നുവരിയുടെ നഷ്ടങ്ങളില്‍ മുഖ്യം, ഇന്നും ഒരു മായാത്ത മുറിപ്പാടായി ഉള്ളില്‍ ശേഷിക്കുന്നത്, പത്മരാജന്റെ വിയോഗമാണ്. ഒരു ജനുവരിയുടെ ഉച്ചത്തണലിലിരുന്നാണ് ഞാനാ വാര്‍ത്ത കേട്ടത്. പ്രീഡിഗ്രിക്കാലം. പത്മരാജന്റെ ഗന്ധര്‍വ്വന്‍ സിരകളെ ആവേശിച്ച കാലം എന്നും ആ കാലത്തിനര്‍ത്ഥമുണ്ട്. ഉറ്റ ബന്ധുവിന്റെ മരണവാര്‍ത്ത കേട്ടാലെന്ന പോലെ പുറത്തേക്കൊഴുകാത്ത കണ്ണീരിന്റ കനം നെഞ്ചില്‍ കടുത്തുതിങ്ങി. പിന്നീടാണ് പത്മരാജനെ വായിക്കുന്നത്. 'തൂവാനത്തുമ്പിക'ളൊക്കെ കാണുമ്പോഴേയ്ക്ക് അന്നത്തെയാ കൗമാരക്കാരന്‍ കൂടുതല്‍ മുതിര്‍ന്നു കഴിഞ്ഞിരുന്നു.

'മഴ'യാണ് ഞാന്‍ ആദ്യം വായിച്ച പത്മരാജന്‍ കഥ. അതൊരു മഴക്കാലവുമായിരുന്നു. തളം കെട്ടിയ തലേന്നത്തെ മഴയുടെ ശേഷിപ്പുകളില്‍ മഹാരാജാസ് കോളേജിന്റെ ആകാശം നിരുന്മേഷമായി നിഴലിച്ച ഒരു പകലില്‍ കോളേജ് ഹോസ്റ്റലിലിരുന്ന് ഞാന്‍ ആ കഥ വായിച്ചു. അവിടത്തെ വിദ്യാര്‍ത്ഥിയായിരുന്നില്ല ഞാന്‍. മഹാരാജാസ് ഹോസ്റ്റലിനെ സത്രമാക്കിയ പലരില്‍ ഒരുവന്‍. അത്ര മാത്രം. ആ വായനയില്‍ ആ പകലും പരിസരവും പങ്കുചേര്‍ന്നതുകൊണ്ടാണ് അതുകൂടി സൂചിപ്പിച്ചത്. കാരണം അവിടവുമായി ചേര്‍ക്കാവുന്ന ചിലത് ആ കഥയിലുമുണ്ടായിരുന്നു; മഴക്കാലം, ഹോസ്റ്റല്‍ മുറി എന്നിങ്ങനെ. എങ്കിലും കോവളം കടലിലാണ്, കൊച്ചീക്കായലിലല്ല, കഥയിലെ വര്‍ഷാനുരാഗിയായ കേന്ദ്ര കഥാപാത്രം ഒരു മഴയുള്ള രാത്രിയില്‍ മുങ്ങി മരിച്ചത് ('വര്‍ഷാനുരാഗി' എന്നെഴുതിക്കഴിഞ്ഞപ്പോഴാണ് അങ്ങനെയൊരു വാക്കിന്റെ സാധ്യതയെയും സാധുതയെയും പറ്റി ആലോചിച്ചത്; ഇംഗ്ലിഷില്‍ അങ്ങനെ ഒന്നുണ്ട്- pluviophile, നല്ല അസ്സലൊരു മഴപ്പദം!).

അതിനു മുന്‍പു തന്നെ എണ്‍പതുകളില്‍ കെ.കെ.സുധാകരന്റെ 'നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം' എന്ന നോവല്‍ ഖണ്ഡശഃ വായിച്ചിരുന്നു (ശരിക്കും കൗമാരാരംഭത്തിലാണ് ആ നോവല്‍ വായിക്കേണ്ടത്; ആ ചലച്ചിത്രം കാണേണ്ടത്. അപ്പൊഴേ കഥയിലെ' ആന്റണി' എന്ന കൗമാരക്കാരനുമായുള്ള താദാത്മ്യം പൂര്‍ണ്ണമാകൂ). പിന്നീടാണ് 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ 'കണ്ടത്, സോളമനെയും സോഫിയയെയും ഉടലോടെ നേരില്‍ കണ്ടാസ്വദിച്ചത്. ഒന്നാന്തരമൊരു' ലിറിക്കല്‍' സിനിമയായിരുന്നു അത്. ഉത്തമഗീതത്തെ മുന്തിരിപ്പാടങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേയ്ക്കിറക്കിക്കൊണ്ടു വന്ന അഭ്രാവിഷ്‌കാരം.
 
ഇങ്ങനെ സിനിമയായും ചെറുകഥയായും നോവലായുമൊക്കെ പത്മരാജന്‍ എന്റെ ഭാവനാ ജീവിതത്തില്‍ പ്രവേശിച്ചതിനെപ്പറ്റി ഇനിയുമേറെ പറയാനുണ്ട്. കോളേജ് കാലത്താണ് 'നന്മകളുടെ സൂര്യ'നും'മഞ്ഞുകാലം നോറ്റ കുതിര'യുമൊക്കെ വായിച്ചത്. ആദ്യം പറഞ്ഞ നോവലെറ്റ് വായിച്ച വിജനമായ നട്ടുച്ച ഇപ്പോഴുമുണ്ട് ഓര്‍മ്മയില്‍. കോളേജ് വിദ്യാഭ്യാസം അവസാനിച്ച് ജോലിയില്‍ പ്രവേശിച്ചതിനു ശേഷം വായിച്ച നോവലാണ്' 'ഉദകപ്പോള'; അതിനാല്‍ ആ ഇരുണ്ട ലോകമേല്‍പ്പിച്ച ആഘാതം എനിക്ക് തെല്ലെങ്കിലും താങ്ങാനായി. സമീപകാലത്താണ്'ഋതുഭേദങ്ങളുടെ പാരിതോഷിക'വും' ഇതാ ഇവിടെ വരെ'യും വായിച്ചത്.' ഇതാ ഇവിടെ വരെ' വായിച്ചത് സിനിമ കണ്ടതിനു ശേഷം, അതും ഒരു തീവണ്ടിയാത്രയില്‍. തീവണ്ടിയില്‍ നിന്നു വാങ്ങിയ പുസ്തകം യാത്ര അവസാനിക്കും മുന്‍പു തന്നെ വായിച്ചും തീര്‍ന്നു.

'പ്രതിമയും രാജകുമാരിയും' ആണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട മലയാള നോവലുകളില്‍ ഒന്ന്. 'ഫാന്റസി'യുടെ മലയാള നിര്‍വചനം പോലെ ആ ചെറുനോവല്‍. 1990-ലെ മികച്ച മലയാളനോവലായി ആ കൃതി, വിമര്‍ശകനായ കെ.പി.അപ്പന്‍ തിരഞ്ഞെടുത്തിരുന്നു. അപ്പനി ലൂടെയാണ് ഞാന്‍ ആ നോവലിലേയ്ക്കു കടന്നത്, വായിച്ചു കഴിഞ്ഞപ്പോള്‍ അപ്പന്‍ പറഞ്ഞതും പറഞ്ഞതിലപ്പുറവും നോവലിലുണ്ടെന്നു മനസ്സിലായി. പത്മരാജന്‍ തന്റെ ആ അസാമാന്യ ഭാവനാസൃഷ്ടി ചലച്ചിത്രമാക്കണമെന്നും അത്ഭുതസിദ്ധികളുള്ള കേന്ദ്ര കഥാപാത്രമായി' ഉലഹനായകന്‍' തന്നെ വേഷമിടണമെന്നും ആഗ്രഹിച്ചിരുന്നതായി പ്രദീപ് പനങ്ങാട് എഴുതിയതു പിന്നീട് വായിച്ചു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ എന്തൊരത്ഭുത കലാസൃഷ്ടിയായേനെ അതെന്ന് നെടുവീര്‍പ്പിനെ അകമ്പടി കൂട്ടി ആലോചിച്ചിരിക്കാനേ നമുക്കാവൂ. ചുപ്പന്‍, വൈരം തമാശക്കോട്ട, രാജകുമാരി എന്നിങ്ങനെ, യക്ഷിക്കഥകളില്‍ മാത്രം കണ്ടുമുട്ടാനിടയുള്ള, പേരുകളും കഥാപാത്രങ്ങളും സ്ഥലങ്ങളും. കമല്‍ ഹാസന്‍ ചുപ്പനാകുമ്പോള്‍ അതിസുന്ദരിയായ രാജകുമാരിയാവുക ആരായിരിക്കും എന്ന അന്തമറ്റ ജിജ്ഞാസ. പ്രതിമയുടെ ആണഴകിനെയും ആന്തരിക സ്ഥൈര്യത്തെയും ചലിപ്പിച്ചവള്‍- ആരായിരിക്കും, ആ' മിന്‍സാരക്കണ്ണഴകി'?

തൂവാനത്തുമ്പികള്‍ കണ്ടതിനു ശേഷമാണ് കലശമല കണ്ടത്. കലശമലയ്ക്കും തൂവാനത്തുമ്പികള്‍ക്കും തമ്മിലെന്ത്?'എന്നാണെങ്കില്‍ (അവിടെ വച്ചാണ് ക്ലാരയും ജയകൃഷ്ണനും തമ്മിലുള്ള, കദനഭരിതമായ ആ രാത്രിരംഗം ചിത്രീകരിച്ചത്) പത്മരാജന്‍ എന്നാണുത്തരം. കുന്നംകുളത്തിനടുത്തുള്ള കലശമലയില്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാനൊരു രാത്രി കഴിച്ചത് പ്രിയപ്പെട്ട ഒരു കൂട്ടം കവികളോടൊപ്പമായിരുന്നു.'നിലാവുകാണല്‍' എന്നായിരുന്നു ആ രാവിരിപ്പിന്റെ ഭാവനാപൂര്‍ണ്ണമായ പേര്; കലശമല ഇടിച്ചു നിരത്തുന്നതിനെതിരേ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധം.

ഇന്നിപ്പോള്‍ കലശമലയും മലയിലെ പുരാതനമായ മുനിമടകളും ശേഷിച്ചിരിപ്പുണ്ടോ എന്നറിയില്ല. ക്ലാരയും ജയകൃഷ്ണനും ശേഷിക്കുന്നു; അഭ്രാനുഭവമായും അക്ഷരാനുഭവമായും എന്റെ കൗമാര- യൗവ്വനങ്ങളെ ആവേശിച്ച ആ വര്‍ഷാനുരാഗിയുടെ ഓര്‍മ്മകളും.

Content Highlights: Padmarajan death anniversary Sajay KV Mashipacha