കര്‍തൃത്വങ്ങളെയും, സാമൂഹ്യ- രാഷ്ട്രീയ- അധികാരബന്ധങ്ങളെയും നൈതികമായി രൂപാന്തരീകരിച്ച് പുതിയ ഒരു ജനതയേയും റിപ്പബ്ലിക്കിനെയും കണ്ടെത്തുന്ന, മൂല്യങ്ങളെയും തീക്ഷ്ണ ഭാവശക്തികളെയും വീണ്ടെടുക്കുന്ന, കര്‍ഷകരുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും  രാഷ്ട്രീയാരോഹണത്തെ, ഇളയവല്‍ക്കരണത്തെ (minorisation) അടയാളപ്പെടുത്തുന്ന, കോര്‍പ്പറേറ്റ്-സൗഹൃദ-ഫാസിസ്റ്റ് ഭരണ കൂടത്തെ കടപുഴക്കുന്ന, നൂതനമായ ഒരു ജനാധിപത്യ വിപ്ലവമായി വേണം കര്‍ഷക പ്രക്ഷോഭത്തെ കാണുവാന്‍. ജനാധിപത്യത്തിന്റെ  പരമോന്നതവും തീക്ഷ്ണവും സംസ്ഥാപനപരവും (constituent) വിപ്ലവകരവുമായ ഈ ആവിഷ്‌ക്കാരമാണ്   കര്‍ഷകസമരത്തെ ആത്യന്തികമായും ഒരു രാഷ്ട്രീയ സംഭവമാക്കുന്നത്.

ഭരണകൂടവും സംഭവവും

കര്‍ഷക സമരത്തിന്റെ സംഭവമാനത്തെ മറ്റാരെക്കാളും മുമ്പേ തന്നെ  തിരിച്ചറിയാന്‍ കഴിഞ്ഞതും മോദി ഭരണകൂടത്തിനാവും. ഭരണകൂടങ്ങളുടെ നിതാന്തമായ പേടിസ്വപ്നമാണ് സംഭവം. ഭരണകൂടങ്ങള്‍ സമരങ്ങളെയോ, കലാപങ്ങളെയോ യുദ്ധങ്ങളെയോ പ്രതിപക്ഷങ്ങളെയോ തിരഞ്ഞെടുപ്പുകളെയോ ഭയപ്പെടുന്നില്ല. മറിച്ച് ഭരണകൂടത്തിന്റെ നിലനില്പിനെ തന്നെ സാധൂകരിക്കുന്ന, ശക്തിപ്പെടുത്തുന്ന പോഷകവസ്തുക്കളെന്ന നിലയില്‍ അവയെല്ലാം സ്വാഗതം ചെയ്യപ്പെടുന്നു. എന്നാല്‍ സംഭവങ്ങളങ്ങനെയല്ല. ആകസ്മികവും അപ്രതീക്ഷിതവുമാണ് അവയുടെ ആവിര്‍ഭാവം. വ്യവസ്ഥയുടെ 'ശൂന്യ'ങ്ങളില്‍ നിന്ന് (ബാദ്യൂ), ഭൂമിയുടെ അന്തര്‍ഗര്‍ഭങ്ങളില്‍ നിന്ന്, ബോധാബോധങ്ങളുടെ രഹസ്യഗഹ്വരങ്ങളില്‍ നിന്ന്, പലായന രേഖകളില്‍ നിന്ന്(ദെല്യൂസ്) ഉല്പതിക്കുന്ന പ്രകമ്പന/സ്‌ഫോടന പരമ്പരകളാണവ. ഭരണകൂടത്തിന്റെ സര്‍വ്വനിധനായുധങ്ങളെയും, സൈനിക സന്നാഹങ്ങളെയും അടിച്ചമര്‍ത്തലിന്റെ സാമഗ്രികളെയും, അധികാരത്തിന്റെ കോട്ട കൊത്തളങ്ങളെയും, അത് നിലമ്പരിശാക്കുന്നു. സംഭവത്തോടുള്ള ജനിതകമായ ഈ ഭീതിയില്‍ നിന്നാണ് ഭീതിയുടെ, ഭീകരതയുടെ, ഭരണകൂടങ്ങള്‍, ഫാസിസ്റ്റ്, സ്റ്റാലിനിസ്റ്റ്, ഭരണരൂപങ്ങള്‍, ആവിര്‍ഭവിക്കുന്നത്. സംഭവങ്ങളെ അടിച്ചമര്‍ത്തുന്നതിനോടൊപ്പം തന്നെ, സംഭവ സാധ്യതകളെ മുളയിലേ നുള്ളുക, സംഭവങ്ങളെ അവയുടെ ഗര്‍ഭത്തില്‍ തന്നെ ഛിദ്രിപ്പിക്കുക, സംഭവങ്ങളെ സംഭവങ്ങള്‍ക്കെതിരേ തിരിച്ചുവിട്ട് അവയെ നിര്‍വ്വീര്യമാക്കുക. പ്രതി-സംഭവങ്ങള്‍ മെനയുക, തുടങ്ങിയ ഈവന്റ് മാനേജ്‌മെന്റ്  നടപടികളും ഇവിടെ ആവശ്യമായി വരുന്നു. സംഭവത്തിന്റെ  ഭീഷണിയെ അതിജീവിക്കുവാനായി ഭരണകൂടങ്ങള്‍, വിശിഷ്യാ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍, സ്വയം സ്വീകരിച്ചു വരുന്ന സുരക്ഷാ സംവിധാനങ്ങളാണിതെല്ലാം. 
 
