''Thou wast not born for death, immortal bird!
No hungry generations tread thee down...' (Ode to a Nightingale, John Keats).

ആംഗലകാല്പനികകവിതയിലെ തരുണോജ്ജല നാദമായിരുന്ന ജോൺ കീറ്റ്സ് ഈ വരികൾ കുറിച്ചത് 1819 ൽ ആയിരുന്നു. രണ്ടു വർഷത്തിനു ശേഷം, 1821-ൽ ക്ഷയരോഗബാധിതനായ കവി അന്തരിച്ചു.കൂടുതൽ കണിശമായി പറഞ്ഞാൽ 1821, ഫെബ്രുവരി 23-ന്. ആ രാപ്പാടിയുടെ ഗാനം നിലച്ചിട്ട് ഇതു ഇരുനൂറാം വർഷം.

കീറ്റ്സിന്റെ ഭാഷാസൂക്ഷ്മതയോടായിരുന്നു, ഷെല്ലിയുടെ ധൂർത്തഭാവനാ വിലാസത്തോടെന്നതിനേക്കാൾ, വൈലോപ്പിള്ളിക്ക് ചാർച്ച. എന്നിട്ടും യുവാവായ വൈലോപ്പിള്ളി 'വാനമ്പാടിയോട്' എന്ന ഷെല്ലിയുടെ കാല്പനികഗീതം മനോഹരമായി മലയാളമൊഴിയിൽ പകർന്ന് ചരിതാർത്ഥനാ യി. കീറ്റ്സിനെ വൈലോപ്പിള്ളി വിവർത്തനം ചെയ്തില്ല. എന്നാൽ കീറ്റ്സിന്റെ ഇന്ദ്രിയപരതയും ഭാഷാ സൂക്ഷ്മതയും വൈലോപ്പിള്ളിക്കവിതയിൽ ആദ്യന്തമുണ്ടായിരുന്നു. അവസാനകാല കവിതയായ ' അന്തി ചായുന്നു' വിൽ വൈലോപ്പിള്ളിയും കീറ്റ്സും ഒരേ ഭാവനാബിന്ദുവിൽ പരസ്പരം സന്ധിക്കുന്ന ഒരു നിമിഷമുണ്ട്.

