അഴുക്കില്ലത്തിന്റെ ആദ്യ അധ്യായം വായിച്ച് വരയ്ക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ ആലോചിച്ചു- ഇതുവരെ വരച്ച നോവലുകളില്‍നിന്നും വ്യത്യസ്തമായിരിക്കണം ഇതിന്റെ ചിത്രീകരണം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അക്കര്‍മാശി മുതല്‍ കോട്ടൂര്‍- ജീവിതവും എഴുത്തും വരെ ചിത്രീകരണം നടത്തിയത് വ്യത്യസ്ത ട്രീറ്റ്‌മെന്റിലായിരുന്നു. അക്കര്‍മാശി വാട്ടര്‍കളറും ചാര്‍ക്കോളും ഉപയോഗിച്ച് ചെയ്തു. ഏകാന്തവീഥിയിലെ അവധൂതന്‍ മുതല്‍ പാലേരിമാണിക്യം വരെ പേസ്റ്റലും ലുമോഗ്രാഫും (കരി) ഉപയോഗിച്ചു. കോട്ടൂര്‍ വരച്ചപ്പോള്‍ ഗ്ലോസി പേപ്പറില്‍ വാട്ടര്‍കളറില്‍ വിരല്‍ മുക്കി വരച്ചു. ബ്രഷ് ഉപയോഗിച്ചില്ല. ഇക്കാരണത്താലാണ് അഴുക്കില്ലത്തില്‍ എന്തെങ്കിലും പ്രത്യേകത വേണമെന്നു തോന്നിയത്. അങ്ങനെ ഞാന്‍ ചൂലിലെ ഈര്‍ക്കില്‍ ഊരിയെടുത്ത് അത് 'ഫോണ്ട് ഇങ്കി'ല്‍ മുക്കി പേപ്പറില്‍ വരച്ചു. മൂന്ന് ഈര്‍ക്കില്‍ക്കഷണങ്ങള്‍കൊണ്ടാണ് അഴുക്കില്ലത്തിലെ ഒന്നുരണ്ടു ചിത്രങ്ങളൊഴികെ എല്ലാം വരച്ചു പൂര്‍ത്തിയാക്കിയത്. (ആ ഈര്‍ക്കിലുകള്‍ ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എന്തോ അതു കളയാന്‍ തോന്നിയില്ല.) കുടുംബം, ആത്മീയത, മരണം, ലൈംഗികത, കല, സാഹിത്യം, പ്രേമം, വിവാഹം തുടങ്ങി എല്ലാ ദ്വന്ദ്വങ്ങളും കീറിമുറിച്ച് ആവിഷ്‌കരിച്ച അഴുക്കില്ലം വരയ്ക്കാന്‍ ഈര്‍ക്കിലല്ലേ ശരിക്കും വേണ്ടത്? എനിക്കു തോന്നി.

devaprakash

അഴുക്കില്ലത്തിലെ കേന്ദ്രകഥാപാത്രമായ മൂത്തേടത്തിനെ വരയ്ക്കാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു. മൂത്തേടത്തിന്റെ ശരീരഭാഷ, രൂപഭാവങ്ങള്‍, കൈകാല്‍ എല്ലാം വളരെ യാന്ത്രികമായി എന്നില്‍ തെളിഞ്ഞു. കാരണം, എന്റെ നാട്ടില്‍ അച്യുതന്‍ എന്നു പേരുള്ള ഒരാള്‍ ഉണ്ടായിരുന്നു. മരിച്ചുപോയി. മൂത്തേടത്തിന്റെ രൂപഭാവങ്ങളുള്ള ഒരാള്‍. സദാ കഞ്ചാവ് വലിക്കും. വലിയ സൈദ്ധാന്തികസിദ്ധാന്തങ്ങള്‍ ഉരുവിടും. തന്റേതായ കാഴ്ചപ്പാടുകളും ചിന്തകളുമുള്ളയാള്‍- ശരിക്കും മൂത്തേടത്തെപ്പോലെ. മൂത്തേടത്തെ വരയ്ക്കാന്‍ പിന്നെ എനിക്ക് അധികം ആലോചിക്കേണ്ടിവന്നില്ല.

