'അന്തിതൻ ചായപ്പെട്ടി പോലെയാണിന്നാകാശം ചിന്തിയ പലമുകിൽ നുറങ്ങിൻ നിറങ്ങളാൽ ജി.ശങ്കരക്കുറുപ്പിന്റെ അപ്രശസ്തമായ ഈ ഈരടി എനിക്ക് ഏറെ ഇഷ്ടമായതിനു പിന്നിൽ നിറങ്ങളോടുള്ള ഇഷ്ടവുമുണ്ട്. ഈയിടെ ചിത്രകലാഭിരുചിയുള്ള രണ്ട് സുഹൃത്തുക്കൾ എന്റെ വാടക വീട്ടിൽ വന്നു. വാടക വീടിന്റെ പരാധീനതയിലും വലിയൊരു മ്യൂറൽ ഫ്രെയിം ചെയ്ത് ചുവരിൽ തൂക്കിയിരുന്നു. അവർ അതിലെ നിറങ്ങൾ ഓരോന്നായി വിവരിക്കാർ തുടങ്ങി- വെർഡ്യുർ ബ്ലൂ, സാപ് ഗ്രീൻ, സിയെന്ന ബ്രൗൺ എന്നിങ്ങനെ.

പൂക്കളുടെ പേരുകൾ പോലെ ഞാനതു കേട്ടു.നിറങ്ങളുടെ പറുദീസയിലെ ആദമായി ആ ചങ്ങാതിമാർ. അവർ വർണ്ണാന്തരങ്ങളുടെ പേരുകൾ കൊണ്ട് കവിത സൃഷ്ടിക്കുന്നത് ഞാൻ കേട്ടിരുന്നു. നിറങ്ങളുടെ പേരുകൾ പോലും കവിതയിലെ വാക്കുകൾ പോലെ മനോഹരം. ഇത്രയധികം നിറപ്പേരുകൾ, ഇംഗ്ലീഷിൽ ഉള്ളതുപോലെ, നമ്മുടെ ഭാഷയിൽ ഇല്ല. പക്ഷേ നമുക്ക് 'നിറം പാടൽ' ഉണ്ട്. കളം പാട്ടാണ് നിറം പാടൽ. അഞ്ചു നിറങ്ങൾ കൊണ്ട് ഭഗവതിക്കളം വരച്ച് അതിനരികിലിരുന്നു പാടുന്ന പാട്ട്. എത്ര ഭാവനാപൂർണ്ണമാണ് ആ പേര്! നിറം പാടലിലെ കവിത കണ്ടെത്തിയത് കാവാലം നാരായണപ്പണിക്കരാണ് -' നിറങ്ങളേ പാടൂ...'എന്ന ചലച്ചിത്ര ഗാനത്തിലൂടെ.

പാട്ടിൽ തുടർന്നു വരുന്ന വരികളും മനോഹരമാണ്- 'കളമിതിലെഴുതിയ/ ദിവ്യാനുരാഗ/സ്വരമയ വാസന്ത/ നിറങ്ങളേ പാടൂ...'എന്നിങ്ങനെ. 'മഴവിൽക്കൊടിയിൽ അലിയും മറവിയായ് ' എന്നാണ് ആദ്യത്തെ ചരണം തുടങ്ങുന്നത്. ഉന്മത്തപ്രണയത്തിന്റെ നിറംപാടൽ തന്നെ പാട്ടിലെ പല്ലവിയും ചരണവും എല്ലാം. സിനിമയിലെ നായകൻ ഇതെല്ലാമായതുകൊണ്ടാവാം;ഉന്മാദിയും പ്രണയിയും ചിത്രകാരനും. പാട്ടിന്റെ അടുത്ത ചരണമാണ് വിസ്മയകരം (അതെ, വിസ്മയകരം തന്നെ!).' ചലദളിഝങ്കാരം' എന്നൊരു വാക്കുണ്ട് ഉണ്ണായിവാര്യരുടെ നളചരിതത്തിൽ.
അതിനെ തന്റെ ചലച്ചിത്രഗാന ഭാവനയുടെ ഭാഗമാക്കി മാറ്റുന്നുമുണ്ട് കാവാലം ഈ പാട്ടിന്റെ അടുത്ത ചരണത്തിൽ-' ചലദളിഝങ്കാര രതിമന്ത്രമായ്...'നളചരിതത്തിൽ പ്രണയാക്രാന്തയായ ദമയന്തിയെ അവതരിപ്പിക്കുമ്പോഴാണ് ഈ പദമുള്ളത്-' ചലദളിഝങ്കാരം, ചെവികളിലം
ഗാരം...' വിരഹിക്ക് 'ചലദളിഝങ്കാര'മെന്ന അളിമന്ത്രണം, ഒരേ സമയം രതിമന്ത്രണവും കാതിൽ കനൽ പോലെ വീണുപൊള്ളുന്ന വിരഹപീഡയുടെ അനുഭവവുമാകുന്നു. രതിയുടെ ഈ ഗൂഢഭാഷയെയോ ഗുപ്തഭാഷയെയോ കണ്ടെഴുതുകയായിരുന്നു കാവാലം തന്റെ നിറം പാടലിൽ.

