നസ്രാണികളുടെ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ പുരോഹിതന്‍ ഇടയ്ക്കിടക്ക് പറയും: 'നിങ്ങള്‍ ഭയത്തോടും വിറയലോടും കൂടി സൂക്ഷിക്കണ'മെന്ന്. അത്തരത്തിലൊരു ഭയത്തോടും വിറയലോടും കൂടിയാണ് പുരസ്‌കാരവേദികളില്‍ ഞാന്‍ നില്‍ക്കാറുള്ളത്. മലയാളം അംഗീകരിക്കുന്ന പുരസ്‌കാരച്ചടങ്ങുകളില്‍ നില്‍ക്കുമ്പോള്‍ ആ വിറയലെന്റെ ശരീരത്തിലുണ്ട്. എന്റെ സാഹിത്യജീവിതം തുടങ്ങിയിട്ട് 15 വര്‍ഷമേ ആയിട്ടുള്ളൂ. ബെന്യാമിനെന്ന എഴുത്തുകാരനേക്കാള്‍ പ്രായമുള്ള സാഹിത്യപുരസ്‌കാരങ്ങളാണ് ഞാന്‍ ഏറ്റുവാങ്ങുന്നത്. അത് ആ വിറയലിന്റെ അംശം കൂട്ടുന്നു. 

ഓരോ പുരസ്‌കാരവും എനിക്ക് നന്ദിപറച്ചിലിന്റെ വേളയാണ്. കടപ്പാടുകള്‍ രേഖപ്പെടുത്താനുള്ള അവസരമാണ്. ജീവിതത്തിന്റെ ഇതുവരെയുള്ള യാത്രയില്‍ തിരിഞ്ഞുനോക്കാനുള്ള അവസരമാണ്. എന്തിനെഴുതുന്നു എന്ന് സ്വയം ചോദിക്കാനുള്ള വേദിയാണ്. എഴുത്തും എഴുത്തുകാരന്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനുള്ള വേളയാണ്. പുരസ്‌കാരം സ്വീകരിക്കുന്ന നിമിഷം, കൂടിച്ചേരലിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്മയുടേയും നിമിഷമാണ്. ഇത്തരം ചടങ്ങുകള്‍ മനുഷ്യരെ സ്‌നേഹിക്കുന്ന, സാഹിത്യത്തെ സ്‌നേഹിക്കുന്ന, വായനയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള പൊതു ഇടങ്ങളാണ്. ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതിലുകള്‍ തീര്‍ത്ത് മനുഷ്യര്‍ അകലുമ്പോള്‍, അതില്‍നിന്ന് വ്യത്യസ്തമായി മനുഷ്യര്‍ക്ക് ഒത്തുകൂടാനും ആശയവിനിമയം നടത്താനുമുള്ള വേദികള്‍... 

മലയാളം എന്ന പുണ്യം

മലയാളി ഒരു സാഹിത്യകാരനെ സ്‌നേഹിക്കുന്നതു പോലെ, വിലമതിക്കുന്നതുപോലെ ലോകത്തെവിടെയെങ്കിലും സാഹിത്യകാരനെ ശ്രദ്ധിക്കുന്നുണ്ടോയെന്നു ചോദിക്കുമ്പോഴാണ് മലയാളത്തില്‍ വന്നു പിറക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമറിയുക. മലയാളത്തിന്റെ എഴുത്തുകാരനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഞാന്‍ വെറുതേ പറയുന്നതല്ല. മലയാളത്തില്‍ ഓരോ വായനക്കാരനും എഴുത്തുകാരനെ സ്വന്തമെന്ന പോലെയാണ് കൊണ്ടുനടക്കുന്നതും കരുതുന്നതും. 