കഴിഞ്ഞ എട്ടു മാസക്കാലമായുള്ള എന്റെ കോഴിക്കോടന്‍തെരുവുയാത്രകള്‍ ഈ നോവലിലെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ തേടിയുള്ളതായിരുന്നു. അവരുടെ ചിത്രങ്ങള്‍ എന്റെ സ്‌കെച്ചുബുക്കില്‍ വരച്ചിട്ടു. ധാരാളം ചിത്രങ്ങള്‍ ഫോട്ടോയെടുത്ത് സൂക്ഷിച്ചു. വരയ്ക്കാനിരുന്നപ്പോള്‍ ഇവരെല്ലാം എന്റെ ഈര്‍ക്കില്‍ത്തുമ്പില്‍ ഊര്‍ന്നിറങ്ങി പേപ്പറില്‍ ഉരുകിയുറഞ്ഞു. ഞാന്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും ജീവിതങ്ങളുംതന്നെയാണ് അഴുക്കില്ലത്തിലും എനിക്കു കാണാന്‍ കഴിഞ്ഞത്. ഇത്രയും ആസ്വദിച്ച് ഞാന്‍ മറ്റൊരു നോവലിനുവേണ്ടിയും വരച്ചിട്ടില്ലാ എന്നുതന്നെ പറയാം.

azhukkillam 02

അഴുക്കില്ലത്തിലെ ആദ്യ അധ്യായത്തിലെ 'നിലാവിലെ രാത്രി' വരയ്ക്കാനിരുന്നപ്പോള്‍ എന്റെ കുട്ടിക്കാലത്തെ ഒരനുഭവം ഓര്‍മവന്നു. നോവലില്‍ വായിക്കുന്നു- 'ഞാനും ദീപനും സര്‍വപീഠത്തിനരികെ ഒരു പാറക്കെട്ടില്‍ കിടന്നു. തണുത്ത രാത്രി താണിറങ്ങിവരുന്നതുപോലെ തോന്നിച്ചു. ഒത്ത നടുക്ക് ഭയാനകമായ വലുപ്പത്തില്‍ പൂര്‍ണചന്ദ്രന്‍ കാണപ്പെട്ടു. ആദിമമായ ഒരു മൗനത്തിന്റെ അറ്റമില്ലാത്ത പരപ്പില്‍ ആഴമോ ഉയരമോ എന്നറിയാത്ത സ്ഥലരാശിയില്‍ അത് നിശ്ശബ്ദമായി മുഴങ്ങുന്നതുപോലെ തോന്നി.' കുളമാവിലെ എന്റെ വീട്ടിനടുത്തുള്ള വലിയ പാറയില്‍ രാത്രി ഞാനും ചേട്ടനും കൂടി ആകാശത്ത് അനന്തതയിലെ താരകങ്ങളെ നോക്കി കിടക്കുമായിരുന്നു. നാരായമംഗലത്തെ ചീട്ടുകളിസംഘത്തെ വരയ്ക്കാന്‍ എന്റെ നാട്ടിലെ ഇടുങ്ങിയ തിണ്ണകളിലെ ചീട്ടുകളിക്കാരെ വരച്ചെടുത്തു. ചീട്ടുകളിക്കാരുടെ അനാട്ടമി ഈ യാത്രയിലൂടെ കണ്ടെത്തിയതാണ്. നാരായമംഗലത്ത് സ്‌കൂള്‍ സ്ഥാപിച്ച ജോസച്ചനെ വരയ്ക്കാന്‍ എന്റെ കൂട്ടുകാരനെ ളോഹയണിയിച്ച് ഹാര്‍മോണിയം വായിക്കുന്ന സ്റ്റൈലില്‍ ഇരുത്തി വരച്ചെടുത്തു.

Azhukkillam 03

ഉലഹന്നാന്റെ ബാര്‍ബര്‍ഷോപ്പ് വരയ്ക്കാന്‍ എന്റെ നാട്ടിലെ പഴയ ബാര്‍ബര്‍ഷോപ്പില്‍ പോയി. ബാര്‍ബറുടെ കൈവിരലുകളുടെ ചലനങ്ങള്‍ ശ്രദ്ധിച്ചു. മുടി വെട്ടുന്നതിനായി തല കുനിച്ച് ഇരിക്കുന്നവരെ വരച്ചെടുത്തു. പഴയ കത്തി, കത്രിക, ചീര്‍പ്പ് എല്ലാം സ്‌കെച്ച്ബുക്കില്‍ കോറിയിട്ടു.എന്റെ കൈയില്‍ ഒരു ദിവസം വന്ന് ചോര കുടിച്ച കൊതുകിനെ തല്ലിക്കൊന്നപ്പോള്‍ അതില്‍നിന്നും തികച്ചും യാദൃച്ഛികമായി 'വിശുദ്ധയുദ്ധങ്ങള്‍' എന്ന അധ്യായത്തിലെ പനിയും കൊതുകും മരണവുമെല്ലാം ആവാഹിച്ച ചിത്രങ്ങള്‍ പിറന്നു. കൊതുകു കടിച്ച എന്റെ കൈത്തലം പേപ്പറില്‍ വെച്ച് കൈത്തലത്തിന്റെ സ്‌കെച്ച് പകര്‍ത്തിയെടുത്തു. തുടര്‍ന്ന് കൊതുകിന്റെ ഫീച്ചേഴ്‌സ് മുഴുവനും വരച്ചെടുത്തു. മാലിനിച്ചേച്ചി എന്ന കഥാപാത്രത്തിന്റെ അനാട്ടമി പലപ്പോഴും മാറ്റിവരച്ചിട്ട് ശരിയായില്ല. അവസാനം പുതിയങ്ങാടിയിലെ മീന്‍ചാപ്പയിലെ മീന്‍വില്പനക്കാരിയെ മോഡലാക്കി. ഈ ചിത്രം കണ്ടതിനുശേഷം പലരും എന്നെ വിളിച്ച് അഭിനന്ദിച്ചു. ആ ചിത്രം തരുമോ എന്നു ചോദിച്ച് ഒരു കൂട്ടുകാരന്‍ ഇപ്പോഴും എന്റെ പിറകേ നടക്കുന്നു. കാരണം, അവന്റെ കാമുകിക്ക് മാലിനിയുടെ ഛായയുണ്ടുപോലും.

സ്വന്തം മകളുടെ മുഖം ഒരുനോക്കു കാണാനെത്തിയ അബൂബേക്കറിന്റെ രൂപം വരച്ചപ്പോള്‍ ദൈന്യതയും നിരാശയും നൊമ്പരവും വരുത്താന്‍ പരമാവധി ശ്രമിച്ചു. ഒരു ദിവസം റഫീക്ക് അഹമ്മദ് വിളിച്ചപ്പോള്‍ പറഞ്ഞു: 'ഞാന്‍ മനസ്സില്‍ കണ്ട അതേ അബൂബേക്കറിനെയാണ് താന്‍ വരച്ചിരിക്കുന്നത്! നന്നായിരിക്കുന്നു!' നോവലിസ്റ്റിന്റെ നാവില്‍നിന്നും ഒരു ചിത്രകാരന് ഇതില്‍പ്പരം പ്രശംസ കിട്ടാനുണ്ടോ? പിന്നീടുള്ള ഓരോ ലക്കത്തിലും ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ റഫീക്ക് അഹമ്മദിന്റെ ഈ വാക്കുകള്‍ എനിക്ക് കൂടുതല്‍ പ്രചോദനമായിട്ടുണ്ട് എന്നുള്ള കാര്യം ഇവിടെ കുറിക്കട്ടെ. മറ്റൊരു കഥാപാത്രമായ ബീവാത്തുമ്മയുടെ രൂപം ഒരു നിക്കാഹിനു പോയപ്പോള്‍ കിട്ടിയതാണ്. അവരെ അപ്പോള്‍ത്തന്നെ സ്‌കെച്ച്ബുക്കില്‍ പകര്‍ത്തി.

azhukkillam 04

ധന്വന്തരിവിലാസം വൈദ്യശാല വരച്ചപ്പോള്‍ മലബാറിലെ പഴയ കെട്ടിടങ്ങള്‍ കാണാന്‍ പോയി. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. അവസാനം ഒരു പഴയ രണ്ടുനിലക്കെട്ടിടം കണ്ടെത്തി വരച്ചു. അവിടെനിന്നും ബൈക്കില്‍ മടങ്ങിവരുമ്പോള്‍ കടത്തിണ്ണയില്‍ ഒരു വൃദ്ധന്‍ കിടന്നുറങ്ങുന്നു, അടുത്ത് ഒരു നായയും. ഉടന്‍തന്നെ ഞാനവരെ വരച്ചെടുത്തു. പിന്നീടത് ഉണ്ണിക്കണ്ണന്‍ നായരും നായയുമായി മാറി. ചിരവക്കുന്നുഭാഗത്തെ ലക്ഷംവീടുകോളനിയിലെ സ്ത്രീജനങ്ങള്‍ വെള്ളത്തിനായി നില്ക്കുന്ന കാഴ്ച ഞാന്‍ നോവലില്‍ വരച്ചിട്ടുണ്ട്. പാലക്കാടന്‍യാത്രയിലാണ് എനിക്ക് ആ രംഗം കിട്ടിയത്. പണ്ടെങ്ങോ സ്‌കെച്ച്ബുക്കില്‍ വരച്ച സ്‌കെച്ചുകള്‍ ഞാന്‍ ഈ ചിത്രീകരണത്തിനായി മാറ്റിവരച്ചു.

അറുമുഖനാശാരിയെ വരയ്ക്കാന്‍ ഞാന്‍ കല്ലായിയില്‍ക്കൂടി സഞ്ചരിച്ചു. ഒരാശാരിയെ കിട്ടി. അയാളുടെ കൂടെയിരുന്ന് ആശാരിയുടെ ഇരുമ്പും ചുറ്റികയും ചലനങ്ങളും ഉളിപിടുത്തവും വരച്ചെടുത്തു. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പഴയ ഓഫീസ് കെട്ടിടങ്ങള്‍ക്കായി അധികം സഞ്ചരിക്കേണ്ടിവന്നില്ല. ഓര്‍മയില്‍നിന്നും വരച്ചെടുത്തതാണ് ഗള്‍ഫില്‍നിന്നും വരുന്ന രാജനെ. ഗിത്താറിസ്റ്റ് മാരിമുത്തുവിന്റെ വീതുളിക്കൃതാവും ബല്‍ബോട്ടവും വരയ്ക്കാന്‍ വളരെ എളുപ്പമായി. തബലിസ്റ്റ് കലൈവാണനെ വരയ്ക്കാന്‍ ടൗണ്‍ഹാളില്‍ ഗാനമേള കാണാന്‍ കയറി. ഗാനമേളയിലെ തബലിസ്റ്റ് അങ്ങനെ അഴുക്കില്ലത്തിലെ കലൈവാണനായി.

Azhukkillam 05

അഴുക്കില്ലത്തിലെ ചിത്രങ്ങള്‍ കണ്ട് പലരും എന്നോടു ചോദിച്ചു: 'ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ടല്ലോ? കാലിഗ്രാഫി പെന്‍ ആണോ, അതോ ബ്രഷോ? എന്താണ് വരയ്ക്കാന്‍ ഉപയോഗിക്കുന്നത്?' 

അവരോടെല്ലാം ഞാന്‍ പറഞ്ഞു: 'ഇതൊരു ഈര്‍ക്കില്‍പ്രയോഗമാണ്.'

azhukkillam 07സ്വപ്നത്തോളമെത്തുന്ന യാഥാര്‍ഥ്യങ്ങളും കെട്ടുകഥകളോളമെത്തുന്ന ജീവിതങ്ങളും ഉയരത്തോളമെത്തുന്ന ആഴങ്ങളും നന്മയോളമെത്തുന്ന തിന്മകളുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന നാരായമംഗലമെന്ന ദേശത്തിന്റെ കഥയാണിത്. 

വില: 170.00
പുസ്തകം വാങ്ങാം

അഴുക്കില്ലം നോവല്‍ അവസാനിക്കുമ്പോള്‍ പറയുംപോലെ, പഴയ ബന്ധുജനങ്ങളെ കണ്ടുമുട്ടുന്നതുപോലെയാണ് പുസ്തകങ്ങളെ വീണ്ടും കാണുന്നത്. പണ്ട് അവരില്‍ തോന്നിപ്പിക്കുന്ന ആദരവ്, ആരാധന ഒക്കെ മാറിപ്പോയിരിക്കാം. എങ്കിലും അവരോടുള്ള സ്‌നേഹം നിലനില്ക്കുന്നു. അവരെ കൂടുതല്‍ അറിയുന്നു. അതുപോലെയാണ് ഞാന്‍ വരച്ച ചിത്രങ്ങളും. എനിക്കവരോടുള്ള സ്‌നേഹം നിലനില്ക്കുന്നു. 

അവരെ കൂടുതല്‍ അറിയുന്നു.

(മാതൃഭൂമി ബുക്‌സ് ജേര്‍ണല്‍ ജൂലൈ- ഡിസംബര്‍ 2015)