ലോക്ഡൗണിന്റെ ദീനദീനമായ ദീർഘദിനങ്ങളിലാണ് ഞാൻ റസ്കിൻ ബോണ്ട് എന്ന എഴുത്തുകാരനുമായി ചങ്ങാത്തത്തിലായത്. മെയ് 19-ന് അദ്ദേഹം തന്റെ എൺപത്തിയേഴാം പിറന്നാൾ ആഘോഷിച്ചു എന്നത് സന്തോഷകരമായ മറ്റൊരറിവ്.

വായനയുടെ ഹർഷത്തെപ്പറ്റി നാം എത്ര തന്നെ വാചാലരായാലും എല്ലാ വായനയും ആനന്ദകരമാണെന്ന് പറയുക വയ്യ. ചിലത് നമ്മെ വ്യാകുലരും വിഷാദികളുമാക്കി മാറ്റും. മുങ്ങാനടുത്ത കപ്പലിൽ അധികഭാരം കയറ്റുന്നതു പോലെ വായനയാൽ വിഷാദിയാവാനല്ല, വായനയുടെ പ്രസാദവും പ്രകാശവുമെന്തെന്നറിയാനാണ് ഞാൻ റസ്കിൻ ബോണ്ടിലേയ്ക്കു തിരിഞ്ഞത്;ലോക് ഡൗൺ ദിനങ്ങളുടെ മ്ലാനതയെ,തെല്ലെങ്കിലും, സഹനീയവും സന്തോഷപ്രദവുമാക്കാൻ. ആ ആത്മീയതൃഷ്ണയെ തികച്ചും തൃപ്തിപ്പെടുത്തി, ബോണ്ടിന്റെ' ലളിതജീവിതത്തിന്റെ പുസ്തകം'(The book of simple living) എന്ന ചെറുകുറിപ്പുകളുടെ സമാഹാരം.

അരപ്പുറം മുതൽ ഒന്നരപ്പുറം വരെ ദൈർഘ്യമുള്ള കുറിപ്പുകളുടെ സമാഹാരമാണിത്. ഓരോന്നും ഓരോ കിളിവാതിൽ തുറക്കുന്നു, ഭൂമിയിലെ ജീവിതമെന്ന ഹൃദ്യതയിലേയ്ക്കും വിസ്മയത്തിലേയ്ക്കും. ഒരു പൂവോ കിളിയോ വെയിൽച്ചീന്തോ ഹിമകണമോ ആവും ആ കുറിപ്പിലെ കേന്ദ്രസാന്നിധ്യം; ഒപ്പം അവയുടെ സൗമ്യസൽക്കാരമേറ്റുവാങ്ങി കൃതാർത്ഥനാകുന്ന എഴുത്തുകാരനെയും നമ്മൾ കാണുന്നു. പ്രകൃതിയുടെ നാഡീസ്പന്ദനങ്ങളറിയുന്ന ഒരുവനേപ്പോലെ റസ്കിൻ ബോണ്ട് എഴുതുന്നു. ആ സ്പന്ദനങ്ങളോടൊത്തു മിടിക്കുമ്പോൾ ശ്രുതിബദ്ധവും ലയബദ്ധവുമാകുന്ന വാഴ്വ് എന്ന സർഗ്ഗാത്മകതയെക്കുറിച്ചാണ് ബോണ്ടിനു പറയാനുള്ളതത്രയും.

