തിനാലുവര്‍ഷം മുന്‍പാണ്. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ റഹീം ഒരു ദിവസം ഫോണില്‍ വിളിച്ചു:
'എവിടെയാണ് ഉള്ളത്? എമിഗ്രേഷനില്‍ ഉടനെ വരണം. ഒരു മലയാളിയെ അവര്‍ കൊണ്ടുവന്നിട്ടുണ്ട്. പെട്ടെന്ന് വരണം'.
ഞാന്‍ പോയി. എമിഗ്രേഷന്‍ ഓഫീസിനകത്ത് ഒരു മുറിയുണ്ട്. പലയിടത്തുനിന്നും കണ്ടെടുക്കുന്ന ആളുകളെ കൊണ്ടുവന്ന് താമസിപ്പിക്കുന്ന ഒരു മുറി. ആ മുറിക്കകത്താണ് റഹീം നേരത്തേ ഫോണിലൂടെ പറഞ്ഞ ആ ആളുള്ളത്. ഞാന്‍ ആ മുറിയിലേക്ക് കടന്നു. ഒരു നിമിഷം സ്തബ്ധനായിപ്പോയി. തളര്‍ന്നവശനായ ഒരു മനുഷ്യന്‍ ചെരുപ്പ് കൈകളില്‍ ഇട്ട് നിലത്ത് ഇഴയുന്നു. ഒരു വിങ്ങല്‍ ഉള്ളില്‍നിന്നും തികട്ടിവന്നു. അയാളില്‍ തറഞ്ഞുപോയ കണ്ണുകള്‍ പറിച്ചെടുക്കാനാവാതെ ഞാന്‍ തരിച്ചുനിന്നു. ഒന്ന് എഴുന്നേല്ക്കാന്‍പോലും കഴിയാത്ത ദയനീയമായ രൂപം അത്രമാത്രം പിടിച്ചുലയ്ക്കുന്നതായിരുന്നു.

എംബസിയുടെ ഇടപെടല്‍ ആവശ്യമായി വരുന്ന പല കേസുകളിലും റഹീം എന്നെ കൃത്യമായി സഹായിച്ചിട്ടുണ്ട്. നാട്ടിലേക്ക് അയക്കേണ്ട ഏതെങ്കിലും ഇന്ത്യക്കാരന്റെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എന്നെ അറിയിക്കാറുള്ള ഒരു നല്ല സുഹൃത്താണ് റഹീം.

ഒമാനിലെ മത്സ്യബന്ധനം നടക്കുന്ന ഒട്ടുമിക്ക കടല്‍ത്തീരങ്ങളിലും ഈത്തപ്പനയുടെ ഓലകള്‍കൊണ്ട് കെട്ടിയ ചെറിയ കൂടാരങ്ങള്‍ കാണാം. വൈകുന്നേരങ്ങളില്‍ അവയ്ക്കകത്ത് ആളുകള്‍ കൂടിയിരുന്ന് സമയംകൊല്ലുന്നത് കണ്ടിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ക്ക് തിരിച്ചുവരുമ്പോള്‍ വിശ്രമിക്കാനും വലകള്‍ സൂക്ഷിക്കാനുമുള്ള ഇടങ്ങളാണ് അത്തരം കൂടാരങ്ങള്‍. സൂറിലെ അങ്ങനെയുള്ള ഒരൂ കൂടാരത്തിനുള്ളില്‍ സ്വയം എഴുന്നേറ്റു നില്ക്കാന്‍പോലുമാവാതെ കിടക്കുകയായിരുന്നു ഈ മനുഷ്യന്‍. എത്ര ദിവസങ്ങള്‍ അവിടെ അങ്ങനെ കിടന്നിട്ടുണ്ടാകും എന്ന് കൃത്യമായി അറിയില്ല. ആഹാരം ലഭിച്ചതെങ്ങനെ അഥവാ ലഭിച്ചിരുന്നോ എന്നും അറിയില്ല. 

ആ കൂടാരത്തില്‍ തുടര്‍ച്ചയായി കടല്‍ക്കാറ്റേറ്റ് കിടന്നതിനാലാവാം രോഗിയായിരുന്ന അയാള്‍ നിലത്തുകിടന്ന് ഇഴയുന്ന അവസ്ഥയിലായത്. ഏതോ ഒമാനികള്‍ അറിയിച്ചതിനാല്‍ പോലീസ് അവിടെനിന്ന് കൂട്ടിക്കൊണ്ടുവന്ന് എമിഗ്രേഷനില്‍ എത്തിക്കുകയായിരുന്നു. അന്ന് അയാള്‍ക്ക് നാല്പത്തിയെട്ട് വയസ്സായിരുന്നു. പോലീസ് അയാളെ കണ്ടെടുക്കുമ്പോള്‍ മുഷിഞ്ഞുനാറിയ ഒരു മനുഷ്യക്കോലമായിരുന്നു അയാള്‍.

