ജീവിതം 1
അങ്ങനെയൊരു മാഷായിരുന്നു. ദൂരെ നിന്ന് വരുമ്പോള്‍ കാറ്റില്‍ ഒരു ചെടി ഉലയും പോലെ തോന്നും. എപ്പോഴും ഏതെങ്കിലും ഒരു സൈഡിലേക്ക് മാഷിന്റെ ഉടല്‍ ചെരിഞ്ഞുനിന്നു. തലേന്നടിച്ചത് അന്നടിച്ചതോ ആയ ചാരായത്തിന്റെ മത്തുഗന്ധം മാഷിനൊപ്പം മാഷ് കയറുന്ന ക്ലാസിലേക്കും കൂട്ടുവന്നു. ഇസ്തിരിയിട്ട വെളുത്ത ഷര്‍ട്ടും മുണ്ടുമായിരുന്നു എപ്പോഴും വേഷം. വെളുപ്പിന്റെ ശാന്തത ഒരിക്കലും മാഷിലുണ്ടായിരുന്നില്ല. കണ്ണുകളില്‍ അസ്തമനസൂര്യന്റെ ചുവപ്പ് എപ്പോഴും പരന്നുകിടന്നു. ഞങ്ങള്‍ക്ക് പേടിയുടെ പര്യായപദമായിരുന്നു മാഷ്. മാഷ് ക്ലാസിലേക്ക് കയറുമ്പോള്‍ കാല്‍മുട്ടുകള്‍ പരസ്പരം അറിയാതെ ചെണ്ട കൊട്ടിത്തുടങ്ങും. കണക്കായിരുന്നു മാഷ് പഠിപ്പിച്ചിരുന്നത്. ഞങ്ങള്‍ ആറാംക്ലാസിലായിരുന്നു. മാഷിന് വേണ്ടി ചെത്തിയുടെ വടി എപ്പോഴും ലീഡര്‍ ഒടിച്ചുകൊണ്ടുവന്നു. ഒരു കണക്കിന് പലരും അടിയില്‍ നിന്നും നുള്ളലില്‍ നിന്നും പരിഹാസങ്ങളില്‍ നിന്നും തെറിവിളികളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ചിലര്‍ മാത്രം മാഷിന്റെ ഊരാക്കുടുക്കില്‍ കുടുങ്ങിക്കിടന്നു. പരസ്പര സഹകരണസഹായസംഘമായത് കൊണ്ട് ഹോംവര്‍ക്കെല്ലാം ഞങ്ങള്‍ ചെയ്തുതീര്‍ത്തെങ്കിലും പഠിപ്പിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളുടെ അസ്ത്രമേറ്റ് ചിലര്‍ പിടഞ്ഞു, വിറച്ചു, വിയര്‍ത്തു, കരഞ്ഞു. അതിലൊരാളായിരുന്നു അവന്‍. കണക്ക് അവന്റെ ആജന്മശത്രുവായിരുന്നു. എത്ര ശ്രമിച്ചിട്ടും കൂട്ടലും കിഴിക്കലും ഗുണനവും ഹരണവും അവനെ നോക്കി കൊഞ്ഞനം കുത്തി. അതുകൊണ്ട് തന്നെ മാഷിന്റെ പ്രിയപ്പെട്ട ഇരകളിലൊരാളായിരുന്നു അവന്‍. എലിയെ മുന്നിലിട്ട് തട്ടിക്കളിക്കുന്ന പൂച്ചയെ പോലെ ക്ലാസിലേക്ക് വന്നാല്‍ മാഷ് ആദ്യം വിളിക്കുന്ന പേരുകളിലൊന്നായി അവന്‍ മാറി. മാഷിന്റെ കസേരയ്ക്കടുത്തേക്ക് വിറയലോടെ അവന്‍ ചെല്ലും. കുഞ്ഞിരാമാ എന്നായിരുന്നു മാഷ് അവനെ വിളിച്ചിരുന്നത്. ആടിക്കളിക്കെടാ കുഞ്ഞിരാമാ.. ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന വരികള്‍ അവന്‍ വരുമ്പോള്‍ മാഷ് ക്രൂരത കലര്‍ന്ന ചിരിയോടെ പറയും. ഉത്തരം കിട്ടാതെ അവന്‍ പിടയും.
ഒരു ക്ലാസില്‍ മാഷ് ചോദിച്ചു.
ഇരുമൂന്നെത്രയാടാ (2X3)കുഞ്ഞിരാമാ...?
