സ്വയമൊരു നിന്ദിതനും പീഡിതനുമായിരുന്ന യൗവ്വനാരംഭത്തിലാണ് ഞാൻ പെരുമ്പടവം ശ്രീധരന്റെ' ഒരു സങ്കീർത്തനം പോലെ' എന്ന നോവൽ ആദ്യമായി, അത്യാവേശപൂർവ്വം, വായിച്ചത്. 1996ലായിരുന്നു അത്. അപ്പോഴേയ്ക്ക് നോവൽ പുറത്തു വന്നിട്ട് മൂന്നു വർഷം കഴിഞ്ഞിരുന്നു. ഇപ്പോൾ ഒരു കാൽ നൂറ്റാണ്ടിനു ശേഷം ഒരു മധ്യവയസ്കൻ ആ നോവൽ വീണ്ടും വായിക്കുന്നു.

ഇത് മഹാനായ ദസ്തയേവ്സ്കിയുടെ ഇരുനൂറാം ജന്മവർഷമാണ്. വീണ്ടും, ലോകമെമ്പാടും, ആ അസാധാരണ പ്രതിഭയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്നു. ആരാണ് എന്റെ ദസ്തയേവ്സ്കി എന്ന് ഓരോ വായനക്കാരനും/വായനക്കാരിയും തന്നോടു തന്നെ ചോദിക്കുന്നു. ഒരുപക്ഷേ വായനക്കാരായ മുഴുവൻ മലയാളികളും ഇതേ ചോദ്യം സ്വയം ചോദിക്കുകയും തങ്ങളുടേതായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുണ്ടാവും.

നിരൂപകരുടെ കാര്യം കുറച്ചു കൂടി കഠിനവും സങ്കീർണ്ണവുമാണ്. ദസ്തയേവ്സ്കിയുടെ പ്രതിഭാസതുല്യമായ പ്രതിഭയോടു തോന്നുന്ന ആകർഷണത്തെ അവർക്കു നിർവ്വചിക്കേണ്ടിയിരിക്കുന്നു. രണ്ടു ശതാബ്ദങ്ങൾക്കു ശേഷം പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആ അസാമാന്യനായ നോവലിസ്റ്റിനെ പുനർമൂല്യനിർണ്ണയം ചെയ്യേണ്ടിയുമിരിക്കുന്നു.

മഹാനായ ലിയോ ടോൾസ്റ്റോയിയുടെ അവസാന നാളുകളിൽ അദ്ദേഹം കൈവശം വച്ചിരുന്നത് ദസ്തയേവ്സ്കിയുടെ അവസാന നോവൽ, ഒരു പക്ഷേ മാസ്റ്റർ പീസുമായ 'കാരമസോവ് സഹോദരന്മാർ' ആയിരുന്നു. രണ്ടു പർവ്വതാഗ്രങ്ങളുടെ പരസ്പരാഭിവാദ്യം പോലെ, എന്താവാം, ആ രണ്ടു മഹാപ്രതിഭകൾക്കിടയിൽ സംഭവിച്ചിരിക്കുക? മികച്ച മലയാളവായനക്കാരെ ആ അധൃഷ്യപ്രതിഭ എക്കാലവും ആകർഷിച്ചിരുന്നു. ദസ്തയേവ്സ്കി ഉൾപ്പെടെയുള്ള റഷ്യൻ മാസ്റ്റേഴ്സിനെ വായിച്ചതോടെയാണ് താൻ ശരിയാംവണ്ണം മുതിർന്നതെന്ന് വൈലോപ്പിള്ളി,' കാവ്യലോകസ്മരണക'ളിൽ. പി.കെ.ബാലകൃഷ്ണന്റെ 'നോവൽ - സിദ്ധിയും സാധനയും' എന്ന പുസ്തകത്തിലെ മുന്തിയ ഒരു പങ്ക് ദസ്തയേവ്സ്കിയുടെ ജീവിതത്തെയും കലയെയും കുറിച്ചാണ്. ഒപ്പം കെ.സുരേന്ദ്രനും ജി.എൻ.പണിക്കരുമെഴുതിയ ദസ്തയേവ്സ്കിപ്പുസ്തകങ്ങളും ഓർക്കാം. തന്റെ 'രണ്ടാമത്തെ അച്ഛൻ' എന്നാണ് നോവലിസ്റ്റായ സുഭാഷ് ചന്ദ്രൻ ദസ്തയേവ്സ്കിയെ ഒരോർമ്മക്കുറിപ്പിൽ വിശേഷിപ്പിച്ചത്. ആ പ്രതിഭാദംശനമേറ്റതിന്റെ പാടുകൾ അങ്ങിങ്ങ് തെളിഞ്ഞും മങ്ങിയും കാണാം സുഭാഷിന്റെ 'മനുഷ്യന് ഒരാമുഖ'ത്തിലും മറ്റു ചില രചനകളിലും, സുസൂക്ഷ്മദൃക്കായ ഒരു വായനക്കാരനോ വായനക്കാരിക്കോ.

