കോട്ടയത്തെ പൊന്‍കുന്നത്തുനിന്ന് 1984-ലാണ്, അന്ന് പി.ഡബ്ല്യു.ഡി. എന്‍ജിനീയറായിരുന്ന തമ്പി ആന്റണി അമേരിക്കയിലേക്കു ചേക്കേറുന്നത്. പ്രവാസത്തിന്റെ മൂന്നര പതിറ്റാണ്ടു നീണ്ട അനുഭവങ്ങള്‍ സ്വന്തമായുള്ള തമ്പിക്ക്, അമേരിക്കയിലേക്കുള്ള പ്രവാസിമോഹവുമായി നടക്കുന്ന പുതിയ തലമുറയോട് ഒന്നേ പറയാനുള്ളൂ: 'അത്ര 'ഫ്രീ'യല്ല അമേരിക്കയില്‍ സെക്സ്'.

അങ്ങനെ എടുത്തുപറയാന്‍ പ്രത്യേകിച്ചു കാരണമുണ്ട്. പിന്നിട്ട മൂന്നര പതിറ്റാണ്ടില്‍ നമ്മുടെ നാട്ടില്‍നിന്ന് അമേരിക്കയിലെത്തുന്ന അഭ്യസ്തവിദ്യരായ തലമുറകള്‍ ഏറ്റവും കൂടുതല്‍ കുടുങ്ങുന്നത് അമേരിക്കന്‍ സ്ത്രീകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയിന്മേലാണ്. അതവരെ എളുപ്പം ജയിലിലേക്കുള്ള വഴിയിലെത്തിക്കുന്നു.

അമേരിക്ക എന്നാല്‍ സ്വതന്ത്രലൈംഗികതയുടെ നാടാണ് എന്നാണ് ഇന്ത്യയടക്കമുള്ള പല രാഷ്ട്രങ്ങളില്‍ നിന്നുമെത്തുന്നവരുടെ ഏറ്റവും പ്രധാന തെറ്റിദ്ധാരണ. അതനുസരിച്ച് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി സ്നേഹവും സൗഹാര്‍ദവും സ്ഥാപിച്ച് ലൈംഗികബന്ധത്തിനു മുതിരുന്നവര്‍ ബലാത്സംഗക്കേസില്‍ അകപ്പെടുന്നു. 18 വയസ്സില്‍ താഴെയുള്ളവരുടെ കാര്യത്തില്‍ മാത്രമല്ല, സമ്മതമില്ലാതെ സ്ത്രീശരീരത്തില്‍ കൈവയ്ക്കുന്നത് അമേരിക്കന്‍ നിയമമനുസരിച്ച് കടുത്ത അതിക്രമവും കുറ്റകൃത്യവുമാണ്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പ്രാഥമികബോധം പോലുമില്ലാത്തവരാണ് നാട്ടില്‍ നിന്നെത്തുന്ന മിക്കവാറുംപേര്‍.

സ്ത്രീപീഡനത്തിനു ജയിലിലായ ലോകപ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ അനുഭവമാണ് ഇക്കാര്യത്തില്‍ അമേരിക്കയിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയ സംഭവം. അമേരിക്കയിലെന്നല്ല, ലോകത്തെങ്ങും നൂറുകണക്കിന് ആരാധികമാരുണ്ടായിരുന്ന ആനന്ദ് ജോണിന്റെ ജീവിതം അദ്ദേഹത്തെ 59 വര്‍ഷത്തെ ജയില്‍ശിക്ഷയിലേക്കാണു നയിച്ചത്. 2007-ല്‍ അമേരിക്കയില്‍ ന്യൂസ് വീക്ക് സൂപ്പര്‍ മോഡലായി ലിസ്റ്റ് ചെയ്ത ആനന്ദ്, തൊട്ടടുത്ത വര്‍ഷമാണ് നിരവധി ബലാത്സംഗക്കേസുകളിലായി 59 വര്‍ഷത്തേക്കു തടവിലാക്കപ്പെട്ടത്.

എല്ലാവര്‍ക്കും നീതി (ജസ്റ്റിസ് ഫോര്‍ ഓള്‍) എന്ന യു.എസ്. സംഘടനയുടെ പ്രസിഡന്റ് ഇപ്പോള്‍ തമ്പി ആന്റണിയുടെ ഭാര്യ പ്രേമ തെക്കേക്കുറ്റ് ആണ്. ആനന്ദിനു നീതി കിട്ടുമോ എന്നന്വേഷിച്ച് തമ്പിയും പ്രേമയുമൊക്കെ ആ കേസില്‍ ഇടപെട്ടിരുന്നു. എന്നാല്‍, ആനന്ദ് ജോണിനെ തെളിവ് സഹിതം എതിരാളികള്‍ തന്നെ കുരുക്കുകയായിരുന്നു.

അമേരിക്കന്‍ എഴുത്തിന്റെ കോട്ടയത്തനിമയുടെ മുഖമാണ്, ഇപ്പോള്‍ ഹോളിവുഡ് സിനിമയില്‍ അഭിനയരംഗത്തു തൊഴില്‍ കാര്‍ഡുള്ള തമ്പി ആന്റണി. എണ്‍പതുകളുടെ മധ്യത്തില്‍ മലയാളത്തില്‍ ആക്ഷന്‍ ഹീറോ ആയി വന്ന ബാബു ആന്റണിയുടെ ഈ ജ്യേഷ്ഠസഹോദരന്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ നടനായാണ് മലയാളത്തിലെത്തിയത്. പിന്നീട് ദേശീയ, അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ബിയോണ്‍ഡ് ദ സോള്‍, ജാനകി, പറുദീസ, സൂഫി പറഞ്ഞ കഥ, പപ്പീലിയോ ബുദ്ധ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടനും നിര്‍മാതാവുമായി. ഇപ്പോഴും നല്ല സിനിമയുടെ നിര്‍മാണത്തിലും അഭിനയത്തിലും ഒരേസമയം പങ്കാളിയായെത്തുന്നു.

അമേരിക്കന്‍ പ്രവാസം കോട്ടയത്തിനു വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളതായി തമ്പി ആന്റണി കരുതുന്നു. റബ്ബറും സിനിമയും സഞ്ചാരവുമടക്കം വിവിധ മേഖലകളില്‍ നിക്ഷേപം അമേരിക്കയില്‍നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍, മൂന്നും ഇപ്പോള്‍ പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. സമ്പദ് വ്യവസ്ഥയ്ക്കു കാര്യമായ ഉണര്‍വുണ്ടായില്ലെങ്കില്‍ മൂന്നുരംഗത്തുനിന്നും അമേരിക്കന്‍നിക്ഷേപം കുറയാനാണു സാധ്യതയെന്നും അതു കോട്ടയത്തിനു തിരിച്ചടിയായിമാറിയേക്കുമെന്നും തമ്പി ആന്റണി പറയുന്നു.

Content Highlights: Thampy Antony about americans