ഇന്ത്യയിലാകെ കത്തിപ്പടര്‍ന്ന പൗരാവകാശ പ്രക്ഷോഭങ്ങളും ഷഹീന്‍ബാഗ് സമരങ്ങളും സംഭവസ്വഭാവത്തിലേക്ക് വികാസം പ്രാപിക്കുന്നു എന്ന് കണ്ടപ്പോള്‍, തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍- ആഭിമുഖ്യത്തില്‍ ആസൂത്രണം ചെയ്ത വര്‍ഗ്ഗീയ കലാപത്തിലൂടെയും, കൊറോണാ മഹാവ്യാധിയുടെ അനുകൂല സന്ദര്‍ഭത്തില്‍ ആര്‍ജ്ജിച്ച അമിതാധികാരത്തിലൂടെയുമാണ് മോദി ഗവണ്മെന്റ് ആ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയത്.

മഹാവ്യാധിയുടെ തണലില്‍ തടിച്ചുകൊഴുത്ത ഹിന്ദുത്വ-അപവാദ- ഭരണകൂടം, രാഷ്ട്രീയ പ്രവര്‍ത്തനവും, ജനാധിപത്യ പ്രക്രിയകളും അസാധ്യമാക്കപ്പെട്ട, പ്രതിപക്ഷവും പാര്‍ലമെന്റും നിശ്ശബ്ദമാക്കപ്പെട്ട, കൊറോണയുടെ ഇരുണ്ട യാമങ്ങളില്‍ ജനാധിപത്യ വിരുദ്ധവും  കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലവുമായ നിരവധി ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകളില്ലാതെ തന്നെ നിയമങ്ങളാക്കി. വിദ്യാഭ്യാസത്തെ ഭരണകൂടകേന്ദ്രിതവും കോര്‍പ്പറേറ്റുവല്‍ക്കൃതവും ആക്കി മാറ്റുന്ന നവവിദ്യാഭ്യാസ നിയമം, കാര്‍ഷികമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും വന്‍കിടവ്യവസായികള്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ലേബര്‍ കോഡ് ബില്ലുകള്‍, ഇതെല്ലാം ഗവണ്മെന്റ് പാസാക്കിയെടുത്തത് മഹാമാരിയുടെ ഈ അസാധാരണ നിമിഷങ്ങളിലാണ്. 