ആറ്...
വിരലുകള്‍ കൊണ്ട് കൂട്ടിക്കൂട്ടി അവന്‍ പറഞ്ഞു. ഡസ്റ്ററില്‍ നിന്നുള്ള ചോക്ക് പൊടി പടര്‍ന്ന മേശയിലേക്ക് ചെത്തിവടി ഊക്കിലൊന്നടിച്ച് മാഷ് വേഗത്തില്‍ ചോദിച്ചു.
മൂരണ്ടെത്രയാടാ (3X2)...
ഏഴ്...
പേടിയില്‍ അവന്‍ അറിയാതെ പറഞ്ഞുപോയി. പേടി കാരണം ക്ലാസ് ചിരിച്ചില്ല. മാഷ് പൊട്ടിച്ചിരിച്ചു. ക്ലാസ് കഴിയും വരെ കസേരയില്‍ ഇരിക്കും പോലെ വായുവില്‍ ഇരിക്കാന്‍ കല്‍പ്പിച്ച് മാഷ് കണക്ക് തുടര്‍ന്നു. വായുവിലെ കസേരയില്‍ ഇരുന്ന് അവന്‍ ഞങ്ങളെ നോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞു. അവനെ നോക്കാനാവാതെ ഞങ്ങള്‍ പാഠപുസ്തകത്തിലേക്ക് മുഖം താഴ്ത്തി.
മാഷ് പഠിപ്പിച്ച കണക്കിന്റെ വഴിക്ക് അവന്‍ പോയില്ല. എട്ടാം ക്ലാസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ അവന്‍ പഠിത്തം നിര്‍ത്തി, ജീവിതം പഠിക്കാനിറങ്ങി.
വര്‍ഷങ്ങളേറെ കഴിഞ്ഞ് കാരിച്ചിയേട്ടിയുടെ വീട്ടില്‍ അവന്‍ ചാരായം കുടിച്ചിരിക്കെ അവിടേക്ക് മാഷ് വന്നു.
അവന്‍ കണക്ക് പേടിച്ച് അപ്പുറത്ത് കൂടി പായാന്‍ നോക്കുമ്പം മാഷ് അവനെ കൈ കൊട്ടിവിളിച്ചു.
-എടാ... കുഞ്ഞിരാമാ... അടിയെടാ...
മാഷും അവനും ആയി കമ്പിനി.
ലഹരി ആകാശം തൊട്ടു.
നക്ഷത്രങ്ങള്‍ കണ്ണിലേക്കിറങ്ങിവന്നു.
അവന്‍ മാഷിനെ 'ഡാ,കുഞ്ഞിരാമാ...' എന്നൊരൊറ്റ വിളി...
'എന്തോ...' എന്ന് മാഷ്.
'ഇരുമൂന്ന് എത്രയാടാ..'
അവന്‍ ചോദിച്ചു.
-ആറ്...
മാഷ് വിരലുകള്‍ കൊണ്ട് കണക്ക് കൂട്ടി. ചോക്ക് പൊടി പടര്‍ന്ന മേശ അവന് ഓര്‍മ വന്നു. അടുത്തുണ്ടായിരുന്ന പാനിയില്‍ ഊക്കിലടിച്ച് അവന്‍ വേഗത്തില്‍ ചോദിച്ചു.
-മൂരണ്ടെത്രയാടാ..?
-ഏഴ്
-കൈ നീട്ടെടാ...
അവന്‍ ആജ്ഞാപിച്ചു.
മാഷ് കൈ നീട്ടി.
കൈവെള്ള മുഖത്തോട് ചേര്‍ത്തുപിടിച്ച് അവന്‍ കരഞ്ഞു എന്നാണ് ഓര്‍മ്മ.
അപ്പോഴേക്കും അവന്റെ ബോധം പോയിരുന്നു...
ജീവിതം 2
ഇംഗ്ലീഷായിരുന്നു ടീച്ചര്‍ പഠിപ്പിച്ചിരുന്നത്. ടീച്ചര്‍ പഠിപ്പിക്കുന്നതിന്റെയും ചീത്തവിളിക്കുന്നതിന്റെയും സ്നേഹം പറയുന്നതിന്റെയും ഒച്ച ക്ലാസില്‍ നിന്ന് മറ്റ് ക്ലാസുകളിലേക്കും ഉയര്‍ന്നുകേള്‍ക്കുമായിരുന്നു. ടീച്ചറിന്റെ തൊണ്ടയില്‍ എപ്പോഴും ഒരു മൈക്ക് കുടുങ്ങിക്കിടന്നു. എത്ര പഠിച്ചാലും മനസ്സില്‍ നില്‍ക്കാത്തവരെ ടീച്ചര്‍ കണക്കിന് ഇംഗ്ലീഷിലും മലയാളത്തിലും പരിഹസിച്ചു. ഞങ്ങളെ പരിഹസിക്കുന്നത് കേട്ട മറ്റുക്ലാസുകാര്‍ ഇന്‍ര്‍വെല്ലുകളില്‍ ഞങ്ങളുടെയടുത്ത് വന്ന് അതുവെച്ച് കളിയാക്കി. അത് തിരിച്ചും നടന്നു. അങ്ങനെ മിക്കപ്പോഴും പരിഹസിക്കപ്പെട്ട ഒരുവനായിരുന്നു അവന്‍. മറ്റ് വിഷയങ്ങളെല്ലാം മനസ്സിന്റെ വരുതിയിലാക്കിയ അവന് ഇംഗ്ലീഷ് ബാലികേറാമലയായി. അവന്റെ ഇടതുകാല്‍പ്പാദത്തിന് സ്വാധീനക്കുറവുണ്ടായിരുന്നു. അതുവെച്ച് അവനെ പരിഹസിക്കാന്‍ ഏറ്റവും ഉല്‍സാഹിച്ചത് ടീച്ചര്‍ ആയിരുന്നു. ഇംഗ്ലീഷ് പദ്യം തെറ്റിച്ച് പാടുമ്പോള്‍ ഈസും വാസും മാറുമ്പോള്‍ ആക്ടീവ് പാസീവ് ആകുമ്പോള്‍ എടാ..ഞൊണ്ടിബാലാ.. നിനക്കൊക്കെ കിളയ്ക്കാന്‍ പോയിക്കൂടേടാ ഉവ്വേ.. എന്ന് ടീച്ചര്‍ പുച്ഛിച്ചു. ക്ലാസില്‍ നിന്ന് ക്ലാസുകളിലേക്ക് അത് പടരും. അവന്‍ തലതാഴ്ത്തും. ടീച്ചര്‍ ആയിരുന്നു അവന് ഞൊണ്ടിബാലന്‍ എന്ന ഇരട്ടപ്പേരിട്ടത്. സ്‌കൂള്‍ അതേറ്റുപിടിച്ചു. ഞൊണ്ടിബാലന്‍ എന്ന് കേള്‍ക്കുമ്പോള്‍ ലജ്ജയും അപമാനവും കൊണ്ട് അവന്റെ തലകുനിയും. ബലം കുറഞ്ഞുപോയ തന്റെ ഇടങ്കാലിനെ അവന്‍ വെറുപ്പോടെ നോക്കും. ടീച്ചറുടെ പരിഹാസം കേട്ടുകേട്ട് ഭ്രാന്ത് പിടച്ചപ്പോള്‍ ടീച്ചര്‍.. ഇനിയെന്നെ കുറ്റപ്പേര് വിളിക്കരുതെന്ന് നിറകണ്ണുകളോടെ ഒരു ക്ലാസില്‍ അവന്‍ ടീച്ചര്‍ക്ക് നേരെ മുഖമുയര്‍ത്തി. വിളിച്ചാല്‍ നീയെന്ത് ചെയ്യുമെടായെന്നും പറഞ്ഞ് ടീച്ചര്‍ അവന്റെ മുഖത്തടിച്ചു. നീയൊന്നും ഒരിക്കലും ഗുണം പിടിക്കില്ലെടായെന്ന് ഉച്ചത്തില്‍ അലറി. അരിശം തീരാതെ ക്ലാസിനും ചുറ്റും ടീച്ചര്‍ മണ്ടിനടന്നു. അവന്‍ ഒന്നും മിണ്ടിയില്ല. ക്ലാസും.

ഒരാഴ്ചയേ അവന്‍ ക്ലാസില്‍ വന്നുള്ളൂ. ആരോടും പറയാതെ അവന്‍ സ്‌കൂളില്‍ നിന്നിറങ്ങിപ്പോയി.
