ഞാനിപ്പോൾ താമസിക്കുന്ന വടകര, മടപ്പള്ളിയിലെ പഴയപാതയോരത്ത് ചില പടുകൂറ്റൻ നെന്മേനിവാകമരങ്ങളും മഹാഗണിവൃക്ഷങ്ങളുമുണ്ട്. മകരമാസമായതിനാൽ അവ ഇലപൊഴിക്കുന്നു. കാറ്റിൽ പാറി വീഴുന്ന മഞ്ഞയിലകൾക്ക് ഒരു താളമുണ്ട്. ആ താളം മറ്റൊരു കാവ്യതാളത്തെയും ഓർമ്മിപ്പിക്കുന്നു. ഡി.വിനയചന്ദ്രന്റെ' ഇലകൾ കൊഴിയുന്നു' എന്ന കവിതയെ.' ഇലകൾ കൊഴിയുന്നു തെരുതെരെത്തുരുതുരെ...' എന്നാരംഭിക്കുന്ന കവിത. ഈ മകരം വിടവാങ്ങുന്നതിന്റെ തൊട്ടു തലേന്നാൾ കവിയുടെ വിയോഗത്തിന് എട്ടാണ്ടു തികയുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകളുടെ ദലവർഷമൊടുങ്ങിയിട്ടില്ല, എന്റെയുള്ളിൽ. അത്തരക്കാരായ മറ്റു ചിലരുടെ ആ വിരളഗോത്രത്തിനു വേണ്ടി ഇപ്പോൾ ഇതെഴുതുന്നു.

മലയാള കവിതയിലെ ഒരനന്യതയുടെ പേരാകുന്നു ഡി.വിനയചന്ദ്രൻ എന്നത്. കാടായും കടലായും കല്ലടയാറായും മാറാടിയ വന്യ വിചിത്രമായ കവിത്വം. കവിത ചൊല്ലുമ്പോൾ വാക്കിന്റെ ആവിഷ്ടതയനുഭവിക്കുന്ന ഉന്മത്തവൃക്ഷമായി തന്റെ ഉടലിനെ മാറ്റാറുണ്ടായിരുന്നു വിനയചന്ദ്രൻ;ഇസ്രയയേലി കവി, ഡാൻ പേജിസിന്റെ (Dan Pagis) കവിതയിൽ പൈൻമരത്തെ വിവരിക്കാനായി ഒരാൾ അതായി മാറിയതു പോലെ. നാദാകാരനായ ഗായകനെപ്പോലെ വാഗ്രൂപിയായ കവിയായിരുന്നു വിനയചന്ദ്രൻ. വാക്കിന്റെ നിറവും മണവും രുചിയുമറിയുന്ന അസാധാരണ കവിത്വം. അതിനാൽ ആ കവി പോയ വഴിയേ മറ്റു കവികളോ നിരൂപക-വൈതാളികസംഘമോ പോയില്ല. സഹകവികളും, ആവും പോലൊക്കെ, അവഗണിച്ചു. എന്നിട്ടും 'മഴയിൽ നീ കർപ്പൂരം മണക്കുന്ന മറുമഴ ' എന്നു പി.യെക്കുറിച്ചെഴുതിയ കവി ഇപ്പോഴും ജീവിക്കുന്നു.

എൺപതുകളുടെ ആദ്യപകുതിയിലാണ് വിനയചന്ദ്രൻ തന്റെ ആദ്യസമാഹാരമായ' വിനയചന്ദ്രന്റെ കവിതക'ളുമായെത്തുന്നത്. ഏഴു ഖണ്ഡങ്ങളിലായി പലമയുടെ സങ്കലനഭംഗിയാവിഷ്കരിച്ച കാവ്യന്ഥം. ആ സമാഹാരത്തിലെ അവസാന കവിതയായിരുന്നു,'കാട്'. വിനയചന്ദ്രന്റെ കാടിനു മുന്നിൽ, അതിനുള്ളിലേയ്ക്കു കടക്കാനാവാതെ, കുഴങ്ങി നിൽപ്പാണ് നമ്മുടെ വായന ഈ മാറിയ നൂറ്റാണ്ടിലും. കാടിനെക്കുറിച്ചെഴുതിയ കവികൾ നമുക്കുണ്ട്. അവരോടൊപ്പവുമല്ല, വിനയചന്ദ്രൻ. കാരണം 'കാടെ'ഴുതിയ കവിയുടെ കവിതയിലെ കാട്, കാടിനെയും കവിയുന്നു. വാക്കു കൊണ്ടു പണിത ഈ കാടിനുള്ളത്ര തൂർമ്മയില്ല, കാടിന്റെ നേരനുഭവത്തിനു പോലും. രൂപക വിസ്താരമായും വാക്കിന്റെ വൻകാടായും വളർന്നു തിടം വയ്ക്കുന്ന കാവ്യാരണ്യം.' കായിക്കരയിലെ കട'ലിലെ കടലിനുമുണ്ട് സമാനമായ തിരപ്പെരുക്കം. ഇങ്ങനെ അനന്യതയുടെ മായാമുദ്ര പതിഞ്ഞ ഒരു പിടിക്കവിതകളിലാണ് ഡി.വിനയചന്ദ്രന്റെ മരണാനന്തര ജീവിതം. ഭാവുകത്വത്തിന്റെ ഒരു ഭിന്ന ഋതുവിൽ വീണ്ടും മുളയ്ക്കുന്നതിനു വേണ്ടി വിതയിറക്കിയ വിത്തുകളാകുന്നു അവ, പടുമറവിയുടെ അമാവാസിക്കു ശേഷം വീണ്ടും തെളിയുന്ന വിനയചന്ദ്രിക. കാണെക്കാണെ വളരുന്ന വാക്കിന്റെ ചന്ദ്രക്കലകൾ.

Content Highlights: Sajay KV Column Mashippacha Writes about Poet D Vinayachandran on his Death Anniversary