Farmers Protest
പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്ന സമരക്കാര്‍

സംഭവത്തിനെതിരേ, എന്നാല്‍ ഭരണാധികാരികളുടെ കണക്കുകൂട്ടല്‍ ലംഘിച്ച് കൊണ്ട് 32 കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലിയിലേക്കു മാര്‍ച്ച് ചെയ്യുകയും ദില്ലിയിലേക്ക് പ്രവേശിക്കുന്ന ദേശീയ പാതകളില്‍ ഉപരോധ സമരം നടത്തുകയും ചെയ്തപ്പോള്‍ അതിന്റെ സംഭവാകാരത്തില്‍ വേപഥു പൂണ്ട്, അജയ്യമെന്ന് കരുതപ്പെട്ടിരുന്ന മോദി ഭരണകൂടം ചരിത്രത്തിലാദ്യമായി വിറ കൊണ്ടു. ചതുരുപായങ്ങളായ സാമദാന ഭേദ ദണ്ഢങ്ങള്‍ കൊണ്ട് ഈ സംഭവ പ്രതിഭാസത്തെ അടിച്ചൊതുക്കുവാന്‍ മോദി ഭരണകൂടം കിണഞ്ഞു ശ്രമിച്ചു. ഭരണകൂടത്തിന്റെ ആവനാഴിയിലുള്ള സര്‍വ്വ നിധനാസ്ത്രങ്ങളും ഉപയോഗിക്കപ്പെട്ടു. നുണപ്രചരണ യന്ത്രങ്ങളെല്ലാം പ്രവര്‍ത്തനനിരതമായി.  'ഖാലിസ്ഥാനി'കള്‍, 'മാവോയിസ്റ്റു'കള്‍, 'ഭീകരവാദികള്‍' എന്നീ സ്ഥിരം തിരക്കഥകള്‍ പൊടി തട്ടിയെടുത്ത്  പ്രയോഗിച്ചെങ്കിലും അതെല്ലാം പാഴ് വ്യയങ്ങളായി മാറുകയാണുണ്ടായത്. പഞ്ചാബിലെ കര്‍ഷകരെ ഒറ്റപ്പെടുത്താനും പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരെ തമ്മിലടിപ്പിക്കുവാനും ശ്രമിച്ചെങ്കിലും നടന്നില്ല. കര്‍ഷകരെ ദേശീയതയുടെയും സംസ്ഥാനത്തിന്റെയും മത ജാതികളുടെയും അടിസ്ഥാനത്തില്‍ വിഭജിപ്പിക്കുവാന്‍ നടത്തിയ ഗൂഢശ്രമങ്ങളും വിജയം കണ്ടില്ല. അധികാരികളുമായി നടന്ന പന്ത്രണ്ട്‌വട്ട ചര്‍ച്ചകളിലും മേല്‍ക്കൈ നേടിയ കര്‍ഷക നേതാക്കള്‍ സര്‍ക്കാരിന്റെ കെണിയില്‍ പ്രലോഭന തന്ത്രങ്ങളില്‍ കുടുങ്ങുവാന്‍ തയാറായില്ല. സുപ്രീം കോടതിയുടെ മദ്ധ്യസ്ഥ ശ്രമങ്ങളിലൂടെ കര്‍ഷകരെ പിടിച്ചുകെട്ടാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. മോദി ഗവണ്മെന്റിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങളെ അപലപിക്കാതെ തന്നെ മൂന്ന് കര്‍ഷക നിയമങ്ങള്‍ തല്‍ക്കാലം മരവിപ്പിക്കുവാന്‍ കോടതി തയാറായെങ്കിലും,  നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുക എന്ന തങ്ങളുടെ രാഷ്ട്രീയപരമായ ആവശ്യങ്ങളില്‍ നിന്ന് അണുവിട വ്യതിചലിക്കുവാന്‍ കര്‍ഷകര്‍ കൂട്ടാക്കിയില്ല.

