കെ. വിനോദ് ചന്ദ്രൻ എഴുതുന്ന 'കർഷക സമരത്തിന്റെ സംഭവമാനങ്ങൾ 'എന്ന ലേഖനപരമ്പരയുടെ രണ്ടാംഭാഗം വായിക്കാം.

''Acting counter to the past, and therefore on the present, for the benefit, let us hope, of a future-but the future is not a historical future, not even a utopian history, it is the infinite Now, the Nun that Plato already distinguished from every present: the Intensive or Untimely, not an instant but a becoming' (Gilles Deleuze and Felix Guattari, What is Philosophy?(Columbia University Press, New York, 1994) p.112
'But when the people struggle for their liberation, there is always a coincidence of poetic acts and historical events or political actions, the glorious incarnation of something sublime or untimely'. (''Nietzsche's Burst of Laughter', Desert Islands: and Other Texts, 1953-1974,Semiotext(e),New York, 2004)p.128

രാഷ്ട്രീയത്തെയും സംഭവത്തെയും സംബന്ധിച്ച് നിലവിലുള്ള സർവ്വ സങ്കല്പങ്ങളെയും മാറ്റിമറിക്കുന്ന അപൂർവ്വമായ ഒരു സംഭവമാണ് കർഷക സമരം എന്ന് പറയേണ്ടിയിരിക്കുന്നു. ഇമ്മാനുവെൽ കാന്റു മുതൽ, അലെൻ ബാദ്യൂ വരെ ഉപദർശിക്കുന്ന വിപുലമായ രാഷ്ട്രീയ സംഭവവും നീത്ചേ മുതൽ ദെല്യൂസ് വരെയുള്ളവർ മുന്നോട്ട് വയ്ക്കുന്ന ആയിത്തീരലിന്റെ(becoming) സൂക്ഷ്മ സംഭവങ്ങളും വേർപെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞ് കിടക്കുന്ന, സംഭവങ്ങളുടെയും സംഭവം എന്നു പറയാവുന്ന അത്യപൂർവ്വമായ സന്ദർഭം. സുപ്രധാനമായ ആ ചോദ്യം നാം വീണ്ടും ചോദിക്കുകയാണ്: കർഷക സമരത്തിന്റെ സംഭവത്വം/ശുദ്ധ സംഭവം എന്താണ്?

നവജനതയായിത്തീരൽ

കർഷകരുടെ നവജനതയായിത്തീരലാണ് കർഷക സമരത്തിന്റെ സംഭവത്വം. ''ജനത'', ''ജനസഞ്ചയം (multitude), ആൾക്കൂട്ടം എന്ന പരികല്പനകളിൽ നിന്നുള്ള ഗുണപരമായ വ്യത്യസ്ഥതയെ സൂചിപ്പിക്കുവനാണ് നവ ജനത എന്ന പദം ഇവിടെ പ്രയോഗിക്കുന്നത്. നവം ഇവിടെ കേവലം ഒരു വിശേഷണപദമല്ല, നാമത്തെ നിർണ്ണയിക്കുന്ന, മാറ്റി മറിക്കുന്ന ക്രിയാപദമാണ്. സമകാലീന ചരിത്രത്തിൽ, സമൂഹത്തിൽ, അസന്നിഹിതമെന്ന് ദെല്യൂസ് വിളിക്കുന്ന, ''നഷ്ടമാവുന്ന ജനത'' (''missing people), വരും ജനത(people to come), ഇളംജനത (minor people) എന്നീ അർത്ഥങ്ങളിലാണ് ഈ പദം പ്രയോഗിക്കുന്നത്. ഭരണകൂട സ്രഷ്ടമായ, നിർണ്ണേയവും(determinate) എണ്ണിത്തിട്ടപ്പെടുത്താനാവുന്നതും പൗരാധിഷ്ഠിതവുമായ ഒരു ഏകീകൃതബഹുത്വത്തെയാണ് ജനത എന്ന പദം പൊതുവേ നിർദ്ദേശിക്കുന്നതെങ്കിൽ, അനിർണ്ണേയവും, ഭരണകൂടേതരവും എണ്ണത്തിനു പകരം ഗുണത്താൽ നിർവ്വചിക്കപ്പെടുന്നതുമായ ഒരു കർതൃബഹുത്വത്തെയാണ് നവ ജനത എന്ന പദം ഇവിടെ വ്യഞ്ജിപ്പിക്കുന്നത്. ആയിത്തീരലിന്റെയും (becoming) സ്രഷ്ടാത്മകതയുടെയും അടിസ്ഥാനത്തിൽ വ്യാപരിക്കുന്ന അനന്യവും സ്വയം നിർണ്ണീതവും ന്യൂനപക്ഷീയവുമായ ഒരു സ്വതന്ത്രബഹുത്വം. നെഗ്രിയുടെ ജനസഞ്ചയ സങ്കല്പത്തിൽ(multitude) നിന്ന് നവജനതയെ വ്യത്യസ്ഥമാക്കുന്നത് സൂക്ഷ്മദേശീയവും പ്രാദേശികവും (അതേ സമയം ദേശാന്തരീയവും) ആയ ഒരു ഉന്മുഖത്വമാണ്. പറ്റം(pack), വൃന്ദം (band), കൂട്ടം( herd) എന്നിങ്ങനെയുള്ള അമാനവികവും മൃഗീയവുമായ(becoming animal) ഘടനാവിന്യാസത്തെയും ഈ പദം സൂചിപ്പിക്കുന്നു.