എം. മുകുന്ദന്‍ പറഞ്ഞ രസകരമായൊരു കഥയുണ്ട്.  ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ രാത്രി പത്തര പതിനൊന്നു മണിക്ക് ആരോ വന്ന് മുട്ടിവിളിക്കുന്നു. അദ്ദേഹം ഉറക്കത്തില്‍ ചെന്ന് നോക്കുമ്പോള്‍ ഒരാള്‍ മദ്യപിച്ച് വന്നിട്ട് ചോദിക്കുന്നു എം. മുകുന്ദന്റെ വീടല്ലേ? അതെ, മുകുന്ദനാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറയുകയാണ് എനിക്ക് മുകുന്ദേട്ടനോട് സംസാരിക്കണമെന്ന്. ഈ രാത്രിയിലാണോ എന്ന് ചോദിക്കുമ്പോള്‍ നമ്മുടെ മുകുന്ദേട്ടനോട് സംസാരിക്കാന്‍ സമയമുണ്ടോ, എപ്പോള്‍ വേണമെങ്കിലും കയറിവന്ന് സംസാരിച്ചൂടെയെന്ന് അയാള്‍ തിരിച്ചു ചോദിക്കുന്നു. ഇത് മലയാളി ഒരെഴുത്തുകാരനോട് എടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ കാര്യമാണ്. ഇത് മലയാളത്തില്‍ മാത്രം കാണുന്ന കാര്യമാണ്. ഞാനത് വളരെ വലിയ കാര്യമായാണ് കാണുന്നത്. അതൊരു പുണ്യമാണ്. 

ഒരിക്കല്‍ ചവറയില്‍ ഞാന്‍ ഒരു ചടങ്ങിന് പോയി. നെടുമുടി വേണുവായിരുന്നു അവിടെ മുഖ്യാതിഥി. ഗ്രാമത്തിന്റെ നടുവിലൂടെ സ്വീകരിച്ചാനയിച്ചാണ് ഞങ്ങളെ കൊണ്ടുപോകുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ എല്ലാവീടുകളിലും നിലവിളക്ക് കത്തിച്ചുവെച്ചിട്ടുണ്ട്. ഞാന്‍ കരുതിയത് അവിടെ അമ്പലത്തിലെന്തോ ഉത്സവമോ പറക്കെഴുന്നള്ളത്തോ നടക്കുമ്പോള്‍ വളരെ യാദൃശ്ചികമായി നമ്മളതിലേ കടന്നുപോയി എന്നാണ്. പിന്നീടാണ് സംഘാടകര്‍ പറഞ്ഞത് സാഹിത്യകാരന്മാരെയും കലാകാരന്മാരെയും സ്വീകരിക്കുന്നതിനായി അങ്ങിനെ വിളക്കുകള്‍ കത്തിച്ചുവെക്കാറുണ്ട് എന്ന്. ദേവനെയോ ദേവിയേയോ സ്വീകരിക്കുന്നതുപോലെ നമ്മളെ സ്വീകരിക്കുന്ന സ്‌നേഹമുള്ള ഇടങ്ങളുണ്ട് കേരളത്തില്‍.

മലബാറില്‍ ഒരു പരിപാടിക്കു പോകുന്ന വഴി തൃശൂരെത്തിയപ്പോള്‍ ഞാന്‍ കയറിയ ട്രെയിനിന്റെ യാത്ര മുടങ്ങി. മറ്റൊരു ട്രെയിന്‍ പാളം തെറ്റിയതാണ്. ഞാന്‍ സംഘാടകരെ വിളിച്ചു. എപ്പോള്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്നറിയില്ല, അത്രയും വൈകി ഞാനവിടെയെത്തിയിട്ട് എന്തു ചെയ്യാനാണ്, ഞാനിനി വരുന്നില്ല, മടങ്ങിപ്പോവുകയാണ് എന്നു പറഞ്ഞു. എന്നാല്‍ സംഘാടകര്‍ സമ്മതിച്ചില്ല. എത്ര രാത്രിയായാലും വരണം, ഞങ്ങളിവിടെ കാത്തിരിക്കും എന്നവര്‍ പറഞ്ഞു. രാത്രി ഏതാണ്ട് രണ്ട് മണിയോടെയാണ് ഞാന്‍ മലബാറിലെ ആ ഗ്രാമത്തിലെത്തുന്നത്. അപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ ഒരെഴുത്തുകാരനെക്കാത്ത് അവിടെയിരിക്കുകയാണ്. ആ സ്‌നേഹവും ആദരവും ലഭിച്ചത് ബെന്യാമിനെന്ന എഴുത്തുകാരനല്ല. അവര്‍ സ്വീകരിക്കുന്നതും സ്‌നേഹിക്കുന്നതും സാഹിത്യത്തെയാണ്, വായനയെയാണ്, സര്‍ഗാത്മകതയെയാണ്. അങ്ങിനെയുള്ളൊരു ഭാഷയില്‍ വന്നുപിറക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. 

