'ഹൈക്കു' എന്ന കവിതാരൂപവുമായുള്ള ആദ്യപരിചയം സംഭവിക്കുമ്പോൾ ഞാൻ തീരെച്ചെറിയ കുട്ടിയായിരുന്നു. മുക്തകമെന്തെന്നറിയും മുൻപ് ഞാൻ ഹൈക്കുവെന്തെന്നറിഞ്ഞു. നല്ല നിലവാരമുണ്ടായിരുന്ന അന്നത്തെ ബാലമാസികകളിലൊന്നിൽ ഗുരു നിത്യചൈതന്യയതി എഴുതിയ ലേഖനമാണതിനു നിമിത്തമായത്.'ബാഷോ' എന്ന പേരും മറ്റൊരു ഹൈക്കു കവിത പോലെ, അതോടൊപ്പം എന്റെ ഉള്ളിൽക്കയറിപ്പറ്റി. ബാഷോയുടെ ഒരു ഹൈക്കുവും ഉദ്ധരിച്ചിരുന്നു ലേഖനത്തിൽ, ഗുരുനിത്യ. ഞാനിന്നോളം വായിച്ചിട്ടുള്ള ഹൈക്കു കവിതകളിൽ വച്ചേറ്റവും മികച്ചവ തിരഞ്ഞെടുത്താൽ അക്കൂട്ടത്തിൽ ആ മൂന്നു വരിയും ഉണ്ടാകും.ഹൈക്കു ഇങ്ങനെ-
'എന്റെ വീടെരിഞ്ഞു പോയ്
എന്നിട്ടും വിരിഞ്ഞല്ലോ
ഇന്നുമിച്ചെറിപ്പൂക്കൾ '.
അണ്ണാന്റെ മുതുകിൽ മൂന്നു വരയല്ല, മൂന്നു വരിയാണെന്നും അതൊരു ഹൈക്കുവാണെന്നും പറഞ്ഞുതന്നു, പിൽക്കാലം, മേതിൽ രാധാകൃഷ്ണൻ. അണ്ണാൻവരയുടെ ലാളിത്യവും അതിലില്ലാത്ത അപാരതയുമുണ്ട് ഹൈക്കുവിൽ.

കുന്നിമണിയോടും എണ്ണപ്പുഴുവിനോടും മുക്കുറ്റിപ്പൂവിനോടുമുള്ള തീരാക്കൗതുകം അതിനാൽ എനിക്ക് ഹൈക്കുവിനോട്. ഹൈക്കു കവിതകൾ വായിച്ചു നേരം വെളുപ്പിച്ച ഒരു പഴയ രാത്രിയാണോർമ്മയിൽ. കവിയും കോളേജധ്യാപകനുമായ സുഹൃത്തിന്റെ കടലോരത്തുള്ള വാടകവീട്ടിൽ വച്ചായിരുന്നു അത്. രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം. ഹൈക്കുവിന്റെ വലിയൊരു സമാഹാരമുണ്ടായിരുന്നു സുഹൃത്തിന്റെ കയ്യിൽ. (ഈ സുഹൃത്ത് പിൽക്കാലത്ത്, ഞാൻ അന്ന് മലയാളത്തിലാക്കിയ ഒരു ഹൈക്കു, തന്റെ ഒരു കവിതയിൽ അതിമനോഹരമായി ഉപയോഗിച്ചു.ഹൈക്കു ഇങ്ങനെ -
'എന്തൊരു നിലാവ്!
കള്ളനൊട്ടിട നിന്നു-പാടുവാൻ').

ആ രാത്രിയിൽ അത്രമേൽ ഇഷ്ടം തോന്നിയ ഹൈക്കു കവിതകളിൽ ചിലത് ഞാനൊരു നോട്ട്ബുക്കിൽ പകർത്തിയെടുത്തു. ഇപ്പോഴും എന്റെ കൈവശം ആ നോട്ട്ബുക്കുണ്ട്, ആ കവിതകളും സൗഹൃദത്തേക്കാളേറെ ഈട് കവിതയ്ക്കും വാക്കിനുമാണെന്നോർമ്മിപ്പിച്ചു കൊണ്ട്.
ബാഷോവിനു പിന്നാലെ ഇസ്സയും ബുസോണും വന്നു. ഒരൊറ്റക്കവിതയാൽ അവിസ്മരണീയത നേടിയ ഒരു ഹൈക്കു കവിയുണ്ട്- അരികിഡ മോറിടാകെ(Arikida Moritake). കവിത ഇങ്ങനെ -
'നോക്കൂ
വീണപൂ
വീണ്ടുമതിന്റെ
ചില്ലയിലേയ്ക്ക്!'
(Lo,
the fallen flower
returns to its branch!).

അന്തരിച്ച പി.എൻ.ദാസിന്റെ ഒരു കുറിപ്പിൽ നിന്നു വീണു കിട്ടിയ ഒരു ഹൈക്കുവുണ്ട് -
'മുളങ്കാടിനു താഴെ
പുസ്തകം തലയിണയാക്കി ഉറങ്ങുമ്പോൾ നിലാവു തട്ടി ഞാൻ ഉണരുന്നു.'നിറയെ മുളം കാടുകളുള്ള ഒരിടത്തായിരുന്നു, 2016-ലെ മാതൃഭൂമി സാഹിത്യ ക്യാമ്പ്. മുളയെപ്പറ്റി മാത്രം മുക്കാൽ മണിക്കൂർ സംസാരിച്ചു.അതിനു തുണയായത് ഈ ഹൈക്കുവായിരുന്നു; ഒപ്പം ഫാദർ ബോബി ജോസിന്റെയും കൽപ്പറ്റ നാരായണൻ മാഷിന്റെയും ഹൈക്കുപോലെ പ്രചോദകമായ സൗമ്യസാന്നിധ്യവും.

2014ൽ ആണെന്നാണോർമ്മ. തൃശൂരിൽ വച്ച് ഒരു ഹൈക്കു സെമിനാർ നടന്നു. അമേരിക്കയിൽ താമസിക്കുന്ന മലയാളകവി ചെറിയാൻ കെ.ചെറിയാൻ ആയിരുന്നു സംഘാടകൻ. പലതരക്കാരായ പ്രസംഗകരുടെ ഒരു നീണ്ട നിര. ഹൈക്കുവിന്റെ രൂപലാവണ്യവും ഭാവലാവണ്യവും പല തരത്തിൽ നിർവ്വചിക്കപ്പെട്ടു.ഹൈക്കുവിനായി കേരളത്തിൽ മറ്റൊരിടത്തും, മറ്റൊരിക്കലും ഇത്തരത്തിലൊരു പകൽ മാറ്റി വയ്ക്കപ്പെട്ടിട്ടുണ്ടാവില്ല. കൂട്ടത്തിൽ ചിലർ കുഞ്ഞുണ്ണി മാഷെയും മാഷുടെ കവിതയെയും ഓർത്തു. ചിലപ്പോഴൊക്കെ കുഞ്ഞുണ്ണി മാഷും ഒരു ഹൈക്കുകവി;കുഞ്ഞുണ്ണിക്കവിത എന്നാൽ, അക്ഷരാർത്ഥത്തിൽ, ഹൈക്കുവിന്റെ ഏറ്റവും സാന്ദ്രമായ മലയാളനിർവചനവും!

രൂപപരമായ കുഞ്ഞുണ്ണിത്തം ഹൈക്കുവിനുമുണ്ട്. ഹൈക്കുവിനോട് ഭാവ സാമ്യം വഹിക്കുന്ന അപൂർവ്വം ചില കുഞ്ഞുണ്ണിക്കവിതകളെങ്കിലുമുണ്ടെന്ന വസ്തുതയും നിഷേധിക്കാനാവില്ല-' മഴക്കാല മൂവന്തി / നീണ്ട വഴി / ഞാനേകാകി' എന്ന പോലെ.

എല്ലാ കവികളിലുമുണ്ട് ചില ഹൈക്കു നിമിഷങ്ങൾ.' 'എത്ര വെള്ളം കോരിയിട്ടും ആനന്ദൻ വന്നില്ല' (മാതംഗി) എന്നെഴുതിയപ്പോഴത്തെ കൽപ്പറ്റ നാരായണനും'മല തൻ പടം കടുംപച്ചയിൽ പകർത്തുവാൻ നളന്റെ വേഷം കെട്ടീ മകന്റെ ചായപ്പെൻസിൽ 'എന്നെഴുതിയപ്പോഴത്തെ ശ്രീകുമാർ കരിയാടും ഹൈക്കുകവികളായിരുന്നു എന്നു വിചാരിക്കാനാണ് എനിക്കിഷ്ടം. എന്തിന്,' പുറത്തിരുന്ന കല്ലുരുണ്ടു നീങ്ങവേ പറന്നു പൊങ്ങുവാൻ
വെളുത്ത മേഘമായ്' (പഞ്ഞി ) എന്നെഴുതിയപ്പോൾ എന്റെ പ്രിയമിത്രം ബിജോയ് ചന്ദ്രനും അതാണു ചെയ്തത്. ആവിഷ്കാരസൂക്ഷ്മതയാലും ആകസ്മികതയാലും ചില കവിതകൾ ഹൈക്കുവിനോടൊപ്പമാകുന്നു, അതെഴുതിയ കവികൾ അങ്ങനെ ആഗ്രഹിച്ചാലും ഇല്ലെങ്കിലും. ഹൈക്കുവിൽ നിന്ന് ഇമേജിസ്റ്റ് കവിതയിലേയ്ക്ക് ഏറെ ദൂരമില്ല, ആസകലം കവിതയായ,കവിതയല്ലാത്തതിനെയെല്ലാം തിരസ്കരിക്കുന്ന, സാന്ദ്ര കവിതയെന്നോ സൂക്ഷ്മകവിതയെന്നോ പേരിടാവുന്ന ഭാഷാവിഷ്കാരത്തിലേയ്ക്കും.

യതിക്കു പ്രിയപ്പെട്ട മറ്റൊരു ഹൈക്കു കൂടി ഓർത്തുകൊണ്ട് അവസാനിപ്പിക്കാം. ഇത് പിൽക്കാലത്തു പരിചയപ്പെട്ടത്,'പ്രേമവും ഭക്തിയും' എന്ന പുസ്തകത്തിൽ ഉദ്ധരിക്കപ്പെടുന്നത് -
'എന്റെ ഹിമം
എന്നു വിചാരിക്കുമ്പോൾ
എന്റെ മുളംതൊപ്പി മേൽ
അത്
എത്ര കനമറ്റിരിക്കുന്നു!'
മറ്റൊരു ഹൈക്കു കൂടി, ഇതോടൊപ്പം, യതി ഉദ്ധരിക്കുന്നുണ്ട്(അതിലും മുളയുണ്ട്, ഹൈക്കു കവിതയിലെ ഒരു നിത്യസാന്നിധ്യമാണ് മുളം കാടുകൾ,' ബാഷോ ' എന്ന പേരിനർത്ഥം' വാഴ' എന്നാണെങ്കിലും)-
' മുളംകാടിനുള്ളിൽ
മുഴുതിങ്കൾ
രാപ്പാടിയുടെ ഗാനം'.