ഒരുതരം സഹജീവനമാണത്. പ്രകൃതിയിലെ ഓരോ ജീവകണത്തോടുമൊപ്പം സഹവസിക്കുന്നതിലെ ആനന്ദം.വിനീതനായ ഒരു സഞ്ചാരിയെപ്പോലെയാണ് ബോണ്ട്. പ്രകൃതിയുടെ ഉദാരമായ ആതിഥ്യം സ്വീകരിക്കുന്നതിനോടൊപ്പം സ്വയമൊരു ആതിഥേയനായിരിക്കുന്നതിലെ ചാരിതാർത്ഥ്യം കൂടിയാണിത്.'അത്യവിചാരിതമായ ഇടങ്ങളിലാവും പ്രണയം പതിയിരിക്കുക'(Romance lurks in the most unlikely places) എന്നു പറഞ്ഞുകൊണ്ടാണ് ബോണ്ട് തന്റെ കുറിപ്പുകളിലൊന്നിനു വിരാമമിടുന്നത്. ചുറ്റുപാടുകൾ എത്രതന്നെ വൈരസ്യപ്രദമായാലും അവിടെയും ചില അഴകിന്റെ പൊടിപ്പുകൾ കണ്ടെത്താനാവും എന്നാണ് ലേഖകന്റെ വിശ്വാസം. അദ്ദേഹം എഴുതുന്നു- 'കാൽച്ചുവട്ടിലെ വെള്ളാരംകല്ല്, കുപ്പക്കൂനയിൽ വളർന്നു നിൽക്കുന്ന കാട്ടുപൂവ്, പഴഞ്ചുവരിലെ വെയിലിന്റെ വർണ്ണവിന്യാസം- അവയ്ക്കുമുണ്ട് കലാസൃഷ്ടികൾക്കുള്ളത്ര അഴക്.' ഇങ്ങനെയെല്ലാ മെഴുതിക്കൊണ്ട് സൗന്ദര്യവും ആഹ്ളാദവും മൊട്ടിട്ടു നിൽക്കാത്ത ഇടങ്ങൾ ഭൂമിയിൽ എത്ര വിരളമാണെന്നു കാട്ടിത്തരികയാണ് ബോണ്ട്. ജീവിതം ഒരു കലയാണ് എന്ന സൗമ്യാഹ്വാനം കൂടിയാണത്; ഭാരിച്ച ആത്മീയതയോ ആനന്ദാന്വേഷണത്തിന്റെ വ്യഗ്രതകളോ ഇല്ലാത്ത വിനീതവും നിശ്ശബ്ദവും എളിമയാർന്ന തുമായ ജീവനകല. മുഷിപ്പൻ പട്ടണങ്ങളിൽ മുഷിപ്പൻ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന യൗവ്വനത്തിൽ പോലും താൻ ഈ കല പരിശീലിച്ചിരുന്നതായി ബോണ്ട് എഴുതുന്നു -' പട്ടണത്തിലൂടെയുള്ള നീണ്ട സവാരികൾ എന്നെ കൊച്ചു കൊച്ച് വിസ്മയങ്ങൾ കാട്ടിത്തന്ന് അമ്പരപ്പിച്ചിട്ടുണ്ട്-ശാന്തമായ ഇടവഴികളിൽ പാതിരാത്രിയ്ക്കു ശേഷം പൊഴിയുന്ന നിലാവ് ഉദാഹരണം. പുതുമഴക്ക്ക്കു ശേഷം പൊങ്ങുന്ന, ദാഹമടങ്ങിയ മണ്ണിന്റെയും താഴെ വീണു കിടക്കുന്ന വേപ്പിലകളുടെയും ഗന്ധം അതുപോലൊന്നാണ്. അതുമല്ലെങ്കിൽ ആഴ്ച്ചച്ചന്തയിലെ ആഹ്ളാദകരമായ കലപിലയുമാവാം. നമ്മെ ഉരുമ്മിക്കടന്നു പോകുന്ന അപരിചിതന്റെ, സൗഹൃദമായോ സ്നേഹമായോ മാറിയേക്കാവുന്ന, നറും തൊടലും അങ്ങനെ തന്നെ.'

കിളികളുടെയും അണ്ണാറക്കണ്ണൻമാരുടെ ആകസ്മികമായ ആതിഥ്യത്തിലാണ്, അവയുടെ യജമാനത്വത്തിലല്ല ബോണ്ടിനു പ്രിയം.' അവൾ ജാലകപ്പടിയിൽ എന്നോടൊപ്പം മഴ കണ്ടിരിക്കുന്നു 'എന്ന് ബോണ്ട് എഴുതുന്നത്, മഴ തോരുവോളം, തന്റെ വീട്ടിലെ അതിഥിയായിരിക്കാൻ സൗമനസ്യം കാട്ടിയ ഒരു കുഞ്ഞു കിളിയേക്കുറിച്ചാണ്! തന്റെ സൗഹൃദം വേണ്ടപ്പോഴൊക്കെ അവർ തന്നെ തേടി വരുന്നതാണ്, അല്ലാതെ അവരെ തേടിപ്പിടിക്കുന്നതല്ല, ബോണ്ടിനിഷ്ടം. ഈ സൗഹൃദം ചെടികളിലേയ്ക്കും പൂക്കളിലേയ്ക്കും കൂടി വ്യാപിച്ചാൽ സംഭവിക്കുന്നതെന്താണെന്ന് താഴെക്കൊടുത്ത ചെറുകുറിപ്പ് കാട്ടിത്തരും -' എനിക്കിത്തിരി വെള്ളം വേണം, ജെറേനിയം പറയുന്നു. വേനൽ വരവായല്ലോ.

അതിനാൽ ഞാൻ ജെറേനിയത്തിനു വെള്ളം പകരുന്നു, കൂടെ നസ്തേർഷ്യത്തിനും. പയറുചെടി എനിക്കൊരു പൂവു നീട്ടുന്നു.
എന്റെ പാർപ്പിടത്തിലേയ്ക്കുള്ള പടവുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വിള്ളലുകളിൽ ഡെയ്സിച്ചെടികൾ വളരുന്നു, അവ പുഷ്പിച്ചു കഴിയും വരെ പടികൾ നന്നാക്കുന്നില്ല, അവ പുഷ്പിച്ചോട്ടെ.'

റസ്കിൻ ബോണ്ടിന്റെ പ്രകൃത്യുന്മുഖമായ ലളിതാത്മീയതയുടെ രേഖ മാത്രമല്ല ഇത്;എത്ര സരളമായി, മനോഹരമായി, ഹൃദ്യമായി അദ്ദേഹം എഴുതുന്നു എന്നതിന്റെ കൂടി.

Content Highlights: Mashippacha Sajay KV Writes about the beauty of Ruskin Bond Writings