padmaprabha awardകല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്. മാധവനില്‍നിന്ന് ബെന്യാമിന്‍ പദ്മപ്രഭ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ഓര്‍മ്മകളെ ഇര പിടിച്ചു നോക്കുമ്പോള്‍

ഗള്‍ഫിലെ ഏകാന്തതയും ഒറ്റപ്പെടലും മരവിപ്പും ഒക്കെയാണ് എന്നെ എഴുത്തിലേക്ക് കൊണ്ടുവന്നത്. ജീവിതത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍, വിധിയുടെയോ നിയോഗത്തിന്റെയോ യാദൃശ്ചികതയുടെയോ ഫലമായാവണം ഞാനെഴുത്തിലേക്ക് വന്നത് എന്നു തോന്നുന്നു. നസ്രാണി കുടുംബത്തില്‍ ജനിച്ച ഒരാളെന്ന നിലയില്‍ എന്റെ ജീവിതത്തില്‍ പറഞ്ഞിട്ടുള്ള കാര്യം റേഷന്‍ കാര്‍ഡും വേദപുസ്തകവും മാത്രമേ വായിക്കാവൂ എന്നാണ്. എന്നാല്‍, ഓര്‍മ്മകളെ ഇരപിടിച്ചു നോക്കുമ്പോള്‍ ബാല്യം തന്ന ചില ഓര്‍മ്മകളും എന്നെ എഴുത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ടെന്ന് പറയേണ്ടിവരും. ബാല്യത്തിലെ കൂട്ടുകാരും ഗള്‍ഫിലെ കൂട്ടുകാരും സാഹിത്യത്തെ സ്‌നേഹിക്കുന്നവരുമൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്.

എന്റെ അമ്മയുടെ തറവാടിനെക്കുറിച്ച് ഞാനോര്‍ക്കുന്നു. വയനാടിനോട് വളരെ സാമ്യമുള്ള ഒരു നാടായിരുന്നു അമ്മയുടേത്. പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമം. അവിടെ നിരവധി കശുമാവുകള്‍ നിറഞ്ഞ തോട്ടത്തിന്റെ നടുവിലൊരു വീട്. മണ്ണണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്ന് പുസ്തകം വായിക്കുന്ന അവിടുത്തെ വലിയ അമ്മച്ചി. ഒരുപക്ഷെ, ആ ഓര്‍മ്മയായിരിക്കും പില്‍ക്കാലത്തെന്നെ എഴുത്തിലേക്കും വായനയിലേക്കുമൊക്കെ കൂട്ടിക്കൊണ്ടുവന്നത്. അവിടുത്തെ അപ്പച്ചന്‍ ഒരു ആശാരിയായിരുന്നു. ഒരു ക്രിസ്ത്യന്‍ ആശാരി. മരിച്ച് വര്‍ഷങ്ങളായെങ്കിലും അദ്ദേഹത്തിന്റെ കൈത്തഴക്കം ജനങ്ങളോര്‍ക്കുന്നുണ്ട്. അത് അദ്ദേഹം പണിത, കുറ്റമറ്റ പണിത്തടികള്‍ വഴിയാണ്. നാട്ടുകാര്‍ അവയെ പ്രശംസിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നാലിലൊന്ന് ക്ഷമയും കഴിവുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇതിലും മികച്ച എഴുത്തുകാരനാവുമായിരുന്നു. ഇവര്‍ രണ്ടുപേരില്‍നിന്നും എനിക്ക് എഴുത്തിന്റേതായ ചില വരികള്‍ വീണുകിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു. പൂര്‍വിക പിതാക്കളിലാരോ ഒരെഴുത്തുകാരനോ എഴുത്തുകാരിയോ ആയിരിക്കാനാഗ്രഹിച്ചതിന്റെ, സ്വപ്‌നം കണ്ടതിന്റെ, പിന്തുടര്‍ച്ചയായാകാം ഞാനിവിടെ നില്‍ക്കുന്നത്. 

