റിപ്പബ്ലിക്ക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്കു ശേഷം കര്‍ഷക പ്രക്ഷോഭത്തിനെതിരെ മോദി സര്‍ക്കാര്‍ കൈക്കൊണ്ട രൂക്ഷമായ നടപടികള്‍ സൂചിപ്പിക്കുന്നത് കര്‍ഷക സമരത്തെ, അതിന്റെ സംഭവത്വത്തെ, ഭരണകൂടം ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതാണ്. ഭീതിയുടെ, ഭീകരതയുടെ, ഭരണകൂടങ്ങള്‍ ജനങ്ങളെ ഭയചകിതരാക്കുന്നു എന്നതിനുപരി, ജനങ്ങളെ ഭയക്കുന്നു എന്നതാവും കൂടുതല്‍ ശരി.
 
സിംഘു, തിക്രി, ഗാസിപ്പൂര്‍ സമരപ്പന്തലുകള്‍ക്ക് ചുറ്റും  കര്‍ഷകരുടെ വരവു പോക്കുകള്‍ നിരോധിക്കുവാനായി പോലീസ്സുകാര്‍ ദേശീയ പാതയില്‍ കിടങ്ങുകള്‍ ഉണ്ടാക്കുകയും, കോണ്‍ക്രീറ്റ് ചെയ്ത് ഇരുമ്പ് മുള്ളാണികള്‍ പിടിപ്പിച്ച്, ചെറുകോട്ടകളോളം വലിപ്പത്തിലുള്ള ബാരിക്കേഡുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. യുദ്ധസ്ഥലങ്ങളിലും അതിര്‍ത്തികളിലും കാണുന്ന പോലെ കമ്പി വേലികള്‍ പലയിടത്തും ഉയര്‍ത്തി. ഇന്ത്യാ-പാകിസ്ഥാന്‍, ഇന്ത്യാ-ചൈന-അതിര്‍ത്തി പ്രദേശങ്ങളില്‍ കാണുന്നതിനേക്കാള്‍ വലിയ മതിലുകളും സുരക്ഷാ സന്നാഹങ്ങളുമാണ് സമരസ്ഥലങ്ങളില്‍ കണ്ടത്. സ്വന്തം നാട്ടിലെ കര്‍ഷകരെ, സ്വന്തം ജനതയെ, ശത്രു രാജ്യമായിക്കാണുന്ന ഒരു പാരനോയിഡ് ഭരണകൂടത്തിന്റെ ഉന്മാദ ലക്ഷണങ്ങള്‍. 
 
സമരസ്ഥലങ്ങളിലേക്ക് അവശ്യസാധനങ്ങളെത്തിക്കാനുള്ള സൗകര്യങ്ങള്‍, ജല-വൈദ്യുതി  വിതരണം, ഇന്റര്‍നെറ്റ് സംവിധാനം എല്ലാം തടയപ്പെട്ടു. നാട്ടുകാര്‍ എന്ന പേരില്‍ ബി.ജെ.പി.ക്കാര്‍ ഗുണ്ടകളെ സംഘടിപ്പിച്ച് സമരസ്ഥലങ്ങള്‍ ആക്രമിച്ചു. ഇതിന്റെ ഉള്ളുകള്ളികള്‍ പുറത്ത് കൊണ്ട് വന്ന പത്രപ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ചു. കിസാന്‍ ഏക്താ മോര്‍ച്ചയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും ട്വിട്ടര്‍ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കി.
 
കര്‍ഷകരുടെ റോഡുപരോധ സമരത്തെ തകര്‍ക്കുവാനായി പഞ്ചാബില്‍ നിന്ന് ദില്ലിയിലേക്കും തിരിച്ചും ഉള്ള പല തീവണ്ടികളും താല്‍ക്കാലികമായി നിര്‍ത്തലാക്കി, ചിലത് വഴി തിരിച്ച് വിട്ടു. ഭരണകൂടം സമരസ്ഥലത്ത് മുള്ളാണികളും ബാരിക്കേഡുകളും കമ്പിവേലികളും  പാകിയപ്പോള്‍ അതിനു മധുരമായ മറുപടിയായി, തിക്കായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ചെയ്തത് പനിനീര്‍പ്പൂക്കള്‍ നട്ടു വളര്‍ത്തുകയും സമീപസ്ഥലങ്ങളിലെ ഒഴിഞ്ഞ നിലങ്ങളില്‍ കൃഷി നടത്തിക്കാട്ടുകയുമാണ്.
 
