സ്‌പ്പോ ടോര്‍ണടോറിന്റെ മെലേന കാണുമ്പോള്‍ സതിയെ ഓര്‍ക്കും. അടിയന്തിരാവസ്ഥ വാക്കുകളായും വാര്‍ഷികമായും വരുമ്പോള്‍ സതിയേയും ജനനെയും ഓര്‍ക്കും. ഓര്‍മകള്‍ക്ക് ഈസ്റ്റ്‌മെന്‍കളറിന്റെ തിളക്കവും കറുപ്പും തെളിച്ചവും.

സതിയും ജനനും ആ നാട്ടിലേക്ക് കുന്നുകയറി വന്നവരായിരുന്നു. കുന്നുകള്‍ ചുറ്റിക്കെട്ടിയ നാടായിരുന്നു അത്. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം കുന്നുകള്‍ മാത്രം. ഏത് കുന്നിന് കീഴിലാണ് സൂര്യന്‍ ഉറങ്ങുന്നതെന്നും ഉണര്‍ന്നെണീക്കുന്നതെന്നും കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും അജ്ഞാതമായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒന്നരവര്‍ഷം മുമ്പാണ് സതിയും ജനനും നാട്ടിലേക്ക് എത്തിയത്. മുളിപ്പുല്ലുകള്‍ നിറഞ്ഞുനിന്ന പാറക്കൂട്ടങ്ങള്‍ക്ക്  മുകളിലായിരുന്നു അവര്‍ കെട്ടിയുയര്‍ത്തിയ ചെറ്റപ്പുര. കാറ്റ് വന്ന് എല്ലായ്‌പ്പോഴും മുളിപ്പുല്ലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സമ്മതിക്കാതെ ഉന്മാദത്തിന്റെ ഇളകിയാട്ടം നടത്തിയിരുന്നു. പാറക്കൂട്ടങ്ങളിലെ കാറ്റിന് ആകാശം തൊട്ടുപോവുന്ന വിമാനങ്ങളുടെ മൂളിച്ച ഉണ്ടായിരുന്നു അന്ന്. 

ആ നാട്ടിലെ മിക്കവര്‍ക്കും ജാരബന്ധങ്ങള്‍ സ്ഥിരമായിരുന്നു. ജാരജീവിതങ്ങളുള്ളവരെ വീരന്മാരായി കണ്ടിരുന്ന നാട്. അവര്‍ വന്നുപറയുന്ന ജാരകഥകളില്‍ നാട് ഉള്‍പ്പുളകം കൊണ്ടിരുന്നു. ഒരു ജാരബന്ധമെങ്കിലുമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത കുലപുരുഷന്മാര്‍ തീരെ പരിമിതമായിരുന്നു. 

തെക്കുനിന്ന് വന്നവരായത് കൊണ്ട്, ''തെക്കനെയും പാമ്പിനെയും ഒന്നിച്ചുകണ്ടാല്‍ ആദ്യം തെക്കനെ തല്ലിക്കൊല്ലണം'' എന്ന ചൊല്ല് പ്രചാരത്തിലുണ്ടായിരുന്നത് കൊണ്ട് നാട്ടുകാര്‍ കുറച്ചൊക്കെ അകലമിട്ടാണ് അവരോട് ഇടപെട്ടിരുന്നത്. സതിയെ കാണുമ്പോള്‍ പക്ഷേ അവരെല്ലാം മറന്നുപോവും. സതിയുടെ സൗന്ദര്യം നാടിനെ ധൃതംഗപുളകിതരാക്കിയിരുന്നു എന്ന കാര്യത്തില്‍ കൊച്ചുകുട്ടികള്‍ക്ക് വരെ സംശയമുണ്ടായില്ല. ദാരിദ്ര്യവും കഷ്ടപ്പാടും നിത്യശീലമായ നാട്ടില്‍ സുന്ദരികള്‍ കുറവായിരുന്നു. പ്രാരാബ്ധത്തിന്റെ വരണ്ട കാറ്റില്‍ സൗന്ദര്യം പൊയ്‌പ്പോയവരും ഉണ്ടായിരുന്നു. സിനിമാപോസ്റ്ററുകളിലും വല്ലപ്പോഴും എത്തുന്ന മ വാരികകളിലെ മുഖചിത്രങ്ങളിലും കുളിര്‍ത്തിരുന്ന നാട്ടിലെ പുരുഷന്മാര്‍ക്ക് സതി വലിയ ആശ്വാസമായി. 'സതി മലയാളിയല്ല, ഹിന്ദിക്കാരിയാണെന്ന്' നാട് അടക്കം പറഞ്ഞു. അല്ലെങ്കില്‍ ഇത്ര നിറവും വെളുപ്പും എങ്ങനെ കിട്ടാനാണ്! അവളുടെ കടന്നുവരവ് ആ നാടിനെ ആകെ കലക്കിമറിച്ചു എന്ന് പറയേണ്ടതില്ലല്ലോ. താനാവും ഇവളുടെ ജാരന്‍ എന്ന് നാട്ടിലെ എല്ലാ ജാരന്മാരും മനസ്സില്‍ അടക്കം പറഞ്ഞു. അതുവരെ ജാരബഹുമാനം കാത്തുസൂക്ഷിച്ചിരുന്ന അവര്‍ അവളുടെ വരവോടെ തമ്മില്‍തമ്മില്‍ അസൂയാലുക്കളാക്കി. അവളെ തന്നിലേക്കാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ ഉറക്കം കളഞ്ഞ് അവര്‍ സ്വയം തീരുമാനിച്ചു. ആരുടെ ജാരവലയിലാവും അവള്‍ ആദ്യം വീഴുക എന്നറിയാന്‍ ആ നാട് കണ്ണും കാതും തുറന്നുപിടിച്ചുനിന്നു. രാവണന്‍ സീതയെ മയക്കാന്‍ പശുവിന്റെ പിത്തരസം കൊണ്ടുണ്ടാക്കിയ ഗോരചനം നെറ്റിയിലണിഞ്ഞ് പലരും അവളുടെ മുന്നില്‍ വന്നുനിന്നു. ഗോരചനം നെറ്റിയില്‍ തേച്ച പുരുഷനെ നോക്കിയാല്‍ സ്ത്രീ അവനില്‍ വശീകരിക്കപ്പെടുമത്രെ. കുജി മാരമുനിയുടെ വശീകരണമന്ത്രങ്ങളടങ്ങിയ കൊക്കോഗശാസ്ത്രം തുറന്നുനോക്കി. അതിലെ പതിനട്ടടവും അവര്‍ പയറ്റിനോക്കി, നോ രക്ഷ. തന്നിലേക്ക് അട്ട പോലെ ഒട്ടിനില്‍ക്കുന്ന പുരുഷനേത്രങ്ങളെ വെറുത്ത് വെറുത്ത് പണ്ടാരമടങ്ങിയപ്പോള്‍ അവള്‍ ചെറ്റപ്പുരയില്‍ നിന്ന് പുറത്തിറങ്ങാതെയായി.

ജനന്‍ ഒരു മാന്ത്രികനായിരുന്നു. നാട്ടിന് പുറത്ത് അയാളിലെ മാന്ത്രികന്‍ നല്ല രീതിയില്‍ അറിയപ്പെട്ടിരുന്നു. ചുട്ട കോഴിയെ പറപ്പിക്കാന്‍ കഴിയുന്ന അപൂര്‍വ്വം ചില മാന്ത്രികരില്‍ ഒരാളായിരുന്നു അയാള്‍. വല്ലപ്പോഴും സതിയെയും ഒപ്പം കൂട്ടും. സതിയെ മായാജാലം കാണിച്ച് മയക്കിയതായിരിക്കുമെന്ന് നാട് അടക്കം പറഞ്ഞു. അല്ലെങ്കില്‍ മെലിഞ്ഞ് വളഞ്ഞ് വറ്റിയ പുഴ പെലെ വരണ്ടുകിടക്കുന്ന ജനനില്‍ സതി എങ്ങനെ വീഴാനാണ്! ജനന്‍ ഉള്ളപ്പോള്‍ അവരുടെ ചെറ്റപ്പുരയിലേക്ക് നോക്കാന്‍ ആളുകള്‍ ഭയന്നു. മാന്ത്രികനായത് കൊണ്ട് അയാള്‍ തങ്ങളെ പട്ടിയോ പൂച്ചയോ പെരുച്ചാഴിയോ ആക്കി മാറ്റില്ലെന്ന് ആര് കണ്ടു!

ഇതിനിടയില്‍ സതിക്ക് കാവലിനായി ജനന്‍ ഒരു നായക്കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നു. അത് നായക്കുഞ്ഞായിരുന്നില്ല. നായയിലും കുറുക്കനിലുമുണ്ടായ നായ്ക്കുറുക്കനായിരുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാവുമ്പോഴേക്കും അത് അവരുടെ ഹൃദയത്തിലേക്ക് സ്‌നേഹത്തിന്റെ കയര്‍ കെട്ടിക്കഴിഞ്ഞിരുന്നു. നായയാണോ കുറുക്കനാണോ എന്ന അസ്തിത്വപ്രതിസന്ധിയില്‍ (എഴുപതുകള്‍ അസ്തിത്വപ്രതിസന്ധിയുടെ പെരുങ്കളിയാട്ടക്കാലം കൂടിയാണല്ലോ) നട്ടം തിരിഞ്ഞ് കുരയ്ക്കാന്‍ ശ്രമിച്ച് ശ്രമിച്ച് പരാജയപ്പെട്ട് അതെപ്പോഴും ദൈന്യതയോടെ കൂക്കിക്കൊണ്ടിരുന്നു. രാത്രികളില്‍ വയറ് നിറയെ വെള്ളരിക്ക തിന്ന് കുറുക്കന്മാര്‍ പാറപ്പുറത്തേക്ക് പ്രകടനമായി വന്ന് സമൃദ്ധമായി 'ഇങ്കിലാബ് സിന്ദാബാദ്' വിളിക്കുമ്പോള്‍ കൂട്ടില്‍ കിടന്ന് സതിയുടെയും ജനന്റെയും സ്വന്തക്കാരന്‍ പേടിയോടെ കൂക്കിക്കൊണ്ടിരുന്നു. സ്വാതന്ത്ര്യത്തിലേക്ക് ഇരുവരും അതിനെ തുറന്നുവിട്ടെങ്കിലും പുറംലോകം തനിക്ക് നരകമായിരിക്കുമെന്ന തിരിച്ചറിവില്‍ കമ്പുകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ കൂടിനെ സ്വര്‍ഗ്ഗമായി സ്വയം വിശ്വസിപ്പിച്ച് അത് ചുരുണ്ടുകിടന്നു. 

ദിവസങ്ങള്‍ ശരം വിട്ടത് പോലെ അങ്ങനെ പോയിക്കൊണ്ടിരിക്കെയാണ് ഇന്ദിരാഗാന്ധി ദേഷ്യവും ഭ്രാന്തും ധാര്‍ഷ്ട്യവും മൂത്ത് ജനാധിപത്യത്തെ കടക്ക് പുറത്താക്കിയത്. ഒറ്റപ്പെട്ട നിസ്സാഹയരുടെ കണ്ണീര്‍ പോലെ അന്ന് മഴ തകര്‍ത്തുപെയ്തിരുന്നു. അതുവരെ ധൈര്യം അഭിനയിച്ച് നടന്നിരുന്നവരെല്ലാം പേടിയുടെ തനിക്കൊണം കാണിച്ചുതുടങ്ങി. 'അടിയന്തിരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യം രഹസ്യമായിട്ട് പോലും പറയാന്‍ ആളുകള്‍ ഭയന്നു. ഒറ്റുകാരാണോയെന്ന് പരസ്പരം സംശയിക്കാന്‍ തുടങ്ങി. മീശ പിരിച്ച പോലീസുകാര്‍ കുന്നുകയറിയും വന്നു. മുടി വളര്‍ത്തിയവരെ പരസ്യമായി മൊട്ടയടിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കൃത്യമായി. വരുമാനസര്‍ട്ടിഫിക്കറ്റും ജാതിസര്‍ട്ടിഫിക്കറ്റും വേഗം കിട്ടിത്തുടങ്ങി. സ്ഥലമളവിന് വില്ലേജ് ഓഫീസര്‍മാര്‍ കൃത്യമായെത്തി. പേടിപ്പിച്ച് ഭരിക്കാവുന്ന ജനത നമ്മെ പോലെ വേറെയാരുമില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തി. വന്ധ്യം കരിച്ച് കിട്ടുന്ന ബക്കറ്റിനും പൈസയ്ക്കുമായി ആളുകള്‍ കുന്നിറങ്ങി, ജില്ലാ ആശുപത്രിയിലേക്ക് ധിറുതിപ്പെട്ടു. 

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പത്താം നാള്‍ വടക്കോട്ട് മായാജാലത്തിന് പോയ ജനന്‍ മടങ്ങിവന്നില്ല. ജനനെക്കുറിച്ച് പതുക്കെപ്പതുക്കെ നാട്ടില്‍ കഥകള്‍ ഇറങ്ങി. നക്‌സല്‍ നേതാവാണ് ജനനെന്നും മായാജാലം അതിനൊരു മറയാണെന്നും ആളുകള്‍ പറഞ്ഞുനടന്നു. ഇന്ദിരാഗാന്ധിയെ മായ്ച്ചുകളയുന്ന മായാജാലം അവതരിപ്പിച്ചതിനാണ് ജനനെ അറസ്റ്റ് ചെയ്‌തെന്ന് ഒരു കൂട്ടം ആളുകള്‍ താടിക്ക് കൈകൊടുത്തു. പമ്പാവാസന്‍, പഞ്ചപാണ്ഡവന്‍ തുടങ്ങിയ മര്‍ദ്ദനമുറകള്‍ക്ക് ജനനെ വിധേയമാക്കിയെന്ന് മറ്റൊരുകൂട്ടം ആളുകള്‍ രഹസ്യം പറഞ്ഞു. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ജനന് അസാദ്ധ്യമാണെന്ന് വേറൊരു കൂട്ടം ആളുകള്‍ തീര്‍ച്ചപ്പെടുത്തി. എല്ലാം ഒറ്റയ്ക്കും തെറ്റായും സതിയിലേക്കും എത്തി. ജനനെത്തേടി അവള്‍ കുന്നിറങ്ങി. ഇത്തവണ സതി തന്നിലേക്ക് നോക്കിയില്ല. എല്ലാം തകര്‍ന്നതിന്റെ സംഭ്രമവും ദൈന്യതയും അവളുടെ കണ്ണുകളിലുണ്ടായിരുന്നു. പക്ഷേ കവലകളിലെ ആളുകള്‍ ആരും തന്നെ അവളില്‍ ആധിയുടെ തിരകള്‍ അലയടിക്കുന്നത് കണ്ടില്ല. അവളിലേക്ക് ആര്‍ത്തിയോടെ നാട് കണ്ണുകളിട്ടു. ജനന്‍ ഒരിക്കലും വരാതിരുന്നെങ്കില്‍ എന്ന്് പരസ്യമായി തന്നെ നാട് ആഗ്രഹം പ്രകടിപ്പിച്ചു. 

സ്റ്റേഷനുകളായ സ്റ്റേഷനുകളിലേക്ക് സതി പരാതിയുമായെത്തി. എല്ലാവരും കൈമലര്‍ത്തി. കൈമലര്‍ത്തുക എന്നത് അറിഞ്ഞിട്ടും അറിയില്ലെന്നതിന്റെ മറുവാക്കാണെന്ന് സതിക്കറിയില്ലായിരുന്നു. ദിവസങ്ങള്‍ ഇരുട്ടിലേക്ക് ചവുട്ടിക്കൊണ്ടിരുന്നു. ജനനില്ലാതെ ജീവിക്കാന്‍ ഇനിയെന്ത് വഴിയെന്നറിയാതെ അവര്‍ ഉരുകി.

നാട് അടിയന്തിരാവസ്ഥയുടെ നിശബ്ദതയില്‍ ആണ്ടുകിടക്കുമ്പോള്‍ ഒരാള്‍ മാത്രം എതിര്‍ശബ്ദം പുറപ്പെടുവിച്ചു. അത് ജനന്റെയും സതിയുടെയും നായ്ക്കുറുക്കനായിരുന്നു. കുറുക്കന്മാര്‍ പോലും ഓരിയിടാന്‍ ഭയന്നുപോയ ആ രാത്രികളില്‍ അത് ഒന്നും ആലോചിക്കാതെ കൂക്കിക്കൊണ്ടേയിരുന്നു. ഭരണകൂടത്തിനെതിരായുള്ള എതിര്‍ശബ്ദമാണ് കുന്നിന്‍പുറത്ത് നിന്ന് കേള്‍ക്കുന്നതെന്ന് ആളുകള്‍ വിധിയെഴുതി. നക്‌സലൈറ്റായ ജനനോടുള്ള അനുഭാവം പ്രകടിപ്പിക്കുകയാണ് നായ്ക്കുറക്കനെന്ന് ചായക്കടയിലിരിക്കുന്നവര്‍ ഐക്യകണ്ഠരായി. മുകളിലേക്ക് അതെത്താന്‍ താമസമുണ്ടായില്ല. നാല് പേരുടെ മീശ ഒന്നിച്ചുവളര്‍ത്തുന്ന സ്ഥലത്തെ എസ്‌ഐ പരിവാരങ്ങളെയും കൂട്ടിവന്ന് നായ്ക്കുറുക്കനെ അറസ്റ്റ് ചെയ്തു. ആളുകളുടെയും വീടുകളുടെയും സതിയുടെയും സാന്നിദ്ധ്യത്തില്‍ എസ്‌ഐ നായ്ക്കുറുക്കന്റെ തലയില്‍ ഒരു കരിങ്കല്ലെടുത്തിട്ടു. ചോര പൂക്കൂറ്റിയായി. ആ നേരം അത് നായയെ പോലെ കുരച്ചു. 
'കൂട്ടുകാരാ,
ഭീരുത്വം മൂലം ഒരിക്കലും ഞാന്‍ കുരയ്ക്കാതിരിക്കുന്നില്ല.
ഇതാ കാലന്‍! ഇതാ കള്ളന്‍!
ഇതാ ജാരന്‍! ഇതാ പോസ്റ്റുമാന്‍!
ഇതാ പിരിവുകാരോ വിരുന്നുകാരോ വരുന്നെന്ന്,
ഞാന്‍ എപ്പോഴും സ്വന്തം ദര്‍ശനം
അപ്പാടെ വിളിച്ചുപറയുന്നു.
ഒരു ദൈവത്തിന്റെയും വാഹനമല്ലാത്തവന്‍!
കൂട്ടുകാരാ,
പറയേണ്ടതു പറയാതെ,
ഒരു പട്ടി പോലുമല്ലാതെ,
വാലുപോലുമില്ലാതെ,
നരകത്തില്‍പ്പോലും പോകാതെ,
ഈ സൗധങ്ങളില്‍ നിങ്ങള്‍ ചീഞ്ഞുനാറുന്നു
'** എന്ന് മരണക്കുരയ്ക്കിടയില്‍ അത് ലോകത്തോട് പറഞ്ഞു. ആരും കേട്ടില്ല. നായ്ക്കുറുക്കനെ കുരുക്കിട്ട് കൊണ്ടുപോകുന്നതിനിടയില്‍ എസ്‌ഐയെ സതിയുടെ കണ്ണുകള്‍ കുരുക്കിട്ട് കുടുക്കി. അന്ന് രാത്രി അയാള്‍ക്കുറക്കം കിട്ടിയില്ല. തിരിഞ്ഞും മറിഞ്ഞും മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും അയാളിലെ ഉറക്കം സതി എടുത്തുകൊണ്ടുപോയി. പുലരി കണ്ണുകള്‍ തുറക്കുംമുമ്പ് അയാള്‍ സതിയുടെ ചെറ്റ പൊന്തിച്ചു. അവള്‍ എതിര്‍ത്തു. മുഖമടച്ചുള്ള ഒരടിയില്‍ അവള്‍ മലര്‍ന്നടിച്ച് പുല്‍പ്പായയിലേക്ക് വീണു. ഒരു കരിങ്കല്ല് തന്റെ തല ചിതറിക്കുന്നത് അവള്‍ കണ്ടിരിക്കണം. അവളുടെ മനസ്സില്‍ ജനന്‍ തെളിഞ്ഞു. മാന്ത്രികവടി ഉയര്‍ത്തിവീശി അവന്‍ അവളെ അപ്രത്യക്ഷയാക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞു.

സതിയുടെ അടിയന്തിരാവസ്ഥ അവിടെ തുടങ്ങുകയായിരുന്നു. എസ്‌ഐ കുന്നിന്‍പുറത്തേക്ക് ഇടയ്ക്കിടെ ചെറ്റ പൊന്തിക്കാന്‍ വരുന്നത് നാട് അറിഞ്ഞു. അടി പേടിച്ചും അടിയന്തിരാവസ്ഥയെ പേടിച്ചും ആരും അയാള്‍ക്കെതിര്‍ പറഞ്ഞില്ല. അയാള്‍ വന്ന് കൊടുക്കുന്ന ചില്ലറകളും കൊണ്ട് അരിയും സാധനങ്ങളും വാങ്ങാന്‍ അവള്‍ കുന്നിറങ്ങിവന്നു. ജനനൊപ്പമുണ്ടായിരുന്ന പ്രണയത്തിന്റെ തീ അവളുടെ മുഖത്ത് നിന്ന് മാഞ്ഞുപോയിരുന്നു. ഏത് നിമിഷവും പൊട്ടിത്തെറിച്ചുപോകാവുന്ന ഒരുഗ്നിപര്‍വ്വതം അവളില്‍ പുകഞ്ഞു. അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുമ്പോഴും അബ്ദുള്ളയുടെ അങ്ങാടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും സാധനങ്ങള്‍ വാങ്ങിത്തിരിച്ചുപോകുമ്പോഴും തെയ്യം ഉറയുമ്പോള്‍ ചെണ്ട കൊട്ടുന്നത് പോലെ ആളുകളുടെ ഹൃദയം പടാ പടാ കൊട്ടി. സഹിക്കാതെ ആയവര്‍ എസ്‌ഐയുടെ ജീപ്പ് വരാത്ത രാത്രികളില്‍ ഉള്ളത് പെറുക്കിവിറ്റുകിട്ടിയത് അവളുടെ മുന്നില്‍ വെച്ച് താണുകേണു. കരഞ്ഞു. കാല് പിടിച്ചു. സമ്മതം പിടിച്ചുവാങ്ങിയവര്‍ അതിന്റെ കഥകള്‍ പറഞ്ഞുനടന്നു. അവര്‍ ജാരന്മാരുടെ സംസ്ഥാനകമ്മിറ്റിയംഗങ്ങളായി. 

അടിയന്തിരാവസ്ഥ കൂട്ടിക്കെട്ടിയ ദിവസങ്ങളുമായി സസന്തോഷം ജനങ്ങള്‍ പൊരുത്തപ്പെട്ടു. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. മഴ പോയി, ഓണം വന്നു, തണുപ്പ് വന്നു, വെയില്‍ വന്നു, മഴ വന്നു. ജനനെത്തേടിയുള്ള അലച്ചില്‍ സതി അവസാനിപ്പിച്ചില്ല. സ്റ്റേഷനുകളിലും പത്രമോഫീസുകളിലും കോടതിയിലും അവനൊപ്പം അവള്‍ പോയി. ഒന്നും ഒരുത്തരവും അവള്‍ക്ക് നല്‍കിയില്ല. മുരണ്ടുകിടക്കുന്നതിനിടയില്‍ എസ്‌ഐയും അവളോട് ഒന്നും പറഞ്ഞില്ല. ജനന്‍ മാത്രമല്ല പലരും പലയിടങ്ങളിലും കാണാതാവുന്നുണ്ടെന്നും മരണപ്പെടുന്നുണ്ടെന്നും പതിയെപ്പതിയെ അവള്‍ തിരിച്ചറിഞ്ഞു. ശൂന്യമായ രാത്രികളില്‍ മാന്ത്രികദണ്ഡ് തട്ടിത്തട്ടി വഴി തേടി, ജനന്‍ വരുന്നത് അവള്‍ മനസ്സില്‍ കാണും. അപ്പോള്‍ മാത്രം അവളുടെ കണ്ണുകള്‍ നിറയും. 

അടിയന്തിരാവസ്ഥ പിന്‍വലിക്കുന്നതിന് ഒരാഴ്ച മുമ്പ് എസ്‌ഐ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി. അവസാനമായി അവളെ കാണാന്‍ വന്നപ്പോഴും ജനന്‍ എവിടെയാണെന്ന് അയാള്‍ പറഞ്ഞില്ല. അവളുടെ ഉടലിലേക്ക് കത്തിക്കൊണ്ടിരിക്കുന്ന ബീഡി കുത്തി, അവളുടെ വേദനയില്‍ അയാള്‍ ചിരിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണുകള്‍ നിറയാത്തത് എപ്പോഴത്തെന്നെയും പോലെ അപ്പോഴും അയാളെ പ്രകോപിപ്പിച്ചു. ബീഡി തീരും വരെ അയാള്‍ അവളെ കുത്തിക്കൊണ്ടിരുന്നു. ചെറ്റപ്പുരയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട ആദ്യത്തെ പുരുഷന്‍ താനാണെന്ന് മറ്റാരേക്കാളും അയാള്‍ തിരിച്ചറിഞ്ഞു. അതിന്റെ പരാജയബോധത്തില്‍ ജീപ്പ് ആവുംവിധം വേഗത്തില്‍ അയാള്‍ നഗരത്തിലേക്ക് തിരിച്ചു. കണ്ണില്‍ ഇരുട്ട് പിടിച്ച നേരം അയാളുടെ വണ്ടി, മരത്തില്‍ തട്ടി കൊക്കയിലേക്ക് മറഞ്ഞു.

അടിയന്തിരവാസ്ഥ കഴിഞ്ഞതിന്റെ ഒന്നാംമാസം ജനന്‍ അവളുടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. 
ജനന്റെ വലതുകാല്‍ മുറിച്ചുമാറ്റപ്പെട്ടിരുന്നു. എന്താണ് അയാള്‍ക്ക് സംഭവിച്ചതെന്നോ എവിടെയായിരുന്നു ഇത്ര നാള്‍ എന്ന് ആരും അയാളോട് ചോദിച്ചില്ല. ജനന്റെ സതി ചീത്തയായതിന്റെ വിശദാംശങ്ങള്‍ അവര്‍ വിളിച്ചുപറഞ്ഞു. അയാള്‍ ഒന്നിനും മറുപടി കൊടുത്തില്ല. ആയാസത്തോടെ മാന്ത്രികവടി നിലത്തുകുത്തി അയാള്‍ കുന്ന് കയറി. അയാള്‍ക്ക് പിറകെ അവരും കുന്ന് കയറി. അവരില്‍ സ്ത്രീകളുണ്ടായിരുന്നു. കുട്ടികളുണ്ടായിരുന്നു. ചെറ്റ പൊന്തിച്ച പുരുഷന്മാരുമുണ്ടായിരുന്നു. സതിയെ ജനന്‍ തീര്‍ക്കുന്നത് മിസ്സാക്കരുതല്ലോ. 

പാറക്കൂട്ടങ്ങള്‍ക്കിടയിലെ മുളിപ്പുല്ലുകള്‍ക്ക് കാറ്റ് നാടിന്റെ കഥ കേള്‍പ്പിച്ചുകൊടുത്തു. ഉറക്കം വരുവോളം നാട് ജനന്റെയും സതിയുടെയും ചെറ്റപ്പുരയ്ക്ക് മുന്നില്‍ ഇരിക്കുകയോ നില്‍ക്കുകയോ നടക്കുകയോ ഉണ്ടായി. സതിയെ ജനന്‍ തുണ്ടം തുണ്ടമായി വെട്ടിമുറിക്കുന്നത് കാണാനുള്ള ആഗ്രഹം അവര്‍ക്കത്രയ്ക്കുണ്ടായിരുന്നു. അകത്തുനിന്ന് വെട്ടുംകുത്തും കേള്‍ക്കാന്‍ അവര്‍ ചെവികൂര്‍പ്പിച്ചു. ഒന്നും സംഭവിച്ചില്ല. പൂട്ടിയ വാതില്‍ അവര്‍ക്ക് മുന്നില്‍ ഉത്തരവുമായി തുറന്നതേയില്ല. വെറുതെ സമയം കളഞ്ഞത് മിച്ചമെന്ന് പറഞ്ഞ് അവര്‍ കുന്നിറങ്ങി. ചന്ദ്രന്‍ കുന്നില്‍ നിന്ന് എഴുന്നേറ്റ് ആകാശത്ത് വന്ന് അവരെ നോക്കി, പുച്ഛത്തോടെ ചിരിച്ചു. 

എല്ലാവരും യാത്രയായപ്പോള്‍ സതിയുടെ ചെറ്റപ്പുരയില്‍ വെളിച്ചം പടര്‍ന്നു. ചിമ്മിണിവിളക്കുകള്‍ എല്ലായിടത്തും കത്തിനിന്നു. മാജിക് അവതരിപ്പിക്കുന്ന നേരത്ത് ജനന്‍ വെയ്ക്കാറുള്ള സംഗീതം അവിടെ നിന്ന് ഉയര്‍ന്നുകേട്ടു. ജനന്‍ സതിയെ ചേര്‍ത്തുപിടിച്ച്  സംഗീതതാളത്തില്‍ നൃത്തം വെച്ചു. പൊടുന്നെനെ പെയ്ത മഴ അവര്‍ക്ക് കൂട്ടായി. 

പിന്നെയൊരിക്കലും സതിയെയും ജനനെയും നാട് കണ്ടില്ല. അവരെക്കുറിച്ച് കഥകള്‍ ഇങ്ങനെ അപ്പൂപ്പന്‍താടിയെ പോലെ ഒഴുകിയൊഴുകിപറന്നുകൊണ്ടേയിരുന്നു. അന്നും ഇന്നും എന്നും ഇതാ ഇപ്പോഴും....

(ഒരു പഞ്ചതന്ത്രം കഥ, ജാരദംശനം എന്നീ കഥകള്‍ക്ക് പിന്നില്‍ ജനനും സതിയും നായ്ക്കുറുക്കനുമാണ്.)

**  വരികള്‍ക്ക് കടപ്പാട് കെ.ജി.എസിന്റെ കവിത