ആയിത്തീരലിന്റെ പരമ്പരകൾ

കർഷകരുടെ നവജനതയായിത്തീരൽ, നവകർത്തൃത്വമായിത്തീരൽ: ഇതാണ് കർഷകസമരത്തിന്റെ സംഭവത്വം. കൂട്ടായ ആയിത്തീരലിന്റെ സമുച്ചയമാണ്, രൂപാന്തരീകരണത്തിന്റെ നിലയ്ക്കാത്ത പരമ്പരയാണ് ജനതയായിത്തീരൽ. കർഷകരുടെ പെണ്ണായിത്തീരൽ, പെണ്മയുടെ കർഷകരായിത്തീരൽ, കർഷകരുടെ മൃഗമായിത്തീരൽ (വൃന്ദമായിത്തീരൽ), ഇളയപ്പെടൽ ( becoming minor), അപരപ്പെടൽ (becoming other), അദൃശ്യപ്പെടൽ (becoming imperceptible), കണികപ്പെടൽ (becoming molecular), ന്യൂനപക്ഷപ്പെടൽ (becoming minoritarian)... ഇങ്ങനെ ആയിത്തീരലുകളുടെ സംഭവസമുച്ചയങ്ങളെയാണ് നവജനതയായിത്തീരൽ എന്ന ക്രിയാപരമ്പര സൂചിപ്പിക്കുന്നത്. നവജനത ഒരു വെറും ജനസംഖ്യയല്ല. ഗണിതപരമോ, ഭരണകൂടനിർദ്ദിഷ്ടമോ, ഔദ്യോഗികമോ സ്ഥിതിവിവരപരമോ ആയ ഒരു നിർണ്ണീത ബഹുത്വമല്ല. സ്വഛന്ദവും സർഗ്ഗാത്മകവുമായ ആയ ബഹുത്വങ്ങളുടെ അനിർണ്ണേയവും അനന്യവുമായ സംയോഗം. ദെല്യൂസിന്റെ ഭാഷയിൽ കൂട്ടായ ആയിത്തീരലിനെ ഉദ്ഭൂതമാക്കുകയും, അതേസമയം അതിൽ നിന്നുൽഭൂതമാവുകയും ചെയ്യുന്ന ഒരു 'ന്യൂനപക്ഷീയ' ബഹുത്വം. എണ്ണത്തിന്റെയോ വലിപ്പത്തിന്റെയോ അടിസ്ഥാനത്തിലല്ല, ഗുണത്തിന്റെ, മൂല്യത്തിന്റെ, ആയിത്തീരലിന്റെ, രൂപാന്തരീകരണക്ഷമതയുടെ, അടിസ്ഥാനത്തിലാണ് ന്യൂനപക്ഷീയത(minoritarianism) നിർവ്വചിക്കപ്പെടുന്നത്. കുറവിനെയോ, ഇല്ലായ്മയെയോ, അല്ല നിറവിനെ, ആധിക്യത്തെയാണ്, അധികാരത്തിൽ നിന്നുള്ള അകൽച്ചയേയും അന്ത:സ്ഥിതമായ വീര്യത്തിന്റെ ആധിക്യത്തെയുമാണ് ന്യൂനപക്ഷീയത എന്ന പരികല്പന ഇവിടെ സൂചിപ്പിക്കുന്നത്.
ജാതിയുടെ, വംശത്തിന്റെ, ലിംഗത്തിന്റെ, മതത്തിന്റെ, ദേശത്തിന്റെ, വർഗ്ഗത്തിന്റെ, അതിർവരമ്പുകളെല്ലാം ഭേദിച്ച് കൊണ്ടുല്പതിക്കുന്ന സംഭവത്തിൽ നിന്ന് സംഭൂതമാകുന്ന കർതൃത്ത്വങ്ങളുടെ കൂട്ടായ്മയാണ് ഈ പുതുജനത. ആൾക്കൂട്ടമോ, സംഘടനയോ, കേഡറോ, പൗരത്വ രജിസ്റ്ററോ, വെറും ഒരു അധികാരവിന്യാസമോ അല്ല. പറ്റങ്ങൾ, വൃന്ദങ്ങൾ, മൃഗീയമായ, അമാനവികവും അതിമാനവികവുമായ തീക്ഷ്ണതകളാൽ വേഗങ്ങളാൽ ഉല്പന്നമാവുന്ന കൂട്ടുകെട്ടുകൾ. ദേശീയമോ സാർവ്വദേശീയമോ അല്ല സൂക്ഷ്മദേശീയവും, ദേശാന്തരീയവും അതേ സമയം ദേശീയാനന്തരവുമായ കർതൃവ്യൂഹങ്ങൾ.