ട്വിറ്റര്‍ യുദ്ധം
 
ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അമേരിക്കന്‍ പോപ് താരമായ റിഹന്ന, (ഫെബ്രുവരി 2), ലോകപ്രശസ്തയായ  പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റാ തന്‍ബെര്‍ഗ്, (ഫെബ്രുവരി 3), മീന ഹാരിസ്, മിയാ ഖലീഫ, അമെന്ദ സേര്‍നി, സൂസന്‍ സരന്‍ഡന്‍, ജെയ് സീന്‍ എന്നിങ്ങനെ വിഭിന്ന മേഖലകളില്‍ ലോകവിശ്രുതരായ വ്യക്തികള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നത്. കര്‍ഷക സമരം അന്തര്‍ദ്ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുവാന്‍ ഇത് സഹായകമായി. അതോടൊപ്പം അതിരൂക്ഷമായ ട്വിറ്റര്‍ യുദ്ധങ്ങള്‍ക്ക് അത് വഴിമരുന്നിടുകയും ചെയ്തു. 
 
ഇന്ത്യയുടെ ഐക്യം നശിപ്പിക്കുവാനുള്ള അന്തര്‍ദ്ദേശീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ട്വീറ്റുകള്‍ എന്ന്  ബോളിവുഡ് നടിയായ കങ്കണ റെണൗല്‍ട്ടിനെപ്പോലുള്ളവരുടെയും വിദേശകാര്യ വക്താവിന്റെയും ട്വിറ്റര്‍ പോസ്റ്റുകള്‍ തുടര്‍ന്ന് വന്നു. അക്ഷയകുമാര്‍, കരന്‍ ജോഹര്‍, ഏക്താ കപൂര്‍, ലത മംഗേഷ്‌ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രവി ശാസ്ത്രി, അനില്‍ കുംബ്ലെ, എന്നിവരുടെ സന്ദേശങ്ങള്‍ ഒരേ തരം ഹാഷ് ടാഗുകളില്‍, കോപ്പി പേയ്സ്റ്റ് ചെയ്തതെന്നപോലെ പരിഹാസ്യമാം വിധം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഇവരെ വിമര്‍ശിച്ച്‌കൊണ്ട് പ്രശസ്ത സിനിമാ താരമായ തപ്‌സി പന്നു തുടങ്ങിയവരുടെ എതിര്‍ ട്വീറ്റുകളും  വന്നു. വിദേശത്തും സ്വദേശത്തും  ഉള്ള  അതിദേശീയവാദികള്‍ ഗ്രേറ്റ തന്‍ബെര്‍ഗ്, മീന ഹാരീസ് തുടങ്ങിയവരെ ഗൂഢാലോചനക്കാരായി ചിത്രീകരിക്കുകയും അവരുടെ കോലങ്ങള്‍ കത്തിക്കുകയും ചെയ്തു. 
 
