ഷെയ്ക്‌സ്പിയറുടെ' ഹാംലറ്റ്' നാടകത്തെ സവിശേഷമാക്കുന്ന കഥാപാത്രകല്പനകളില്‍ ഒന്ന്, നായകനായ ഡെന്‍മാര്‍ക്കിലെ രാജകുമാരനും സുഹൃത്തായ ഹൊറേഷ്യോ(Horatio) യും തമ്മിലുള്ള ആത്മബന്ധമാണ്. നാടകത്തിലെ ആദ്യരംഗം മുതല്‍ ഹാംലറ്റ് രാജകുമാരന്റെ അന്ത്യവചസ്സുകള്‍ ഉച്ചരിക്കപ്പെടുന്ന അന്ത്യരംഗത്തില്‍ വരെ അയാളെ നമ്മള്‍ കാണുന്നു. ഹാംലറ്റിന്റെ മനസ്സാക്ഷിയുടെ താക്കോല്‍ ഹൊറേഷ്യോവിന്റെ കൈയിലായിരുന്നു. ആ കൈകളില്‍ അത് ഭദ്രവുമായിരുന്നു.

'Absent thee from felicity awhile,
And in this harsh world draw
thy breath in pain,
To tell my story...O, I die,'

ഹൊറേഷ്യോവിനോട് ഈ വാക്കുകള്‍-വെറും വാക്കുകള്‍ എന്നല്ല പറയേണ്ടത്, ഹാംലെറ്റിന്റെ മുഴുവാഴ്‌വിനോളം ഭാരിച്ച വാക്കുകള്‍, പറഞ്ഞിട്ടാണ് ആ ഹതഭാഗ്യനായ രാജകുമാരന്‍ കണ്ണടച്ചത്. ആത്മമിത്രത്തിന്റെ കഥ പറയാനായി അയാള്‍ക്കു ശേഷവും ഉയിരോടിരിക്കുക എന്നത് വലിയൊരു നിയോഗമാണ്. മരിച്ചവന്റെ കടം വീട്ടേണ്ടത് ജീവിച്ചിരിക്കുന്ന 'ഇണങ്ങ' (സൗഹൃദത്തെ സൂചിപ്പിക്കാന്‍ ഇതില്‍ മുന്തിയ ഒരു പദം വേറെന്തുണ്ട്!)നാകുന്നു. സ്‌നേഹത്തിന്റെ കടം കൂടിയാകുന്നു അത്. ഇപ്പോള്‍ ഇല്ലാതായിക്കഴിഞ്ഞ ഒരാളെ സത്യസന്ധമായി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുക എന്ന കടവും കടപ്പാടുമാണത്. ചായങ്ങള്‍ ഏറുകയോ കുറയുകയോ ചെയ്യാതെ വേണം മരിച്ചവരുടെ ഛായാചിത്രം വരയ്ക്കാന്‍. അത്തരമൊരു ഛായാചിത്രമാണ് ടി.രാജന്‍ എഴുതി, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുനത്തിലോര്‍മ്മകളുടെ പുസ്തകമായ 'പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി'.