എമിഗ്രേഷന്‍ അധികൃതര്‍ അയാളെ ഔട്ട്പാസ് ഉപയോഗിച്ച് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനായി ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. അയാളുടെ പരിതാപകരമായ ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ട്, ഇന്ത്യയിലേക്കുള്ള യാത്രയ്ക്കുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ അയാള്‍ക്കുള്ള ചികിത്സയും താമസവും എന്റെ ഉത്തരവാദിത്വത്തില്‍ ഏറ്റെടുത്തു. ഞാന്‍ ബദര്‍ അല്‍സമ പോളിക്ലിനിക് മാനേജിങ് ഡയറക്ടര്‍ വി.ടി. വിനോദുമായി ബന്ധപ്പെട്ടു. അദ്ദേഹം അഭ്യര്‍ഥനയോട് അനുകൂലമായി പ്രതികരിക്കുകയും ഈ രോഗിയെ നാട്ടിലേക്ക് അയക്കുന്നതുവരെയുള്ള ചികിത്സ ഏറ്റെടുക്കുകയും ചെയ്തു.

എമിഗ്രേഷന്‍ മുറിയില്‍നിന്ന് ഞാനും റഹീമും ചേര്‍ന്ന് അയാളെ എടുത്ത് റൂവിയിലെ ബദര്‍ അല്‍സമ പോളിക്ലിനിക്കിലേക്ക് എത്തിച്ചു. ഞങ്ങളെ സ്വീകരിക്കാന്‍ ആസ്പത്രിയുടെ മുന്‍വശത്തേക്ക് വി.ടി. വിനോദും എത്തി. വിനോദാണ് സ്ട്രക്ചര്‍ എടുത്തുവന്ന് അതിലേക്ക് ഒരു മാലിന്യക്കൂമ്പാരംപോലെ തോന്നിക്കുന്ന അയാളെ കിടത്തിയത്. റഹീമിനെപ്പോലെ തന്നെ വിനോദും പല ആളുകളുടെ പ്രശ്‌നങ്ങളിലും എന്നോട് സഹകരിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് ഇന്നത്തെപ്പോലെ ഒരു ഹോസ്പിറ്റല്‍ ശൃംഖലയായി ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ വളര്‍ന്നിട്ടുണ്ടായിരുന്നില്ല. ഇന്നും വിനോദ് ഇത്തരം കാര്യങ്ങളില്‍ സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്.

കോഴിക്കോട് അത്തോളി സ്വദേശിയായ രാഘവനാണ് ആ മനുഷ്യന്‍. വോളിബോള്‍ താരമായിരുന്ന രാഘവന്റെ ഒമാനിലെ അവസാനത്തെ നാളുകള്‍ ഇങ്ങനെയായിരുന്നു. ഒരിക്കല്‍ കോഴിക്കോട് ജില്ലാ വോളിബോള്‍ ടീമില്‍ അംഗമായിരുന്നു രാഘവന്‍. വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ പേരിലുള്ള ടൂര്‍ണമെന്റില്‍ കളിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി.

1991-ലാണ് രാഘവന്‍ തൊഴില്‍തേടി ഒമാനില്‍ എത്തിയത്. നല്ല വിദ്യാഭ്യാസയോഗ്യതയുണ്ടായിരുന്നതിനാല്‍ ഒരു കമ്പനിയില്‍ ടെക്നീഷ്യനായാണ് അയാള്‍ ഇവിടെയെത്തിയത്. പതിനൊന്നു വര്‍ഷം ആ കമ്പനിയില്‍ ജോലിചെയ്തു. കൂടെ ജോലി ചെയ്യുന്നവരുമായോ മേലുദ്യോഗസ്ഥന്മാരുമായോ യോജിച്ചു പോകാനാവാതെ നിരന്തരം മനഃസംഘര്‍ഷം അനുഭവിച്ചതിനാല്‍ ആ ജോലി ഉപേക്ഷിച്ചു. എന്നാല്‍ ആ സമയത്തുതന്നെ നാട്ടിലേക്കു പോകാന്‍ കഴിഞ്ഞില്ല.

