'വാനിലോർമ്മയ്ക്കായിട്ടു പോയ പട്ടുറുമാലു- വാരിദശകലമെന്നോർത്തു ഞാൻ സൂക്ഷിച്ചീല'.(അന്വേഷണം,ജി.)

'ജിയുടെ സായാഹ്നമൃദുലത 'എന്നൊരു പ്രയോഗമുണ്ട് സച്ചിദാനന്ദന്റെ 'മലയാളം' എന്ന കവിതയിൽ. ജിയെ ഏറ്റവും ഗാഢമായി,ഹൃദ്യമായി വിവരിക്കുന്ന മലയാള കാവ്യവരിയാണത്. കവിയായ ജിയുടെ മൃദുല ചർമ്മത്വ- sensitivity-ത്തെപ്പറ്റി എം.എൻ വിജയനും എഴുതിയിട്ടുണ്ട്. സ്ത്രൈണമെന്ന് പറയാവുന്ന ഒരുതരം ഭാവമൃദുലത ജിയുടെ കവിത്വത്തിന്റെ അടിസ്ഥാനസിദ്ധികളിൽ ഒന്നായിരുന്നു.ഡോ.എം. ലീലാവതി പിന്നീട് 'നമനസത്ത' എന്നും ' അനിമ'എന്നും യുങ്ങിയൻ പദാവലി ഉപയോഗിച്ച് അതിനെ വിവരിച്ചു.ഈ മനോമാർദ്ദവം അതിന്റെ പരകോടിയിലെത്തുന്ന കവിതയാണ് 'സൂര്യകാന്തി'. ആ പൂവിന്റെ അധീരകാതരമായ പ്രണയമുഗ്ദ്ധത കവിയുടെ ആത്മദലങ്ങളിൽ നിന്നുകൂടി പകർന്നു കിട്ടിയത്.ഇതേ കവി തന്നെ പ്രൗഢഗംഭീരമായ 'സാഗരഗീത'വും 'ശിവതാണ്ഡവ 'വും 'വിശ്വദർശന 'വും എഴുതി. ആ കവിതകളിലും കാണാം,' വാനം തൻ വിശാലമാം ശ്യാമവക്ഷസ്സിൽ കൊത്തേ- / റ്റാനന്ദമൂർച്ഛാധീനമങ്ങനെ നിലകൊൾവൂ!' എന്നതു പോലുള്ള സ്ത്രൈണവികാര പാരമ്യത്തിന്റെ യോഗാത്മകശീലുകൾ.

'എന്റെ വേളി ' എന്ന മരണം പ്രമേയമാകുന്ന കവിതയിലും, നോക്കൂ, വരനല്ല വധുവാണ് വക്താവ്! പ്രപഞ്ചദർശനത്തിന്റെ വിഹ്വല ഹർഷമാണ് 'വിശ്വദർശന'ത്തിൽ. കാലം പ്രമേയമാകുന്ന അതേ പേരുള്ള കവിതകളിൽ (ഈ പേരിൽത്തന്നെ രണ്ട് കവിതകളുണ്ട്, ജിയുടേതായി) 'കാലകാളകുണ്ഡലി',' 'കാലമാം ജവനാശ്വം! എന്നിങ്ങനെ 'ഭീകരമനോഹര'മാണ് കേന്ദ്രകല്പനകൾ. 'ഇന്നു ഞാൻ നാളെ നീ' എന്ന കവിതയിലെ ഈ ഒടുക്കവരികൾ നോക്കൂ - 'ഒന്നു നടുങ്ങിഞാ, നാനടുക്കം തന്നെ/മിന്നുമുഡുക്കളിൽ ദൃശ്യമാണിപ്പൊഴും!'കവിയുടെ നടുക്കം പ്രാപഞ്ചികമാകുകയും അത് വിറകൊള്ളുന്ന നക്ഷത്രങ്ങളിൽ കാണാകുകയും ചെയ്യുന്ന ഈ 'കോസ്മിക് വിഷ'ന്റെ പേരാകുന്നു ജി.എന്നത്.

ഈ കവി തന്നെ ,'നിത്യതയെന്നാലിതളൊടുങ്ങീടാത്തൊ- /രത്യന്തസുന്ദരമായ ചെന്താമര' എന്നും എഴുതും .'ഉലകം കണ്ടു ഞാൻ കാലമാം പുൽക്കൂമ്പിൻതലയിൽ മിന്നുന്ന തൂമഞ്ഞുതുള്ളിയായ്!' എന്ന ,വലുതിനെ ചെറുതിലും അമേയമായതിനെ പരിമിതസത്തയിലും കുടിയിരുത്തുന്ന കലയും കാണാം ജിയിൽ.ഇതേ കവിതന്നെ 'നാളെ 'പോലുള്ള രണഗാഥകളും 'തൂപ്പുകാരി 'പോലുള്ള നിമ്നജീവിതഗാഥകളും 'പെരുന്തച്ചൻ 'പോലുള്ള ദൃഢശില്പങ്ങളും'ചന്ദനക്കട്ടിൽ 'പോലുള്ള സരളാഖ്യാനങ്ങളും 'ഇണക്കുരുവികൾ 'പോലുള്ള ഗ്രാമജീവിത കഥാഗാനങ്ങളും എഴുതി .

ആദ്യജ്ഞാനപീഠപുരസ്കാരജേതാവ് എന്ന പുകഴോ, ഖണ്ഡനവിമർശനത്തിന്റെ നിഴലോ മാത്രം മുൻനിർത്തി വിലയിരുത്തപ്പെടേണ്ട മഹാകവിത്വമല്ല ജിയുടേത്; ഇവിടെ സൂചിപ്പിച്ചതു പോലുള്ള അനന്യതകളുടെ കൂടി ആകരമായിരുന്നു അദ്ദേഹത്തിന്റെ കവിത.കവിതയെ സാമൂഹ്യപാഠശാലയായി മാത്രം കണ്ട പിൽക്കാല കവികളും നിരൂപകരും എത്ര തന്നെ അവഗണിച്ചാലും ആ സാഗരഗീതശ്രുതി, 'ജീവിതം ഗാനം ,കാലം / താള, മാത്മാവിൻ നാനാ- / ഭാവമോരോരോ രാഗം;/ വിശ്വമണ്ഡലം ലയം!' എന്ന പോലെ ,മലയാളകവിത ഇരുപതാംനൂറ്റാണ്ടിൽ നേടിയ പ്രപഞ്ചവ്യാപ്തമായ വികാസശേഷിയുടെ ധീരഗംഭീരനാദമായി ഒലിക്കൊണ്ടുകൊണ്ടേയിരിക്കുന്നു.

'നീയപാരതയുടെ നീലഗംഭീരോദാരച്ഛായ' എന്നും 'ഭദ്രനിത്യതയുടെ മോഹനഗാനാലാപം' എന്നും (സാഗരഗീതം) 'നിങ്ങൾ പരത്തും ചിറകിൻ നിഴലല്ലീ/ ഞങ്ങൾതന്നത്ഭുതമായ വാനം?' (നിമിഷം)എന്നും പ്രപഞ്ചോന്മുഖമായും സമയോന്മുഖമായും നിന്ന് വിസ്മയംകൊണ്ടിട്ടില്ല മലയാളകവിത അതിനു മുൻപ്; അതിനു ശേഷവും.

Content Highlights: Sajay KV Writes About Mahakavi G Shankarakkurupp in his Column Mashippacha