുറിച്ച് കെ.സി. നാരായണന്‍ എഴുതിയ കുറിപ്പ് വായിക്കാം..

രു നാടക റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ചാണ് ഞാന്‍ നടന്‍ മുരളിയെ പരിചയപ്പെടുന്നത്. നടനെ പരിചയിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലത്തുവെച്ച്. 1984 നവംബര്‍ ഡിസംബര്‍ കാലത്ത് ഞാന്‍ തിരുവനന്തപുരത്തായിരുന്നു ജോലി ചെയ്തിരുന്നത്. താമസം കോട്ടയ്ക്കകത്താണെങ്കിലും മിക്ക വൈകുന്നേരങ്ങളിലും ജഗതിയില്‍ വി.പി. ശിവകുമാറിന്റെ വസതിയിലാണ് എത്തിച്ചേരുക. നരേന്ദ്രപ്രസാദും അന്ന് ശിവകുമാറിനോടൊപ്പമാണ് താമസിക്കുന്നത്. ശിവകുമാര്‍ പട്ടാമ്പിയില്‍നിന്നു തിരുവനന്തപുരത്തേക്ക് മാറ്റമായി വന്നിരിക്കയാണ്. ഏറെ അകലേയല്ലാതെ മറ്റൊരു പട്ടാമ്പിക്കാരനായ ദേശമംഗലം രാമകൃഷ്ണനുമുണ്ട്. പ്രസാദം നിറഞ്ഞതായിരുന്നു ആ വൈകുന്നേരങ്ങള്‍. അങ്ങനെ ഒരു വൈകുന്നേരം ശിവകുമാര്‍ ചോദിച്ചു: 'നമുക്കു പോകാം, പ്രസാദിന്റെ നാടകത്തിന്റെ റിഹേഴ്‌സല്‍ കാണണ്ടേ?' അട്ടക്കുളങ്ങര യു.പി. സ്‌കൂളിന്റെ മുറ്റത്ത്, നരേന്ദ്രപ്രസാദ് സംവിധാനം ചെയ്യുന്ന ലങ്കാലക്ഷ്മിയുടെ റിഹേഴ്‌സല്‍ തുടങ്ങിയിരിക്കുകയാണ്. അഞ്ചുമണിക്ക് നടന്മാര്‍ ഓഫീസുവിട്ടു വന്നിട്ടുവേണം ക്യാമ്പ് തുടങ്ങാന്‍. രാത്രി വൈകുംവരെ അതങ്ങനെ നീണ്ടുപോവും. നരേന്ദ്രപ്രസാദാകട്ടെ സൗപര്‍ണിക രചിക്കുകയും അവതരിപ്പിക്കുകയും ചെയ്തശേഷം പൂര്‍ണമായും നാടകസംവിധാനത്തിലേക്കു മാറിക്കഴിഞ്ഞിരുന്നു. 'നാട്യഗൃഹം' ആയിരുന്നു അദ്ദേഹത്തിന്റെ നാടകയോഗം. 'നാട്യഗൃഹം' ആയിടെ അവതരിപ്പിച്ച ചെറുകാടിന്റെ ശനിദശ എന്ന നോവലിന്റെ നാടകരൂപം ഞാന്‍ കണ്ടിട്ടുണ്ട്. എന്തായിരുന്നു ശനിദശതന്നെ തിരഞ്ഞെടുക്കാനുള്ള പ്രേരണ എന്ന് അന്നും എനിക്കു വ്യക്തമായിരുന്നില്ല. ശനിദശ കഴിഞ്ഞുള്ള നരേന്ദ്രപ്രസാദിന്റെ പ്രൊഡക്ഷനായിരുന്നു സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ മാസ്റ്റര്‍പീസായ ലങ്കാലക്ഷ്മി.

