ര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
നഗരത്തില്‍ റിതേഷ് എന്ന സുഹൃത്തിന്റെ പ്ലാസ്മ ട്യൂഷന്‍ സെന്ററില്‍ സമയത്തെ കൊന്നുകൊണ്ടിരിക്കുമ്പോഴാണ് അവന്‍ വിളിക്കുന്നത്. 
-ഷാജിയേട്ടന്‍ എവിടാണ്.. എനിക്കൊന്ന് കാണണം... 
എസ്.എഫ്.ഐയുടെ നീലേശ്വരം ഏരിയാകമ്മിറ്റിയംഗമായിരുന്നു അന്നവന്‍. 
നന്നായി വായിക്കും. 
കവിതകള്‍ എഴുതും. 
നല്ലൊരു സംഘടനാപ്രവര്‍ത്തകന്‍. 
ആത്മാര്‍ത്ഥത കുറച്ച് കൂടിയത് മാത്രമാണ് ഒരു തെറ്റായി അവനില്‍ സുഹൃത്തുക്കള്‍ കണ്ടത്.

മഞ്ഞഖദര്‍ വേഷത്തില്‍ കൈയ്യില്‍ കുറച്ച് പുസ്തകങ്ങളുമായി അവന്‍ പ്ലാസ്മ ട്യൂഷന്ററിലേക്ക് കയറിവന്നു. 
വിഷാദം അന്തിവെയില്‍ പോലെ  മുഖത്ത് പരന്നിരുന്നു.
-എന്തുണ്ട്...
ഞാന്‍ ചോദിച്ചു.
-ഈ നാടിന്റെ പോക്ക് ഒട്ടും ശരിയല്ല...
അവന്‍ പറഞ്ഞു. 
-ഏ...
-ഈ നാടിന്റെ പോക്ക് ഒട്ടും ശരിയല്ലാന്ന്...
അവന്‍ ഗൗരവത്തിലാണ്.
-അതെ, ശരിയല്ല... അതിനിപ്പോള്‍ നമ്മള്‍ എന്തുചെയ്യാനാണ്....
സ്വതവേ അത്തരത്തിലുള്ള പ്രസ്താവനകള്‍ തമാശയായി കണക്കാക്കുന്ന ആളുകളുലൊരുവനാണ് ഞാനും. 
-നമ്മളൊക്കെ എന്തെങ്കിലും ചെയ്‌തേ പറ്റൂ ഷാജിയേട്ടാ...
-നമ്മള്‍ എന്ത് ചെയ്യനാണെടാ... മഴ നനഞ്ഞ ഓലപ്പടക്കങ്ങള്‍ അല്ലേ നമ്മള്‍...
അപ്പോഴും അവന്‍ പറയുന്നതിന്റെ ഗൗരവത്തിലേക്ക് എന്റെ കണ്ണും മനസ്സും എത്തിയിട്ടില്ല.
-എന്തെങ്കിലും ചെയ്യണം... അല്ലെങ്കില്‍ നമ്മളൊക്കെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം... 
-ഈ ലോകത്ത് നമ്മള്‍ എന്തിനാണ് ജീവിക്കുന്നതെന്ന് ഒരിക്കലും മനസിലാക്കാതെ ചത്തുപോവുന്ന ഒരു ബ്ലഡീഫൂള്‍ ജീവിയാകുന്നു മനുഷ്യന്‍...
ഞാന്‍ ഒരു തത്വചിന്ത വലിച്ചിട്ടു. 
-ശരിയാണ്... അതുകൊണ്ടെന്തിങ്കിലും ചെയ്‌തേ പറ്റൂ...
-എന്ത് ചെയ്യാനാണ്...
-സമരം ചെയ്യണം... വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാവണമെങ്കില്‍ സമരം ചെയ്‌തേ മതിയാവൂ...
-സമരങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ..
-സമരം ചെയ്യുന്നോര്‍ക്ക് ആത്മാര്‍ത്ഥയില്ലാത്തതോണ്ടാ...

പ്ലാസ്മയില്‍ നിന്ന് തുടങ്ങിയ സംസാരം നീലേശ്വരത്ത് നിന്ന് ചെറുവത്തൂരേക്കുള്ള കെ.എസ്.ആര്‍.ടി.സി.യിലെ തിരക്കിലും തുടര്‍ന്നു. കരിയറിസത്തിന്റെയും അവനവനിസത്തിന്റെ പ്രതിരൂപങ്ങളായി പുതുയൗവനം പാഴാക്കപ്പെടുന്നതിനെക്കുറിച്ചും യുവാക്കളുടെ ചിന്തകളില്‍ തീപിടിക്കാത്തതിനെക്കുറിച്ചും അവന്‍ ആശങ്കപ്പെട്ടു. 
-ജീവിതം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണെടാ... സ്വസ്ഥതയുടെ സുഖപ്പുറത്തിരുന്ന് കൊണ്ടുള്ള സാമൂഹ്യപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്... ഒരു തരത്തില്‍ അതാണ് നല്ലത്. നമ്മള്‍ നമ്മളെ സുരക്ഷിതരാക്കിക്കൊണ്ട് പോരെ സാമൂഹ്യപ്രവര്‍ത്തനത്തിനിറങ്ങാന്‍... ഭാര്യയെ സഹകരണബാങ്കില്‍ ജോലിക്ക് കയറ്റി രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങുന്നതൊന്നും ഒരു തെറ്റല്ലെടാ...  
ഞാന്‍ മധ്യവര്‍ഗ്ഗിയായി. 
-ഈ പ്രായത്തില്‍ എല്ലാം വലിച്ചെറിഞ്ഞ് പോകാന്‍ തോന്നും. കുടുംബത്തെ മറന്നുകൊണ്ട് ഒന്നും ചെയ്യരുത്...
ഒന്നും വലിച്ചെറിയാന്‍ ഒട്ടും ധൈര്യമില്ലാത്ത ഞാന്‍ അവനെ ഓര്‍മിപ്പിച്ചു. അവനതിന് മറുപടി പറഞ്ഞില്ല. 

സാധാരണക്കാരായ മനുഷ്യര്‍ക്കായി എന്തെങ്കിലും ചെയ്യുമെന്ന് അവന്‍ ആവേശം കൊണ്ടു. അവന്റെ ആവേശം കണ്ട് എന്തിലും സഹകരിക്കുന്ന ശാരദാകാശം ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. മഴ തിമിര്‍ത്തുപെയ്യാന്‍ തുടങ്ങി. ഷട്ടര്‍ ബസിലേക്ക് ഇരുട്ട് കൊണ്ടുവന്നപ്പോള്‍ വെളിച്ചം ദുഖ:മാണുണ്ണി, തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ അവന്‍ പറഞ്ഞു. 

ചെറുവത്തൂരില്‍ ഇറങ്ങുമ്പോള്‍ മഴ മാറിയിരുന്നു. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ ഇടതുപക്ഷത്തിന് മുതല്‍ക്കൂട്ടാവുന്ന ഒരു നേതാവായി അവന്‍ മാറുമെന്ന് എനിക്ക് തോന്നി. ആത്മാര്‍ത്ഥയുള്ളവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടമില്ലാതാകുന്ന കാലമാണിതെന്ന് മനസ്സ് ഒരു കുത്ത് കുത്തി. അവനൊരിക്കലും വിജയിക്കുന്ന രാഷ്ട്രീയനേതാവാകാന്‍ സാദ്ധ്യതയില്ല. മനസ്സ് അടിവരയിട്ടു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ എന്ത് വിജയം.. എന്ത് പരാജയം. നേര്‍പ്രവര്‍ത്തനം മാത്രമാണല്ലോ മുഖ്യം.. ഞാന്‍ സ്വയം സമാധാനിച്ചു. സമാധാനം കെടുത്താന്‍ മഴ വീണ്ടും തുടങ്ങി, ജീവിതവിജയത്തിന് ഒരു ദിവസത്തെ റാപ്പിഡ് കോഴ്‌സ് എന്ന ബോര്‍ഡിന് കീഴിലേക്ക് ഞാന്‍ കാലുകള്‍ നീട്ടിവെച്ചു. 

ദിവസങ്ങള്‍, മാസങ്ങള്‍ ശറ പറ ശറ പറാന്ന് ഇങ്ങനെ കടന്നുപോവുകയാണ്. ജീവിതം ലക്കും ലഗാനുമില്ലാതെ എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം പാലക്കാട്ടെ കെ.എഫ്.സി , മക്‌ഡൊണാള്‍ഡ് കടകള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം എന്ന വാര്‍ത്ത വന്നു. പത്രങ്ങളില്‍ ദിവസങ്ങളോളമുള്ള അതിന്റെ ഫോളോ അപ്പ്‌സ് ഉള്ളില്‍ വിശേഷിച്ചൊരു ചലനവുമുണ്ടാക്കിയില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വന്ന വാര്‍ത്ത ഞെട്ടിപ്പിച്ചുകളഞ്ഞു. കെ.എഫ്.സി തകര്‍ത്തു: രണ്ട് മാവോവാദികള്‍ അറസ്റ്റില്‍ എന്ന തലക്കെട്ടിലെ വാര്‍ത്തയില്‍ മൂന്ന് പാസ്‌പോര്‍ട്ട് ചിത്രങ്ങളിലൊന്നായി അവന്‍! 
ബിരുദത്തിന് ശേഷം അവന്‍ ബിഎഡ് ചെയ്തത് മാനന്തവാടിയിലാണ്. അവിടെ വെച്ച വര്‍ഗ്ഗരഹിത ജീവിതത്തിന്റെ ഇടതുതീവ്രവഴികളിലേക്ക് അവന്റെ മനസ് കേറിപ്പോയിരിക്കാം. 

നാട്ടില്‍ അവന്റെ അറസ്റ്റുവാര്‍ത്ത വലിയ ചര്‍ച്ചയായി. ഇതൊക്കെ ചെയ്യാനുള്ള ആത്മധൈര്യം അവനുണ്ടോ എന്ന് ചിലര്‍ താടിക്ക് കൈവെച്ചു. അവരത് തകര്‍ത്തത് നന്നായി. ആദിവാസികളുടെ ഭൂമിയാണ്. അതാണ് കുത്തകകള്‍ കൈക്കലാക്കിയത് എന്ന് ചിലര്‍ അവന് പിന്തുണ പ്രഖ്യാപിച്ചു. കുത്തകകളോടും മുതലാളിമാരോടും ചോദിക്കാനും പറയാനും കുറച്ചെങ്കിലും ആളുകളുണ്ടല്ലോ എന്ന് ചിലര്‍ കൂട്ടുവാചകങ്ങളുതിര്‍ത്തു. കുറച്ചുദിവസങ്ങളില്‍ കാസര്‍ഗോഡിലെ പ്രാദേശികപത്രങ്ങളില്‍ അവന്‍ വാര്‍ത്തയായി. ബൈറ്റെടുക്കാന്‍ വീട്ടിലേക്ക് വന്ന ചാനലുകാരോട് അവന്റെ അച്ഛന്‍ (അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം അനൗണ്‍സറാണ്) രോഷത്തോടെ ചോദിച്ചു: അവന്‍ കക്കാനും പിടിച്ചുപറിക്കാനും പെണ്ണിനെ കേറിപ്പിടിക്കാനൊന്നുമല്ലല്ലോ പോയത്... 
മൈക്ക് പിടിച്ചവര്‍ കിട്ടിയ വഴിയെ പോയി.

ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം സാമൂഹികപ്രവര്‍ത്തനത്തിന്റെ വഴിയില്‍ നിന്ന് മാറിയില്ലവന്‍. പരോപകാരം ചെയ്ത് സെല്‍ഫിയെടുത്ത് നന്മമരങ്ങളാകുന്ന ആളുകളുടെ എണ്ണം ഏറിക്കൊണ്ടിരിക്കുന്ന കാലത്ത് തന്റേതായ രീതിയില്‍ ലാഭേച്ഛയില്ലാതെ അവന്‍ ഇടപെടുന്നു. അവന്റെ സഹപാഠികളും സമപ്രായക്കാരും ശമ്പളപ്പട്ടികയിലേക്ക് കയറി സ്വസ്ഥരായി ഫേസ്ബുക്കിലും വാട്‌സാപ്പിലും സ്റ്റാറ്റസുകള്‍ പുതുക്കിക്കൊണ്ടേയിരിക്കുന്നു. 

അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ പോലീസുകാര്‍ വെടിവെച്ച് കൊന്നവാര്‍ത്ത കാണുമ്പോള്‍ അവനെ ഓര്‍മിക്കുന്നു. 
അവന്റെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മിക്കുന്നു: അവന്‍ കക്കാനും പിടിച്ചുപറിക്കാനും പെണ്ണിനെ കേറിപ്പിടിക്കാനൊന്നുമല്ലല്ലോ പോയത്....

Content Highlights: P V Shaji Kumar share memory about his old friend who later attracted to Maoism