ധുനിക മലയാളകവിതയിലെ അടയാളസ്തംഭങ്ങളിലൊന്നായി ഗണിക്കപ്പെടുന്ന കവിതയാണ് കെ ജി എസ്സിന്റെ 'ബംഗാള്‍'. എഴുപതുകളുടെ രാഷ്ട്രീയോര്‍ജ്ജവും ആധുനികതയുടെ ഗദ്യതാളവും ആവാഹിച്ച രചന. ഈ കവിതയിലെ കേന്ദ്രബിംബം വേനലാണ്. വേനലിനെ കവി പലപാട് ബിംബവല്‍ക്കരിക്കുകയും അതിനെ ആസന്നമായ വിപ്ലവപ്രത്യാശയുടെ രാഷ്ട്രീയാര്‍ത്ഥത്താല്‍ ധ്വനിനിബിഡമാക്കുകയും ചെയ്യുന്നു. ടി.എസ്.എലിയറ്റിന്റെ' തരിശുനില'(The Waste Land) ത്തിന്റെ പരോക്ഷപ്രേരണയാലാവാം രാഷ്ട്രീയ വേനലിന്റെ ഈ ധ്വനിചിത്രം രൂപപ്പെട്ടതെന്നു സൂചിപ്പിക്കുന്ന ഒരു പരാമര്‍ശം കവിതയില്‍ നിന്നുതന്നെ കണ്ടെടുക്കാം-

'കാലം പഴയ തല്ല. ചുടുവേനലാണ് കലിയാണ്
ഒരു പക്ഷേ, ഇതായിരിക്കാം
കവി പറഞ്ഞ ആ ക്രൂരകാലം'.

'April is the cruellest month' എന്ന എലിയറ്റിന്റെ കവിതത്തുടക്കത്തെ തന്റെ കാലാന്തരഭാവുകത്വവുമായി ചേര്‍ത്തുനിര്‍ത്തുകയാണ് ഈ ആകസ്മിക പരാമര്‍ശത്തിലൂടെ കെ.ജി.എസ്. ഏതാണ്ടിതേ വിധം, ആംഗല കാല്പനികതയിലെ അതിപ്രശസ്തമായ വരികളിലൊന്ന് ഗംഭീരമായി പാരഡി ചെയ്യപ്പെടുന്നുമുണ്ട് കവിതയ്‌ക്കൊടുവില്‍ -

'കേട്ട വാര്‍ത്തകള്‍ ഭീകരം
കേള്‍ക്കാത്തവ അതിഭീകരം'

('Heard melodies are sweet, those unheard are sweeter', Keats). പക്ഷേ ഈ സ്പഷ്ടസൂചനകളേക്കാളേറെ കവിതയുടെ ഊര്‍ജ്ജഘടനയെ നിര്‍ണ്ണയിക്കുന്ന മറ്റൊരു കവിതയുണ്ട്. അതേതെന്ന് കവി പറയുന്നില്ല. അത് വായനക്കാരനും നിരൂപകനും ചേര്‍ന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. കരിയിലകളുടെയും കൊടുങ്കാറ്റിന്റെയും ബിംബാവലി ഈ കവിതയില്‍ പലയിടത്തുമുണ്ട്-
 
'അതാ, ഗ്രാമങ്ങള്‍ക്കു മുകളില്‍
ചുഴലി പിരിച്ച് ചുഴലി പൊങ്ങുന്നു.
ആ മുതുക്കിപ്പിശാചിന്റെ വാരിയെല്ലുകളുമായി
കരിയിലകളഹങ്കരിക്കുന്നു
അവ, ഒരിക്കല്‍ വീണടിഞ്ഞവ,
ചുഴലിയുടെ ശിഖരങ്ങളില്‍ വീണ്ടും വിരിയുന്നു' എന്നിങ്ങനെ.

 ഇനി നമുക്ക് ഷെല്ലിയുടെ പ്രസിദ്ധമായ' പടിഞ്ഞാറന്‍ കാറ്റിനോട്' (Ode to The WestWind) എന്ന കല്പനികഗീതത്തിന്റെ പ്രാരംഭ ഖണ്ഡത്തിലേയ്ക്കു പോകാം -

'O wild West Wind, thou breath of Autumn's being, 
Thou, from whose unseen presence the leaves dead
Are driven, like ghosts from an enchanter fleeing...' 

പകര്‍ച്ചവ്യാധി പിടിച്ച മനുഷ്യരേപ്പോലെ മഞ്ഞയും കറുപ്പും വിളര്‍പ്പും ചുവപ്പുമുള്ള ഈ ഇലകളെ തുടര്‍ന്നു വര്‍ണ്ണിക്കുന്നുമുണ്ട് ഷെല്ലി. നമുക്ക് തല്‍ക്കാലം ഇതു മതി. കാല്പനികതയില്‍ നിന്ന് ആധുനികതയിലേയ്ക്കും പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടില്‍ നിന്ന് എഴുപതുകളിലെ കേരളത്തിലേയ്ക്കും വീശിയടിച്ച ചണ്ഡവാതമേതെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു.

 എലിയറ്റ് മലയാള കവിതയ്ക്കു നല്‍കിയത് പാഠാന്തരപരാമര്‍ശങ്ങ (Allusion) ളാല്‍ കവിത നെയ്യുന്ന കലയുടെ സ്വാതന്ത്ര്യമായിരുന്നു. അത്തരം ശിക്ഷണങ്ങളുടെ കൂടി ഫലമായിരുന്നു'ബംഗാള്‍' എന്ന ഗദ്യശില്പം; ഒപ്പം അതെഴുതിയ കവി ആംഗല കാല്പനികതയില്‍ നിന്നും, വിശിഷ്യാ, ഷെല്ലിയില്‍ നിന്നും ആര്‍ജ്ജിച്ച ചില ബിംബവഴക്കങ്ങളുടെയും!

                          മഷിപ്പച്ച മുന്‍ലക്കങ്ങള്‍ വായിക്കാം

Content Highlights : Mashippacha Sajay KV Writes About Shelley and KGS poem Bengal