ബിരുദം കഴിഞ്ഞ് തെക്കുവടക്ക് നടക്കുന്ന സമയത്താണ് വിദ്യാര്‍ത്ഥിസംഘടനയുടെ ജില്ലപ്രസിഡണ്ട് മണിയേട്ടന്‍ വിളിക്കുന്നത്: ''എടാ.. പെട്ടെന്ന് ജാമ്യം എടുക്കണം..''
സംഗതി ഇതാണ്- നളന്ദ റിസോര്‍ട്ടിന് മുന്നില്‍ വെച്ച് കാഞ്ഞങ്ങാട് എസ്.ഐ രഞ്ജിത്തും പ്രകടനവുമായി കടന്നുവന്ന വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റവും അടിയുമുണ്ടായി. ഞാനപ്പോള്‍ ബിരുദം കിട്ടാന്‍ അവസാനവര്‍ഷത്തെ പഠിപ്പിലായിരുന്നു. പ്രതിപ്പട്ടികയില്‍ പ്രകടനത്തില്‍ പോലും പങ്കെടുക്കാത്ത എന്റെ പേരും ചേര്‍ക്കപ്പെട്ടു. അടിയുണ്ടാക്കിയവരില്‍ ഒരാള്‍ പോലും പ്രതിയായില്ലെന്നതാണ് രസം. കേട്ടാലറിയുന്ന പതിനൊന്ന് പേര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ യൂണിവാഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയത് കൊണ്ട് ഞാന്‍ ഏഴാംപ്രതിയായി.
സുനില്‍കുമാര്‍ കയ്യൂരും മഹേഷ് മണിയറയും ഞാനും ഒഴികെയുള്ളവരെല്ലാം നേരത്തേ കാലത്തെ ജാമ്യമെടുത്തിരുന്നു. പല വിധ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. 'ഇനിയും വൈകിയാല്‍ വാറന്റാകും. കുറേ ദിവസം ഗോതമ്പുണ്ട തിന്നേണ്ടിവരും..' എന്നാണ് മണിയേട്ടന്‍ പറഞ്ഞതിന്റെ പൊരുള്‍.
ആള്‍ജാമ്യക്കാരായി നികുതിയടച്ച കടലാസുകളുമായി തൊട്ടപ്പുറത്തെ വീട്ടിലെ കയ്യാലവളപ്പില്‍ കുഞ്ഞിരാമേട്ടനും സുനിയുടെ സര്‍ക്കാര്‍ ജീവനക്കാരനായ അമ്മാവനും കോടതിയില്‍ ഞങ്ങള്‍ക്കൊപ്പം വന്നു. ''ഒരു പ്രശ്‌നവുമില്ല, ജാമ്യം കിട്ടും..''- മണിയേട്ടന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശുഭപ്രതീക്ഷയോടെ കാഞ്ഞങ്ങാട് കോടതിയില്‍ ആര്‍ക്കും ചാടിപ്പോകാവുന്ന, ആടിക്കൊണ്ടിരിക്കുന്ന വിചാരണക്കൂട്ടില്‍ വിധേയനിലെ തൊമ്മിയെ പോലെ ഏഴാം പ്രതിയായ ഞാനും ഒമ്പതാം പ്രതിയായ മഹേഷും പതിനൊന്നാം പ്രതിയായ സുനിയും കൈകള്‍ കെട്ടി നിന്നു. കേസ് ഫയല്‍ വായിച്ച് സോഡാഗ്ലാസ് കണ്ണടയിലൂടെ ജഡ്ജി ഞങ്ങള്‍ക്ക് ഒരു ദേഷ്യമെറിഞ്ഞു.
നോ ബെയില്‍...
ഇംഗ്ലീഷ് അത്രയ്ക്കറിയില്ലെങ്കിലും ബെയിലിന്റെ അര്‍ത്ഥം ജാമ്യമാണെന്നറിയാമായിരുന്നു. എന്റെ ഹൃദയം വിറച്ചു: ദൈവമേ.. ജയിലില്‍ കിടക്കണം. ഇംഗ്ലീഷ് ഒട്ടുമറിയാത്ത മഹേഷ് സംതൃപ്തിയോടെ മൊഴിഞ്ഞു- താങ്ക് യൂ സാര്‍... ഞാനവന്റെ ചെവിയില്‍ പറഞ്ഞു- എടാ പൊട്ടാ.. ജാമ്യമില്ലാന്നാ പറഞ്ഞേ. അവനും ഒന്ന് ഞെട്ടി. പക്ഷേ തകര്‍ന്നുപോയത് സുനിയായിരുന്നു. ഒരു വികാരജീവിയായ അവന്‍ ഭീതിയുടെയും സങ്കടത്തിന്റെയും നടുക്കടലിലേക്ക് എടുത്തുചാടി മുങ്ങിത്താഴാന്‍ തുടങ്ങി.
കാസര്‍ഗോഡ് ജയിലിലേക്ക് പോകാന്‍ പോലീസ് ജീപ്പ് കയറുമ്പോള്‍ മണിയേട്ടന്‍ പറഞ്ഞു: ഒന്നും പേടിക്കേണ്ട. രണ്ട് ദിവസത്തിനുള്ളില്‍ ജാമ്യം കിട്ടും.
ഉത്തരം പറയാത്ത ഒന്നൊന്നര അവസ്ഥയില്‍ ഞങ്ങള്‍ ജീപ്പില്‍ ഇരുന്നു. ജീപ്പ് ഫസ്റ്റ് ഗിയറിലിട്ട നേരം മണിയേട്ടന്‍ ആശ്വസിപ്പിച്ചു: ഷാജി, കഥയൊക്കെ എഴുതുന്നതല്ലേ. അനുഭവങ്ങള്‍ കിട്ടും. ബഷീറിന് ശേഷം ജയിലില്‍ കിടന്ന മലയാളത്തിലെ എഴുത്തുകാരനാണ് ഞാന്‍ എന്ന് പില്‍ക്കാലത്ത് പറഞ്ഞുനടക്കാലോ.. മറുപടി പറയും മുമ്പേ ജീപ്പ് വിട്ടത് മണിയേട്ടന്റെ ഭാഗ്യം.
അന്ന് ഡിസംബര്‍ അഞ്ചായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കറുത്ത ദിനത്തിന്റെ തലേന്ന്. സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ കാസര്‍ഗോഡ് ജില്ലയില്‍ കെഡിലിസ്റ്റില്‍ പെട്ട ഗുണ്ടകളെയും ക്രിമിനലുകളെയും കരുതല്‍ തടങ്കലില്‍ ഇടും. അവരെ തടവിലിട്ട സെല്ലിലാണ് ഞങ്ങളെ കൊണ്ടുപോയിട്ടത്. മഹേഷ് ജയിലില്‍ കിടന്ന് എക്‌സപീരിയന്‍സ് ഉള്ള മഹാനാണ്. പോലീസിന് നേരെ കല്ലേറ്, മന്ത്രിമാരുടെ കോലം കത്തിക്കല്‍, ബസ് തടയല്‍ തുടങ്ങിയ സമരമുറകളുടെ ഭാഗമായി ജയിലുകള്‍ അവന് പുത്തരിയല്ല. അതിന്റെ രീതികളും വഴികളും അവന് കൃത്യമായി അറിയാം. സെല്ലില്‍ കയറുംമുമ്പ് അവന്‍ അതീവഗൗരവത്തോടെ പറഞ്ഞു: ഫുള്‍ടൈം സീരിയസ് ആയിനിന്നോ. പാവത്തനാണെന്ന് തോന്നിയാല്‍ നശിപ്പിച്ചുകളയും. അതുകൂടി കേട്ടതോടെ പേടി കൊണ്ട് ഞങ്ങളുടെ കുടല് വരെ വിറയ്ക്കാന്‍ തുടങ്ങി.
പത്ത്- പന്ത്രണ്ടോളം ആള്‍ക്കാര്‍ക്കൊപ്പം ഞങ്ങള്‍ ജയില്‍ജീവിതം തുടങ്ങി. ആരെയും കൂസാത്ത മഹേഷ് ഇരുട്ടൊന്ന് സന്ദര്‍ശിക്കാനെത്തിയതേയുള്ളൂ, സെല്ലിലെ മറയൊന്നുമില്ലാത്ത മൂത്രമൊഴിക്കല്‍ സ്ഥലത്ത് കൂള്‍ ആയി ഭാരം ഇറക്കിവെച്ച് ഒരു മൂലയ്ക്ക് കിടന്നുറങ്ങി. സുനി ആധിയുടെയും ഭയത്തിന്റെയും തടിച്ചകെട്ട് മനസ്സില്‍ നിന്ന് പുറത്തേക്കെടുത്ത് വെച്ച് ശോകാത്മകതയോടെ പറഞ്ഞുകൊണ്ടേയിരുന്നു. പറഞ്ഞ് കരഞ്ഞ്, കരഞ്ഞുപറഞ്ഞ് അവനും ഉറങ്ങി. എനിക്ക് ഉറക്കം വന്നതേയില്ല. കൂടെ കൂട്ടിയ മൂന്ന് പുസ്തകങ്ങളും മടിയില്‍ വെച്ച് ഞാന്‍ ജയിലഴികളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. (പുസ്തകങ്ങള്‍ എപ്പോഴും കൂടെക്കൂട്ടാറുണ്ട്. വായിച്ചാലും ഇല്ലെങ്കിലും പുസ്തകങ്ങള്‍ കൂടെയുണ്ടാവുന്നത് എന്തോ ഒരു ധൈര്യം പകര്‍ന്നുതരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.) ജയില്‍കമ്പികള്‍ പൊട്ടിച്ച് ഓടിപ്പോകാന്‍ മനസ്സ് നിര്‍ബന്ധിച്ചു. വീട്ടിലെ അപ്പു എന്ന നാടന്‍ നായയെ ഓര്‍മ വന്നു. അലഞ്ഞുതിരിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കൂട്ടില്‍ ആക്കിയാലുള്ള അവന്റെകരച്ചില്‍ ഓര്‍മ്മ വന്നു. ഇനിയൊരിക്കലും നിന്നെ ഞാന്‍ കൂട്ടില്‍ കയറ്റില്ലെന്ന് തടവിന്റെ അസ്വാതന്ത്ര്യവീര്‍പ്പുമുട്ടലില്‍ ഞാനവന് വാക്ക് കൊടുത്തു.
മടുപ്പ് കൂടിയപ്പോള്‍ ഞാന്‍ പുസ്തകങ്ങള്‍ അലസമായി മറിച്ചുനോക്കി. മൂന്ന് പുസ്തകങ്ങളാണ് കൈയ്യിലുള്ളത്- ബഷീറിന്റെ മതിലുകള്‍(ജയിലില്‍ വായിക്കാന്‍ പറ്റിയ പുസ്തകം. ഈ ലോകം മതിലുകളാല്‍ ചുറ്റപ്പെട്ട് പോകുന്നു എന്ന് മതിലുകള്‍), ഉറൂബിന്റെ ശനിയാഴ്ചകള്‍, വിശപ്പ് മുഖ്യപ്രമേയമായി വരുന്ന കഥകളുടെ സമാഹാരമായ വിശപ്പിന്റെ കഥകള്‍. ഞാന്‍ മൂന്നും മാറിമാറിനോക്കുമ്പോള്‍ 'ഡാ.. ' എന്നൊരു വിളി വന്നു. സെല്ലിന്റെ വലത്തേ മൂലയില്‍ നിന്നാണ്. വിയറ്റ്‌നാം കോളനിയിലെ റാവുത്തരുടെ മാതിരി ഒരു രൂപം. നാല്‍പ്പതിനടുത്ത് പ്രായമുണ്ടാവും. 'എന്തോ..'- ഭയഭക്തിബഹുമാനത്തോടെ ഞാന്‍ പ്രതികരണശേഷിയുള്ളവനായി. 'ഒരു ബുക്ക് തന്നേ.. അടിക്കാത്തോണ്ട് കണ്ണ് ചിമ്മാന്‍ കയ്യ്ന്നില്ല..' പാതി കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ കൈയ്യില്‍ തടഞ്ഞ പുസ്തകമെടുത്ത് വേഗം അവിടെയെത്തിച്ചു. മതിലുകള്‍ ആയിരുന്നു ഞാന്‍ കൊടുത്തത്. മതിലുകള്‍ വാങ്ങി, ബാക്ക് കവറില്‍ താടിക്ക് കൈയ്യും കൊടുത്ത് ഡിപ്രഷനടിച്ച് ഇരിക്കുന്ന ബഷീറിനെ അയാള്‍ നോക്കി
വായിക്ക്‌ന്നൊന്നൂല്ലാ.. വെര്‍തേ നോക്കാലോ...
അയാള്‍ സ്വയം പറഞ്ഞതായതോണ്ട് എന്തെങ്കിലും പറഞ്ഞാല്‍ വെറുതെ ഒരടി വീഴുമെന്ന് ഭയമുള്ളതിനാല്‍ ഞാന്‍ മിണ്ടിയില്ല.
എന്താ നിന്റെ പേര്...
ഷാജി...
ഏട വീട്...?
കാഞ്ഞങ്ങാട്...
കാഞ്ഞങ്ങാട് ഏട..?
കാലിച്ചാംപൊതി..
അരയി അയിന്റെ അടുത്തല്ലേ..
ആ...
ആടെ ഞാന്‍ കയിഞ്ഞ കൊല്ലം വന്നിന്..
എന്തിന്..?
ഒരുത്തന്റെ കൈയ്യും കാലും വെട്ടാന്. കാലേ എട്ത്തുള്ളൂ. തൂറിട്ട് ചന്തി കവ്വാന്‍ ഓന്റെ ഓള് നില്‍ക്കണല്ലോന്ന് വിചാരിച്ചപ്പൊ കൈ കൊത്തീലാ.
ഞാനൊന്ന് വിറച്ചു.
നിങ്ങളെ പേര്...
അബ്ദുള്ള. 31 കേസുണ്ട്...
പിന്നെയൊന്നും എന്റെ തൊണ്ടയില്‍ നിന്ന് പുറത്തുവന്നില്ല. അബ്ദുള്ള മതിലുകള്‍ തുറന്നു. ഞാന്‍ പഴയ സ്ഥാനത്ത് ഉപവിഷ്ടനായി. കുറച്ച് നേരം പുസ്തകവും കുറച്ച് നേരം അബ്ദുള്ളയെയും നോക്കി നോക്കി ഞാനുറങ്ങിപ്പോയി.
അബ്ദുള്ള വന്ന് എന്റെ ഷര്‍ട്ടും ലുങ്കിയും വലിച്ചുകീറി, എന്നെ മാനഭംഗം ചെയ്തു. 'അയ്യോ.. അമ്മേ.. അച്ഛാ..' തുടങ്ങിയ നിലവിളികള്‍ തൊണ്ടയില്‍ കുടുങ്ങി. ശ്വസം മുട്ടിച്ചാവുമെന്നായപ്പോള്‍ ഞാന്‍ സ്വപ്‌നത്തില്‍ നിന്ന് കണ്ണുകള്‍ തുറന്നു. അബ്ദുള്ള ഉറങ്ങിയിട്ടില്ല. അയാള്‍ മതിലുകളിലാണ്. എന്റെ പരവശം കണ്ട് അയാള്‍ തലയുയര്‍ത്തി.
എന്തറാ....
ഒന്നുമില്ലെന്ന് തലയാട്ടി, അയാളെ ഒന്ന് കൂടെ നോക്കി, സ്വപ്നത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ച് ഉടുത്ത ലുങ്കി തലമൂടെ പുതച്ച് ഞാന്‍ ചുരുണ്ടുകിടന്നു.

പിറ്റേന്ന് രാവിലെ ഗോതമ്പുണ്ട തിന്നാനിരിക്കുന്ന വരിയില്‍ എനിക്ക് തൊട്ടടുത്തായി ഇരുന്നത് അബ്ദുള്ള. ക്രിക്കറ്റ് ബോളിനേക്കാളും വലുപ്പമുള്ള ഗോതമ്പുണ്ട എങ്ങനെ തിന്നും എന്ന് വിഷമിക്കുമ്പോഴേക്കും അബ്ദുള്ള അയാളുടെ ഗോതമ്പുണ്ട തിന്ന് എന്നോട് ചോദിച്ചു: വേണ്ടേ... വേണ്ടെന്ന് പറയുന്നതിന് മുമ്പേ അയാള്‍ അതെടുത്ത് തിന്നാന്‍ തുടങ്ങി. ചവച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: ഹൂ വാണ്ട്‌സ് ഫ്രീഡം.
തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ അയാള്‍ മതിലുകള്‍ക്കൊപ്പം ഉറൂബിന്റെ ശനിയാഴ്ചകളും വിശപ്പിന്റെ കഥകളും വായിച്ചുതീര്‍ത്തു എന്നതാണ് അല്‍ഭുതം. പല തരം നേരം പോക്കുകളില്‍ ഞങ്ങള്‍ വീണുരുണ്ടപ്പോള്‍ ഒന്നും അറിയാതെ അയാള്‍ വായിച്ചുകൊണ്ടേയിരുന്നു. മൂന്നാം ദിവസം ജാമ്യം കിട്ടി, യാത്ര പറയവെ എന്റെ കൈയ്യില്‍ നിന്ന് മതിലുകള്‍ എടുത്ത് അബ്ദുള്ള പറഞ്ഞു: എനിക്കിത് വേണം... 'കീക്കാംങ്കോട്ട് ഗ്രാമീണ വായനശാലയില്‍ നിന്നെടുത്ത പുസ്തകമാ അന്തുച്ചാ. തരാന്‍ കഴിയൂലാ..' എന്ന് പറയണമെന്നുണ്ടായിരുന്നു. ഭയമാവാം പറഞ്ഞില്ല. വീണ്ടും കാണാം എന്നോ കാണും എന്നോ പറഞ്ഞില്ല. മൂന്ന് ദിവസം കൂട്ടില് കിടന്ന് പുറംലോകം കാണാനുള്ള ദാഹം എല്ലാ ചോദ്യങ്ങളെയും കാറ്റില്‍പ്പറത്തി.
വര്‍ഷങ്ങള്‍ വര്‍ഷങ്ങളുടെ വഴിക്ക് പോയി. കേസിന്റെ വിചാരണയ്ക്കായി എല്ലാ മാസവും കാസര്‍ഗോഡ് കോടതിയിലേക്ക് ഞങ്ങള്‍ പോയിക്കൊണ്ടേയിരുന്നു. കേസ് നീട്ടിവെച്ചുകൊണ്ടേയിരുന്നു. ഞാന്‍ കാസര്‍ഗോഡ് എല്‍ബിഎസ് എഞ്ചിനിയറിങ് കോളേജില്‍ എംസിഎ വിദ്യാര്‍ത്ഥിയായി. സുനി കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ പത്രപ്രവര്‍ത്തനം പഠിക്കാന്‍ പോയി. മഹേഷ് ട്യൂഷന്‍ സെന്റര്‍ നടത്തി സമ്പന്നനായി. കേസ് തീരാന്‍ നാല് വര്‍ഷമെടുത്തു.
എംസിഎക്ക് പഠിക്കുന്ന കാലത്ത് ഇടയ്ക്കിടെ കുമ്പളയിലുള്ള ഏട്ടിയുടെ (ചേച്ചി) വാടകവീട്ടിലേക്ക് ഞാന്‍ പോകും. അങ്ങനെയൊരു വൈകുന്നേരം കുമ്പളയിലേക്ക് കാസര്‍ഗോഡ് നിന്ന് ബസ് കയറിയ ഞാന്‍ വൃത്തിയില്‍ ഉറങ്ങിപ്പോയി. (ബസില്‍ കയറിയാലുടനെ ഉറങ്ങുന്നവര്‍ക്കായ ഒരു സംഘടനയുണ്ടെങ്കില്‍ അതിന്റെ കേന്ദ്രകമ്മിറ്റിയില്‍ ഞാനുണ്ടാവും) ബസ് നിര്‍ത്തിയ അടുത്ത സ്‌റ്റോപ്പില്‍ ഞാനിറങ്ങി. നല്ല പെരുമഴ. അടുത്തുള്ള കടത്തിണ്ണയിലേക്ക് ഞാന്‍ ഓടിക്കയറി. അതൊരു പുസ്തകക്കടയായിരുന്നു. മഴ അവിടെയാകെ ഇരുട്ടിന്റെ പെയിന്റെടിക്കുന്നത് ഞാന്‍ നോക്കിനിന്നു. പുസ്തകക്കടയുടെ കുറച്ച് ഉള്ളിലായി ഒരാള്‍ പുസ്തകം വായിക്കുന്നുണ്ടായിരുന്നു. തല പുസ്തകത്തില്‍ കുത്തിപ്പിടിച്ചിരുന്നു. മുഖം വ്യക്തമല്ല. മഴ പെയ്യുന്നതൊന്നും വായനയുടെ ലഹരിയില്‍ അയാള്‍ അറിയുന്നേയില്ലെന്ന് തോന്നി. അയാളുടെ വായനയില്‍ അസൂയ തോന്നിയത് കൊണ്ടുതന്നെ. കുമ്പളയിലേക്ക് ബസ് ഉണ്ടാവുമെന്ന് അറിയാമായിരുന്നിട്ടും ഞാന്‍ ചോദിച്ചു.
ചേട്ടാ.. ഇനി കുമ്പളയിലേക്ക് ബസ്സുണ്ടല്ലോ...
അയാള്‍ തല ഉയര്‍ത്തിയില്ല. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.
ഇഷ്ടം പോലെ ഉണ്ട്..
അയാള്‍ തല ഉയര്‍ത്തി എന്നെ നോക്കി.
ദൈവമേ.. അബ്ദുള്ള..
ആശ്ചര്യത്താല്‍ എന്റെ മുഖം വിടര്‍ന്നു.
അയാള്‍ വേഗം പുറത്തേക്ക് വന്നു.
ഷാജിയല്ലേ...
അയാള്‍ എന്റെ കൈകള്‍ മുറുകെപ്പിടിച്ചു.
ഞാന്‍ ചിരിച്ചു. അഗാധമായ വായനയുടെ ചൈതന്യം അയാളുടെ കണ്ണുകളില്‍.
അന്നത്തോടെ ഞാന്‍ എല്ലാം നിര്‍ത്തി.. വെട്ടും കുത്തും എല്ലാം. ചോര നിറഞ്ഞ അദ്ധ്യായങ്ങള്‍ക്കൊക്കെ ഒറ്റഫുള്‍സ്റ്റോപ്പിടല്‍... വായിച്ചുവായിച്ച് ദാ, ഈ ബുക്കിന്റെ കടേം തൊറന്ന്...
അബ്ദുള്ള സ്‌നേഹത്തോടെ ചിരിച്ചു.
എന്തുപറയണമെന്നറിയാതെ ഞാന്‍ അങ്ങനെ നിന്നു.
മഴ ഞങ്ങള്‍ക്കിടയിലേക്ക് കയറിവന്നു.
ബുക്കുകള് ഭയങ്കര മജയാ...
കുമ്പളയിലേക്കുള്ള ബസ് മഴയില്‍ ദൂരെ നിന്ന് കിതച്ചുവരുന്നത് ഞാന്‍ കണ്ടു.
എന്താണ് ഞാന്‍ ഈ മനുഷ്യനോട് പറയേണ്ടത്.
ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ.
അന്തുച്ചാ.. പോന്ന്. ബസ് വര്ന്ന്...
അബ്ദുള്ള തലയാട്ടി. അപ്പോഴും അയാളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.
യ്യൊ... ഒരു മിന്‍ട്ട്...
അയാള്‍ അകത്തുപോയി. ഒരു പുസ്തകവുമായി വേഗം തിരിച്ചുവന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍...
കീക്കാങ്കോട്ട് ഗ്രാമീണവായനശാലയില്‍ നിന്ന് ഞാന്‍ എടുത്ത മതിലുകള്‍.
നിന്നോട് അന്ന് പിടിച്ചുമേങ്ങിയത്...
ഞാന്‍ വെറുതെ മതിലുകള്‍ തുറന്നു.
നിനക്കിത് വേണാ...
ഞാനുത്തരം പറയും മുമ്പേ അബ്ദുള്ള പറഞ്ഞു.
നീ വേണംന്ന് പറഞ്ഞാലും ഞാന്‍ തരൂലാ...
ഞാന്‍ ചിരിച്ചു.
അബ്ദുള്ള ചിരിച്ചു.
മഴ ചിരിച്ചു.
വൈക്കം മുഹമ്മദ് ബഷീര്‍ അപ്പോഴും താടിക്ക് കൈയ്യും കൊടുത്ത് ഡിപ്രഷനടിച്ച് ലോകത്തെ നോക്കിക്കൊണ്ടിരുന്നു.
ശുഭം
പി.വി. ഷാജികുമാറിന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: P V Shajikumar