 ഭരണകൂട ഭീകരതയെ, കൊറോണാ വൈറസ്സിന്റെ ഭീഷണിയെ, കൊടുംശൈത്യത്തെ, ശീത വൃഷ്ടികളെ, കൊടും വേനലിനെ,  നേരിട്ട് കൊണ്ട് ദേശീയ പാതകളില്‍ കുടുംബസമേതം സമരയജ്ഞത്തിലേര്‍പ്പെട്ട കര്‍ഷകര്‍ ഇന്ത്യന്‍ ജനതയുടെ ഹൃദയം ഹരിച്ചു. സമരപ്പന്തലില്‍ നൂറുകണക്കിന് കര്‍ഷകര്‍ മരിച്ചു വീഴുമ്പോഴും അവരെ കാണുവാനോ, സംസാരിക്കുവാനോ തയാറാകാതെ പ്രധാനമന്ത്രി 'മന്‍-കീ ബാത്തില്‍'  ജനങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ടിരുന്നു.  ജനാധിപത്യത്തിന്റെ രക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന എഴുപതും എണ്‍പതും കഴിഞ്ഞ വൃദ്ധ കര്‍ഷകരുടെ ''മഹാരോഗ്യ''ത്തിനു( നീത്‌ചേ പറയുന്ന Great Health) മുന്നില്‍ ഉന്മാദിയായ സര്‍വ്വാധിപതിയുടെ അമ്പത്തഞ്ചിഞ്ച് നെഞ്ചൂക്ക് ചൂളിച്ചുരുളുന്നത് പൊതുമണ്ഡലത്തില്‍ ദൃശ്യവേദ്യമായി.

ഈവന്റ് മാനേജ്‌മെന്റ്

കര്‍ഷക സമര സംഭവത്തെ പ്രശമിപ്പിക്കുവാനായി മോദി സര്‍ക്കാരിന്റെ ഈവന്റ് മാനേജര്‍മാര്‍ നടത്തിയ സര്‍വ്വ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ്  ജനുവരി 26 (2021) റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ റിപ്പബ്ലിക് റാലി നടത്തുവാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിക്കുന്നത്. 'സര്‍ക്കാരുമായി ഏറ്റുമുട്ടുവാനല്ല, ദില്ലിയിലെ ജനങ്ങളുടെ ഹൃദയം പിടിച്ചെടുക്കുവാനും ഇന്ത്യന്‍ കര്‍ഷകരുടെ ദുരവസ്ഥയെ ജനങ്ങളെ അറിയിക്കുവാനുമാണ്' ട്രാക്റ്റര്‍ റാലി സംഘടിപ്പിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷക റാലി സമാധാന പരമായി നടന്നാല്‍ അത് ഭരണകൂട വിരുദ്ധമായ വികാരം ജനങ്ങള്‍ക്കിടയിലുണ്ടാക്കാമെന്നും, ഇന്ത്യന്‍ രാഷ്ട്രം ഭരണകൂട റിപ്പബ്ലിക്കെന്നും ജനകീയ റിപ്പബ്ലിക്കെന്നും രണ്ടായി പൊട്ടിപ്പിളരുന്ന രംഗം പൊതുമണ്ഡലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും ദൃശ്യവല്‍ക്കരിക്കപ്പെടുകയും മോദി ഭരണകൂടത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുകയും ചെയ്‌തേക്കാം എന്നും ഈവന്റ് മാനേജര്‍മാര്‍ മുന്‍കൂട്ടിക്കണ്ടു. കര്‍ഷക സമരം അഹിംസാപരവും അക്രമരഹിതവും ആയി നിലനില്‍ക്കുന്നിടത്തോളം അതിനെ തൊടുവാന്‍ ഭരണകൂടത്തിന്  സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.  കര്‍ഷക സമരത്തിന്റെ അഹിംസാ പ്രതിഛായ തകര്‍ക്കുവാനുള്ള സുവര്‍ണ്ണ അവസരമായി അവര്‍ കര്‍ഷക റാലിയെ കണ്ടു. ട്രാക്റ്റര്‍ റാലിയെ അക്രമത്തിലേക്ക് തിരിച്ചുവിടുവാനുള്ള ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടു.  റാലി നടത്തുന്നവരെ ചില ഭാഗങ്ങളില്‍ തടയുകയും വഴി തിരിച്ചുവിടുകയും ചെയ്യുക, ചില ഭാഗങ്ങളില്‍ പ്രകോപനം സൃഷ്ടിക്കുകയും മറ്റു ചില സ്ഥലങ്ങളില്‍ യഥേഷ്ടം അക്രമങ്ങളില്‍ ഏര്‍പ്പെടുവാനുള്ള സാഹചര്യം ഒരുക്കിക്കൊണ്ട് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക! ഇതായിരുന്നു പോലീസ് അധികൃതര്‍ കൈക്കൊണ്ട മാനേജീരിയല്‍ നടപടി. ബി.ജെ.പി.യുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദീപ് സിദ്ധു തുടങ്ങിയവരായിരുന്നു അക്രമപ്രവര്‍ത്തങ്ങള്‍ക്ക് മുഖ്യമായും നേതൃത്വം നല്‍കിയതെന്നതും ഈ അക്രമങ്ങളെ ഒഴിവാക്കുന്നതില്‍ ഗുരുതരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്തുണ്ടായതെന്നതും അക്രമങ്ങള്‍ക്കു പിന്നിലെ  ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. 

