രണാസന്നയായ ഒരു നദിയുടെ എല്ലാ പാരിസ്ഥിതികലക്ഷണങ്ങളും നിളാനദി കാണിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. മഴ പെയ്യുമ്പോള്‍ മാത്രം നിറയുകയും മഴ തോര്‍ന്നാല്‍ വരളുകയും ചെയ്യുന്ന നീര്‍ച്ചാലിന് പുഴയുടെ സ്വഭാവം തീര്‍ത്തും ഇല്ലാതായിരിക്കുന്നു. മണലെല്ലാം പോയി അടിത്തട്ടിലെ മൃദുമണ്ണ് വെളിവായ സ്ഥലങ്ങളില്‍ കാടുകയറി, പുഴ മുക്കാലും ദുര്‍ഗമപ്രദേശമായി. എല്ലാവിധ നിക്ഷിപ്ത താത്പര്യക്കാരും ചേര്‍ന്ന് ജലവും വനവും മണലും ഭൂമിയും പങ്കിട്ടതിനുശേഷം ബാക്കിവെച്ച പുഴയുടെ പ്രേതരൂപം നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകമാണിന്ന്.

പ്രകൃതിയുടെ മരണം സംസ്‌കാരത്തിന്റെ മരണവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഭാരതപ്പുഴയില്‍ ഇന്നു നടക്കുന്ന ഒരേയൊരു സാംസ്‌കാരികപ്രവര്‍ത്തനം മനുഷ്യന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. പുഴയുടെ മരണം ഇന്ന് കേരളത്തിലെ മുഖ്യധാരാജീവിതത്തിന് ഒരു പ്രധാന ചിന്താവിഷയമേ അല്ല. ആധുനികമലയാളിക്ക് പുഴ ഒരു ജീവിതവികാരവുമല്ല.

ഈ പുഴ, പക്ഷേ, നമുക്ക് തീരവും ജലവുമായിരുന്നില്ല. തനിമയുടെയും പാരമ്പര്യങ്ങളുടെയും കാര്‍ഷിക സാംസ്‌കാരിക വികാസത്തിന്റെയും കേദാരമായിരുന്നു. നമുക്ക് അന്നവും വെള്ളവും സംസ്‌കാരവും തന്ന നദീമാതാവ്. പുഴയോരത്തെ കാര്‍ഷികജീവിതത്തിന്റെ ഭാഗമായി വികാസംപ്രാപിച്ച സമ്പന്നമായ ഒരു നാട്ടറിവുചരിത്രം നിളാതീരസംസ്‌കൃതിക്കുണ്ടായിരുന്നു. കൃഷിയില്‍നിന്നു രൂപംപൂണ്ട സംസ്‌കാരംതന്നെയായിരുന്നു അത്.

കൃഷിരീതികള്‍, വിത്തുകള്‍, തേവുസമ്പ്രദായങ്ങള്‍ (ജലസേചനം), ഔഷധവിജ്ഞാനം, നാട്ടുചികിത്സ, കളരികള്‍, പാരമ്പര്യത്തൊഴിലുകള്‍, നാടോടിവിജ്ഞാനം, നാടന്‍ കലാരൂപങ്ങള്‍, ഗ്രാമീണ ശില്പവിദ്യകള്‍, മണ്‍പാത്രനിര്‍മാണം, ലോഹവിജ്ഞാനം, മത്സ്യബന്ധനസങ്കേതങ്ങള്‍, വാനനിരീക്ഷണം തുടങ്ങി ഒട്ടനവധി അറിവുകളുടെ മേഖലകളില്‍ നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ പരീക്ഷിച്ചറിഞ്ഞ സമ്പന്നമായ ഒരു നാട്ടറിവുചരിത്രം നിളാനദിക്കുണ്ടായിരുന്നു. 

