കര്‍ക്കിടക വാവിന്റെയന്ന് ചത്തോര്‍ക്ക് വിളമ്പി വല്ല്യകം അടയ്ക്കുമ്പോള്‍ 'ഞാനും അകത്ത് കയറു'മെന്ന് ഏട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് പേടിയായി. കര്‍ക്കിടക വാവിന് ഞങ്ങളുടെ വീടുകളില്‍ ചത്തോര്‍ക്ക് കൊടുക്കും. ചത്തവര്‍ക്ക് കൊടുക്കുക എന്നതിന്റെ ചുരുക്കെഴുത്താണ് ചത്തോര്‍ക്ക് കൊടുക്കല്‍. വീതം വെയ്ക്കുക എന്നും പറയും. രാവിലെ പതിനൊന്ന് മണിയാവുമ്പോള്‍ വല്ല്യകത്ത് (പൂജാമുറിയെന്ന് ഇംഗ്ലീഷില്‍) നിലവിളക്ക് കത്തിച്ച് നാലോ അഞ്ചോ ചെറിയ പൂരപ്പലകകള്‍ നിരത്തിവെയ്ക്കും. അതിന് മുന്നില്‍ കൊടിയിലകള്‍ തെക്കോട്ടേക്ക് വെയ്ക്കും. അതിലേക്ക് ഇഡ്ഡലിയോ ദോശയോ വെച്ച് കോഴിക്കറി പകരും. അയല്‍വീടുകളായ അടുക്കത്തില്‍ നിന്നോ കയ്യാലവളപ്പില്‍ നിന്നോ വാങ്ങിയ റാക്ക് (വാറ്റുചാരായം) ഗ്ലാസുകളില്‍ കുറച്ച് പകര്‍ന്ന് ഓരോ ഇലയ്ക്കും മുന്നിലും വെച്ച് വാതിലടയ്ക്കും. ഇലകള്‍ക്കറ്റത്ത് ഉണക്ക് (ഉണക്കമല്‍സ്യം) ചുട്ടതും വെയ്ക്കും. (കാസര്‍ഗോഡ് മാത്രമായിരിക്കുമെന്ന് തോന്നുന്നു, നോണ്‍ വെജ് മരിച്ചവര്‍ക്ക് നല്‍കുന്നത്.)
മരിച്ചവര്‍ വന്ന് ഉണക്ക് ചുട്ടത് കടിച്ച് റാക്ക് കുടിച്ച് കോഴിക്കറി കൂട്ടി ഇഡ്ഡലിയും കഴിച്ച് വര്‍ത്തമാനവും പറഞ്ഞ് പോകുമെന്നാണ് ജീവിക്കുന്നവര്‍ കരുതുന്നത്. പത്തുപതിനഞ്ച് മിനുട്ട് കഴിയുമ്പോള്‍ വാതില്‍ തുറക്കും. മരിച്ചവര്‍ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ റാക്ക് കുടിച്ചിട്ടുണ്ടോ എന്ന് നോക്കും. എല്ലാം തല്‍സ്ഥാനത്ത് അതേ പോലെ ഇരിപ്പുണ്ടാവും. പൂരപ്പലകയില്‍ ചമ്രം പടിഞ്ഞിരുന്ന് മരിച്ചവര്‍ നമ്മളെ കുറിച്ചൊക്കെ സംസാരിച്ച് പോയിട്ടുണ്ടാവുമെന്ന് വെറുതെ വിശ്വസിക്കാന്‍ ഇഷ്ടപ്പെടും. അതാണല്ലോ അതിന്റെയൊരു സുഖം.
അപ്പോള്‍ അവന്‍ കാണാന്‍ പോകുന്നത് മരിച്ചവരെയാണ്. ഞാനന്ന് അഞ്ചാംക്ലാസിലാണ്. അവന്‍ എട്ടിലും.
'നീ ചെയ്യുന്നത് ശരിയല്ല.. ഞാന്‍ വല്ല്യമ്മയോട് പറഞ്ഞുകൊടുക്കും'
ഞാന്‍ ഭീഷണിപ്പെടുത്തി.
