ചില സൗഹൃദങ്ങൾ പോലെയാണ് ചില പുസ്തകങ്ങളും. സംഭവിച്ചു പോവുന്നതാണ്, ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ ജീവിതത്തിലേക്ക് കടന്നുവന്ന്  സൗഹൃദം സ്ഥാപിച്ചു കൂട്ടാവുന്നതുപോലെ. ഒരു യാത്രയ്ക്കിടയിലെ ചർച്ചയിലേക്കാണ് മരങ്ങളെ കുറിച്ചുള്ള പുസ്തകം കയറി വരുന്നത്.

ഇലകൾ കഴിക്കാൻ വരുന്ന ജിറാഫിനോടുള്ള ഇഷ്ടക്കേട് ഒരു പ്രത്യേക രാസവസ്തു പുറപ്പെടുവിച്ചു പ്രകടിപ്പിക്കുക, അത് 'മണത്ത്' ചുറ്റുമുള്ള അക്കേഷ്യ മരങ്ങളൊക്കെ ഹാനികരകമായ രാസവസ്തു ചുരത്തുക. അത്ഭുതലോകത്തെ ആലീസിന്റെ കഥ പോലെ വല്ലതും ആവും എന്ന് കരുതാനും വയ്യ, ജർമനിയിലെ ഫോറസ്ട്രി കമ്മിഷനിൽ ഇരുപതുവർഷത്തിലധികം ജോലി ചെയ്യുകയും മരങ്ങളെ കുറിച്ച് നിരവധി പുസ്തകങ്ങൾ രചിക്കുകയും സ്വന്തമായി വനം സംരക്ഷിക്കുകയും ഒക്കെ ചെയ്യുന്ന ആൾ എഴുതിയ പുസ്തകമാവുമ്പോൾ. Peter Wohlleben ന്റെ The Hidden Life of Trees ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഒരുപാട് കാര്യങ്ങളാണ് പറഞ്ഞുതന്നത്.  

shahina k rafeeqമനുഷ്യകുടുംബം പോലെ അമ്മ മരവും  മക്കളും, അവർ തമ്മിലുള്ള  ആശയവിനിമയം, വളർന്നു വരുന്ന മരമക്കൾക്ക് താങ്ങും തണലുമാവുന്നത്,  അസുഖമോ വയ്യായ്കയോ ഉള്ള മരങ്ങൾക്ക് പോഷകം പങ്ക് വെയ്ക്കുന്നത്, അപകടങ്ങളെ കുറിച്ച് ചുറ്റുമുള്ള വൃക്ഷങ്ങൾക്ക്  മുന്നറിയിപ്പ് കൊടുക്കുന്നത്, മരങ്ങളുടെ ഭാഷ, സൗഹൃദം, മര്യാദകൾ, അങ്ങനെയങ്ങനെ നിരവധികാര്യങ്ങൾ. നമുക്ക് അറിയാത്ത വിസ്മയകരമായ ഒരു ലോകം.

പച്ചപ്പിനോട് അല്പ സ്വല്പം സ്നേഹമൊക്കെ ഉണ്ടെങ്കിലും മരങ്ങളെ കുറിച്ച് വിശദമായ വായനക്കൊന്നും ഇതുവരെ ശ്രമിച്ചിട്ടില്ല. ചെടികൾക്ക് ജീവനുണ്ടെന്ന് ബോധ്യം വരുത്തിയ മഷിത്തണ്ടിന്റെ നിറം മാറ്റിയ മഷിക്കുപ്പിക്കാലം,  ഞാൻ രണ്ടുദിവസം വീട് വിട്ടുനിന്നാൽ എന്റെ ചെടികൾക്ക് ഒരു വാട്ടമുണ്ട് എന്ന് സ്വകാര്യമായി വിശ്വസിക്കുന്ന ചില്ലറ പ്രാന്ത് ഇതിനപ്പുറത്തേക്കൊന്നും ആലോചിച്ചിട്ടേ ഇല്ലായിരുന്നു.