നിറങ്ങളെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്. അന്ധയായ പെൺകുട്ടിയെ നിലാവിന്റെ സൗന്ദര്യം അനുഭവിപ്പിക്കാൻ വേണ്ടി ബിഥോവൻ' നിലാവിന്റെ ഗീതം' എന്ന സ്വരശില്പം രചിച്ചു. നിറങ്ങളെ എങ്ങനെയാണ് സംഗീതവൽക്കരിക്കുക? എൻ.എസ്.മാധവന്റെ 'ജിബ്രാൾട്ടർ' എന്ന കഥയിൽ ഇതിനെപ്പറ്റി രസകരമായ ഒരു ചർച്ചയുണ്ട്,സ്വരങ്ങൾ കാണുന്നതിനെപ്പറ്റി.'തോടിരാഗത്തിന് പച്ച നിറമാണ്, ക്ലാവിന്റെ' എന്ന് മാധവന്റെ കഥാപാത്രം പറയുന്നുണ്ടെന്നാണ് ഓർമ്മ. എവിടെക്കേട്ടാലും ഞാൻ തിരിച്ചറിയുന്ന ഒരേയൊരു രാഗം ഹിന്ദുസ്ഥാനിയിലെ 'ദേശ്' ആണ്. ദേശ് രാഗത്തിന് ഒരു നിറം സങ്കല്പിക്കാനാവശ്യപ്പെട്ടാൽ 'വശ്യമായ നീല' എന്നായിരിക്കും ഞാൻ പറയുക. അതിനും കാരണം ഒരു പാട്ടാണ്.' നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ, നിന്നെ പ്രതീക്ഷിച്ചു നിന്നു....'എന്ന ദേശ് രാഗത്തിലുള്ള, കെ.ജയകുമാർ എഴുതിയ പാട്ട്. മറ്റൊരു മലയാള ചലച്ചിത്രഗാനത്തിൽ ദേശ് രാഗം കേൾവിപ്പെട്ടപ്പോഴും അതിൽ തെല്ല് മേഘച്ഛായ കലർന്നിരുന്നു.

'മേഘരാഗം നെറുകിൽത്തൊട്ടു മേലേ നിൽപ്പു വാനം...'(ഗിരീഷ് പുത്തഞ്ചേരി). ആ പഴയ പ്രിയഗാനത്തിലെ-ഒരു പുഷ്പം മാത്രമെൻ...- ഒറ്റപ്പൂവേതാണെന്ന് ഭാസ്കരൻ മാഷ് പറയുന്നില്ല. രാഗം ദേശ് തന്നെ, അതുകൊണ്ട് അതുമൊരു നീലപ്പൂവായിരിക്കാനാണിട (എന്തൊരു വൈൽഡ് ഗസ്!). അതിരിക്കട്ടെ, ഈ നീലപ്പൂവുണ്ടല്ലോ, അതൊരു കാല്പനികപുഷ്പമാണ്.

ജർമ്മൻ കാല്പനിക സാഹിത്യകാരനായ നൊവാലീസിന്റെ ഒരപൂർണ്ണ നോവലിലാണതിന്റെ പിറവി. നോവലിലെ നായകൻ താൻ സ്വപ്നത്തിൽ കണ്ട നീലപ്പൂവ് തേടിപ്പോകുന്നു! അങ്ങനെ ആ ശ്യാമ സുന്ദര പുഷ്പം അപ്രാപ്യമായതിനോടുള്ള കാല്പനികാഭിനിവേശത്തിന്റെ മുഴുവൻ പ്രതീകമായി മാറി.

ഹൃദയത്തിൽ അവ്യക്തമായ അഭിലാഷത്തിന്റെ മർമ്മരങ്ങളുണർത്തുന്ന ദേശ് രാഗത്തിന് നീല നിറമാണെന്നുറപ്പിക്കാൻ ഇതിൽപ്പരം എന്തു തെളിവു വേണം? ഇത്തരം ഹൃദ്യമായ ഭ്രാന്തുകളാണല്ലോ കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ അടിസ്ഥാനം!

Content Highlights: Sajay KV Writes about the colour especially blue in Art and Music as well as literature