കന്നിനെയും ഇടയനെയും ഒത്തുകൂടി തിന്ന ഗോത്രജനത! നടക്കുംതോറും ഭാവം മാറുന്ന ബസ്തറിലെ ഗൂഗിളറിയാവഴികള്‍


"വേനലില്‍ ജാത്രസംഘങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ഈ വിടവു കടന്നുവരും. രാത്രി ഇവിടെ കൂടി ഭക്ഷണം ഉണ്ടാക്കിക്കഴിച്ച് പാട്ടും നൃത്തവുമായി കഴിച്ചുകൂട്ടും. പിറ്റേന്ന് സ്ഥലം വിടും. പിന്നീടിങ്ങോട്ട് ആരും വരില്ല. പക്ഷേ, ആരോ വരുന്നുണ്ട്. നിലത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കല്ലിന്‍ചുവട്ടിലെ കോഴിമുട്ടയും തുണിക്കഷണവും കാലാജാദുവിന്റെ അടയാളങ്ങളാണ്".

വര: ദേവപ്രകാശ്‌

നന്ദിനി മേനോന്‍ എഴുതിയ 'ആംചൊ ബസ്തര്‍' എന്ന യാത്രാവിവരണപുസ്തകത്തിലെ ഒരധ്യായം വായിക്കാം...

ആംചൊ ബസ്തര്‍ എന്ന ചരടില്‍ കോര്‍ത്ത കൗമാരങ്ങള്‍. സ്വയം തിരിച്ചറിഞ്ഞുതുടങ്ങുന്നതിന്റെ ചൈതന്യമുണ്ട് അവരുടെ മുഖത്തിന്. ഒരു മൂല്യവുമില്ലാതെ ഏതോ ഒരു കാട്ടിറമ്പില്‍ ജനിച്ചു പണിയെടുത്തു മരിച്ചുപോയ മുതിര്‍ന്ന തലമുറയുടെ നിസ്സംഗതയല്ല, സ്വന്തം പരിസരങ്ങളില്‍ അറിയപ്പെടുന്നതിന്റെ അഭിമാനമുണ്ട്, തങ്ങളെ അന്വേഷിച്ച് അപരിചിതലോകങ്ങളില്‍നിന്ന് മനുഷ്യര്‍ വരുന്നതിന്റെ ആഹ്ലാദമുണ്ട്, തങ്ങളുടെ സഹായത്തോടെ മറ്റുള്ളവര്‍ പുതിയ കാഴ്ചകള്‍ കാണുന്നതിന്റെ അദ്ഭുതമുണ്ട്, എന്റെ ഗ്രാമം, എന്റെ കല, എന്റെ കാട് എന്ന കരുതലുണ്ട്, സ്വയം അടയാളപ്പെടുന്നതിന്റെ സന്തോഷം അവരനുഭവിക്കുന്നുണ്ട്, തങ്ങളുടെ സാന്നിദ്ധ്യത്തിന്റെ മൂല്യമറിയുന്നുണ്ട്...

മാതേര്‍കോംട ഗ്രാമവഴിയില്‍ വലിയൊരു ചാലരികില്‍ ഞാനിറങ്ങി. ഇനി ഇവിടെനിന്ന് കുറെയേറെ നടക്കണം. പാടത്തുകൂടെ നടന്ന് ചെറിയൊരു തോട് ഇറങ്ങിക്കേറി പുഴയോരത്തുനിന്നും നീണ്ട കുത്തനെയുള്ള ഒറ്റയടിപ്പാതയിലൂടെ വിജനകാട്ടിലൂടെ കുറെയേറെ പോണം. ആകാശിന് വലിയ പരിചയമൊന്നുമില്ല. അവിടെ കുറച്ചു കുട്ടികള്‍ നില്‍ക്കാമെന്നു പറഞ്ഞിട്ടുണ്ട്. അവര്‍ കൊണ്ടുപോകും. അവര്‍ക്കു വലിയ സന്തോഷവും അഭിമാനവുമുള്ള കാര്യമാണ്. അവര്‍ അടുത്തീയിടെ കണ്ടുപിടിച്ച ഗുഹയാണ്.

പാടത്തേക്കു തിരിയുന്ന വഴിയുടെ തുടക്കത്തില്‍ മുളങ്കമ്പുകളില്‍ ഉയര്‍ത്തി ഉണങ്ങിയ മുളയിലകള്‍ മേഞ്ഞ ഒരു ചെറിയ പന്തലുണ്ട്. മുളമ്പാത്തികള്‍കൊണ്ട് രണ്ടു ബെഞ്ചും ചെറിയ മൂന്നാലു ഇരിപ്പിടങ്ങളും അതിനകത്തുണ്ട്. എന്നെ സ്വീകരിക്കാന്‍ കുട്ടികള്‍ അതിനു മുന്നില്‍ നിരന്നുനില്‍ക്കുന്നു. പതിനെട്ടു പത്തൊമ്പത് വയസ്സു പ്രായത്തിലുള്ള, ഒരേ വലിപ്പം തോന്നിക്കുന്ന പതിനാല് ആണ്‍കുട്ടികള്‍. എല്ലാവരും നീല ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞിട്ടുണ്ട്. ഷര്‍ട്ടിന്റെ മുന്നിലും പിന്നിലും എഴുതിയിട്ടുണ്ട്, ആംചൊ ബസ്തര്‍!

അതൊരു പുതിയ അനുഭവമായിരുന്നു. നാലു വര്‍ഷത്തിലധികമായി ബസ്തറിലുടനീളം നിരന്തരം ഞാന്‍ യാത്രചെയ്യാന്‍ തുടങ്ങിയിട്ട്. നാലോ അഞ്ചോ സ്ഥലങ്ങളല്ലാതെ വേറൊന്നും ഛത്തിസ്ഗഢ് ടൂറിസം മാപ്പില്‍ വ്യക്തമായി അടയാളപ്പെട്ടിട്ടേയില്ല. ഗൂഗിളില്‍ അന്വേഷിച്ചാല്‍ രണ്ടോ മൂന്നോ വരികളില്‍ അവ്യക്തമായി വല്ലതും കാണും. അങ്ങോട്ടേക്കുള്ള വഴിയോ അടയാളങ്ങളോ ഒന്നും എവിടെയും കാണില്ല.

വഴിയരികില്‍ നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും ശരിയായ അറിവു തരാനാവില്ല. വണ്ടി പോകുമോ, നടക്കണോ, ഇവിടെ നിര്‍ത്തണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊക്കെ അവര്‍ വെറുതേ മൂളും. എന്നിട്ടും ഒരുറപ്പുമില്ലാത്ത ഒരുപാടു യാത്രകളും നടത്തങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. പാറപ്പുറത്തൊരു സൂചനാചിഹ്നമെങ്കിലും വരച്ചിട്ടിരുന്നുവെങ്കില്‍, എത്രയോ മണിക്കൂറുകള്‍ ലാഭിക്കാമായിരുന്നു എന്നു സങ്കടത്തോടെ ചിന്തിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ കവര്‍

കാനനഗ്രാമങ്ങളിലേക്കുള്ള, മനുഷ്യരിലേക്കുള്ള യാത്രകള്‍ നമ്മുടെ ഇഷ്ടത്തിനും താത്പര്യത്തിനുമാണ്. അതു വിനോദസഞ്ചാരമല്ല. പക്ഷേ, എത്രയോ പ്രകൃതിരമണീയമായ വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, ശിലാചിത്രങ്ങള്‍, താഴ്‌വരകള്‍, പുഴയോരങ്ങള്‍, പുറംലോകമറിയാതെ, സഞ്ചാരികളറിയാതെ മറഞ്ഞുകിടപ്പാണ്. സാഹസികമായി ആരെങ്കിലുമെന്തിനെങ്കിലും തുനിഞ്ഞാലോ, നിരുത്സാഹപ്പെടുത്താനും പിന്തിരിപ്പിക്കാനും സുരക്ഷാസേനയുമുണ്ട്.