നവകര്‍തൃത്വങ്ങള്‍
 
ഗ്രേറ്റാ തന്‍ബര്‍ഗ്ഗിനെപ്പോലുള്ള യുവപരിസ്ഥിതിവാദികളെ ഭീകരവാദികളായും ഇന്ത്യന്‍ റിപ്പബ്ലിക്കിനെതിരെ ഗൂഢാലോചന നടത്തുന്നവരായും മുദ്രകുത്തിക്കൊണ്ട് ഇന്ത്യന്‍ ഗവണ്മെന്റ് നടത്തിയ പ്രചരണയുദ്ധങ്ങള്‍ മോദിഗവണ്മെന്റിനെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യമാക്കുകയും അതിന്റെ ഫാസിസ്റ്റ്‌സ്വരൂപത്തെ  അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയും ചെയ്തു. ഗ്രേറ്റാ തന്‍ബര്‍ഗ് പോസ്റ്റ് ചെയ്ത കര്‍ഷക സമരത്തിനനുകൂലമായുള്ള ടൂള്‍കിറ്റ് സാമൂഹ്യ മാദ്ധ്യമത്തില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ബാംഗ്ലൂരിലെ പരിസ്ഥിതി പ്രവര്‍ത്തകയായ  ദിഷാ രവി എന്ന ഇരുപത്തിരണ്ടുകാരി  അറസ്റ്റ് ചെയ്യപ്പെട്ടു (ഫെബ്രുവരി 13). ഖാലിസ്ഥാനികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പോയെറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്റെ സഹായത്തോടു കൂടിയാണ് ദിഷാരവി ടൂള്‍ കിറ്റ് എഡിറ്റു ചെയ്തതെന്നും റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനകള്‍ ആസൂത്രണം ചെയ്തത് ദിഷാരവിയാണെന്നും പോലീസ് ആരോപിച്ചു. 
 
ബോംബേയിലെ അഭിഭാഷകയായ നികിത ജേക്കബിനും, ആക്റ്റിവിസ്റ്റായ ശന്തനു മുലുക്കിനും ഇതില്‍ പങ്കുണ്ടെന്ന് കാട്ടിക്കൊണ്ട് അവര്‍ക്കെതിരെയും  കേസ്സ് ചാര്‍ജ്ജു ചെയ്തു. ഗവണ്മെന്റിനെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിച്ച് അറസ്റ്റു ചെയ്യുന്നതിനെതിരെ ഇന്ത്യയിലെങ്ങും പ്രതിഷേധം ഉയര്‍ന്നു. കര്‍ഷക പ്രതിഷേധത്തെ ആഗോള തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്  ഗൂഢാലോചനയാണെങ്കില്‍  ജയിലില്‍ തന്നെ കഴിയുവാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ദിഷാരവിയുടെ മറുപടി. ''സമാധാനപൂര്‍ണ്ണമായി ഞാന്‍ പ്രതിഷേധിച്ചത് കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ കുറ്റക്കാരിയാണ്. സമാധാനപരമായ കര്‍ഷക പ്രതിഷേധത്തിനു പ്രചാരം നല്‍കിയത് കുറ്റമാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും കുറ്റക്കാരിയാണ്'' എന്ന് ധീരസ്വരത്തില്‍ ദിഷാരവി കോടതിയില്‍ പ്രസ്താവിച്ചു.
 
കര്‍ഷക സമര സംഭവത്തില്‍ നിന്നുല്പന്നമായ, സംഭവത്തോട് വിശ്വസ്തമായ, പുതിയ കര്‍ത്തൃത്വത്തിന്റെ ധീരവും പ്രബുദ്ധവും ആയ രാഷ്ട്രീയ പ്രസ്താവനയായിരുന്നു ഇത്. ഫെബ്രുവരി 23-ന് ദിഷാരവിയെ കോടതി വിമുക്തയാക്കി. ഗവണ്മെന്റിന്റെ പൊങ്ങച്ചത്തെ മുറിവേല്പിച്ചു എന്ന കാരണം കൊണ്ട് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ആവില്ല എന്നാണ്  കോടതി പ്രസ്താവിച്ചത്. ടൂള്‍കിറ്റ് കേസ്സുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട  നികിത ജേക്കബിനും ശന്തനു മുലുക്കിനും ദല്‍ഹി കോടതി അറസ്റ്റു ചെയ്യുന്നതില്‍നിന്നു താല്‍ക്കാലിക പരിരക്ഷ നല്‍കി.
 
സമരത്തിന്റെ ദിശ മാറുന്നു
 
കര്‍ഷക സമരത്തെ, അതിന്റെ സംഭവമാനങ്ങളെ ഇല്ലാതാക്കാനുള്ള മോദി  ഭരണകൂടത്തിന്റെ ഓരോ നീക്കവും നിഷ്ഫലമായി  എന്നു മാത്രമല്ല  ബൂമറാങ്ങുകളായി തിരിച്ചടിക്കുകയും സമരത്തെ പൂര്‍വ്വാധികം വിപുലവും ശക്തവുമാക്കിത്തീര്‍ക്കുകയും ചെയ്തു. ദില്ലി മാര്‍ച്ച് തലസ്ഥാന നഗരിയുടെ അതിര്‍ത്തിയില്‍ തടഞ്ഞപ്പോള്‍ ദേശീയ പാതയില്‍ തന്നെ നിലയുറപ്പിച്ച് അതി ശക്തമായ ഉപരോധ സമരം നടത്തി കര്‍ഷകര്‍. റിപ്പബ്ലിക്ക് ദിനത്തിലെ അക്രമണങ്ങളെ മുന്‍നിര്‍ത്തി സമരത്തെ കിരാതമായി അടിച്ചമര്‍ത്താന്‍ തുനിഞ്ഞപ്പോള്‍, വിശ്വവിശ്രുതരായ വ്യക്തികള്‍ പ്രതിഷേധമുയര്‍ത്തുകയും മോദി ഗവണ്മെന്റിന്റെ സര്‍വ്വാധിപത്യ നയം ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ മറനീക്കപ്പെടുകയും ചെയ്തു.
 
തിക്കായത്തിനെ അറസ്റ്റ് ചെയ്ത് സമരപ്പന്തല്‍ ഒഴിപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ജീവനോടെ തന്നെ അറസ്റ്റു ചെയ്യാന്‍ കഴിയുകയില്ലെന്ന് പ്രസ്താവിച്ച തിക്കായത്തിന്റെ ആജ്ഞാശക്തിയ്ക്ക് മുന്നില്‍ മുട്ടു മടക്കി പോലീസ്സുകാര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. മാത്രമല്ല, സമരത്തിനു നവജീവന്‍ നല്‍കുകയും സമരത്തിന്റെ ദിശ തന്നെ മാറ്റി മറിയ്ക്കുകയും ചെയ്ത മറ്റൊരു സംഭവമായി തിക്കായത്തിന്റെ ധീരമായ ചെറുത്ത് നില്‍പ്പ്. 
 
'തലസ്ഥാന നഗരിയായ ദില്ലി കര്‍ഷകരെ കൈവെടിഞ്ഞപ്പോള്‍ കര്‍ഷക പ്രസ്ഥാനം ഡല്‍ഹിയെയും കൈവെടിഞ്ഞു എന്നതാണ് വസ്തുത'(''The Farmer has bypassed Delhi and that should worry the establishment'  Avay Sukla, The Wire, Feb 6, 2021). വെള്ളം, വിദ്യുഛക്തി, അവശ്യ വസ്തുക്കള്‍ എന്നിവയെല്ലാം ഡല്‍ഹി നിര്‍ത്തലാക്കിയപ്പോള്‍ കര്‍ഷക ഗ്രാമങ്ങളില്‍ നിന്ന് ഇവയെല്ലാം എത്തിച്ചേര്‍ന്നു.  ഡല്‍ഹിയിലേക്കുള്ള പാത കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ കൊണ്ടും മുള്ളാണിക്കമ്പികള്‍ കൊണ്ടും പോലീസ് അതിക്രമങ്ങള്‍ കൊണ്ടും തടഞ്ഞപ്പോള്‍ കര്‍ഷകര്‍ ഡല്‍ഹിയെ തങ്ങളുടെ സഞ്ചാരപഥത്തില്‍നിന്ന് വിട്ടുകളയുകയും  എതിര്‍ ദിശയിലേക്ക് പ്രസ്ഥാനത്തെ തിരിച്ചു വിടുകയുമാണുണ്ടായത്. ഫെബ്രുവരി 3-നു ജിന്‍ഡിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ ദില്ലി കടക്കാതെ തന്നെ ഹരിയാനയിലൂടെയുള്ള ദീര്‍ഘമായ പാതയിലൂടെയാണ് രാകേഷ് തിക്കായത് സഞ്ചരിച്ചത്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് ജിന്‍ഡിലെത്തിയ ശേഷം അദ്ദേഹം പ്രസ്താവിച്ചു.
 