'എന്നാല്‍ നിന്നെ രാത്രിക്ക് രാജുവേട്ടന്റെയടുത്തേക്ക് സിനിമയ്ക്കും കൂട്ടൂലാ...'
രാഷ്ട്രീയക്കാരെ വരച്ച വരയില്‍ നിര്‍ത്തുന്ന മതമേധാവികളെ പോലെ അവന്‍ മുഖം വീര്‍പ്പിച്ചു.
അന്ന് നാട്ടില്‍ ടി.വിയും വി.സി.പിയും ഉള്ള ഒരേയൊരു വീട് രാജുവേട്ടന്റേതാണ്. പൈസയുള്ളവര്‍ പിരിവെടുത്ത് കാഞ്ഞങ്ങാട് പോയി കാസറ്റ് വാടകയ്ക്ക് എടുക്കും. അടുക്കത്തിലെ രവിയാണ് കാസറ്റ് എടുക്കുക. കടുത്ത ജയന്‍ ഫാനായ രവി മിക്കപ്പോഴും ജയന്‍ സിനിമകളാണ് കൊണ്ടുവരിക. (ഐ.വി. ശശി സീമയെ കിട്ടാന്‍ വേണ്ടി ജയനെ കൊന്നതാണെന്ന കഥ വിശ്വസിച്ച് ഐ.വി.ശശിയെ കൊല്ലാന്‍ രവി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.) മൂര്‍ഖനും കരിമ്പനയും അങ്ങാടിയുമൊക്കെ കണ്ടുകണ്ട് എനിക്ക് മടുത്തിരുന്നു.
ഇന്നവന്‍ കൊണ്ടുവരുന്നത് രാജാവിന്റെ മകനാണ്! മൈ ഫോണ്‍ നമ്പര്‍ ഈസ് 2255. അത് കണ്ടില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അവന്‍ കയറാന്‍ പോകുന്നത് പറയാണ്ടിരുന്നാല്‍ മരിച്ചവര്‍ ഞാന്‍ മരിച്ചാല്‍എന്നോട് ജന്മത്തില്‍ മിണ്ടാനും വരില്ല. എന്ത് ചെയ്യണമെന്നറിയാതെ ഇതികര്‍ത്തവ്യഥാമൂഢനായി നില്‍ക്കുന്ന സമയത്ത് രമണിയമ്മ വിളിച്ചു: എടാ.. വീതം വെയ്ക്ക്...
കുതിരവാലന്‍ പുല്ല് സിഗററ്റെന്ന പോലെ വായില്‍ പിടിച്ച് അവന്‍ എന്നെ പുച്ഛത്തോടെ നോക്കി. ഞാന്‍ വല്ല്യകത്ത് പൂരപ്പലകകള്‍ നിരത്തിവെച്ചു. പടിഞ്ഞാറ്റയിലെ കിളിവാതിലിന്റെ അധികചിഹ്നമിട്ട ദ്വാരത്തിലൂടെ വീടിന് തൊട്ടുകിടക്കുന്ന പിറകിലെ കുന്നിലേക്ക് ഞാന്‍ നോക്കി. മരിച്ചവരെ അടക്കിയിരിക്കുന്നത് അവിടെയാണ്. അവര്‍ വരുന്നത് അവിടെ നിന്നാണ്.
-എടാ ചെക്കാ.... ഞങ്ങള്‍ക്ക് പലതും മിണ്ടീം പറഞ്ഞുമിരിക്കാനുള്ളതാ. ആ തല തെറിച്ചോനോട് കേറലാന്ന് പറ...
കുന്നിന്‍പുറത്തെ വലിയ പാറയ്ക്ക് മുകളില്‍ കുത്തിയിരുന്ന് അവര്‍ എന്നോട് പറഞ്ഞു.
-എല നെരത്തെടാ...
നോക്കുമ്പോള്‍ ഇഡ്ഡലിയും കോഴിക്കറിയുമായി അവന്..
ഞാന്‍ ഇല നിരത്തി. അവന്‍ മൂന്ന് വീതം ഇഡ്ഡലി ഇലകളില്‍ വെച്ച് കോഴിക്കറി വിളമ്പി. ദശമൂലാരിഷ്ടത്തിന്റെ കുപ്പിയില്‍ നിറച്ച റാക്ക് രമണിയമ്മ നാല് ഗ്ലാസുകളിലേക്ക് പകര്‍ന്ന് ഇലകള്‍ക്കറ്റത്ത് വെച്ചു. ബാക്കിയുള്ള ദശമൂലാരിഷ്ടം പുറത്തെ സ്റ്റാന്റില്‍ വെച്ചു.
-ആ വാതിലടച്ചോടാ...
അവര്‍ താഴത്തെ വീട്ടിലേക്കിറങ്ങി. രമണിയമ്മയോട് പറയാന്‍ ഞാന്‍ വാതുറന്നതാണ്.
ഒരിക്കലും വരാത്ത മീശ അവന്‍ പിരിച്ചു.
ഞായറാഴ്ചകളില്‍ ആകാശവാണിയിലെ 2.45-ന്റെ ചലച്ചിത്രശബ്ദരേഖയില്‍ നിന്ന് മോഹന്‍ലാല്‍ എന്നോട് പറഞ്ഞു: രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു. അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു. രാജാവാണെന്ന്. കീരീടവും സിംഹാസനവുമുള്ള രാജാവ്. പിന്നീടെന്ന കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു: പ്രിന്‍സ്. രാജകുമാരന്‍. രാജാവിന്റെ മകന്‍. യെസ്.. അയാം പ്രിന്‍സ്. അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജാവ്...
എന്റെ ശോഷിച്ച ഉടലില്‍ കുളിര് കുത്തിയിരുന്നു.
ഞാന്‍ മരിച്ചവരെ മറന്നു.
20 മിനുട്ട് കഴിഞ്ഞിട്ട് തുറന്നാ മതി..
അവന്‍ വല്ല്യകത്തിന്റെ വാതില്‍ അകത്തുനിന്ന് ചാരി.
ഞാന്‍ പുറത്ത് നിന്ന് വാതിലിന്റെ കൊളുത്തിട്ടു.
മഴ പെയ്യുന്നുണ്ടായിരുന്നു.
പച്ചിലകളില്‍ മഴ ചെണ്ട കൊട്ടി.
വാഴക്കൈയ്യില്‍ മഴ നനഞ്ഞിരിക്കുന്ന ബലിക്കാക്കകള്‍ എന്നെ നോക്കിയതേയില്ല.
നീയെന്തൊരു മനുഷ്യനാ. എത്ര വേഗമാണ് പ്രലോഭനങ്ങള്‍ക്കടിമപ്പെട്ട് പോകുന്നത്...
കുറ്റബോധം എന്നെ പിടിച്ചുകെട്ടി.
കല്ല് പോയ കുളിയന്‍ തെയ്യത്തെ പോലെ ഞാന്‍ അങ്ങുമിങ്ങും എങ്ങോട്ടെന്നില്ലാതെ നടന്നു.
ചുമരുകളിലെ ഫ്രെയിമില്‍ നിന്ന് മരിച്ചവര്‍ എന്നെ നോക്കി.
കൃത്യം ഇരുപത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ വല്ല്യകത്തിന്റെ വാതിലില്‍ ശബ്ദമുണ്ടാക്കാതെ മുട്ടി. (അങ്ങനെയും മുട്ടാന്‍ കഴിയും).
-തുറക്കെട്ടെടാ...
ശ്വാസത്തിന്റെ ഒച്ചയില്‍ ഞാന്‍ ചോദിച്ചു.
അകത്ത് നിന്ന് ഒച്ചയൊന്നുമില്ല.
അവനെ അവര് കൊണ്ടുപോയോ...!
-എടാ...
അകത്തുനിന്ന് ഞരക്കവും മൂളലും.
എന്റെ ഹൃദയം അഴകുളം അമ്പലത്തിലെ പെരുംചെണ്ടയായി കൊട്ടിത്തുടങ്ങി.
-എടാ.. കാശാമ്പി...