വര്‍ഷങ്ങള്‍ ഇന്നലെയെന്ന പോലെ അതിവേഗം കടന്നുപോയി. ടീച്ചര്‍ റിട്ടയര്‍ ആയി. പേരക്കുട്ടിയുടെ ചോറൂണിന് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് കുടുംബസമേതം ടീച്ചര്‍ കാറില്‍ പോകുകയാണ്. പാതിരായ്ക്കുള്ള യാത്ര. വഴിയില്‍ വെച്ച് കാര്‍ നിന്നുപോയി. ഡ്രൈവര്‍ പഠിച്ച പണി പതിനെട്ടും നോക്കി. കാര്‍ സ്റ്റാര്‍ട്ട് ആകുന്നില്ല. ആളുകളും വാഹനങ്ങളും ഒഴിഞ്ഞൊരിടമായിരുന്നു. ഇനിയവിടെ തന്നെ സ്റ്റക്കാവുമല്ലോ എന്ന് ഇംഗ്ലീഷില്‍ ടീച്ചര്‍ ആകുലപ്പെട്ടിരിക്കവെ എതിരെ ഒരു 407 കടന്നുവന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്ന് സംഭവം ചോദിച്ചു. തന്റെ വണ്ടിയുടെ ടൂള്‍ബോക്സില്‍ നിന്ന് സ്പാനറും സ്‌ക്രൂഡ്രൈവറും എടുത്ത് അരമണിക്കൂര്‍ ഒന്നും മിണ്ടാതെ കാറില്‍ എന്തൊക്കെയോ തിരിക്കലും വളക്കലും നടത്തി. വണ്ടി ഓണ്‍ ആയി. സന്തോഷത്തോടെ ജ്വല്ലറിയുടെ പരസ്യമുള്ള തന്റെ പഴ്സില്‍ നിന്ന് നൂറിന്റെ മൂന്ന് നോട്ടുകള്‍ ടീച്ചര്‍ അവന് നേര്‍ക്ക് നേരെ നീട്ടി. അവന്‍ ചിരിച്ചുകൊണ്ട് പണം നിഷേധിച്ചു. 407-ല്‍ കയറാന്‍ അവന്‍ സിനിമാസ്‌റ്റൈലില്‍ തിരിഞ്ഞുകാറിനടുത്തേക്ക് വന്നു. കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന ടീച്ചര്‍ക്ക് നേരെ മുഖം കുനിച്ച് ടീച്ചറോട് അവന്‍ ചോദിച്ചു.
-ടീച്ചര്‍ക്ക് എന്നെ മനസ്സിലായോ...
ടീച്ചര്‍ തന്റെ പ്രിയശിഷ്യരുടെ മുഖങ്ങള്‍ മനസ്സിലേക്ക് നിരത്തിവെച്ച മുന്നിലെ മുഖവുമായി താരതമ്യപ്പെടുത്തി.
ഇല്ല... പിടികിട്ടുന്നില്ല...
ടീച്ചര്‍ സ്നേഹപൂര്‍വ്വം ചിരിക്കുന്നു.
-ഞൊണ്ടിബാലനാ ടീച്ചറേ...
ടീച്ചറുടെ തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി.
-എനിക്കറിയായിരുന്നു ടീച്ചര്‍ക്കെന്നെ മനസ്സിലൂവാലാന്ന്.. ഞാന്‍ ടീച്ചര്‍ടെ നല്ല സ്റ്റുഡന്റായിരുന്നില്ലല്ലോ...
-ഓര്‍മ നല്ലോണം കുറവാടാ... നീ ഒന്നും വിചാരിക്കര്ത്..
ടീച്ചര്‍ കള്ളം പറഞ്ഞു. അതവന് മനസ്സിലായി.
-സാരൂല്ല ടീച്ചറേ.. ടീച്ചര്‍ക്ക് സുഖാണോ..
ടീച്ചര്‍ തലയാട്ടി.
-അന്ന് സ്‌കൂള്‍ വിട്ടത് നന്നായി ടീച്ചറേ... ഇപ്പോ ടൗണില്‍ രണ്ട് വര്‍ക്ക് ഷോപ്പ് നടത്തുന്നു...
-സുഖായിരിക്കൂ... ദൈവം കൂടെയുണ്ടാവും...
അവന്‍ ചിരിച്ചു.
ടീച്ചര്‍ക്ക് ചിരിക്കാനാവുമായിരുന്നില്ല.
-ശരി ടീച്ചറേ...
അവന്‍ തിരിച്ചുനടക്കവെ പേരക്കുഞ്ഞിന്റെ ഇടംകാലില്‍ ടീച്ചറുടെ കൈകള്‍ അറിയാതെ അമര്‍ന്നു.
അധ്യാപകദിനാശംസകള്‍...!
Content Highlights: p v shaji kumar about teacher's day