ഒരേ വിശ്വാസസ്രോതസ്സാല്‍ പ്രചോദിതരായവരാണെന്ന് അവകാശപ്പെടുന്നവര്‍ തന്നെ എന്തിനാണ് തമ്മിൽതല്ലുന്നത്?


By മൗലാനാ അബുള്‍ കലാം ആസാദ്

17 min read
Read later
Print
Share

"മതം ഒരു സാര്‍വ്വലൗകികമായ സത്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെങ്കില്‍ വിവിധ മതങ്ങളെ പിന്തുടരുന്നവര്‍ക്കിടയില്‍ എങ്ങനെയാണ് വിഭിന്നതകളും വിയോജിപ്പുകളും ഉണ്ടാവുന്നത്?"

മൗലാനാ അബുൾ കലാം ആസാദ് | ഫയൽ ചിത്രം

മൗലാനാ അബുള്‍ കലാം ആസാദ് രചിച്ച 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' എന്ന പുസ്തകത്തിന്റെ ഒന്നാം വോള്യത്തിന്റെ മുഖവുര വായിക്കാം...

ബാബറുടെ കാലത്ത് ഹിറാത്തില്‍നിന്നും ഇന്ത്യയിലേക്കു വന്നവരായിരുന്നു എന്റെ പൂര്‍വ്വികര്‍. ഇവിടെ എത്തിയ അവര്‍ ആദ്യം ആഗ്രയില്‍ താമസമുറപ്പിക്കുകയും പിന്നീട് ഡല്‍ഹിയിലേക്കു മാറുകയും ചെയ്തു. എന്റെ പ്രപിതാമഹന്മാരില്‍ മിക്കവരും പണ്ഡിതന്മാരായിരുന്നു. അവരില്‍ പ്രമുഖനായിരുന്നു, അക്ബറുടെ കാലത്തു ജീവിച്ചിരുന്ന മൗലാന ജമാലുദ്ദീന്‍.

മതപരപരമായ കാര്യങ്ങളില്‍ ജ്ഞാനിയായ ഒരു ദിവ്യന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടത്. എന്നാല്‍ ജമാലുദ്ദീന്റെ കാലശേഷം എന്റെ കുടുംബക്കാര്‍ ആത്മീയവൃത്തങ്ങളില്‍നിന്നും പുറത്തുവരികയും രാജഭരണത്തിനു കീഴില്‍ ഔദ്യോഗികവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഴുകുകയും ചെയ്തു. അവരില്‍ പലരും രാജഭരണകാലത്ത് പ്രമുഖമായ പദവികള്‍ വഹിച്ചു. ഷാജഹാന്റെ ഭരണകാലത്ത് ആഗ്രാകോട്ടയുടെ ഗവര്‍ണര്‍പദവി അലങ്കരിച്ച മുഹമ്മദ് ഹാദി എന്റെ പൂര്‍വ്വികരില്‍ ഒരാളായിരുന്നു. എന്റെ പിതാവിന്റെ അമ്മയുടെ അച്ഛന്‍ മൗലാന മുനവറുദ്ദീന്‍ മുഗള്‍ഭരണകാലത്തെ അവസാന രുക്‌നുല്‍ മുദരസ്സീന്മാരില്‍ ഒരാളായിരുന്നു.

ഷാജഹാന്റെ കാലത്ത് നിലവില്‍ വന്ന പ്രമുഖമായ ഒരു ഔദ്യോഗികപദവിയായിരുന്നു രുക്‌നുല്‍ മുദരസ്സീന്‍. ജ്ഞാനാര്‍ജ്ജനത്തിന്റെയും പാണ്ഡിത്യത്തിന്റെയും മേഖലകളില്‍ രാജഭരണം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുക എന്നതായിരുന്നു രുക്‌നുല്‍ മുദരസ്സീന്റെ ചുമതല. ഒരര്‍ത്ഥത്തില്‍ ആധുനികകാലത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമാനമായ ഒരു പദവിയായിരുന്നു ഇത്. പണ്ഡിതന്മാര്‍ക്കും അദ്ധ്യാപകര്‍ക്കും ഭൂമിയും ബഹുമതികളും പെന്‍ഷനും പാരിതോഷികമായി നല്‍കാനുള്ള അധികാരം രുക്‌നുല്‍ മുദരസ്സീനുണ്ടായിരുന്നു. കാലക്രമത്തില്‍ മുഗള്‍ഭരണം ക്ഷയിച്ചുതുടങ്ങിയപ്പോഴും ഇത്തരം ഔദ്യോഗികപദവികള്‍ ഇളക്കം തട്ടാതെ തുടര്‍ന്നുവന്നു.

എന്റെ പിതാവ് മൗലാന ഖൈറുദ്ദീന് വളരെ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹത്തിന്റെ പിതാവിനെ നഷ്ടപ്പെട്ടു. അതുകൊണ്ട് മാതാവിന്റെ അച്ഛനായിരുന്നു അദ്ദേഹത്തെ വളര്‍ത്തിയത്. ഇന്ത്യയിലെ ഔദ്യോഗികകാര്യങ്ങളില്‍ മടുപ്പുതോന്നിത്തുടങ്ങിയതുമൂലം മൗലാന മുനവറുദ്ദീന്‍ മക്കയിലേക്കു കുടിയേറാന്‍ തീരുമാനിച്ചു. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇത്. എന്നാല്‍ ഭോപാലില്‍ എത്തുമ്പോള്‍ത്തന്നെ നവാബ് സിക്കന്തര്‍ ജഹാന ബീഗം അദ്ദേഹത്തെ പിടികൂടി ജയിലിലടച്ചു. ഇതിനിടെ കലാപം പൊട്ടിപ്പുറപ്പെട്ടു.

ഒരുതരത്തിലും മുന്നോട്ടുനീങ്ങാന്‍ കഴിയാത്തവിധം രണ്ടുവര്‍ഷക്കാലം അദ്ദേഹത്തിന് അവിടെത്തന്നെ കഴിയേണ്ടിവന്നു. പിന്നീട് ബോംബെവരെ എത്താനായെങ്കിലും മക്ക എന്ന ലക്ഷ്യത്തിലേക്കുള്ള വഴിമുടക്കിയായി മരണം അദ്ദേഹത്തെ തേടിവന്നു. എന്റെ പിതാവിന് അപ്പോള്‍ പ്രായം ഇരുപത്തിയഞ്ച്. അദ്ദേഹം മക്കയിലേക്കു പോവുകയും സ്വപ്രയത്‌നത്തില്‍ അവിടെ ഒരു വീടുവെച്ച് താമസമാക്കുകയും ചെയ്തു. പിന്നീട്, അദ്ദേഹം ഷെയ്ഖ് മുഹമ്മദ് സഹ്ര് വത്രി എന്നയാളുടെ മകളെ വിവാഹം കഴിച്ചു. ഷെയ്ഖ് മുഹമ്മദ് സഹ്ര് മദീനയിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തി അറേബ്യക്കപ്പുറത്തേക്കും വ്യാപിച്ചു നിന്നു.

പത്തു വോള്യങ്ങളുള്ള ഒരു അറബിക് ഗ്രന്ഥം രചിച്ചതിനെത്തുടര്‍ന്ന് എന്റെ പിതാവും ഇസ്ലാമികലോകത്ത് പ്രശസ്തനായിത്തീര്‍ന്നു. ഈജിപ്തില്‍ വെച്ചായിരുന്നു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത്. മക്കയില്‍നിന്നും നിരവധി തവണ അദ്ദേഹം ബോംബെയിലേക്കു വരികയുണ്ടായി. ഒരിക്കല്‍ കല്‍ക്കത്തയും സന്ദര്‍ശിച്ചു. ഈ രണ്ടു സ്ഥലങ്ങളില്‍ അദ്ദേഹത്തിന് നിരവധി ശിഷ്യരും ആരാധകരും ഉണ്ടായി.

പുസ്തകത്തിന്റെ കവര്‍

നഹര്‍ സുബൈദ എന്ന കനാല്‍ മക്കയിലെ സാധാരണജനങ്ങള്‍ ആശ്രയിച്ചിരുന്ന ഒരു ജലസ്രോതസ്സായിരുന്നു. ഖലീഫ ഹാറൂന്‍ അല്‍ റഷീദിന്റെ ഭാര്യ ബീഗം സുബൈദ ആയിരുന്നു ഇത് നിര്‍മ്മിച്ചത്. കാലക്രമത്തില്‍ ഈ കനാല്‍ നാശോന്മുഖമായിത്തീരുകയും നഗരത്തില്‍ കടുത്ത ജലക്ഷാമം ഉണ്ടാവുകയും ചെയ്തു. ഹജ്ജിന്റെ സമയത്താണ് ജലക്ഷാമം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുക.

തീര്‍ത്ഥാടകര്‍ ജലം കിട്ടാതെ വലയുന്ന സ്ഥിതിവിശേഷം ഉണ്ടായി. എന്റെ പിതാവ് ഈ കനാല്‍ പുനരുദ്ധരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങി. അതിനായി അദ്ദേഹം ഇന്ത്യ, ഈജിപ്ത്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്ന് ഇരുപതുലക്ഷം രൂപ പിരിച്ചെടുത്തു. കനാല്‍ പൂര്‍വ്വസ്ഥിതിയിലേക്കു കൊണ്ടുവരുന്നതിന് മുന്‍കൈ എടുത്തതില്‍ സന്തുഷ്ടനായ അന്നത്തെ തുര്‍ക്കിസുല്‍ത്താല്‍ അബ്ദുല്‍ മജീദ് എന്റെ പിതാവിന് അവിടുത്തെ ഉന്നത ബഹുമതിയായ മജീദി മെഡല്‍ സമ്മാനിച്ചു.

