ച്ചിദാനന്ദന്‍കവിതയുടെ മുഖ്യസവിശേഷതകളില്‍ ഒന്ന് അതിലെ ബിംബസമൃദ്ധിയാണ്. സച്ചിദാനന്ദന്റെ കവിത്വത്തിന്റെ അടിസ്ഥാന ശേഷികളിലൊന്നും, വാക്കിന്റെ തൊപ്പിക്കുള്ളില്‍ നിന്ന് അമ്പരപ്പിക്കുന്ന കല്പനകളെടുത്തുകാട്ടി വായനക്കാരെ വിസ്മയിപ്പിക്കാനുള്ള, ഈ മാന്ത്രികസിദ്ധിയാകുന്നു. മാര്‍ക്കേസിന്റെ പ്രണയിയായ ഒരു കഥാപാത്രത്തിന്റെ തൊടലാല്‍ സ്ഫടികപ്പാത്രങ്ങളില്‍ വിചിത്രവര്‍ണ്ണങ്ങള്‍ സംക്രമിക്കുന്നതു പോലെയാണിത്. എന്തിനെയും തന്റെ കവിത്വത്തിന്റെ വിരലുകളാല്‍ സ്പര്‍ശിച്ച് മറ്റൊന്നാക്കി മാറ്റാന്‍ സച്ചിദാനന്ദനാകും. ഈ കളിയില്‍ കവി, പലപ്പോഴും,ഒരു കുട്ടിയുടെ കൗതുകത്തോടെ മുഴുകുന്നു. തനിക്കു ചുറ്റും ബിംബങ്ങളുടെ ഒരു നിബിഡവനം സൃഷ്ടിച്ച് അതിനുള്ളില്‍ ഒരു മായാബാലനെപ്പോലെ ഒളിച്ചുകളിക്കുകയാണ് കവി.

സച്ചിദാനന്ദന്‍കവിതയുടെ ഈ ബിംബനിര്‍മ്മാണകൗതുകമോ കൗശലമോ അതിന്റെ പൂര്‍ണ്ണസാഫല്യത്തിലെത്തുന്ന രചനയാണ്' മഴയുടെ നാനാര്‍ത്ഥം'. മഴ എന്ന സമൃദ്ധമായ കേരളീയാനുഭവത്തെ ബിംബങ്ങളുടെ പെരുമഴയാല്‍ വാങ്മയപ്പെടുത്തുകയാണ് സച്ചിദാനന്ദന്‍. മഴയുടെ നാനാര്‍ത്ഥമന്വേഷിക്കുന്നതു പോലെ, അനുഭവങ്ങളുടെ നാനാര്‍ത്ഥമന്വേഷിക്കുന്നതു പോലെയും, ഈ കവി എഴുതുന്നു. ഒരു മഴയെന്നാല്‍ ഒരുപാടു മഴകളാകുന്നു. നമ്മുടെ ഭാഷയിലെ മറ്റൊരു കവി മഴയെക്കുറിച്ചെഴുതിയതുപോലെ അതൊരു പെണ്ണിന്റെ അഴിച്ചിട്ട മുടി പോലെ പലമയുടെ തൂര്‍മ്മയാകുന്നു.