ചരിത്രറൊമാൻസും സംയോജന സംശ്ലേഷണവും

ഭരണകൂടം സംവിധാനം ചെയ്യുന്ന വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും തിരക്കഥകൾക്കു പകരം, യുദ്ധത്തിന്റെയും ചോരയുടെയും അതിദേശീയതയുടെയും കൊലവെറിയുടെയും മെഗാസീരിയലുകൾക്ക് പകരം, സ്നേഹത്തിന്റെയും വീരസാഹസികതയുടെയും ആത്മാർപ്പണത്തിന്റെയും സമന്വയനത്തിന്റെയും ഒരു വീരപ്രണയാഖ്യാനം (ചരിത്ര റൊമാൻസ്) സ്വാതന്ത്ര്യ സമരത്തിനു ശേഷം ആദ്യമായി അവതരിപ്പിക്കുകയാണ് ഇന്ത്യയിലെ കർഷക ''ഋഷി''( ഈ പദത്തിന് കെ.ജി.എസ്സിന്റെ 'തകഴിയും മാന്ത്രികക്കുതിരയും' എന്ന കവിതയോട് കടപ്പാട്)കൾ യോദ്ധാക്കൾ, സത്യാഗ്രഹികൾ. വർഗ്ഗീയവും വിഭാജകവും നിഷേധകവും വൈരുദ്ധ്യാത്മകവുമായ സംശ്ലേഷണങ്ങൾക്കു(synthesis) മേൽ, കൂടിച്ചേരലിന്റെ, അനന്തമായ സമന്വയനത്തിന്റെ, വിഭിന്നതകളെ വിവിധങ്ങളെ വിരുദ്ധങ്ങളെ അപരങ്ങളെ ഉൾക്കൊള്ളലിന്റെ, സംയോജന സംശ്ലേഷണ പ്രക്രിയ (connective synthesis) പ്രതിഷ്ഠാപിതമാകുന്നു.
മേൽത്തട്ടിലും അടിത്തട്ടിലും ഇടനിലയിലുമുള്ള കർഷകർ സംഭവജന്യമായ ഈ നവസംശ്ലേഷണത്തിൽ ഒരുമിച്ചു ചേരുകയാണ്. ദളിത കർഷകരും, ജന്മികർഷകരും കർഷകത്തൊഴിലാളികളും സമരത്തിന്റെ രാസപ്രക്രിയയിൽ വിളക്കിച്ചേർക്കപ്പെടുന്നു. നദീജലത്തർക്കത്തിൽ പോരടിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെ കർഷകർ-പഞ്ചാബിലെയും ഹരിയാനയിലെയും- തർക്കം മാറ്റിവച്ച്, ഒരേ ലക്ഷ്യത്തിൽ ഒന്നിച്ച് ചേർന്ന്, കോർപ്പറേറ്റുകൾക്കും ഫാസിസ്റ്റ് ഭരണകൂടത്തിനുമെതിരെ സമരം ചെയ്യുന്നു. ജാതിമത ലിംഗദേശ ഭേദങ്ങളെ തകർത്ത് കൊണ്ട് കർഷകർ ഒരൊറ്റ ഉടലായി മാറുന്നു. സ്ത്രീപുരുഷന്മാർ, വൃദ്ധർ, യുവാക്കൾ, ബന്ധുജനങ്ങൾ, അയല്പക്കങ്ങൾ, നാട്ടുകൂട്ടങ്ങൾ, എല്ലാം ഐക്യപ്പെടുന്നു. പരമ്പരാഗതമായ പിതൃമേധാവിത്വഘടനയെ തകർത്തുകൊണ്ട് സ്ത്രീപുരുഷന്മാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സിക്കുകളും ജാട്ടുകളും, ഹിന്ദുക്കളും മുസ്ലീങ്ങളും, ജാട്ടുകളും ദളിതുകളും, കർഷകരും ആദിവാസികളും വ്യവസായിത്തൊഴിലാളികളും, വിദ്യാർഥികളും തൊഴിലുള്ളവരും തൊഴിലില്ലാത്തവരും, നാഗരികരും ഗ്രാമീണരും, എൻ.ആർ.ഐ.യും കുടിയേറ്റത്തൊഴിലാളിയും, എല്ലാം തന്നെ സമരച്ചൂളയിൽ ഉരുക്കിച്ചേർക്കപ്പെടുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും, യു.പിയിലെയും, രാജസ്ഥാനിലെയും, ഹിമാചലിലെയും, ജാർഖണ്ഡിലെയും, മദ്ധ്യപ്രദേശിലെയും, മഹാരാഷ്ട്രയിലെയും, ദക്ഷിണേന്ത്യയിലെയും പൂർവ്വ-പശ്ചിമ-ഇന്ത്യയിലെയും, കർഷകർ ഈ നവസംശ്ലേഷണത്തിന്റെ രസായനവിദ്യയിൽ വ്യാമുഗ്ധരാകുന്നു. സൂക്ഷ്മദേശീയമായ വിശ്വാസ, മൂല്യ, നൈതിക, ഊർജ്ജങ്ങളാൽ പരിപോഷിതമായ ഈ സംശ്ലേഷണവിദ്യയിൽ ബഹുദേശീയതകൾ, ബഹുസാമുദായികതകൾ, ബഹുവർഗ്ഗങ്ങൾ ബഹുജാതികളെല്ലാം തന്നെ സംയോഗം ചെയ്യുന്നു. കക്ഷിരാഷ്ട്രീയ പരവും, പ്രത്യയശാസ്ത്രപരവും, ജാതീയവും മതപരവും വംശീയവും, വർഗ്ഗപരവുമായ സ്വത്വഭിത്തികൾ തകർത്ത് കർഷകർ ഒത്തു ചേരുന്നു.