പുനത്തില്‍ എന്ന 'സ്വച്ഛന്ദസ്വപ്നസഞ്ചാരി'യോടൊപ്പമുള്ള അനുയാത്രയായിരുന്നു ടി. രാജന്‍ എന്ന രാജന്‍ മാഷുടെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും. 'ഡോക്ടറേ' എന്നും 'മാഷേ' എന്നും പരസ്പരം സംബോധന ചെയ്തിരുന്ന അവരുടെ ബന്ധത്തില്‍ സൗഹൃദത്തിനു സാധ്യമായ സമസ്ത ചേരുവകളുമുണ്ടായിരുന്നു. കരുതലും സ്‌നേഹവും മുതല്‍ ഉന്മാദവും സൗന്ദര്യാസക്തിയും സഹൃദയത്വവും വരെ. 
ആ കൂട്ടുനടപ്പിന്റെയും കൂട്ടിരിപ്പിന്റെയും നാള്‍വഴികളുടെ സഞ്ചയമാണ് കഥാപുരുഷന്റെ നാലാം ചരമവാര്‍ഷികദിനത്തില്‍ പുനത്തിലിന്റെ 'ഹൊറേഷ്യോ' ആയ രാജന്‍ മാഷ്, പുസ്തകരൂപത്തില്‍, പ്രസിദ്ധീകരിക്കുന്നത്. പാണന്‍മാര്‍ പാടിനടന്ന കഥകളിലെ പുനത്തിലിനെ അല്ല, തന്റെ മാത്രം പുനത്തിലിനെയാണ്, പ്രണയപൂര്‍വ്വം, ഗ്രന്ഥകാരന്‍ വാങ്മയപ്പെടുത്തുന്നത്. രണ്ടു പുരുഷമാര്‍ക്കിടയിലെ പവിത്രവും പരിമളപൂരിതവുമായ പ്രണയമാണത്. പെണ്ണോര്‍മ്മകളിലെ പുനത്തിലില്‍ നിന്ന് തുലോം വ്യത്യസ്തനാണ് ഈ പുനത്തില്‍. പുരുഷന്‍ പുരുഷനെ വായിക്കുമ്പോള്‍ തെളിയുന്ന മുഴുമനുഷ്യനാണ് പുസ്തകത്തില്‍. അങ്ങനെ, പുസ്തകം തൊടുമ്പോള്‍ ഒരു മനുഷ്യനെയാണു നമ്മള്‍ സ്പര്‍ശിക്കുന്നതെന്ന ആ പഴയ തോന്നല്‍ പൂര്‍ണ്ണമായും സാധുവാകുന്ന ഒരു പുസ്തകം.

T.Rajan, Book Cover
ടി.രാജന്‍ (ഇടത്)| പുസ്തകത്തിന്റെ കവർ

നിങ്ങളിലെ ഒളിഞ്ഞുനോട്ടക്കാര (voyuer) നെ ഈ പുസ്തകം തൃപ്തിപ്പെടുത്തിയെന്നു വരില്ല, എന്നാല്‍ അക്ഷരാനുരാഗിയെ തീര്‍ച്ചയായും തൃപ്തിപ്പെടുത്തും. ടി. രാജന്‍ എഴുതുന്ന പുനത്തിലിന്റെ ജീവിതമാകട്ടെ ഒന്നായിരുന്നില്ല, പലതായിരുന്നു. ഒരാളായിരുന്നില്ല പുനത്തില്‍, പലരായിരുന്നു. ആ പലമയുടെ വലിപ്പമായിരുന്നു പുനത്തിലിന്റെ വലിപ്പം. പുനത്തില്‍ എന്ന ആള്‍ക്കൂട്ടം, ആ കുറിയ തടിച്ചുതുടുത്ത അധരവും ചിരിച്ചുതുളുമ്പുന്ന കവിളുകളുമുള്ള മനുഷ്യനെ ഒരു നഗരമാക്കി മാറ്റി. പല ചായമടിച്ച പലതരം വീടുകളും വീഥികളും മനുഷ്യരും ചത്വരങ്ങളുമുള്ള ഒരു നഗരം. ആ നഗരത്തില്‍  നെടുനാള്‍ പാര്‍ത്തതിന്റെ അനുഭവമാണ് പുനത്തിലോര്‍മ്മകള്‍ പകരുന്ന സമൃദ്ധി. അതില്‍ ഏകതാനതയേയില്ല. ഒരേ പലരായി മാറുന്ന പുത്തിലിന്റെ മേഘരൂപത്വം ഓരോ താളിലും. ഒരു മേഘരൂപനെ വരയ്ക്കുകയാണ് ഓര്‍മ്മകളുടെ എഴുത്തുകാരന്‍. എഴുതുംതോറും മായുകയും തെളിയുകയും അനുനിമിഷം പുതുതായി ആകൃതിപ്പെടുകയും ചെയ്യുന്ന ഒരു വിചിത്രമേഘം. 