1888ലാണ് ഞാന്‍ ജനിക്കുന്നത്. 1890-ല്‍ കുടുംബത്തോടുകൂടി കല്‍ക്കത്തയിലേക്കു വരാന്‍ എന്റെ പിതാവ് നിര്‍ബ്ബന്ധിതനായിത്തീര്‍ന്നു. കുറച്ചു കാലങ്ങള്‍ക്കു മുമ്പ് ജിദ്ദയില്‍വെച്ചുണ്ടായ ഒരു വീഴ്ചയില്‍ അദ്ദേഹത്തിന്റെ കാലിലെ അസ്ഥിക്ക് തകരാറു സംഭവിച്ചിരുന്നു. ചികിത്സയില്‍ അത് ഏറക്കുറെ ഭേദമായെങ്കിലും കാലിന്റെ പൂര്‍വ്വസ്ഥിതി പൂര്‍ണ്ണമായും വീണ്ടെടുക്കാനായില്ല.

കല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധരാണെന്നും അവരുടെ സേവനം സ്വീകരിക്കുന്നത് നന്നായിരിക്കുമെന്നും ചിലര്‍ ഉപദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കല്‍ക്കത്തയിലേക്കു വന്നു. കുറച്ചുകാലം ഇവിടെ താമസിച്ച് തിരിച്ചുപോവാന്‍ ഉദ്ദേശിച്ചാണ് വന്നതെങ്കിലും ശിഷ്യരും ആരാധകരും അദ്ദേഹത്തെ അതിനു സമ്മതിച്ചില്ല. ഒരു വര്‍ഷത്തിനുശേഷം പിതാവ് ഞങ്ങളെയും കല്‍ക്കത്തയിലേക്കു കൊണ്ടുവന്നു. എന്റെ മാതാവ് മരണപ്പെട്ടത് അവിടെ വെച്ചായിരുന്നു. കല്‍ക്കത്തയില്‍ത്തന്നെയാണ് അവരെ സംസ്‌കരിച്ചതും.

പഴയ മാമൂലുകളിലൊക്കെ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു എന്റെ പിതാവ്. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസത്തോട് അദ്ദേഹം വിയോജിപ്പു പ്രകടിപ്പിച്ചു. എനിക്ക് ആധുനികരീതിയിലുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം വിമുഖനായിരുന്നു. ആധുനിക വിദ്യാഭ്യാസസമ്പ്രദായം മതവിശ്വാസത്തെ തകര്‍ക്കും എന്നു കരുതിയ അദ്ദേഹം പാരമ്പര്യരീതിയിലുള്ള വിദ്യാഭ്യാസമാണ് എനിക്കു നല്‍കിയത്. ആണ്‍കുട്ടികളെ ആദ്യം പേര്‍ഷ്യനും പിന്നെ അറബി ഭാഷയും പഠിപ്പിക്കുക എന്നതായിരുന്നു അക്കാലത്ത് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ നിലനിന്ന ബോധനസമ്പ്രദായം.

ഭാഷയില്‍ അല്‍പ്പം പ്രാവീണ്യം നേടിക്കഴിഞ്ഞാല്‍ പിന്നെ അവരെ തത്ത്വചിന്തയും ജ്യോമട്രിയും ഗണിതവും ആള്‍ജിബ്രയും പ്രത്യേകമായി അഭ്യസിപ്പിക്കും. ഇസ്ലാമിക ദൈവശാസ്ത്രം അക്കാലത്തെ മുസ്ലിം വിദ്യാഭ്യാസത്തിന്റെ സുപ്രധാനമായ ഭാഗമായിരുന്നു. എന്റെ പിതാവ് എന്നെ മദ്രസയില്‍ അയച്ച് പഠിപ്പിക്കാന്‍ താത്പര്യപ്പെട്ടിരുന്നില്ല. പകരം അദ്ദേഹം എന്നെ വീട്ടിലിരുത്തി പഠിപ്പിച്ചു. അക്കാലത്ത് പ്രഗല്ഭനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസകേന്ദ്രമായിരുന്നു കല്‍ക്കത്ത മദ്രസ. പക്ഷേ അദ്ദേഹത്തിന് അതിനെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്നില്ല. തുടക്കത്തില്‍ പിതാവുതന്നെയായിരുന്നു എന്റെ ഗുരു. പിന്നീട് വിവിധ വിഷയങ്ങള്‍ക്കായി വിവിധ അദ്ധ്യാപകരെ ചുമതലപ്പെടുത്തി. ഓരോ വിഷയത്തിലും പ്രാവീണ്യരായ ആളുകളെത്തന്നെ എന്റെ അദ്ധ്യാപകരായി നിയോഗിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു.

അക്കാലത്ത് പരമ്പരാഗതമായി വിദ്യ അഭ്യസിച്ചിരുന്ന കുട്ടികള്‍ സാധാരണഗതിയില്‍ 20-25 വയസ്സിനിടയില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു. ഈ കാലയളവില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിച്ച വിഷയങ്ങളില്‍ മറ്റു കുട്ടികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ട് അവരുടെ മികവ് തെളിയിക്കേണ്ടതുണ്ടായിരുന്നു. പതിനാറാമത്തെ വയസ്സോടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ എനിക്കു കഴിഞ്ഞു. പിതാവ് ക്ഷണിച്ചുവരുത്തിയ പതിനഞ്ചു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ ഗണിതത്തിലും തത്ത്വചിന്തയിലും തര്‍ക്കശാസ്ത്രത്തിലും ക്ലാസ് എടുത്തു കാണിച്ച് ഞാന്‍ എന്റെ പ്രാഗല്ഭ്യം തെളിയിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് സര്‍ സയ്യദ് അഹമ്മദ് ഖാന്റെ രചനകള്‍ വായിക്കാനുള്ള അവസരം എനിക്കു ലഭിച്ചത്.

ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളില്‍ ഞാന്‍ ആകൃഷ്ടനായി. ആധുനികശാസ്ത്രവും തത്ത്വചിന്തയും സാഹിത്യവും പഠിച്ചില്ലെങ്കില്‍ പുതിയ കാലത്ത് ഒരാളുടെ വിദ്യാഭ്യാസം അപൂര്‍ണ്ണമായിത്തീരുമെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാന്‍ ഇതെന്നെ സഹായിച്ചു. എന്തുതന്നെ ആയാലും ഇംഗ്ലീഷ് പഠിക്കണം; ഞാനുറപ്പിച്ചു. അക്കാലത്ത് ഓറിയന്റല്‍ കോഴ്‌സ് ഓഫ് സ്റ്റഡീസിന്റെ ചീഫ് എക്‌സാമിനറായിരുന്ന മൗലവി മുഹമ്മദ് യൂസഫ് ജഫ്രിയുമായി ഞാനിക്കാര്യം സംസാരിച്ചു. അദ്ദേഹം എന്നെ ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കുകയും പിയറി ചരന്‍ സര്‍ക്കാരിന്റെ പുസ്തകം വായിക്കാന്‍ തരികയും ചെയ്തു.

ഭാഷയില്‍ അല്‍പ്പസ്വല്‍പ്പം പ്രാവീണ്യമുണ്ടായിത്തുടങ്ങിയതോടെ ഞാന്‍ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. ആ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഉറുദു വ്യാഖ്യാനങ്ങള്‍ സംഘടിപ്പിക്കുകയും വായിക്കുകയും ചെയ്തു. നിഘണ്ടുവിന്റെ സഹായത്തോടെ ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കാനും ശ്രമിച്ചു. ഈ രീതിയില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതില്‍ ഞാന്‍ ആത്മവിശ്വാസം നേടിയെടുത്തു. അതോടൊപ്പം തന്നെ ചരിത്രവും തത്ത്വചിന്തയും പഠിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

എന്നെ സംബന്ധിച്ചിടത്തോളം കടുത്ത മാനസികസംഘര്‍ഷങ്ങളുടെ കാലമായിരുന്നു ഇത്. മതപാരമ്പര്യം എന്റെ കുടുംബപശ്ചാത്തലത്തില്‍ ആഴത്തില്‍ വേരോടിക്കിടന്നിരുന്നു. പരമ്പരാഗതജീവിതത്തിന്റെ കീഴ്‌വഴക്കങ്ങള്‍ അവിടെ ചോദ്യം ചെയ്യാതെ സ്വീകരിക്കപ്പെട്ടു. യാഥാസ്ഥിതികത്വത്തിന്റെ വഴികളില്‍നിന്നും ഒരു കാരണവശാലും വ്യതിചലിക്കാതിരിക്കാന്‍ സദാ ജാഗരൂകമായിരുന്നു എന്റെ കുടുംബം. പക്ഷേ എനിക്ക് അതിന്റെ വഴികളോടു പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല.

പരമ്പരാഗതമായി നിലനിന്നുപോന്ന വിശ്വാസാനുഷ്ഠാനങ്ങളുടെ ലോകത്തുനിന്നും കുതിച്ചോടാന്‍ വെമ്പുന്ന ഒരു വിമതാവബോധം എന്റെ ഹൃദയത്തില്‍ നിറഞ്ഞുകവിഞ്ഞു. കുടുംബത്തിന്റെ വളര്‍ത്തല്‍ ചുറ്റുപാടുകളില്‍നിന്നും കുട്ടിക്കാലത്തെ വിദ്യാഭ്യാസത്തില്‍നിന്നും ലഭിച്ച ആശയങ്ങളും അറിവുകളും എന്നെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല. എന്റെ സത്യാന്വേഷണത്തിനായുള്ള വഴികള്‍ ഞാന്‍ തന്നെയാണ് കണ്ടെത്തേണ്ടത്. ബോധപൂര്‍വ്വമല്ലാത്ത ഒരു ആന്തരികചോദനയ്ക്ക് വശംവദനായിട്ടെന്നവണ്ണം ഞാന്‍ എന്റെ കുടുംബത്തിന്റെ ഭ്രമണമാര്‍ഗ്ഗങ്ങളില്‍നിന്നും പുറത്തുകടന്ന് എന്റേതായ മാര്‍ഗ്ഗത്തില്‍ ചലിക്കുവാനുള്ള ശ്രമം ആരംഭിച്ചു.