'തോരുമ്പോള്‍ മുറ്റത്തു മഴക്കു തിരയുടെ കുളമ്പടയാളങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു' എന്ന് സച്ചിദാനന്ദന്‍ എഴുതുന്നു. തളം കെട്ടിയ മഴവെള്ളത്തെ മഴക്കുതിരയുടെ കുളമ്പടയാളമാക്കുന്ന ഭാവനാ വേഗമാണ്, വാസ്തവത്തില്‍, ഈ വരികള്‍ വായിക്കുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഈ മഴക്കവിതയുടെ വായനയ്ക്കു ശേഷവും നമ്മിലവശേഷിക്കുന്ന ബിംബസമൃദ്ധിയുടെ കുളമ്പുപാടുകള്‍ കൂടിയാണവ. മഴയും കവിതയും എവിടെയോ പോയ്മറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ശേഷിക്കുന്നത് കവിതയുടെ കുളമ്പടയാളം പോലുള്ള ഈ ബിംബമുദ്രകള്‍.( സച്ചിദാനന്ദന്റെ കവിതയില്‍ ധാരാളം കുതിരകളുണ്ട്; കൂട്ടത്തില്‍ ഈ മഴക്കുതിരയും. മഴ എന്ന ജലവേഗത്തിന്റെ ആകസ്മികമായ കടന്നുവരവിനെയും കടന്നുപോക്കിനെയും അതെത്ര ഭംഗിയായി സംഗ്രഹിക്കുന്നു!). മഴക്കുതിര എന്ന രൂപകം ഈ കവിതയുടെ  സൗന്ദര്യഘടനയെയും നിര്‍വ്വചിക്കുന്നുണ്ട്. ബിംബഭാഷയുടെ ചലനനൈരന്തര്യം അതിനെ ഭാവനയുടെ നിലയ്ക്കാത്ത അശ്വവേഗമാക്കുന്നു.

ബിംബഭാഷയുടെ ഈ ധാരാളിത്തം കവിതയുടെ ഏകാഗ്രതയെ നശിപ്പിക്കുകയല്ല ചെയ്യുന്നത്, മറിച്ച്, ബഹുശാഖമായ ബിംബാവലി കളിലേയ്ക്ക് പടരുമ്പോഴും അതിന് ഒരു പ്രമേയകേന്ദ്രമുണ്ട് എന്ന പ്രതീതി നിലനില്‍ക്കുന്നു. പെണ്മയുടെ നാനാര്‍ത്ഥപ്പെരുക്കമാണ് ആ പ്രമേയകേന്ദ്രം. എത്രയെത്ര പെണ്‍മഴകളാണ് 'മഴയുടെ നാനാര്‍ത്ഥ'ത്തില്‍! മാന്തോപ്പിലോടിക്കളിക്കുന്ന, പളുങ്കു കാലുകളുള്ള കൊച്ചുമകള്‍/ മഴ മുതല്‍ കുട്ടികളോട് കഥ പറയുന്ന, മുല തൂങ്ങിയ മുത്തശ്ശിമഴ വരെ!

ഗൃഹാതുരയായ നാടന്‍ നവവധുവിനെപ്പോലെ, നിശ്ശബ്ദം, വന്നു പോകുന്ന മഴകളും ജമന്തി മണക്കുന്ന തേവിടിശ്ശിമഴകളും കാമിനിമഴകളും കന്യാമഴകളും തലതല്ലുന്ന തള്ളമഴകളും അതിനിടെ വന്നു പോകുന്നു. ഓരോന്നും വിശദാംശസമൃദ്ധം;വായനക്കാരുടെ പഞ്ചേന്ദ്രിയങ്ങളോടും ഗാഢമായി സംവദിക്കുന്നത്.
ഇളവെയിലിലെ മഴയ്ക്ക് പിന്നെയും പിന്നെയും പിന്‍തിരിഞ്ഞു നോക്കുന്ന മയില്‍പ്പീലിക്കണ്ണുകളാണെങ്കില്‍, തേവിടിശ്ശി മഴയ്ക്ക് തമിഴിന്റെയും ജമന്തിയുടെയും മണം. ചെമ്പരത്തിയിതളില്‍ ഊഞ്ഞാലാടുന്ന കന്യാമഴകളാകട്ടെ ചുവപ്പു പാവാടയുടുത്തിരിക്കുന്നു!

കവിത വായിച്ചു കഴിഞ്ഞാലും ഈ നിറങ്ങളും മണങ്ങളും രവങ്ങളും വായനക്കാരുടെ കൂടെപ്പോരും; അവയുടെ വിചിത്രസങ്കലനത്താല്‍ കവി സൃഷ്ടിക്കുന്ന മായികദീപ്തിയും. മുകളില്‍ സൂചിപ്പിച്ച കന്യാമഴ അത്തരത്തിലൊന്നാണ്. ചെമ്പരത്തിയും മഴയും ചുവന്ന പാവാടയുടുത്ത പെണ്‍കുട്ടിയും ഊഞ്ഞാലും, ഭാവനയുടേതു മാത്രമായ മന്ത്രവാദത്താല്‍, ഒരൊറ്റ ബിന്ദുവില്‍ ഏകീഭവിച്ച് അസാമാന്യ ശോഭയുള്ള ഒരു വിചിത്രവാങ്മയമായി മാറുകയാണിവിടെ. ചെമ്പരത്തിയിതളുകളിലൂടെ തെന്നിവീഴുന്ന മഴയ്ക്ക് അതു പുതിയൊരു ദൃശ്യത സമ്മാനിക്കുന്നു.

ഇത്തരമൊരസാധാരണ വാങ്മയത്തിലാണ് കവിതയവസാനിക്കുന്നത്-'മേഘങ്ങളുടെ പിളരുന്ന പളുങ്കു മേല്‍ക്കൂരയ്ക്കു കീഴില്‍ വയലിനുകളുടെ താഴ്‌വര'യാകുന്ന പുതുമഴ. ചിത്രകലയില്‍, ഒരു പക്ഷേ, ഒരു ഷഗാളിനു മാത്രം സൃഷ്ടിക്കാനാവുന്ന ബിംബയോജനയാണിത്- മേഘങ്ങളും പളുങ്കും വയലിനുകളും അവയുടെ താഴ്‌വരയും.

ലോകകവിതയില്‍ നെരൂദയില്‍ മാത്രം കാണപ്പെടുന്ന ബിംബസമൃദ്ധിയും ബിംബഭാഷയുടെ മായികതയുമാണിത്. നെരൂദയുടെ ലാറ്റിനമേരിക്കന്‍ മഴകളാല്‍ സച്ചിദാനന്ദന്റെ സഹജഭാവുകത്വത്തിനു കൈവന്ന പുതുമുളകളാവണം ഈ ബിംബഭാഷയുടെ കംബളമായി മാറി 'ഓര്‍മ്മ പോലെ നനുത്ത തത്തത്തൂവലു'കളാല്‍ (പ്രയോഗം ഇതേ കവിതയിലേത്) മലയാള കവിതയെ മൂടിയത്. സച്ചിദാനന്ദന്റെ കവിതയുടെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നാണത്; ആ കവിയെ മലയാളാധുനികതയുടെ ഏറ്റവും തേജസ്സുറ്റ മുഖമാക്കി മാറ്റുന്ന സവിശേഷതയും. ഈ രീതിയുടെ മികച്ച സൗന്ദര്യാത്മക സാഫല്യമെന്ന നിലയിലാണ് ഇവിടെ, 'മഴയുടെ നാനാര്‍ത്ഥ'ത്തിലൂടെ വീണ്ടും കടന്നുപോയത്. മഴയുടെ ദ്രവത്വവും ധാരാവാഹിത്വവുമുള്ള കവിത മലയാളഗദ്യത്തില്‍ സാക്ഷാല്‍ക്കരിക്കുകയായിരുന്നു സച്ചിദാനന്ദന്‍, ഈ കവിതയിലും ഇതുപോലെ ബിംബമാന്ത്രികതയാല്‍ ഗദ്യത്തെ കവിതയുടെ വീഞ്ഞാക്കി മാറ്റുന്ന ഒട്ടനവധി രചനകളിലും.

                                                      സച്ചിദാനന്ദന്‍ എഴുതിയ പുസ്തകങ്ങള്‍ വാങ്ങാം

 

Content Highlights : Mashippacha Sajay KV Writes about rain and poems of K Satchidanandan