ദസ്തയേവ്സ്കി കേന്ദ്രകഥാപാത്രമാകുന്ന മലയാള നോവൽ എന്ന നിലയിലും സ്വീകാര്യതയുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ച മലയാളകൃതി എന്ന നിലയിലുമാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ' ഒരു സങ്കീർത്തനം പോലെ' പരാമർശിക്കപ്പെട്ടത്.എന്തെല്ലാം പരിമിതികളും പോരായ്മകളുമുണ്ടെങ്കിലും വമ്പിച്ച ഒരു ഭാവനാപരിശ്രമമാണ് നോവലിസ്റ്റായ പെരുമ്പടവം ഈ രചനയിൽ നടത്തി വിജയിച്ചിരിക്കുന്നത്. ഉന്നതനും അസാധാരണനുമായ നായക കഥാപാത്രത്തിന്റെ വ്യക്തിത്വ സങ്കീർണ്ണതകളെയും പ്രതിഭാസവിശേഷതകളെയും അയാളെ നിരുപാധിക പ്രണയത്തിലൂടെ ഉയിർപ്പിച്ച ഒരുവളുടെ മനസ്സുപയോഗിച്ച് പിൻതുടരാനാണ് നോവലിസ്റ്റിന്റെ ശ്രമം. ദസ്തയേവ്സ്കിയോട് വായനക്കാരൻ എന്ന നിലയിൽ തനിക്കു തോന്നിയ അതിരറ്റ ആരാധനയെ അന്നയുടെ അസാധാരണ പ്രണയത്തിൽ വിലയിപ്പിക്കുകയാവണം നോവലിന്റെ രചനാവേളയിൽ അദ്ദേഹം ചെയ്തത്.അതിനാൽ പ്രണയത്താൽ പരിവേഷപ്പെട്ട ഒരസാധാരണ പുരുഷനെയാണ് ഈ നോവലിൽ ദസ്തയേവ്സ്കി എന്ന പേരിൽ നമ്മൾ പരിചയപ്പെടുക. വൈകാരികതയുടെ ചായക്കൂട്ടുകൾ, ഏറെക്കുറെ, ധൂർത്തമായിത്തന്നെ വിനിയോഗിക്കപ്പെട്ടിട്ടുണ്ട് ആ ചിത്രണത്തിൽ. അപ്പോഴും പെരുമ്പടവത്തിന്റെ ആഖ്യാനം സൗമ്യമായ ഒരു ലയം നോവലിലുടനീളം നിലനിർത്തുന്നു. ഉദാത്തതയുടെയും ആത്മീയതയുടെയും അധിക ശോഭയുള്ള ഗദ്യഖണ്ഡങ്ങൾ സൃഷ്ടിക്കുന്നു. ദസ്തയേവ്സ്കിയൻ പ്രതിഭയുടെ തല ചുറ്റിക്കുന്ന ആഴവും ഉയരവും വെളിപ്പെടുത്താനുതകുന്ന ആർജ്ജവവും ആത്മാർത്ഥതയും നിറഞ്ഞ ചില നല്ല നീക്കങ്ങൾ, ആഖ്യാനത്തിന്റെ പരിധികൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെ, നടത്തുന്നു. ആഖ്യാനഭാഷയെ വേദപുസ്തക ഭാഷ പോലെ അനാർഭാടസുന്ദരവും ഗഹനവും നിശിതവുമാക്കാൻ ശ്രമിക്കുന്നു.ഇതിന്റെയൊക്കെ ആകെത്തുകയാണ് ആ നോവൽ സമ്മാനിക്കുന്ന അപാരമായ പാരായണസുഖം. ആ പരായണസുഖത്തിന് മലയാളി നൽകിയ ഉചിതമായ പ്രത്യഭിവാദനമാണ് ഇപ്പോൾ നൂറിൽപ്പരം പതിപ്പുകളിറങ്ങിക്കഴിഞ്ഞ നോവലിന്റെ പ്രസാധനവിജയം.