അക്കാലത്ത് മുസ്ലിംസമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന അഭിപ്രായഭിന്നതകളും വടംവലികളും എന്നെ വല്ലാതെ അലട്ടിയിരുന്നു. തങ്ങളെല്ലാം ഒരേ വിശ്വാസസ്രോതസ്സിനാല്‍ പ്രചോദിതരായവരാണ് എന്ന് അവകാശപ്പെടുന്നവര്‍ തന്നെ എന്തിനാണ് ഇങ്ങനെ തമ്മില്‍ തല്ലുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിലെ ആളുകളെ തെറ്റുകാരെന്നും ദൈവനിഷേധികളെന്നും മുദ്രയടിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല.

യാഥാസ്ഥിതിക ചേരികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മതത്തെക്കുറിച്ചുതന്നെ സംശയം തോന്നുന്നിടത്തേക്ക് എന്നെ കൊണ്ടുചെന്നെത്തിച്ചു. മതം ഒരു സാര്‍വ്വലൗകികമായ സത്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെങ്കില്‍ വിവിധ മതങ്ങളെ പിന്തുടരുന്നവര്‍ക്കിടയില്‍ എങ്ങനെയാണ് വിഭിന്നതകളും വിയോജിപ്പുകളും ഉണ്ടാവുന്നത്? ഓരോ മതവും സത്യത്തിന്റെ ഭണ്ഡാരസൂക്ഷിപ്പുകാര്‍ തങ്ങള്‍ മാത്രമാണെന്ന് അവകാശപ്പെടുകയും മറ്റുള്ളവരെ അസത്യമാര്‍ഗ്ഗികളെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ഇത്തരം ചോദ്യങ്ങള്‍ ഉണര്‍ത്തിയ അസ്വസ്ഥതകള്‍ രണ്ടുമൂന്നു വര്‍ഷക്കാലത്തേക്ക് എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.

എന്റെ സംശയങ്ങള്‍ക്കു ശരിയായ ഉത്തരങ്ങള്‍ തേടിപ്പിടിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വിചാരവീഥികളിലൂടെയുള്ള ഈ പ്രയാണത്തില്‍ വിവിധ മാനസികാവസ്ഥകളിലൂടെ ഞാന്‍ കടന്നുപോയി. ഞാന്‍ വളര്‍ന്ന ചുറ്റുപാടുകളും കുടുംബവും എന്റെ മനസ്സില്‍ അടിച്ചേല്‍പ്പിച്ച പാരമ്പര്യത്തിന്റെ ചങ്ങലക്കണ്ണികളെ പൊട്ടിച്ചെറിയുന്നതിലേക്കാണ് അത് ഒടുവില്‍ എന്നെക്കൊണ്ടെത്തിച്ചത്. എന്നെ വലയം ചെയ്തുനിന്ന എല്ലാ സാമ്പ്രദായികശക്തികളില്‍നിന്നും ഞാന്‍ പുറത്തുകടക്കുന്നതായി എനിക്കു തോന്നി. എനിക്ക് പുതിയൊരു മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കണം. ഈ ഘട്ടത്തിലാണ് സ്വാതന്ത്ര്യം എന്ന് അര്‍ത്ഥം വരുന്ന 'ആസാദ്' എന്ന തൂലികാനാമം ഞാന്‍ സ്വീകരിക്കുന്നത്. പാരമ്പര്യം എന്നില്‍ അവശേഷിപ്പിച്ച എല്ലാ വിശ്വാസങ്ങളില്‍നിന്നും പുറത്തുകടന്നതായി എനിക്ക് ലോകത്തോടു പ്രഖ്യാപിക്കണം.

എന്റെ രാഷ്ട്രീയപരമായ അഭിപ്രായങ്ങളില്‍ കാതലായ മാറ്റം സംഭവിക്കാന്‍ തുടങ്ങിയ കാലഘട്ടം കൂടിയായിരുന്നു ഇത്. കഴ്‌സണ്‍ പ്രഭു ആയിരുന്നു അന്ന് ഇന്ത്യയുടെ വൈസ്രോയി. അദ്ദേഹത്തിന്റെ സാമ്രാജ്യത്വമനോഭാവങ്ങളും ഭരണനടപടികളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിനകംതന്നെ ഉടലെടുത്ത അസ്വാസ്ഥ്യങ്ങളെ അതിന്റെ മൂര്‍ദ്ധന്യതയിലെത്തിച്ചു. കഴ്‌സണ്‍ പ്രഭുവിന്റെ കണ്ണുകള്‍ പ്രത്യേകമായി പതിഞ്ഞ ബംഗാളിലാണ് ഇതു കൂടുതല്‍ പ്രകടമായത്. ഇന്ത്യയില്‍ രാഷ്ട്രീയമായി കൂടുതല്‍ ഉണര്‍വ്വു പ്രകടിപ്പിച്ച മേഖലയായിരുന്നു ബംഗാള്‍.

അവിടുത്തെ ഹിന്ദുക്കള്‍ ഇന്ത്യയുടെ രാഷ്ട്രീയപരമായ മുന്നേറ്റങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ട് മുന്നോട്ടുവന്നു. ഇതിനെ തടയിടുവാന്‍ ഉദ്ദേശിച്ചുകൊണ്ട് 1905-ല്‍ ബംഗാളിനെ വിഭജിക്കുവാന്‍ കഴ്‌സണ്‍ പ്രഭു തീരുമാനിച്ചു. ഇതുവഴി അവിടുത്തെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും രണ്ടായിത്തിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ ഈ നടപടിയെ അംഗീകരിച്ചുകൊടുക്കാന്‍ ബംഗാള്‍ ജനത തയ്യാറായില്ല. അഭൂതപൂര്‍വ്വമായ വിപ്ലവരാഷ്ട്രീയമുന്നേറ്റങ്ങളാണ് ഇതിനെത്തുടര്‍ന്ന് അവിടെ ഉയര്‍ന്നുവന്നത്. ഇതിനിടെ, രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ ശ്രീ അര വിന്ദ ഘോഷ് ബറോഡയില്‍നിന്നും കല്‍ക്കത്തയില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ കര്‍മ്മയോഗിന്‍ ദേശീയമായ രാഷ്ട്രീയ ഉണര്‍വ്വിന്റെ അടയാളമായിത്തീര്‍ന്നു. അക്കാലത്തെ വിപ്ലവകാരികളില്‍ പ്രമുഖനായിരുന്ന ശ്യാം സുന്ദര്‍ ചക്രവര്‍ത്തിയുമായി ബന്ധപ്പെടുവാന്‍ ഇക്കാലത്ത് എനിക്ക് അവസരം ലഭിച്ചു.

രണ്ടോ മൂന്നോ തവണ അദ്ദേഹത്തെ നേരില്‍ കണ്ടതായി ഞാന്‍ ഓര്‍മ്മിക്കുന്നു. ഇതിന്റെ പരിണതഫലം വിപ്ലവരാഷ്ട്രീയത്തില്‍ ഞാന്‍ ആകൃഷ്ടനാവുകയും അതുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലൊന്നില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു എന്നതാണ്.

തുടക്കത്തില്‍ മദ്ധ്യവര്‍ഗ്ഗ ഹിന്ദു കുടുംബങ്ങളില്‍നിന്നുള്ളവരാണ് വിപ്ലവഗ്രൂപ്പുകളില്‍ എത്തിച്ചേര്‍ന്നിരുന്നത്. യഥാര്‍ത്ഥത്തില്‍ അത്തരം ഗ്രൂപ്പുകളൊക്കെയും കടുത്ത മുസ്ലിംവിരോധം വെച്ചുപുലര്‍ത്തിയിരുന്നു. ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയമുന്നേറ്റങ്ങള്‍ക്കു തടയിടാന്‍ ബ്രിട്ടീഷുകാര്‍ മുസ്ലിങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും മുസ്ലിങ്ങള്‍ അതിനു വഴങ്ങിക്കൊടുക്കുകയാണെന്നുമായിരുന്നു അവരുടെ നിലപാട്. കിഴക്കന്‍ ബംഗാള്‍ അതിനകംതന്നെ ഒരു പ്രത്യേക പ്രവിശ്യയായിക്കഴിഞ്ഞിരുന്നു.

അന്ന് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന ബാനിഫൈഡ് ഫുള്ളര്‍, മുസ്ലിംസമുദായത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കാണുന്നത് അതിന്റെ ഇഷ്ടപങ്കാളിയായിട്ടാണെന്നു പരസ്യമായി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയില്‍ മുസ്ലിങ്ങള്‍ തടസ്സമാണെന്നുള്ള തോന്നല്‍ വിപ്ലവകാരികളില്‍ വ്യാപകമായി. മറ്റു തടസ്സങ്ങള്‍ക്കൊപ്പം ഈ തടസ്സവും ഒഴിവാക്കപ്പെടേണ്ടതുണ്ടെന്ന് അവര്‍ വിശ്വസിച്ചു.
വിപ്ലവകാരികളെ മുസ്ലിംവിരോധത്തിലേക്ക് എത്തിച്ചതിനു പിന്നില്‍ വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു.