ലങ്കാലക്ഷ്മി ആദ്യമായിട്ടല്ല അരങ്ങില്‍ അവതരിപ്പിക്കുന്നത്. അന്നേക്ക് ഒരു പതിറ്റാറ്റാണ്ടു മുന്‍പ് 1975ല്‍ 'കേരളകവിത'യുടെ പാലക്കാട് സമ്മേളത്തില്‍വെച്ച് സി.എന്റെ നാടകത്രയമായ കാഞ്ചനസീതയും സാകേതവും ലങ്കാലക്ഷ്മിയും മൂന്നു ദിവസങ്ങളിലായി അവതരിപ്പിച്ചിരുന്നു. ടി.ആര്‍. സുകുമാരന്‍ നായര്‍, മാവേലിക്കര പൊന്നമ്മ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. പി.കെ. വേണുക്കുട്ടന്‍ നായരായിരുന്നോ സംവിധാനം? സംവിധാനത്തിന്റെയും പിന്നിലുള്ള സംവിധായകനായി അയ്യപ്പപ്പണിക്കര്‍ ഉടനീളമുണ്ടായിരുന്നു. അന്നത്തേതില്‍നിന്നു തീര്‍ത്തും ഭിന്നമായ ഒരു ലങ്കാലക്ഷ്മിയായിരുന്നു 'നാട്യഗൃഹ'ത്തിന്റെ രംഗപാഠം. രാവണനായി അഭിനയിക്കുന്നത് മുരളി എന്നൊരു ചെറുപ്പക്കാരനാണ്. കേരള യൂണിവേഴ്‌സിറ്റിയിലെ ഒരു ജോലിക്കാരന്‍. അപ്രസിദ്ധന്‍. ചെറുനാടകങ്ങളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ടാവാം. പക്ഷേ, തിരുവനന്തപുരം നാടകവേദിയുടെ മുഖ്യധാരയില്‍ മുരളി ഇല്ല. അജ്ഞാതനായ ഈ യുവാവിലെ വലിയ നടനെ തിരിച്ചറിഞ്ഞതും ലങ്കാലക്ഷ്മിയിലെ ദുഷ്‌കരമായ രാവണവേഷം അദ്ദേഹത്തിനുതന്നെ നിശ്ചയിച്ചതും നരേന്ദ്രപ്രസാദായിരുന്നു. ഉറപ്പിച്ചു പറയാം, നരേന്ദ്രപ്രസാദിന്റെ കണ്ടുപിടിത്തമായിരുന്നു നടന്‍ മുരളി.
അധികം ഉയരമില്ല മുരളിക്ക്. മാംസളത ഒട്ടുമില്ലാത്ത മുഖത്തിന് നല്ല കരുത്തും പേശീവലിവുമുണ്ട്. നെറ്റിയിലെ നീണ്ട മുറിവിന്റെ പാട് ആ മുഖത്തിന് ഒരു വിശേഷപരുഷബലം നല്കി. ദേഹത്തിന്റെ ഉയരക്കുറവിനെ വിസ്മരിപ്പിക്കുന്നതായിരുന്നു മുഖത്തിന്റെ ഈ ബലവും അതില്‍നിന്നു പുറത്തുവരുന്ന ശബ്ദവും. ശബ്ദമാണ് മുരളിയുടെ ഏറ്റവും വലിയ നാട്യവിഭവം. മുഴങ്ങാനും മൃദുവാകാനും വേണ്ട അനുനേയത അതിനുണ്ട്. മന്ദ്രസ്ഥായിയില്‍ അത് പ്രത്യേകം ആകര്‍ഷകമാണ്. മറ്റെന്തിനെക്കാളും ഈ ശബ്ദസിദ്ധിയാണ് മുരളിയെ രാവണവേഷത്തിന് അര്‍ഹനാക്കിയത് എന്നു തോന്നും. കാരണം, സി.എന്റെ ലങ്കാലക്ഷ്മിയിലെ രാവണന്‍ ശബ്ദത്തിന്റെ ഒരു പ്രത്യേക മാനം കൊണ്ടുകൂടി രൂപീകരിക്കപ്പെട്ട കഥാപാത്രമാണ്. സി.