ഇതോടൊപ്പം മറ്റു രണ്ട് ദസ്തയേവ്സ്കിപ്പുസ്തകങ്ങളെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്. അലെക്സ് ക്രിസ്റ്റോഫി എഴുതിയ' അനുരാഗിയായ ദസ്തയേവ്സ്കി' (Dostoevsky in Love) എന്ന ജീവചരിത്രമാണ് അവയിൽ ഒന്ന്. 2021-ൽ ആദ്യമാണ് ക്രിസ്റ്റോഫിയുടെ പുസ്തകം പുറത്തിറങ്ങിയത്.

സാങ്കേതികമായി ജീവചരിത്രം എന്ന മുദ്ര നൽകപ്പെടുമ്പോഴും ഒരു നോവലിസ്റ്റിന്റെ കഥനകലയുപയോഗിച്ചാണ് ക്രിസ്റ്റോഫി തന്റെ കഥാപുരുഷന്റെ പ്രണയജീവിതവും വിവാഹ ജീവിതവും വിവരിക്കുന്നത്. പെരുമ്പടവത്തിന്റെ നോവലിൽ പ്രതിപാദിക്കപ്പെട്ടവയും അതിലേറെയും നമ്മൾ ഈ കൃതിയിൽ വായിക്കുന്നു. ഭാവനയും ഉൾക്കാഴ്ച്ചയും വമ്പിച്ച വസ്തുതാ സഞ്ചയവുമുപയോഗിച്ച് മനനം ചെയ്തെഴുതിയ ജീവചരിത്രമാണിത്. 'സങ്കീർത്തന'ത്തിൽ അന്ന മാത്രമേയുള്ളുവെങ്കിൽ ഇതിൽ മരിയയും പോളിനയും കൂടിയുണ്ട്. അതും വിശദാംശ സമൃദ്ധിയോടു കൂടി. ദസ്തയേവ്സ്കിയിൽ മഹാനായ ഒരെഴുത്തുകാരനെക്കൂടാതെ തുല്യതീവ്രതയുള്ള മൂന്ന് അസാധാരണ വ്യക്തിത്വങ്ങൾ കൂടി സഹവസിച്ചിരുന്നു- ചൂതാട്ടക്കാരൻ,അപസ്മാര രോഗി, പ്രണയി എന്നിവർ. ഇക്കൂട്ടത്തിലെ പ്രണയിയാണ് അലെക്സ് ക്രിസ്റ്റോഫിയുടെ പുസ്തകത്തിന്റെ കേന്ദ്ര പ്രമേയം. ദസ്തയേവ്സ്കിയെ പ്രണയിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

മറ്റേത് ഒരു മലയാള പുസ്തകമാണ്. ഏതാനും ചിലവർഷങ്ങൾക്കപ്പുറം പ്രസിദ്ധീകരിച്ചത്. എൻ.കെ.ദാമോദരനു ശേഷം ഏറ്റവുമധികം ദസ്തയെവ്സ്കിപ്പരിഭാഷകൾ നിർവ്വഹിച്ചിട്ടുള്ള വേണുവി.ദേശമാണ് ഗ്രന്ഥകർത്താവ്.' റഷ്യൻ ക്രിസ്തു' എന്ന പേരിൽ ദസ്തയേവ്സ്കിയെപ്പറ്റി ഒരു നോവലാണ് വേണു എഴുതുന്നത്. കൗതുകകരമാണ് നോവലിന്റെ ഘടന. ദസ്തയേവ്സ്കിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കാമുകിയും ഭാര്യയും സമകാലികരായ എഴുത്തുകാരും കഥാപാത്രങ്ങളുമെല്ലാം അദ്ദേഹത്തെപ്പറ്റി നൽകുന്ന ഹ്രസ്വമായ വിവരണങ്ങളുടെ ഒരു കൊളാഷാണത്. നോവലിന്റെ പരമ്പരാഗതരൂപമോ ഘടനാദാർഢ്യമോ ഇല്ല. എങ്കിലും മലയാളിയായ ഒരു ദസ്തയേവ്സ്കിവായനക്കാരന്റെ/വിവർത്തകന്റെ അവഗണിക്കപ്പെടരുതാത്ത വിചിത്രപുസ്തകം.

അതെ,മഹാ നോവലുകളുടെ സ്രഷ്ടാവു മാത്രമായിരുന്നില്ല, നോവലിസ്റ്റുകളെയും ജീവചരിത്രകാരന്മാരെയും പ്രചോദിപ്പിക്കുന്ന വിചിത്ര സങ്കീർണ്ണമായ ഒരു ജീവിതത്തിനുടമ കൂടിയായിരുന്നു മഹാനായ ദസ്തയേവ്സ്കി.

Content Highlights : Mashippacha Sajay KV Writes on 200 birth Anniversary of Fyodor Dostoevsky