പൂമുള്ളി ആറാം തമ്പുരാനെപ്പോലെ മഹാശയനായ ഒരാളെ കാണാനും പരിചയപ്പെടാനും അതിനപ്പുറം ഒരു ബന്ധം സ്ഥാപിക്കാനുമെല്ലാം ഇടയായത് ഏതു കര്‍മ്മബന്ധത്താലാണെന്ന് എനിക്കറിയില്ല. ഞാന്‍ കാണുന്ന കാലത്ത് അദ്ദേഹത്തിന് സിനിമയിലൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. ഒരു പക്ഷെ, എന്നെപ്പോലുള്ള നടന്മാരുടെ പേരുകള്‍ കേട്ടിരിക്കാം അത്രയേ ഉള്ളൂ. അതുപോലെത്തന്നെ അദ്ദേഹം വ്യാപരിച്ചിരുന്ന മണ്ഡലങ്ങളില്‍ നിന്ന് ഞാനും ഏറെ അകലത്തായിരുന്നു.

ഏതാണ്ട് ഇരുപത്താറുവര്‍ഷം മുമ്പ് എന്തുകാരണത്താലെന്നറിയാതെ ഒരു പുറംവേദന എന്നെ പിടികൂടി. പിടികൂടി എന്നു പറഞ്ഞത് ശരിയാണ്. ഒളിഞ്ഞും തെളിഞ്ഞും വിട്ടുമാറാതെ അത് എന്നോടൊപ്പം കൂടുകയായിരുന്നു. പലപ്പോഴും കഠിനമായി. കാലിന്റെ പെരുവിരല്‍ മുതല്‍ പിന്‍കഴുത്തുവരെ ചിലപ്പോളതു പെരുത്തു വന്നു. അസ്ഥികള്‍ക്കുള്ളിലൂടെ ചുട്ടുപഴുത്തൊരു സൂചി പാഞ്ഞുകയറും പോലെ. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ വലിയ പരീക്ഷണമായിരുന്നു അത്. വേദന പുറത്തു കാണിക്കാതെ തമാശ പറഞ്ഞും ചിരിച്ചുമൊക്കെ അഭിനയിക്കേണ്ടി വരുന്നത് എന്റെ സ്വാഭാവികരീതികള്‍ക്ക് തടസ്സം സൃഷ്ടിച്ചു.

നേരത്തെ അടുപ്പമുണ്ടായിരുന്ന ചില ഡോക്ടര്‍മാരെ കണ്ട് അവരുടെ ഉപദേശപ്രകാരം ചികിത്സ നടന്നുകൊണ്ടിരുന്നുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. അങ്ങനെയാണ് മദ്രാസിലുള്ള അതിപ്രശസ്തനായൊരു സര്‍ജ്ജനെ കാണുന്നത്. വിശദമായ പരിശോധനകള്‍ക്കു ശേഷം ഓപ്പറേഷന്‍ വേണ്ടിവരുമെന്നും നട്ടെല്ലിന്റെ ചില കോശങ്ങള്‍ ബോള്‍ട്ട് ചെയ്ത് മുറുക്കണമെന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഞാനാകെ ധര്‍മ്മസങ്കടത്തിലായി. മാസങ്ങളോളം ശരീരത്തിന് വിശ്രമം കൊടുക്കേണ്ടി വരും. അതുകഴിഞ്ഞാലും അസുഖത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താനാവുമെന്നതിനും ഉറപ്പില്ല. ചെയ്തുവച്ച ജോലികള്‍ പലതും പൂര്‍ത്തിയാക്കാനുണ്ട്. മറ്റൊരാള്‍ക്ക് സഹായിക്കാനാവുന്ന കാര്യങ്ങളല്ല ഒന്നും.