റാലിയുടെ മുഖ്യവ്യൂഹം സിംഘു, തിക്രി, അതിര്‍ത്തികളില്‍ നിര്‍ദ്ദിഷ്ട പാതകളിലൂടെ ജനങ്ങളുടെ ആശീര്‍വാദമേറ്റു വാങ്ങി സമാധാന പൂര്‍ണ്ണമായി മുന്നോട്ടു പോയെങ്കിലും നഗരകേന്ദ്രത്തിലേക്കു വഴിതിരിച്ചു വിടപ്പെട്ട റാലിയുടെ മറ്റൊരു വ്യൂഹം പ്രകോപനകരമായി തങ്ങളെ തടയാന്‍ വന്ന പോലീസ്സുകാരുമായി ഏറ്റുമുട്ടുകയും രൂക്ഷമായ അക്രമരംഗങ്ങള്‍ക്ക് തലസ്ഥാനം സാക്ഷിയാവുകയും ചെയ്തു.  

രാകേഷ് തിക്കായത്തിന്റെ ചെറുത്തുനില്പ്

അന്തര്‍ദ്ദേശീയ ദേശീയ മാദ്ധ്യമങ്ങള്‍, അക്രമസംഭവങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കി.    ഗവണ്മെന്റിന്റെ പ്രചരണ യന്ത്രങ്ങള്‍ ഈ ആക്രമണങ്ങളെ ക്യാപിറ്റല്‍ ഹില്ലില്‍ ട്രമ്പനുയായികള്‍ നടത്തിയ അക്രമങ്ങളോട് സാദൃശ്യപ്പെടുത്തുകയും ഖാലിസ്ഥാനികളുടെ ഗൂഢാലോചനയാണിതിനു പിന്നില്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായത് അതിഹീനമായ അടിച്ചമര്‍ത്തലും വേട്ടയാടലുമാണ്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം പിന്നീടുള്ള മൂന്നു രാത്രികള്‍ കാളരാത്രികളായി.  കര്‍ഷക നേതാക്കള്‍ക്കെതിരേ യു.എ.പി.എ.യും രാജ്യദ്രോഹക്കുറ്റവും ചുമത്തുകയും നിരവധി കര്‍ഷകരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും സമരക്കാരെ പല സ്ഥലങ്ങളിലും ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയും ചെയ്തു. സമരപ്പന്തലുകളിലെ വൈദ്യുതി ജല വിതരണങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ഇന്റര്‍നെറ്റ് നിര്‍ത്തലാക്കുകയും, അത്യാവശ്യ വസ്തുക്കള്‍ എത്തിക്കുന്നതും, സമരസ്ഥലത്തേക്കും പുറത്തേക്കും ആള്‍ക്കാര്‍ വരുന്നതും പോകുന്നതും തടയപ്പെടുകയും ചെയ്തു. തിക്രി, സിംഘു, ഗാസിപ്പൂര്‍ മേഖലകളില്‍ സൈനികരെ വിന്യസിക്കുകയും സമരക്കാരെ ഒഴിപ്പിക്കുവാനുള്ള ശ്രമത്തിലേര്‍പ്പെടുകയും ചെയ്തു. സമരക്കാര്‍ പലരും സ്വമേധയാ ഒഴിഞ്ഞു പോവുകയും സമരം പരാജയത്തിന്റെ വക്കിലെത്തുന്നു എന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്തു. 28 ജനുവരി വ്യാഴാഴ്ച രാത്രിയോടെ രാകേഷ് തിക്കായത്തിനെ അറസ്റ്റ് ചെയ്യുവാന്‍ സര്‍വ്വ സന്നാഹങ്ങളുമായി എത്തിച്ചേര്‍ന്ന പോലീസ്സുകാരോട് അറസ്റ്റിനു വഴിപ്പെടില്ലെന്നും ബലം പ്രയോഗിച്ചാല്‍ അവിടെ വച്ചുതന്നെ ജീവിതം അവസാനിപ്പിക്കും എന്നും കര്‍ഷകരുടെ ദുരവസ്ഥയില്‍ പരിതപിച്ച്  നിരുദ്ധകണ്ഠനായി തിക്കായത്ത് പ്രഖ്യാപിച്ചു. 
 
