ജൂലായ് ആദ്യവാരം, പൊതുവേ, ബഷീർ ഓർമ്മകളുടേതാണ് മലയാളിക്ക്. കേരളത്തിൽ അങ്ങോളമിങ്ങോളം നിറഞ്ഞു പെയ്യുന്ന കാലവർഷത്തോടൊപ്പം മുഴുവൻ മലയാളിയും നനഞ്ഞ മറ്റൊരു മഴയായ ബഷീർ സാഹിത്യവും ചർച്ച ചെയ്യപ്പെടുന്നു. ബഷീർ അന്തരിച്ചിട്ട് വർഷങ്ങൾക്കു ശേഷം ജനിച്ച കുട്ടികൾ കൂടി തങ്ങൾ വായിച്ചറിഞ്ഞ ബഷീറിനെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നു. ബഷീർ തന്റെ എഴുത്തിലൂടെ സൃഷ്ടിച്ച നീലവെളിച്ചം ഇപ്പോഴും മലയാളിയുടെ സാംസ്കാരിക ബോധത്തിൽ, ദീപ്തമായ ഒരാകർഷണ കേന്ദ്രമായി, നിലനിൽക്കുന്നു എന്നതിന്റെ ഓർമ്മപ്പെടൽ കൂടിയാണിത്; പൂവൻപഴമെന്ന സവർണ്ണാനുഭൂതി മാത്രം ശീലിച്ചുപോന്ന മലയാളിയെ ബഷീർ സ്നേഹപൂർവ്വം തീറ്റിച്ച മധുര നാരങ്ങയുടെ സരളമാധുര്യത്തോടുള്ള പ്രതിപത്തിയുടെ പ്രകാശനവും. ലാളിത്യം ഒരു സാഹിത്യമൂല്യമാകുന്നത് ബഷീറിലാണ്.' മുച്ചീട്ടുകളിക്കാരന്റെ മക'ളുടെ അവതാരികാ കാരനായ കെ. കേളപ്പൻ (അതെ, ഒരെഴുത്തുകാരനൊന്നുമല്ലെങ്കിലും ഗാന്ധിയൻ ലാളിത്യം എന്താണെന്ന് നന്നായറിയാവുന്ന കേളപ്പജി!) അതിനെ 'artless art' എന്നു വിശേഷിപ്പിച്ചു.

മലയാളഗദ്യത്തിൽ മറ്റൊരുതരം സങ്കീർണമായ സൗന്ദര്യം സൃഷ്ടിച്ച വിജയനെപ്പോലും ആകർഷിച്ച, പ്രചോദിപ്പിച്ച ചിലത് ബഷീറിലുണ്ടായിരുന്നു. ബഷീറിന്റെ പാമരകഥാപാത്രങ്ങളോടൊപ്പമാണ് വിജയന്റെ അപ്പുക്കിളി.'മാൻ' എന്നെഴുതി കൂട്ടി വായിക്കുമ്പോൾ 'മായൻ' എന്നാകുന്ന കുട്ടാടൻ പൂശാരിയും 'ബാല്യകാല സഖി'യിലെ മജീദും എത്ര സമീപസ്ഥരാണ്! മജീദിന്റെ ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നാകുന്ന ഗണിതയുക്തി പോലൊന്ന് കുട്ടാടന്റെ അക്ഷരാഭ്യസനത്തിലും അപ്പുക്കിളിയുടെ 'ഠ'കാരങ്ങളിലും അപ്പാ മുത്തിന്റെ പത്രവായനയിലുമുണ്ടായിരുന്നു. വിജയൻ ഒരു കാർട്ടൂണിസ്റ്റ് കൂടിയായിരുന്നുവെങ്കിൽ, വാക്കുകളാൽ അതേ കലയുടെ സാധ്യതകൾ പരീക്ഷിക്കുകയായിരുന്നു ബഷീർ.'വിശ്വവിഖ്യാതമായ മൂക്കി'ലെ മൂക്കനെപ്പോലൊരു ക്യാരിക്കേച്ചർ വേറേതുണ്ട് നമ്മുടെ എഴുത്തിൽ?

'ശബ്ദങ്ങ'ളെഴുതിയ ബഷീറായിരിക്കും വിജയന് ഏറ്റവും അഭിമതനായ നോവലിസ്റ്റ്. ('ധർമ്മപുരാണം' പോലൊരു മലിനശില്പത്തിന്റെ സാധ്യതകൾ 'ശബ്ദങ്ങ'ളിൽത്തന്നെ പ്രവചിക്കപ്പെട്ടിരുന്നുവല്ലോ!).'ബീഭത്സരസത്തിന്റെ സന്ന്യാസസാക്ഷ്യം' എന്ന് ധർമ്മപുരാണത്തെ വിശേഷിപ്പിച്ചത് കെ.പി.അപ്പനാണ്.മലയാള സാഹിത്യത്തിൽ ബീഭത്സത്തിന്റെ സൗന്ദര്യമാതൃകകൾ തിരഞ്ഞുപോകുന്ന ഒരു വായനക്കാരൻ എത്തിച്ചേരാനിടയുള്ള മറ്റൊരിടം ബഷീർ സാഹിത്യമാണ്.