ഞാന്‍ ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ വേദനയും കൊണ്ട് തിരിച്ചെത്തി. വേദന അതേപടി തുടര്‍ന്നുവെന്നു മാത്രമല്ല അതിന്റെ ആഘാതങ്ങള്‍ എന്നെ ഉലയ്ക്കാനും തുടങ്ങി. ഈ അവസ്ഥയിലാണ് ശ്രീ. യേശുദാസ് എന്നെ കോയമ്പത്തൂര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ ഡോ. കൃഷ്ണകുമാറിനെ (അനിയന്‍ എന്ന് അടുപ്പമുള്ളവര്‍ വിളിക്കും) കാണാന്‍ ഉപദേശിക്കുന്നത്. ഞാന്‍ ഷൂട്ടിംഗ് എല്ലാം നിര്‍ത്തിവെച്ച് കോയമ്പത്തൂരില്‍ ചെന്ന് ഡോ. കൃഷ്ണകുമാറിനെ കാണുകയും അവിടെ ചികിത്സക്കായി പ്രവേശിക്കുകയും ചെയ്തു.
ഉഴിച്ചിലും പിഴിച്ചലും കഷായങ്ങളുമൊക്കെയായി അവിടെ ആഴ്ചകളോളം കിടന്നെങ്കിലും കാര്യമായി പുരോഗതി ഒന്നും ഉണ്ടായില്ല. വേദനയും ചികിത്സയും സമാന്തരമായി തുടരുകയായിരുന്നു. വേണമെങ്കില്‍ വേദന കുറെക്കൂടി വര്‍ദ്ധിച്ചു എന്നും പറയാം. അതിനുപുറമെ മാനസിക സംഘര്‍ഷങ്ങള്‍ വേറെയും. ചികിത്സക്കുവേണ്ടിയാണ് ഞാന്‍ അവിടെ കഴിഞ്ഞത് എങ്കിലും കോയമ്പത്തൂര്‍ കാലത്ത് ഞാന്‍ ഒറ്റപ്പെടുന്നതുപോലെ തോന്നി എനിക്ക്. മുടങ്ങിപ്പോയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളും സംവിധായകരും ശബ്ദമടക്കിയാണെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. 'എത്ര ദിവസം വേണ്ടിവരും ചികിത്സ കഴിഞ്ഞു പുറത്തുവരാന്‍' എന്ന മട്ടിലുള്ള അന്വേഷണങ്ങള്‍ എന്റെ ചെവിയിലും എത്തുന്നുണ്ടായിരുന്നു.

ചികിത്സ കഴിഞ്ഞ് വേദനയും കൊണ്ട് ഞാന്‍ പുറത്തുവന്നു. കുറെ പരിചയിച്ചാല്‍ ഏതു വേദനകളുമായും സമരസപ്പെടാന്‍ മനുഷ്യനാവുമെന്ന് അപ്പോഴേക്കും മനസ്സിലായി. വേദനയുമായി ചങ്ങാത്തത്തിലാവാതെ വേറെ വഴിയൊന്നുമില്ലല്ലോ. അപ്പോഴും പലരും പല ചികിത്സകളുമായി വരുന്നുണ്ടായിരുന്നു. ഒറ്റമൂലികളും, സിദ്ധവൈദ്യന്മാരും മുതല്‍ മന്ത്രവാദികള്‍ വരെ. പലര്‍ക്കും എന്നെ ഒരു പരീക്ഷണവസ്തു ആക്കാനാണ് താല്പര്യമെന്നു തോന്നി. മോഡേണ്‍ മെഡിക്കല്‍ സയന്‍സിന്റെ തലപ്പത്തുള്ളവര്‍ കൈയൊഴിഞ്ഞ രോഗി എന്ന നിലക്കായിരുന്നു ബദല്‍ വൈദ്യന്മാരുടെ വരവ്.

