unnikrishnan palakkal
ഉണ്ണിക്കൃഷ്ണൻ പാലക്കൽ 

ൾഫ് രാജ്യങ്ങളിലെ എണ്ണക്കമ്പനികളിൽ ഇലക്‌ട്രിക്കൽ എൻജിനീയറായി പ്രവർത്തിച്ചിരുന്ന ഉണ്ണിക്കൃഷ്ണൻ പാലക്കൽ വായിക്കാൻ വേണ്ടിമാത്രം ജോലി അവസാനിപ്പിച്ചയാളാണ്.  ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരി ക്കുന്ന സമകാലികസംഗീതത്തിന്റെ ഇംഗ്ലീഷ് ഭാഗത്തിന്റെ എഡിറ്ററാണ് അദ്ദേഹം.

1969 വരെയുള്ള ഹിന്ദി ഗാനങ്ങൾ ആലപിക്കുന്ന സംഗീതക്കൂട്ടായ്മയായ കാലിക്കറ്റ് മ്യൂസിക് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കൊപ്പവും അദ്ദേഹമുണ്ട്. ഏറ്റവുമൊടുവിൽ വായിച്ച പുസ്തകങ്ങളിൽ ശ്രദ്ധേയമായവയെക്കുറിച്ചാണ് അദ്ദേഹം വിവരിക്കുന്നത്.

ചെവിയറുത്ത ചിത്രകാരൻ

അപസർപ്പകനോവൽപോലെ വായിച്ചുപോകാവുന്ന പുസ്തകമാണ് ബെർണഡറ്റെ മർഫി(BERNADETTE MURPHY) രചിച്ച ‘വാൻഗോഗ്‌സ് ഇയർ- ദ ട്രൂ സ്റ്റോറി’ (VAN GOGH’S EAR - The True Story). ഡച്ച് ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് ഉന്മാദാവസ്ഥയിൽ തന്റെ വലതുചെവിയറുത്തത് 1888-ൽ ഫ്രാൻസിൽവെച്ചാണ്. സഹകലാകാരൻ പോൾ ഗാഗ്വിൻ അപ്പോഴദ്ദേഹത്തിന്റെ വീട്ടിൽ അതിഥിയായുണ്ടായിരുന്നു. വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?

vangogഏഴുവർഷത്തെ യാതനാപൂർണവും നിരന്തരവുമായ ഗവേഷണത്തിലൂടെ ഈ സംഭവത്തിനുപിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കുന്ന കൃതിയാണിത്. വായിക്കാനെടുത്താൽ തീർന്നല്ലാതെ മടക്കിവെക്കാൻ തോന്നില്ല. യു.കെ.യിൽ ജനിച്ച ബെർണഡറ്റെ മർഫി മുതിർന്നശേഷം ഏറെക്കാലം ജീവിച്ചത് ഫ്രാൻസിലാണ്. ചെവിയറുത്ത സംഭവത്തിന്റെ വിശദാംശങ്ങൾ നൽകുന്ന പുസ്തകം വാൻഗോഗിന്റെ ജീവചരിത്രംകൂടി വിവരിക്കുന്നുണ്ട്.

കിർക് ഡഗ്ലസ്സും അന്തോണി ക്വിന്നും വേഷമിട്ട ‘ലസ്റ്റ് ഫോർ ലൈഫ്’ എന്ന ജനപ്രിയചലച്ചിത്രവും അതേപേരിലുള്ള പുസ്തകവുമാണ് ഈ സംഭവത്തിന് ഐതിഹ്യപരിവേഷം നൽകിയത്. ഇർവിങ് സ്റ്റോൺ രചിച്ച ഈ പുസ്തകത്തെ ആസ്പദമാക്കിയാണ് ചലച്ചിത്രമുണ്ടാക്കിയത്. ഇഴകീറി പരിശോധിച്ചുകൊണ്ട്, ഈ ഐതിഹ്യത്തിൽനിന്ന് സത്യം വേർപെടുത്തിയെടുക്കുകയാണ് ബെർണഡറ്റെ മർഫി ചെയ്തിരിക്കുന്നത്. ഏതായാലും ഏറെസമയമെടുത്ത് വളരെ വിശദമായിനടത്തിയ ഈ അന്വേഷണത്തിന്റെ ഫലം സ്തുത്യർഹമാണ്.

അധികാരവഴിയിലെ അന്തർനാടകങ്ങൾ

തിരുവിതാംകൂർ ഭരണാധികാരികളുടെ ചരിത്രമാണ് മനു എസ്. പിള്ള രചിച്ച ദി ഐവറി ത്രോൺ (THE IVORY THRONE) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ചിത്രകാരനായ രാജാരവിവർമയുടെ പേരക്കുട്ടിയായ സേതുലക്ഷ്മിബായിയുടെ(1895-1985) ജീവിതത്തിന് പ്രത്യേകം ഊന്നൽ നൽകിക്കൊണ്ടാണ് ഈ ചരിത്രം പറയുന്നത്.  

ivory throneരാജകുടുംബത്തിലേക്ക് 1900-ലാണ് അവരെ ദത്തെടുത്തത്. 1924 മുതൽ 1931 വരെ അവർ തിരുവിതാംകൂർ ഭരിച്ചു. സൂത്രശാലികളായ രാജസഭാംഗങ്ങളുടെ കെണികൾ, രാഷ്ട്രീയനാടകങ്ങൾ, ഗൂഢാലോചനകൾ, ഇംഗ്ലീഷുകാരുടെ ഇടപെടലുകൾ, അധികാരമത്സരങ്ങൾ, സഹോദരിമാർ തമ്മിലുള്ള പക, മേൽക്കോയ്മ നേടാനായുള്ള രാഷ്ട്രീയനീക്കങ്ങൾ -എല്ലാം അവരുടെ ജീവിതത്തിൽ കടന്നുവരുന്നു. അതെല്ലാം ഈ ജീവിതകഥയിൽ വളരെ വിശദമായി വിവരിക്കപ്പെടുന്നു. ആഗ്രഹങ്ങളൊന്നുമില്ലാതെ, മിക്കവാറും ഏകാകിയായി ജീവിതത്തിന്റെ ശിഷ്ടകാലം ബാംഗ്ലൂരിൽ കഴിച്ചുകൂട്ടുകയാണ് അവർ ചെയ്തത്.

ഈ പുസ്തകമെഴുതിയ മനു എസ്. പിള്ള വളരെ ചെറുപ്പമാണ്. 1990-ൽ ജനിച്ച അദ്ദേഹം കേരളത്തിലും പുണെയിലും ലണ്ടനിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശശിതരൂരിന്റെ ഓഫീസ് മാനേജരായി പ്രവർത്തിക്കുന്നു. ആറുവർഷം നീണ്ട ആഴത്തിലുള്ള ഗവേഷണത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. വായനക്കാർക്ക് ശ്രദ്ധമാറ്റാൻ പറ്റാത്തവിധത്തിലുള്ളതാണ് അത്.

ധ്യാനപൂർണമായ ആന്തരികാന്വേഷണം

ഇറ്റാലിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ടിസിയാനോ ടെർസാനി (TIZIANO TERZANI - 1938 – 2004)  രചിച്ച പുസ്തകമാണ് വൺ മോർ റൈഡ് ഓൺ ദ മെറി ഗോ റൗണ്ട് (ONE MORE RIDE ON THE MERRY-GO- ROUND). അദ്ദേഹം വളരെവർഷങ്ങൾ ഏഷ്യയിലുണ്ടായിരുന്നു. സ്വന്തം അനുഭവങ്ങളോട് സത്യസന്ധമായി പ്രതികരിക്കുന്ന സമർഥനായ പത്രപ്രവർത്തകനായ അദ്ദേഹത്തിന് തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും വിവിധമതങ്ങളിലും അസാധാരണസംഭവങ്ങളിലുമൊക്കെ താത്പര്യമുണ്ട്.

one more rideആമാശയാർബുദത്തിന് യു.എസ്സിൽ ശസ്ത്രക്രിയ നടത്തിയശേഷം മറ്റു ചികിത്സാസമ്പ്രദായങ്ങളിലൂടെ രോഗശമനമുണ്ടാകുമോ എന്നന്വേഷിച്ച് ഇന്ത്യയിൽ കുറേയിടങ്ങളിൽ അദ്ദേഹം അലഞ്ഞു. അത്ഭുതരോഗശാന്തിക്കാരെയും മുറിവൈദ്യന്മാരെയും വീമ്പുപറയുന്നവരെയുമൊക്കെ കണ്ടു -മിക്കപ്പോഴും നിഷ്കളങ്കനും പച്ചപ്പരമാർഥിയുമായി ഇക്കൂട്ടരാൽ വഞ്ചിക്കപ്പെടുന്നതിന്റെ വക്കോളമെത്തുകയും വളരെയേറെ അനുഭവസമ്പത്തുള്ള പത്രപ്രവർത്തകന്റെ സൂക്ഷ്മദൃഷ്ടിയുള്ളതിനാൽ രക്ഷപ്പെടുകയും ചെയ്തു. അവസാനവർഷങ്ങളിൽ ഹിമാലയസാനുക്കളിൽ ഒരു കുടിലിൽ ഏകാന്തധ്യാനത്തിൽ ലളിതജീവിതം നയിക്കുകയായിരുന്നു. തന്നിലൂടെയുള്ള ആന്തരികയാത്രയിലായിരുന്നു അദ്ദേഹം.

ഒരു പ്രഭാതത്തിൽ മഞ്ഞണിഞ്ഞ ഹിമാലയൻ മലനിരകൾക്കുമേലെ ഉദിച്ചുയരുന്ന സൂര്യനെ നോക്കിനിൽക്കെ  അദ്ദേഹത്തിന് ഒരു തിരിച്ചറിവുണ്ടായി -ജീവിതം പോലെതന്നെ അത്രമേൽ അഭിലഷണീയവും അനശ്വരവുമാണ് മരണമെന്ന സത്യം. ഈ രത്‌നം വെളിപ്പെട്ടുകിട്ടിയതോടെ അദ്ദേഹം ഇറ്റലിയിലെ ഭാര്യയുടെയും മകന്റെയും അടുത്തേക്കുമടങ്ങി. അക്ഷോഭ്യമായി മരണത്തെ ആശ്ലേഷിക്കാൻ.

ജീവിതത്തിലൂടെയും അതിന്റെ ആത്മീയതലങ്ങളിലൂടെയുമുള്ള മഹാപ്രയാണമാണിത്. നിവർന്നുനിൽക്കുന്ന മനുഷ്യന്റെ അവസാനയാത്രയെക്കുറിച്ച് നവീനമായൊരു ദർശനം നൽകുന്നു ഇത്. ശാരീരികമായും ബൗദ്ധികമായുമുള്ള ക്ലേശങ്ങളും പരീക്ഷണങ്ങളും വലയ്ക്കുമ്പോഴും എങ്ങനെ ശാന്തമായി മരിക്കാം എന്ന ചിന്താക്കുഴപ്പത്തിനുള്ള പരിഹാരവുമാണിത്.