ഇങ്ങനെയെല്ലാം ആധുനികതയിലേയ്ക്കും വിജയനിലേയ്ക്കും നീളുന്ന ചില ഭാവുകത്വ സവിശേഷതകൾ ബഷീറിലുണ്ടായിരുന്നു. ആധുനികതയെ ഏറ്റവും അനായാസമായി അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത ഒരു മുൻതലമുറയെഴുത്തുകാരൻ ബഷീറായിരിക്കും.ഇപ്പോഴിതാ, ഈ ആധുനികാനന്തരഋതുവിലും നമ്മൾ ബഷീറിന്റെ 'തേന്മാ'വും' ഭൂമിയുടെ അവകാശിക'ളും, അവയുടെ പാരിസ്ഥിതികമായ ഉള്ളടക്കത്തെ മുൻനിർത്തി, വീണ്ടും വീണ്ടും വായിച്ചു കൊണ്ടേയിരിക്കുന്നു. മലയാളത്തിൽ ഇപ്പോൾ എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ കഥയുടെയും കവിതയുടെയും ഭാഷ കൂടി ഒരർത്ഥത്തിൽ' ബഷീറിയൻ' ആകുന്നു!

തന്നെ എഴുത്തുകാരനാക്കിയ ആദ്യകാലവായനയിൽ നിറഞ്ഞു നിന്നത് ബഷീറാണെന്ന് സക്കറിയ ആവർത്തിച്ചു പറയാറുണ്ട്. കല്പറ്റ നാരായണന് ബഷീറിനോടു തോന്നിയ പ്രണയം അദ്ദേഹത്തെക്കൊണ്ട് 'എന്റെ ബഷീർ' പോലെ അനന്യമായ ബഷീർവായനകളുടെ ഒരു സമാഹാരം എഴുതിച്ചു. എം.ടി.വാസുദേവൻ നായരായിരിക്കും ബഷീറെന്ന വ്യക്തിയെയും എഴുത്തുകാരനെയും ഏറ്റവും ഭംഗിയായി ഗദ്യത്തിലാവിഷ്കരിച്ച മറ്റൊരെഴുത്തുകാരൻ. ബഷീറിനെപ്പറ്റി ഒ എൻ വിയുടെ കവിതയും യൂസുഫ് അറയ്ക്കലിന്റെ ചിത്രങ്ങളുമുണ്ട്. എം.വി.ദേവനും ആർട്ടിസ്റ്റ് നമ്പൂതിരിയും തങ്ങളുടെ രേഖാചിത്രകലയുടെ പരമാവധി വിനിയോഗം നടത്തിയത് ബഷീറിനെയോ ബഷീർ കഥാപാത്രങ്ങളെയോ ചിത്രീകരിച്ചപ്പോഴായിരുന്നു.ഇങ്ങനെ മലയാളിയുടെ ഭാവുകത്വത്തെ ബഹുവിതാനങ്ങളിൽ പ്രചോദിപ്പിച്ച വ്യക്തിത്വവും കലാകാര വ്യക്തിത്വവും ബഷീറിനു മാത്രം അവകാശപ്പെട്ടത്.

ബഷീർ തന്റെ ഓർമ്മക്കുറിപ്പുകൾക്ക് 'ഓർമ്മയുടെ അറകൾ' എന്നു പേരിട്ടു. ബഷീറിന്റെ വ്യക്തിത്വത്തിനും അറകളനവധി -ഭ്രാന്തിന്റെ, പ്രണയത്തിന്റെ ,വിശപ്പിന്റെ, ഏകാന്തതയുടെ , സഞ്ചാരത്തിന്റെ, ജയിലനുഭവത്തിന്റെ, ആത്മീയതയുടെ, ഫലിതത്തിന്റെ... ബഷീറിനെ വായിക്കുമ്പോൾ എണ്ണിയാലൊടുങ്ങാത്ത അറകളുള്ള ഒരു ഹൃദയത്തിന്റെ സർഗ്ഗാത്മക സാമീപ്യം നമ്മളനുഭവിക്കുന്നു. വിസ്ലാവാ സിംബോർസ്ക കവിതയെപ്പറ്റി വിസ്മയം കൊണ്ടതു പോലെ, നോക്കൂ,എത്ര അറകളാണ് ബഷീറിന്!

Content Highlight: Mashippacha Sajay KV writes about Vaikom Muhammed Basheer and literary Influence