ഹല്‍ബി ഭാഷയിലുള്ള 'ആംചൊ ബസ്തര്‍' എന്നാല്‍ 'ഹമാരാ ബസ്തര്‍', 'നമ്മുടെ ബസ്തര്‍' എന്നര്‍ത്ഥം. ഇതൊരു സ്വയംസേവന സന്നദ്ധസഹായ സംഘടനയാണ്. 2020 ഓഗസ്റ്റ് 18നാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ജഗദല്‍പുര്‍ കലക്ടര്‍ രജത് ബന്‍സാല്‍ ഐ.എ.എസ്സിന്റെ പ്രത്യേക താത്പര്യമാണിതിനു പിന്നിലും മുന്നിലും. ബസ്തറിലേക്ക് സഞ്ചാരികളെ (ടൂറിസ്റ്റുകള്‍ എന്നര്‍ത്ഥം മാത്രമല്ല) ആകര്‍ഷിക്കുക, അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ (ഭക്ഷണം, താമസം തുടങ്ങിയവ) ഒരുക്കുക, കാനനവഴികളില്‍ കൂട്ടുപോവുക, സമീപത്തുള്ള മറ്റു വിശേഷങ്ങളെക്കുറിച്ച് അറിയിക്കുക, ഫോട്ടോഗ്രാഫി, ഷോര്‍ട് ഫിലിം തുടങ്ങിയവ നിര്‍മ്മിക്കുവാന്‍ സഹായിക്കുക, അതിസാഹസികയാത്രകളില്‍ അത്യാവശ്യം പരിശീലനം നല്‍കുക തുടങ്ങി ഒരുപാടു കാര്യങ്ങള്‍ ഈ സംഘടന ഏറ്റെടുക്കുന്നു.

ജനത്തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇവരുടെ സേവനമുണ്ടെങ്കിലും, ബസ്തറിനെ അടുത്തറിയാന്‍, അല്ലെങ്കില്‍ പഠനം, ഗവേഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായി, ട്രക്കിങ്ങുപോലുള്ള അനുഭവങ്ങള്‍ക്കായി വരുന്നവര്‍ക്കു നല്‍കുന്ന സഹായം തന്നെയാണ് പ്രധാനപ്പെട്ടത്. വിദ്യാര്‍ത്ഥികളാണ് 'ആംചൊ ബസ്തര്‍' പ്രവര്‍ത്തകരെല്ലാവരും. സ്വന്തം ഗ്രാമങ്ങളിലും പരിസരങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. നല്ല ഹിന്ദിയും അത്യാവശ്യത്തിനുള്ള ഇംഗ്ലീഷും ഇവര്‍ക്കുണ്ട്. കൗമാരത്തിന്റെ ഊര്‍ജ്ജവും തെളിച്ചവും പ്രസരിപ്പും സ്വാതന്ത്ര്യവും അവരുടെ ശരീരഭാഷയിലുണ്ട്. യാത്രക്കാര്‍ക്കായി പുതിയതെന്തെങ്കിലും ഒരുക്കുക എന്നതല്ല, തങ്ങളുടെ നാട്ടിലുള്ളത് തനത് അവസ്ഥയില്‍ പരിചയപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം.
ബുധറാം കവാസിയെന്ന മിടുക്കന്‍ ചിരിക്കുന്ന മുഖവുമായി മുന്നില്‍ നിന്നു.
'നീക്ക് ജുവാര്‍...' (താങ്കള്‍ക്ക് സ്വാഗതം!)
ഓരോരുത്തരെയായി സംഘത്തിലുള്ളവരെയെല്ലാം പരിചയപ്പെടുത്തി. എല്ലാവരും വിദ്യാര്‍ത്ഥികളാണ്. മാതേര്‍കോംടയിലും സമീപഗ്രാമങ്ങളിലും വസിക്കുന്നവരാണ്. എന്നെ വിശദമായി പരിചയപ്പെട്ടു. പോകുന്ന വഴിയെക്കുറിച്ച് ഒരേകദേശധാരണ തന്നു.
'നമുക്കു നടക്കാം.'
ബുധറാമും വേറെ രണ്ടുപേരും റെഡിയായി.
'നടക്കാം.'
ആ കുട്ടികള്‍ക്കൊപ്പം ഏതു മലമുകളിലേക്കും ഏതു കാട്ടിലേക്കും ധൈര്യമായി പോകാമെന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ എന്നെക്കൊണ്ടു തോന്നിപ്പിച്ചു എന്നതിലാണവരുടെ വിജയം.

തീരേ ഉയരമില്ലാത്ത നെല്‍ച്ചെടികള്‍ക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ ഞങ്ങള്‍ നടന്നു. ചെളി കെട്ടിക്കിടക്കുന്ന തോട് ഇറങ്ങിക്കേറി. തോട്ടിലൊരാളും രണ്ടു സ്ത്രീകളും കുരുത്തിവെക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങളൊരുപാട് സംസാരിച്ച്, സന്തോഷിച്ച് സ്‌കൂള്‍ പിക്‌നിക് പോലെയങ്ങു പോവുകയാണ്. ബുധറാം ജനിച്ചത് ബുധനാഴ്ചയാണ്, അതാണ് ബുധറാം. സോമവാര്‍ ജനിച്ചവന്‍ സോമേരു, ശനിവാര്‍ ശനീശ്, ഇത് വാര്‍ ഇത് വാരി, മംഗല്‍വാര്‍ മംഗള്‍, പേരിടാന്‍ ഇങ്ങനെയും ഒരു സൂത്രമുണ്ട്.

ഫോട്ടോ: അനു പി.

വേറൊന്ന് പിതാമഹരുടെ പേരു കൊടുക്കലാണ്. കുഞ്ഞു ജനിച്ച് നാല്‍പ്പത്തൊന്നാംനാള്‍ നടക്കുന്നൊരു ചടങ്ങാണത്. കുളിപ്പിച്ചൊരുക്കി കിടത്തിയ കുഞ്ഞിന്റെ കൈയില്‍ ചെറിയൊരു സാല്‍മരച്ചില്ല പിടിപ്പിക്കും. സീര്ഹ കുഞ്ഞിന്റെ കുടുംബത്തിലെ മരിച്ചുപോയവരുടെ പേരുകള്‍ ഓരോന്നായി പറയും. ഏതു പേരു പറയുമ്പോഴാണോ കുഞ്ഞ് മരച്ചില്ല തോളിലേക്ക് അടിക്കുന്നത് അതാണവനുള്ള നാമധേയം. ചിലപ്പോള്‍ ഒരു കുടുംബത്തില്‍ ത്തന്നെ ഒരേ പേരില്‍ ഒന്നിലധികം വ്യക്തികള്‍ വരാം.

മാതേര്‍കോംട നദിയോരത്ത് ഞാനിരുന്നു. ഇനിയെങ്ങോട്ടും പോകാനില്ലായെന്ന തോന്നലോളം മനോഹരിയായിരുന്നു അവള്‍. ഇത്രയും ശബ്ദമില്ലാതെ ഇത്ര ശക്തമായ ഒഴുക്കുള്ള നിറഞ്ഞ നദി അദ്ഭുതപ്പെടുത്തി. വലിയൊരു തിരിവിലൂടെയാണ് അവള്‍ ഞങ്ങള്‍ക്കു മുന്നില്‍ പൊടുന്നനേ എത്തിയത്. ഇരുവശത്തും കനത്ത കാടാണ്, കാറ്റു വിശ്രമിക്കുന്ന മരക്കൊമ്പുകളാണ്, ഗ്രാമത്തിലേക്കുള്ള കുടിനീരും വയല്‍നീരുമാണ്, അവരാരാധിക്കുന്ന ദേവതയാണ്.