വിരുദ്ധങ്ങളെന്നും വിപരീതങ്ങളെന്നും തോന്നുന്ന ആശയങ്ങളും സങ്കല്പങ്ങളും ഈ സംശ്ലേഷണ പ്രക്രിയയിൽ സമന്വയിക്കപ്പെടുന്നുണ്ട് ഇവിടെ. മാർക്സിന്റെയും ഗാന്ധിയുടെയും, അംബേദ്ക്കറുടെയും, ഗുരുനാനാക്കിന്റെയും, തേജ് ബഹദൂറിന്റെയും, രവിദാസിന്റെയും ഭഗത് സിങ്ങിന്റെയും, ആശയങ്ങൾ, സങ്കല്പങ്ങൾ സ്വപ്നങ്ങൾ, തപസ്സിദ്ധികൾ എല്ലാം തന്നെ സംഭവത്തിന്റെ രാസപ്രവർത്തനത്തിൽ കടഞ്ഞെടുക്കപ്പെടുന്നു. ഈ മഥനത്തിൽ നിന്ന് നവകർത്തൃത്വങ്ങൾ പിറന്നുവീഴുന്നു. ഇതാണ് കർഷകരുടെ നവജനതയായിത്തീരൽ, നവകർത്തൃത്വമായിത്തീരൽ. ഇതാണ് കർഷക സമരത്തിന്റെ ശുദ്ധസംഭവം.

