സ്വയം മറന്ന് വായനയില്‍ മുഴുകിയിരുന്ന കാലം പൊയ്‌പ്പോയിരിക്കുന്നുവെന്ന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. പലവിധ തിരക്കുകളില്‍, മാനസിക സമ്മര്‍ദങ്ങളില്‍ പ്രിയപ്പെട്ടവ പലതും പിന്നേക്ക് വായിക്കാന്‍ മാറ്റിവെക്കപ്പെടുന്നു. ആയുസ്സിന്റെ താളുകള്‍ കുറഞ്ഞുവരികയും വായിച്ചുതീരാത്ത താളുകള്‍ കൂടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.

മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ നാള്‍വഴിക്കുറിപ്പ്

അടുത്തിടെ വായിച്ചവയില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് തോന്നിയത് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാവായ പ്രശസ്ത ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ എബാദിയുടെ 'Until we are free' എന്ന പുസ്തകമാണ്. മതമൗലികവാദ ഭരണകൂടത്തിനുകീഴില്‍ ഞെരിഞ്ഞമരുന്ന, മാനവനാഗരികതയുടെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലുകളിലൊന്നായ പേര്‍ഷ്യയുടെ ഇന്നത്തെ അവസ്ഥ കൃത്യവും സൂക്ഷ്മവും ആര്‍ഭാടരഹിതവുമായ ഭാഷയില്‍ വരച്ചിട്ടിരിക്കുന്നു എബാദി ഈ പുസ്തകത്തില്‍. 

Until we are freeമനുഷ്യാവകാശപ്പോരാട്ടങ്ങളുടെ നാള്‍വഴിക്കുറിപ്പുകളുടെ കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണ് ഈ പുസ്തകം. പരിഷ്‌കരണവാദികള്‍ക്ക് മുന്‍തൂക്കമുണ്ടെന്ന് കരുതപ്പെടുന്ന മന്ത്രിസഭ അധികാരത്തില്‍വന്നിട്ടും കാലഹരണപ്പെട്ട പ്രാകൃത മതനിയമങ്ങളുടെ ചങ്ങലകളാല്‍ വരിഞ്ഞുമുറുകി ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ സഹനങ്ങളുടെ നേര്‍ച്ചിത്രം അത് കാണിച്ചുതരുന്നു. 

ഭരണകൂടത്തിന് അപ്രിയമായതെന്തെങ്കിലും പറഞ്ഞുപോയാല്‍ ഏകാന്തതടവിന് വിധിക്കപ്പെടാവുന്ന അവിടെ സ്ത്രീകളുടെ അവസ്ഥ വളരെ ശോചനീയമാണ്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അവിടെ സ്ത്രീക്ക് തൊഴിലെടുക്കാനോ പാസ്‌പോര്‍ട്ടിനോ അവകാശമില്ല. അഹിതമായവ എഴുതിപ്പോയാലുള്ള ശിക്ഷ പരസ്യമായ ചാട്ടയടിയാണ്. ഇറാനിലെ ആദ്യ വനിതാ ന്യായാധിപയായിരുന്ന ഷിറിന്‍ എബാദി ശരീയത്ത് നിയമങ്ങളിലും സിവില്‍ നിയമങ്ങളിലും ഒരുപോലെ നിഷ്ണാതയാണ്. 

കുറ്റാരോപിതരായ മാധ്യമപ്രവര്‍ത്തകരുടെയും എതിര്‍സ്വരങ്ങളുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരുടെയും ന്യൂ നപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അപകടകരമാംവിധം സജീവതപുലര്‍ത്തിയ എബാദി ഇറാനിലെ സ്ത്രീകളുടെയും സാമാന്യജനത്തിന്റെയും അടിസ്ഥാനാവകാശങ്ങള്‍ക്കും അന്തസായി ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി പോരാടുന്നതിനായി ആയുസ് ഉഴിഞ്ഞുവെച്ച ധീരവനിതയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ പോരാട്ടം ഇറാനില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.

2003ല്‍ സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് ലഭിക്കുന്നതോടെയാണ് അവര്‍ ഭരണകൂടത്തിന് ഒന്നുകൂടി ചതുര്‍ഥിയാവുന്നത്. അവര്‍ രഹസ്യനിരീക്ഷണത്തിനും പലവിധത്തിലുള്ള അന്വേഷണങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയയായി. എബാദി നേതൃത്വംകൊടുത്തിരുന്ന മനുഷ്യാവകാശ സംഘടനയുടെ ഓഫീസ് റെയ്ഡ്‌ചെയ്യപ്പെടുകയും അടച്ചുപൂട്ടിക്കുകയും ചെയ്തു. അവരുടെ സഹപ്രവര്‍ത്തകര്‍ ഒന്നുകില്‍ നാടുവിട്ടു, അല്ലെങ്കില്‍ ഇരുമ്പഴിക്കകത്തായി. എബാദിയുടെ വീട് ആള്‍ക്കൂട്ടം ആക്രമിച്ചുതകര്‍ത്തു. 

മൂന്നുപതിറ്റാണ്ട് ഇറാന്റെ മണ്ണില്‍ ഉറച്ചുനിന്ന് പോരാടിയ അവര്‍ക്കുപക്ഷേ, തന്റെ ജീവനുവേണ്ടി അവിടം വിടേണ്ടിവന്നു. രണ്ടുഘട്ടങ്ങളും ചിത്രീകരിക്കുന്ന ഈ പുസ്തകത്തില്‍നിന്ന് ഇറാനിയന്‍ മതഭരണകൂടത്തിന്റെ ഭ്രാന്തമായ ചെയ്തികളും സിറിയ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ആഭ്യന്തരകലഹങ്ങളില്‍ അത് വഹിച്ച പങ്കും ഭരണകൂടത്തിനകത്തും പട്ടാളത്തിലുമുള്ള അന്തഃഛിദ്രങ്ങളും സര്‍വോപരി ആത്മാവ് നഷ്ടപ്പെട്ട് അധികാരംമാത്രം ലക്ഷ്യമായിത്തീരുന്ന മതം എങ്ങനെ മനുഷ്യവിരുദ്ധവും ക്രൂരവുമായിത്തീരുന്നു എന്നതും നാം ഭീതിയോടെ വായിച്ചറിയുന്നു.

പ്രവാസത്തിലിരുന്നും അവര്‍ ആ ഭീകരത അനുഭവിക്കുകയാണ്. നാട്ടില്‍ വിട്ടുപോയ കുടുംബത്തിനുനേരേ പ്രതികാരത്തോടെ പെരുമാറുകയാണ് ഭരണകൂടം. അവരുടെ സഹോദരിയും സ്വന്തം ഭര്‍ത്താവുമെല്ലാം ആ പീഡനങ്ങളുടെ ഇരകളാണ്.

ഓര്‍മകളുടെ വീണ്ടെടുപ്പ്

Sins and Innocentsതുര്‍ക്കി എഴുത്തുകാരനായ ബുര്‍ഹാന്‍ സോന്‍മെസി (Burhan Sönmez)ന്റെ 'വിശുദ്ധമാനസര്‍ (Sins and Innocents)' ആണ് മറ്റൊരു ശ്രദ്ധേയപുസ്തകം. മലയാളി വായനക്കാരെ സംബന്ധിച്ചിടത്തോളം അത്രയൊന്നും പരിചിതമല്ലാത്ത കുര്‍ദിഷ് ജനതയുടെ ജീവിതത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ഈ നോവല്‍ നല്ലൊരു വായനാനുഭവം തരുന്നുണ്ട്. 

'എന്റെ ബാല്യം എന്റെ ജന്മനാടായിരുന്നു' എന്നുതുടങ്ങുന്ന ഈ നോവല്‍ രാഷ്ട്രീയകാരണങ്ങളാല്‍ സ്വദേശംവിട്ട് അഭയാര്‍ഥിയാവേണ്ടിവന്ന ബുര്‍ഹാന്റെ ബാല്യകാലസ്മരണകളുടെയും പേടിസ്വപ്നങ്ങളുടെയും കേട്ട കഥകളുടെയുമെല്ലാം ഉള്ളൊഴുക്കുകള്‍ നിറഞ്ഞ ഒന്നാണ്. പ്രവാസജീവിതം വിധിക്കപ്പെട്ട രണ്ടുപേരുടെ പ്രണയത്തിലൂന്നി രൂപപ്പെടുന്ന നോവല്‍ മൂന്നുഘട്ടങ്ങളിലൂടെ ഇരുവരുടെയും ഓര്‍മകളുടെ വീണ്ടെടുപ്പിലൂടെ കടന്നുപോകുന്നു. 

നഷ്ടപ്പെട്ട ജന്മദേശത്തിന്റെയും ബാല്യത്തിന്റെയും ഓര്‍മകള്‍, ജീവിതവും മരണവും അതിജീവനവുമായുള്ള അഭിമുഖീകരണങ്ങള്‍.

മനസിനെ സ്പര്‍ശിച്ചവ

വായനയുടെ അവസ്ഥ അങ്ങനെയൊക്കെയാണെങ്കിലും പുസ്തകപ്രസാധനത്തിന്റെ കാര്യം വ്യത്യസ്തമാണ്. എത്രയെത്ര പുസ്തകങ്ങളാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത്. അവയിലേറെയും കവിതാപുസ്തകങ്ങളാകുന്നു. പുതിയ വായനാനുഭവങ്ങളൊന്നും പകര്‍ന്നുതരാത്തവയാണ് അവയില്‍ ഭൂരിഭാഗവും. കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു ശ്രീകുമാര്‍ കരിയാടിന്റെ 'മാഞ്ഞുപോയില്ല വൃത്തങ്ങള്‍' എന്ന സമാഹാരം. 

അരുണ്‍പ്രസാദിന്റെ 'ആകാശം' എന്ന കവിതാസമാഹാരം വേറിട്ട ഒന്നായിത്തോന്നി. വിനോദ് കുമാര്‍ തള്ളശ്ശേരിയുടെ 'ഭൂപടത്തിലില്ലാത്ത കവിതകള്‍', സാഹിറ കുറ്റിപ്പുറത്തിന്റെ 'അവള്‍ കവിത' എന്നീ സമാഹാരങ്ങളും കൊള്ളാം. സംവിധായകന്‍ കമലിന്റെ 'ആത്മാവിന്‍ പുസ്തകത്താളില്‍', ഒരു കൂട്ടം ലേഖകര്‍ ചേര്‍ന്നെഴുതിയ 'മാലിന്യത്തിന്റെ നാനാര്‍ഥങ്ങള്‍', ദലൈലാമയുടെ 'ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത' എന്നിവയും അടുത്തിടെ വായിച്ചവയില്‍ മനസ്സിനെ സ്പര്‍ശിച്ചവയാണ്.