ബംഗാളിലെ ഹിന്ദുക്കളില്‍ സാമ്രാജ്യത്വവിരുദ്ധവികാരം അതിശക്തമാണെന്നും വിപ്ലവകാരികളെ നേരിടുന്ന കാര്യത്തില്‍ അതുകൊണ്ട് ഗവണ്‍മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ഓഫീസര്‍മാരെ വിശ്വസിക്കാന്‍ പറ്റില്ലെന്നും ബ്രിട്ടീഷ് ഭരണാധികാരികള്‍ കരുതി. യുണൈറ്റഡ് പ്രവിശ്യകളിലുള്ള മുസ്ലിം ഓഫീസര്‍മാരെ ഇറക്കുമതി ചെയ്യുകയും പോലീസിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളുടെ ചുമതല അവരെ ഏല്‍പ്പിക്കുകയും ചെയ്തുകൊണ്ടാണ് ഈ പ്രശ്‌നത്തെ അവര്‍ നേരിട്ടത്. ഇതിന്റെ പരിണതഫലം മുസ്ലിങ്ങള്‍ ഒന്നടങ്കം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും ഹിന്ദു സമുദായത്തിനും എതിരാണെന്ന തോന്നല്‍ ബംഗാളിലെ ഹിന്ദുക്കളില്‍ വ്യാപകമായി എന്നതാണ്.

ശ്യാം സുന്ദര്‍ ചക്രവര്‍ത്തിയിലൂടെയാണ് സ്വാതന്ത്ര്യസമരപ്പോരാളികളുമായി ഞാന്‍ സൗഹൃദത്തിലാവുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അദ്ഭുതപ്പെടുകയാണുണ്ടായത്. ആദ്യം അവര്‍ എന്നെ സംശയത്തോടെയാണ് വീക്ഷിച്ചത്. അവര്‍ അവരുടെ രഹസ്യവൃത്തങ്ങളില്‍നിന്ന് എന്നെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ കാലക്രമേണ പ്രക്ഷോഭകാരികളുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ എനിക്കു സാധിച്ചു.

മുസ്ലിങ്ങള്‍ ഒരു സമുദായം എന്ന നിലയില്‍ വിപ്ലവകാരികളുടെ ശത്രുക്കളാണെന്ന ധാരണ തെറ്റാണെന്ന് ഞാന്‍ അവരോടു വാദിക്കാന്‍ തുടങ്ങി. ബംഗാളിലെ ഏതാനും മുസ്ലിംഓഫീസര്‍മാരെ മുന്‍നിര്‍ത്തി ഒരു സമുദായം ഒന്നടങ്കം അവരെപ്പോലെയാണെന്ന സാമാന്യവത്കരണം ശരിയല്ലെന്ന് അവരോടു ഞാന്‍ പറഞ്ഞു. ഈജിപ്ത്, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ മുസ്ലിങ്ങള്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.

ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനും അവരെ സുഹൃത്തുക്കളായി സ്വീകരിക്കാനും നമ്മള്‍ തയ്യാറായാല്‍ ഇതേപോലെ അവരും ഇവിടുത്തെ സ്വാതന്ത്ര്യമുന്നേറ്റങ്ങളില്‍ പങ്കാളികളാകുമായിരുന്നു. മുസ്ലിങ്ങളോടു വെച്ചുപുലര്‍ത്തുന്ന ശത്രുതാമനോഭാവവും, ആ സമുദായം നമ്മോടു കാട്ടുന്ന വൈമുഖ്യം തന്നെയും, രാഷ്ട്രീയസ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ പ്രവൃത്തികളെ തളര്‍ത്തുമെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് മുസ്ലിം സമുദായത്തിന്റെ പിന്തുണയും സാഹോദര്യവും ആര്‍ജ്ജിക്കാന്‍ എല്ലാ തരത്തിലുള്ള പരിശ്രമങ്ങളും നാം നടത്തണം.

എന്റെ ഈ നിലപാട് വിപ്ലവഗ്രൂപ്പുകളില്‍പ്പെട്ട എന്റെ സുഹൃത്തുക്കളെ ബോദ്ധ്യപ്പെടുത്താന്‍ തുടക്കത്തില്‍ എനിക്കു സാധിച്ചിരുന്നില്ല. എന്നാല്‍ കാലക്രമേണ അവരില്‍ ചിലര്‍ എന്റെ അഭിപ്രായത്തോട് അടുത്തുവരാന്‍ തയ്യാറായി. ഇതോടൊപ്പം മുസ്ലിങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാന്‍ ഒറ്റയ്ക്കുള്ള ശ്രമങ്ങളും ഞാന്‍ നടത്തി. അതിന്റെ ഫലമായി ചില യുവാക്കള്‍ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവരുന്ന സ്ഥിതിവിശേഷമുണ്ടായി.

വിപ്ലവകാരികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ ഞാന്‍ മസസ്സിലാക്കിയ ഒരു കാര്യം അവരുടെ പ്രവര്‍ത്തനങ്ങള്‍ ബംഗാളിലും ബിഹാറിലും മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നതാണ്. ബിഹാര്‍ അന്ന് ബംഗാള്‍ പ്രവിശ്യയുടെ ഭാഗമായിരുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും നാം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളോടു നിര്‍ദ്ദേശിച്ചു. എന്നാല്‍ ആദ്യം അവര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. മറ്റു പ്രവിശ്യകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ അപകടസാദ്ധ്യതയുണ്ടെന്നും അവിടങ്ങളില്‍ ബ്രാഞ്ചുകള്‍ രൂപീകരിച്ചാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ രഹസ്യസ്വഭാവം നഷ്ടമാകുന്നതിനിടവരുത്തുമെന്നും ലക്ഷ്യം നേടുന്നതിന് അത് വിഘാതമായിത്തീരുമെന്നുമായിരുന്നു അവരുടെ നിലപാട്. അങ്ങനെയാണെങ്കിലും കാലക്രമത്തില്‍ എന്റെ നിലപാട് അവരെ ബോദ്ധ്യപ്പെടുത്താന്‍ എനിക്കു സാധിച്ചു.

വിപ്ലവഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ വടക്കേ ഇന്ത്യയിലെയും ബോംബെയിലെയും നിരവധി കേന്ദ്രങ്ങളില്‍ രഹസ്യഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെടുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുവാന്‍ എനിക്കു സാധിച്ചു. സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള സംഘാടനങ്ങളെക്കുറിച്ചും അതിലേക്കു പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്തതിനെക്കുറിച്ചും മറ്റും രസകരമായ നിരവധി കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്. പക്ഷേ അതിന്റെ വിശദാംശങ്ങള്‍ക്കായി എന്റെ ആത്മകഥയുടെ ആദ്യവോള്യം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാന്‍ വായനക്കാര്‍ ക്ഷമ കാണിക്കണം.

ഇന്ത്യയ്ക്കു പുറത്ത് ഇറാഖ്, ഈജിപ്ത്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇതിനിടെ എനിക്ക് ഒരവസരം ലഭിച്ചു. ഈ രാജ്യങ്ങളിലെല്ലാം എനിക്കു കാണാന്‍ കഴിഞ്ഞ ഒരു കാര്യം ഫ്രഞ്ച് ഭാഷയോടുള്ള വലിയ താത്പര്യമാണ്. ആ ഭാഷയോട് ഒരു ഇഷ്ടം എനിക്കും തോന്നിത്തുടങ്ങി. ഞാനും ഫ്രഞ്ച് പഠിക്കാന്‍ തുടങ്ങി. അതേസമയം ഒരു അന്തര്‍ദ്ദേശീയഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് കൈവരിക്കാന്‍ തുടങ്ങിയ വ്യാപകമായ പ്രചാരവും ആ ഭാഷയിലൂടെ എനിക്ക് ഉണ്ടായ സൗകര്യങ്ങളും ഞാന്‍ കാണാതിരുന്നുമില്ല.

ഈ അവസരത്തില്‍ പരേതനായ മഹാദേവ് ദേശായിക്ക് സംഭവിച്ച ഒരു പിഴവ് ചൂണ്ടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുകയാണ്. എന്റെ ജീവചരിത്രം തയ്യാറാക്കുന്ന വേളയില്‍ അദ്ദേഹം എന്നോട് പല ചോദ്യങ്ങളും ചോദിക്കുകയും അതിന് ഉത്തരം നല്‍കാന്‍ ആവശ്യപ്പെടുകയുമുണ്ടായി. അക്കൂട്ടത്തില്‍ ഒരു ചോദ്യത്തിന് ഉത്തരമായി, എനിക്ക് 20 വയസ്സുള്ളപ്പോള്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിച്ചതും കുറേക്കാലം ഈജിപ്തില്‍ ചെലവഴിച്ചതുമായ കാര്യം ഞാന്‍ പറഞ്ഞിരുന്നു. മറ്റൊരു ചോദ്യത്തിനു മറുപടിയായി ഇന്ത്യയില്‍ മാത്രമല്ല, കെയ്‌റോയിലെ പ്രശസ്തമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും പരമ്പരാഗതവിദ്യാഭ്യാസസമ്പ്രദായം വരണ്ടതും അതൃപ്തികരവുമാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി.

എങ്ങനെയാണെന്നറിയില്ല, ഈ ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍, ഞാന്‍ ഈജിപ്തില്‍ പോയത് അവിടുത്തെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനാണെന്ന ഒരു നിഗമനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. ഞാന്‍ ഒരു ദിവസംപോലും ആ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നില്ല എന്നതാണ് സത്യം. വിജ്ഞാനം കരഗതമാകുവാന്‍ ഒരാള്‍ യൂണിവേഴ്‌സിറ്റിയില്‍ത്തന്നെ പഠിച്ചിരിക്കണം എന്ന ധാരണ വെച്ചുപുലര്‍ത്തിയിരുന്നതുകൊണ്ടാവാം മഹാദേവ് ദേശായിക്ക് പിഴവുപറ്റിയത്. ഞാന്‍ ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റിയിലും പഠിച്ചിട്ടില്ല എന്നുകൂടി അറിവുള്ളതുകൊണ്ട്, അങ്ങനെയെങ്കില്‍ അല്‍ അസ്ഹറില്‍ ഉറപ്പായും ചേര്‍ന്നിരിക്കാമെന്ന ഒരു അനുമാനത്തിലേക്ക് അദ്ദേഹം എടുത്തുചാടി.