രണ്ടു ഘട്ടങ്ങൾ

കർഷക സമരത്തിന്റെ സംഭവപരമായ മുന്നേറ്റത്തിൽ നിർണ്ണായകമായ രണ്ടു ഘട്ടങ്ങൾ അടയാളപ്പെടുത്തുവാൻ കഴിയും. 2020 നവംബർ 26-ന് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും 'ദില്ലി ചലോ' എന്ന മുദ്രാവാക്യവുമായി പുറപ്പെട്ട കർഷകർ പോലീസ്സുകാരാൽ വഴി തടയപ്പെട്ടപ്പോൾ ദേശീയപാതയിലെ സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ നിലയുറപ്പിച്ച് കൊണ്ട് ഉപരോധ സമരത്തിലേർപ്പെടുന്നതാണ് കർഷക സമരത്തിന്റെ ആദ്യഘട്ടം. ജനുവരി 26 ലെ കർഷക റിപ്പബ്ലിക്ക് റാലിയെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളുടെയും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായ അടിച്ചമർത്തലിന്റെയും ഫലമായി പ്രതിസന്ധിയിലായ സമരം ജനുവരി 28-നു രാകേഷ് തിക്കായത്ത് നടത്തിയ ധീരമായ ചെറുത്ത് നില്പിനെത്തുടർന്ന് പൂർവ്വാധികം ശക്തി പ്രാപിക്കുന്നു. ഇതാണ് കർഷക സമരത്തിന്റെ രണ്ടാം ഘട്ടം. സംഭവത്തിന്റെ രണ്ടാം സ്‌ഫോടനം. കർഷക സമരത്തിന്റെ ഗതിയിൽ പ്രകടമായ ഒരു ദിശാമാറ്റം ഇവിടെ സംഭവിക്കുന്നു.

സമരം ആദ്യഘട്ടത്തിൽ ദില്ലിയിലെ അധികാര കേന്ദ്രങ്ങളെ സംബോധന ചെയ്യുകയും തലസ്ഥാന നഗരിയെ ലക്ഷ്യമാക്കി നീങ്ങുകയും തടയപ്പെട്ടപ്പോൾ ദേശീയ പാതയിൽ നിലയുറപ്പിച്ച് ദില്ലിയെ വളയുന്ന ഒരു ഉപരോധസമരമായി പരിണമിക്കുകയുമാണ് ചെയ്തത് .രണ്ടാം ഘട്ടത്തിലാവട്ടെ ഉപരോധസമരം അതേ രീതിയിൽ നിലനിർത്തിക്കൊണ്ട് തന്നെ കർഷക പ്രക്ഷോഭത്തിന്റെ ഗതി ഉത്തരേന്ത്യൻ ഗ്രാമനഗരങ്ങളിലേക്കും ഇന്ത്യയുടെ ദക്ഷിണ, മദ്ധ്യ, പൂർവ്വ, പശ്ചിമ മേഖലകളിലേക്കും തിരിച്ച്വിടുവാനും അങ്ങനെ ഇന്ത്യൻ ജനതയുടെ നൈതികവും രാഷ്ട്രീയവുമായ ശക്തിചൈതന്യങ്ങളെ സമാശ്രയിച്ച് കൊണ്ട് പ്രക്ഷോഭത്തെ നവസ്വാതന്ത്ര്യ സമരമായി, വിപ്ലവകരമായ ഒരു ജനാധിപത്യ പ്രസ്ഥാനമായി വളർത്തിയെടുക്കുവാനുമുള്ള നീക്കങ്ങളാണുണ്ടാവുന്നത്.