പുതിയൊരു കാഴ്ചപ്പാട് തന്നെയായിരുന്നു ഈ പുസ്തകം തന്നത്. നിരക്ഷരനായ ആദികവി ആ മരം ഈ മരം എന്ന് ചൊല്ലിച്ചൊല്ലി രാമ രാമയെന്നു ഉരുവിട്ടതും, 'മാനിഷാദ…' യിൽ തുടങ്ങി മഹദ് ഗ്രന്ഥം രചിച്ചതും ഐതിഹ്യം. ബുദ്ധന് ബോധോദയം ലഭിച്ച ബോധിമരത്തണൽ,  ആൽത്തറയിൽ ധ്യാനത്തിലിരിക്കുമ്പോൾ ചിന്തകൾ തെളിഞ്ഞുവരുന്നത് ഓക്സിജൻ കൂടുതൽ ഉള്ളത് കൊണ്ടാണെന്നുമുള്ള കേട്ടറിവുകൾ.

ഒരു കൊളംബോ യാത്രയിൽ ബുദ്ധനിരുന്ന ബോധിയിൽ നിന്ന് മുള പൊട്ടിയതെന്ന് പറയുന്ന വലിയവൃക്ഷത്തിനുകീഴെ പ്രാർഥനാനിരതരായ ആളുകൾ കണ്ണു പൂട്ടി കൂപ്പിയിരിക്കുന്നത് കണ്ടിട്ടുണ്ട്. തിരു മരമല്ലേ, കിളികൾ കൂടു കൂട്ടട്ടെ ഭണ്ഡാരങ്ങൾ നിറയുന്നതിനോടൊപ്പം എന്നോർത്തു. കൊളംബോ നഗരത്തിലെങ്ങും കൂറ്റൻ മരങ്ങളാണ്, തറ കെട്ടി സംരക്ഷിച്ചു നിർത്തിയവ.

തമിഴ്നാട്ടിലൂടെയുള്ള യാത്രകളിൽ മരങ്ങൾക്ക് താഴെ മാലയിട്ടു മഞ്ഞൾ തൂവിയ ശിലകൾ നാട്ടിയത് കാണാം, അത്രയും നല്ലത്, മഴുവിനെ പേടിക്കാതെ ചില്ലകൾ വീശി അവ നില നില്ക്കട്ടെ ചിരകാലം. ആ ബുദ്ധി തലയിലുദിച്ച മഹാത്മാവിനു പ്രണാമം.

പുതിയ അറിവുകളുടെ ആവേശത്തിലാണ് കോഴിക്കോട്ടെ മരങ്ങൾ തേടിയിറങ്ങിയത്. മര മുത്തശ്ശിയായി, പുണ്യവൃക്ഷമായി അവരോധിച്ച താന്നിമരം പടർന്നു പന്തലിച്ചുനില്ക്കുന്നത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ കവാടത്തിനു മുൻപിലായാണ്. തെരുവിൽവളരുന്ന കുട്ടികളെപ്പോലെ ഒറ്റയ്ക്ക് വളരുന്ന മരങ്ങൾക്ക് ആയുസ്സും ആരോഗ്യവും കുറയുമെന്നാണ് പീറ്റർ എഴുതുന്നത്.

ജാതി, മതം, തൊലി നിറം, ആണ്, പെണ്ണ് എന്നിങ്ങനെ കളം തിരിക്കുന്ന  പുറത്തെ താളം തെറ്റിയ ചിന്താഗതിക്കാരെ അപേക്ഷിച്ച് അകത്തുള്ളവരാണ് നല്ലതെന്ന ബോധ്യത്തിലാവും ഒറ്റയ്ക്കായിട്ടും മര മുത്തശ്ശി സൗഖ്യത്തോടെ നിവർന്ന് നില്ക്കുന്നത്.  ഒരുപാട് പേരുടെ കണ്ണീരും നിശ്വാസങ്ങളും വീണുകുതിർന്ന മണ്ണിൽ വേരുകളാഴ്ത്തി, ആ വിങ്ങലുകൾ  പങ്ക് വയ്ക്കാനാളില്ലാതെ ഉള്ളിൽ ഒതുക്കിയിട്ടാവും കോടതി മുറ്റത്തെ കൂറ്റൻ മരത്തിന്റെ പുറംതോടിത്ര സങ്കട ചാലുകൾ നിറഞ്ഞതായത്. ബുദ്ധിസം പടിയിറങ്ങിപ്പോയ കോഴിക്കോട് ഇപ്പോൾ ബാക്കിയുള്ളത് കസ്റ്റംസ് റോഡിലെ ബുദ്ധവിഹാരമാണ്. ആ മുറ്റത്തെ ആൽമരം ക്യാമറക്കണ്ണിലെവിടെയൊ പതിഞ്ഞു കിടപ്പുണ്ട്.. 

'കിളിവാതിൽ' എഴുതി തുടങ്ങുമ്പോൾ കോഴിക്കോടിനെ കുറിച്ചുള്ള പുസ്തകങ്ങൾ  അയച്ചുതന്ന സുഹൃത്ത് സുധീഷ് ആണ് തുറയിൽ കോട്ട ഭഗവതിക്ഷേത്രവളപ്പിലെ മരങ്ങളെ കുറിച്ചും ആരാമ്പ്രത്തെ  മുഹമ്മദ് കോയയെ കുറിച്ചും  പറഞ്ഞു തന്നത്. 'ഒരു ദേശത്തിന്റെ കഥയിൽ എസ്.കെ. വിവരിക്കുന്ന കാരോട്ടു കാവും  അവിടത്തെ വാനരക്കൂട്ടവും ഇപ്പോഴും കോഴിക്കോട്ടുണ്ട്.

രണ്ടോമൂന്നോപേർ വട്ടം ചുറ്റിപ്പിടിച്ചാൽകിട്ടാത്ത വൻ മരങ്ങളുണ്ടിവിടെ, താന്നി, തേക്ക്, നീർമരുത് തുടങ്ങി. നഗരത്തിൽനിന്നല്പം മാറിയാൽ കാടിനു നടുവിലെത്തിയ പ്രതീതി' എന്നൊക്കെയുള്ള അവന്റെ വാക്കുകൾ കേട്ട് ഒരു സായാഹ്നത്തിൽ തുറയിൽ കോട്ടയിലെ മരങ്ങൾ തേടിയിറങ്ങി. ഹനുമാൻ മൃതസഞ്ജീവനിയുമായിവരുമ്പോൾ മലയിൽ നിന്നടർന്നുവീണ ഇടമാണ് ഇവിടം എന്ന ഒരു വിശ്വാസവും ഉണ്ട്‌.

സ്വൈരവിഹാരം നടത്തുന്ന കുരങ്ങന്മാർ ചുറ്റിനും. കണ്ണെത്താ ഉയരത്തിലും കൈയെത്താവണ്ണത്തിലും കൂറ്റൻ മരങ്ങൾ. കുപ്പിയും സിഗരറ്റ് കൂടുകളും പ്ലാസ്റ്റിക് കവറുകളും മരത്തിന്റെ ഉടലിൽ കോറിവരഞ്ഞു കൊത്തിവെച്ച പേരുകളുമായി മനുഷ്യനുമാത്രം സാധ്യമായ വൃത്തികേടുകൾ അവിടെയും കണ്ടു. പെയ്ൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിനോട് ചേർന്നുള്ള സാന്ത്വന  വനം പ്രിയപ്പെട്ടവരുടെ ഓർമ നിലനിർത്താൻ കൂടിയാണ്.

പരിമിതിക്കുള്ളിൽ നിന്നുകൊണ്ടും മൊട്ടക്കുന്നിനെ കാടാക്കി മാറ്റാനുള്ള ശ്രമം. വേദനയുടെ അന്തമില്ലാത്ത  ഇടനാഴികൾ താണ്ടുന്നവർക്ക് പച്ചപ്പിന്റെ ഒരു തുരുത്ത്, കിളിയുടെ പാട്ട്. അവിടെ നിന്നും പടനിലത്തെ ആരാമ്പ്രത്തെത്തുമ്പോൾ വെയിൽ താണുതുടങ്ങിയിരുന്നു. വി.എം.കെ. ബൊട്ടാണിക്കൽ ഗാർഡൻ എന്ന ഒറ്റയാൾ പരിശ്രമത്തെ എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല.