പി.എം.ജാബിറിന്റെ ആമുഖമില്ലാത്ത അനുഭവങ്ങള്‍ എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

അനന്തരം മൂന്നുനാലു വര്‍ഷക്കാലം ചെയ്തതെല്ലാം 'മിന്നിമിന്നി ജോലികളാ'യിരുന്നു. മിന്നിമിന്നി ജോലികള്‍ എന്നു പറഞ്ഞാല്‍ അവിടെയുമിവിടെയും എന്തെങ്കിലും ജോലികള്‍. ജോലി എന്തെന്നോ എവിടെയെന്നോ കൃത്യമായി പറയാന്‍ കഴിയാത്ത തരത്തിലുള്ളവ. പിടിച്ചുനില്ക്കാന്‍വേണ്ടി ചെയ്ത ആ ചെറിയ ജോലികളോടൊപ്പം നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് അയാള്‍ ചേക്കേറിക്കൊണ്ടിരുന്നു. അവസാനം സൂറിലാണ് എത്തിച്ചേര്‍ന്നത്. ഗ്ലാസ് കട്ടിങ്ങാണ് രാഘവന്‍ കൂടുതലും ചെയ്തിരുന്നത്. ആ ജോലിയില്‍ നിപുണനാണ് താനെന്ന് അയാള്‍ തെളിയിക്കുകയും ചെയ്തിരുന്നു.

aamukhamillatha anubhavangalവിസ പുതുക്കാതിരുന്നതിനാല്‍ സുരക്ഷിതമല്ലാത്ത അത്തരം ജോലികളും തുടര്‍ന്നു ചെയ്യാനാവാതെ വന്നു. തൊഴില്‍രഹിതനായി മാറിയപ്പോള്‍ ആഹാരത്തിനു വകയില്ലാതായി. ശരീരികമായും മാനസികമായും തളര്‍ന്നുപോയ രാഘവന്‍ രോഗിയായി. കടുത്ത പ്രമേഹം അയാളെ അവശനാക്കി മാറ്റി. ഗ്ലാസ് കട്ടിങ് ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്ന രാഘവന് ഒരു ഗ്ലാസ് കട്ടര്‍പോലും കൈകൊണ്ട് പിടിക്കാനുള്ള ശേഷിയില്ലാതായി.

ആറടിയിലധികം ഉയരമുള്ള അയാള്‍ക്ക് ഒരു വോളിബോള്‍ താരത്തിന്റെ ശാരീരികക്ഷമത മുന്‍പ് ഉണ്ടായിരുന്നതിനാലാവാം പ്രതികൂലാവസ്ഥയിലും ഇങ്ങനെയെങ്കിലും അതിജീവിക്കാനായത്. എഴുന്നേല്ക്കാനാവാത്തവിധം രോഗം തളര്‍ത്തിയിടുന്നതുവരെ പലതരം ജോലികള്‍ ചെയ്തുകൊണ്ട് രാഘവന്‍ ശ്രമിച്ചിരുന്നത് ഭാര്യ ശൈലജയ്ക്കും വിദ്യാര്‍ഥികളായ മകള്‍ അഖിലയ്ക്കും മകന്‍ നിഖിലിനും ആശ്വാസം പകരാന്‍ തന്നെയായിരുന്നു. തൊഴിലെടുത്ത് നേടാന്‍ കഴിയുന്ന പണമത്രയും അയാള്‍ നാട്ടിലേക്ക് അയച്ചുകൊടുത്തു. അവസാനത്തെ ആറുമാസങ്ങളില്‍ ഒരു റിയാല്‍പോലും സമ്പാദിക്കാന്‍ സാധിക്കാത്തതിനാല്‍ അവര്‍ക്ക് ഒന്നും അയച്ചുകൊടുക്കാനും സാധിച്ചില്ല.

'ഈ സമയത്ത് ഒന്നു ഫോണില്‍ ബന്ധപ്പെടാന്‍പോലും സാധിച്ചില്ല, അതിനാല്‍ എന്റെ വിവരങ്ങളൊന്നുമറിയാതെ അവര്‍ ആകെ പേടിച്ചിട്ടുണ്ടാവും', ശക്തിയായി ചുമച്ചുകൊണ്ടാണ് രാഘവന്‍ ഇക്കാര്യം പറഞ്ഞത്. രാഘവന് യാത്രചെയ്യാനുള്ള ആരോഗ്യസ്ഥിതി എത്തുന്നതുവരെ കാത്തിരുന്നേ മതിയാകൂ. അങ്ങനെയൊരവസ്ഥയില്‍ അയാള്‍ എത്തിക്കഴിഞ്ഞാല്‍ എത്രയുംപെട്ടെന്ന് അയാളെ നാട്ടിലേക്ക് അയക്കണം. അല്ലെങ്കില്‍ അയാള്‍ക്ക് നേരേ ജയിലിലേക്ക് പോകേണ്ടിവരും. ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ പ്രയാസമാകും. അതിനുള്ള നൂലാമാലകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവില്ല.

( പി.എം.ജാബിറിന്റെ ആമുഖമില്ലാത്ത അനുഭവങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന് )