1908-ല്‍ ഞാന്‍ കെയ്‌റോ സന്ദര്‍ശിക്കുമ്പോള്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ കാര്യങ്ങള്‍ വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു. പ്രാചീന ഇസ്ലാമിക ശാസ്ത്രത്തെക്കുറിച്ചും തത്ത്വചിന്തയെക്കുറിച്ചും വേണ്ടരീതിയിലുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ അതിനു സാധിച്ചിരുന്നില്ല. ഷെയ്ഖ് മുഹമ്മദ് അബ്ദു അവിടുത്തെ വിദ്യാഭ്യാസനിലവാരം പരിഷ്‌കരിക്കാന്‍ മുന്നോട്ടുവന്നെങ്കിലും യാഥാസ്ഥിതികരായ ഉലമാക്കള്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തി. അല്‍ അസ്ഹറിന്റെ നവോത്ഥാനത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായപ്പോള്‍ ദാറുല്‍ ഉലൂം എന്ന പേരില്‍ കെയ്‌റോയില്‍ മുഹമ്മദ് അബ്ദു ഒരു പുതിയ കോളേജ് സ്ഥാപിച്ചു. ആ കോളേജ് ഇപ്പോഴും നിലവിലുണ്ട്. അല്‍ അസ്ഹറിന്റെ അവസ്ഥ ഇത്തരത്തിലായിരുന്നു എന്നിരിക്കെ ഞാനെന്തിന് അവിടെ ചേര്‍ന്നു പഠിക്കണം.

ഈജിപ്തില്‍നിന്നും ഞാന്‍ തുര്‍ക്കിയിലേക്കും ഫ്രാന്‍സിലേക്കും പോയി. ലണ്ടന്‍ കൂടി സന്ദര്‍ശിക്കണം എന്നൊരാലോചന എനിക്കുണ്ടായിരുന്നു. പക്ഷേ എന്റെ പിതാവ് അസുഖബാധിതനായിരിക്കുന്നു എന്ന സന്ദേശം ലഭിച്ചതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. ഞാന്‍ പാരീസില്‍ നിന്ന് മടങ്ങിപ്പോന്നു. ലണ്ടനില്‍ പോകണമെന്ന ആഗ്രഹം ഏറെക്കാലത്തേക്ക് എനിക്കു നീട്ടിവെക്കേണ്ടി വന്നു.

1908-ല്‍ കല്‍ക്കത്തയില്‍നിന്നും യാത്ര തിരിക്കും മുമ്പേതന്നെ എന്റെ രാഷ്ട്രീയ നിലപാടുകള്‍ വിപ്ലവപ്രവര്‍ത്തനങ്ങളിലേക്കു വളര്‍ന്നതായി ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഇറാഖ് സന്ദര്‍ശനവേളയില്‍ ഇറാനില്‍നിന്നുള്ള ചില വിപ്ലവകാരികളെ പരിചയപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈജിപ്തില്‍ വെച്ച് മുസ്തഫാ കമാല്‍ പാഷയുടെ അനുയായികളെ ഞാന്‍ ബന്ധപ്പെട്ടു. അവിടെ വെച്ച് ചില യുവതുര്‍ക്കികളെ കണ്ടുമുട്ടാനും എനിക്കു സാധിച്ചു.

കെയ്‌റോയില്‍ ഒരു പ്രവര്‍ത്തനകേന്ദ്രം രൂപീകരിച്ച് അവിടെനിന്നും ഒരു വാരിക പ്രസിദ്ധീകരിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു അവര്‍. തുര്‍ക്കി സന്ദര്‍ശിച്ചപ്പോള്‍ യുവതുര്‍ക്കിപ്രസ്ഥാനത്തിന്റെ ചില നേതാക്കളുമായി ഞാന്‍ സൗഹൃദം സ്ഥാപിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയതിനുശേഷവും ആ സൗഹൃദം ഞാന്‍ കാത്തുസൂക്ഷിച്ചു.

അറബ് തുര്‍ക്കി വിപ്ലവകാരികളുമായുള്ള ബന്ധം എന്റെ രാഷ്ട്രീയനിലപാടുകളെ കൂടുതല്‍ ബലപ്പെടുത്തി. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ദേശീയമുന്നേറ്റങ്ങളോടു കാണിക്കുന്ന എതിര്‍പ്പ് അല്ലെങ്കില്‍ വൈമുഖ്യം അവരെ അദ്ഭുതപ്പെടുത്തി. ഇന്ത്യയില്‍ ദേശീയസ്വാതന്ത്ര്യത്തിനായുള്ള സമരങ്ങളില്‍ മുസ്ലിങ്ങള്‍ കണ്ണിചേരണമെന്ന ഉറച്ച അഭിപ്രായക്കാരായിരുന്നു അവര്‍. ബ്രിട്ടീഷുകാരുടെ അനുയായികള്‍ എന്ന പ്രതിച്ഛായ മാറ്റിയെടുക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണം, അവര്‍ പറഞ്ഞു.

രാജ്യത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുസ്ലിങ്ങള്‍ ഉറപ്പായും പങ്കാളികളാകണമെന്ന വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാടിലേക്ക് മുമ്പെങ്ങുമില്ലാത്തവിധമുള്ള വ്യക്തതയോടെ ഞാന്‍ എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിനാല്‍ അവര്‍ ചൂഷണം ചെയ്യപ്പെടില്ല എന്നുറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണം. ഇന്ത്യന്‍ മുസല്‍മാന്മാര്‍ക്കിടയില്‍ ഒരു പുതിയ പ്രസ്ഥാനം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ ബോധവാനായിത്തീര്‍ന്നു. ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി മുഴുകുവാന്‍ ഞാന്‍ തീര്‍ച്ചപ്പെടുത്തി.

ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം കുറച്ചുകാലം ഭാവിപരിപാടികളെന്തായിരിക്കണമെന്നതിനെക്കുറിച്ചുള്ള ആലോചനകളില്‍ ഞാന്‍ മുഴുകി. ഇതിന്റെ ഒടുവില്‍ എനിക്കെത്തിച്ചേരാനായത് പൊതുജനാഭിപ്രായം രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ്. ഇതിനായി ഒരു പ്രസിദ്ധീകരണം ആരംഭിക്കണം. അക്കാലത്ത് യു. പിയില്‍നിന്നും പഞ്ചാബില്‍നിന്നും ഉറുദുഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന നിരവധി ദിനപത്രങ്ങളും വാരികകളും മാസികകളും ഉണ്ടായിരുന്നു.

പക്ഷേ അവയൊന്നും അത്ര നിലവാരമുള്ളവയായിരുന്നില്ല. കെട്ടിലുംമട്ടിലും മാത്രമല്ല ഉള്ളടക്കത്തിലും അവ പിന്നോട്ടായിരുന്നു. ലിത്തോഗ്രാഫിക് പ്രോസസ്സിലൂടെ പ്രിന്റ് ചെയ്തുകൊണ്ടിരുന്ന അവയ്ക്ക് ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ യാതൊരു സവിശേഷതകളും അവകാശപ്പെടാനുണ്ടായിരുന്നില്ല. ഹാഫ് ടോണ്‍ ചിത്രങ്ങള്‍പോലും നേരാംവണ്ണം അച്ചടിക്കാന്‍ അവയ്ക്കു കഴിഞ്ഞിരുന്നില്ല. എന്റെ ജേണല്‍ രൂപത്തിലും ഉള്ളടക്കത്തിലും ആകര്‍ഷകവും കരുത്തുറ്റതുമായിരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അച്ചടിയില്‍ ലിത്തോഗ്രാഫിയെ ഉപേക്ഷിച്ച് ടൈപ്പുകള്‍ ഉപയോഗിക്കണം. അപ്രകാരം ഞാന്‍ അല്‍ ഹിലാല്‍ എന്ന പേരില്‍ ഒരു പ്രസ്സ് സ്ഥാപിക്കുകയും 1912-ല്‍ അതേ പേരില്‍ ഒരു ജേണല്‍ പുറത്തിറക്കുകയും ചെയ്തു.

അല്‍ ഹിലാലിന്റെ പ്രസിദ്ധീകരണം ഉറുദു പത്രപ്രവര്‍ത്തനചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് അത് അഭൂതപൂര്‍വ്വമായ ജനസമ്മതി നേടിയെടുത്തു. അച്ചടിയിലുള്ള ഉന്നതനിലവാരം മാത്രമല്ല ഇതിനു കാരണം; ഉള്ളടക്കത്തില്‍ അത് ഉയര്‍ത്തിപ്പിടിച്ച കടുത്ത ദേശീയതാവികാരം ഈ പ്രസിദ്ധീകരണത്തെ ജനങ്ങളോട് അടുപ്പിക്കുന്നതിനു കാരണമായി. അല്‍ ഹിലാല്‍ ജനങ്ങള്‍ക്കിടയില്‍ പുതിയൊരു വിപ്ലവോര്‍ജ്ജം ഇളക്കിവിട്ടു.

ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ത്തന്നെ ആവശ്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടായി. പുതിയതായി വന്ന വായനക്കാര്‍ പഴയ ലക്കങ്ങള്‍കൂടി ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ അതു കണക്കിലെടുത്ത് അവ വീണ്ടും അച്ചടിക്കേണ്ടി വന്നു.