ഒഴുക്കും നോക്കി കല്ലില്‍ വെറുതേയിരിക്കുന്ന എന്നോടൊപ്പം കുട്ടികളും ഇരുന്നു. നടക്കാം, പോകാം, ദൂരമുണ്ട്... എന്നൊന്നും അവര്‍ തിരക്കുകൂട്ടിയില്ല. പുഴയില്‍ ഇടയ്ക്കു തുള്ളുന്ന മീനുകളെക്കുറിച്ചും, അടുത്ത പാറയിലിരിക്കുന്ന നീലപ്പൊന്‍മാനെക്കുറിച്ചും, നട്ടുച്ചയ്ക്ക് വെള്ളം കുടിക്കാന്‍ വരുന്ന മാന്‍കൂട്ടങ്ങളെക്കുറിച്ചും പറഞ്ഞു. ഓരോ യാത്രക്കാരനും ചെയ്യുന്നത് സ്വന്തം യാത്രകളാണെന്നും, കാണുന്നത് വെവ്വേറെ കാഴ്ചകളാണെന്നും ഈ കുറഞ്ഞ കാലത്തിനകം അവര്‍ പഠിച്ചുകഴിഞ്ഞു. എനിക്കാ കുട്ടികളോട് അതീവവാത്സല്യം തോന്നി.

ഗുഹയിലേക്കുള്ള കാട്ടുവഴി ഞാന്‍ കരുതിയതിലും ദുര്‍ഘടമായിരുന്നു. മഴ തലേന്നും പെയ്തതിനാല്‍ നല്ല വഴുക്കലുണ്ട്. ഒരാള്‍ക്ക് കഷ്ടിച്ചു നടക്കാവുന്ന വീതിയേയുള്ളൂ. പാറക്കൂട്ടങ്ങളും കാട്ടുപൊന്തകളും കൊല്ലികളും ഇരുവശത്തും മാറി മാറി വന്നു. തൊട്ടപ്പുറം കാണാന്‍ വയ്യാത്ത വിധത്തില്‍ നല്ല അടിക്കാടുള്ള കനത്ത കാട്. ചീവീടുകളുടെ കൂട്ടനിലവിളി. ബുധറാം എന്നെ മൊത്തത്തില്‍ ഏറ്റെടുത്തു. അവര്‍ കണ്ടുപിടിച്ച ഗുഹ ഞാന്‍ കാണണമെന്ന് അവന് അതിയായ മോഹമുണ്ട്, എനിക്കും.

നിലത്തോടു ചേര്‍ന്ന് വാപൊളിച്ചു കിടക്കുകയാണ് ഗുഹ. പ്രകൃതിദത്ത ചുണ്ണാമ്പുകല്‍ ഗുഹയാണ്. ഇത്തരത്തിലുള്ള ഗുഹകളില്‍ ഏഷ്യയിലെതന്നെ ഏറ്റവും വലുത് വിശാഖപട്ടണത്താണ്, ബൊറ ഗുഹകള്‍. ഇത് മണ്ണിനടിയിലൂടെ അത്യഗാധത്തില്‍ ദൂരെ ദൂരേക്ക് പടര്‍ന്നുകിടക്കും. ആന്ധ്ര, ഒഡിഷ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ കാനനങ്ങളിലൊക്കെ ഇതുണ്ട്. അത്യഗാധത്തിലൂടെയായതിനാല്‍ ഇതിലേക്കു തുറക്കുന്ന വഴികള്‍ പലപ്പോഴും വെളിപ്പെടാറില്ല. ഈ ഗുഹകള്‍ക്ക് ആദിയും അന്ത്യവുമുണ്ടായിരിക്കുകയില്ല. കൈവഴികളായി പിരിഞ്ഞു പിരിഞ്ഞ് ഇത് ചിതല്‍ച്ചാലുപോലെ പടര്‍ന്നുകിടക്കും. ചുണ്ണാമ്പുകല്ലുകളിലൂടെ നീരൊഴുകി (സ്റ്റാലഗ്മൈറ്റ്) ആയിരമായിരം വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെടുന്നവയാണ് ഇത്.

1950ല്‍ ജനശ്രദ്ധ നേടിയ ജഗദല്‍പുര്‍ ജില്ലയിലെ കോടുംസര്‍ ഗ്രാമത്തിലെ കോടുംസര്‍ ഗുഹയും ഇത്തരത്തിലുള്ളതാണ്. വിജനകാനനത്തില്‍ തുറന്നൊരു വലിയ മുറിവായപോലെയാണ് ഇതിന്റെ നില്‍പ്പ്. സന്ദര്‍ശകര്‍ക്ക് അത്യാവശ്യം നടക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും കോടുംസര്‍ ഗുഹ തന്റെ തനത് വന്യത കാത്തുസൂക്ഷിക്കുന്നുണ്ട്. കൈവഴികളിലേക്കൊക്കെ പ്രവേശിക്കുന്നത് അപകടകരമായതിനാല്‍ മുഖ്യമായ രണ്ടോ മൂന്നോ അറകള്‍ മാത്രമേ സഞ്ചാരികള്‍ക്ക് അനുവദിക്കുകയുള്ളൂ. ജീവഹാനിക്കു കാരണമാകാവുന്ന വിഷവായു ഇത്തരം ഗുഹകള്‍ക്കകത്തു കാണാറുണ്ട്.

കാംഗര്‍ നാഷണല്‍ പാര്‍ക്കിലുള്ള ദണ്ഡക് ഗുഹ, കൈലാഷ് ഗുഹ എന്നിവ വരുന്ന കാംഗര്‍ ലൈം ബെല്‍ട്ടിലാണ് കോടുംസര്‍ ഗുഹയും. രാമായണകഥയുമായി പലവിധത്തില്‍ ഇവയെ ബന്ധപ്പെടുത്താറുണ്ട്. ബൊറയിലും കോടുംസറിലും ചുണ്ണാമ്പുപാറകളിലുണ്ടാവുന്ന ചില രൂപങ്ങളെ ശിവന്‍, ഹനുമാന്‍ എന്നെല്ലാം ആരാധിക്കുന്നതായി കാണാറുണ്ട്. എണ്ണത്തിരി, കര്‍പ്പൂരം, ചന്ദനത്തിരി തുടങ്ങിയവ ഇത്തരം ഗുഹകളുടെ ആന്തരികപ്രകൃതിയെ വല്ലാതെ ബാധിക്കാറുണ്ട്. അതീവശ്രദ്ധയോടെ പരിപാലിക്കേണ്ട ജൈവികസമ്പത്താണ് പ്രകൃതിദത്ത ചുണ്ണാമ്പുകല്ലുഗുഹകള്‍.

വിശാഖപട്ടണത്തെ ബൊറ ഗുഹയ്ക്കുള്ളില്‍ വവ്വാലുകളല്ലാതെ മറ്റു ജീവജാലങ്ങളൊന്നുമില്ല. എന്നാല്‍ ജഗദല്‍പുരിലെ കോടുംസര്‍ ഗുഹയ്ക്കകത്ത് കണ്ണില്ലാത്ത ചെറുമീനുകളും, അപൂര്‍വ്വതവളകളുമുണ്ട്. പക്ഷേ, എനിക്കൊരിക്കലും ഇത്തരം മീനുകളെ അതിനകത്തു കാണാന്‍ കഴിഞ്ഞിട്ടില്ല. കുറ്റാക്കൂരിരുട്ടായ ഗുഹയ്ക്കകത്തായതിനാല്‍ കണ്ണ് എന്ന ഇന്ദ്രിയം വികസിച്ചിട്ടില്ല എന്നാണ് വിദഗ്ദ്ധാഭിപ്രായം. മഴക്കാലങ്ങളില്‍ ഗുഹകളില്‍ വെള്ളം നിറയുന്നതിനാല്‍ അപ്പോഴെല്ലാം അടച്ചിടുകയാണ് പതിവ്.
മാതേര്‍കോംട ഗുഹ കനത്ത കാടിനുള്ളില്‍ ഈയിടെയായി വെളിപ്പെട്ടതാണ്. മുമ്പിതാര്‍ക്കും അറിയില്ല എന്നൊന്നും പറയാന്‍ കഴിയില്ല. ഒരുപക്ഷേ ശ്രദ്ധിച്ചില്ലായിരിക്കാം, ഗുഹാകവാടം കാടുപിടിച്ചു കിടന്നിരിക്കാം, പാറക്കൂട്ടവും അടിക്കാടും നിറഞ്ഞ പ്രദേശമായതിനാല്‍ ആരും വന്നില്ലായിരിക്കാം. ഏതായാലും ഗ്രാമീണര്‍ ചുറ്റുപാടുകള്‍ ഒന്നൊതുക്കി, എന്നാല്‍ സ്വാഭാവികത നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങളവിടെ ഇരുന്ന് എറെ സംസാരിച്ചു. വിശാഖപട്ടണത്തെക്കുറിച്ചറിയാന്‍ അവര്‍ക്കാഗ്രഹമുണ്ട്. കടലാണ് ഏറ്റവും വലിയ അദ്ഭുതം. അവരുടെ കോളേജുപഠിപ്പ്, സ്വപ്നങ്ങള്‍ ഏറെയേറെ പറഞ്ഞു. തൊട്ടുമുമ്പത്തെ തലമുറപോലല്ല, അവര്‍ ആഗ്രഹിക്കാന്‍ പഠിച്ചുകഴിഞ്ഞു.

ഗുഹയ്ക്കകം വൃത്തിയാക്കിയിട്ടില്ല. ഈ കുട്ടികള്‍ ടോര്‍ച്ചും വിളക്കുമായി കുറെ സന്ദര്‍ശനങ്ങള്‍ നടത്തി എന്നുമാത്രം. വിഷവായു, ഉരഗങ്ങള്‍ തുടങ്ങിയവ ഇല്ലായെന്ന് ഉറപ്പുവരുത്തണം. പരുക്കനായെങ്കിലും കുറച്ച് പടികള്‍ കെട്ടണം. അതുവരെ സന്ദര്‍ശകര്‍ അകത്തേക്കിറങ്ങാതിരിക്കുകയാണ് നല്ലത്. കരടികള്‍ ധാരാളമുള്ള വനമായതിനാല്‍ ഇവര്‍ ഒരു ഇരുമ്പുഗേറ്റുണ്ടാക്കി താത്കാലികമായി ഗുഹാമുഖം അടച്ചുവെച്ചിട്ടുണ്ട്. ജില്ലാ അധികാരികള്‍ താത്പര്യത്തോടെ ഈ സ്ഥലത്തെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

കുങ്കുമം പൂശിയ രണ്ടു കല്ലുകളും ഒരു കല്‍ചിരാതും പുറത്തിരിപ്പുണ്ട്. ഒരിക്കലും ഈ ഗുഹ ആരാധനയ്ക്കായി ഉപയോഗിക്കുവാന്‍ ആരെയും അനുവദിക്കരുത് എന്നു ഞാന്‍ അവരോടു നിര്‍ബ്ബന്ധമായി പറഞ്ഞു. മാത്രമല്ല, വിനോദസഞ്ചാരവികസനം എന്ന പേരില്‍ ഈ വഴികളെല്ലാം നശിപ്പിക്കുവാനും മാലിന്യങ്ങള്‍ തള്ളാനും ഇടവരരുത്. ചെറിയ പടികളും കൈവരികളുമുണ്ടാക്കി നടപ്പ് സുരക്ഷിതമാക്കാന്‍ മാത്രമേ പാടൂ. കാട്ടുപൊന്തയ്ക്കുള്ളിലെ പോതികള്‍ പറയുന്നതുപോലെ, കാണണമെന്നുള്ളവര്‍ കാടു കേറട്ടെ. കാടു തേഞ്ഞ്, മേടു തേഞ്ഞ് നാളെ ഗുഹ പെരുവഴിയോരത്ത് വായുംപൊളിച്ചു കിടക്കരുത്.

കാടിറങ്ങി വീണ്ടും ഞങ്ങള്‍ പുഴയോരത്തെത്തി. പൊന്‍മാന്‍ പാറപ്പുറത്തുനിന്നും മാറി ചാഞ്ഞൊരു മരക്കൊമ്പിലിരിക്കുന്നു. ഒഴുക്കു കണ്ട് കുറച്ചു നേരമിരുന്നു. ചേറു നിറഞ്ഞ ചാലില്‍ വെച്ച കുരുത്തിയില്‍ കാര്യമായ മീനൊന്നും കുടുങ്ങിയിട്ടില്ല. അവര്‍ മൂന്നുപേരും മുട്ടറ്റം ചേറില്‍ നില്‍ക്കുന്നു. മണ്‍കലത്തിന്റെ മൂടി തുറന്ന് കാട്ടിത്തന്നു. ചേറു പൊതിഞ്ഞ, പേനയുടെ നിബ്ബോളം പോന്ന കുറച്ചു മീനുകള്‍. അര ദിവസത്തെ പ്രയത്‌നമാണ്. ഒരു ചമ്മന്തിയരയ്ക്കാനുള്ള വകയില്ല. അയാള്‍ കുനിഞ്ഞുനിന്ന് ചേറില്‍ രണ്ടു കൈയോണ്ടും എന്തോ തപ്പിക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ആകെ ശൂന്യരായി വിഷണ്ണഭാവത്തോടെ.

കുട്ടികള്‍ തീര്‍ത്ത മുളപ്പന്തലിലെത്തി.
എങ്ങനുണ്ട്, ഇഷ്ടായോ, ബുദ്ധിമുട്ടായോ...
അവരെല്ലാം ചുറ്റും കൂടി.
'നമ്മുടെ ബസ്തര്‍' എന്ന ചരടില്‍ കോര്‍ത്ത കൗമാരങ്ങള്‍. സ്വയം തിരിച്ചറിഞ്ഞു തുടങ്ങുന്നതിന്റെ ചൈതന്യമുണ്ട് അവരുടെ മുഖത്തിന്. ഒരു മൂല്യവുമില്ലാതെ ഏതോ ഒരു കാട്ടിറമ്പില്‍ ജനിച്ചു പണിയെടുത്തു മരിച്ചുപോയ മുതിര്‍ന്ന തലമുറയുടെ നിസ്സംഗതയല്ല, സ്വന്തം പരിസരങ്ങളില്‍ അടയാളപ്പെടുന്നതിന്റെ അഭിമാനമുണ്ട്, തങ്ങളെ അന്വേഷിച്ച് അപരിചിതലോകങ്ങളില്‍നിന്ന് മനുഷ്യര്‍ വരുന്നതിന്റെ ആഹ്ലാദമുണ്ട്, തങ്ങളുടെ സഹായത്തോടെ മറ്റുള്ളവര്‍ പുതിയ കാഴ്ചകള്‍ കാണുന്നതിന്റെ അദ്ഭുതമുണ്ട്, എന്റെ ഗ്രാമം, എന്റെ കല, എന്റെ കാട് എന്ന കരുതലുണ്ട്.

നിശ്ചയിച്ചൊരു ഫീസ് ഇവിടെ കൊടുത്ത് രശീതി വാങ്ങണം. സഹായത്തിനു വന്നവര്‍ക്ക് വേറെ കൊടുക്കണം. ഈ പൈസയുടെ ഒരു ഓഹരി ഗ്രാമപഞ്ചായത്തിനാണ്, ബാക്കിയുള്ളത് സന്നദ്ധസേവകര്‍ക്കും. തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ, ഗുഹായാത്രയാണെങ്കില്‍ എളുപ്പവുമല്ല. എന്നിട്ടും ഈ കുട്ടികള്‍ക്ക് ആളുവീതം മാസത്തില്‍ മൂവ്വായിരം മുതല്‍ നാലായിരം വരെ കിട്ടുന്നുണ്ട്. കൊറോണ ഒഴിഞ്ഞാല്‍ കൂടുതലാളുകള്‍ വരും. അവര്‍ക്കു പ്രതീക്ഷകളുണ്ട്.

സന്ദര്‍ശകര്‍ക്കൊപ്പം അവരുടെ പരിധിയിലുള്ള ഏതു സ്ഥലത്തേക്കും ഈ കുട്ടികള്‍ വരും. ഞാന്‍ മാതേര്‍കോംട ഗ്രാമത്തിലൂടെ അവര്‍ക്കൊപ്പം നടന്നു. അവിടെ അടുത്തുള്ള ഗ്രാമങ്ങളെല്ലാം നൂറു ശതമാനം കോവിഡ് മുക്തമായിരുന്നത്രേ. വഴികള്‍ അടച്ചുകെട്ടി ഗ്രാമീണര്‍ സഞ്ചാരം തടഞ്ഞു. പത്തുമാസത്തോളം അവര്‍ പുറംലോകം കണ്ടില്ല. ഇടയ്ക്കിടെ പോലീസുകാര്‍ വന്ന് ഒരാവശ്യവുമില്ലാതെ ഭീഷണിമുഴക്കി പോയത്രേ. പിന്നീട് പോലീസ് സേനയ്ക്കുതന്നെ അസുഖം പിടിച്ചപ്പോള്‍ ഗ്രാമീണര്‍ അവരെ ഉപരോധിച്ചു.
ഗ്രാമത്തിലെ സീര്ഹയുടെ അടുത്തേക്ക് അവരെന്നെ കൊണ്ടുപോവുകയാണ്. സീര്ഹ സോമേരു മുറ്റത്തുതന്നെ നില്‍പ്പുണ്ട്. തിരിഞ്ഞുനോക്കുമ്പോഴേക്കും കുട്ടികളെ കാണാനില്ല. സീര്ഹയുടെ പൂജയും മന്ത്രവും കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ അവരുണ്ട് എന്റെ ചുറ്റിലും.
'ഞങ്ങള്‍ക്ക് അങ്ങേരെ പേടിയാണ്...'
കുട്ടിത്തം വിടാത്ത ഏറ്റുപറച്ചില്‍. നേര്‍ത്ത മുളനാരുകൊണ്ട് കുട്ട, വട്ടി, മുറം ഉണ്ടാക്കുന്നവര്‍ ഈ ഗ്രാമത്തിലുണ്ട്. തത്തക്കൂട്, പൂപ്പാത്രം, ടേബിള്‍ മാറ്റ് തുടങ്ങിയവയും ഉണ്ടാക്കുന്നുണ്ട്.
'നിങ്ങളുടെ മുളപ്പന്തലില്‍ മുളനാരുകൊണ്ടുള്ള ചെറിയ കൗതുകവസ്തുക്കള്‍ ഉണ്ടാക്കിവെക്കൂ. സന്ദര്‍ശകര്‍ കാണട്ടെ. താത്പര്യമുള്ളവര്‍ വാങ്ങട്ടെ. അവരെ ഗ്രാമത്തിലേക്കു ക്ഷണിച്ച് ഈ കലാകാരന്മാരെയും കാട്ടിക്കൊടുക്കൂ.'
എന്റെ നിര്‍ദ്ദേശം അവര്‍ വലിയ താത്പര്യത്തോടെ കേട്ടു.
ബുധറാം വളരെ വ്യക്തതയോടെ സംസാരിക്കുന്ന കുട്ടിയാണ്. ജഗദല്‍പുരില്‍ ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ അവനെ ഏറെ ഉന്മേഷവാനാക്കുന്നുണ്ട്. നല്ലൊരു പരിശീലനം ലഭിച്ചാല്‍ അവന്‍ നേതൃത്വരംഗത്തേക്ക് ഉയരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
'നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍, ബുധറാം, നീയൊരു നേതാവായി മാറിയിട്ടുണ്ടാവും, എനിക്കു തോന്നുന്നു... '
വലിയ പുളിമരത്തണലില്‍നിന്ന് അവന്‍ വിടര്‍ന്നു ചിരിച്ചു. ജഗദല്‍പുരില്‍നിന്ന് മാതേര്‍കോടെയിലേക്ക് ഏറെ ദൂരമുണ്ട്. പക്ഷേ, മാതേര്‍കോംടയില്‍നിന്ന് ലോകത്തേക്ക് ഏറെ ദൂരമില്ല.

പ്രേതങ്ങളുടെ താഴ്‌വര

മുഹമ്മദ് ഗോറിയുടെ സൈനികര്‍ കാംകേറിലൂടെ പ്രവേശിച്ച് ബസ്തറിന്റെ മാറിലൂടെ ഗോദാവരീതീരത്തേക്ക് നീങ്ങുകയാണ്. ചെറിയ നാട്ടുരാജാക്കന്മാരെയും കാട്ടുരാജാക്കന്മാരെയും കൊന്നുതള്ളി അര്‍മാദത്തോടെ പോവുകയാണ്. അന്ന് കാകതീയ രാജാവ് ജഗദല്‍പുരില്‍ വാഴ്ച ആരംഭിച്ചിട്ടില്ല. വിജയോന്മാദത്തോടെ നിബിഡവനപ്രദേശമായ മേന്ദ്രി (മഹേന്ദ്രി... എന്നും)യിലെത്തിയ ഗോറിയുടെ സൈന്യത്തെ, പരമ്പരാഗത ആയുധങ്ങളുമായി ഗോത്രജര്‍ നേരിട്ടു. പക്ഷേ, വീരന്മാര്‍ അനിവാര്യമായ പരാജയം ഏറ്റുവാങ്ങി. തുടര്‍ന്ന് ഗ്രാമങ്ങളിലേക്കു തിരിഞ്ഞ പരദേശികളുടെ കണ്ണുവെട്ടിച്ച് സ്ത്രീകള്‍ കുട്ടികളുമൊത്ത് മേന്ദ്രിഗുമര്‍ വെള്ളച്ചാട്ടത്തിന്റെ പാറക്കെട്ടിനു മുകളിലേക്കെത്തി. വിജയികള്‍ക്ക് ചവിട്ടിത്തേയ്ക്കാനുള്ളതല്ല പരാജിതരുടെ അഭിമാനം എന്ന ചിന്തയില്‍ അവര്‍ കൂട്ടത്തോടെ വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടി. കൃത്യമായ കണക്കില്ലെങ്കിലും, പത്തോളം ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ആത്മാഹുതി ചെയ്തത്.

മേന്ദ്രിഗുമര്‍ തീര്‍ത്തും ഒറ്റപ്പെട്ട ഒരിടത്ത് സഞ്ചാരികളുടെ കണ്ണുകള്‍ക്കു മറഞ്ഞുനില്‍ക്കുന്ന അതിമനോഹര വെള്ളച്ചാട്ടമാണ്. മേന്ദ്രി എന്നാല്‍ ഗോണ്ടിയില്‍ കുരങ്ങന്‍ എന്നും ഗുമര്‍ എന്നാല്‍ വെള്ളച്ചാട്ടം എന്നും അര്‍ത്ഥം. ധാരാളം കുരങ്ങുകളുടെ ആവാസസ്ഥാനമായതിനാലാണ് എന്നും, വികൃതിയായ കുരങ്ങന്റെ ചാട്ടംപോലെയായതിനാലാണ് എന്നും, പേരിന്റെ ഉദ്ഭവത്തിന് രണ്ടു ഭാഷ്യങ്ങളുണ്ട്.

മഴ പെയ്തു നിറയുന്ന ഒരു ചാലാണ് ഈ വെള്ളച്ചാട്ടത്തിനു കാരണം എന്നറിയുന്നത് അദ്ഭുതമാണ്. നെല്‍പ്പാടങ്ങള്‍ക്കു നടുവിലൂടെ ഒരു വെപ്രാളവുമില്ലാതെ വെറുതേ ഒഴുകിവരുന്ന നീര്‍ച്ചാല്‍, പെട്ടെന്നൊരു പാറ വക്കില്‍നിന്ന് അത്യഗാധതയിലേക്കു പതിക്കുകയാണ്. വെള്ളച്ചാട്ടത്തിന്റെ തൊട്ടുമുകളില്‍പ്പോലും കൃഷിയുണ്ട്. ഇതൊന്നുമറിയാതെ നീര്‍ച്ചാലിലൂടെ തുള്ളിക്കളിച്ചു വരുന്നൊരു കുട്ടി പെട്ടെന്ന് ഈ പാറവക്കത്തെത്തുമ്പോള്‍ അനുഭവിച്ചേക്കാവുന്ന ഞെട്ടലോര്‍ത്ത് ഞാനുമൊന്നു ശക്തിയായി ഞെട്ടി.
പതനസ്ഥലം നമുക്കു കാണാന്‍ കഴിയില്ല.

താഴ്‌വരയിലെ മരങ്ങള്‍ക്കിടയിലൂടെ ഏതോ അഗാധതയിലേക്ക് പതിക്കുകയാണ്. ആത്മാഹുതി ചെയ്ത സ്ത്രീകളുടെ ശാപവും ദൈന്യതയും, വലിച്ചെറിയപ്പെട്ട കുട്ടികളുടെ ഞെട്ടലും സങ്കടവും താഴ്‌വരയെയാകെ ബാധിച്ചിരിക്കുന്നു എന്ന് ഇന്നും ഇവിടെയുള്ളവര്‍ കരുതുന്നു. ഞെട്ടലോടെ വെള്ളം പൊട്ടിവീഴുന്നയിടത്തിന്റെ അടുത്തൊന്നും ഇന്നും ഗ്രാമങ്ങളോ കൃഷിയോ ഇല്ല. പ്രേതങ്ങള്‍ അലയുന്ന നിശ്ശബ്ദതാഴ്‌വരയാണിവിടം.

മേന്ദ്രിഗുമറിന്റെ കരയില്‍ മുളച്ചുപൊന്തിയതുപോലുള്ള പാറകളുണ്ട്. വെള്ളത്തുള്ളികളില്‍ കുഞ്ഞുമഴവില്ലുകളുണ്ട്. ആളൊഴിഞ്ഞ പുല്‍ക്കുടിലുകള്‍ തപ്പിത്തിരയുന്ന ആണത്തം ചുരമാന്തുന്ന വെറിപിടിച്ച പുരുഷന്മാരെയും, വാവിട്ടുകരയുന്ന മക്കളെ ഊക്കോടെ ആഴങ്ങളിലേക്കു തള്ളുന്ന പെണ്ണുങ്ങളെയും, അന്നതുകണ്ട് വെറും കല്ലായിപ്പോയ കല്ലുകളെക്കുറിച്ചും ഓര്‍ത്ത്, തീരേ സന്ദര്‍ശകരില്ലാത്ത ഈ സായാഹ്നത്തില്‍ ഞാനീ പാറപ്പുറത്ത് വെറുതേയിരിക്കുന്നു.

നരഭോജികളുടെ ഗ്രാമം

ചൊറിപിടിച്ചതുപോലെയും വരണ്ടുണങ്ങിയതുപോലെയും മുരടിച്ച് പൊറ്റന്‍ കെട്ടിയതുപോലെയുമുള്ള പരുക്കന്‍ പാറയാണ് ഇവിടം നിറയെ. പാറകള്‍ക്ക് മുട്ടോളംപോലും പൊക്കമില്ലെങ്കിലും കൂര്‍ത്ത് പല്ലിളിച്ച് ഒരു മനുഷ്യപ്പറ്റുമില്ലാതെ പരന്നുകിടക്കുന്നു. പാറകള്‍ക്കിടയിലുള്ള നരച്ച മണ്ണില്‍ തീരേ ഉയരം കുറഞ്ഞ കാരമുള്‍ച്ചെടികളും, മണ്ണില്‍ പറ്റിക്കിടക്കുന്ന സഞ്ജീവനി എന്നൊരുതരം ചെറുചെടിയും. അവിടവിടെ അഞ്ചടിയോളം പൊക്കത്തിലൊക്കെ വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ തടിയും ചില്ലകളുമൊക്കെ എന്തോ രോഗം പിടിച്ച് വികൃതമായതുപോലെ. ഇലകള്‍ക്കോ മരണത്തിന്റെ ചാരനിറവും. എന്താണെന്നറിയില്ല, വല്ലാത്തൊരു ഇഷ്ടക്കേടു തോന്നുന്നുണ്ട് ഈ പ്രദേശത്തിനോട്, രോഗഗ്രസ്തനായ സദാ ശാപവാക്കുകള്‍ ഉരുവിടുന്ന മരണാസന്നനായ ഒരു വൃദ്ധന്റെ സാമീപ്യംപോലെ...

കാംകേര്‍ ജില്ലയില്‍നിന്ന് ഞങ്ങള്‍ തിരിച്ചുവരികയായിരുന്നു. പീഠഭൂമിയായ കാംകേറില്‍നിന്ന് കേശ്കാല്‍ചുരം കയറി കൊണ്ടെഗാവിന്റെ അതിര്‍ത്തിയിലെത്തിയതാണ്. ബെംഗളൂരുവില്‍ എന്‍ജിനീയറിങ് ചെയ്തശേഷം കേശ്കാലില്‍ സ്വന്തം ബിസിനസ് ചെയ്യുന്ന റിസ്‌വാനുണ്ട് കൂടെ. ആംചോ ബസ്തര്‍ മുന്നേറ്റമൊന്നും ഇവിടെയെത്തിയിട്ടില്ല. കേശ്കാല്‍ പരിസരമൊന്നും സാധാരണ വിനോദയാത്രികര്‍ തിരഞ്ഞെടുക്കുകയുമില്ല.

കേശ്കാലിന് മണ്‍മറഞ്ഞുപോയ ഒരു സംസ്‌കൃതിയുടെ ഭൂതകാലമുണ്ട്. അതില്‍ ബൗദ്ധസംസ്‌കാരത്തിന് നല്ലൊരു പങ്കുമുണ്ട്. ദേവതകള്‍ക്കും ഉടയോരായ ദേവതകളുടെ അധിവാസഭൂമിയാണ്.

അത്യന്തം നിഗൂഢമായ കാലാജാദുവിന്റെ (ബ്ലാക് മാജിക്) നാടാണ്. മാത്രമല്ല, ഇവിടുത്തെ പല ഗ്രാമങ്ങളിലേക്കും മണിക്കൂറുകളോളം അതിവിജനകാനനത്തിലൂടെ വണ്ടിയോടിക്കുകയും, ഒട്ടും നടവഴിയില്ലാത്ത പുല്‍ക്കാട്ടിലൂടെ നടക്കുകയും വേണം. സെല്‍ഫോണ്‍ സിഗ്‌നല്‍ ഈ വഴിക്കൊന്നും തീരേയില്ലാത്തതിനാല്‍, എന്തെങ്കിലും അത്യാവശ്യത്തിന് ഒരു സഹായവും ലഭിക്കില്ല. കേശ്കാല്‍ വനത്തില്‍ പുലിയും കരടിയും ധാരാളമുണ്ടെന്നാണ് ഗ്രാമീണരുടെ സാക്ഷ്യം.

മാത്സിന്‍ഗഢിലേക്കു പോകാം എന്ന നിര്‍ദ്ദേശത്തിന് റിസ്വാന്‍ സന്തോഷത്തോടെ സമ്മതംമൂളി. അവിടേക്ക് രാവിലെ കഴിയുന്നത്ര നേരത്തേ പോകുന്നതാണ് നല്ലത് എന്നും അഭിപ്രായപ്പെട്ടു. കാംകേറില്‍നിന്നും രാവിലെ ഏഴുമണിക്ക് പ്രാതല്‍പോലും കഴിക്കാതെ ഇറങ്ങിയതാണ് ഞാന്‍. വഴിയോര ഢാബകളെ വിശ്വസിച്ചാണ് യാത്രയെങ്കിലും ഇത്രയും വിജനമായ റോഡായിരിക്കും എന്നറിഞ്ഞില്ല. കേശ്കാലില്‍ ഒമ്പതരയ്ക്ക് എത്തുന്നവരെയും ചായ കുടിക്കാനെങ്കിലും കൊള്ളാവുന്ന ഒരു കട കണ്ടില്ല.

കേശ്കാല്‍ അങ്ങാടിയിലെ ചെറിയൊരു കടയില്‍നിന്ന് ചായ കുടിച്ച് കുറച്ച് ഉള്ളിവടകളും പൊതിഞ്ഞെടുത്ത് മാത്സിന്‍ഗഢിലേക്കുള്ള യാത്ര തുടങ്ങി. റിസ്‌വാന്‍ നന്നായി സംസാരിക്കും. സാമ്പത്തികസംവരണം നടപ്പിലാക്കേണ്ടതിനെക്കുറിച്ച് വീറോടെ പറഞ്ഞു. അയാളുടെ അച്ഛന് തെറ്റില്ലാത്ത സാമ്പത്തികചുറ്റുപാടുകളുണ്ട്. എന്നിട്ടും പഠിക്കുന്ന കാലത്ത് റിസ്‌വാന് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. അയാള്‍ അതുപയോഗിച്ച് തീര്‍ത്തും നിര്‍ദ്ധനരായ കുഞ്ഞുങ്ങള്‍ക്ക് പുസ്തകവും ബാഗും ചെരിപ്പും കുടയും വാങ്ങിക്കൊടുക്കുമായിരുന്നു.

കൂടുതല്‍ മെച്ചപ്പെട്ട എന്തെങ്കിലുമൊന്ന് നല്‍കാന്‍ കഴിയാതെ, എങ്ങനെയാണ് നിലവിലുള്ള ഒന്നില്‍നിന്ന് അവരെ പിന്തിരിപ്പിക്കുവാന്‍ കഴിയുക എന്നാണ് അയാളുടെ ചോദ്യം. വര്‍ദ്ധിച്ചുവരുന്ന കഞ്ചാവുകടത്തലിനെക്കുറിച്ചും, അറസ്റ്റു ചെയ്തതുപോലും വീട്ടുകാരറിയാതെ ജയിലില്‍ കഴിയുന്ന ട്രൈബല്‍ യുവാക്കളെക്കുറിച്ചുമാണ് അയാള്‍ പറയുന്നത്. തിരഞ്ഞെടുക്കാന്‍ വേറൊന്നുമില്ലാതിരുന്നതിനാലാണ് മുമ്പ് അവര്‍ റിബലിയന്‍ സംഘങ്ങളില്‍ ചേര്‍ന്ന് ചിലരുടെ കൈയിലെ പരിചകളായത്. പിന്നീട് പൈസയുണ്ടാക്കാനുള്ള ഒരു വഴി തെളിഞ്ഞപ്പോഴാണ് ജാമ്യംപോലും കിട്ടാതെ അകത്തായിപ്പോവുന്ന ലഹരികച്ചവടത്തിലേക്കെത്തിയത്. ഇതിലും മികച്ചതൊന്നു മുന്നില്‍ വെക്കാന്‍ സ്റ്റേറ്റിനു കഴിയാത്തിടത്തോളം കാലം ഈ ഒഴുക്ക് തുടരും.

ഇടയ്ക്ക് ഗ്രാമങ്ങളും കൃഷിയും പനങ്കാടുകളും കന്നുകാലികളും ഒക്കെ കണ്ടിരുന്ന കാട്ടുപാതയില്‍നിന്ന് വലത്തോട്ടു തിരിഞ്ഞ് ഞങ്ങള്‍ വനാന്തരത്തിലേക്കു കയറി. വരുന്ന വഴിക്കൊരു ഗ്രാമമായിരുന്നു വിശ്രംപുരി. അതിനടുത്തെവിടേയോ ആണ് ബസ്തറിന്റെ മാത്രം സ്വന്തമായ ജിട്കു മിട്കികളുടെ ഗ്രാമവും പ്രതിഷ്ഠയും. റിസ്‌വാന് വിദൂരഗ്രാമങ്ങള്‍ നല്ല പരിചയമായിത്തുടങ്ങിയിട്ടില്ല. മാത്രമല്ല, അതീവദുര്‍ഘടപ്രദേശങ്ങളില്‍ എന്നെയും കൊണ്ടുപോകാന്‍ പേടിയുമുണ്ട്. തീരേ ചെറുപ്പമായതിനാല്‍ ഷക്കീലിനുള്ളതുപോലെയുള്ള ധൈര്യമില്ല.

വഴിയുടെ ഭാവമാറ്റം ഞാന്‍ ശ്രദ്ധിച്ചു. ടാര്‍റോഡെല്ലാം ഞങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇത് പരുക്കന്‍ കാട്ടുവഴി. പത്തരമണിക്കും നനുത്ത മൂടല്‍മഞ്ഞ്. ഇനി ഏതാണ്ട് നൂറ്റമ്പത് ഏക്കറോളം വനഭൂമിയില്‍ അപൂര്‍വ്വമായി വനംവകുപ്പുജീവനക്കാരെ കണ്ടേക്കാമെന്നല്ലാതെ വേറൊരാളും വരില്ല. പുല്‍ക്കാടും കൂറ്റന്‍ മരങ്ങളുമാണെങ്ങും. ഇടയ്ക്കു കാണുന്ന ചെറിയ നീര്‍ത്തടങ്ങളിലെല്ലാം ഞാന്‍ പുലിയെ പരതി. സെല്‍ഫോണ്‍ സിഗ്‌നലുകളെല്ലാം മാഞ്ഞ് ഞങ്ങള്‍ ഭൂമിയില്‍നിന്ന് പുറത്തായി. വണ്ടി കേടുവരാതെയും മറിയാതെയുമിരിക്കുക എന്നതു മാത്രമാണ് രക്ഷ.

ഏറെ പാടുപെട്ട് മുന്നോട്ടു നീങ്ങിയ ഞങ്ങള്‍ മണ്ണുകൊണ്ടുള്ള നീളന്‍ മതിലിനു മുന്നില്‍ യാത്ര അവസാനിപ്പിച്ചു, ഇനി നടക്കണം. ഇതാണ് മനുഷ്യഭോജികളായ കുറിയ മനുഷ്യരുടെ ലോകം എന്നാണ് കരുതുന്നത്. പ്രാകൃതമായി നിര്‍മ്മിച്ച അതിപുരാതനമായ മണ്‍മതിലിനിടയില്‍ ചെറിയൊരു വഴിയുണ്ട്. പുറത്ത് വലിയൊരു മരസ്തംഭം നാട്ടിയിട്ടുണ്ട്. അതൊരു കാവല്‍ദേവതയാണ്. തൊട്ടടുത്ത് ചെറിയൊരു കല്ല് സ്ഥാപിച്ചിട്ടുണ്ട്, മുന്നിലൊരു ചിരാതും ഒരു കോഴിമുട്ടയും കുറച്ച് തുണിയും.

എവിടെയും ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ലാത്തതാണ് നരഭോജിഗോത്രത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍. അതുകൊണ്ട് ഇന്നും ഗ്രാമീണര്‍ ആണയിട്ടുപറയുന്നെങ്കിലും തെളിവില്ല. മാത്സിന്‍ഗഢ് എന്ന വളരെ കുറുകിയ ശരീരമുള്ള ഒരു ഗോത്രം ഇവിടെ പാര്‍ത്തിരുന്നു. 'ഉയ്ക' എന്നാണ് ഈ മനുഷ്യരെ പറഞ്ഞിരുന്നത്. കൃഷി ചെയ്യാനോ നായാടാനോ ഉള്ള ആരോഗ്യം അവര്‍ക്കില്ലായിരുന്നു. മറ്റുള്ള മനുഷ്യരെ പേടിച്ച് സ്വരക്ഷാര്‍ത്ഥം എത്തിയതാണ് അവരിവിടെ. ഈ പ്രദേശത്തിന്റെ മൂന്നുവശവും അത്യഗാധമായ കൊല്ലികളാണ്. ഒരു ഭാഗം മാത്രമാണ് വനവുമായി ചേര്‍ന്നുകിടക്കുന്നത്.

ആ ഭാഗത്ത് അവര്‍ എട്ടടി പൊക്കത്തില്‍ മണ്‍മതില്‍ തീര്‍ത്തു. ഇടയില്‍ ഒരാള്‍ക്കു കടക്കാന്‍ മാത്രം പാകത്തില്‍ വിടവു വെച്ചു. തീരേ കുറിയവരായിരുന്ന അവരുടെ കാഴ്ചപ്പാടില്‍ ഈ മതില്‍ വലിയൊരു കോട്ടയ്ക്കു തുല്യമായിരുന്നു. പണി തീര്‍ക്കാന്‍ അവരൊരുപാട് യത്‌നിച്ചും കാണും. ദൂരെ വനത്തില്‍ മേയുന്ന കന്നാലിക്കൂട്ടത്തില്‍നിന്നൊന്നിനെ അവര്‍ ഈ വിടവിലൂടെ അകത്തു കയറ്റും. അന്വേഷിച്ച് ഇടയന്‍ വരുമ്പോള്‍ പശുവിനെ കരയിപ്പിക്കും. മതില്‍വിടവിലൂടെ അകത്തേക്കു കയറുന്നയാളെ വളഞ്ഞ് ആയുധങ്ങളാല്‍ മാരകമുറിവേല്‍പ്പിക്കും. പിന്നീട് കന്നിനെയും ഇടയനെയും അവര്‍ ഒത്തുകൂടി ഭക്ഷിക്കും.

ഇടയന്‍മാര്‍ അപ്രത്യക്ഷരാവുന്നതില്‍ സംശയാലുവായ ഒരു വീരന്‍ സന്നാഹങ്ങളോടെ ഒരിക്കല്‍ അന്വേഷിച്ചിറങ്ങി. മതിലിന്റെ വിടവു കടന്ന അയാളെ പൊതിഞ്ഞ കുള്ളന്‍മാരുടെ തലയ്ക്കു മുകളിലൂടെ അയാള്‍ ചാടിപ്പോയി. കേശ്കാല്‍ നാട്ടുരാജാവിന്റെ സൈന്യം കുറിയ ലോകത്തെ വളഞ്ഞു. ഗ്രാമത്തിലെ മുഴുവനാളുകളെയും കൊന്ന് കൊല്ലികളിലേക്ക് വലിച്ചെറിഞ്ഞു. വിജയപ്രതീകമായി നീണ്ടൊരു മരസ്തംഭം സ്ഥാപിച്ചു. മതിലിലെ വിടവ് ഒന്നു വലുതാക്കിയത് പിന്നീടാണ്.

വേനലില്‍ ജാത്രസംഘങ്ങള്‍ (വാദ്യവും ഗാനവും നൃത്തവുമായി ഗ്രാമഗ്രാമാന്തരം നടന്നാഘോഷിക്കുന്ന മേള) വര്‍ഷത്തിലൊരിക്കല്‍ മാത്രം ഈ വിടവു കടന്നുവരും. രാത്രി ഇവിടെ കൂടി ഭക്ഷണം ഉണ്ടാക്കിക്കഴിച്ച് പാട്ടും നൃത്തവുമായി കഴിച്ചുകൂട്ടും. പിറ്റേന്ന് സ്ഥലം വിടും. പിന്നീടിങ്ങോട്ട് ആരും വരില്ല. പക്ഷേ, ആരോ വരുന്നുണ്ട്. നിലത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കല്ലിന്‍ചുവട്ടിലെ കോഴിമുട്ടയും തുണിക്കഷണവും കാലാജാദുവിന്റെ അടയാളങ്ങളാണ്.

കുറിയവരുടെ ഗ്രാമത്തിന്റെ ഒരറ്റത്ത് ത്രികോണാകൃതിയിലുള്ളൊരു കല്ല് കുത്തനെ നാട്ടി ചെറിയ കല്ലുകള്‍കൊണ്ട് താഴെ താങ്ങിയിട്ടുണ്ട്. അടുത്തുതന്നെ ഒരു നീളന്‍ കരിങ്കല്‍ച്ചീളും നാട്ടിയിട്ടുണ്ട്. ഇതു മാത്രമാണ് അവിടെ ബാക്കിയായിട്ടുള്ളത്. ദേവതകളാവാം, ഒരുപക്ഷേ മൃത്യുസ്തംഭങ്ങളാവാം. കുള്ളന്‍മാരുടെ ഗ്രാമം എന്നു പറയുന്നിടത്തെ പാറകളും ചെടികളും മരങ്ങളുമെല്ലാം തീരേ ഉയരം കുറഞ്ഞു കാണുന്നതെന്തെന്നു ചിന്തിച്ചുപോയി.

സഞ്ജീവനിയുടെ ഉണങ്ങിയ ഇലകള്‍ റിസ്‌വാന്‍ പറിച്ചുതന്നു. എത്ര ദിവസം കഴിഞ്ഞായാലും വെള്ളത്തിലിട്ടാല്‍ പച്ചയിലകള്‍ വിടര്‍ന്നുവരുമത്രേ. നിലനില്‍പ്പിനായി, ഏറെ പ്രയത്‌നിച്ച്, നീണ്ട ദൂരം മതില്‍ തീര്‍ത്ത്, ഇതിനകത്തു പാര്‍ത്തിരുന്നവരെക്കുറിച്ചോര്‍ത്തിരുന്നുപോയി. ചിലപ്പോള്‍ 'വലിയ'മനുഷ്യരെ പേടിച്ച് ഒഴിഞ്ഞുമാറിയിരുന്നതാവാം. ഇന്നും മനുഷ്യര്‍ പേടിച്ച് വരാതിരിക്കാന്‍ തക്കവണ്ണം അടയാളപ്പെട്ടുപോയ കുള്ളന്മാര്‍.

സഞ്ജീവനിയുടെ ഉണക്കിലകള്‍ ഞാന്‍ തോള്‍ബാഗില്‍ സൂക്ഷിച്ചുവെച്ചു. വിചിത്രമനുഷ്യരുടെ ഓര്‍മ്മകളുണര്‍ത്തി എന്റെ ചെറിയ ഓട്ടുരുളിയില്‍ ഇത് പടരുമോയെന്ന് നോക്കട്ടെ. ഞാന്‍ അവിടെ ചുറ്റിനടക്കുന്നതില്‍ റിസ്‌വാന് ചെറിയ ടെന്‍ഷനുണ്ട്. പുലി, കരടി എന്നൊക്കെ പറയുന്നെങ്കിലും ആ ചെറുപ്പക്കാരന്‍ വേറെ എന്തിനെയോ ആണ് പേടിക്കുന്നത് എന്നു വ്യക്തമാണ്. ഞങ്ങള്‍ വിടവു കടന്ന് തിരിച്ചു നടന്നു.


Content Highlights: Aamcho Bastar, Travelouge, Nandini Menon, Book Excerpt, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented