ഷണ്ടിക്ക് വെയിലേല്‍ക്കാതിരിക്കാന്‍ വലിയ കാലന്‍കുടയുമായി വൈക്കം മുഹമ്മദ് ബഷീര്‍ ഫാറൂഖ് കോളേജ് മൈതാനം മുറിച്ചുകടന്ന് നടന്നുപോകാറുണ്ടായിരുന്നു. ഈ യാത്ര ഇടയ്ക്കിടെ ഉണ്ടാവും. പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ ഷാഹിനയെ കാണാന്‍ ലേഡീസ് ഹോസ്റ്റലിലേക്കുള്ള പോക്കാണ്. കോളേജിന് ഓടിട്ട കെട്ടിടങ്ങള്‍ ബാക്കിയുള്ള കാലം... ഗ്രൗണ്ടില്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ പിന്നാലെകൂടും. മുന്‍പരിചയത്തിന്റെ ബലത്തിലാണ് ഈ കടന്നാക്രമണം. പുള്ളിക്കാരന്‍ തമാശപറയുന്നതുപോലും ഗൗരവത്തിലായിരിക്കും. വല്ലോം നാലക്ഷരം പഠിക്കാന്‍ നോക്കെടാ പിള്ളാരെ എന്നൊക്കെ പറയുമെങ്കിലും പുതുതലമുറയുമായി ഇടപഴകുന്നത് ഇഷ്ടമായിരുന്നു സുല്‍ത്താന്. 

കോഴിക്കോടിന്റെ തണല്‍തേടിയണഞ്ഞ എഴുത്തുകാരും കലാകാരന്‍മാരും മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരും പിന്നീട് നാട്ടിലേക്കു മടങ്ങാറില്ലായിരുന്നു. എല്ലാവര്‍ക്കും അത്രമേല്‍ പ്രിയങ്കരമായ ഇടമായിരുന്നു  സത്യത്തിന്റെ തുറമുഖമെന്ന് അറബികള്‍ പുകഴ്ത്തിയ കോഴിക്കോട്... വിദ്യാര്‍ഥിജീവിതകാലത്ത് മൂന്നുതവണ മാത്രമാണ് ബേപ്പൂരിലെ വയലാലില്‍ ബഷീറിനെ സന്ദര്‍ശിക്കാന്‍ പോയതെങ്കിലും ഓരോ യാത്രയും ഓര്‍മകളാല്‍ സമൃദ്ധം.

കരുവന്‍തിരുത്തിയിലെ വീട്ടില്‍നിന്ന് തോണിതുഴഞ്ഞാണ് അക്കരെ ബേപ്പൂരിലേക്കു പോകാറുള്ളത്. ചാലിയാര്‍ കടലില്‍ സംഗമിക്കുന്ന ബേപ്പൂരില്‍ പുഴയ്ക്ക് വേഗവും ഒഴുക്കും താരതമ്യേന കൂടുതലാണ്. അപക്വതയുടെ അടയാളമായ കൊസറ ചോദ്യങ്ങള്‍ക്കും ദേഷ്യമൊന്നും പ്രകടിപ്പിക്കാറില്ലായിരുന്നു സുല്‍ത്താന്‍. പങ്കജ് മല്ലിക്കിന്റെയും സൈഗാളിന്റെയും ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന അങ്ങേയ്ക്ക് പങ്കജ് ഉദാസിനോട് ഇത്ര ഇഷ്ടം തോന്നാന്‍ എന്താണു കാരണം എന്നുചോദിച്ചു. ബോംബെയിലെ വി.എം. കുട്ടിയല്ലേ പങ്കജ് എന്ന പരാമര്‍ശം അദ്ദേഹത്തെ ചൊടിപ്പിക്കുകതന്നെ ചെയ്തു. ശബ്ദത്തിലെ മെലഡിയാണ് തന്നെ ആകര്‍ഷിച്ചതെന്നും ഗായകന് ശബ്ദമാണു പ്രധാനമെന്നും  അതീവക്ഷമയോടെയാണ് പറഞ്ഞുതന്നത്. നിരന്തരം ഇന്റര്‍വ്യൂവിനിരയാകുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ എന്ന ചോദ്യം മന്ദഹാസത്തോടെ സ്വീകരിക്കുകയും ചെയ്തു.

ബഷീറിനെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തിന്റെ കലാപരമായ എക്സ്റ്റെന്‍ഷനായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം. സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി ചെറുപ്പത്തിലേ നാടുവിടേണ്ടിവന്നതിനാല്‍ കടന്നുപോയ അനുഭവങ്ങളുടെ ലോകം തന്നെ അതിശയകരമാണ്. ഉപജീവനാര്‍ഥം കള്ളനും മന്ത്രവാദിയും പോക്കറ്റടിക്കാരനും സംന്യാസിയും കപ്പല്‍ത്തൊഴിലാളിയുമായി. ലോക്കപ്പ് മര്‍ദനമേറ്റു, ജയിലില്‍ക്കിടന്നു. ചെയ്ത ജോലികളോടെല്ലാം പരമാവധി നീതിപുലര്‍ത്തുക അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. ബഷീറിന്റെ ലാളിത്യവും നര്‍മവുമൊക്കെ ഏതൊരെഴുത്തുകാരനും വെല്ലുവിളിയാണ് ഇന്നും.

ബഷീറിനു ലഭിച്ചിരുന്ന മാധ്യമശ്രദ്ധ സാഹിത്യത്തിലെ സവര്‍ണലോബിയെ എന്നും  അസ്വസ്ഥമാക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍, അഭിമുഖങ്ങള്‍, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ ഉപജീവിച്ചുള്ള ലേഖനങ്ങള്‍ എന്നിങ്ങനെ ബഷീറാശ്രയ സാഹിത്യം എന്നൊരു വിഭാഗംതന്നെ നിലനിന്നിരുന്നു. ജേണലിസം ട്രെയിനികളുടെയും കോളേജ് മാസികക്കാരുടെയുമെല്ലാം പ്രിയപ്പെട്ട ഇരയായിരുന്നു ബഷീര്‍. വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റീന്‍ മരച്ചുവട്ടില്‍ പതിവായി ഹാജരായിരുന്ന ചില സഹൃദയര്‍ പില്‍ക്കാലം എഴുത്തുകാരായി രൂപാന്തരപ്പെട്ടിട്ടുമുണ്ട്. എഴുത്ത് ഏതാണ്ട് നിന്നുപോയ വയസ്സുകാലത്ത് ബഷീറിനെ സംബന്ധിച്ചിടത്തോളം ഈ കാഴ്ചകളെല്ലാം വെറും എന്റര്‍ടെയ്ന്‍മെന്റ് മാത്രമായിരുന്നു. നമ്മള്‍ കാരണം ആരെങ്കിലും ജീവിച്ചുപോവുന്നെങ്കില്‍ ആയിക്കോട്ടെ എന്ന സന്‍മനസ്സുതന്നെയായിരുന്നു പ്രധാന പ്രചോദനം.

വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ വാങ്ങാം 

വലിയ എഴുത്തുകാരന്‍ എന്നതിനേക്കാള്‍ ബഷീറിന്റെ മാനുഷിക ഗുണങ്ങളാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. ബോട്ടുജെട്ടിയില്‍ ബുക്സ്റ്റാളുമായി എറണാകുളത്തും പോള്‍സ് ട്യൂട്ടോറിയല്‍ കോളേജ് വാര്‍ഡനായി കോട്ടയത്തും അതിനുമുമ്പുള്ള അലച്ചിലിന്റെ കാലത്തുമെല്ലാം മറ്റുള്ളവരെക്കുറിച്ച് വേദനിക്കുന്ന ഒരു മനസ്സ് അദ്ദേഹം സൂക്ഷിച്ചു. കഥകളിലെല്ലാം ഈ വേദന അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. കോട്ടയത്തെ ബഷീര്‍കാലം എന്‍. ഗോപാലകൃഷ്ണന്‍ ഹൃദയസ്പര്‍ശിയായി അനുസ്മരിച്ചിട്ടുണ്ട്. എറണാകുളത്ത് പ്രസ് ക്‌ളബ്ബ് റോഡിലെ പഴയ ദീപിക ഓഫീസിനടുത്ത് ഒന്നാം നിലയിലെ മുറിയില്‍ എന്നും ശരണാര്‍ഥികളുണ്ടാകുമായിരുന്നു. അക്കാലത്തെ കടുത്ത ദാരിദ്ര്യത്തെക്കുറിച്ച് മിക്കവാറും കഥകളില്‍ പരാമര്‍ശമുണ്ട്. 

പട്ടിണി കലാപ്രവര്‍ത്തനത്തിനു പ്രതിഫലമായിരുന്ന നാളുകളില്‍ ഭക്ഷണത്തിനായും നാടുപറ്റാന്‍ വണ്ടിക്കാശിനുവേണ്ടിയും എറണാകുളത്തെത്തുന്ന എഴുത്തുകാരും സംഗീതജ്ഞരുമൊക്കെ ആശ്രയിച്ചിരുന്നത് ബഷീറിനെയായിരുന്നു. താന്‍ കഴിച്ചില്ലെങ്കിലും വിരുന്നുകാരനെ ഊട്ടാന്‍ ശ്രമിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെത്. ബുക് സ്റ്റാളുകളൊന്നും ഇന്നത്തെപ്പോലെ വരുമാനമുണ്ടാക്കുന്ന ബിസിനസായിരുന്നില്ല. എം.എന്‍. വിജയന്‍ തന്റെ ആത്മകഥയായ കാലിഡോസ്‌കോപ്പിലും ഈ എറണാകുളം കാലം അനുസ്മരിക്കുന്നുണ്ട്.

സുഹൃത്തുക്കളെ കാണാനായി ഇടയ്ക്കിടെ കോഴിക്കോട്ടു വരുമായിരുന്നു. ഭാര്‍ഗവീനിലയവുമായി ബന്ധപ്പെട്ട് ഈ യാത്രകളുടെ എണ്ണം കൂടി. പുതിയറയിലെ എസ്.കെ. പൊറ്റെക്കാട്ടിന്റെ വീടായ ചന്ദ്രകാന്തമായിരുന്നു പ്രധാനതാവളം. ഒന്നാന്തരമായി പാചകം ചെയ്യുമായിരുന്ന  ബഷീറിന്റെ ബിരിയാണി തിന്നാനും സൊറയില്‍ പങ്കാളികളാകാനും എഴുത്തുകാരുടെയും സഹൃദയരുടെയും സംഘങ്ങള്‍ എപ്പോഴും ഉണ്ടാകുമായിരുന്നു. 

സുഹൃത്തും ഈ സംഘത്തിലെ അംഗവുമായിരുന്ന കൊളത്തറയിലെ മുല്ലവീട്ടില്‍ അബ്ദുറഹ്മാനാണ് തന്റെ കുടുംബത്തില്‍ നിന്നുതന്നെ ബഷീറിനൊരു കല്യാണാലോചന കൊണ്ടുവന്നത്. പ്രായം തെറ്റിയതിനാല്‍ വിവാഹം വേണ്ട എന്ന നിലപാടിലായിരുന്നു. ഉത്തമശിഷ്യന്‍ വി.കെ.എന്നും മറ്റും ചേര്‍ന്ന് ഗുരുവിനെ ബ്രെയിന്‍വാഷ് ചെയ്‌തെടുക്കുകയും ഒടുവില്‍ കല്യാണം ഒരു യാഥാര്‍ഥ്യമായി പരിണമിക്കുകയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന അബ്ദുറഹ്മാന്‍ മിഠായിത്തെരുവിലെ വീറ്റ് ഹൗസ് ഹോട്ടലില്‍ ഉണ്ടായ ഒരു ചീട്ടുകളിത്തര്‍ക്കത്തിനിടെ സുഹൃത്തായ മൊയ്തീന്‍ സ്രാങ്കിന്റെ കത്തിക്കിരയായത് ഈ കൂട്ടായ്മക്കേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു.

മഹാനായ എഴുത്തുകാരന്  വലിയ മനുഷ്യനാവാനും കഴിയും എന്നാണ് ബഷീര്‍ തന്റെ ജീവിതത്തിലുടനീളം തെളിയിച്ചത്. കേരളത്തെ സംബന്ധിച്ചിടത്തോളം അപരിചിതമായ കാര്യമായിരുന്നു ഇത്. എഴുത്തുകാര്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെപ്പോലെ എഴുന്നള്ളിക്കപ്പെടേണ്ടവരാണെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എഴുപതുകള്‍ക്കുശേഷം കടന്നുവന്ന എഴുത്തുകാരില്‍ വലിയൊരു പങ്ക് അവനവന്‍ കടമ്പ കടക്കാന്‍ കഴിയാത്തവരാണ്. സ്വന്തം സൃഷ്ടികളെക്കുറിച്ചൊക്കെ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നത് മനോരോഗമാണെങ്കില്‍ മലയാളത്തിലെ വലിയൊരു വിഭാഗം എഴുത്തുകാര്‍ക്ക് ഈ രോഗമുണ്ട്. ഏണസ്റ്റ് ഹെമിങ് വേയെപ്പോലുള്ള മഹാന്മാരായ എഴുത്തുകാര്‍ അഭിമുഖസംഭാഷണങ്ങളില്‍പ്പോലും സ്വന്തം കഥകളെക്കുറിച്ചു സംസാരിക്കാന്‍ വിമുഖരായിരുന്നു. രണ്ട് എഴുത്തുകാര്‍ കണ്ടുമുട്ടുമ്പോഴുള്ള ആത്മസംഘര്‍ഷങ്ങളെ 'ഒരു സുന്ദരസന്ധ്യയില്‍' എന്ന കഥയില്‍ സക്കറിയ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. 