ഇക്കാലത്ത് മുസ്ലിം രാഷ്ട്രീയത്തിന്റെ നേതൃത്വം അലിഗര്‍ പാര്‍ട്ടിയുടെ കൈകളിലായിരുന്നു. അതിന്റെ അംഗങ്ങള്‍ സ്വയം കരുതിയത് തങ്ങള്‍ സര്‍ സയ്യദ് അഹമ്മദിന്റെ നയപരിപാടികളുടെ നടത്തിപ്പുകാര്‍ ആണെന്നാണ്. മുസല്‍മാന്മാര്‍ ബ്രിട്ടീഷുകാരോട് കൂറുള്ളവരായിരിക്കണമെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ആയിരുന്നു അവരുടെ ഉറച്ച നിലപാട്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടുമായി അല്‍ ഹിലാല്‍ മുന്നോട്ടുവരികയും അതിന് ജനങ്ങള്‍ക്കിടയില്‍ വന്‍പ്രചാരം കിട്ടുകയും ചെയ്തപ്പോള്‍ തങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു എന്ന തോന്നല്‍ അലിഗര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിനുണ്ടായി.

അല്‍ ഹിലാലിനെതിരെ അവര്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. അതിന്റെ എഡിറ്റര്‍ക്കെതിരെ വധഭീഷണിപോലും ഉയര്‍ന്നു. എന്നാല്‍ അല്‍ ഹിലാലിനെതിരെ യാഥാസ്ഥിതികനേതൃത്വം എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതിനനുസരിച്ച് അതിന് സമുദായാംഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിച്ചുവരികയാണുണ്ടായത്. രണ്ടു വര്‍ഷം കൊണ്ട് അതിന്റെ സര്‍ക്കുലേഷന്‍ 26,000 കോപ്പികളായി വര്‍ദ്ധിച്ചു. ഉറുദു പത്രപ്രവര്‍ത്തനചരിത്രത്തില്‍ അക്കാലംവരെ കേട്ടുകേള്‍വിയില്ലാത്ത കാര്യമായിരുന്നു ഇത്.
അല്‍ ഹിലാലിന്റെ വിജയം ഗവണ്‍മെന്റിനെയും പരിഭ്രാന്തമാക്കി. പ്രസ് ആക്ട് പ്രകാരം 2000 രൂപ സെക്യൂരിറ്റിയായി കെട്ടിവെക്കാന്‍ അധികാരികള്‍ ഉത്തരവിറക്കി.

അല്‍ ഹിലാലിനെ തളര്‍ത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാല്‍ ഇത്തരം പ്രതിബന്ധങ്ങളില്‍ സ്വയം തളര്‍ന്നുപോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആദ്യപിഴ ഈടാക്കിയ ഗവണ്‍മെന്റ് ഉടന്‍തന്നെ 10,000 രൂപ കൂടി കെട്ടിവെക്കണമെന്ന പുതിയ ഉത്തരവിറക്കി. എന്നാല്‍ ഈ നീക്കവും ഫലം കാണാതെ പോയി. ഇതിനിടെ 1914-ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1915-ല്‍ അല്‍ ഹിലാല്‍ പ്രസ്സ് സര്‍ക്കാര്‍ കണ്ടുകെട്ടി. എന്നാല്‍ അഞ്ചു മാസത്തിനുശേഷം ഞാന്‍ അല്‍ ബലാഖ് എന്ന പേരില്‍ മറ്റൊരു പ്രസ് സ്ഥാപിക്കുകയും അതേ പേരില്‍ത്തന്നെ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.

പത്രനിയമംകൊണ്ട് മാത്രം എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയില്ലെന്ന് ഭരണകൂടത്തിനു ബോദ്ധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അധികം കാത്തുനില്‍ക്കാതെ ഡിഫന്‍സ് ഓഫ് ഇന്ത്യ റെഗുലേഷനെ അവലംബമാക്കി എന്നെ കല്‍ക്കത്തയില്‍നിന്നും പുറത്താക്കി. 1916 ഏപ്രിലില്‍ ആയിരുന്നു ഇത്. പഞ്ചാബ്, ഡല്‍ഹി, യു.പി., ബോംബെ എന്നിവിടങ്ങളിലെ ഗവണ്‍മെന്റുകള്‍ അവരുടെ പ്രവിശ്യകളില്‍ പ്രവേശിക്കുന്നതിന് നേരത്തെതന്നെ എനിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ബിഹാറില്‍ മാത്രമാണ് എനിക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്. ഞാന്‍ റാഞ്ചിയിലേക്കു പോകുകയും ആറുമാസത്തിനുശേഷം അവിടെ വെച്ച് തടങ്കലിലാക്കപ്പെടുകയും ചെയ്തു. 1919 ഡിസംബര്‍ 31 വരെ ആ തടങ്കല്‍വാസം നീണ്ടുനിന്നു. രാജാവിന്റെ ഉത്തരവിനെത്തുടര്‍ന്ന് 1920 ജനുവരി ഒന്നിന് മറ്റു തടവുകാര്‍ക്കും ജയില്‍പ്പുള്ളികള്‍ക്കുമൊപ്പം ഞാന്‍ പുറത്തുവന്നു.

ഗാന്ധിജി ഈ സമയത്തുതന്നെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് സജീവമായിത്തീര്‍ന്നിരുന്നു. ഞാന്‍ റാഞ്ചിയില്‍ തടവില്‍ കഴിയുമ്പോള്‍ അദ്ദേഹം ആ പ്രദേശത്ത് വന്നിരുന്നു. ചമ്പാരനിലെ കര്‍ഷകരെ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹം അവിടെ വന്നത്. എന്നെ കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ബിഹാര്‍ ഗവണ്‍മെന്റ് അതിന് അനുമതി നിഷേധിച്ചു. ജയിലില്‍നിന്നും പുറത്തുവന്നതിനുശേഷം മാത്രമായിരുന്നു എനിക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത്. ഡല്‍ഹിയില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച.

ഖിലാഫത്തിന്റെയും തുര്‍ക്കിയുടെയും ഭാവിയെക്കുറിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ആശങ്കകളെക്കുറിച്ച് ബോദ്ധ്യപ്പെടുത്താന്‍ വൈസ്രോയിയുടെ അടുത്തേക്ക് ഒരു പ്രതിനിധിസംഘത്തെ അയയ്ക്കണമെന്ന ഒരു അഭിപ്രായം അക്കാലത്ത് ഉയര്‍ന്നുവരികയുണ്ടായി. ഇക്കാര്യത്തോട് ഗാന്ധിജി പരിപൂര്‍ണ്ണമായി യോജിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. ഈ വിഷയത്തില്‍ മുസ്ലിങ്ങളുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇതിനെത്തുടര്‍ന്ന് 1920 ജനുവരി 20ന് ഡല്‍ഹിയില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. ഗാന്ധിജിയെക്കൂടാതെ ഖിലാഫത്ത് വിഷയത്തില്‍ ഇന്ത്യന്‍ മുസ്ലിങ്ങളുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് ലോക്മാന്യ തിലക് അടക്കമുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ടുവന്നു.

പ്രതിനിധിസംഘം വൈസ്രോയിയുമായി കൂടിക്കാഴ്ച നടത്തി. നിവേദനത്തില്‍ ഒപ്പുവെച്ചെങ്കിലും പ്രതിനിധിസംഘത്തോടൊപ്പം പോകുന്നതില്‍നിന്നും ഞാന്‍ വിട്ടു നിന്നു. കൂടിക്കാഴ്ചകള്‍ക്കും നിവേദനസമര്‍പ്പണങ്ങള്‍ക്കും അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു എന്ന നിലപാടായിരുന്നു എന്റേത്.

ബ്രിട്ടീഷ് ഗവണ്‍മെന്റിനു മുന്നില്‍ മുസ്ലിങ്ങളുടെ നിലപാട് അവതരിപ്പിക്കാന്‍ ലണ്ടനിലേക്ക് ഒരു പ്രതിനിധിസംഘത്തെ അയയ്ക്കുകയാണെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിത്തരാമെന്ന് കൂടിക്കാഴ്ചയില്‍ വൈസ്രോയി സന്നദ്ധത പ്രകടിപ്പിച്ചു. അതിലുപരി ഇക്കാര്യത്തില്‍ തനിക്കു മറ്റൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ന്നുള്ള ആലോചനകള്‍ അടുത്ത ചുവടുവെപ്പ് എന്തായിരിക്കണം എന്നുള്ളതായി. മുഹമ്മദ് അലി, ഷൗക്കത്ത് അലി, ഹക്കീം അജ്മല്‍ ഖാന്‍, ലഖ്‌നൗവിലെ ഫിറാങ്ങി മഹലില്‍നിന്നുള്ള മൗലവി അബ്ദുല്‍ ബാരി എന്നിവര്‍ പങ്കെടുത്ത ഒരു യോഗം വിളിച്ചുചേര്‍ക്കപ്പെട്ടു. ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം എന്ന ആശയം അവതരിപ്പിച്ചു. കൂടിക്കാഴ്ചകളുടെയും നിവേദനസമര്‍പ്പണത്തിന്റെയും ഘട്ടം അവസാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.

ഗവണ്‍മെന്റുമായുള്ള എല്ലാ സഹകരണവും നാം അവസാനിപ്പിക്കണം. ഇതിലൂടെ മാത്രമേ ഭരണാധികാരികള്‍ നമ്മുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവുകയുള്ളൂ, ഗാന്ധിജി പ്രഖ്യാപിച്ചു. എല്ലാ ഔദ്യോഗികപദവികളും നാം ഉപേക്ഷിക്കണം; കോടതികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ബഹിഷ്‌കരിക്കണം; സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ അതു രാജിവെക്കണം; പുതിയതായി രൂപീകരിക്കപ്പെട്ട നിയമനിര്‍മ്മാണസഭകളില്‍ പങ്കാളികളാവുന്നതില്‍നിന്നും വിട്ടുനില്‍ക്കണം, അദ്ദേഹം പ്രസ്താവിച്ചു.

ഈ രീതിയില്‍ ഗാന്ധിജി തന്റെ പ്രവര്‍ത്തനപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ ഇതേ കര്‍മ്മപദ്ധതി തന്നെയാണല്ലോ വര്‍ഷങ്ങള്‍ക്കു മുമ്പ് ടോള്‍സ്റ്റോയിയും മുന്നോട്ടുവെച്ചതെന്ന് ഞാന്‍ ആലോചിച്ചു. 1901-ല്‍ ഇറ്റലിയിലെ രാജാവിനെ അനാര്‍ക്കിസ്റ്റായ ഒരാള്‍ ആക്രമിക്കുന്ന സംഭവം ഉണ്ടായി. ഹിംസ ധാര്‍മ്മികമായി ശരിയായ മാര്‍ഗ്ഗമല്ലെന്നും രാഷ്ട്രീയമായി അതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി ടോള്‍സ്റ്റോയ് അദ്ദേഹത്തിന് ഒരു കത്തയച്ചു. ഒരാള്‍ കൊല്ലപ്പെട്ടാല്‍ അയാളുടെ സ്ഥാനത്ത് മറ്റൊരാള്‍ കടന്നുവരും. ഒരു ഹിംസ കൂടുതല്‍ ഹിംസകളെ ക്ഷണിച്ചുവരുത്തുകയേ ചെയ്യൂ. ഒരു പടയാളിയുടെ ചോരയില്‍നിന്നും 999 പടയാളികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഗ്രീക്ക് പുരാണത്തില്‍ പറയുന്നുണ്ട്.

രാഷ്ട്രീയകൊലപാതകങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയേ ചെയ്യുകയുള്ളൂ. മര്‍ദ്ദകഭരണകൂടത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള അനുയോജ്യമായ മാര്‍ഗ്ഗം, നികുതി അടയ്ക്കാന്‍ തയ്യാറാകാതെയും, ഗവണ്‍മെന്റ് സര്‍വ്വീസുകളില്‍നിന്നും രാജിവെച്ചും, ഭരണകൂടസ്ഥാപനങ്ങള്‍ ബഹിഷ്‌കരിച്ചും മറ്റും അതിനോട് നിസ്സഹകരിക്കുക എന്നുള്ളതാണെന്ന് ടോള്‍സ്റ്റോയ് നിര്‍ദ്ദേശിച്ചു. ഇത്തരമൊരു പ്രവര്‍ത്തനപദ്ധതിയിലൂടെ മുന്നോട്ടുപോയാല്‍ ഏതൊരു ഗവണ്‍മെന്റിനും മുട്ടുമടക്കേണ്ടി വരുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതിനു സമാനമായി ഒരു നിലപാട് നേരത്തെ ഹിലാലില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഞാനും അവതരിപ്പിച്ചിരുന്നു.

ഗാന്ധിജി മുന്നോട്ടുവെച്ച കര്‍മ്മപദ്ധതിയെക്കുറിച്ച് യോഗത്തില്‍ ഓരോരുത്തരും അവരവരുടേതായ രീതിയില്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഒരു നിലപാടിലേക്കെത്താന്‍ തനിക്ക് കുറച്ചു സമയം വേണമെന്ന് ഹക്കീം അജ്മല്‍ ഖാന്‍ പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങളെക്കുറിച്ച് തനിക്ക് വ്യക്തതയുണ്ടാവുന്നതുവരെ ഇക്കാര്യത്തില്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധിജിയുടെ കര്‍മ്മപദ്ധതി മൗലികമായ കാര്യങ്ങള്‍ മുന്നോട്ടു വെക്കുന്നതാണ്; അതുകൊണ്ട് ആത്മീയനേതൃത്വത്തിനുമുന്നില്‍ ഇക്കാര്യം അവതരിപ്പിച്ച് അവിടെ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ തനിക്ക് ഒരു നിലപാടിലെത്താനാവൂ എന്ന് മൗലവി അബ്ദുല്‍ ബാരി പറഞ്ഞു.

അബ്ദുല്‍ ബാരിയുടെ തീരുമാനം അറിയുന്നതുവരെ കാത്തിരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുഹമ്മദ് അലിയും ഷൗക്കത്ത് അലിയും വ്യക്തമാക്കി. ഒടുവില്‍ ഗാന്ധിജി എനിക്കു നേരെ തിരിഞ്ഞു. ഒരു നിമിഷംപോലും ആലോചിക്കാതെ ഞാന്‍ അദ്ദേഹത്തിന് എന്റെ പിന്തുണ വാഗ്ദാനം ചെയ്തു. തുര്‍ക്കിയെ സഹായിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ ഗാന്ധിജി ആവിഷ്‌കരിച്ച കര്‍മ്മപദ്ധതി മാത്രമാണ് അതിനുള്ള മാര്‍ഗ്ഗം എന്ന് ഞാന്‍ ചൂണ്ടിക്കാട്ടി.

ഏതാനും ആഴ്ചകള്‍ക്കുശേഷം മീററ്റില്‍ ഒരു ഖിലാഫത്ത് സമ്മേളനം വിളിച്ചുചേര്‍ക്കപ്പെട്ടു. ഗാന്ധിജി ആദ്യമായി നിസ്സഹകരണപ്രസ്ഥാനത്തെക്കുറിച്ച് ഒരു പൊതുവേദിയില്‍ പ്രസ്താവന നടത്തുന്നത് ഈ സമ്മേളനത്തില്‍ വെച്ചാണ്. അദ്ദേഹം പ്രസംഗിച്ചതിനു പിന്നാലെ പ്രസംഗിച്ച ഞാന്‍ ഗാന്ധിജിക്ക് എന്റെ നിസ്സീമമായ പിന്തുണ അറിയിച്ചു.

ഗാന്ധിജി തയ്യാറാക്കിയ പ്രവര്‍ത്തനപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ 1920 സെപ്റ്റംബറില്‍ കല്‍ക്കത്തയില്‍ വെച്ച് കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്നു. സ്വരാജ് എന്ന ലക്ഷ്യത്തിലെത്താനും ഖിലാഫത്ത് പ്രശ്‌നം അനുയോജ്യമാംവിധം പരിഹരിക്കാനും നിസ്സഹകരണപ്രസ്ഥാനം അനിവാര്യമാണെന്ന് ആ സമ്മേളനത്തില്‍ വെച്ച് ഗാന്ധിജി പ്രഖ്യാപിച്ചു. ലാലാ ലജ്പത് റായി ആയിരുന്നു സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍. സമ്മേളനത്തിന് നേതൃത്വം വഹിച്ച പ്രമുഖ വ്യക്തികളില്‍ ഒരാള്‍ സി.ആര്‍. ദാസ് ആയിരുന്നു. എന്നാല്‍ ഇവരാരും ഗാന്ധിജിയോട് യോജിക്കാന്‍ തയ്യാറായില്ല.

സമ്മേളനത്തില്‍ പ്രസംഗിച്ച ബിപിന്‍ ചന്ദ്രപാല്‍ ബ്രിട്ടനെതിരായ ഏറ്റവും നല്ല സമരായുധം അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഇതൊഴികെ ഗാന്ധിജി മുന്നോട്ടുവെച്ച മറ്റൊരു കാര്യവും അദ്ദേഹം അംഗീകരിച്ചില്ല. ഇത്തരം എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നിട്ടും ഗാന്ധിജി അവതരിപ്പിച്ച പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ സമ്മേളനം അംഗീകരിച്ചു.

നിസ്സഹകരണപ്രസ്ഥാനത്തില്‍ ജനങ്ങളെ അണിനിരത്താനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി ഗാന്ധിജി രാജ്യമെമ്പാടും യാത്രകള്‍ നടത്തി. ഇതില്‍ മിക്കതിലും ഞാനും അദ്ദേഹത്തോടൊപ്പം ചേര്‍ന്നിരുന്നു. മുഹമ്മദലിയും ഷൗക്കത്തലിയും പലപ്പോഴും ഞങ്ങളെ അനുഗമിച്ചു. 1920 ഡിസംബറില്‍ നാഗ്പൂരില്‍ വെച്ച് കോണ്‍ഗ്രസ്സിന്റെ വാര്‍ഷികസമ്മേളനം ചേര്‍ന്നു. ഇക്കാലമായപ്പോഴേക്കും രാജ്യത്തിന്റെ രാഷ്ട്രീയകാലാവസ്ഥയില്‍ മാറ്റം വന്നിരുന്നു.

സി.ആര്‍. ദാസ് നിസ്സഹകരണപ്രസ്ഥാനത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാറായി. തുടക്കത്തില്‍ എതിര്‍പ്പുപ്രകടിപ്പിച്ച ലാലാ ലജ്പത് റായിയും നിലപാടില്‍ മാറ്റം വരുത്തി. പഞ്ചാബില്‍നിന്നുള്ള പ്രതിനിധികള്‍ ഗാന്ധിജിയെ പരിപൂര്‍ണ്ണമായി പിന്തുണച്ചതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഈ നിലപാടുമാറ്റം.

ഗാന്ധിജിയുടെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ച നിസ്സഹകരണപ്രസ്ഥാനത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നേരിട്ടത് രാജ്യത്തെമ്പാടും അതിന്റെ നേതാക്കളെ അറസ്റ്റ് ചെയ്തുകൊണ്ടാണ്. ബംഗാളില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ ആദ്യനിരയില്‍ ഞാനും സി.ആര്‍. ദാസും ഉണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസും ബീരേന്ദ്ര നാഥ് സസ്മലും ജയിലില്‍ തടവുകാരായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലിന്റെ യൂറോപ്യന്‍ വാര്‍ഡിലാണ് ഞങ്ങളെല്ലാം അടയ്ക്കപ്പെട്ടത്. ക്രമേണ ആ തടവറ രാഷ്ട്രീയചര്‍ച്ചകളുടെ ഒരു കേന്ദ്രമായി മാറി.