തിക്കായത്തിന്റെ ആഗ്‌നേയമായ വാക്കുകള്‍ കര്‍ഷക മനസ്സുകളെ തീപിടിപ്പിച്ചു. പടിഞ്ഞാറന്‍ യു.പിയിലെ പല പ്രദേശങ്ങളില്‍ നിന്നും കര്‍ഷക സംഘങ്ങള്‍ സമരസ്ഥലത്തിലേക്ക് പ്രവഹിക്കുകയും പോലീസ്സുകാര്‍ പിന്‍വാങ്ങുവാന്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്തു. റിപ്പബ്ലിക്ക് ദിനത്തിലെ സംഭവ വികാസത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായിത്തീര്‍ന്ന കര്‍ഷക സമരത്തിന് നവജീവന്‍ നല്‍കിയത് തിക്കായത്തിന്റെ ധീരമായ നിലപാടും അത് കര്‍ഷക മനസ്സില്‍ സൃഷ്ടിച്ച അദമ്യമായ ആവേശവും ആത്മവിശ്വാസവുമായിരുന്നു.  കര്‍ഷകസമരസംഭവചരിത്രത്തില്‍ വഴിത്തിരിവു കുറിച്ച   നിര്‍ണ്ണായകമായ രണ്ടാം ഘട്ടമായി ഗാസിപ്പൂര്‍ സംഭവത്തെ കണക്കാക്കുന്നത് ഇക്കാരണത്താലാണ്.  തിക്കായത്തിന്റെ ആഹ്വാനത്താല്‍ പ്രചോദിതരായി ആയിരക്കണക്കിന് കര്‍ഷകര്‍ യു.പി., ഹരിയാന, പഞ്ചാബ്, രാജസ്ഥന്‍, ഹിമാചല്‍, ജാര്‍ഖണ്ഡ്, മദ്ധ്യ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളൊഴിഞ്ഞ് തുടങ്ങിയ സമരപ്പന്തലുകളിലേക്ക് ഒഴുകിയെത്തി. പരാജയത്തിന്റെ വക്കിലെത്തിയ കര്‍ഷക സമരം പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും നവീനമായ ഊര്‍ജ്ജവേഗങ്ങള്‍ സമാര്‍ജ്ജിക്കുകയും ചെയ്തു.

(തുടരും)

Content Highlights :Column Strike and Events by K VinodChandran Karshakasamarathinte Sambhavamaanangal part five