എന്നെ സംബന്ധിച്ചിടത്തോളം രാവണന്‍ മൂകനായാല്‍ രാവണനില്ല. ശബ്ദത്തിന്റെ അധികമാനം കുറഞ്ഞുപോകുമ്പോള്‍ നാടകത്തിന്റെ ശബ്ദാതീതമായ മാനം ചോര്‍ന്നുപോകുന്ന വിധത്തിലാണ് ലങ്കാലക്ഷ്മി രചിക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷേ, രാമായണത്തിലെ രാവണനുതന്നെ ഉള്ളതാവാം ശബ്ദവുമായുള്ള ഈ ബന്ധം. രാവണന്‍ എന്ന വാക്കിനുതന്നെ രവം സൃഷ്ടിക്കുന്നവന്‍ എന്നാണ് അര്‍ഥം. രാവണന്റെ പുത്രനാകട്ടെ മേഘഗര്‍ജനത്തിന്റെ നാദമുള്ളവന്‍ എന്ന അര്‍ഥത്തില്‍ മേഘനാദനാണ്. ഏറ്റവും വലിയ ശബ്ദങ്ങളെ പിടിച്ചെടുക്കാന്‍ കഴിവുള്ള കാതുകളോടുകൂടിയ കുംഭകര്‍ണനാണ് രാവണന്റെ സഹോദരന്‍. ശബ്ദത്തിന്റെ കുലമാണ് രാവണന്റെ കുടുംബം. ശാബ്ദമായ ഒരു സംവേദകത്വത്തിന്റെ ഉടമസ്ഥനായ സി.എന്‍. തന്റെ ഏറ്റവും നല്ല നാടകത്തിലെ മുഖ്യകഥാപാത്രമായി ഒരു ശബ്ദമൂര്‍ത്തിയെത്തന്നെ കണ്ടെത്തിയത് യാദൃച്ഛികമാവാന്‍ വഴിയില്ല. ലങ്കാലക്ഷ്മിയിലെ രാവണന്‍ ഘോഷാക്ഷരങ്ങള്‍കൊണ്ടു മാത്രം വിവരിക്കപ്പെടാവുന്ന ഒരു ബൃഹത്ശബ്ദപുരുഷനാണ്. സുഹൃത്തുക്കളും സഹഭടന്മാരും അധികാരവുമെല്ലാം നഷ്ടപ്പെട്ട് ഏകാകിയായി അവശേഷിച്ച രാവണന്‍ സ്വയം രചിച്ചു ചൊല്ലുന്ന 'ജടാകടാഹം' എന്ന ശിവസ്തുതിയില്‍ അദ്ദേഹം ഈ ശബ്ദത്തിലൂടെത്തന്നെ ഈശ്വരനെ സന്ദര്‍ശിക്കുകയാണ്. ലങ്കാലക്ഷ്മിയിലെ രാവണനിലുള്ള ഈ ശബ്ദക്കടലിനെ തന്റെ കണ്ഠത്തിലൂടെ ധ്വനിപ്പിക്കാന്‍ കഴിഞ്ഞതായിരുന്നു മുരളിയുടെ വിജയം. ഇതാ ഒരു വലിയ നടന്‍ പിറന്നുകഴിഞ്ഞു എന്ന് അന്നെല്ലാവര്‍ക്കും അറിവായി.

ലങ്കാലക്ഷ്മിയില്‍ രാവണനായി മുരളി

ഇച്ഛിച്ചാല്‍ ഉണ്ടാവാത്തത് എന്ന അര്‍ഥത്തില്‍ സഹജമാണ് അഭിനയസിദ്ധി. എന്നാല്‍ തനിക്കുള്ള ഈ സിദ്ധിയെ ചിട്ടയോടെ പരിശീലിപ്പിച്ചെടുക്കാന്‍ ലങ്കാലക്ഷ്മിയുടെയും ശനിദശയുടെയും കാലത്ത് മുരളി ഏറെ പരിശ്രമിച്ചിരുന്നു. കേരളത്തിലെ പരമ്പരാഗത ക്ലാസിക്കല്‍ തിയേറ്ററുകളായ കൂടിയാട്ടത്തിലെയും കഥകളിയിലെയും അഭിനയത്തിന്റെ ശൈലീവത്കരണങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം എന്നും 'മാര്‍ഗി'യില്‍ പോകുമായിരുന്നു. ഈ തിയേറ്ററുകളില്‍ പ്രധാനമാണ് മെയ്യിന്റെ വഴക്കം. മെയ്യ്, മുഖം, കണ്ണ്, കൈ, മനസ്സ് എന്നിങ്ങനെ അഭിനയത്തിന്റെ അംഗങ്ങളെല്ലാം അതില്‍ ഒരുപോലെ ഇണങ്ങണം, വഴങ്ങണം. മുഖത്തെ ഭാവം മുഖത്തു മാത്രം നിന്നാല്‍ പോരാ, ശരീരത്തില്‍ മുഴുവന്‍ വ്യാപിക്കണം എന്നാണ് കഥകളിയുടെ തത്ത്വം. ഇതിനായി 'മെയ്യു കണ്ണാകണം.' ഇങ്ങനെ മെയ്യ് കണ്ണാക്കുന്ന, മുഴുശരീരവത്കരണത്തിന്റെ പാഠ്യപദ്ധതിയാണ് കളരി. മുരളി മാര്‍ഗിയില്‍ പോയി പരമ്പരാഗതനാട്യം അഭ്യസിക്കുക മാത്രമല്ല, തിരുവനന്തപുരത്തെ കളരിയില്‍ ചെന്ന് അതിന്റെ ചലനമുറകളും പരിശീലിക്കുമായിരുന്നു. തന്റെ നടനം കുറ്റമറ്റതാക്കാന്‍ ഇത്രയധികം ഗൃഹപാഠം ചെയ്ത നടന്മാര്‍ അധികമുണ്ടാകാനിടയില്ല.