ജനുവരി 28-നുശേഷം കർഷകസമരം കൂലം തകർത്തൊഴുകുന്ന ഒരു മഹാപ്രവാഹമായിത്തീരുന്നു. പഞ്ചാബിലെയും ഹരിയാനയിലേയും കർഷകരുടെ മുഖ്യപങ്കാളിത്തത്തിൽ ഉപരോധസമരവുമായി മുന്നോട്ടുപോയ കർഷകസമരം തിക്കായത്തിന്റെ ഗർജ്ജനമായി മാറിയ വിതുമ്പലുകളോടെ, പടിഞ്ഞാറൻ യു.പി.യിലേക്കും യു.പി.യുടെ മറ്റു പ്രദേശങ്ങളിലേക്കും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലങ്ങോളമിങ്ങോളവും കൂടുതൽ ശക്തമായി ഒഴുകിപ്പടരുന്നു. ഹിന്ദു-മുസ്ലീം കലാപങ്ങൾ കത്തിയെരിച്ച മുസാഫർ നഗർ പോലുള്ള പ്രദേശങ്ങളിൽ ഹിന്ദു-മുസ്ലീം കർഷകർ തോളോട് തോൾ ചേർന്ന് കർഷക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗ്രാമ-നഗരാന്തരങ്ങളിൽ നിന്ന് ദില്ലിയിലെ സമരപ്പന്തലുകളിലേക്കും അവിടെ നിന്ന് തിരിച്ച് ഉത്തരേന്ത്യയിലെ ഗ്രാമ-നഗര-പ്രാന്തങ്ങളിലേക്കും മഹാരാഷ്ട്ര, ബംഗാൾ, ആന്ധ്രാപ്രദേശ്, കർണ്ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഒഴുകിപ്പടർന്ന്, വിഭിന്ന ജനതതികളെ സംയോജിപ്പിക്കുന്ന മഹാപ്രവാഹമായി കർഷകസമരം പെരുകിപ്പരക്കുന്നു. പരമ്പരാഗതമായി യാഥാസ്ഥിതികത്വത്തിന്റെയും ജാതീയതയുടെയും പുരുഷമേധാവിത്വത്തിന്റെയും കോട്ടകളായിരുന്ന ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളും മഹാ പഞ്ചായത്തുകളും പുരോഗമനപരമായ തീരുമാനങ്ങളെടുക്കുകയും ജാതിമതലിംഗ ദേശഭേദങ്ങളെ നിരാകരിക്കുന്ന ബഹുസഹസ്രം ജനങ്ങളുടെ സമ്മേളനവേദികളായി മാറുകയും ചെയ്യുന്നു. രാഷ്ട്രീയമായി പുനരുജ്ജീവനം നേടിയ ഈ കർഷക സഭകൾ സ്ത്രീകളുടെയും ദളിതുകളുടെയും,ആദിവാസികളുടെയും അഭൂതപൂർവ്വമായ പങ്കാളിത്തത്തിനും മുന്നേറ്റത്തിനും കളമൊരുക്കുന്നതും നാം കാണുന്നു.
ബഹുജനസംയോജന പ്രക്രിയയുടെ നവീന രാസവിദ്യയുമായി ഇന്ത്യയുടെ ദക്ഷിണ പൂർവ്വ പശ്ചിമ മേഖകളിലേക്കെല്ലാം ഒരു സാംക്രമിക പ്രതിഭാസമായി കർഷക പ്രസ്ഥാനം പടർന്നു പിടിക്കുകയാണ്. ഗവണ്മെന്റിന്റെ അടിച്ചമർത്തലുകളും ദുഷ്പ്രചരണങ്ങളും മുറുകുന്നതിനനുസരിച്ച് പതിന്മടങ്ങു വേഗത്തിൽ വിദ്യാർഥികളും യുവജനങ്ങളും സർവ്വജനവിഭാഗങ്ങളും കർഷക സമരത്തിന്റെ സഹാനുഭാവികളായി മാറുന്നു. മുസാഫർ നഗർ, മഥുര, സിസൗലി, ഭാഗ്പത് (യുപി) തുടങ്ങിയ ജില്ലകളിൽ പതിനായിരങ്ങൾ അണിനിരന്ന കർഷക മഹാപഞ്ചായത്തുകൾ നവീനമായ ഒരു ജനാധിപത്യപ്രക്രിയയയുടെ ശക്തിപ്രഖ്യാപനമായി മാറുന്നു.

ഭരണകൂട ഭീകരതയും ബയോഭീകരതയും തമ്മിലുള്ള സംരചനയിൽ നിന്നു പിറന്നുവീണ അപവാദഭരണകൂടങ്ങൾ, അതീത ഭരണകൂടങ്ങൾ, എല്ലാ പ്രതിരോധങ്ങളെയും തകർത്തുകൊണ്ട് അനിരുദ്ധങ്ങളായി മാറിയ ഒരു ഘട്ടത്തിൽ, രാഷ്ട്രീയം നിരോധിതവും പ്രതിപക്ഷം നിശ്ശബ്ദവും നിസ്സഹായവുമാക്കപ്പെട്ട ആപൽ സന്ധിയിൽ, ജനാധിപത്യവും പ്രതിരോധവും സാധ്യമെന്നും, ജനതയുടെ വിരാട്ശക്തിയ്ക്കു മുന്നിൽ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അക്ഷൗഹിണികൾ നിസ്തേജമെന്നും, കർഷക സമരസംഭവം തെളിയിച്ചു.

Content Highlights : K VinodChandran Column Strike and Events karshakasamarathinte Sambhavamanangal part 2