അങ്ങനെ വേദനയും വെച്ചുകൊണ്ട് ഞാന്‍ ദേവാസുരത്തില്‍ അഭിനയിക്കാന്‍ വന്നു. അപ്പോഴേക്കും വേദനയും ഞാനുമായി കൂടുതല്‍ അടുത്തിരുന്നു. എങ്കിലും ഓര്‍ക്കാപ്പുറത്ത് അറ്റാക്കുണ്ടാവുമ്പോള്‍ കൈകള്‍ മേലോട്ടുയര്‍ത്തി കണ്ണടച്ചു നില്‍ക്കും. ദേവാസുരത്തിന്റെ ഷൂട്ട് ഭാരിച്ചതായിരുന്നു. രാത്രിയുള്ള ഫൈറ്റ് സീന്‍സ് കഴിഞ്ഞ് മുറിയിലെത്തുമ്പോള്‍ നേരം വെളുക്കാറായിട്ടുണ്ടാവും. എട്ടുമണി ആവുമ്പോഴേക്കും വീണ്ടും റഡിയാവാന്‍ പറഞ്ഞുകൊണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിക്കും. ആന്റണിയും കോസ്റ്റ്യൂമര്‍ മുരളിയുമൊക്കെ അവരോട് എന്തുപറയണമെന്നറിയാതെ മുറിയ്ക്കകത്തു വന്ന് എന്നെ നോക്കിനില്‍ക്കും. ഞാന്‍ കാരണം മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടാവുമോ, ഷൂട്ടിംഗ് നീണ്ടുപോകുമോ എന്നൊക്കെയുള്ള ചിന്തകളാണ് എന്നെ അലട്ടിയത്. ഒരു ദിവസം രാത്രി എന്റെ പുറം വേദന കലശലായപ്പോള്‍ ശ്രീരാമനും മറ്റാരൊക്കെയോ പോയി കൂടല്ലൂരുനിന്നു ഹുറൈരുകുട്ടി എന്ന ഒരു ആയുര്‍വ്വേദഡോക്ടറെ കൂട്ടിക്കൊണ്ടുവന്നു. ഒരു രാത്രിയിലായിരുന്നു അത്.

അദ്ദേഹത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനോ നിര്‍ദ്ദേശിക്കാനോ കഴിഞ്ഞില്ല. പെട്ടെന്ന് വേദനയകറ്റാനുള്ള ചികിത്സകൊണ്ട് ഫലമില്ലെന്നു മനസ്സിലാക്കിയിട്ടാവും കുറച്ചുനേരം എന്നെ നിശ്ശബ്ദനായി നോക്കിയിരുന്നു. അദ്ദേഹത്തിനു പിന്നെ പറയാനുണ്ടായിരുന്നത് വിശ്രമിച്ചുകൊണ്ടുള്ള ചികിത്സയെപ്പറ്റിത്തന്നെയായിരുന്നു. എന്റെ വേദനയെക്കുറിച്ച് ഞാന്‍ വിശദീകരിച്ചു. നടത്തിയ ചികിത്സയെക്കുറിച്ചും.

'~ഒരു ഉറുമ്പ് ഒരേ പോലെ പത്തുപേരെ കടിച്ചാല്‍ പത്തുപേര്‍ക്കും പത്തു വിധത്തിലായിരിക്കും വേദന അനുഭവപ്പെടുക. ചിലര്‍ക്കത് ചെറിയ വേദനയായി തോന്നും. മറ്റൊരാള്‍ക്ക് അത് കഠിനമായി അനുഭവപ്പെടാം. എന്നാല്‍ ചിലര്‍ക്ക് അത് നിസ്സാരമായിരിക്കും.'
അദ്ദേഹം പറഞ്ഞു.
ഞാന്‍ ചിന്തിച്ചു നോക്കി. ശരിയായിരിക്കാം, പക്ഷെ, എന്റെ വേദനയുടെ കാര്യം എന്റെ സ്വകാര്യ അനുഭവമാണ്. അത് എന്നെ സംബന്ധിച്ചിടത്തോളം കഠിനമാണ്. ഇതേ കാരണം കൊണ്ട് മറ്റൊരാള്‍ക്കുണ്ടാവുന്ന വേദന നിസ്സാരമാവാം. പക്ഷെ, അതു മനസ്സിലാക്കിയതുകൊണ്ട് എനിയ്‌ക്കെങ്ങനെയാണ് ആശ്വാസമുണ്ടാവുക ?

ദേവാസുരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഒരു ദിവസം ചാവക്കാട്ടെ മേലേപ്പുര വിശ്വനാഥന്‍ ചേട്ടന്റെ വീട്ടില്‍ നിന്ന് മടങ്ങും വഴി കുന്നംകുളത്തു സി.വി. ശ്രീരാമന്റെ വീട്ടില്‍ കയറി. അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഐപ്പ് പാറമേലിന്റെ വീട്ടിലും പോയി. രണ്ടു കഥാകൃത്തുക്കളും വീട്ടില്‍ ഇല്ലായിരുന്നു. ഉച്ച കഴിഞ്ഞൊരു നേരമായിരുന്നു അത്.

'ഇനി വീട്ടില്‍ ഇല്ലാത്ത ആരെങ്കിലും ഉണ്ടോ? എങ്കില്‍ നമുക്കു വീട്ടില്‍ പോകാം' ഞാന്‍ കാറിലുണ്ടായിരുന്ന ശ്രീരാമനോടു പറഞ്ഞു.
'പൂമുള്ള ആറാം തമ്പുരാന്‍ ഇപ്പോള്‍ മനയ്ക്കല്‍ ഉണ്ടാവാന്‍ ഇടയില്ല.'
'എങ്കില്‍ നമുക്കു പൂമുള്ളിയില്‍ പോകാം.' ഞാന്‍ പറഞ്ഞു. പക്ഷെ, അദ്ദേഹം പെരിങ്ങോട്ട് ഉണ്ടായിരിക്കുമെന്നു തന്നെയാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ അദ്ദേഹം തൃശൂരിലോ മറ്റോ പോയിരിക്കുകയാണെന്നു പറഞ്ഞു.
ദേവാസുരം കഴിഞ്ഞു. വേദനയും അഭിനയവും ചികിത്സകളുമൊക്കെയായി എന്റെ യാത്രകള്‍ തുടര്‍ന്നു. അങ്ങനെയിരിക്കെ നാഗര്‍കോവിലില്‍ രാജീവ് അഞ്ചലിന്റെ ഗുരു എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. ഒരു ദിവസം സെറ്റില്‍ 'രസായന ചികിത്സ' 'കുടി പ്രാവേശികം' എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കടന്നു വന്നു. ചികിത്സക്കു വിധേയനാവുന്ന ആള്‍ ഒമ്പതുമാസം ഗര്‍ഭസ്ഥ ശിശുവിനെ പോലെ ത്രിഗര്‍ഭ കുടിയില്‍ കഴിയുക, ഔഷധം മാത്രം സേവിക്കുക, വെളിച്ചം കാണാതെ വൈദ്യനെയോ പരിചാരകനെയോ മാത്രം കണ്ടുകൊണ്ട് വേണം ഈ മാസങ്ങള്‍ അത്രയും. പുതിയൊരാളായിട്ടായിരിക്കും പുറത്തു വരിക.

അതു ഒരു സങ്കല്‍പം മാത്രമാണെന്നും അങ്ങനെ ആരും ചെയ്യുക പതിവില്ലെന്നും മറ്റുമാണ് ഞാന്‍ ഏതോ ലേഖനത്തില്‍ വായിച്ചിട്ടുള്ളത്. ഞാന്‍ ആ അഭിപ്രായം പ്രകടിപ്പിച്ചു. അതു ശരിയല്ലെന്നും പൂമുള്ളി മനയില്‍ വെച്ച് വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി ആറാം തമ്പുരാന്റെ സഹോദരന് രസായന ചികിത്സ നടത്തിയിട്ടുണ്ടെന്നും ശ്രീരാമന്‍ പറഞ്ഞു.