നാടകം കേരളത്തില്‍ ചലച്ചിത്രാഭിനയത്തിലേക്കുള്ള നേഴ്‌സറിയാണ്. മുരളി പതുക്കെ ചലച്ചിത്രങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങി. ഭരത് ഗോപി സംവിധാനം ചെയ്തതും എന്തുകൊണ്ടോ പുറത്തു വരാതെപോയതുമായ ഞാറ്റടിയാണ് മുരളി ചലച്ചിത്രലോകത്തിലേക്കു വെച്ച ആദ്യത്തെ കാല്‍. അരവിന്ദന്റെ ചിദംബരമാണ് രണ്ടാമത്തെ ചിത്രം. കേരളത്തില്‍ ചലച്ചിത്രനടന്മാരുടെ ഞാറ്റടിയും നേഴ്‌സറിയുമായി ഏറെക്കാലം നിലനിന്ന നാടകലോകം തിരുവനന്തപുരത്തേതായിരുന്നു. അത്രയും പഴമയുള്ള നാടകവേദി കേരളത്തില്‍ മറ്റിടങ്ങളില്‍ അധികമുണ്ടായിരുന്നില്ല. ഭരത് ഗോപി, കരമന ജനാര്‍ദനന്‍ നായര്‍, നെടുമുടി വേണു, ഗോപകുമാര്‍ എന്നിങ്ങനെ അതിവിദഗ്ധരായ ഒട്ടേറെ നടന്മാര്‍ ഇവിടെനിന്ന് ചലച്ചിത്രലോകത്തിലേക്കു വന്നവരാണ്. ഈ നാടകവേദിക്കാര്‍ക്കാവട്ടെ, സാഹിത്യവുമായും നല്ല ബന്ധമുണ്ടായിരുന്നു. ഭരത് ഗോപിയുടെയും ('പ്രസാധന ഗോപി' എന്നാണ് അന്നദ്ദേഹത്തിന്റെ പേര്. ജി. ശങ്കരപ്പിള്ളയ്ക്ക് പങ്കാളിത്തമുള്ള ഒരു ലിറ്റില്‍ തിയേറ്റര്‍ ഗ്രൂപ്പായിരുന്നു പ്രസാധന.) നെടുമുടി വേണുവിന്റെയും കവിതാലാപങ്ങള്‍ എഴുപതുകളില്‍ കേരളകവിതയുടെ പ്രകാശനയോഗങ്ങളിലെ അവിഭാജ്യഭാഗമായിരുന്നു. യോഗത്തിനുശേഷം നാടകാവതരണമാണ്. നാടകാവതരണത്തിലെ വേഷക്കാരും ഇവര്‍തന്നെയായിരിക്കും. അവനവന്‍കടമ്പയും ഒറ്റയാനും ദൈവത്താറും ഭഗവദ്ദജ്ജുകവുമെല്ലാം ഇങ്ങനെ കേരളകവിത തൊടുത്തുവിട്ട നാടകാവതരണങ്ങളായിരുന്നു. പുതിയ കവിതയ്ക്കായുള്ള പരിശ്രമങ്ങള്‍ പുതിയ നാടകപരിശ്രമങ്ങളുമായും, ചെറുമാസികകളുടെ പ്രവര്‍ത്തനം ചെറുതിയേറ്ററിന്റെ പ്രവര്‍ത്തനവുമായും കണ്ണിചേരുന്നവിധം ഒരു കവിതാനാടകഅഭിനയമുക്കൂട്ട് എഴുപതുകളിലെ കേരള സാഹിത്യകലാന്തരീക്ഷത്തിന്റെ ശക്തിയായിരുന്നു. ഈ മുക്കൂട്ടില്‍നിന്നു ചലച്ചിത്രത്തിലേക്കു വന്ന ആദ്യതലമുറനടന്മാരായിരുന്നു ഗോപിയും നെടുമുടി വേണുവും മറ്റും. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍, അപ്പോഴേക്കും ബലം കുറഞ്ഞുകഴിഞ്ഞ ആ മുക്കൂട്ടില്‍നിന്ന് ഒടുക്കം ചലച്ചിത്രത്തിലേക്കു വന്ന തലമുറയില്‍ പെടുന്നു മുരളി. മുരളിക്കുശേഷം ചലച്ചിത്രനടന്മാരെ നട്ടെടുക്കുന്ന നേഴ്‌സറി നാടകത്തില്‍നിന്നു മിമിക്രിയിലേക്കു മാറി, സ്ഥലം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും നീങ്ങി.