വിഷു കഴിഞ്ഞ പാടങ്ങള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജൈവവൈവിധ്യത്തിന്റെ കലവറയായ ഒട്ടു വളരെ ഗ്രാമീണവനങ്ങള്‍ കാവുസംസ്‌കാരവുമായി ബന്ധപ്പെട്ട് നിളാതീരത്തു നിലനിന്നിരുന്നു. നദി നാശോന്മുഖമാവുകയും കാര്‍ഷികസംസ്‌കൃതി അന്യംനിന്നുപോവുകയും ചെയ്തപ്പോള്‍ പുതിയൊരു തലമുറ വേരുകളില്ലാത്തൊരു സമൂഹമായിത്തീര്‍ന്നു. അവരുടെ കണ്മുന്നിലാണ് നദി ഒരു വിലാപംപോലും സൃഷ്ടിക്കാതെ മരിക്കുന്നത്.

നിളാനദിയുടെ നാശത്തിന് പ്രധാനമായ മൂന്നു കാരണങ്ങളുണ്ട്. അതിലൊന്ന് വനനശീകരണമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടന്നിരുന്ന നിളയുടെ വൃഷ്ടിപ്രദേശങ്ങളില്‍ തമിഴ്‌നാട്ടിലുള്ളത്ര കാടുകള്‍പോലും ഇന്ന് കേരളത്തില്‍ അവശേഷിക്കുന്നില്ല. വാളയാര്‍, ധോണി, അകമലവാരം, നെല്ലിയാമ്പതി തുടങ്ങിയ വനമേഖലകളെല്ലാം വെട്ടിവെളുപ്പിക്കപ്പെട്ടു. ആനമലനിരകളിലെ മിക്ക വനങ്ങളും ഇല്ലാതായി. സൈലന്റ് വാലിയിലുള്ള കുറച്ചു കാടുകളാണിന്ന് ഭാരതപ്പുഴയുടെ ഉറവുകളെ നിലനിര്‍ത്തുന്നത്. നിര്‍ദിഷ്ട പാത്രക്കടവുപദ്ധതി വന്നാല്‍പ്പിന്നെ സൈലന്റ്‌വാലി വനവും കഥയാവും. പുഴയുടെ അന്ത്യത്തിനു പിന്നെ ഏറെനാള്‍ കാത്തുനില്‌ക്കേണ്ടിവരില്ല. അതുകൊണ്ടാണ് എന്തു വില കൊടുത്തും പാത്രക്കടവുപദ്ധതി തടയുവാന്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്നത്.

നദിയുടെ നാശത്തിന് രണ്ടാമത്തെ കാരണം നമ്മുടെ അണക്കെട്ടുകളും ജലസേചനപദ്ധതികളുമാണ്. 'നദീമുഖത്ത് അണകെട്ടുന്നവര്‍ ശിശുഹത്യാപാപം ചെയ്യുന്നു' എന്ന് കാളിദാസന്‍ പണ്ടേ ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. നമ്മുടെ പണി പൂര്‍ത്തിയായ ജലസേചനപദ്ധതികളില്‍ പ്രധാനപ്പെട്ട പലതും ഭാരതപ്പുഴയുടെ ഉപപോഷകനദികളുടെ തുടക്കത്തിലാണ്. വാളയാര്‍, കാഞ്ഞിരപ്പുഴ, മലമ്പുഴ, മംഗലം-പോത്തുണ്ടി, മീങ്കര- ചുള്ളിയാല്‍ തുടങ്ങിയ അണക്കെട്ടുകളെല്ലാം ഭാരതപ്പുഴയുടെ പോഷകനദികളെ തുടക്കത്തില്‍ത്തന്നെ തടഞ്ഞുനിര്‍ത്തി ഉറവകളെ കൊന്നുകളയുന്നു. അവരവരുടെ അതിര്‍ത്തികളില്‍ പുഴകളെ തടഞ്ഞുനിര്‍ത്തി സ്വന്തം താത്പര്യം സംരക്ഷിക്കുന്നവരുടെ സ്വാര്‍ഥങ്ങള്‍ പിന്നീട് കോണ്‍ക്രീറ്റ് തടയണകളായി നദീശരീരത്തില്‍ നിറഞ്ഞു. മങ്കരയിലും മറ്റും ഉയര്‍ന്ന വലിയ കോണ്‍ക്രീറ്റു തടയണകള്‍ കീഴ്‌പ്പോട്ടുള്ള നദീപ്രവാഹത്തെ വന്‍തോതില്‍ തടയുകയാണ് ചെയ്തത്.