വിശദാംശങ്ങള്‍ അറിയാന്‍ വേണ്ടി ആറാം തമ്പുരാന് ഫോണ്‍ ചെയ്തു. ശ്രീരാമനാണ് അദ്ദേഹവുമായി ആദ്യം സംസാരിച്ചത്. പിന്നെ എനിക്കു ഫോണ്‍ തന്നു. പറഞ്ഞു കേട്ട അറിവു വെച്ച് എനിക്ക് അദ്ദേഹവുമായി സംസാരിക്കാന്‍ ചെറിയ ശങ്കയുണ്ടായിരുന്നു. രസായന ചികിത്സയെപ്പറ്റിയുള്ള കേട്ടറിവ് അദ്ദേഹത്തോട് പറഞ്ഞു.

''സങ്കല്പമൊന്നുമല്ല. അഷ്ടാംഗ ഹൃദയത്തിലെ ഏഴാമത്തെ അംഗമാണ് അത്. ചരകത്തിലും പറഞ്ഞിട്ടുണ്ട്. എന്റെ ജ്യേഷ്ഠന്‍ വാസുദേവന്‍ എന്നയാള്‍ക്ക് കുടി പ്രാവേശികം ഉണ്ടായിട്ടുണ്ട്. വൈദ്യമഠാണ് ചെയ്തത്. ഞാന്‍ വൈദ്യമഠത്തിന്റെ ഒപ്പം ആദ്യവസാനം ഉണ്ടായിരുന്നു. പിന്നെ അതേപ്പറ്റിയൊക്കെ ഇങ്ങനെ ഫോണില്‍ കൂടി പറയാന്‍ പറ്റില്ല. എപ്പോഴെങ്കിലും നേരിട്ടു കാണുമ്പോളാവാം.''
ഫോണില്‍ കൂടിയുള്ള അദ്ദേഹത്തിന്റെ വര്‍ത്തമാനത്തില്‍ നിന്ന് ഒരു കാര്യം എനിക്ക് ബോദ്ധ്യപ്പെട്ടു. പറയുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണ ബോദ്ധ്യമുള്ള ആളാണ്. വളച്ചു കെട്ടോ ദൂരൂഹതയോ ഇല്ലാതെ സംസാരിക്കുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ കാണണം എന്നുള്ള ഒരാഗ്രഹം മനസ്സിലുണ്ടായി.

സിനിമയില്‍ ജോലി ചെയ്തിരുന്ന വിജയന്‍ പെരിങ്ങോടും ആറാം തമ്പുരാനെപ്പറ്റിപ്പറയുമായിരുന്നു. പക്ഷെ, കൂടിക്കാഴ്ച വീണ്ടും നീണ്ടുപോയി. സിനിമയിലെ തിരക്കിട്ട ജോലികള്‍ തന്നെ കാരണം. വേദനയും ചികിത്സയുമെല്ലാമായി മുന്നോട്ടു പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതിനിടെ എന്റെ നട്ടെല്ലിനെ കേന്ദ്രീകരിച്ചായി ചികിത്സ. അത് ഒരു തരം സ്‌പോണ്ടലൈറ്റിസ് ആണെന്ന് അനുമാനിക്കപ്പെട്ടിരുന്നു. അതിനുള്ള ആയുര്‍വ്വേദ ചികിത്സയും കഴിഞ്ഞു. ഒട്ടും ഫലവത്തായില്ല അതൊന്നും.

യാദൃശ്ചികമെന്നു പറയട്ടെ ആറാം തമ്പുരാന്‍ എന്ന സിനിമയുടെ കാലത്താണ് സാക്ഷാല്‍ ആറാം തമ്പുരാനെ നേരിട്ടു കാണാന്‍ അവസരമുണ്ടാവുന്നത്.