പുനത്തിലിന്റെ മേഘപാഠശാലയില്‍ ചേര്‍ന്ന് ജീവിതമഭ്യസിച്ച ഒരാളാണ് ഈ പുസ്തകം എഴുതുന്നത്. ഒരേ സമയം, ഒരാള്‍ക്ക് പലരായിത്തീരാനുള്ള സാധ്യതയെയാണ് ആ പാഠശാലയില്‍ ജീവിതമെന്നു പറയുന്നത്. പ്രിസത്തിലോ മഞ്ഞുതുള്ളിയിലോ ഊളിയിടുമ്പോള്‍ വെളിച്ചത്തിനു സംഭവിക്കുന്ന പരിണാമം സാക്ഷാല്‍ക്കരിക്കാനാവുന്നില്ലെങ്കില്‍ നിങ്ങള്‍ ജീവിച്ചിട്ടേയില്ല എന്ന ഉന്മത്തപ്രബോധനം. അഭിലഷണീയവും അനഭിലഷണീയവുമായ പലതും ചേര്‍ന്ന വന്യമായ ഒരു കൊളാഷായിരുന്നു പുനത്തില്‍ ജീവിതം. തന്റെ ജീവിതത്തിലൂടെ മനുഷ്യജീവിതം എന്ന ചിരപുരാതനവും ചിരസുന്ദരവുമായ പ്രതിഭാസത്തെ പുതുതായി കണ്ടെത്തുകയും പുനര്‍നിര്‍വ്വചിക്കുകയും ചെയ്യുന്നുണ്ടായിരുന്നു പുനത്തില്‍. പഴയ വീഞ്ഞുഭരണികള്‍ ഒഴിയുകയും അവയില്‍ പുതുവീഞ്ഞ് നുരയുകയും നുരഞ്ഞു തൂവുകയും ചെയ്തു പുനത്തില്‍ക്കുസൃതികളിലൂടെ. 'ഇംപിഷ്'(impish) എന്നു പറയാവുന്ന ആകര്‍ഷകമായ കുസൃതിത്തവും വികൃതിത്തവുമുണ്ടായിരുന്നു പുനത്തിലിന്റെ വാക്കുകളിലും ചെയ്തികളിലും. 

കലാപരതയോടെ ജീവിക്കുകയും ജീവിതത്തെ ഒരു കലാസൃഷ്ടിയാക്കിമാറ്റുകയും ചെയ്തു, ദാലിയെപ്പോലെ, വിചിത്രസ്വഭാവിയായ ഈ സര്‍ഗ്ഗോന്മാദി. ജീവിതം കലാസൃഷ്ടിയെ അനുകരിക്കുന്ന നില (ഓസ്‌കര്‍ വൈല്‍ഡിന്റെ പ്രസിദ്ധമായ കുസൃതിമൊഴി ഓര്‍ത്തുകൊണ്ട്) വന്നു പുനത്തില്‍, നൃത്തം ചെയ്തുകൊണ്ട് , ജീവിതത്തിലൂടെ കടന്നുപോയപ്പോള്‍. അങ്ങനെ ആ ഇടുങ്ങിയ, നിരപ്പായ, തേഞ്ഞ പാത കൂടുതല്‍ വിശാലമായി; പാടാനും പറക്കാനും ചിറകുനീര്‍ത്താനും തക്കവണ്ണമുള്ള ആകാശസാദൃശ്യം കൈവന്നു ആ പഴഞ്ചന്‍ മുടുക്കിന്. ഒരുപാടു ചിറകുകളുണ്ടായിരുന്നു പുനത്തിലിന്റെ വ്യക്തിത്വത്തിന്. ആ ചിറകുകളുടെ സൂക്ഷ്മവും സാവധാനവും അനലംകൃതവുമായ അപാവരണം കൂടിയാകുന്നു ടി. രാജന്റെ പുനത്തിലോര്‍മ്മപ്പുസ്തകം; നമുക്കു നഷ്ടമായതോ നമ്മള്‍ മറന്നുകളഞ്ഞതോ ആയ ജീവിതത്തിന്റെ ചിറകുകളേക്കുറിച്ചോര്‍മ്മിപ്പിക്കുന്നത്.

Content Highlights : Mashippacha Sajay KV Writes about T Rajan memoir on Punathil Kunjabdulla

മഷിപ്പച്ച മുന്‍ലക്കങ്ങള്‍ വായിക്കാം