ഞാനവന്റെ ഇരട്ടപ്പേര് വിളിച്ചു. അതവന് കൊള്ളും. ഇത്തിരിബോധമുണ്ടെങ്കില്‍ അവന്‍ തിരിച്ചുതെറിവിളിച്ചിരിക്കും.
അതുമുണ്ടായില്ല...
വീട്ടില്‍ ആരുമില്ല. വല്ല്യമ്മ രമണിയമ്മയുടെ പിറകെ താഴോട്ട് പോയി. അമ്മ പശുവിനെ അഴിച്ചുകെട്ടാന്‍ കണ്ടത്തിലും.
കൊണ്ടുപോയിട്ടുണ്ടാവുമോ...
പിന്നെയൊന്നും നോക്കാതെ ഞാന്‍ വാതില്‍ തുറന്നു.
പടിഞ്ഞാറ്റയിലെ ഇരുട്ടില്‍ അവന്‍ കുന്തിച്ചിരിക്കുന്നു.
-നിനക്കെന്താ ചെവി കേട്ടൂടേ... വിളിച്ചിട്ട് എന്റെ തൊണ്ട പൊട്ടി...
ഞാന്‍ അതിശയോക്തനായി.
അവന്‍ ഒന്നും മിണ്ടാതെയെഴുന്നേറ്റ് അച്ഛന്റെ മുറിയിലെ മരക്കസേരയില്‍ വന്നിരുന്നു.
ഞാന്‍ അവന് പിറകില്‍ കൈകള്‍ കെട്ടി.
തുറന്നുകിടക്കുന്ന ജനലിലൂടെ അവന്‍ കുന്നിലേക്ക് നോക്കി.
-എന്തായി...
-ഞാന്‍ കണ്ടെടാ.. കണ്ട്..
-എന്ത്..
-സ്വര്‍ഗ്ഗം... സ്വര്‍ഗ്ഗം താണിറങ്ങിവന്നതോ...
നന്നായി പാടുന്ന അവന്‍ അപ്പോള്‍ കൂടുതല്‍ നന്നായി പാടി.
എന്റെ അഴോള്‍ത്ത് ഭഗവതീ.. അവന്‍ ചത്തോറെ കണ്ടിരിക്കുന്നു...!
-നീ ശരിക്കും കണ്ടോ.. കള്ളം പറേലാ..
-ആ..കണ്ട്..
ആശ്ചര്യവും ഭയവും കൊണ്ട് ബലിയിടാന്‍ ആളുകള്‍ വരുന്ന കടല്‍ എന്റെ വയറില്‍ ഇരമ്പി.
കാക്കകള്‍ ക്രാകിപ്രാകി.
-എത്രാളുണ്ടായിരുന്നു...?
അവന്‍ മിണ്ടിയില്ല.
-നീ കള്ളം പറീന്ന്... നീയൊന്നും കണ്ടിറ്റ്ല്ല...
-നാലാള്..
അവന്‍ ഉറപ്പിച്ചുപറഞ്ഞു.
-നെനക്ക് പരിചയംണ്ടോ...
-അങ്ങനെയല്ലേ പരിചയപ്പെടല്...
അതും പറഞ്ഞ് അവന്‍ അശ്വമേധത്തിലെ 'മരണം വാതില്‍ക്കല്‍ ഒരു നാളാണെന്ന്' പാടി.
ഇവന് അത്തും പിത്തുമില്ലാതെയായോ...
-ആരൊല്ലം വന്നത്..?
ഒരു കൈക്കുടന്നയില്‍ ആശ്വാസത്തിനിത്തിരി ജീവജലം തരാന്‍ അവന്‍ പറഞ്ഞു.
ഞാനൊരു പാട്ടയില്‍ പച്ചവെള്ളം കൊണ്ടുക്കൊടുത്തു.
അവന്‍ ഒറ്റവലിക്ക് വെള്ളം കുടിച്ചു.
-ആരൊക്കെ ഉണ്ടായിരുന്നെന്ന് പറയെടാ...
ഞാന്‍ വിനായാന്വിതനായി.
അവന്‍ കുറച്ചുനേരം എന്നെ ചിരിയോടെ നോക്കി.
-പറയണോ..
-പറ..
-പറയും....