വാക്കും നാട്യവും സാഹിത്യവും അഭിനയവും കാവ്യവും നാടകവും തമ്മിലെ ഈ ബന്ധം മുരളിയുടെ അഭിനയത്തെ മാത്രമല്ല, എഴുത്തിനെയും നാട്യവിശകലനരീതിയെയും സ്വാധീനിക്കുന്നുണ്ട്. എഡ്വേഡ് ആല്‍ബിയുടെ സൂ സ്റ്റോറി മലയാളത്തിലേക്കു പരിഭാഷ ചെയ്തതിലൂടെ തന്റെ നാടകസങ്കല്പം അദ്ദേഹം നേരത്തേ വെളിവാക്കിയിരുന്നു. അഭിനയത്തിന്റെ രസതന്ത്രം എന്ന പേരില്‍ അഭിനയത്തെക്കുറിച്ചുള്ള ധാരണകളെ അദ്ദേഹം വിശകലനം ചെയ്ത് അവതരിപ്പിച്ചിട്ടുമുണ്ട്. ഒരുപടികൂടി കടന്ന് കാവ്യവിശകലനത്തെയും അഭിനയവിശകലനത്തെയും ഒന്നിച്ചുചേര്‍ത്ത് 'അഭിനേതാവും ആശാന്‍കവിതയും' എന്ന വേറൊരു ലേഖനവും അദ്ദേഹം രചിക്കുകയുണ്ടായി. ഒരു നടന്‍ കുമാരനാശാനെ വായിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന നാട്യാംശങ്ങളും അവ എങ്ങനെ കവിതയുടെ ശക്തിക്ക് കാരണമാകുന്നു എന്ന വിശദീകരണവും ചേര്‍ന്നതാണ് ഈ പ്രബന്ധം. അപൂര്‍വമായ ചില കാണാക്കാഴ്ചകള്‍ ഇതിലുണ്ട്. ഉദാഹരണത്തിന്, കരുണയിലെ മികച്ച പല കാവ്യമുഹൂര്‍ത്തങ്ങളും ആലേഖനം ചെയ്തിട്ടുള്ളത് അതിലെ കഥാപാത്രങ്ങളുടെ കണ്ണുകളിലാണ് എന്ന കണ്ടെത്തല്‍. മിഴിയും മൊഴിയും മെയ്യനക്കങ്ങളും അടങ്ങിയ ഒരു നാടകപാഠം കുമാരനാശാന്റെ കവിതകളില്‍ നിലീനമായിക്കിടക്കുന്നതിനെ കാണിച്ചുതരുന്ന ഈ അന്വേഷണം, നാട്യവും കാവ്യവും ഒരുപോലെ വഴങ്ങുന്ന ഒരാള്‍ക്കു മാത്രം നടത്താന്‍ കഴിയുന്നതാണ്. ഏതു പ്രവൃത്തിയിലും അഭിനയത്തിന്റെ സാധ്യത, ഏതു കര്‍മത്തിലും നാട്യകര്‍മത്തിന്റെ മാനം നടനത്തെ സദാ പിന്തുടര്‍ന്ന ഒരാളുടെ കാവ്യയാത്രയാണത്.
