'പ്രണയകവിതകളെഴുതാന്‍ പ്രയാസമാണ്, അവ പണ്ടേ എഴുതപ്പെട്ടതാകയാല്‍' എന്ന പ്രലപനം എ.കെ. രാമാനുജന്റെതാണ്. ക്ലീഷേകളില്‍ തടഞ്ഞു വീഴാതെ പ്രണയം പ്രതിപാദിക്കുക പ്രയാസമാണെന്നര്‍ത്ഥം. എന്നിട്ടും പ്രണയമൊടുങ്ങുന്നില്ല ഭൂമിയില്‍. ഓരോ പ്രണയിയും പുതുതായി, അതിന്റെ മാരക നിര്‍വൃതികളിലൂടെ കടന്നുപോകുന്നു. ആദ്യമായി തങ്ങള്‍ കാലു കുത്തിയ ഇടമെന്നോണം ആ ഭൂഖണ്ഡത്തില്‍ അവരും കാലു കുത്തുന്നു.

ഇവര്‍ക്കെല്ലാം വേണ്ട പ്രണയ വ്യാകരണം നിര്‍മ്മിച്ചതു കവികളാണ്. കവികള്‍ സൃഷ്ടിച്ച പ്രണയഭാഷയിലൂടെയാണ് പ്രണയികള്‍ സ്വയം ആവിഷ്‌കരിക്കുന്നതും തിരിച്ചറിയുന്നതും. ഈയര്‍ത്ഥത്തില്‍ പ്രണയകവിതയോളം ഉള്‍വിസ്താരം തികഞ്ഞ മറ്റൊരു മന്ദിരവുമില്ല ഭൂമിയില്‍. പ്രണയികളായ പ്രണയികള്‍ മുഴുവന്‍ ആ സ്വപ്നഭവനത്തിലെ അന്തേവാസികളാകുന്നു. അയാളെഴുതിയതില്‍ അവര്‍ അവരെത്തന്നെ വായിക്കുന്നു. ഇത്രയും സാംക്രമിക ശക്തിയേറിയ വായന, പ്രണയകവിതകള്‍ക്കെന്ന പോലെ, മറ്റു കവിതകള്‍ക്കു സാധ്യമായെന്നു വരില്ല. മാത്രവുമല്ല, ഏറ്റവും ചുരുങ്ങിയ രൂപത്തിലും പ്രണയം ആവിഷ്‌കരിക്കാം. നിമിഷങ്ങളിലാണ് പ്രണയം. അതിനെക്കുറിച്ച് മഹാകാവ്യങ്ങളെഴുതാനാവില്ല.

ഇപ്പോള്‍ നമ്മള്‍ റഫീഖ് അഹമ്മദിന്റെ 'പ്രണയത്തിനാല്‍ മാത്രം' എന്ന പ്രണയ കാവ്യസമാഹാരത്തോടൊപ്പമാണ്. നൂറ്റൊന്നു കവിതകളുണ്ട് പുസ്തകത്തില്‍, ഒപ്പം കെ. ഷെരീഫിന്റെ ലാളിത്യത്താല്‍ വശീകരിക്കുന്ന ചിത്രങ്ങളും. പ്രണയം എന്ന ആ ചിരസുന്ദരഭാവത്തെ തന്റെ കവിത്വത്തിന്റെ കാചത്തിലൂടെ കടത്തിവിട്ട് തനിക്കു മാത്രം സാധ്യമായ ചില മഴവില്ലുകള്‍ തീര്‍ക്കുകയാണ് റഫീഖ്. മഴവില്ലിന്റെ ആകസ്മികതയില്ലാത്തവയൊന്നും പ്രണയമോ പ്രണയകവിതയോ ആകില്ല. അവ രാമാനുജന്‍ പറഞ്ഞ, ആ വില കുറഞ്ഞ തിളക്കങ്ങളുടെ കുപ്പക്കൂനയില്‍ ചെന്നു ചേരുകയേയുള്ളൂ. ഭാഷയാലാണ് ഈ മഴവില്ലു കുലയ്‌ക്കേണ്ടത്, അതിലെ പുതുമയാല്‍, അവിചാരിത വിന്യാസത്താല്‍. 'ദൈവം പറഞ്ഞു, വെളിച്ചമുണ്ടാകട്ടെ! അപ്പോള്‍ പ്രണയമുണ്ടായി!' എന്ന പോലെ ഭാഷയില്‍, ഭാഷയാല്‍ പ്രണയം സംഭവിക്കണം. ഈ സംഭവിക്കലിന്റെ മുഹൂര്‍ത്തമാണ് മികച്ച പ്രണയകവിതയുടെയും മുഹൂര്‍ത്തം.

ഇത്തരം മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട് റഫീക്കിന്റെ നൂറ്റൊന്നു കവിതകളില്‍ ('നൂറ്റൊന്നു കിരണങ്ങള്‍' എന്ന പോലെ!). അവയില്‍ ചിലതു മാത്രം ഇവിടെ എടുത്തെഴുതാം. എടുത്തെഴുതാനേ എന്നെക്കൊണ്ടാവൂ. തുടര്‍ന്ന് അവയെപ്പറ്റി നിശ്ശബ്ദത പാലിക്കാനും. 'ഭാഷതന്‍ മുനയെങ്ങാനേശിയാല്‍ പിഞ്ഞിപ്പോകു' ന്നവയാണല്ലോ പ്രണയകവിതകള്‍, അവയെ അപഗ്രഥിക്കാന്‍ പുറപ്പെടുന്ന നിരൂപകന്‍ ഏറ്റവും വലിയ അരസികനും!

'നീ വരും മുമ്പ്
നിലാവുണ്ടായിരുന്നില്ല
ചന്ദ്രനുദിക്കുമ്പോഴത്തെ
ഒരു വെളിച്ചമല്ലാതെ'

'എഴുതുമ്പോള്‍ തെളിയുകയുകയും
വായിക്കുമ്പോള്‍ മായുകയും ചെയ്യുന്ന
മഷിയാണു നീ'

'താഴ്‌വരയില്‍
നീലക്കുറിഞ്ഞികളില്‍ നിന്ന്
നിന്നെ വേര്‍പിരിച്ചെടുത്തപ്പോഴേയ്ക്കും
കോടമഞ്ഞില്‍ നീ
അദൃശ്യയായി'

'തിരക്കുണ്ടായിരുന്നിട്ടും
വാഹനം
പെട്ടെന്നു ശൂന്യമായി
നീ
ഇറങ്ങിപ്പോയിട്ടുണ്ടാവും'

എന്നിങ്ങനെ ആ പ്രണയമെഴുത്തുകളില്‍ ചിലത്.

ഇത്തരം കവിതകളുടെ പെരുക്കങ്ങളാണ് ഈ പുസ്തകത്തില്‍. മയില്‍ പീലി നീര്‍ത്തും പോലെയാണ് ഈ പെരുക്കം. ഓരോ പീലിക്കണ്ണിലും ഓരോ തിളക്കം, ഒറ്റയ്ക്കും ഒരുമിച്ചും ഒരു സൗന്ദര്യാനുഭവ പൂര്‍ണ്ണത.

Content Highlights: Rafeeq Ahamed poems Book Review Sajay KV Mashipacha