മൂന്നേക്കറിൽ നട്ടും നനച്ചും ഒരു മനുഷ്യൻ ഉണ്ടാക്കിയെടുത്ത ജൈവ വൈവിധ്യത്തിന്റെ ലോകം കണ്ട് തന്നെ ആവണം വിശ്വസിക്കാൻ. എങ്ങനെ ഇങ്ങനെ ഒരാശയത്തിലേക്കെത്തി എന്ന ചോദ്യത്തിന് അത് തന്നെയാണ് ഞാനും ആലോചിക്കുന്നത് എന്നു പറഞ്ഞ മുഹമ്മദ് കോയ കാടിനുള്ളിൽ നാട്ടിയ ബോർഡിലേക്ക് വിരൽ ചൂണ്ടി. 'അന്ത്യദിനം വന്നടുത്താലും നിന്റെ കൈയിൽ ഒരു വിത്ത് കിട്ടിയാൽ നീ മുളപ്പിക്കുക' എന്ന നബിവചനത്തിലേക്ക്. മാധവിക്കുട്ടിയും അയ്യപ്പപണിക്കരും ജിബ്രാനും ഷേക്സ്പിയറും എല്ലാം വരികളായി നിറയുന്നു മരങ്ങൾക്കിടയിൽ.

സാഹിത്യത്തോടുള്ള സ്നേഹമാണ് സത്യത്തിൽ ഇങ്ങനെ കാടായി നിറഞ്ഞത് എന്ന് മുഹമ്മദ് കോയ. ഓരോ മരത്തിന്റെയും പേരും ഗുണങ്ങളും മാത്രമല്ല, സാഹിത്യത്തിലോ പുരാണങ്ങളിലോ അവയെ കുറിച്ചുള്ള പരാമർശവും കാണാം ഈ 'സാഹിത്യ വനത്തിൽ'. ഇന്ന സിനിമയിലെ ഇന്ന പാട്ടിൽ വയലാർ ഈ മരത്തെ കുറിച്ചാണ് പാടിയത് എന്നൊക്കെ ആ വരികൾ മൂളിക്കൊണ്ടാണ് അദ്ദേഹം മരത്തെ തൊട്ടുകാണിച്ചുതരുന്നത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചെമ്മീൻ വായിച്ചു, പത്തിൽ എത്തിയപ്പോഴേക്കും മലയാളത്തിലെ ക്ലാസിക്കുകൾ എല്ലാം വായിച്ചുതീർത്തു എന്നുപറഞ്ഞ മുഹമ്മദ് കോയ പത്താം ക്ലാസ്സിൽ തോറ്റ കഥയും പറഞ്ഞു.

പേരക്കുട്ടിയ്ക്ക് ഡെസ്ഡിമോണ എന്നൊക്കെ പേരിട്ടിട്ടുള്ള  അദ്ദേഹം ഇപ്പോൾ മഹാഭാരതം ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു. ഇരുന്നൂറ്റി അൻപതിലധികം ഇനങ്ങളുള്ള, അതിൽ വംശനാശം നേരിടുന്നവവരെയുണ്ട്, കാട്ടിലെ ഓരോ അംഗത്തെയും മക്കളെ എന്നപോൽ പരിചയപ്പെടുത്തി അദ്ദേഹം. ഈ വരുന്ന വേനൽ എത്ര മരങ്ങൾ അതിജീവിക്കും എന്ന ആധിയും പങ്കുവെച്ചു. കിളികൾ ചേക്കേറാൻ കലപില കൂട്ടുന്ന വൈകുന്നേരത്ത് കാടിറങ്ങുമ്പോൾ കൈയിൽ സമ്മാനമായി കിട്ടിയ രണ്ടു തൈകൾ. പടർന്നുപന്തലിച്ചു വേരുകൾ കൊണ്ട് കഥ പറയാൻ ഒരു തുണ്ട് ഭൂമിയുണ്ടോ എന്നവ എന്നോട് ചോദിക്കുന്നു! 
 k.shahinaa@gmail.com