തൊണ്ണൂറുകള്‍ പോകപ്പോകെ മുരളി ചലച്ചിത്രങ്ങളിലെ തിരക്കുള്ള അഭിനേതാവായി മാറി. 2000 ആകുമ്പോഴേക്ക് മലയാളത്തിലും മറുഭാഷകളിലുമായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. രണ്ടുകൊല്ലത്തിലൊരിക്കല്‍ എന്ന ശരാശരിക്കണക്കില്‍ തന്റെ അഭിനയശേഷിക്കു പുരസ്‌കാരങ്ങള്‍ വാങ്ങി. 1990ല്‍ കേരള സര്‍ക്കാരിന്റെ പുരസ്‌കാരം മികച്ച സഹനടനുള്ളതായിരുന്നുവെങ്കില്‍ 1992ലും '96ലും '98ലും അത് മികച്ച നടനുള്ളതായി. നാലുവര്‍ഷം കഴിഞ്ഞ് 2002ല്‍ ഇന്ത്യയിലെതന്നെ ഏറ്റവും നല്ല ചലച്ചിത്രനടനുള്ള പുരസ്‌കാരവും മുരളിക്കു ലഭിച്ചു. പതിനേഴുകൊല്ലം മുന്‍പു കണ്ട അപ്രസിദ്ധനായ നടന്‍ മുരളി ഭരത് മുരളിയായി.

ചലച്ചിത്രത്തിരക്കില്‍ മുഴുവന്‍ മുങ്ങിയ അക്കാലത്ത് മുരളി ഒരിക്കല്‍ക്കൂടി തിരുവനന്തപുരത്തെ നാടകവേദിയിലേക്കു മടങ്ങിവന്നു; തന്റെ ആദ്യകാല നാടകമായ ലങ്കാലക്ഷ്മിയിലേക്കും അതിലെ രാവണവേഷത്തിലേക്കും. 1984ലെ അരങ്ങേറ്റത്തിനുശേഷം ഇരുപതോളം വര്‍ഷം കഴിഞ്ഞ് 2004ലായിരുന്നു അത്. സ്ഥലം തിരുവനന്തപുരംതന്നെ. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ ഇരുപത്തഞ്ചാം ചരമവര്‍ഷാചരണത്തിന്റെ ഭാഗമായിരുന്നു ആ അവതരണം. ലങ്കാലക്ഷ്മിയുടെ മുന്‍ അവതരണങ്ങളില്‍നിന്നെല്ലാം ഭിന്നമായിരുന്നു അത്. മുരളി മാത്രമേ രംഗത്തുണ്ടായിരുന്നുള്ളൂ. രാവണനായ മുരളി മറ്റു കഥാപാത്രങ്ങളുടെ ഭാഗങ്ങള്‍ പകര്‍ന്നാട്ടത്തിലൂടെ അഭിനയിക്കുകയായിരുന്നു. കുംഭകര്‍ണന്‍, സുപാര്‍ശ്വന്‍, മേഘനാദന്‍, വിഭീഷണന്‍, അംഗദന്‍ തുടങ്ങിയവരുടെ ഭാഷണങ്ങള്‍ വേഷവും ചമയവും മാറ്റാതെ ഏകാഹാര്യമായി ശബ്ദം മാറ്റി രാവണന്‍ അവതരിപ്പിച്ചു; കഥകളിയിലെ ബാലിവിജയത്തില്‍ രാവണന്‍ പാര്‍വതീവിരഹവും കൈലാസോദ്ധാരണവും ആടുമ്പോള്‍ ശിവന്റെയും പാര്‍വതിയുടെയും സാന്നിധ്യസംഭാഷണങ്ങള്‍ പകര്‍ന്നാടി അഭിനയിക്കുന്നതുപോലെ. ക്ലാസിക്കല്‍ തിയേറ്ററില്‍നിന്നു താന്‍ മുന്‍പു പഠിച്ച സങ്കേതങ്ങളെ നാടകത്തിലേക്ക് ആനയിക്കുകയായിരുന്നു മുരളി. വാദ്യനൃത്തഗീതങ്ങളില്‍ നിബദ്ധമായിരുന്നു ശൈലീവത്കൃതമായ ആ അഭിനയം. നൃത്തച്ചുവടുകള്‍ക്ക് പഴയ കളരിച്ചുവടുകളുടെ തുടര്‍ച്ച. നാടകത്തില്‍നിന്നും പുറത്തുനിന്നും പഠിച്ച എല്ലാ പാഠങ്ങളുടെയും സമാഹരണമായിരുന്നു മുരളിയുടെ അഭിനയം. ഏറ്റവും വലിയ നേട്ടം