ആറാം തമ്പുരാന്‍ സിനിമയുടെ തിരക്കഥയെഴുതിയ രണ്‍ജിത്തും പിന്നെ ശ്രീരാമനും വിജയനുമൊക്കെ കൂടെയുണ്ടായിരുന്നു പെരിങ്ങോട്ടേക്കു പോകും നേരം.

പലതും സംസാരിച്ച കൂട്ടത്തില്‍ എന്റെ ചികിത്സയെക്കുറിച്ചും അസുഖത്തെക്കുറിച്ചും എല്ലാം തമ്പുരാനോടു ഞാന്‍ വിശദമായി പറഞ്ഞു.

അദ്ദേഹം കുപ്പായം അഴിച്ചു വെക്കാനും നിന്നുകൊണ്ട് കൈകള്‍ ഉയര്‍ത്താനും വശങ്ങളിലേക്ക് തിരിയ്ക്കാനുമെല്ലാം എന്നോട് പറഞ്ഞു.

'തന്റെ പ്രശ്‌നം നട്ടെല്ലുമായി ബന്ധമുള്ളതല്ല. അങ്ങനെ കണക്കാക്കിയുള്ള ചികിത്സകൊണ്ട് യാതൊരു ഫലവും ഉണ്ടാകില്ല. പുറം ഭാഗത്ത് ചില മര്‍മ്മസ്ഥാനങ്ങളുണ്ട്. ഇട, പിംഗല എന്നിങ്ങനെയൊക്കെ. എപ്പോഴെങ്കിലും അവിടെ തട്ടോ മുട്ടോ ഉണ്ടായിട്ടുണ്ടാവും. ആ സമയത്ത് അതുകാര്യമായി തോന്നിക്കാണില്ല. ചില മര്‍മ്മ സ്ഥാനങ്ങള്‍ അങ്ങനെയാണ്. അവിടെ ക്ഷതം പറ്റിയാല്‍ കാലാന്തരത്തിലായിരിക്കും ദോഷഫലങ്ങള്‍ കണ്ടു തുടങ്ങുക. ഭയപ്പെടാനൊന്നുമില്ല. നേരെയാക്കാവുന്നതേയുള്ളൂ.'
അദ്ദേഹം എനിക്ക് വേണ്ടുന്ന ചികിത്സകള്‍ നിര്‍ദ്ദേശിച്ചു. അതെല്ലാം ചെയ്യുന്നതിന് ശിഷ്യനായ ഉണ്ണികൃഷ്ണനെ ഏല്‍പ്പിക്കുകയും ചെയ്തു.
ഞാന്‍ വീട്ടില്‍ ചെന്ന് പൂമുള്ളി ആറാം തമ്പുരാനെ കണ്ട കാര്യങ്ങള്‍ അമ്മയോട് പറഞ്ഞു. അമ്മ പൂമുള്ളി മനയെക്കുറിച്ച് ഐതിഹ്യമാലയില്‍ വായിച്ചിട്ടുണ്ടായിരുന്നു.