'പച്ചകളിരുട്ടിനാൽ
ചർച്ചിതമാകും നേരം
പക്ഷികൾ ചേക്കേറുമാ-
സ്സവിഷാദമാം രംഗം
കറുപ്പിൻ തെളി പോലെൻ
ചേതന പണ്ടേ മോന്തി -
യിരിപ്പൂ,പുലരാത്തോ-
രല്ലിൽ ഞാനലിഞ്ഞെങ്കിൽ!'
എന്ന കാവ്യാവസാന ത്തിലെ കല്പനയിലാണ് കവികളുടെ ഈ കാലാന്തരസംഗമം നമ്മൾ കാണുന്നത്. മൃത്യുവിന്റെ തമസ്സിനെ അഭിമുഖീകരിക്കുകയാണ് വൈലോപ്പിള്ളിയെന്ന പോലെ കീറ്റ്സും. ഈ അഭിമുഖീകരണങ്ങൾക്കു തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. വൃദ്ധനാണ് വൈലോപ്പിള്ളി; കീറ്റ്സാകട്ടെ താരുണ്യത്തിന്റെ ആദ്യത്തെ തളിരുകൾ തന്നെ ക്ഷയരോഗത്തിന്റെ കീടങ്ങൾ കരളാൻ തുടങ്ങിയ നിലയിലും .അതിനാൽ രാത്രിയിലേയ്ക്കു നീളുന്ന സായാഹ്നമാണ് വൈലോപ്പിള്ളിക്കവിതയുടെ പശ്ചാത്തലം; കീറ്റ്സിന്റെത് മുഴു തിങ്കളുണ്ടെങ്കിലും വെളിച്ചം അരിച്ചെത്തുന്ന ഇരുട്ടിന്റെ യാമവും. കീറ്റ്സിന്റെ കവിതയിൽ രാപ്പാടി അതിന്റെ അതിന്റെ അലൗകിക ഗാനധാര വർഷിക്കുന്നുണ്ട്. ആ കാല്പനിക ലോകത്തിനു പുറത്താണ് വൈലോപ്പിള്ളി.രാത്രിയല്ല, പകൽ .പകലിന്റെ മ്ളാന പര്യവസാനമായ മൂവന്തി. ആ മൂവന്തിയിൽ നിറയെ കാക്കക്കലമ്പൽ. രണ്ടിലും ഇരുട്ടുണ്ട്. ജീവിതത്തിന്റെ പച്ചയെ മൂടുന്ന മരണത്തിന്റെ ഇരുട്ടാണത്. അതിനെ കീറ്റ്സ് verdurous glooms' എന്നു വിളിക്കുന്നു, വൈലോപ്പിള്ളിയാകട്ടെ, 'പച്ചകളിരുട്ടിനാൽ ചർച്ചിതമാകും നേരം' എന്നും. സുഗതകുമാരിയുടെ വിവർത്തനത്തിൽ ആ ഭാഗം ഇങ്ങനെ -
'എങ്കിലും വെളിച്ചമി -
ല്ലിങ്ങ് വിണ്ണിൽ നിന്നല്പ-
മൻപിലീയിളം കാറ്റിൽ
പാറി വീഴുവതെന്യേ
തിങ്ങിയ പച്ചക്കാടിൻ
ഇരുളിൽക്കൂടി, ച്ചുറ്റി
വന്നെത്തും കരിമ്പായൽ -
പ്പാതകൾ തന്നിൽക്കൂടി...'
ഈ' പച്ചക്കാടിൻ ഇരുൾ' പോലും അത്ര കണിശമല്ല, കീറ്റ്സിന്റെ'verdurous glooms' നു മുന്നിൽ .വെർഡ്യുർ(verdure) ഹരിതപര്യായമാണ് ഫ്രഞ്ചിൽ .ഗ്ലൂ(gloom)മിന്റെ നിരുക്തിയോളം ചെന്നാൽ കാണാനാകുന്നതാവട്ടെ ഇരുട്ടും. നമ്മുടെ 'ദു:ഖം' എന്ന വാക്കുപോലെയാണത്. ദുഷിച്ച,ഇരുണ്ട ആകാശമെന്നാണ് ദുഃഖത്തിന്റെ നിരുക്തി .'ഇരുണ്ടത് 'എന്നാണ്'gloom'ന്റെയും മൂലാർത്ഥം. ഇങ്ങനെയെല്ലാം സങ്കീർണ്ണമാണ് കീറ്റ്സിന്റെ'verdurous glooms'ന്റെ ഭാവാർത്ഥം. ഇതേ ഭാവ ബിന്ദുവിലേയ്ക്കാണ് വൈലോപ്പിള്ളിയും ചൂണ്ടുന്നത്, ഇരുട്ടിനാൽ ചർച്ചിതമായ പച്ച എന്ന അസാമാന്യ പദ-ബിംബയോജനയിലൂടെ.