-ആന്ന്...
എന്തോ ആലോചിച്ച് നിന്ന് അവന്‍ മരക്കസേരയില്‍ നിവര്‍ന്നിരുന്നു.
-ഒരാള് വല്ല്യമ്മയുടെ പുരുവന്‍ (ഭര്‍ത്താവ്), അമ്മേടെ അച്ഛന്‍ നെരോത്തെ കണ്ണന്‍ വല്ല്യച്ഛന്‍... പിന്നാ വല്ല്യമ്മേന്റെം രമണിയമ്മേന്റേം ഇടക്കൊരു പെണ്ണുങ്ങൊ ഉണ്ടായിറ്റേ... ഒമ്പതാം വയസ്സില് മൂര്‍ഖന്‍ കടിച്ച് ചത്ത...
- ആ... കല്ല്യാണീന്നാ പേര്..
ഓര്‍മക്കാലങ്ങളില്‍ മനസ്സിരിക്കുമ്പോള്‍ രമണിയമ്മ കുടുംബചരിത്രം പറയാറുണ്ട്.
-ആ ഓറന്നെ.. അവര്‍ക്കിപ്പഴും നിന്റെത്ര പ്രായൂല്ലെടാ...
-അതെങ്ങെനെ ഉണ്ടാവാനാ.. ഓറ് ചാവുമ്പം എന്നേക്കാളും വയസ്സ് കൊറവായിര്ന്നില്ലേ... ചത്തുകയിഞ്ഞാല്‍ നമ്മക്ക് വയസ്സാവൂലാ.. ചത്ത അതേ പ്രായായിരിക്കും...
ഞാന്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റായി.
-വേറെ രണ്ട് തൊണ്ടന്മാരും ഉണ്ടായിരുന്നു. അവരെ എനക്ക് മനസ്സിലായിറ്റ്ല്ലാ. ബന്ധത്തില്‍ പെട്ടോരെന്ന ആയിരിക്കും...
-ബന്ധത്തില്‍ പെടാത്തോര്‍ ഈട വരൂലല്ലോ... എന്നാലും നീ കണ്ടല്ലോപ്പാ. ഭയങ്കരംന്നെ...
ഞാന്‍ അവനെ അഭിനന്ദിച്ചു.
അവന്റെ തല ഒന്ന് താഴോട്ടേക്ക് കുനിഞ്ഞു.
അവന്‍ പണിപ്പെട്ട് തല ശരിയാക്കി.
-എടാ.. എന്ത്ന്ന് അവര് പറഞ്ഞത്...
-ആ... എന്തെല്ലോ പറഞ്ഞ്..
-എന്നാലും..
-എനിക്കൊന്നും മനസ്സിലായില്ല. പഴയ കാര്യോല്ലേ. എങ്ങനെ മനസ്സിലാവാനാ...
-അതെയോ...
-ഉം..
-പിന്നെ നെനക്കെങ്ങെനെ അവരാന്ന് മനസ്സിലായത്..?
-ഫുള്ള് മനസ്സിലായില്ലെന്നാ... ചെലതെല്ലാം മനസ്സിലായിന്...
അവന്‍ കള്ളം നല്ലോണം പറയുമെങ്കിലും അനിയനായ എന്നോട് പറയുമോ,ഹേയ്, ഇല്ലില്ല.
-നിന്നെ അവര് കണ്ടിറ്റ്ല്ലേ..?
-നെല്ലിന്‍ചാക്ക് വെച്ച മൂലക്ക് ഇരുട്ടത്താ ഞാന്‍ നിന്നത്...
-ആ..
-എടാ.. അവര്‍ നിന്നെക്കുറിച്ച് ഒരു കാര്യം പറഞ്ഞിന്...
അവന്‍ പകുതിക്ക് നിര്‍ത്തി.
-എന്താ...?
അവന്‍ മിണ്ടിയില്ല.
-പറാന്ന്...
-നീ വെഷമിക്കര്ത്...
-ഇല്ല..
എനിക്ക് പേടി വരാന്‍ തുടങ്ങി.
-നീ പേടിക്കര്ത്...
-ഇല്ല..
എന്റെ വാക്കുകള്‍ ഐസിലിട്ട പോലെ വിറച്ചു.
അവന്‍ മടിച്ചു.
-പറ...
ഞാന്‍ പേടിത്തൊണ്ടനായി.
-കണ്ണന്‍ വല്ല്യച്ഛനാ പറഞ്ഞത്..
-എന്ത് പറഞ്ഞൂന്ന്...?
-അത്..
-ഏത്..?
-അടുത്ത വാവിന് അവരൊപ്രം നീയും ഉണ്ടാവൂംന്ന്...
-എന്ത്...?
എന്റെ നെഞ്ച് കലങ്ങി.
-ആ... സത്യാടാ... ഓറ് മൂന്നുട്ടം വെഷമത്തോടെ അതന്നെ പറഞ്ഞിന്...
എന്റമ്മേ..
എന്റെച്ഛാ..
എന്റെ അഴോള്‍ത്തവതീ...
എന്റെ വീരന്മാരേ...
-എനി നീയധികം ഉണ്ടാവൂലെടാ... നീ തീരാന്‍ പോവുകയാ..
വാക്കുകള്‍ തൊണ്ടയില്‍ കെണിഞ്ഞ് എനിക്ക് ശ്വാസം മുട്ടി.
-ചത്തോറ് സത്യംള്ളോരാ.. അവര് കള്ളം പറയൂലാ...
അവന്‍ അങ്ങനെ പലതും പറഞ്ഞുകൊണ്ടിരുന്നു.
എന്റെ നെഞ്ച് കലങ്ങി.
എന്റെ കണ്ണുകള്‍ നിറഞ്ഞു.
എല്ലാം എനിക്ക് അവ്യക്തമായി.
പെട്ടെന്നാണ് അടക്കാവെടി പൊട്ടും പോലൊരൊച്ച ഞാന്‍ കേള്‍ക്കുന്നത്.
കണ്ണീര് തിരുമ്മി നോക്കുമ്പോള്‍ കസേരയില്‍ നിന്ന് ചാടി, വേദന കൊണ്ട് പുളഞ്ഞ് നടുംപുറം തടവുകയാണ് അവന്‍.
രമണിയമ്മയും വല്ല്യമ്മയും അടുത്തുണ്ട്.
-നിന്നോടാരെടാ നായിന്റാമോനേ, വീത് വെച്ച റാക്കെട്ത്ത് കുടിക്കാന്‍ പറഞ്ഞത്...
രമണിയമ്മ അഴകുളം അമ്പലത്തിലെ വീരന്മാരുടെ വെളിച്ചപ്പാടിനെ പോലെ നിന്ന് വിറയ്ക്കുകയാണ്.
-തല്ലല്ല രമണിയമ്മേ.. തല്ലല്ല.. തല്ലല്ല..
അവന്‍ വലിയ വായില്‍ കരയാന്‍ ശ്രമിക്കുന്നു. കരച്ചില്‍ അവനില്‍ നിന്ന് ചിരിയായി വരികയാണ്. അവന് പുറത്തേക്ക് പായണമെന്നുണ്ട്. കാലുകള്‍ ബ്രേയ്ക്ക് ഡാന്‍സ് കളിക്കുകയാണ്. അപ്പോഴാണ് എനിക്ക് സംഭവം മനസ്സിലാകുന്നത്.
-രമണിയമ്മേ.. ഇവന്‍ ചത്തോറെ കണ്ടിനോലും.. കണ്ണന്‍ വല്ല്യച്ഛനൊക്കെ വന്നിന്..
-ഓന്‍ കാണും... അഞ്ച് മാസം മണ്ണില് കുയിച്ചിട്ട റാക്കാ... അതാ കുടിച്ച് തീര്‍ത്തത്. എരപ്പന്‍..
രമണിയമ്മ മുറുക്കാന്‍ ജനലിലൂടെ പുറത്തേക്ക് തുപ്പി. മുറുക്കാന്റെചുവപ്പ് പാറക്കല്ലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിയുണ്ടാക്കാന്‍ ശ്രമിച്ചു.