സി.ആര്‍. ദാസിനെ ആറു മാസത്തേക്കാണ് ശിക്ഷിച്ചത്. എന്നെ നീണ്ടകാലം വിചാരണയ്ക്കു വിധേയനാക്കുകയും ഒടുവില്‍ ഒരു വര്‍ഷത്തെ ജയില്‍വാസത്തിനു ശിക്ഷിക്കുകയും ചെയ്തു. 1923 ജനുവരി ഒന്ന് വരെ എനിക്കു ജയിലില്‍ കഴിയേണ്ടി വന്നു. നേരത്തെ വിട്ടയയ്ക്കപ്പെട്ട സി.ആര്‍. ദാസ് കോണ്‍ഗ്രസ്സിന്റെ ഗയ സമ്മേളനത്തില്‍ അദ്ധ്യക്ഷനായി പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായഭിന്നതകള്‍ മറനീക്കി പുറത്തുവന്ന സമ്മേളനമായിരുന്നു ഇത്.

സി.ആര്‍. ദാസ്, മോത്തിലാല്‍ നെഹ്രു, ഹക്കീം അജ്മല്‍ ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വരാജ് പാര്‍ട്ടി എന്ന പേരില്‍ ഗാന്ധിജിയുടെ പക്ഷത്തിനെതിരെ തിരിഞ്ഞു. അവര്‍ ബ്രിട്ടീഷ് കൗണ്‍സിലില്‍ പങ്കാളികളാകണമെന്ന നിലപാട് മുന്നോട്ടുവെച്ചു. ഗാന്ധിജിയുടെ പക്ഷം ഇതിനെ എതിര്‍ത്തു. കോണ്‍ഗ്രസ് നോ ചാര്‍ജേഴ്‌സ് എന്ന വിഭാഗവും പ്രൊചാര്‍ജേഴ്‌സ് എന്ന വിഭാഗവുമായി പിരിഞ്ഞു.

ജയില്‍വിമോചിതനായതിനുശേഷം വിഘടിച്ചുനിന്നവരെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞാന്‍ ഊന്നല്‍ കൊടുത്തത്. ഇതിന് ഫലമുണ്ടായി. 1923 സെപ്റ്റംബറില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഒത്തുതീര്‍പ്പുണ്ടായി. അപ്പോള്‍ എനിക്ക് 35 വയസ്സായിരുന്നു. സമ്മേളനത്തില്‍ എന്റെ പേര് അദ്ധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടു. ഞാന്‍ അങ്ങനെ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി.

1923 ന് ശേഷം കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം പ്രധാനമായും സ്വരാജ് പാര്‍ട്ടിയുടെ കൈകളിലായിരുന്നു എന്നു പറയാം. നിയമനിര്‍മ്മാണസഭകളിലൊക്കെയും നല്ല ഭൂരിപക്ഷമുണ്ടായിരുന്ന ആ പാര്‍ട്ടി പാര്‍ലമെന്ററി സംവിധാനത്തിനകത്തു നിന്നുകൊണ്ട് ബ്രിട്ടനെതിരെ പോരാട്ടം നടത്തി. സ്വരാജ് പാര്‍ട്ടിക്ക് പുറത്തു നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മാണാത്മകമായ മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ജനങ്ങളെ വേണ്ടരീതിയില്‍ ആകര്‍ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഈ രീതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്ന നിര്‍ണ്ണായകമായ ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ പറയാനുണ്ടെങ്കിലും അതു പിന്നീടൊരിക്കലാവാം.

1928 ലെ സൈമണ്‍ കമ്മീഷന്റെ സന്ദര്‍ശനം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. 1929-ല്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് ദേശീയവികാരം മാനിച്ചില്ലെങ്കില്‍ കടുത്ത സമരമാര്‍ഗ്ഗങ്ങളിലേക്കു പോകുമെന്നു കാണിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഒരു വര്‍ഷത്തെ നോട്ടീസ് നല്‍കി. എന്നാല്‍ ഗവണ്‍മെന്റ് ഞങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനേത്തുടര്‍ന്ന് 1930-ല്‍ ഉപ്പുനിയമം ലംഘിക്കുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഉപ്പു സത്യാഗ്രഹത്തിന്റെ തുടക്കത്തില്‍ പല ആളുകള്‍ക്കും അതിന്റെ ഭാവി എന്തായിരിക്കുമെന്ന സംശയമുണ്ടായിരുന്നു.

എന്നാല്‍ ജനങ്ങളെയും ഗവണ്‍മെന്റിനെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആ സമരം കരുത്താര്‍ജ്ജിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. കടുത്ത നടപടികളുമായി മുന്നോട്ടുവന്ന ഭരണാധികാരികള്‍ കോണ്‍ഗ്രസ്സിനെ നിയമവിരുദ്ധപ്രസ്ഥാനമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റിനെയും വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളെയും അറസ്റ്റു ചെയ്യാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കി. അറസ്സ് ചെയ്യപ്പെടുമ്പോള്‍ ആ സ്ഥാനത്തേക്കു മറ്റൊരാളെ നിയോഗിക്കാനുള്ള അധികാരം ഓരോ കോണ്‍ഗ്രസ് പ്രസിഡന്റിനും നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ ഈ വെല്ലുവിളിയെ മറികടന്നത്. ഇങ്ങനെ പ്രസിഡന്റായി നിയോഗിക്കപ്പെട്ടവരില്‍ ഞാനും ഉണ്ടായിരുന്നു.

എന്നെ അറസ്റ്റു ചെയ്തപ്പോള്‍ ഞാന്‍ പിന്‍ഗാമിയായി നിയോഗിച്ചത് ഡോ. അന്‍സാരിയെ ആയിരുന്നു. ഈ രീതിയില്‍ ഗവണ്‍മെന്റിനെ അമ്പരപ്പിച്ചുകൊണ്ട് ഞങ്ങള്‍ സമരം മുന്നോട്ടു കൊണ്ടുപോയി. മീററ്റില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലായിരുന്നു ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ടത്. മീററ്റ് ജയിലില്‍ തടവിലാക്കപ്പെട്ട എനിക്ക് ഒന്നര വര്‍ഷക്കാലം അവിടെ കഴിയേണ്ടി വന്നു.

സമരം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇര്‍വ്വിന്‍ പ്രഭു ഗാന്ധിജിയെയും മറ്റു വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളെയും വിട്ടയയ്ക്കാന്‍ ഉത്തരവിട്ടു. ആദ്യം അലഹബാദിലും പിന്നീട് ഡല്‍ഹിയിലും ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി. പിന്നീട് ഗാന്ധി ഇര്‍വ്വിന്‍ കരാര്‍ ഒപ്പുവെക്കപ്പെട്ടു. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയയ്ക്കുക, വട്ടമേശസമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രതിനിധിയെ പങ്കെടുപ്പിക്കുക എന്നീ വ്യവസ്ഥകളാണ് ഈ കരാറിലൂടെ അംഗീകരിക്കപ്പെട്ടത്.

ലണ്ടനില്‍ നടന്ന വട്ടമേശസമ്മേളനത്തിലേക്കുള്ള കോണ്‍ഗ്രസ് പ്രതിനിധിയായി സര്‍വ്വാത്മനാ ഗാന്ധിജി നിയോഗിക്കപ്പെട്ടു. പക്ഷേ അധികാരികളുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം അവിടെനിന്നും വെറുംകൈയോടെ മടങ്ങി. കൂടുതല്‍ അടിച്ചമര്‍ത്തല്‍നടപടികളിലേക്കു നീങ്ങിയ അധികാരികള്‍ ഗാന്ധിജിയെ വീണ്ടും അറസ്റ്റു ചെയ്തു.

പുതിയ വൈസ്രോയി ആയി നിയമിതനായ വില്ലിങ്ടണ്‍ പ്രഭു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടികളാണ് കൈക്കൊണ്ടത്. ആ സമയം ഡല്‍ഹിയിലായിരുന്നു ഞാന്‍. അറസ്റ്റിലായ ഞാന്‍ അവിടെ ഒരുവര്‍ഷക്കാലത്തോളം തടവില്‍ കിടന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഒട്ടേറെ സംഭവങ്ങള്‍ ഇക്കാലത്ത് അരങ്ങേറിയെങ്കിലും അതിന്റെ വിശദാംശങ്ങള്‍ അറിയുവാന്‍ ആദ്യവോള്യം ഇറങ്ങുന്നതുവരെ വായനക്കാര്‍ കാത്തിരിക്കുക.

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകള്‍ക്ക് സ്വയംഭരണവും കേന്ദ്രത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ രൂപീകരണവും നിര്‍ദ്ദേശിക്കുന്ന ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935-ല്‍ പാസായി. ഇവിടെനിന്നാണ് ഈ വോള്യത്തില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കഥ ആരംഭിക്കുന്നത്.


Content Highlights: Abul kalam azad, India swathanthryam nedunnu, Book excerpt, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debashis

9 min

'എന്തിനാണ് സ്‌കൂള്‍ വിടുന്നത്? വിദ്യാര്‍ത്ഥികള്‍ ഗണ്യമായ ഹൃദയവേദനയോടെയാണ് ചോദിച്ചത്'

Jun 5, 2023


Ramayanam

4 min

'തിരിച്ചയച്ചാനുടനേ മൃഗപക്ഷിഗണങ്ങളെ'; വിരഹവും വീണ്ടെടുപ്പും കലര്‍ന്ന രാമായണത്തിലെ പ്രകൃതിദര്‍ശനം

Jun 5, 2023


N.A. Naseer

5 min

'കാട്ടിലാകുന്ന ഓരോ നിമിഷവും തുറന്ന മനസ്സോടെ കാടായിത്തീരുക'

Jun 5, 2023

Most Commented