വൈലോപ്പിള്ളിക്കവിതയിലെ ഒരു ദമിത സാന്നിധ്യമായിരുന്നു ഈ കീറ്റ്സിയൻ ഭാവബദ്ധത .'അത്യനർഘമാമീ മുഹൂർത്തത്തിൽ/ ഉത്തമേ ഞാൻ മരിക്കണം'(നീയല്ല, ഞാൻ!) എന്ന് ചങ്ങമ്പുഴയെ(മോഹിനി) മാറ്റിയെഴുതാമെങ്കിൽ ആ കാല്പനിക ചിന്തയുടെ പ്രഭവം കീറ്റ്സിന്റെ' രാപ്പാടിയോട്' എന്ന ഗീതത്തിലാണെന്നു കാണാം. രാപ്പാടിയുടെ ഗാനനിർഝരിയിൽ മുഴുകി മരിക്കാനായാൽ അതാണ് പ രമധന്യത എന്നു കരുതുന്ന കവിയാണ് രാപ്പാടിക്കുള്ള ഗീതത്തിൽ.വൈലോപ്പിള്ളിയും സമാനമായ ഒരാഗ്രഹപ്രകാശനം നടത്തിയിട്ടുണ്ട് എന്നത് കൗതുകകരമാണ്.' ഇതുപോലെ'(വിട) എന്ന കവിതയിലാണത്-
'അലിവേറിനമൃത്യു, നിദ്ര തൻ -
വലിയേട്ടൻ, പ്രിയ കാവ്യമൊന്നു ഞാൻ
നുകരുമ്പോൾ, നിഗൂഢമെത്തിയെൻ -
മിഴി പൊത്തീടുകി ലാം - കൊതിപ്പു ഞാൻ!'
പൂവിനുള്ളിൽ തേൻ നുകരെ, മരിച്ചു പറ്റിയിരിക്കുന്നതേനീച്ചയാണ്, രാപ്പാടിയോ അതിന്റെ ഗാനമോ അല്ല, കവിയെ ഈ വിധമൊരു വിചാരത്തിന്റെ വലയിൽ കുരുക്കിയതെന്ന വ്യതിരേകവുമുണ്ട്.പ്രത്യക്ഷമായും പരോക്ഷമായും ഒരു കീറ്റ്സിയൻ ഭാവുകത്വം വൈലോപ്പിള്ളിയിൽ പ്രവർത്തിച്ചിരുന്നു. അതിന്റെ പുനർന്നവം പോലെ ആ മഹാകവിയുടെ കവിതകൾ.

ഒരിക്കലും കീറ്റ്സിന്റെ കവിതയുമായി പരിചയപ്പെട്ടിരിക്കാനേ ഇടയില്ലാത്ത രണ്ട് മലയാള മഹാകവികൾ- വള്ളത്തോളും പി യും - ആ തരുണകാല്പനികനെ ഓർമ്മിപ്പിക്കുന്ന രണ്ട് സന്ദർഭങ്ങളെങ്കിലുമുണ്ട് അവരുടെ കവിതയിൽ. അതിപ്രശസ്തമാണ് കീറ്റ്സിന്റെ 'യവനകലശത്തേക്കുറിച്ചൊരു ഗീതം'(Ode on a Grecian Urn) എന്ന കവിത. വെണ്ണക്കല്ലിൽ തീർത്ത ഒരു പുരാതനകലശത്തിനു മേൽ ചിത്രണം ചെയ്യപ്പെട്ട യുവമിഥുനത്തേയും മരച്ചുവട്ടിലിരുന്ന് കുഴലൂതുന്ന ഗായകനെയും ബലിവേദിയിലേയ്ക്കു നയിക്കപ്പെടുന്ന കന്നിപ്പശുവിനെയും കാട്ടിത്തന്നിട്ട് കലയാൽ അനശ്വരമായിത്തീർന്ന നിമിഷത്തിന്റെ നിത്യതയെന്തെന്നു പറയുകയാണ് കീറ്റ്സ്. പി.യുടെ' ആ മലനാടൻ മങ്കമാ'രിലും ഇതേ ഭാവനാ മാർഗ്ഗമാണവലംബിക്കപ്പെടുന്നത്.തിരുനാവായിലെ ജീർണ്ണ പ്രായമായ ഒരു ക്ഷേത്രഗോപുരത്തിൽ താൻ കണ്ടുവെന്ന് കവി അവകാശപ്പെടുന്ന സാലഭഞ്ജികമാരാണ് പി.ക്കവിതയുടെ പ്രമേയം. അവരെ കവി മതിമറന്ന് വർണ്ണിക്കുന്നു. ആ വർണ്ണന പോലൊന്ന് മലയാളകവിതയിൽ വേറെ കാണില്ല .പി യുടെ കാല്പനിക കലയുടെ പരമാവധിയാണത് .കേരളീയമായ ഘനീഭൂത സൗന്ദര്യത്തിന്റെ സ്ത്രൈണാവതാരം പോലെ ആ മലനാടൻ മങ്കമാർ.
'ആനതാംഗി മാരേ നിങ്ങൾക്കായിരം വയസ്സു ചെന്നൂ
ആഴിയിൽ പിൻപെത്ര കോടി നീർക്കുമിളനീറടിഞ്ഞു ?
നീലവാനിലെത്ര കന്നിപ്പൂനിലാക്കളി കഴിഞ്ഞു?
തേനുറന്നു നിന്ന പൂക്കളെത്രയെണ്ണം മൺമറഞ്ഞു?
ആതിരനാൾ കൂടിയാടിയെത്ര താരം വേർപിരിഞ്ഞു?
എന്തു ജാലമന്നു മിന്നും കന്യകമാർ തന്നെ നിങ്ങൾ!'
എന്ന് അവരെ നോക്കി വിസ്മയിക്കുന്ന കവിയെക്കാണാം കവിതയുടെ ആദ്യഖണ്ഡത്തിനൊടുവിൽ. ശില്പമോഹിനിമാരുടെ നിർജ്ജ രയുവത്വത്തേക്കുറിച്ചുള്ള ഈ കല്പന, കീറ്റ്സിയനാണ്; ഒപ്പം പി.യുടെ മലയാളഭാവനയുടെ മണ്ണിൽ കതിർത്തതും.

മറ്റൊരു സമാന സന്ദർഭം വള്ളത്തോളിന്റെ' അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ' എന്ന കവിതയിലെതാണ്. അമ്പാടിയിലെ പാൽക്കറവയുടെ ഒരതിസൂക്ഷ്മ വർണ്ണനയുണ്ട് ഈ കവിതയിൽ. അതിപ്രകാരമാണ് -
'നീലക്കാർവർണ്ണന്റെ പുഞ്ചിരിപ്പാൽക്കുഴ-
മ്പോലും തിരുമുഖം ധ്യാനിക്കയും,
'വീരനപ്പാൽ വെണ്ണക്കള്ളനെങ്ങെ'ന്നു പേർ- ത്താരാഞ്ഞു കൊൾകയും ചെയ്യുമ്പോലേ,
നേത്രമിമച്ചുമിഴിക്കുന്നു ദോഹന -
പാത്രത്തിൻ വക്കത്തിപ്പാൽപ്പതകൾ.'
കീറ്റ്സിന്റെ 'വാനമ്പാടിയോട്'
എന്ന ഗീതത്തിന്റെ രണ്ടാം ഖണ്ഡം ഒരു മദിരാസ്തവമാണ്. തുടുത്ത കവിളും പാടലാധരവുമുള്ള വീഞ്ഞ് പാനപാത്രത്തിന്റെ വക്കിൽ കുസൃതിയോടെ കണ്ണിറുക്കുന്നതിന്റെ വിശദചിത്രമുണ്ട് കവിതയിൽ -'with beaded bubbles winking at the brim...' 'തെക്കു ദിക്കേലും ചൂടും
ചുണയും രുചിക്കുമ-
ക്കപ്പ്! ഹാ!നാണത്തുടു -
പ്പാർന്നൊരത്തുടു മദ്യം!..
പവിഴക്കുമിളകൾ വിളുമ്പിൽ മിന്നിച്ചിമ്മും -
ചുവന്ന കറ പറ്റും
ചോരി വായ്നു കർന്നെല്ലാം
മറന്ന്..'
എന്നു സുഗതകുമാരി ഈ കാവ്യഖണ്ഡം വിവർത്തനം ചെയ്യുന്നു. വള്ളത്തോളിന്റെ ദോഹന പാത്രവും കീറ്റ്സിന്റെ മധുപാത്രവും കാവ്യസൗന്ദര്യത്തിന്റെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണോ എന്നു തോന്നും. ഇവിടെ മറ്റു താരതമ്യങ്ങളേതുമില്ല. വള്ളത്തോൾ കവിതയിലെ ഒരു കീറ്റ്സിയൻ നിമിഷമാകുന്നു ഇത്; അഥവാ മറിച്ച്!

Content Highlights: Sajay KV Books Column Mashippacha Writes about the creative bond among Mahakavi Vallathol Vyloppilli and Poet John Keats