'കൈലാസത്തില്‍ നിന്ന് പറങ്ങോട്ടു നമ്പൂതിരി വന്നു വീണത് പൂമുള്ളി മനയ്ക്കലെ കുളത്തിലാണ്. പുരാതനമായിത്തന്നെ പ്രസിദ്ധമാണ് പൂമുള്ളി മന. ഐതിഹ്യമാലയില്‍ പിന്നെയും ചിലയിടത്ത് പൂമുള്ളി മനയെപ്പറ്റി പറയുന്നുണ്ട്'' അമ്മ പറഞ്ഞു.
ആദ്യഘട്ടത്തില്‍ ചികിത്സ നടന്നത് തമ്പുരാന്റെ മേല്‍നോട്ടത്തില്‍ തന്നെ ആയിരുന്നു. തമ്പുരാന്റെ ശിഷ്യന്‍ ഗിരിജനാണ് ഉഴിഞ്ഞത്. തമ്പുരാന്റെ നിര്‍ദ്ദേശ പ്രകാരം ഉണ്ണികൃഷ്ണന്‍ വൈദ്യര്‍ ചികിത്സ വളരെ ശ്രദ്ധയോടെത്തന്നെ കൊണ്ടുപോയി.
'ഇനി ഉണ്ണികൃഷ്ണനെ കണ്ടാല്‍ മതി. എന്നെ വന്നു കണ്ടു ബുദ്ധിമുട്ടണമെന്നില്ല.' ആദ്യഘട്ടം ചികിത്സ കഴിഞ്ഞു പോരുമ്പോള്‍ അദ്ദേഹമെന്നോടു പറഞ്ഞു. ചികിത്സിച്ച വകയില്‍ എന്തെങ്കിലും പ്രതിഫലം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. അങ്ങനെ ഒരു പതിവ് ആറാം തമ്പുരാനില്ല എന്നാണ് എല്ലാവരും പറഞ്ഞത്.

വേദന അതിന്റെ ഫണം താഴ്ത്തുന്നത് ഞാനറിഞ്ഞു. എന്നെ വെടിഞ്ഞു പോയിരുന്ന സ്വാസ്ഥ്യം തിരിച്ചു വരികയായിരുന്നു.
ചികിത്സ തുടര്‍ന്നു കൊണ്ടുപോകണം. ''ജോലികള്‍ക്കിടയിലും ആവാം.'' തമ്പുരാന്‍ പറഞ്ഞു.

ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ആറാം തമ്പുരാന്റെ ഓര്‍മ്മയില്‍ ഞാന്‍ പെരിങ്ങോട്ടു വരുന്നു. ഈ നാട്ടിന്‍ പുറം എനിക്ക് ഏറെ പ്രിയപ്പെട്ടതായി തീര്‍ന്നിരിക്കുന്നു. പൂമുള്ളി മനയില്‍ നിന്ന് കുറച്ചു മാറിയാണ് ഇപ്പോള്‍ ചികിത്സയ്‌ക്കെത്തുന്ന സ്ഥലം. എങ്കിലും തമ്പുരാന്‍ നടന്ന മണ്ണ് എനിയ്ക്കിവിടെ നിന്നു നോക്കിയാല്‍ കാണാം. പൂമുള്ളി ആറാം തമ്പുരാന്‍ സ്മാരക ട്രസ്റ്റിന്റെ അബ്രിവേഷന്‍ പാസ്റ്റ് (ജഅടഠ) എന്നാണ്. എന്നാല്‍ എന്റെ മനസ്സില്‍ ആറാം തമ്പുരാന്റെ പ്രസന്റ്‌സ് എപ്പോഴുമുണ്ട്.

ഇതാ, ഇന്നു കൂടെ രാവിലെ ഞാന്‍ ചികിത്സയ്ക്കിരിക്കുമ്പോള്‍ ഉഴിയാനായ് വൈദ്യന്റെ കൈ എന്റെ ശരീരത്തില്‍ സ്​പര്‍ശിക്കുന്നതിനു മുമ്പ് കണ്ണുകളടച്ച് ആറാം തമ്പുരാനെ മനസ്സില്‍ ധ്യാനിക്കുകയുണ്ടായി. എല്ലാ വൈദ്യശാസ്ത്രവും കൈ മലര്‍ത്തിയപ്പോള്‍, ഞാന്‍ ഇരുട്ടിലായിരുന്നപ്പോള്‍ എന്നെ പിടിച്ചുയര്‍ത്തി വെളിച്ചത്തിലേക്കു നയിച്ചത് ആ മഹാബാഹു ആയിരുന്നുവല്ലോ.
അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ പ്രണാമങ്ങള്‍
(പൂമുള്ളി ആറാം തമ്പുരാന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം