'സൂക്ഷിച്ചു നോക്കൂ, കവിതയല്ലാതെന്തുള്ളു ഭൂമിയിൽ?' എന്ന കാവ്യവരി പി.കുഞ്ഞിരാമൻ നായരുടേതാണ്. പ്രപഞ്ചനിർമ്മാണത്തിന്റെ പദാർത്ഥം തന്നെ കവിതയാണെന്നോ കവിത്വത്തിന്റെ വൻകാന്തം ഉള്ളിലുള്ളൊരാൾക്ക് ഏത് ഇരുമ്പു തരിയേയും കവിതയിലേയ്ക്ക് ആകർഷിച്ചടുപ്പിക്കാനാവും എന്നോ ഇതിനർത്ഥം പറയാം. കവിത്വം ഒരു സ്വഭാവമാകുമ്പോൾ കവിത പ്രപഞ്ചസ്വഭാവമാകും; കവിതയ്ക്ക് ഒന്നും അന്യമല്ലാതെയാകും. തന്റെ അപാരമായ കവിത്വത്താലും മനുഷ്യ സ്നേഹത്താലും ജീവിതസ്നേഹത്താലും ഈ സത്യം സാക്ഷാൽക്കരിച്ച കവിയായിരുന്നു പാബ്ലോ നെരൂദ.

'ഒഡാസ് എലമെന്റാ ലിസ്'(1954) എന്ന നെരൂദയുടെ സമാഹാരം ഇതിന്റെ കാവ്യസാക്ഷ്യങ്ങളാൽ നിബിഡമാണ്. ഉപ്പു തൊട്ടു കർപ്പൂരം വരെ കവിതയാൽ പരിവേഷപ്പെടുന്നു. അനുദിനജീവിതത്തിലെ അതിസാധാരണതകൾ കവിയുടെ, കവിതയുടെയും, പരിഗണനാവിഷയമായി മാറുന്നു. ഉപ്പ്, തക്കാളി, കാലുറ ,മഞ്ഞക്കിളി, പുസ്തകം, നിഘണ്ടു എന്നിങ്ങനെ ഒരു വിരുന്നുവേളകളിലും സൽക്കരിക്കപ്പെട്ടിട്ടില്ലാത്തവയുടെ ആതിഥ്യത്താൽ കവിത അതിന്റെ രാഷ്ട്രീയവും ലോകാനുരാഗവും വെളിപ്പെടുത്തുന്ന വിശിഷ്ടസന്ദർഭം .കൂട്ടത്തിലൊരു കവിത തണ്ണിമത്തനേക്കുറിച്ചാണ്;' തണ്ണിമത്തനൊരു ഗീതം'-Ode to water melon- എന്ന കവിത.

ഈ വേനൽക്കാലത്ത്, എല്ലാ വേനൽക്കാലങ്ങളിലും, കവിതയാൽ മാത്രം ശമിക്കുന്ന ദാഹമുള്ളവർ ഈ അസാധാരണകവിതയുടെ കാവ്യസൽക്കാരമേറ്റുവാങ്ങുന്നു. വേനൽ, കവിതയെ തണ്ണിമത്തനെന്നും തണ്ണിമത്തനെ കവിതയെന്നും തോന്നിക്കുന്നു. മലയാളിയുടെ 'തണ്ണിമത്തൻ' എന്ന വാക്കു തന്നെ ഒരസ്സൽ കവിതയാണ്;വസ്തുവിനു തികച്ചും നിരക്കുന്ന ഒരു വാക്ക്. നെരൂദ വാക്കുകളിൽ പകരുന്ന തണ്ണിമത്തനാണിവിടെ വായിക്കപ്പെടുന്നത്. ശരിക്കും 'വാ'യും കൂടി പങ്കെടുക്കുന്ന ഒരു 'വാ'യന.

വേനലിനെ പലതായി രൂപകവൽക്കരിച്ചു കൊണ്ട് ചൂടിന്റെയും പൊടിയുടെയും ദാഹത്തിന്റെയും തളർച്ചയുടെയും അനുഭവം സൃഷ്ടിച്ചതിനു ശേഷമാണ് നെരൂദ തണുപ്പിന്റെയും ദാഹശാന്തിയുടെയും സമൃദ്ധാനുഭവമായ തണ്ണിമത്തനെക്കുറിച്ചെഴുതാൻ തുടങ്ങുന്നത്. വേനൽ എന്തെല്ലാമാണോ അതിന്റെയെല്ലാം വിപരീതമാണ് പച്ചച്ച പുറവും ഉൾച്ചുവപ്പും കറുത്തുതിളങ്ങുന്ന വിത്തുകളുമുള്ള അത്ഭുതകരമായ ഈ ജൈവികജലസംഭരണി. വേനൽ ഒരു കഠിന വൃക്ഷമാണ് നെരൂദയ്ക്ക്.നഗരവീഥികൾക്കു മുകളിൽ വെട്ടിത്തിളങ്ങുന്ന ഖഡ്ഗം. കണ്ണുകളെ കടന്നാക്രമിക്കുന്ന ധൂളീമേഘം. അവിചാരിതമായ സുവർണ്ണ മുഷ്ടിപ്രഹരം. ഇറ്റിറ്റു വീഴുന്ന ക്ഷീണത്തിന്റെ തുള്ളികൾ. അത് നാവിനെയും ചുണ്ടിനെയും പല്ലിനെയും തൊണ്ടയെയും ദാഹാർത്തമാക്കുന്നു. വെള്ളച്ചാട്ടങ്ങളെയും കരിനീല രാത്രികളെയും ദക്ഷിണധ്രുവത്തെയും കുടിച്ചു വറ്റിക്കാൻ തോന്നുന്ന ഈ ഉൽക്കടദാഹത്തിനുള്ള ശീതള പരിഹാരമായാണ് തണ്ണിമത്തന്റെ വരവ്.