സാംസ്‌കാരികമായി വളക്കൂറുള്ളൊരു മണ്ണില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ വീടിന് വളരെയടുത്താണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി.കെ മന്ത്രിയുടെ വീട്. മന്ത്രിയുടെ നാട്ടുകാരനാണ് എന്നു പറയാനാണ് എനിക്കേറെയിഷ്ടം. മന്ത്രി മാത്രമല്ല, 'ദൈവമേ കൈതൊഴാം കേള്‍ക്കുമാറകണം..' എന്ന പ്രാര്‍ത്ഥനാഗീതമെഴുതിയ പന്തളം കേരളവര്‍മ്മയും 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി..' എന്ന വരികളെഴുതിയ പന്തളം കെ.പിയും ജീവിച്ചിരുന്ന നാടാണ് അത്. ആത്മീയാചാര്യനും രാഷ്ട്രീയാചാര്യനുമായ എം.എന്‍ ഗോവിന്ദന്‍ നായരും പുതിയകാല പത്രപ്രവര്‍ത്തനത്തിന്റെ കുലപതി ടി.ജെ.എസ്. ജോര്‍ജ്ജും നിരൂപകന്‍ കെ.ശ്രീകുമാറും എന്റെ നാട്ടുകാരാണ്. 

aadujeevithamഓരോ വായനയിലും വിഭിന്ന ധ്വനിയിലേക്കു സംക്രമിക്കുന്ന ഒരു പുസ്തകമായി ആടുജീവിതം മാറുന്നു., മാറിക്കൊണ്ടിരിക്കുന്നു എന്ന അപൂര്‍വ്വമായ ഒരു അനുഭവമാണ് മലയാളത്തില്‍ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് എത്രയോ കാണാപ്പുറങ്ങളാണ് ഇതില്‍ ഇനിയും ഒളിഞ്ഞിരിക്കുന്നത്.

വില: 170.00
പുസ്തകം വാങ്ങാം

ഞാനവനെ കൊന്നു, ഞാനവനെ കൊന്നു...

ഞാനാദ്യമായി ഒരു നാടകം കാണുന്നത് നാലോ അഞ്ചോ വയസുള്ളപ്പോഴാണ്. പന്തളം കോളേജില്‍ വെച്ച്. പി.കെ മന്ത്രിയുടെ വീട്ടിലെ കാറോട്ടക്കാരനായിരുന്നു എന്റെ പിതാവ്. ഒരു ദിവസം നാടകസ്ഥലത്തു നിന്നു മന്ത്രിയെ കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോള്‍ അച്ഛന്റെ കൂടെ ഞാനും കൂടി. നാടകം കളിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ വാതിലുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഒരു വാതില്‍ മാത്രമാണ് അല്‍പം തുറന്നു കിടക്കുന്നത്. ഞാന്‍ വാതിലിനിടയിലൂടെ നോക്കുമ്പോള്‍ വേദിയില്‍ ചോരപുരണ്ട വാക്കത്തിയുമായി ഒരാള്‍ നില്‍ക്കുന്നു. 'ഞാനവനെ കൊന്നു, ഞാനവനെ കൊന്നു...' എന്നു പറയുകയാണ് അയാള്‍. ആ നടനാരാണെന്നോ ഏത് നാടകമാണെന്നോ ഒന്നും ഇന്നുമെനിക്കറിയില്ല. പക്ഷെ, 'ഞാനവനെ കൊന്നു'വെന്ന വാക്ക് എന്നെ പ്രകമ്പനം കൊള്ളിക്കുകയും 'ആര്, ആരെ , എന്തിന് , എങ്ങിനെ കൊന്നു'വെന്ന ചോദ്യം ജീവിതത്തിലുടനീളം അലയടിക്കുകയും ചെയ്തു. പിന്നീടെന്റെ എഴുത്തിന്റെ ജീവിതത്തിലുയര്‍ന്ന 'ആര്, ആരെ, എന്തിന് ' എന്നീ ചോദ്യങ്ങളുടെ പിന്തുടര്‍ച്ചയാണ് എന്റെ കൃതികള്‍. 