ഇപ്പോള്‍ തൃത്താലയിലെ വെള്ളിയാങ്കല്ലുപദ്ധതികൂടി യാഥാര്‍ഥ്യമായതോടെ തൃത്താലയ്ക്കു താഴേക്ക് ഫലത്തില്‍ പുഴ ഇല്ലാതാവുകയാണ്. ഇതില്‍ ഗുരുതരമായ മറ്റൊരു ഭവിഷ്യത്തുകൂടി അന്തര്‍ഭവിച്ചിട്ടുണ്ട്. നദീപ്രവാഹത്തിന്റെ ശക്തി കുറയുന്നതനുസരിച്ച് കടലില്‍നിന്ന് ഉപ്പുവെള്ളം നദിയിലേക്കു തള്ളിക്കയറുന്ന പ്രത്യാഘാതമുണ്ടാവുന്നു. ഇപ്പോള്‍ത്തന്നെ വേലിയേറ്റസമയങ്ങളില്‍ ചമ്രവട്ടംവരെ ഉപ്പുവെള്ളം കയറിവരുന്നുണ്ട്. അഴിമുഖത്തിനടുത്ത് രൂപകല്പന ചെയ്ത ചമ്രവട്ടം റെഗുലേറ്റര്‍ പ്രയോജനരഹിതമാവുകയും പുഴയുടെ മേല്‍ത്തടങ്ങളിലെല്ലാം റെഗുലേറ്ററുകളും അണക്കെട്ടുകളും തടയണകളും വരികയും ചെയ്യുമ്പോള്‍ നിളയുടെ പടിഞ്ഞാറന്‍ തീരദേശങ്ങള്‍ മുഴുവന്‍ ഉപ്പുവെള്ള ഭീഷണിയിലാവുകയാണ്.

ആലങ്കോട് ലീലാകൃഷ്ണന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇങ്ങനെ അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ പദ്ധതികള്‍മൂലം അതിവിപുലവും അതിസമ്പന്നവുമായ ഒരു സ്വാഭാവിക ജലവിതരണ വ്യവസ്ഥയാണ് ഇല്ലാതെയാവുന്നത്. സഹസ്രാബ്ദങ്ങളായി ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശങ്ങളില്‍ പ്രകൃതിദത്തമായ ജലവിതരണം നടത്തിപ്പോന്ന ജലശൃംഖലയുടെ ഇക്കോവ്യൂഹം തകര്‍ക്കപ്പെടുകയാണ്. മനുഷ്യരും മിണ്ടാപ്രാണികളും വൃക്ഷസസ്യജാലങ്ങളുമടക്കം അതിവിപുലമായ ഒരാവാസവ്യവസ്ഥ അട്ടിമറിക്കപ്പെടുകയും നാശോന്മുഖമാക്കപ്പെടുകയും ചെയ്യുന്നു. 

നിളാതീരഗ്രാമങ്ങളില്‍ വര്‍ഷകാലങ്ങളില്‍പ്പോലും കുടിവെള്ളം ടാങ്കര്‍ ലോറിയിലെത്തുന്ന കാഴ്ചയാണ് പ്ലാച്ചിമടയിലും മറ്റും നാമിന്നു കാണുന്നത്. പ്ലാച്ചിമട, ജലവിഭവചൂഷണത്തിന്റെ മറ്റൊരു ദുരന്തമാണ്. ഇവിടെ ശേഷിച്ച ഭൂഗര്‍ഭജലംകൂടി അന്താരാഷ്ട്ര ജലവ്യവസായക്കുത്തകകള്‍ ഊറ്റിക്കൊണ്ടുപോവുന്നു. നമുക്ക് ജലം സമൃദ്ധമായി കിട്ടാനുണ്ട് എന്ന മിഥ്യാഭിമാനം പോറ്റുന്ന മലയാളികളുടെ സമൂഹം നദിയുടെ നാശത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്രൂര വ്യാവസായികചൂഷണങ്ങളെ വളരെ ഉദാസീനതയോടെയാണ് സമീപിക്കുന്നത്.

കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി നിളയുടെ മേലേത്തടങ്ങളിലെ ജലസേചനപദ്ധതികളുടെ മുക്കാല്‍ പങ്ക് ജലസൗകര്യം ഉപയോഗപ്പെടുത്തുന്നത് തമിഴ്‌നാടാണ്. അംഗീകൃത കരാറുകളെല്ലാംതന്നെ ജലചൂഷണത്തിനനുകൂലമാണ്. അതിനുംപുറമേയാണ് പ്ലാച്ചിമടയില്‍ നടക്കുന്നതുപോലെയുള്ള അന്താരാഷ്ട്ര വ്യവസായകുത്തകകളുടെ ജലചൂഷണം. ഇതിന്റെയൊക്കെ ഫലമായി ജലസമൃദ്ധമായിരുന്ന ഒരു നദി അതിവേഗം മരിച്ചുകൊണ്ടിരിക്കുകയും തീരപ്രദേശങ്ങള്‍ കുടിവെള്ളം കിട്ടാതെ വരണ്ടുകൊണ്ടിരിക്കുകയുമാണ്.

പുഴയുടെ മരണത്തിനു വഴിവെച്ച മൂന്നാമത്തേതും എന്നാല്‍ പ്രധാനപ്പെട്ടതുമായ കാരണം മണല്‍വ്യവസായമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലംകൊണ്ട് ലോകത്തൊരിടത്തും സംഭവിച്ചിട്ടില്ലാത്തത്ര ഗതിവേഗത്തിലാണ് നിളാനദിയിലെ മണല്‍നിക്ഷേപം മുഴുവന്‍ കൊള്ളയടിക്കപ്പെട്ടത്. യാതൊരു തത്ത്വദീക്ഷയുമില്ലാതെ നടന്ന ഈ മണല്‍ക്കൊള്ളയില്‍ വന്‍കിട വ്യവസായമാഫിയകള്‍തൊട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും തൊഴിലാളികളും വരെ പങ്കാളികളാണ്. 

ദുരമൂത്ത ആധുനിക ദുശ്ശാസനന്മാര്‍ സ്വന്തം മാതാവിനെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുന്നതിന്റെ കളിയരങ്ങായിരുന്നു കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം നിളയുടെ ഹൃദയതടം. ലോറികള്‍ ഉഴുതുമറിച്ചിട്ട നദിയുടെ നെഞ്ചകത്താണ് ഇപ്പോള്‍ യദുവംശം മുടിക്കാന്‍ മുളച്ച ഏരകപ്പുല്‍ക്കാടുകള്‍പോലെ മലയാളസംസ്‌കൃതിയുടെ അന്തകരായി പുല്‍ക്കാടുകള്‍ നിറഞ്ഞിരിക്കുന്നത്. പുഴയുടെ സ്വാഭാവികമായ പ്രകൃതിശരീരം ഇനി പുഴയ്ക്ക് തിരിച്ചുകിട്ടാന്‍ പ്രയാസമാണ്.

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷൊര്‍ണൂരില്‍വെച്ചു നടന്ന ആദ്യത്തെ നിളാസംരക്ഷണസമിതിയോഗത്തില്‍ അനങ്ങനടിയിലെ കര്‍ഷകനായിരുന്ന മാണിക്യന്‍ നായര്‍ പറഞ്ഞു:
'പുഴയിലെ മണലൊക്കെ ഇങ്ങനെ നീക്കിയാല്‍ പുഴയ്ക്കടിയിലെ പുഴകളൊക്കെ ഇല്ലാതെയാവും.'
അന്ന് ആ ഗ്രാമീണകര്‍ഷകന്റെ നിരീക്ഷണത്തിന്റെ അര്‍ഥം ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ഇന്ന്, മണല്‍ മുഴുവന്‍ പോയപ്പോള്‍ തിരിച്ചറിയുന്നു: ഭൂഗര്‍ഭജലം സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ അദ്ഭുതകരമായ ശേഷിയുള്ള സ്‌പോഞ്ചാണ് മണല്‍!

vishu kazhinja paadangalഅഞ്ചെട്ടടിയോളം മണല്‍വിരിപ്പുണ്ടായിരുന്ന ഭാരതപ്പുഴയില്‍, പുഴയ്ക്കടിയില്‍ ചെറിയ ചെറിയ മണല്‍ത്തരികള്‍ക്കിടയില്‍ രൂപപ്പെടുന്ന അനന്തമായ സ്ഥലത്ത് അളവറ്റ ജലം സംരക്ഷിക്കപ്പെട്ടിരുന്നു. ഒഴുകുന്ന പുഴയ്ക്കടിയില്‍ ഒഴുകാതെ നില്ക്കുന്ന രണ്ടോ മൂന്നോ പുഴകളുടെ ജലമുണ്ടായിരുന്നു. മണല്‍പ്പാളിയില്‍ ജലം ഉയര്‍ന്നുനില്ക്കുന്ന വിതാനത്തോളം ചുറ്റുവട്ടത്തുള്ള വയലുകളിലും കുളങ്ങളിലും ചതുപ്പുകളിലും ഭൂഗര്‍ഭജലവിതരണം ഉയര്‍ത്തുവാന്‍ ഈ സ്വാഭാവിക മണല്‍ശയ്യകള്‍ക്കല്ലാതെ മറ്റൊരു യാന്ത്രികസംവിധാനത്തിനും കഴിയില്ല.

പുതിയ മലയാളി കുഴല്‍ക്കിണറുകള്‍ കുഴിച്ച് ഭൂഗര്‍ഭവിതാനം താഴ്ത്തുന്ന യാന്ത്രികമനുഷ്യനായപ്പോള്‍ നിളാതീരത്ത് ജലസാന്നിധ്യവും ആര്‍ദ്രതയും ഓര്‍മ മാത്രമായി.ഈ മൂന്നു കാരണങ്ങള്‍ മാത്രമല്ല, മലയാളികളുടെ ഉത്തരാധുനിക സമൂഹം ചെയ്തുകൂട്ടുന്ന ഏതു പ്രവൃത്തിയും പുഴയുടെ നാശത്തിനായിത്തീരുകയാണ്. പ്രകൃതിയെ നിരന്തരം കൈയേറ്റം ചെയ്ത് കാടും പുഴയും കുന്നും മലയും നശിപ്പിച്ചു മുന്നേറുന്ന പുതിയ കേരളവികസനസങ്കല്പംതന്നെ പുഴയുടെ അന്തകപക്ഷത്താണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പുഴ കൈയേറി പറമ്പാക്കുകയും കെട്ടിടങ്ങള്‍ പണിയുകയും ചെയ്തവര്‍ ഈയടുത്തകാലത്തെ കൈയേറ്റഭൂമി ഒഴിപ്പിക്കല്‍ നീക്കത്തില്‍ മാത്രമാണ് ആദ്യമായി ഒന്നു ചോദ്യം ചെയ്യപ്പെട്ടത്. പുഴ പറമ്പാക്കുന്ന വിദ്യ നിളാതീരത്ത് സാര്‍വത്രികമായിട്ട് കാലമേറെയായി.

നിളാതീരത്ത് വളര്‍ന്നുവികസിച്ച നഗരങ്ങള്‍ക്കെല്ലാം നദി, നഗരമാലിന്യങ്ങള്‍ തള്ളാനുള്ള ഓടച്ചാലാണ്. രാത്രികളില്‍ പുഴ സാമൂഹികവിരുദ്ധരുടെ ഒളിത്താവളവുമാണ്. ഇങ്ങനെ ചിന്തകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നാം പുഴയെ കൊന്നുകൊണ്ടേയിരിക്കുന്നു. ഒരു പുഴയെ നേടാന്‍ കഠിനപ്രയത്‌നം ചെയ്ത ഭഗീരഥന്റെ കഥ ഭാരതീയരുടെ പഴയൊരു മിത്താണ്. പുതിയ മലയാളി പക്ഷേ, പുഴയെ കൊല്ലുവാന്‍ 'ഭഗീരഥ'പ്രയത്‌നം ചെയ്യുന്നു.

( വിഷു കഴിഞ്ഞ പാടങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന് )