ആകാശത്തിനു കുറുകേ കാണായ തണുതണുത്ത ഗ്രഹം എന്നാണ് നെരൂദ എഴുതുന്നത്;ഗംഭീരം, ഗോളാകാരം, നക്ഷത്രനിർഭരം എന്നും. തുടർന്ന് ദാഹവൃക്ഷത്തിന്റെ പഴമായും വേനലിന്റെ പച്ചത്തിമിംഗലമായും ആ അപൂർവഫലം വിവരിക്കപ്പെടുന്നു. ഈ വരികളെക്കുറിച്ച് ഒരു കഥയുണ്ട്; ഒരു കവിക്ക് എത്ര മാത്രം ജനകീയനും ജനപ്രിയനുമാകാം എന്നതിനെക്കുറിച്ചുള്ള കഥ കൂടിയാണത്.

സ്ഥലം ചിലിയിലെ സാന്റിയാഗോ നഗരത്തിലെ ഒരു വാണിഭകേന്ദ്രം. അവിടെ തണ്ണിമത്തൻ വിൽക്കാനിരിക്കുകയാണ് ഒരു കൊച്ചു പയ്യൻ. കച്ചവടത്തിനു മോടി കൂട്ടാനെന്നോണം അവൻ തണ്ണിമത്തനെക്കുറിച്ചൊരു കവിതയും ചൊല്ലുന്നുണ്ട്. മനോഹരമായ വരികൾ! നെരൂദയെക്കുറിച്ചു പഠിക്കാൻ ചിലിയിലെത്തിയ ഒരു സായ്പ് അതു കേട്ട് അന്തം വിട്ടങ്ങനെ നിന്നു പോയി. നെരൂദയുടെ നാട്ടിലെ പഴക്കച്ചവടക്കാരൻ പോലും അപൂർവമായ കവിത്വസിദ്ധിയാൽ അനുഗ്രഹീതനാണെന്നു ധരിച്ചു അയാൾ. പഠനം പുരോഗമിച്ചപ്പോഴാണ് അയാൾ ഒരു വസ്തുത മനസ്സിലാക്കിയത്. അന്ന് സാന്റിയാഗോയിലെ ചന്തയിൽ കേട്ട തണ്ണിമത്തനെ വർണ്ണിക്കുന്നവരികൾ നെരൂദയുടേതായിരുന്നു, പാമരനായ പഴക്കച്ചവടക്കാരൻ പയ്യനു പോലും അവ ഹൃദിസ്ഥമായിരുന്നു!

ദാഹവൃക്ഷത്തിന്റെ കനിയായും ഗ്രീഷ്മത്തിന്റെ പച്ചത്തിമിംഗലമായും തന്റെ ജീവനോപാധിയായ തണ്ണിമത്തനെ വിവരിക്കാൻ, അങ്ങനെ കവിതയുടെ വിശുദ്ധവ്യാപാരിയായി സ്വയം പരിവേഷപ്പെടാനും, തന്റെ നാട്ടുകാരനായപാവമൊരു പഴക്കച്ചവടക്കാരനെക്കൂടി പ്രാപ്തനാക്കുകയായിരുന്നു നെരൂദ. ഓരോ വേനലിനോടുമൊപ്പം രസികനായ ഒരു തടിയനെപ്പോലെ തണ്ണിമത്തൻ മലയാളിയുടെ തീനിടങ്ങളിലുമെത്തുന്നു; അതിവിശിഷ്ടനായ ഒരതിഥിയും ആതിഥേയനുമായി, ഒപ്പം തണ്ണിമത്തനെ തന്റെ കവിതയാൽ പെരുമപ്പെടുത്തിയ മഹാകവിയുടെ ഐന്ദ്രജാലികമായ കല്പനകളും. നെരൂദയ്ക്കു ശേഷം തണ്ണിമത്തൻ വെറും തണ്ണിമത്തനല്ല- പഴക്കടയുടെ റാണി, ഭൂമിയിലെ തിങ്കൾ, വിശിഷ്ടഭോജ്യത്തിന്റെ ഖനിയും പർവ്വതവും-അങ്ങനെ എന്തെല്ലാം!

Content Highlights : Sajay KV Column Mashippach Writes about Water Melon the Poem by Neruda