പാചകം ഒരു കലയാണെന്നു വിശ്വസിച്ചിരുന്ന ആളാണ് ബഷീര്‍. എഴുത്തിനു പുറമേ മാജിക്, കണ്‍കെട്ട് ഉള്‍പ്പടെയുള്ള കലകളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. 'സുല്‍ത്താന്‍ പറഞ്ഞ കഥകള്‍' എന്ന പുസ്തകത്തില്‍ ഗുരുവില്‍നിന്ന് മാജിക് പഠിച്ചതിനെക്കുറിച്ച് പ്രിയശിഷ്യന്‍ ടാറ്റാപുരം ഹൈദരലി പരാമര്‍ശിക്കുന്നുണ്ട്. പരിചയപ്പെടുന്ന ഏതൊരാളോടും സമഭാവനയോടെ പെരുമാറാന്‍ ബഷീറിനു കഴിഞ്ഞിരുന്നു എന്നത് അദ്ദേഹത്തിന്റെ മഹത്ത്വം തന്നെയാണ്. കത്തയക്കുന്ന ഓരോരുത്തര്‍ക്കും അവസാനകാലംവരെ സ്വന്തം കൈപ്പടയില്‍ മറുപടിയയക്കാനും  അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സന്ദര്‍ശകരെ പട്ടിയെവിട്ടു കടിപ്പിക്കുന്നവര്‍ക്കിടയിലെ ഈ മാന്യത പലപ്പോഴും തിരിച്ചറിയപ്പെട്ടില്ല. 

ബഷീറിന്റെ മതസങ്കല്പംപോലും വ്യത്യസ്തമായിരുന്നു. അന്ത്യനാളുകളില്‍ അദ്ദേഹത്തെ ഹൈജാക്ക് ചെയ്യാന്‍ ചില മൗലികവാദസംഘടനകള്‍ തീവ്രമായി ശ്രമിച്ചിട്ടും സാധിക്കാതെപോയത് അതുകൊണ്ടാണ്.സാഹിത്യത്തിന്റെ വെളിമ്പറമ്പുകളില്‍പ്പോലും സ്ഥാനമില്ലാതിരുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളും നാടന്‍പണിക്കാരായ അധഃകൃതരുമൊക്കെ കഥകളിലും നോവലുകളിലും സ്ഥാനംപിടിക്കാന്‍ തുടങ്ങിയത് ബഷീറും പൊന്‍കുന്നം വര്‍ക്കിയും കേശവദേവുമൊക്കെ എഴുതിത്തുടങ്ങിയപ്പോഴാണ്. 

സാഹിത്യത്തിലെ സവര്‍ണലോബിയെ അസ്വസ്ഥമാക്കിയ രചനകള്‍ നിര്‍വഹിച്ച എഴുത്തുകാരായിരുന്നു ഇവര്‍. ഇതു സാഹിത്യമേലാളന്മാരെ ചൊടിപ്പിച്ചു. അതിന്റെ ഭാഗമായി സംഘടിതമായ ആക്രമണങ്ങളുണ്ടായി. അവാര്‍ഡുകളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടു. മലയാള സാഹിത്യത്തിലെ ബഷീറിന്റെ ഗോപുരസമാനമായ സാന്നിധ്യം അദ്ദേഹം എഴുതിയ കാലത്തും അതിനുശേഷവും സാഹിത്യപ്രഭുക്കളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളെ ചെറുത്തത് ഉത്ബുദ്ധരായ വായനക്കാര്‍തന്നെയാണ്. വലിയ എഴുത്തുകാര്‍ വായനക്കാരുടെ മനസ്സിലാണ് ജീവിക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയായിരുന്നു.