-ഈശ്വരാ.. അടുക്കത്തില് എനിയുണ്ടാവോ..
രമണിയമ്മ ദീര്‍ഘനിശ്വാസിയായി.
-നീയൊന്ന് പോയി ചോയിച്ച്റ്റ് വാ.. നല്ലോരു വാവായ്റ്റ്.. ചെലപ്പം ഉണ്ടാവും..
വല്ല്യമ്മ പ്രചോദനം നല്‍കി.
രമണിയമ്മ പച്ച നിറത്തിലുള്ള കൊരമ്പ തലയില്‍ ചൂടി അടുക്കത്ത് വീട്ടിലേക്ക് മഴയില്‍ ഇറങ്ങി.
-വീതം വെച്ചത് എട്ത്തിറ്റ് നിങ്ങൊ കഴിക്ക്..
അതും പറഞ്ഞ് വല്ല്യമ്മ പേനെടുക്കുന്ന ഈരന്‍ചീര്‍പ്പും കൊണ്ട് ഉമ്മറത്തേക്കിറങ്ങി.
ഞാന്‍ അവനെ ദേഷ്യത്തോടെ നോക്കി.
-എടാ നാറി.. അനിയന്‍ ചാവുംന്ന് പറഞ്ഞാ ദുഷ്ടാ..
ഞാന്‍ അവനെ തെറി വിളിച്ചു.
അവന്‍ മുഖമുയര്‍ത്തി.
അവന്‍ ചിരിച്ചു.
-അതൊരു തമാഷയല്ലേടാ.. വെറും തമാഴ..
അവന്റെ നാവ് കുഴഞ്ഞു.
-ഓന്റെയൊരു തമാഴ...
എന്റെ ശ എവിടെ പോയി...!
അവന്‍ എന്നെയൊന്ന് ചുഴിഞ്ഞ് നോക്കി.
ഞാന്‍ തല കുനിച്ചു.
-ഒന്നൂടെ പറഞ്ഞേ..
-എന്ത്...
-തമാഴ.. അല്ലല്ല തമാശ...
അവന്‍ പണിപ്പെട്ട് തമാഴയില്‍ നിന്ന് തമാശയിലേക്ക് വീണു.
ഞാന്‍ പറഞ്ഞു.
-തമാഴ...
ഞാന്‍ വീണ്ടും പറയാന്‍ ശ്രമിച്ചു. തമാഴ തന്നെ..!
അക്ഷരങ്ങള്‍ പിണങ്ങിപ്പോകാനും തുടങ്ങിയോ..! വീണ്ടും നോക്കി, തായും പോയി. 'മഴ' മാത്രമായി.
അവന്‍ ചിരിച്ചു.
-ദശമൂലാരിഷ്ടം..?
ഞാന്‍ തലകുനിച്ചു.
-പറയെടാ...
-ഉം.. ഉം..
ഞാന്‍ തലയാട്ടി. നെല്ലളക്കുന്ന പറയ്ക്കടുത്ത് വീണുകിടക്കുന്ന ദശമൂലാരിഷ്ടത്തിന്റെ ഒഴിഞ്ഞ കുപ്പിയിലേക്ക് എന്റെ കണ്ണുകള്‍ ഇടറി.
ഭൂമി കുറച്ച് സ്പീഡില്‍ കറങ്ങുന്നുണ്ട്, ദിവസം ഇന്ന് 24 മണിക്കൂറിന് മുമ്പേ ഉറപ്പായും തീരും.
അവന്‍ ചിരിച്ചു.
ഞാന്‍ ചിരിച്ചു, ചിരി വന്നില്ല.
എനിക്ക് കരച്ചില്‍ വന്നു.
സത്യമായിട്ടും കരച്ചില്‍ വന്നു.
കുന്നിന്‍പുറത്തെ പാറപ്പുറത്തിരുന്ന് കണ്ണന്‍ വല്ല്യച്ഛന്‍ ഞങ്ങളെ നോക്കിചിരിച്ചു.
മഴ പെയ്തുകൊണ്ടേയിരുന്നു....
Content Highlights: P. V. Shaji Kumar share his childhood experience about Karkidaka Vavu