ഞാന്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിത കാര്യമായി വായിച്ചിട്ടില്ല. ഇതൊരു മേനി പറച്ചിലല്ല. അത് എന്റെ കേമത്തമോ കവിയുടെ പോരായ്മയോ ആണെന്ന ദുസ്സൂചനയുമില്ല. എന്നാല്‍ ഒരു മഴ ഞാന്‍ അടിമുടി, ഇലത്തുമ്പു മുതല്‍ വേരറ്റത്തോളം, നനഞ്ഞിട്ടുണ്ട്. അത് മാളവത്തിലെ മഴയാണ് അഥവാ 'ഉജ്ജയിനിയിലെ രാപ്പകലുകള്‍' എന്ന കവിതയിലെ മഴ. ഒരു മഴക്കാലം മുഴുവന്‍ നനഞ്ഞ അനുഭവമാണ് സമ്മാനിച്ചത് ആ ഒറ്റമഴ; കാരണം ആ മഴയില്‍ കാളിദാസകവിത അതിന്റെ ശതതന്ത്രികളുള്ള രജതസന്തൂരി മീട്ടി,ഒരു മഹാവര്‍ഷവാദ്യം പോലെ മുഴങ്ങുന്നു.

മേഘദൂതമാണ് വിഷ്ണുനാരായണന്റെ കവിതയുടെ പ്രചോദന കേന്ദ്രം; ചിലപ്പോള്‍ ഋതുസംഹാരവും കണ്ടെന്നു വരാം കവിതയുടെ അടിപ്പടവായി. മറ്റൊന്ന് രഘുവംശമാണ്. ഇതര കാളിദാസ കൃതികള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അവ പ്രത്യക്ഷമല്ല. വിഷ്ണുനാരായണന്‍ നമ്പൂതിരി വിവര്‍ത്തനം ചെയ്ത കാളിദാസ കാവ്യം ഋതുസംഹാരമാണ്. ഋതുവിലാസിയായ മഹാകവിയോടായിരുന്നു മാളവത്തിലെ മഴയായി കാളിദാസ കവിതയെ രൂപണം ചെയ്ത മലയാളകവിക്കു പ്രിയം.

'...from every page rise odors of ploughed field...' എന്നു ചോസറെ പ്രശംസിച്ചിട്ടുണ്ട് ലോങ്ഫെലോ എന്ന പില്‍ക്കാല കവി. ഉഴുത വയലിന്റെ കവിതയാണ് സൃഷ്ടിച്ചത്, മേഘദൂതത്തില്‍ കാളിദാസനും. മേഘം എന്ന ഉര്‍വ്വരതാമൂര്‍ത്തി കാമികളെ മാത്രമല്ല കൃഷീവലരെയും വികാരാധീനരാക്കുന്നതു കവി കാണുകയും കാണിച്ചു തരികയും ചെയ്യുന്നു. ഒരു പക്ഷേ നഖക്ഷതത്തേക്കാള്‍ നിര്‍വൃതിദായകമാണ് സീരക്ഷതം എന്ന, കലപ്പമുന കൊണ്ട് കര്‍ഷകന്‍ മണ്‍മേനിയിലേല്‍പ്പിക്കുന്ന പോറല്‍ എന്നു കരുതിയ കവിയാണ് കാളിദാസന്‍.'സദ്യസ്സീരോല്‍ക്കഷണസുരഭി ക്ഷേത്രമാരുഹ്യമാലം' എന്ന വരിയില്‍ ആ നിര്‍വൃതിയുടെ പുളകവും പരിമളവുമാണ് പ്രമേയം.

കര്‍ഷകന്റെ കണ്ണു കൊണ്ടു കണ്ട മേഘം കൂടിയാണ് കാളിദാസന്റെതെന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി തിരിച്ചറിയുകയും ആ കര്‍ഷകഹര്‍ഷത്തിന് വാഗ്രൂപം നല്‍കുകയുമാണ് ചെയ്യുന്നത്,' ഉജ്ജയിനിയിലെ രാപ്പകലുക'ളില്‍.