ശബ്ദക്രമീകരണത്തിലായിരുന്നു. പകര്‍ന്നാട്ടത്തില്‍ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവമനുസരിച്ച് ശബ്ദം വ്യത്യസ്തമായി. സൈന്യങ്ങള്‍ക്ക് ആജ്ഞ നല്കുമ്പോള്‍ അത് അധൃഷ്യമായി, മാല്യവാനോടു സംസാരിക്കുമ്പോള്‍ നിയന്ത്രിതമായി, വിഭീഷണനോടാവുമ്പോള്‍ തീക്ഷ്ണമെങ്കിലും സ്‌നേഹപൂര്‍ണമായി, മണ്ഡോദരിയോടു സംസാരിക്കുമ്പോള്‍ മൃദുവായി, അവനവനോടുതന്നെ സംസാരിക്കുമ്പോള്‍ അത് ചിന്താഭരിതവും സന്ദിഗ്ധവുമായി. ഭിന്നമായ സ്വരോന്നതികളിലൂടെ കയറിയുമിറങ്ങിയും മുരളിയുടെ ശബ്ദം: രാവണന്റെ ജീവിതപരിണാമത്തിനു മാധ്യമമായി. ഒടുവില്‍ ബന്ധുക്കളും അധികാരവുമറ്റ്, സഹചരന്മാരും സൈന്യവുമില്ലാതെ, മണ്ഡോദരിയുടെപോലും യഥാര്‍ഥ പിന്തുണ നഷ്ടപ്പെട്ട് ഏകനായി ശബ്ദത്തിലൂടെ ഈശ്വരനോടു സംവദിക്കുന്ന ശിവസ്തുതിയുടെ സന്ദര്‍ഭത്തില്‍ അത് ഗംഭീരമായ ദുരന്തധ്വനിയായി. ഒരു ശബ്ദമൂര്‍ത്തിയുടെ പതനത്തെ മുരളി തന്റെ കണ്ഠത്തിലൂടെ അവതരിപ്പിക്കുന്ന അസാധാരണദൃശ്യമായിരുന്നു അത്.

രണ്ടു പതിറ്റാണ്ടുകള്‍ക്കിടയ്ക്ക്, രണ്ടു ലങ്കാലക്ഷ്മികളുടെയും രണ്ടു രാവണവേഷങ്ങളുടെയും ഇടയ്ക്ക് മുതിര്‍ന്നു മൂപ്പെത്തിയ മുരളിയുടെ അഭിനയത്തിന്റെ സ്വഭാവം എന്താണ്? ആ നാടകത്തിലും ആ കഥാപാത്രത്തിലും എപ്പോഴും വെളിപ്പെടുന്ന ശൈവരുചിതന്നെയായിരിക്കാം അത്. ശബ്ദം, പരുഷത, കരുത്ത്, പരമ്പരാഗതമായ 'ഭംഗി'യില്‍നിന്നുള്ള മാറിനില്പ് എന്നിങ്ങനെ ആ രുചിയുടെ ലക്ഷണങ്ങള്‍ മുരളിയുടെ അഭിനയത്തില്‍ എന്നും പ്രവര്‍ത്തിക്കുന്നു. നാട്യം തന്നെയും ശൈവമാണ് എന്ന് അതിവ്യാപ്തിയുള്ള ഒരു സങ്കല്പമുണ്ട്. ലോകത്തെ ഒരു തിയേറ്ററാക്കുന്ന നടരാജന്റെ ചലനവേഗത്തില്‍നിന്നും ഡമരുവിന്റെ നാദമുഴക്കത്തില്‍നിന്നും രാവണനിലേക്കു പ്രസരിച്ച ആ ശൈവരുചിതന്നെയാണ് മുരളിയുടെ നടനത്തെയും പ്രാമാണികമാക്കുന്നത്. ലങ്കാലക്ഷ്മി കണ്ടിരിക്കുമ്പോള്‍ നാം ചോദിച്ചുപോകും, ഏത് ആസുരയുദ്ധത്തിലെ അങ്കക്കലയാണ് ഈ നടന്റെ നിടിലത്തില്‍ മായാതെ നീണ്ടുകിടക്കുന്നത്?

(മാതൃഭൂമി ബുക്‌സ് ഉടന്‍ പുറത്തിറക്കുന്ന കെ.സി. നാരായണന്റെ മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന പുസ്തകത്തില്‍ നിന്നും)

Content Highlights: actor murali death anniversary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented