ക്ഷണത്തെ സ്‌നേഹിക്കുന്നവര്‍ സ്വജീവിതത്തെയും ഏറെ ഇഷ്ടപ്പെടുന്നവരായിരിക്കും. വിശപ്പടക്കാന്‍ വേണ്ടിയാണല്ലോ പ്രധാനമായും മനുഷ്യര്‍ ജോലി ചെയ്യുന്നത്. വിശക്കുന്നവന്റെ മുന്നിലേക്ക് അറിവല്ല, ആഹാരമാണ് നല്‍കേണ്ടതെന്ന് വിവേകാനന്ദന്‍ പറഞ്ഞത് വെറുതെയല്ല. 

കിട്ടുന്ന എന്തും ഏതും കഴിക്കാനുള്ള ഉല്‍സാഹവും ആഗ്രഹവും കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. വയറത്രയില്ലെങ്കിലും ആനയെ തിന്നാനുള്ള വിശപ്പൊക്കെ ഉണ്ടായിരുന്നു. വയസ്സ് കയറിക്കയറിവരുമ്പോള്‍ വിപരീതദിശയില്‍ ഭക്ഷണാസക്തി കുറഞ്ഞു. കഴിക്കുന്നത് എന്തായാലും പാഴാക്കിക്കളയരുതെന്ന് ഓര്‍മിപ്പിച്ചത് തിരവള്ളുവരാണ്*. അതുമാത്രമാണ് കഴിക്കുമ്പോള്‍ ശീലമായി കൊണ്ടുനടക്കുന്നത്.  

ഇപ്പോള്‍ കര്‍ക്കിടകത്തിലെ പെരുമഴയും നോക്കിയിരിക്കുമ്പോള്‍ കുട്ടിക്കാലത്ത് നാവില്‍ രുചി പടര്‍ത്തിയ വിഭവങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്.  ഒരു കാലത്ത് കാസര്‍കോടുകാര്‍ മാത്രം ഒരുക്കിയ രുചികള്‍.

തോരപ്പായസവും ഏര്‍പ്പ് വെരുകലും

വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വീട്ടില്‍ തോരപ്പായസം വെയ്ക്കുമായിരുന്നു, മകരം 28-നും കര്‍ക്കിടകം 18-നും. തോര അഥവാ തുവര തെക്കന്‍ ജില്ലക്കാര്‍ക്ക് അജ്ഞാതമായ പരിപ്പുവര്‍ഗം. തോരപ്പായസവും അപരിചിതമായിരിക്കുമല്ലോ. കണ്ണൂരും കാസര്‍കോടും യഥേഷ്ടം. തോര കൊണ്ട് പായസം മാത്രമല്ല തോരക്കറിയും തോരപ്പുഴുക്കും ഉണ്ടാക്കാം.

മകരം 28-ന് വീടുകളില്‍ തോരപ്പായസം വെയ്ക്കുന്നത് ഭൂമിക്ക് വേണ്ടിയാണ്. ഭൂമി പുഷ്പിണിയാവുന്ന ദിവസം. അശുദ്ധിയല്ല ആര്‍ത്തവം എന്ന് പഴമക്കാര്‍ പറയാതെ പറയുന്ന ദിവസം. മെന്‍സസ് ആയ ഭൂമിയെ നിറസ്‌നേഹത്തോടെ പരിപാലിക്കുന്ന ദിവസം. ആചാരത്തെ ഏര്‍പ്പ് എന്ന് ഞങ്ങള്‍ വിളിക്കുന്നു. 

ആ ദിവസം ഭൂമിയെ കിളച്ചുമറിക്കാനോ കുഴിതോണ്ടാനോ മണ്ണില്‍ ജീവിക്കുന്ന മനുഷ്യര്‍ തയ്യാറാവില്ല. ചൂല് കൊണ്ട് മുറ്റം പോലും അടിക്കില്ല. ഒരില പോലും അനങ്ങാതെ നില്‍ക്കുന്ന ദിവസം. രാത്രിയില്‍ മാത്രം വേനലിനെ കാറ്റ് സഹര്‍ഷം സ്വാഗതം ചെയ്യും.

കര്‍ക്കിടകം 18-ന് കുട്ടികളുടെ തൂക്കം നോക്കാന്‍ (ഭാരം പരിശോധിക്കാന്‍) വരുന്ന ദിവസമാണ്. വരുന്നത് ആരെന്ന് മുതിര്‍ന്നവര്‍ പറയില്ല, തൂക്കമെങ്ങാനും കുറവാണെങ്കില്‍ വരുന്നയാള്‍ നിങ്ങളെയും തൂക്കിയെടുത്ത് അയാളുടെ നാട്ടിലേക്ക് കൊണ്ടുപോവുമെന്നും പിന്നീടൊരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്നും പറഞ്ഞുപേടിപ്പിച്ച് അമ്മമാര്‍ ഞങ്ങളെ തോരപ്പായസം കുടിപ്പിക്കും. കുടിച്ച് കുടിച്ച് കുപ്പായത്തിന്റെ കുടുക്ക് പൊട്ടിച്ച് വയറ് പുറംലോകത്തേക്ക് ഒരു വലിയ റ വരക്കും. പായസത്തിന്റെ മത്തില്‍ പായയില്‍ വീഴേണ്ട താമസം ഉറക്കം കണ്ണുകളില്‍ ഊഞ്ഞാല് കെട്ടും. പേടിച്ച് അമ്മിക്കല്ല് കാലില്‍ കെട്ടി കിടന്നവരുണ്ട്. പരസ്പരം കാലുകെട്ടുന്നവരും ഉണ്ട്. രാവിലെ കണ്ണ് തുറന്ന് ആദ്യം സ്വയം തപ്പി, കിടന്നയിടത്ത് തന്നെയുണ്ടെന്നുറപ്പിക്കും. ഏറെക്കാലം കഴിഞ്ഞ് മിത്തിന് പിറകെ പോയപ്പോള്‍ മനസ്സിലായി, ഇരുട്ടത്ത് തൂക്കം നോക്കാന്‍ വന്നത് കാറ്റാണ്. കാറ്റിനെ സല്‍ക്കരിച്ചിരുത്തുന്ന ചടങ്ങാണ്.  

ഇപ്പോള്‍ ഏര്‍പ്പില്ല, കര്‍ക്കിടകം 18-ഉം ഇല്ല. തോരപ്പായസം വീടുകളില്‍ വെയ്ക്കുന്നത് ഇല്ലാതെയായി.  
ഏര്‍പ്പ് ഓര്‍ത്തുപോകുന്നു. പ്രകൃതിയെ വെല്ലുവിളിച്ച് ജീവിതം സാധ്യമേയല്ലെന്ന തിരിച്ചറിവുള്ള പഴയ മനുഷ്യരെ ഓര്‍ത്ത് പോകുന്നു. 
അറിവ് മാത്രമുള്ള, തിരിച്ചറിവ് നഷ്ടമായ പുതിയ മനുഷ്യര്‍ കണ്ണില്‍ കുത്തുന്നു...

പൂരംകുളിയും പൂരച്ചോറും

സ്‌കൂള്‍ അടയ്ക്കുന്ന മാര്‍ച്ച് മാസത്തിന്റെ അവസാനങ്ങളിലാണ് നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂരോല്‍സവം തുടങ്ങുക. പൂരോല്‍സവം അവസാനിക്കുന്നത് പൂരംകുളിയോട് കൂടിയാണ്. അന്ന് ക്ഷേത്രത്തിലെ വിഗ്രഹങ്ങളും തിരുവായുധങ്ങളും കുളക്കടവിലേക്കോ പുഴക്കടവിലേക്കോ എഴുന്നള്ളിച്ച് ശുദ്ധിവരുത്തും. ശിവന്‍ കത്തിച്ചുകളഞ്ഞ കാമദേവനെ  ഇലഞ്ഞിപ്പൂക്കള്‍ കൊണ്ട് വീടുകളില്‍ ഒരുക്കിവെച്ച് പൂരച്ചോറ് വിളമ്പും. ഉണങ്ങലരി വരട്ടിയെടുത്ത് അതിലേക്ക് തേങ്ങയും ഉപ്പുമിട്ട് ഉണ്ടാക്കുന്നതാണ് പൂരച്ചോര്‍. മധുരമുള്ള ചെരങ്ങാക്കറിയായിരിക്കും പൂരച്ചോറിന് സമരസപ്പെടുന്നത്. വലിയൊരു കലത്തിലാണ് വീട്ടില്‍ പൂരച്ചോര്‍ വെയ്ക്കുന്നത്. എത്രയെടുത്താലും തീരാത്ത അക്ഷയപാത്രം പോലെ കലത്തില്‍ പൂരച്ചോറും ചെരങ്ങാക്കറിയും പിറ്റേദിവസവും ഉഷാറായി ഇരിപ്പുണ്ടാകും. 

കുളുത്ത്

പഴങ്കഞ്ഞിക്ക് ഞങ്ങള്‍ പറയുന്ന മറുവാക്കാണ് കുളുത്ത്. തലേദിവസം ബാക്കിവന്ന ചോറില്‍ പച്ച വെള്ളമൊഴിച്ച് പിറ്റേദിവസം രാവിലെയെടുക്കുന്നതാണ് കുളുത്ത്. ഒരു കാലത്ത് ''ചോറ് വേയ്‌ച്ചോ..?'' എന്നല്ല, ''നീ കുളുത്ത് കുടിച്ചോ..?'' എന്നതായിരുന്നു ചോദ്യം. കുളുത്തും കപ്പപ്പറങ്കി (കാന്താരി മുളക്) ഞെരടിയ തൈരും ഒരു ഉണക്കമീന്‍ ചുട്ടതും കൂട്ടിയടിച്ചാല്‍, ഇപ്പോള്‍ യോഗഭ്യാസികള്‍ പറയുന്നത് പോലെ ആ ദിവസം മുഴുവന്‍ ഫ്രഷ് ആയിരിക്കും. കുളുത്തിന് കരുത്ത് അത്രയ്ക്കുണ്ട്. ഇപ്പോള്‍ നഗരങ്ങളിലെ വലിയ ഹോട്ടലുകളില്‍ മൂല്യമുള്ള വിഭവമായി മാറിക്കഴിഞ്ഞിട്ടുണ്ട് കുളുത്ത്. പേര് കുളുത്തല്ലെന്ന് മാത്രം.

എളേക്ക വാരലും മട്ടത്തിലിടലും

ആദ്യമഴ നന്നായി പെയ്താല്‍ വീടിന് മുന്നിലെ വയലുകളില്‍ കാല്‍മുട്ടിന് കീഴെ വെള്ളം നിറയും. കുട്ടികള്‍ വയലിലേക്ക് ഇറങ്ങും. മണ്ണിനടിയില്‍ ഉറങ്ങിക്കിടന്ന നെയ്ച്ചിങ്ങകള്‍  പുറത്തേക്ക് വന്ന് പുല്‍വേരുകളില്‍ ഒട്ടിക്കിടക്കുന്നുണ്ടാവും. നമച്ചി എന്ന പേരിലും അറിയപ്പെടുന്ന കക്കവര്‍ഗ്ഗത്തില്‍ പെട്ട ജീവിയാണ് നെയ്ച്ചിങ്ങ. രൂപത്തില്‍ ഒച്ചിന് സാമ്യം. നെയ്ച്ചിങ്ങകള്‍ സ്വന്തമാക്കാന്‍ കുട്ടികള്‍ തമ്മില്‍ വെള്ളത്തില്‍ ഓട്ടമായിരിക്കും. കുട്ടികളുടെ കാലുകള്‍ക്കിടയില്‍ വെള്ളം ബ്രേക്ക് ഡാന്‍സ് കളിക്കും. നെയ്ച്ചിങ്ങയും ചക്കക്കുരു ചെറുതായി അരിഞ്ഞതും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചെടുത്ത് മഴത്തണുപ്പില്‍ ചൂടുകഞ്ഞിക്കൊപ്പം കഴിക്കുന്നത് ഓര്‍ത്താല്‍, കഴിച്ചവരുടെ വായില്‍ ഇപ്പോഴും ചെറിയ കപ്പല്‍ ഇറക്കാന്‍ പാകത്തില്‍ വെള്ളമുണ്ടാവും. 

കൊരട്ടയും കൂണും

മഴ പെയ്യുമ്പോള്‍ കുട്ടികള്‍ കുന്ന് കയറും. മഴ നനയുന്നതിന്റെ പ്രാന്തിനൊപ്പം പറങ്കിമാവുകളില്‍ നിന്ന് വേര്‍പ്പെട്ടുകിടക്കുന്ന കൊരട്ടകള്‍ (കശുവണ്ടി) മുളച്ച് വന്നിട്ടുണ്ടോയെന്ന് നോക്കുന്നതിനും കൂടിയാണ്. പച്ചക്കളറില്‍ മുഖം കുനിച്ച് മോഹിനിയായി കൊരട്ടകള്‍ തോടില്‍ നിന്ന് പുറത്തേക്ക് വന്ന് കൊഴിഞ്ഞയിലകള്‍ക്ക് മുകളില്‍ കിടപ്പുണ്ടാവും. കൊരട്ടകള്‍ മുളച്ചത് കുറേ കിട്ടിയാല്‍ അതിലേക്ക് ചക്കക്കുരുവും ചേര്‍ത്ത് വറുത്തെടുത്ത് കറിയുണ്ടാക്കിയാല്‍ ചോറ് വായിലേക്ക് പോകുന്ന വഴിയറിയില്ല. 

മഴ പെയ്ത് വലിയ ഇടി വെട്ടിവീണ പറമ്പിലെ സ്ഥാനങ്ങളില്‍  കുമലുകള്‍ (കൂണുകള്‍) ഉണ്ടാവുമെന്നാണ് വിശ്വാസം. സംഗതി സത്യമോ എന്നറിയില്ല, മഴ തീരുമ്പോള്‍ പറമ്പില്‍ അങ്ങിങ്ങായി കൂണുകള്‍ ചെറുജീവികള്‍ക്ക് കുടയായി മുളച്ചുപൊന്തിയിട്ടുണ്ടാവും. കോഴിക്കറിയൊക്കെ അപൂര്‍വ്വമായിരുന്ന ആ കാലത്ത് കൂണുകള്‍ വെജിറ്റേറിയന്‍ ചിക്കന്‍ കറിയായി ഞങ്ങളെ സാന്ത്വനിപ്പിച്ചു.

എണരുരുക്കിയത്

മഴക്കാലങ്ങളില്‍ വല്ല്യമ്മയുടെ അനിയത്തിയായ രമണിയമ്മ മണ്‍ചട്ടിയില്‍ എണര്‍ ഉരുക്കും. മത്തിയുടെ എണര് കൊണ്ട് തയ്യാറാക്കപ്പെടുന്നത്. കുഞ്ഞുമത്തിത്തലകളും എണരും ഉപ്പുവെളളത്തിലിട്ട് ആദ്യം വേവിക്കും. പച്ചരിയില്‍ മഞ്ഞള്‍പ്പൊടിയിട്ട് വറ്റിച്ച് വേവിക്കും. വേവ് മൂക്കുമ്പോള്‍ വെന്ത മത്തിത്തലകളും എണരും മഞ്ഞച്ചോറിലിട്ട് ഇളക്കും. കടുകും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് മഞ്ഞച്ചോറിലേക്ക് ചേര്‍ക്കും. കുട്ടികള്‍ക്കാണ് പ്രധാനമായി എണരുരുക്കുന്നത് കൊടുക്കുക. എല്ലുറപ്പുള്ള ദേഹത്തിന് എണരുരുക്കിയത് കഴിക്കുന്നത് നല്ലതാണ്. 
രമണിയമ്മ ഇന്നില്ല...
എണര്‍ ഉരുക്കിയതും.

നിന്നെയുണ്ടാക്കിയ സമയത്ത് രണ്ട് വാഴ വെച്ചാല്‍ മതിയായിരുന്നു

കാസര്‍കോട് ജില്ലയിലെ വാഴത്തോട്ടം എന്നാകുന്നു നാടായ മടിക്കൈയുടെ അപരനാമം. ലാറ്റിനമേരിക്കന്‍ നാടുകള്‍ക്ക് സമാനമായി മഴക്കാലം തീരുമ്പോള്‍ നോക്കെത്താ ദൂരത്തോളം നേന്ത്രവാഴകള്‍ മടിക്കൈയില്‍ തലയുയര്‍ത്തും. ലോണെടുത്താവും മിക്കവരുടെയും കൃഷി. വാഴ കുലച്ച് നാട്ട കുത്തിക്കെട്ടാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പണി തരാന്‍ കാറ്റിന്റെ കൈപിടിച്ച് മഴ വരും. താങ്ങാന്‍ നാട്ടയില്ലാത്ത വാഴകളെയൊക്കെ കാറ്റ്  കൊന്നുകളയും. നാട്ടയുടെ ബലത്തില്‍ പിടിച്ചുനില്‍ക്കുന്ന വാഴകളുടെ തലയും ചിലപ്പോള്‍ കാറ്റ് തല്ലിത്തകര്‍ക്കും. സബ്‌സിഡിയോ ദുരിതാശ്വാസഫണ്ടോ കിട്ടാതെ മടിക്കൈയിലെ കൃഷിക്കാര്‍ ''കൃഷിക്കാരന്‍ കടത്തില്‍ ജനിച്ച് കടത്തില്‍ ജീവിച്ച് കടത്തില്‍ മരിക്കുന്നുവെന്ന'' ഗാന്ധിജിയും വാക്കുകള്‍ പ്രായോഗികമാക്കും. കടത്തിലാണെങ്കിലും അടുത്ത മഴ കഴിയുമ്പോള്‍ വീണ്ടും അവര്‍ വടക്ക് നിന്ന് വരുന്ന നേന്ത്രവാഴക്കന്നുകളും കൊണ്ട് കണ്ടത്തിലേക്കിറങ്ങും. അതങ്ങനെ തുടരും. ചിലപ്പോള്‍ മാത്രം ലാഭം അവരെ തേടിയെത്തും. 

നേന്ത്രവാഴയുടെ ഒട്ടുമിക്ക അവയവങ്ങളും അടുക്കളയിലെത്തും. വാഴക്കൂമ്പ് വറവ്, വാഴക്കാമ്പ് പെരക്ക്, പച്ച നേന്ത്രക്കായയുടെ തൊലികൊണ്ടുണ്ടാക്കുന്ന ഉപ്പേരി, പച്ച നേന്ത്രക്കായ കൊണ്ടുണ്ടാക്കുന്ന നേന്ത്രക്കായപ്പായസം, കായഎലിശ്ശേരി... അങ്ങനെ പല തരം വിഭവങ്ങള്‍. 

വാഴയുടെ ഹൃദയമായ കാമ്പ് കൊണ്ടാണ് വാഴക്കാമ്പ് പെരക്കുണ്ടാക്കുന്നത് (പെരക്കെന്നാല്‍ പച്ചടി). വാഴയില്‍ നിന്ന് കാമ്പ് കൊത്തിയടര്‍ത്തിയെടുത്ത് വാഴക്കാമ്പ് ചെറുതായി അരിഞ്ഞുവേവിച്ച് അതിന്റെ വെള്ളം ഊറ്റിക്കളയും. അതിലേക്ക് തേങ്ങയും കാന്താരിയും ചേര്‍ത്തരച്ചത് ചേര്‍ക്കും. കടുക് വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് ഇട്ടുകഴിഞ്ഞാല്‍ വാഴക്കാമ്പ് പെരക്കായി.

വാഴക്കൂമ്പ് ചെറുതായി കൊത്തിയരിഞ്ഞ് കുറച്ച് മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കും. കുറച്ച്  വറ്റല്‍മുളക് ചുട്ടെടുത്ത് പൊടിച്ച് ചേര്‍ക്കും, ആവശ്യത്തിന് തേങ്ങയും വെളുത്തുള്ളിയും ചേര്‍ത്ത് അരി വറുത്ത് പൊടിച്ചതും കൂടിയിട്ട് നന്നായി ഇളക്കിയെടുക്കുമ്പോള്‍ കിട്ടുന്നതാണ് വാഴക്കൂമ്പ് വറവ് (ഉപ്പേരി). 

ഓലന്‍: ചേമ്പിന്‍ തണ്ടും നരയന്‍ കുമ്പളങ്ങയുടെ ഇലയും കൊണ്ട്..

പറമ്പുകളില്‍ തന്നിഷ്ടത്തിന് വളര്‍ന്നുനില്‍ക്കുന്ന ചെടിയാണ് ചേമ്പ്. ചേമ്പിന്‍ തണ്ടുകൊണ്ടൊരുക്കുന്ന ഓലന്‍ പക്ഷേ നമ്മുടെ ഇഷ്ടത്തിന് അനുസരിക്കും. ചേമ്പിന്‍ തണ്ട് കൊത്തിയെടുത്ത് പുറംതോലി കളയും. അതിനുശേഷം കഷണങ്ങളാക്കിയ ചേമ്പിന്‍ തണ്ട് ചട്ടിയിലിട്ട് അല്‍പ്പം വെള്ളമൊഴിച്ച് തിളപ്പിക്കും. മൂന്നോനാലോമിനുട്ടിനകം വെള്ളം കളയും.(ചൊറിയാതിരിക്കാനാണ്.). ചേമ്പിന്‍ തണ്ടും കാന്താരിയും ചക്കക്കുരവും ഇട്ട് വീണ്ടും തിളപ്പിക്കും.

നരയന്‍ കുമ്പളത്തിന്റെ ഇല ഉപയോഗിച്ച് ഓലന്‍ ഉണ്ടാക്കുന്നതും ചേമ്പിന്‍തണ്ടോലന് സമാനമാണ്. നരയന്‍ കുമ്പളത്തിന്റെ ഇലകളില്‍ അങ്ങിങ്ങായി വെളുത്ത നിറത്തിലുള്ള നാരുകള്‍ കാണാം. ആദ്യം അത് പറച്ചെടുത്ത് കളയും. കുറച്ച് വെള്ളമൊഴിച്ച് വേവിക്കും. അതിലേക്ക് കാന്താരിയും ചക്കക്കുരുവും ഇടും. കടുകും വെളുത്തുള്ളിയും വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് ചട്ടിയിലേക്കിട്ട് ഇളക്കിയാല്‍ നരയന്‍ കുമ്പളങ്ങയുടെ ഇലയും കൊണ്ടുള്ള  ഓലനായി. 

ചക്കക്കുരു ചുട്ടത്

വയലുകള്‍ നികത്തപ്പെടാത്ത, മരങ്ങള്‍ വെട്ടിമാറ്റാത്ത, കുന്നുകള്‍ ഇടിക്കാത്ത, പുഴകള്‍ മലിനമാകാത്ത ഒരു കാലത്ത് തണുപ്പുമായി വരുന്ന ഡിസംബറിലെ കാറ്റ് ഞങ്ങളുടെ മേല്‍പല്ലുകളും കീഴ്പ്പല്ലുകളും തമ്മില്‍ കൂട്ടിയടിപ്പിക്കും. വാക്കുകള്‍ വിറച്ച് വിറച്ച് പതുക്കെ പുറത്തേക്ക് വീഴും. വൈകുന്നേരങ്ങളില്‍ കാട്ടങ്ങള്‍ (ഉണങ്ങിയ ഇലകളും മറ്റും) കൂട്ടിവെച്ച് വല്ല്യമ്മയും രമണിയമ്മയും തീ കായുമ്പോള്‍ നെഞ്ചിലേക്ക് കൈകള്‍ കൂട്ടിപ്പിടിച്ച് ഞങ്ങളും ഇരിക്കും. തീ ആകാശത്തേക്ക് നോക്കി, തണുപ്പിനോട് ദേഷ്യം പ്രകടിപ്പിക്കുമ്പോള്‍ രമണിയമ്മ ലുങ്കിയുടെ കോന്തലയില്‍ നിന്ന് ചക്കക്കുരുക്കള്‍ എടുത്തുതീയിലിടും. പാകമാകുമ്പോള്‍ ഞങ്ങള്‍ക്ക് നേരെ നീട്ടും. ഞങ്ങള്‍ കഴിക്കുന്നതായിരുന്നു അവരുടെ സന്തോഷം. അവരുടെ ത്യാഗസന്നദ്ധതയൊന്നും പരിഗണിക്കാതെ ചുട്ടെടുത്ത ചക്കക്കുരുക്കളെല്ലാം ഒന്ന് പോലും ബാക്കിവെയ്ക്കാതെ ഞങ്ങള്‍ തിന്നുകളയും. 

നിന്റെ തലയില്‍ മൊത്തളിടണം

മൊത്തളത്തിന്റ ഇലകൊണ്ട് പച്ചടിയുണ്ടാക്കും. ഭ്രാന്തിന്റെ ശമനത്തിന് മൊത്തളത്തിന്റെ ഇല പറിച്ചെടുത്ത് തലയിട്ടാല്‍ മതിയെന്ന് പറയാറുണ്ട്. മൊത്തളം ഒരു പുല്‍ച്ചെടിയാണ്. കവിയൂര്‍ പൊന്നമ്മയുടെ വട്ടമുഖമാണ് അതിന്. ചെറിയ ഇലയാണ്. അത് കൊണ്ടുണ്ടാക്കുന്ന പച്ചടി മനസിനും ശരീരത്തിനും പ്രയോജനം ചെയ്യും

ഇനിയുമുണ്ട് രുചിയുടെ മുഗള്‍ സാമ്രാജ്യക്കാര്‍. തമരയുടെ ഇല കൊണ്ടുണ്ടാക്കുന്ന ഉപ്പേരിയും കറിയും (ഒരു നാള്‍ ഒരു വട്ടി/ രണ്ടാം നാള്‍ രണ്ട് വട്ടി/ മൂന്നാം നാള്‍ മൂന്ന് വട്ടി തവര നുള്ളി/ താന തന തന താന തന തന താന തന തന തന്തിനോയിലെ തവര തന്നെ), പുളിങ്കുരു കൊണ്ടുണ്ടാക്കുന്ന കറി.. അങ്ങനെയങ്ങനെ. നാട്ടിന്‍പുറത്തിന്റെ രുചികള്‍ നാട്ടിന്‍പുറത്ത് നിന്ന് അപ്രത്യക്ഷമാവുന്നതിന്റെ സങ്കടത്തില്‍ നിന്ന് കൂടിയാണ് ഈ കുറിപ്പ്. കെഎഫ്‌സിയും അല്‍ഫാമും ബര്‍ഗറുമൊന്നുമല്ല, മണ്ണ് തരുന്നതാണ് വലുതെന്ന് നമ്മള്‍ നമ്മുടെ കുട്ടികളെ അനുഭവിപ്പിക്കേണ്ടിയിരിക്കുന്നു. 


*തിരുവള്ളുവര്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ കൂടെ ഗ്ലാസില്‍ ചൂടുവെള്ളവും സൂചിയും കരുതും. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വറ്റ് പുറത്തുപോയാല്‍ സൂചി കൊണ്ട് കുത്തിയെടുത്ത് ചൂടുവെള്ളത്തില്‍ മുക്കി, പാത്രത്തിലേക്ക് തിരിച്ചിടാനാണ്. ഒരിക്കലും തിരുവള്ളവരുടെ പാത്രത്തില്‍ നിന്ന് ഭക്ഷണം പുറത്തേക്ക് വീണില്ല. സൂചിയും ഗ്ലാസും തിരവള്ളുവര്‍ക്ക് ഉപയോഗിക്കേണ്ടിയും വന്നില്ല.

പി.വി. ഷാജികുമാറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: P. V. Shaji Kumar share his food experiences