സാഹചര്യങ്ങളുടെ ഇടയില്‍ അറിയാതെ സംഭവിച്ചുപോയതാണ് എന്റെ എഴുത്ത്. അതിന്റെ സങ്കേതങ്ങളൊന്നും തന്നെ എനിക്ക് വശമുണ്ടായിരുന്നില്ല. പ്രാദേശികഭാഷകള്‍ വായിക്കാന്‍ ശ്രമിക്കണമെന്ന് ശക്തമായി വാദിക്കുകയാണ് ഞാന്‍ ചെയ്തിരുന്നത്. എന്നാല്‍ നിരൂപകരെന്നോട് ചോദിക്കുന്നത് പ്രാദേശികഭാഷകള്‍ ആര്‍ക്കും മനസിലാകുന്നില്ലെന്നും എന്തുകൊണ്ടാണ് നിങ്ങളിങ്ങിനെ എഴുതുന്നത് എന്നുമാണ്. എനിക്കതില്‍ വിഷമമില്ല, ഞാനെഴുതുന്നത് ബുദ്ധി കൊണ്ടല്ല, ഹൃദയംകൊണ്ടാണ്. ഞാനെഴുതുന്നത് ഭാഷക്ക് പുറത്ത് നില്‍ക്കുന്നവന്റെയും സാധാരണക്കാരന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും പ്രശ്‌നങ്ങളാണ്. കുറെ പേര്‍ക്കെങ്കിലും അത് ഇഷ്ടമാകുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിന് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ അവരോട് നന്ദി പറയുന്നു. 

അമ്മ തന്ന വിഷാദം

ഞാനെഴുത്തുകാരനായത് കാണാന്‍ അമ്മയില്ലല്ലോ എന്ന വേദനയുണ്ട് എനിക്ക്. ഓരോ പുരസ്‌കാരം വാങ്ങുമ്പോഴും ഞാന്‍ ഏറ്റവും ആഗ്രഹിക്കുന്നത് അമ്മ അതു കാണണം എന്നാണ്. എന്റെ ആദ്യകഥ പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ അമ്മ മരിച്ചു. അമ്മ എപ്പോഴും വിഷാദത്തിലായിരുന്നു. അതൊരു രോഗമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പലപ്പോഴും അമ്മമാരുടെ സങ്കടമറിയാതെയാണ് മക്കള്‍ ജീവിക്കുന്നത്. അമ്മയില്‍ നിന്നുമെനിക്ക് കിട്ടിയതും ആ വിഷാദമായിരുന്നു. അനുഭവവും ആത്മനിര്‍വൃതിയും അന്വേഷണവും മാത്രമല്ല, ആ രോഗത്തിനുള്ള ഔഷധം കൂടിയായിരുന്നു എനിക്ക് എഴുത്ത്. അമ്മ തന്ന ആ രോഗത്തെ ഞാന്‍ മറികടക്കുന്നത് എഴുത്തെന്ന മരുന്നിലൂടെയാണ്. എന്റെ പുരസ്‌കാരങ്ങള്‍ ഞാന്‍ അമ്മയ്ക്ക് സമര്‍പ്പിക്കുകയാണ്. അമ്മ പള്ളി ശ്മശാനത്തിലുറങ്ങുകയല്ല, ഇവിടെ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.  

എഴുത്തിന്റെ വഴിയില്‍ ഞാന്‍ ഓര്‍ക്കേണ്ടത്, നന്ദി പറയേണ്ടത് വേറെ മൂന്നുപേരോടും കൂടിയാണ്. എഴുത്തിലുള്ള സ്വാതന്ത്ര്യം തന്ന് വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഭാര്യയോട്. എന്റെ യാത്രയും മറ്റും കൊണ്ട് മാത്രം ഹോസ്റ്റല്‍ എന്ന തടവറയില്‍ കഴിയേണ്ടി വരുന്ന എന്റെ രണ്ടു മക്കളോട്. അവര്‍ തരുന്ന നിമിഷങ്ങളാണ് എനിക്ക് തരാന്‍ കഴിയുന്ന സാഹിത്യം. 