'ആരെതിര്‍ത്താലും ഫാസിസ്റ്റ് കോര്‍പ്പറേറ്റ് നയത്തില്‍ തന്നെ മോദി സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും എന്ന രാഷ്ട്രീയ പ്രസ്താവനകളായിരുന്നു ബാരിക്കേഡുകള്‍' (Avay Sukla, The Wire)  എന്നാല്‍ ദില്ലിയിലേക്കു കര്‍ഷകര്‍ കടക്കാതിരിക്കുവാനായി  സര്‍വ്വ പാതകളും തടഞ്ഞ് കോട്ടകള്‍ പോലുള്ള കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഉയര്‍ന്നപ്പോള്‍, സമരം എതിര്‍ ദിശയിലേക്ക് വളര്‍ന്നു. ഖാലിസ്ഥാനികളുടേതെന്ന് ആരോപിക്കപ്പെട്ട പ്രസ്ഥാനം പഞ്ചാബിലും ഹരിയാനയിലും ഒതുങ്ങാതെ ഉത്തരേന്ത്യയുടെ ഹൃദയഭാഗങ്ങളിലേക്ക് ഒഴുകിപ്പരന്നു. ആദ്യ ഘട്ടത്തില്‍ സിക്കുകേന്ദ്രിതമായ പ്രസ്ഥാനം ജാട്ടുകളിലേക്കും, മറ്റു ജനവിഭാഗങ്ങളിലേക്കും കത്തിപ്പടര്‍ന്നു. രാകേഷ് തിക്കായത്തിന്റെ ഐതിഹാസികമായ ആരോഹണത്തോടെ ബി.ജെ.പി.യ്ക്കു പ്രാമുഖ്യമുണ്ടായിരുന്ന യു.പി., രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തര്‍ ഖണ്ഢ്, എന്നീ സംസ്ഥാനങ്ങളിലേക്കും കര്‍ഷക പ്രസ്ഥാനം വ്യാപിച്ചു.
 
സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച്, ഭാര്യയേയും ഒരു വയസ്സുള്ള കുട്ടിയേയും വീട്ടില്‍  നിര്‍ത്തി,  സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യാന്‍ തുടക്കത്തിലേ എത്തിച്ചേര്‍ന്ന 28 കാരനായ ജസന്ദീപ് സിങ്ങിന്റെ വാക്കുകള്‍:  ''ഒരിഞ്ചു പോലും ഞങ്ങള്‍ പിന്നിലേക്കില്ല. ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ കൊണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്തുവാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. ഞങ്ങള്‍ യോദ്ധാക്കളാണ്, ഞങ്ങളുടെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഈ നാട്ടിലെ ഭാവി തലമുറകള്‍ക്ക് വേണ്ടിയും. അവര്‍  സിമന്റ് ഭിത്തികള്‍ പണിയുന്നു. പക്ഷേ എത്ര ഉയരമുള്ള മതിലുകള്‍ക്കും ഞങ്ങളുടെ വീര്യത്തെ തടയുവാന്‍ സാധ്യമല്ല. ഡാമുകളാല്‍ തടഞ്ഞു നിര്‍ത്താന്‍ പറ്റുന്ന വെള്ളപ്പൊക്കമല്ല ഈ പ്രസ്ഥാനം. ഇത് സുനാമിയാണ്. ഒരു ഭിത്തിക്കും ഇതിനെ തടയാനാവില്ല''  (The Wire 2-feb 2021). കര്‍ഷകരുടെ വര്‍ദ്ധിതമായ സമര വീര്യത്തെയാണ് ഈ വാക്കുകള്‍ പ്രതിഫലിപ്പിച്ചത്.
 
Content Highlights: Column Strike and Events by K VinodChandran