'അവതാരം! ഇവന്‍ മണ്ണിലുഴുതു പുളച്ചു വേര്‍പ്പിന്‍/ ചുടു ഗന്ധ മുതിര്‍ക്കുന്ന പുരുഷനല്ലീ' എന്ന കാവ്യാരംഭത്തില്‍ കവിപ്രശംസ കര്‍ഷകപ്രശംസയായും മറിച്ചും, മാറുന്ന കൗതുകമുണ്ട്. വാക്കിന്റെ കര്‍ഷകനാകുന്നു കവി. അത്രമേല്‍ സഹോദരമാണ് കവിയും കര്‍ഷകനും തമ്മിലുള്ള ബന്ധം.മേഘദൂതം ഒരു കൃഷിഗീത കൂടിയാണെന്ന വസ്തുത വിസ്മരിക്കാതെയാണ് വിഷ്ണുനാരായണന്‍ കാളിദാസ കവിത എന്ന മേഘപുഷ്പത്തിന്റെ അനുസ്യൂതമായ വര്‍ഷിക്കലിനെക്കുറിച്ചെഴുതുന്നത്. കര്‍ഷകന്‍ മാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു സംസ്‌കൃതിയുടെ ഉദ്ഗമം എന്ന നിലയിലാണ് കാളിദാസന്റെ ഋതുവിലാസിത്വം പ്രശംസിക്കപ്പെടുന്നത് ഈ മലയാള കവിയുടെ കവിതയില്‍.

'പൊടിയണിക്കൂന്തല്‍ മീതേയൊഴിഞ്ഞ മണ്‍കുടം പേറും/ഒരു കന്യ, തുരുമ്പിക്കു മൊരു കലപ്പ' എന്നീ കാര്‍ഷിക മുദ്രകള്‍ കാണാം കവിതയ്ക്കൊടുവില്‍. മാത്രമോ?

'തളിര്‍നാമ്പു നുള്ളിടുമ്പോള്‍ വിറകൊള്ളും കരം, അന്തി -
ക്കറിയാതെ കൂമ്പുമുള്ളില്‍ കിനിയും മൗനം' എന്നുമെഴുതുന്നുണ്ട് തുടര്‍ന്നു കവി.'പ്രിയ മണ്ഡനാപി...' എന്ന ശാകുന്തള ശ്ലോകത്തിന്റെ ഇനിമയാണിവിടെ, ചൂടാന്‍ പോലും താന്‍ നട്ടുനനച്ചു വളര്‍ത്തിയ ലതയുടെ തളിരു നുള്ളാന്‍ മടിക്കുന്ന ഋഷി കന്യയുടെ താരള്യം.

ഋഷിയും കവിയും കര്‍ഷകനും ഒരാളില്‍ അന്വയിക്കപ്പെടുന്ന അനന്വയമായി വിഷ്ണുനാരായണന്‍ നമ്പൂതിരി കാളിദാസനെ വായിച്ചു. ഭോഗികളുടെ ലോകമായിരുന്നു അത്, ഒപ്പം യോഗികളുടെയും.' ഉജ്ജയിനിയിലെ രാപ്പകലുക'ളില്‍ പാര്‍ത്ഥിവ പരാമര്‍ശങ്ങള്‍ക്കു തൊട്ടുപിന്നാലെ ഭര്‍ത്തൃഹരി കൂടി പരാമര്‍ശിക്കപ്പെടുന്നതിനു കാരണമിതാണ്. ഭര്‍ത്തൃഹരിയുടെ ജീവിതത്തില്‍ ഇതു രണ്ടു മുണ്ടായിരുന്നല്ലോ- ഭോഗവും ത്യാഗവും. ഭോഗിയല്ല, ത്യാഗിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതയിലെ ഭര്‍ത്തൃഹരി, രാജാവും രാഗിയുമല്ല വൈരാഗി.

ഓടലെണ്ണ വിളക്കിന്റെ സൗമ്യപ്രകാശത്തില്‍, നിശീഥശാന്തതയോടൊപ്പം തന്റെ ഏകാന്ത ഗുഹയ്ക്കുള്ളില്‍ ഉറക്കൊഴിക്കുകയാണ് വൈരാഗ്യശതകകാരന്‍!

'എട്ടുദിക്കും മുഴക്കുന്ന രഘുവിന്റെ ജൈത്രഘോഷം!/കട്ടുവന്നു ചൗക്കകളില്‍ തീന്‍കുടിമേളം!' എന്ന രാജസ വാങ്മയത്തിനു തൊട്ടുപിന്നാലെയാണ് ഈ ഭര്‍ത്തൃഹരീപരാമര്‍ശം എന്നതിലെ പരഭാഗശോഭ അപാരം!

പാര്‍ത്ഥിവപാരമ്പര്യമാണ്, ഋഷി പാരമ്പര്യമോ കര്‍ഷകപാരമ്പര്യമോ അല്ല ഇന്നും ഇന്ത്യയില്‍ തുടരുന്നത്. ഋതുവും ഋതവുമല്ല, ധനമാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്. മാളവത്തിലെ മഴ എന്നേ നിലച്ചു കഴിഞ്ഞു. ഉള്ളും പുറവും ചുടുന്ന തീക്കാറ്റടിക്കുന്നു. പാംസുലയായി, തലയില്‍ ഒഴിഞ്ഞ മണ്‍കുടം പേറി നില്‍ക്കുന്ന കര്‍ഷക കന്യകയും തുരുമ്പിച്ച കലപ്പയുമാണ് ശേഷിക്കുന്നത്. അവര്‍' ധൂമ ജ്യോതിസ്സലില മരുതാം സന്നിപാത'മായ മേഘാഗമത്തിനായി വീണ്ടും പ്രാര്‍ത്ഥിക്കുന്നു.' ത്വയ്യായത്തം കൃഷിഫലമിതി ഭ്രൂവിലാസാനഭി ജ്ഞൈ:/പ്രീതി സ്നിഗ്ദ്ധൈര്‍ ജനപദവധൂലോചനൈ: പീയ മാന:' എന്ന മേഘദൂതപദ്യത്തിലെ ഭ്രൂവിലാസാനഭിജ്ഞയായ ആ ഗ്രാമീണപ്പെണ്‍കൊടിയുടെ പുതുകാലപ്പിറവിയാണിവള്‍, മുടിയില്‍ പൊടി മൂടി, ഒഴിഞ്ഞ മണ്‍കുടവുമായി നില്‍ക്കുന്നവള്‍. അവള്‍ക്കകമ്പടിയായി ഒരു തുരുമ്പിച്ച കലപ്പയും .

'ഇതാ ചിന്തകളാല്‍ ധൂമം, വെളിവിനാല്‍ തീപ്പൊരികള്‍,
അലിവിനാല്‍ കുളിര്‍ വെള്ളം, പ്രാണനാല്‍ കാറ്റും;
ഉയിര്‍ക്കൊള്‍ക, കൊഴുത്തുയര്‍ന്നാഴി തൊട്ടളകയോളം
പരക്ക, മണ്ണിലേയ്ക്കഭിസരിക്ക വീണ്ടും!' 

എന്നത് ഇന്നത്തേയും എന്നത്തേയും മഹാപ്രാര്‍ത്ഥനയാകുന്നു; ഓരോ ഇന്ത്യക്കാരന്റെയും കര്‍ഷക പൂര്‍വ്വികരക്തത്തില്‍ നിന്ന് കുമിളകുത്തിപ്പൊങ്ങുന്ന മഹാപ്രാര്‍ത്ഥന. അതിലെ വൈദികശ്രുതികള്‍ പോലും അതിനെ നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുമായി കൂടുതല്‍ അടുപ്പിക്കുന്നതേയുള്ളൂ.' വന്നുപോയ് വര്‍ഷാദിമ പര്‍ജ്ജന്യമഹാ വൃഷം, ഇന്നത്രേ ഭൂവാം ധേനുവിനിന്നഭിസാരോത്സവം!' എന്നെഴുതിയ എന്‍ വിയില്‍ മറ്റൊലിക്കൊണ്ടത് കര്‍ഷകന്റെയും കവിയുടെയും ഋഷിയുടെയും ഗാനമായി മാറി വീണ്ടും ഒലിക്കൊള്ളുകയായിരുന്നു, 'ഉജ്ജയിനിയിലെ രാപ്പകലുകള്‍' എഴുതിയ കവിയില്‍.

Content Highlights: Sajay KV about Vishnunarayanan Namboothiri