വായന തിരിച്ചു പിടിക്കുക

വായനയില്‍ നിന്ന് അകന്നുപോയ ഒരു തലമുറയെ അതിലേക്ക് തിരിച്ചുപിടിക്കുക എന്ന വളരെ വലിയ ദൗത്യമാണ് കാലം നമ്മെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ടി.വിയുടെ മുമ്പില്‍, സാങ്കേതികവിദ്യയുടെ മുമ്പില്‍ കുരുങ്ങിപ്പോയ ഒരു തലമുറയെ വായനയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതുണ്ട്. ഓരോ പുരസ്‌കാരവും എന്നെ ഏല്‍പ്പിക്കുന്നത് ഈയൊരു വലിയ ഭാരം കൂടിയാണ്. സാഹിത്യത്തോടുള്ള ഉത്തരവാദിത്വമാണ് അത് വര്‍ധിപ്പിക്കുന്നത്. ശ്രദ്ധാപൂര്‍വം, കൂടുതല്‍ മെച്ചപ്പെട്ട എഴുത്തുകള്‍ ഞാന്‍ നല്‍കേണ്ടിയിരിക്കുന്നു. 

എഴുത്തുകാരന് ഇന്ന് റോയല്‍റ്റികൊണ്ടുമാത്രം ജീവിക്കാന്‍ കഴിയുമെന്ന സാഹചര്യം വന്നിട്ടുണ്ട്. ലോകസാഹിത്യത്തിലേക്ക് മലയാളം ഒരു ചുവടെങ്കിലും മുന്നോട്ട് കടന്നുപോയിരിക്കുന്നു. അന്യഭാഷകളിലേക്ക് മലയാളം പുസ്തകങ്ങള്‍ മുമ്പെന്നത്തേക്കാളും പരിഭാഷപ്പെടുത്തുന്നുണ്ട്. ഇവിടെ മികച്ച കൃതികളുണ്ടാകുന്നില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് എഴുത്തിലൂടെ മറുപടി നല്‍കുകയാണ് സുഭാഷ്ചന്ദ്രനും കെ.ആര്‍ മീരയും സന്തോഷ് കുമാറും സന്തോഷ് എച്ചിക്കാനവും ഉണ്ണി ആറും അടങ്ങുന്ന തലമുറ.   

ഞങ്ങള്‍ക്കു മുകളിലൂടെ നടന്നു പോകൂ...

ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കൃതിയേതെന്ന് ചോദിച്ചാല്‍ മഹാനായ എഴുത്തുകാരന്‍ റൊമെയ്ന്‍ റോളണ്ടിന്റെ ജീന്‍ ക്രിസ്റ്റഫ് ആണെന്ന് പറയാനാണെനിക്കിഷ്ടം. അതില്‍ അവസാന ഭാഗത്തിനുള്ള മുഖവുരയില്‍ അദ്ദേഹം ഇങ്ങിനെയെഴുതുന്നു, '' യുവാക്കളേ.. ഇന്നിന്റെ യുവാക്കളെ.. ഞങ്ങളുടെ മുകളിലൂടെ നടന്നു പോകൂ... ഞങ്ങളെ നിങ്ങളുടെ കാല്‍ക്കീഴില്‍ ചവിട്ടി ഞെരിച്ച് മുന്നോട്ട് പോകൂ.. ഞങ്ങളെക്കാള്‍ മഹത്തുക്കളും സന്തുഷ്ടരും ആവൂ..''  

നാളെയുടെ എഴുത്തുകാരോട് എനിക്കു പറയാനുള്ളതും അതാണ്. ഞങ്ങളേക്കാള്‍ മഹത്തുക്കളും സന്തുഷ്ടരുമാണെന്ന് തെളിയിച്ചുകൊണ്ട് മലയാളഭാഷക്ക് നല്ല കൃതികള്‍ സമര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ടാകട്ടെ!

(2016ലെ പദ്മപ്രഭ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി ബെന്യാമിന്‍ ചെയ്ത പ്രസംഗത്തിന്റെ ഏകദേശരൂപം)